ഞാന്‍ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കില്‍ നിരന്തരം നിങ്ങള്‍ എന്നെ ബന്ധപ്പെടുന്ന നാളുകളിലെപ്പോഴെങ്കിലും വേറെ രാജ്യത്തേക്ക് കടക്കാമായിരുന്നു എനിക്ക്, രക്ഷപ്പെടാമായിരുന്നു. എനിക്ക് നല്ല ബോധ്യമുണ്ട് അന്വേഷണത്തില്‍ എന്റെ സത്യാവസ്ഥ തെളിയുമെന്ന്. അതിനാല്‍ ഞാന്‍ പോകാന്‍ തയ്യാറാണെന്ന് അറിയിച്ചു.
[share]
ഫേസ് ടു ഫേസ് / മുഹമ്മദ് സക്കരിയ, മുഹമ്മദ് ഷമീര്‍
ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് വര്‍ഷളൊയി വിചാരണത്തടവില്‍ നീണ്ട വര്‍ഷങ്ങളായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് പരപ്പനങ്ങാടി സ്വദേശി സക്കരിയയും കണ്ണൂര്‍ സ്വദേശി ഷമീറും. ഇരുവരുമായി പി.എം ജയന്‍ ജയിലില്‍ വെച്ച് നടത്തിയ അഭിമഖം.
“പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍, ബംഗളൂരു, കര്‍ണാടക” ഇങ്ങനെ എഴുതിയ ബോര്‍ഡിന്റെ ദിശയ്ക്കനുസരിച്ച് ഓട്ടോ ഇടത്തോട്ട് തിരിച്ചു. ജയിലിലേക്കുള്ള റോഡാണിത്.
അതാ ഔട്ട്‌പോസ്റ്റില്‍ തോക്കുമേന്തിനില്‍ക്കുന്ന പൊലീസ്. അയാള്‍ കൈകാണിച്ച് ഓട്ടോ നിര്‍ത്തിച്ചു. അങ്ങോട്ട് വണ്ടി പോകില്ലെന്ന് ആംഗ്യം കാട്ടി. അവിടുന്ന് ഓട്ടോയിറങ്ങി മുന്നോട്ട് നടന്നു. ദൂരെനിന്നേ കാണാം, കൂറ്റന്‍ കരിങ്കല്‍മതിലുകളാലും അതിനു മുകളിലെ ഇലക്ട്രിക് കമ്പികളാലും വലയം ചെയ്യപ്പെട്ട് വിശാലമായി കിടക്കുന്ന ജയില്‍.
അതുംനോക്കി മുന്നോട്ട് നടക്കവെ സന്ദര്‍ശകര്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട കെട്ടിടത്തിനു മുന്നില്‍ നീണ്ട ക്യൂ കണ്ടു. അതിന്റെ പിന്നിലെ കണ്ണിയായി നിലയുറപ്പിച്ചു. കൈയിലുണ്ടായിരുന്ന വെള്ളപേപ്പര്‍ മതിലിനോട് ചാരിവെച്ച് respected jail superintendent, central jail, parappana agrahara…..എന്ന വിലാസത്തില്‍ അപേക്ഷ തയ്യാറാക്കിത്തുടങ്ങി. അതിന്റെ ആദ്യഭാഗത്തുതന്നെ നേരില്‍ കണ്ടു സംസാരിക്കേണ്ട രണ്ട് തടവുകാരുടെ പേരും വിലാസവും അവരുടെ ജയില്‍നമ്പറും എഴുതി.
1-UTP No- 12423
Moovakat Muhamed shameer
S/O Rahmathullah
Kannur, Kerala
2- UTP No- 3569
Muhamed Sakkariya V.P
S/O Kunjimuhammed V.P
Malappuram Dt. Kerala
ഞാനും ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ഷഹീറും(മുഹമ്മദ് ഷമീറിന്റെ സഹോദരന്‍)അപേക്ഷയുടെ താഴെ ഒപ്പിട്ടു. അതിനിടെ കെട്ടിടത്തിനുള്ളില്‍നിന്ന് ജയില്‍ ഉദ്യോഗസ്ഥന്റെ ഉച്ചത്തിലുള്ള ശബ്ദം പുറത്തേക്ക് തുളച്ചുവന്നു. മുന്നിലെ ക്യൂ പെട്ടെന്ന് ചിതറിപ്പോയി.
അപേക്ഷ പൂരിപ്പിക്കാന്‍ ഉള്ളില്‍ കടന്ന സന്ദര്‍ശകരില്‍ ആരെയോ ശകാരിക്കുന്നതിന്റെ കടുത്ത ശബ്ദമായിരുന്നു അത്. ഇത് കേട്ട് പേടിച്ചാകും ക്യൂവില്‍നിന്നവര്‍ ചിതറിപ്പോയത്. വീണ്ടും ക്യൂ നേരെയാക്കിയപ്പോള്‍ ഞങ്ങള്‍ക്കു പിന്നിലുള്ളവര്‍ മുന്നില്‍ കയറി.
ഇതിനിടയില്‍ നരച്ച ബൂര്‍ഖ ധരിച്ച ഉത്തരേന്ത്യന്‍ പെണ്‍കുട്ടി ഞങ്ങളുടെ അപേക്ഷ നോക്കിക്കൊണ്ട് “സ്‌പെഷ്യല്‍” ജയിലിലാണെങ്കില്‍ ക്യൂവില്‍ നില്‍ക്കാതെ നേരിട്ട് അപേക്ഷ കൊടുക്കാമെന്ന് പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തികള്‍ തടയല്‍ നിയമം UAPA(Unlawful Activities Prevention Act) പോലുള്ള കരിനിമയത്തില്‍ ഉള്‍പ്പെടുത്തി ജയിലിലടക്കപ്പെടുന്നവര്‍ സ്‌പെഷ്യല്‍ കോടതിയിലാണ് വിചാരണ നേരിടുന്നത്.
ബംഗളൂരു സ്‌ഫോടനക്കേസ് ഇതില്‍ ഉള്‍പ്പെടുന്നതാണ്. ഇക്കാര്യങ്ങളൊക്കെ അറിയാവുന്ന, മനോധൈര്യവും മറ്റുള്ളവരെ സഹായിക്കാനുള്ള മാനസികാവസ്ഥയുമുള്ള ഒരു പെണ്‍കുട്ടിയാണത്! ഇവിടെ സ്ഥിരമായി വന്ന് പരിചയമുണ്ടവള്‍ക്ക്. അപരിചിതരായ ഞങ്ങളോട് ഹിന്ദിയിലാണ് സംസാരിച്ചത്.
എന്നാല്‍ പ്രശ്‌നമുണ്ടാക്കേണ്ടെന്ന് കരുതി ഞങ്ങള്‍ ക്യൂവില്‍തന്നെ നിന്നു. ഇവിടെ ക്യൂ നില്‍ക്കുന്നവര്‍ പാലിക്കേണ്ട ചില നിര്‍ദേശങ്ങള്‍ അങ്ങിങ്ങായി അവിടെ ചുമരില്‍ എഴുതിയൊട്ടിച്ചിരുന്നു (silent please, please tell prisoners and fathers name at counter, take care of your belongs, dont use mobile phone iside….) ഇതെല്ലാം വായിച്ച് സമയം കൊല്ലുന്നതിനിടയില്‍ 10.30 ആയപ്പോള്‍ ഞങ്ങളുടെ ഊഴമായി.
അടുത്തപേജില്‍ തുടരുന്നു
സക്കരിയയുടെ കേസിന് രാജീവ് ഗാന്ധിവധക്കേസില്‍ പിടിക്കപ്പെട്ട പേരറിവാളന്റെ അവസ്ഥയുമായി ഏറെ സമാനതകളുണ്ടായിരുന്നു. പേരറിവാളന്‍ പിടിക്കപ്പെടുന്നത് 19-ാം വയസ്സില്‍. സക്കരിയയും അതേ വയസ്സിലാണ് ഉള്ളിലാകുന്നത്. ഇലക്ട്രോണിക്‌സ് പഠിച്ചതിന്റെ പേരിലാണ് ബോംബ് നിര്‍മാണത്തില്‍ പങ്കാളിയെന്ന് പറഞ്ഞ് പേരറിവാളനെ കസ്റ്റഡിയിലെടുക്കുന്നത്. ഉപജീവനത്തിനായി മൊബൈല്‍ഫോണ്‍ റിപ്പയറിംങ് കോഴ്‌സ് കഴിഞ്ഞതാണ് സക്കരിയക്കും വിനയായത്.
പൂരിപ്പിച്ച ഫോമുമായി നേരെ ഉള്ളിലേക്ക്. കാക്കിയിട്ട ജയില്‍ ജീവനക്കാര്‍ തന്നെയായിരുന്നു അവിടെയുള്ള മൂന്ന് കൗണ്ടറിലുമുണ്ടായിരുന്നത്. മുടി പറ്റെ വെട്ടിയ ആജാനുബാഹുവായ ഉദ്യോഗസ്ഥന്റെ മുന്നില്‍ അയാള്‍ക്ക് അഭിമുഖമായുള്ള ഇരിപ്പിടത്തില്‍ ഇരുന്നു. അയാള്‍ക്കുമുന്നിലെ കമ്പ്യൂട്ടറിന്റെ മോണിറ്ററിനു പിന്നില്‍ ഒരു ഡിജിറ്റല്‍ ക്യാമറയും സമീപത്ത് വിരലടയാളം പതിപ്പിക്കാനുള്ള ഉപകരണവുമുണ്ട്.
അപേക്ഷയോടൊപ്പം പിന്‍ ചെയ്ത് വെച്ച ഐഡന്റിറ്റികാര്‍ഡിലെ എന്റെ പഴയ ഫോട്ടോയും ഇപ്പോള്‍ അദ്ദേഹത്തിന് മുന്നിലെ സ്‌ക്രീനില്‍ തെളിയുന്ന സംശയാലുവായ എന്റെ മുഖവും ഒത്തുനോക്കുകയാണ്. അതിനുശേഷം ഫോട്ടോയുടെ കോളത്തിലും താഴെ “ലെഫ്റ്റ് ഫിങ്കര്‍ തംപ് പ്രിന്റ്” എന്ന കോളത്തിലും അദ്ദേഹം ക്ലിക്ക് ചെയ്തു. പറഞ്ഞ പ്രകാരം എന്റെ ഇടതുകൈവിരല്‍ ചുവന്ന ലൈറ്റ് കത്തുന്ന ഉപകരണത്തില്‍ പതിപ്പിച്ചു. കൈരേഖ സ്‌ക്രീനില്‍ തെളിയുമ്പോള്‍ എന്റെ കണ്ണിന്റെ ആഴത്തിലേക്ക് സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു ഉദ്യോഗസ്ഥന്‍.
ആദ്യമായി വരുന്നതാണോ എന്ന് ചോദിച്ചു. ഞാന്‍ അതെയെന്നും നേരത്തെ വന്നിട്ടുണ്ടെന്ന് ഷഹീറും പറഞ്ഞു. അവിടുന്ന് നേരെ സമീപത്തെ മറ്റൊരു കൗണ്ടറില്‍ എത്തി. “സ്‌പെഷ്യല്‍” എന്ന് ഉച്ചത്തില്‍ അവസാനത്തെ കൗണ്ടറില്‍ ഇരിക്കുന്നയാളോട് അവിടെയുള്ളയാള്‍ പറഞ്ഞു. അപേക്ഷയിലെ കാര്യങ്ങള്‍ വെരിഫൈ ചെയ്ത ശേഷം അയാള്‍ ഞങ്ങളെ അടിമുടി നോക്കി. ജയിലിലേക്ക് പോയിക്കൊള്ളാന്‍ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ശകാരത്താല്‍ ഏത് നിമിഷവും പൊട്ടിപ്പോകാവുന്ന നിശ്ശബ്ദത. അതായിരുന്നു ആ മുറിയുടെ പ്രത്യേകത. ദീര്‍ഘനിശ്വാസം വിട്ട് പുറത്തേക്കിറങ്ങുമ്പോള്‍ വീണ്ടും കേട്ടു, ഏതോ സാധാരണ മനുഷ്യന്റെ അപേക്ഷയിലെ തെറ്റ് കണ്ട് ഉച്ചത്തില്‍ ഉദ്യോഗസ്ഥന്‍ കയര്‍ക്കുന്നത്. പുറത്തുള്ള ക്യൂവില്‍ ഒന്നുകൂടി പാളിനോക്കിയപ്പോള്‍ അവരുടെ മുഖത്തെല്ലാം സമാനഭാവം.
നിരാശയും നിസ്സഹായതയും തളംകെട്ടി ചിലപ്പോള്‍ കരച്ചിലോളം എത്തിപോകാവുന്ന അവസ്ഥ. ധരിച്ച വസ്ത്രമെല്ലാം വ്യത്യസ്തമാണെങ്കിലും മുഷിഞ്ഞും ചുളിഞ്ഞും കിടക്കുന്നു. എത്രയോ ദൂരം യാത്ര ചെയ്ത് ഉറ്റവരെ കാണാന്‍ വന്നവരാണവര്‍. വരുന്നവരില്‍ മഹാഭൂരിപക്ഷവും സാധാരണക്കാരും ദരിദ്രരുമാണെന്ന് അവരുടെ നില്‍പ്പും വേഷവിധാനവും കണ്ടാല്‍ വ്യക്തം.
കൊടുംക്രിമിനലുകളെയും രാജ്യത്തെ ഭീകരവാദികളെയുമൊക്കെ കൊണ്ടിടുന്നതെന്ന് പത്രങ്ങളില്‍ വായിച്ചിട്ടുള്ള അഗ്രഹാര സെന്‍ട്രല്‍ ജയിലിന്റെ പ്രധാനകവാടത്തിലേക്ക് നടന്നടുക്കുമ്പോള്‍ സമയം 10.55 ആയിരുന്നു. ബയണറ്റോടുകൂടിയ കൂറ്റന്‍ തോക്കുമേന്തി നില്‍ക്കുന്ന പാറാവുകാരന്‍. ഭയം ജനിപ്പിക്കുന്ന നോട്ടവുമായി പ്രത്യേകരീതിയില്‍ മീശ വളര്‍ത്തിയ, അരയിലെ തോക്കില്‍ ഇടയ്ക്ക് കൈ തടവിക്കൊണ്ടിരിക്കുന്ന ജയില്‍ജീവനക്കാര്‍.
പ്രതികളെ കൊണ്ടുപോകാന്‍ പാകത്തില്‍ നിര്‍ത്തിയിട്ട ഒന്ന് രണ്ട് കൂറ്റന്‍ വാനുകള്‍, കുറേ ജീപ്പുകള്‍…അടച്ചിട്ട ഇരുമ്പിന്റെ കൂറ്റന്‍ ഗേറ്റിന് സമീപത്ത് ചെറിയ കവാടമുണ്ട്. അവിടെയാണ് അപേക്ഷാഫോം കൊടുക്കേണ്ടത്. അങ്ങോട്ട് നീങ്ങവെ തോക്കേന്തിയ പാറാവുകാര്‍ മാറിനില്‍ക്കാന്‍ ആജ്ഞാപിച്ചു. സംശയത്തോടെ അപേക്ഷയുമായി അവിടെ നില്‍ക്കവെ വീണ്ടും കയര്‍ത്തു അയാളും മറ്റൊരു വാര്‍ഡനും.
വടക്കുഭാഗത്തെ അരയാല്‍ ചുവട്ടിലേക്ക് പോകവെ രണ്ടുമൂന്ന് മലയാളികളായ സന്ദര്‍ശകരെ അവിടെ കണ്ടുമുട്ടി. ആലുവയില്‍നിന്ന് മകളുടെ ഭര്‍ത്താവിനെ(ബംഗളൂരു സ്‌ഫോടനകേസിലെ പ്രതി) കാണാനെത്തിയ പ്രായം ചെന്നയാളും മകനും. പത്ത് മണിക്കാണ് സന്ദര്‍ശക സമയമെങ്കിലും ഇന്ന് വൈകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് അവരില്‍നിന്ന് അറിയാന്‍ കഴിഞ്ഞു.
ഏതോ ഉയര്‍ന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അകത്ത് മീറ്റിങ്ങിലാണത്രെ. അത് കഴിയുമ്പോള്‍ പതിനൊന്നര മണിയെങ്കിലുമാകും. ഇതുകേട്ട് ഒപ്പമുണ്ടായിരുന്ന ഷഹീര്‍ വിഷമത്തിലായി. “”ഇന്നത്തെ ദിവസം ശരിയല്ലല്ലോ. നമുക്കിന്ന് ഉള്ളില്‍ കയറാനാകുമോ എന്ന് പറയാനാകില്ല. ഇതിനുമുമ്പ് ഇതേ പോലെ മന്ത്രിമാരും ഉദ്യോഗസ്ഥരും വന്ന ദിവസങ്ങളില്‍ മൂന്ന് തവണ മടങ്ങേണ്ടിവന്നിട്ടുണ്ട് വൈകീട്ട് ആറുവരെ കാത്തുനിന്നശേഷം. “” അനുജന് നല്‍കാന്‍ ഇന്നലെ വീട്ടില്‍നിന്ന് പാകം ചെയ്ത് കൊണ്ടുവന്ന ഭക്ഷണം കൊടുക്കാനാകില്ലേ എന്ന ആശങ്കയിലായിരുന്നു ഷഹീര്‍. ഇനിയും വൈകിയാല്‍ അത് കേടാകും.
വെയിലിന്റെ ചൂട് കൂടിവരികയാണ്. അതിനിടെ പെട്ടെന്നാണ് മണികിലുക്കവും അതോടൊപ്പം ജയിലിന്റെ പ്രധാനകവാടത്തിലെ ചെറിയ വാതില്‍ അലര്‍ച്ചയോടെ തുറന്നുവരാനും തുടങ്ങിയത്. ഇതേ സമയംതന്നെ എന്തോ അത്യാഹിതം വന്നതുപോലെ പുറത്ത് നിര്‍ത്തിയിട്ട പൊലീസ് വാനിലേക്ക് ഡ്രൈവര്‍ ചാടിക്കയറുകയും വണ്ടി ഗേറ്റിനു മുന്നിലേക്കിടുകയും ചെയ്തു.
സിനിമയിലും മറ്റും കാണുന്നതുപോലെയുള്ള ഈ ദൃശ്യത്തിന് പിന്നാലെ തുറന്ന വാതിലില്‍ക്കൂടി രണ്ട് പ്രതികളെയും കൊണ്ട് ജയില്‍ജീവനക്കാര്‍ പുറത്തേക്ക് വരുന്നുണ്ടായിരുന്നു. രണ്ടുപേരുടെയും കൈയിലെ വിലങ്ങുകള്‍ നീളമുള്ള ഇരുമ്പുചങ്ങലകൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ചങ്ങല നിലത്തിഴയുന്നതിനാലാണ് മണികിലുക്കംപോലുള്ള ശബ്ദം അവിടെ നിറഞ്ഞുനിന്നത്. ഏതോ കേസിന്റെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കാനായിരിക്കാം അവരെയും വഹിച്ച് വണ്ടി പുറത്തേക്ക് പാഞ്ഞു.
അടുത്തപേജില്‍ തുടരുന്നു
“”പ്രതീക്ഷിക്കുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ വഴിയുണ്ടോ? കേസ് ഇപ്പോള്‍ മോശമല്ലാത്ത നിലയില്‍ ആഴ്ചയില്‍ നാല് ദിവസവും നടക്കുന്നുണ്ട്. 350ല്‍പ്പരം സാക്ഷികളില്‍ ഇരുനൂറിനടുത്തുള്ളവര്‍ ഇവിടെ ഹാജരായി. പൊലീസ് എഴുതിയ മൊഴി മലയാളികളായ പലരും മാറ്റിപ്പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പോയാല്‍ രണ്ടര വര്‍ഷംകൊണ്ടെങ്കിലും വിചാരണ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്….എങ്കിലും യു.എ.പി.എ കേസായതിനാല്‍ അവസാന നിമിഷവും പൊലീസിന് അനുകൂലമാക്കി മാറ്റാന്‍ അവസരം ഏറെയാണ്…””
പ്രാകൃതവും ഭയാനകവുമായ ദൃശ്യത്തില്‍ മുഴുകി അവിടെ ഇരിക്കവെ കൂടുതല്‍ സന്ദര്‍ശകര്‍ ഞങ്ങളെപ്പോലെ അവിടെ വന്നുകൊണ്ടിരുന്നു. സമയം കടന്നുപോകുമ്പോഴും കാത്തിരിപ്പിന്റെ വെയില്‍നാളത്തില്‍ പൊള്ളുമ്പോഴും ഇതേ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു. അപ്പോഴും ചില തടവുകാരെ ഉള്ളിലേക്കും ചിലരെ പുറത്തേക്കും ചങ്ങലയ്ക്കിട്ട് കൊണ്ടുപോകുന്നുണ്ടായിരുന്നു.
ഇടയ്ക്ക് പ്രധാനകവാടത്തിലേക്ക് പോയി അപേക്ഷ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും സമയമായില്ലെന്ന പാറാവുകാരന്റെ ശകാരം ആവര്‍ത്തിച്ചു. 10.45 ആയപ്പോഴേക്ക് ജയിലിനുള്ളില്‍നിന്ന് ഒരാള്‍ വന്നെങ്കിലും അദ്ദേഹം പുറത്തേക്ക് പോയി. പിന്നീട് 12.25 ഓടെയാണ് ആ വിളി വന്നത് “ഷമീര്‍, സക്കറിയ…”ഷമീറിന് കൊടുക്കേണ്ട സാധനങ്ങളടങ്ങിയ സഞ്ചിയുമായി ഉള്ളിലേക്ക് തല കുനിച്ചുകൊണ്ട് കയറി.
മറ്റൊരു ലോകമായിരുന്നു അവിടം. ഫോണും മറ്റ് സാമഗ്രികളും അവിടെ വെക്കാന്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടു. അതിനുശേഷം എനിക്കരികിലേക്ക് വന്ന് തല മുതല്‍ കാല്‌വരെ തപ്പിനോക്കി, എന്തെങ്കിലും ശരീരത്തില്‍ ശേഷിക്കുന്നുണ്ടോ എന്നറിയാന്‍. പിന്നിലെ പോക്കറ്റില്‍ പേഴ്‌സ് തടഞ്ഞപ്പോള്‍ പുറത്തെടുക്കാന്‍ പറഞ്ഞു. അത് തുറന്നപ്പോള്‍ സിം കാര്‍ഡുണ്ടോ അതിനകത്ത് എന്നായി ചോദ്യം. “നോ” എന്ന് പറഞ്ഞു.
എന്നെ ഒന്നുകൂടി ചൂഴ്ന്ന് നോക്കിയശേഷം ഒരു ലെഡ്ജര്‍ മുന്നോട്ട് വെച്ച് അതില്‍ ഒപ്പിടാനും കൈ നീട്ടിക്കൊടുക്കാനും ആവശ്യപ്പെട്ടു. നീട്ടിക്കൊടുത്ത ഇടതു കൈവെള്ളയില്‍ ഒരു സീല്‍ ആഞ്ഞുപതിച്ചു. അവിടുന്ന് നേരെ സ്‌കാനിംങ് സെക്ഷനിലേക്ക്. സഞ്ചിയിലുള്ള എല്ലാ ഭക്ഷണസാധനങ്ങളും(ഭക്ഷണസാധനങ്ങള്‍ എന്തും തടവുകാര്‍ക്ക് കൊടുക്കുന്നതിന് ഈ ജയിലില്‍ എതിര്‍പ്പില്ല. അവയെല്ലാം സ്‌കാന്‍ ചെയ്തശേഷമേ കൊടുക്കാനാകൂ എന്നുമാത്രം. സിംകാര്‍ഡിനും ഫോണിനും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും കര്‍ശനമായ വിലക്കാണ്)
സ്‌കാന്‍ ചെയ്തുകൊണ്ടിരിക്കെ കൂറ്റന്‍ കമ്പികൊണ്ടുള്ള മറവിനു പിന്നില്‍നിന്ന് ജ്യേഷ്ഠനെ കൈവീശിക്കാണിക്കുന്ന ഷമീര്‍, പുഞ്ചിരിയോടെ നില്‍ക്കുന്നു. നേരത്തെ പത്രത്തില്‍ കണ്ടതുപോലെ തെളിച്ചമുള്ള മുഖം. ടീഷര്‍ട്ട്തന്നെയാണ് ധരിച്ചിട്ടുള്ളത്.(വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസായതിനാല്‍ പ്രതികള്‍ക്ക് സ്വന്തം വസ്ത്രം ധരിക്കാം) നേരിയ തോതില്‍ താടിയുണ്ട്.
സന്ദര്‍ശകമുറിയിലേക്ക് പോകുമ്പോള്‍ അവിടെ തിരക്കായിരുന്നു. ഞങ്ങളെത്തുന്നതിന് മുമ്പേ കയറിയ പലരും അതിനകം അവരവരുടെ ഉറ്റവരായ പ്രതികളുമായി സംസാരം തുടങ്ങിയിരുന്നു. ആ മുറിയില്‍ ഒരു മൂലയില്‍ വാര്‍ഡനും അയാളുടെ അസിസ്റ്റന്റും എന്തോ ഇരുന്ന് കുറിക്കുന്നു. അവിടെ തൂങ്ങിയ ക്ലോക്കില്‍ അപ്പോള്‍ സമയം 12.50 ആയിരുന്നു. തിരക്കിനും ബഹളത്തിനും ഇടയില്‍ ഒരു ഇരിപ്പിടം ശരിയാക്കി ഞങ്ങളെ ഇരുത്തി അഭിമുഖമായി ഷമീറും ഇരുന്നു.
സമീപത്ത്തന്നെ മഞ്ഞ ഷര്‍ട്ടും താടി വളര്‍ന്ന മുഖവുമായി ഇരിക്കുന്ന മറ്റൊരു ചെറുപ്പക്കാരന്‍. അയാളെ ചൂണ്ടി ഷമീര്‍ എന്നോട് ചോദിച്ചു. അറിയുമോ? സംശയത്തോടെ ഉറപ്പിച്ചു, സക്കരിയ!? അതെ. സക്കരിയതന്നെ. പക്ഷേ നല്ല മാറ്റമുണ്ട്. മെലിഞ്ഞിട്ടുണ്ടെങ്കിലും പഴയ ഫോട്ടോയില്‍ കാണുന്നതില്‍നിന്ന് നല്ല വ്യത്യാസം. ഇപ്പോള്‍ താടിയുമുണ്ട്.
“”ഫോട്ടോ കണ്ട പരിചയമേ ഉള്ളൂ.”” സക്കരിയയോടായി പറഞ്ഞു. “”ഞാന്‍ പരപ്പനങ്ങാടിയില്‍ വീട്ടില്‍ പോയിരുന്നു. ഉമ്മയെ കണ്ടിരുന്നു.””
“”അക്കാര്യം നാട്ടില്‍നിന്ന് വന്ന ബന്ധു പറഞ്ഞിരുന്നു”” എന്ന് മറുപടി.
അതിനിടയില്‍ പരപ്പനങ്ങാടില്‍നിന്ന് സക്കരിയയെ കാണാനെത്തിയ സുഹൃത്തുക്കളും ആ മുറിയിലേക്ക് കടന്നുവന്നു.
നിങ്ങള്‍ ഷമീറുമായി സംസാരിക്കൂ. ഞാന്‍ അവരോട് സംസാരിച്ച് വേഗം വരാമെന്ന് പറഞ്ഞ് സക്കരിയ അങ്ങോട്ട് പോയി.
ഷമീര്‍ സംസാരിച്ചുതുടങ്ങി.
“” പറഞ്ഞതുതന്നെ എത്ര കാലമായി ഇങ്ങനെ പറയുന്നു. എന്തായാലും ഞങ്ങള്‍ക്കുവേണ്ടിയല്ലേ…പറയാം.
ബംഗളൂരു സ്‌ഫോടനക്കേസില്‍ മൂന്നാം പ്രതി സര്‍ഫറാസ് നവാസില്‍നിന്ന് വാങ്ങിയ പണം ഒന്നാംപ്രതി തടിയന്റവിട നസീറിന് കൈമാറി എന്നതാണ് എനിക്കെതിരായ കേസ്…നസീറിനെ അറിയുമോ?”” അതു ചോദിച്ചശേഷം അതേ മുറിയില്‍ തൊട്ടപ്പുറത്ത് സന്ദര്‍ശകരുമായി സംസാരിക്കുന്ന താടി നീട്ടിയ തൊപ്പിവെച്ചയാളെ ചൂണ്ടി.
അതെ, തീവ്രവാദസംഘടനയായ ലഷ്‌കര്‍ ഇ ത്വയ്യിബ ദക്ഷിണേന്ത്യന്‍ കമാന്റര്‍ എന്ന വിശേഷണത്തോടെ കറുത്ത തുണി തലയിലിട്ടും ഇടയ്ക്ക് മുഖം പൊത്തിയും പൊലീസ് വണ്ടിയില്‍നിന്ന് ഇറങ്ങുന്ന ടി.വി കാഴ്ചയിലെ തടിയന്റവിട നസീര്‍! ആദ്യമായാണ് നേരില്‍ കാണുന്നത്. ഞാന്‍ നോക്കുന്നത് കണ്ടതും നസീര്‍ ചെറുതായി ചിരിച്ചു.
അടുത്തപേജില്‍ തുടരുന്നു
..
ബല്‍ഗാമിലെ അനുഭവം അതിദയനീയമായിരുന്നു. നല്ല ഭക്ഷണമോ വെള്ളമോ അവിടെയില്ലായിരുന്നു. പോരാത്തതിന് എന്നെ പാര്‍പ്പിച്ചത് തൂക്കിക്കൊല്ലാന്‍ വിധിച്ച തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലിലാണ്. അവിടെ അപ്പോള്‍ നാല്‍പതോളം പേര്‍ തൂക്കുമരം കാത്ത് കഴിയുന്നുണ്ടായിരുന്നു. അവിടെ ഒരു മുറിയില്‍ ഏകാന്തതടവുകാരനെപ്പോലെയായിരുന്നു കിടപ്പ്.
ഞങ്ങള്‍ സംഭാഷണത്തിലേക്ക് മടങ്ങിവന്നു
“”സര്‍ഫറാസ് നവാസ് എന്നൊരാളെ എനിക്ക് പരിചയമേ ഇല്ല. പിന്നെ പണം കൈമാറി എന്നതിന് മറ്റ് തെളിവൊന്നും ചാര്‍ജ് ഷീറ്റിലും ഇല്ല. എന്റെ ഫോണില്‍ നസീറിന്റെ കോള്‍ വന്നതാണ് അന്വേഷണത്തിന് തുമ്പെങ്കില്‍ കണ്ണൂര്‍ സിറ്റിയിലെയും താണയിലെയും എത്ര പേരുടെ ഫോണില്‍ ഈ തെളിവുണ്ടാകും? നാട്ടുകാരനായതിനാല്‍ പരിചയമുണ്ടെന്നല്ലാതെ സ്‌ഫോടനക്കേസിലെ നസീറിന്റെ പങ്കിനെക്കുറിച്ചൊന്നും എനിക്കൊരു വിവരവുമില്ല…””
അതിനിടയില്‍ ഒരു വാര്‍ഡനും കൂടെ അവിടെത്തന്നെയുള്ള മുതിര്‍ന്ന തടവുകാരനും(ജയിലിലെ ചില ജോലികള്‍ ഇതിനുള്ളില്‍ ഇവരാണ് ചെയ്യുന്നത്) വന്ന് ലെഡ്ജറില്‍ എന്നെക്കൊണ്ട് ഒപ്പിടീച്ചു.
ഷമീര്‍ തുടര്‍ന്നു””എന്റെ ചോദ്യംചെയ്യലിന്റെ അവസാനത്തില്‍ അന്വേഷണോദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് നസീറിനെതിരെ മൊഴി നല്‍കാനാണ്. അതിന് അവര്‍ എന്റെ മുന്നിലേക്ക് പേപ്പറും പേനയും വെച്ചുതന്നു. പറഞ്ഞതുപ്രകാരം എഴുതി ഒപ്പിട്ടുകൊടുത്താല്‍ വിടാമെന്ന് പറഞ്ഞു.
എനിക്കറിയാത്ത കാര്യത്തെക്കുറിച്ച് എങ്ങനെ എഴുതിക്കൊടുക്കാനാകും?
കൂടുതല്‍ സമ്മര്‍ദ്ദമുണ്ടായതോടെ ഞാന്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു; “”എന്റെ രക്ഷയ്ക്കായി നസീറിനെതിരെ മൊഴി എഴുതിത്തരാം. എന്നാല്‍ എന്റെ വീട്ടിനുനേരെയോ വീട്ടുകാര്‍ക്കുനേരെയൊ അതിന്റെ ഭാഗമായി എന്തെങ്കിലും ഭവിഷ്യത്തുണ്ടാകില്ലെന്ന് ഉറപ്പ് തരാനാകുമോ? എനിക്ക് എന്ത് സംരക്ഷണം തരാനാകും നിങ്ങള്‍ക്ക്?”” ഇത് പറഞ്ഞതോെട ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്; താങ്കള്‍ ഇതില്‍ പങ്കാളിയാണെന്ന് നസീറാണ് ഞങ്ങളോട് പറഞ്ഞതെന്നാണ്.
അങ്ങനെ നസീര്‍ പറഞ്ഞെങ്കില്‍ അയാളെയും ഇവിടെ വിളിച്ചുവരുത്തണമെന്ന് ഞാനാവശ്യപ്പെട്ടു. എനിക്ക് മുമ്പാകെ നസീര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വേണം. പക്ഷേ നാളിതുവരെയായി എന്നെയോ നസീറിനെയോ ഒരുമിച്ച് നിര്‍ത്തി ചോദ്യം ചെയ്യല്‍ ഉണ്ടായിട്ടില്ല….””
താങ്കളും നസീറും തമ്മിലുള്ള ഫോണ്‍സംഭാഷണം തെളിവാകില്ലേ എന്ന ചോദ്യത്തിന് “”അങ്ങനെ ഒരു തെളിവ് പൊലീസ് ചാര്‍ജ്ജ്ഷീറ്റില്‍ ഉള്ളതായി അറിവില്ല. കുറ്റപത്രത്തില്‍ പതിനായിരത്തില്‍പരം പേജുകള്‍ ഫോണ്‍കോള്‍ ഡീറ്റെയില്‍സാണെന്നാണ് പറയുന്നത്. എന്നാല്‍ ഇതുവരെ എനിക്കെതിരെ അതില്‍ എന്തെങ്കിലും തെളിവുള്ളതായി അറിവില്ല.
“”ഞാന്‍ ഈ കേസില്‍ തീര്‍ത്തും നിരപരാധിയാണെന്ന് അന്വേഷണോദ്യോഗസ്ഥനായ രഗിലേഷ്‌സിംഗ്(ശരിയായ പേരല്ല) ചോദ്യം ചെയ്യലിനൊടുവില്‍ എന്നോട് ആത്മാര്‍ത്ഥതയോടെ പറഞ്ഞതാണ്. നിങ്ങള്‍ക്ക് വേഗം പുറത്തിറങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടും എന്നെ എന്തിനാണ് ധൃതി പിടിച്ച് ബല്‍ഗാം ജയിലിലേക്ക് മാറ്റിയതെന്നറിയില്ല.
അതിനിടയില്‍ ലാത്തി ചുമരിലിടിച്ചുകൊണ്ട് ജയില്‍ജീവനക്കാരന്‍ എത്തി. പെട്ടെന്ന് നിര്‍ത്തിക്കോണം എന്നാജ്ഞയുമുണ്ടായിരുന്നു. ഏവരും ഒരുവേള നിശ്ശബ്ദതയിലേക്ക് വീണെങ്കിലും അവര്‍ പോയപ്പോള്‍ സംസാരം തുടര്‍ന്നു.
“”ഫോണ്‍ വിളിയിലെ സംശയം തീര്‍ക്കാനാണെന്നും പറഞ്ഞാണ് ദുബായില്‍ ഉള്ളപ്പോള്‍ എംബസിയില്‍നിന്ന് വിളി വന്നത്. അവര്‍ എന്നോട് ആദ്യം കേസിന്റെ കാര്യം പറഞ്ഞിരുന്നില്ല. പാസ്‌പോര്‍ട്ട് വെരിഫൈ ചെയ്യാനാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. അന്ന് പോയതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇന്റര്‍പോള്‍ ഇടപെടല്‍ പ്രകാരം അറബ് പൊലീസ് എംബസിയില്‍ വിളിച്ചുവരുത്തിയത്.
താങ്കള്‍ വലിയൊരു തീവ്രവാദിയാണെന്നാണ് ഇന്ത്യന്‍ പൊലീസ് പറയുന്നത്. അതിനായുള്ള അന്വഷണമാണിതെന്നും ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. അന്ന് പാസ്‌പോര്‍ട്ട് വാങ്ങിവെച്ചശേഷം എന്നെ വിട്ടു. അവര്‍ക്ക് ബോധ്യമായിരുന്നു ഞാന്‍ നിരപരാധിയാണെന്ന്. എന്നാല്‍ 2012 ജനുവരി 22ന് എന്നെ വീണ്ടും വിളിച്ചപ്പോള്‍ എനിക്ക് ചില സംശയങ്ങളുണ്ടായിരുന്നു, അവിടെ പോയാല്‍ തിരിച്ചുവരാനാകില്ലെന്ന്.
പക്ഷേ ഞാന്‍ വീട്ടുകാരിയോടൊന്നും കാര്യം പറഞ്ഞില്ല. മുറിയില്‍ പോയി ഭാര്യയെയും കുട്ടിയെയും കണ്ടാല്‍ ചിലപ്പോള്‍ എംബസിയില്‍ പോകാന്‍ എനിക്ക് മനസ്സ് വരില്ലായിരുന്നു. അത് പേടിച്ചാണ് നേരെ അവിടേക്ക് പോയത്. അവിടെ എത്തിയപ്പോള്‍ അവര്‍ പഴയതുതന്നെ ആവര്‍ത്തിച്ചു.
ബംഗളൂരു ബോംബ്‌സ്‌ഫോടനത്തില്‍ ബന്ധമുണ്ടെന്നും അന്വേഷണത്തിനായി നിങ്ങളെ ഇന്ത്യയിലേക്ക് അയക്കണമെന്നുമാണ് ഇന്ത്യാഗവണ്‍മെന്റിന്റെ കര്‍ശന നിര്‍ദേശം. അവരോട് ഞാന്‍ പറഞ്ഞു; ഞാന്‍ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കില്‍ നിരന്തരം നിങ്ങള്‍ എന്നെ ബന്ധപ്പെടുന്ന നാളുകളിലെപ്പോഴെങ്കിലും വേറെ രാജ്യത്തേക്ക് കടക്കാമായിരുന്നു എനിക്ക്, രക്ഷപ്പെടാമായിരുന്നു. എനിക്ക് നല്ല ബോധ്യമുണ്ട് അന്വേഷണത്തില്‍ എന്റെ സത്യാവസ്ഥ തെളിയുമെന്ന്. അതിനാല്‍ ഞാന്‍ പോകാന്‍ തയ്യാറാണെന്ന് അറിയിച്ചു.
അടുത്തപേജില്‍ തുടരുന്നു
ഞാന്‍ ഈ കേസില്‍ തീര്‍ത്തും നിരപരാധിയാണെന്ന് അന്വേഷണോദ്യോഗസ്ഥനായ രഗിലേഷ്‌സിംഗ്(ശരിയായ പേരല്ല) ചോദ്യം ചെയ്യലിനൊടുവില്‍ എന്നോട് ആത്മാര്‍ത്ഥതയോടെ പറഞ്ഞതാണ്. നിങ്ങള്‍ക്ക് വേഗം പുറത്തിറങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടും എന്നെ എന്തിനാണ് ധൃതി പിടിച്ച് ബല്‍ഗാം ജയിലിലേക്ക് മാറ്റിയതെന്നറിയില്ല.
പിറ്റേന്ന് അവര്‍ ടിക്കെറ്റെടുത്ത് എന്നെ ഒറ്റയ്ക്കാണ് ദില്ലിയിലേക്ക് കയറ്റിവിട്ടത്. ദില്ലി എയര്‍പോര്‍ട്ടില്‍ പുലര്‍ച്ചെ ഇറങ്ങിയപ്പോള്‍ ഐ.ബി ഉദ്യോഗസ്ഥര്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. എന്നെ മുഖം മൂടി അണിയിക്കുകയോ എന്റെ കൂടെ മറ്റാരെയെങ്കിലും നടത്തിക്കുകയോ ചെയ്തിരുന്നില്ല. അത്തരത്തിലുള്ള വാര്‍ത്ത ജനുവരി 26ന് ടി.വിയില്‍ വന്നു എന്ന് പലരും പറഞ്ഞുകേട്ടു. അത് ഈ കേസിന്റെ തിരക്കഥയോരുക്കിയ ആരൊക്കെയോ ചെയ്തതാകാം.
അന്ന് രാവിലെ മുതല്‍ ദില്ലിയിലെ അന്വേഷണോദ്യോഗസ്ഥരുടെ പ്രത്യേക മുറിയില്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഏറെ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കാര്യമായി ഒന്നും കിട്ടാത്തതിനാല്‍ എന്നെ ഉപേക്ഷിച്ചു. എന്നെ നിരീക്ഷിക്കാന്‍ ഒരാളെ ചുമതലപ്പെടുത്തി. എനിക്ക് കഠിനമായ വിശപ്പുണ്ടായിരുന്നു.
അയാളോട് പറഞ്ഞപ്പോള്‍ ബ്രഡ്ഡ് കൊണ്ടുവന്നുതന്നു. ആ ബ്രഡ്ഡ് കാലാവധി കഴിയുകയും പൂപ്പല്‍ പിടിക്കുകയും ചെയ്തിരുന്നു. പക്ഷേ അപ്പോഴത്തെ കത്തുന്ന വിശപ്പിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ അത് എനിക്ക് കഴിക്കേണ്ടിവന്നു. ഒരു ദിവസം അവിടെ നിര്‍ത്തിയശേഷം ബംഗളൂരിലേക്ക് കൊണ്ടുവന്നു. അവിടുന്നും ഐ.ബിയുടെയും കര്‍ണാടക പൊലീസിന്റെയും ചോദ്യം ചെയ്യലുണ്ടായി. കാര്യമായ തെളിവൊന്നും കിട്ടാതായതോടെ എന്നെയും മറ്റ് നാലുപേരെയും ബല്‍ഗാം ജയിലിലേക്ക് മാറ്റി.
ബല്‍ഗാമിലെ അനുഭവം അതിദയനീയമായിരുന്നു. നല്ല ഭക്ഷണമോ വെള്ളമോ അവിടെയില്ലായിരുന്നു. പോരാത്തതിന് എന്നെ പാര്‍പ്പിച്ചത് തൂക്കിക്കൊല്ലാന്‍ വിധിച്ച തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലിലാണ്. അവിടെ അപ്പോള്‍ നാല്‍പതോളം പേര്‍ തൂക്കുമരം കാത്ത് കഴിയുന്നുണ്ടായിരുന്നു. അവിടെ ഒരു മുറിയില്‍ ഏകാന്തതടവുകാരനെപ്പോലെയായിരുന്നു കിടപ്പ്.
ദിവസം ഒരു നേരം മാത്രമാണ് പൈപ്പ് വെള്ളം കിട്ടിയിരുന്നത്. അതിന് തന്നെ വലിയ തിരക്കാണ് പൈപ്പിനുമുന്നില്‍. എല്ലാവര്‍ക്കും എല്ലാ ദിവസവും വെള്ളം കിട്ടണമെന്നില്ല. പെട്ടെന്ന് തീരും വെള്ളം. കിട്ടുന്ന വെള്ളമാകട്ടെ ചുവന്ന നിറത്തിലായിരിക്കും. അത് പാത്രത്തില്‍ മണിക്കൂറുകളോളം ഒഴിച്ചുവെച്ചശേഷം ഊറിവരുന്ന വെള്ളംമാത്രം കുടിക്കും.
ചോറില്‍ ഒഴിക്കാന്‍ കറിയുണ്ടായിരുന്നില്ല. മുളക്‌പൊടി കലക്കിയൊഴിച്ചാണ് ചോറ് തിന്നിരുന്നത്. അതിദയനീയമായ ഈ അനുഭവത്തിലൂടെ കടന്നുപോകവെ ഞാന്‍ നന്നെ ക്ഷീണിച്ചു. കടുത്ത രോഗിയായി മാറിയേക്കുമെന്ന അവസ്ഥ. എന്റെ സ്ഥിതി ആരും അറിയേണ്ടെന്നു കരുതിയാണ് ജ്യേഷ്ഠനോട് മാത്രം അവിടെ വരാന്‍ പറഞ്ഞത്. ഭാര്യയോ മറ്റുള്ളവരോ അവിടെ വന്നിരുന്നില്ല.
എന്റെ കൂടെ അവിടേക്ക് കൊണ്ടുവന്ന നാലുപേരെ സ്‌ഫോടനക്കേസ് വിചാരണ തുടങ്ങിയതോടെ തിരികെ ബംഗളൂരിലേക്ക് മടക്കിയിരുന്നു. എന്നെമാത്രം കൊണ്ടുപോയില്ല. ഐ.ജിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെല്ലാം കത്തയച്ചിട്ടും എന്നെ ബംഗളൂരിലേക്ക് മടക്കിയില്ല. പിന്നെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് 8 മാസത്തിനുശേഷം ഇവിടേക്ക് മാറ്റിയത്.
ഷമീറിന്റെ ഈ കഥ കേട്ടുകൊണ്ട് പരപ്പനങ്ങാടിയിലെ സക്കരിയ അവിടെ നില്‍പ്പുണ്ടായിരുന്നു. അതിനിടയില്‍ വീണ്ടും ജീവനക്കാര്‍ വന്ന് സന്ദര്‍ശകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും മുറിയന്‍ കന്നഡയില്‍ എന്തൊക്കെയോ പറഞ്ഞ് അവരെ സക്കരിയ പറഞ്ഞയച്ചു.
ഷമീര്‍ ജ്യേഷ്ഠനുമായി സംസാരിക്കവെ സക്കരിയ സംസാരം തുടങ്ങി.
“”എന്റെ കഥ ഉമ്മ പറഞ്ഞുകാണും,ല്ലേ. ഉമ്മക്കറിയാത്തതായി ഒന്നുമില്ല എന്റെ ജീവിതത്തില്‍.”” സക്കരിയ ഏറെ വികാരത്തള്ളിച്ചയോടെയാണ് അത് പറഞ്ഞുതുടങ്ങിയത്. “”ഉപ്പ ചെറുപ്പത്തിലേ മരിച്ചു, സഹോദരങ്ങളില്‍ മൂത്തയാള്‍ വിദേശത്തും മറ്റേയാള്‍
ഇന്റസ്ട്രിയല്‍ ജോലിയായതിനാല്‍ പലപ്പോഴും വീട്ടിലുണ്ടാകാറുമില്ല, പെങ്ങളുടെ വിവാഹം കഴിഞ്ഞു, ഉമ്മയുടെ ഒരു സഹോദരന്‍ മരണപ്പെട്ടു….ഈയൊരു സാഹചര്യത്തില്‍ എനിക്ക് ഉമ്മയും ഉമ്മയ്ക്ക് ഞാനും മാത്രമേ നാട്ടിലുണ്ടായിരുന്നുള്ളൂ. അതിനാല്‍ വൈകുമ്പോഴേക്കും ഞാന്‍ വീട്ടിലെത്തുമായിരുന്നു, ഉമ്മ വീട്ടില്‍ ഒറ്റയ്ക്കായതിനാല്‍.
എന്നിട്ടും ത്വരീഖത്ത് ക്ലാസില്‍ പോയെന്നും അവിടെവെച്ച് സ്‌ഫോടനത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായെന്നുമാണ് കേസ്. രാഷ്ട്രീയ സാമുദായിക സംഘടനകളിലൊന്നും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നില്ല. എനിക്ക് അതിന് സമയം കിട്ടിയിരുന്നില്ല. പകല്‍സമയം പഠിപ്പിലോ ജോലിയിലോ മുഴുകിയാല്‍ വൈകീട്ടോടെ വീട്ടിലെത്തണ്ടേ…””
സക്കരിയയുടെ കേസിന് രാജീവ് ഗാന്ധിവധക്കേസില്‍ പിടിക്കപ്പെട്ട പേരറിവാളന്റെ അവസ്ഥയുമായി ഏറെ സമാനതകളുണ്ടായിരുന്നു. പേരറിവാളന്‍ പിടിക്കപ്പെടുന്നത് 19-ാം വയസ്സില്‍. സക്കരിയയും അതേ വയസ്സിലാണ് ഉള്ളിലാകുന്നത്. ഇലക്ട്രോണിക്‌സ് പഠിച്ചതിന്റെ പേരിലാണ് ബോംബ് നിര്‍മാണത്തില്‍ പങ്കാളിയെന്ന് പറഞ്ഞ് പേരറിവാളനെ കസ്റ്റഡിയിലെടുക്കുന്നത്. ഉപജീവനത്തിനായി മൊബൈല്‍ഫോണ്‍ റിപ്പയറിംങ് കോഴ്‌സ് കഴിഞ്ഞതാണ് സക്കരിയക്കും വിനയായത്.
അടുത്തപേജില്‍ തുടരുന്നു
“”എന്റെ രക്ഷയ്ക്കായി നസീറിനെതിരെ മൊഴി എഴുതിത്തരാം. എന്നാല്‍ എന്റെ വീട്ടിനുനേരെയോ വീട്ടുകാര്‍ക്കുനേരെയൊ അതിന്റെ ഭാഗമായി എന്തെങ്കിലും ഭവിഷ്യത്തുണ്ടാകില്ലെന്ന് ഉറപ്പ് തരാനാകുമോ? എനിക്ക് എന്ത് സംരക്ഷണം തരാനാകും നിങ്ങള്‍ക്ക്?”” ഇത് പറഞ്ഞതോെട ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്; താങ്കള്‍ ഇതില്‍ പങ്കാളിയാണെന്ന് നസീറാണ് ഞങ്ങളോട് പറഞ്ഞതെന്നാണ്.അങ്ങനെ നസീര്‍ പറഞ്ഞെങ്കില്‍ അയാളെയും ഇവിടെ വിളിച്ചുവരുത്തണമെന്ന് ഞാനാവശ്യപ്പെട്ടു. എനിക്ക് മുമ്പാകെ നസീര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വേണം. പക്ഷേ നാളിതുവരെയായി എന്നെയോ നസീറിനെയോ ഒരുമിച്ച് നിര്‍ത്തി ചോദ്യം ചെയ്യല്‍ ഉണ്ടായിട്ടില്ല….””
ഇക്കഥ ഓര്‍മിപ്പിച്ചുകൊണ്ട് മൊബൈല്‍ഫോണ്‍ റിപ്പയറിംങ് പഠിച്ചത് വലിയ കുറ്റമായി തോന്നിയോ എന്ന് ചോദിച്ചപ്പോള്‍ സക്കരിയയുടെ മറുപടി ഇതായിരുന്നു. “”എനിക്ക് കോളജില്‍ തുടര്‍ന്ന് പഠിക്കണമെന്നുണ്ടായിരുന്നു. വീട്ടിലെ സ്ഥിതി മോശമായതിനാല്‍ പഠനമുപേക്ഷിച്ചു. മൂത്ത ജ്യേഷ്ഠന്‍ ഖത്തറില്‍ പോയെങ്കിലും അവിടുത്തെ കമ്പനിയില്‍നിന്ന് ശരിക്കും ശമ്പളം കിട്ടിയിരുന്നില്ല. അതിനുതാഴെയുള്ളയാള്‍ക്കും കാര്യമായ വരുമാനമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ എന്തെങ്കിലും സ്വയംതൊഴില്‍ പഠിച്ച് വരുമാനമുണ്ടാക്കാമെന്ന് കരുതിയാണ് മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കോഴ്‌സിന് ചേര്‍ന്നത്.
ഇളാപ്പയുടെ മകനും സുഹൃത്തുമായ ശുഐബ് ജോലി ചെയ്യുന്ന സ്ഥലത്താണ് കോഴ്‌സിന് ചേര്‍ന്നത്. അത് കഴിഞ്ഞ് ജോലിക്കായി ഏറെ കാത്തിരുന്നു. അതിനിടയിലാണ് കൊണ്ടോട്ടിയിലെ കടയില്‍ ജോലിക്ക് കയറിയത്. കേസില്‍ പറയുന്നത് കൊണ്ടോട്ടിയിലെ ഈ കടയില്‍(കേസിലെ നാലാം പ്രതി ഷറഫുദ്ദീന്റെ കട) മൊബൈല്‍ റിപ്പയറിംഗ് ജോലിയില്‍ ഏര്‍പ്പെടുമ്പോഴാണ് ബോംബ് നിര്‍മാണത്തില്‍ സഹായിച്ചതെന്നാണ്. (2008ല്‍ ബംഗളൂരില്‍ നടന്ന സ്‌ഫോടനത്തിനുവേണ്ടി ടൈമറുകളും മൈക്രോചിപ്പുകളും ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മിച്ചുനല്‍കി എന്നതാണ് സക്കരിയക്കെതിരെയുള്ള മറ്റൊരു കുറ്റം. ഇരുവരും ചേര്‍ന്ന് ഈ കടയില്‍വെച്ച് ആ പ്രവര്‍ത്തി ചെയ്തു എന്നാണ് ആരോപണം)
അവിടെ നിന്നും എനിക്ക് കാര്യമായ വരുമാനം കിട്ടാതായതിനാല്‍ നാലുമാസം കൊണ്ട് ഉപേക്ഷിച്ചതാണ് പണി. പിന്നീട് 150 രൂപ വരുമാനത്തില്‍ തിരൂരിലെ കടയില്‍ ജോലിക്ക് ചേര്‍ന്നു. അവിടെ 15 ദിവസം നില്‍ക്കുമ്പോഴേക്കും കേസില്‍ അകപ്പെട്ടു. ജീവിക്കാനായി കഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവരെ ഇങ്ങനെ കുടുക്കിയത് എന്തിനെന്ന് അറിയില്ല…
കര്‍ണാടക പൊലീസ് ഇങ്ങോട്ടേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോള്‍ എന്നോടും പറഞ്ഞിരുന്നു, തെളിവൊന്നുമില്ല പെട്ടെന്ന് വിടാമെന്ന്….എന്തെല്ലാം വ്യാമോഹങ്ങളാണ് അവര്‍ നല്‍കിയത്. ഒന്നും തെളിയുന്നില്ലെന്ന് കണ്ട് എന്നോട് ഒരിക്കല്‍ പറഞ്ഞു; നിന്നെ വെറുതെ വിടാം. നാട്ടില്‍തന്നെ ജീവിക്കാം, ഞങ്ങളുടെ ചാരനായി, എല്ലാ തീവ്രവാദപ്രവര്‍ത്തനത്തെക്കുറിച്ചും വിവരം തരണമെന്നുമാത്രം….എനിക്ക് കഴിയാത്ത കാര്യത്തില്‍ എങ്ങനെ ഉറപ്പ് നല്‍കാനാകും. പറ്റില്ലെന്ന് പറഞ്ഞു.
പിന്നെ ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ച് ജയിലിലേക്ക് മടക്കുകയായിരുന്നു. പിന്നീട് ആരും ചോദ്യം ചെയ്തിട്ടില്ല എന്നെ. ഇപ്പോള്‍ വര്‍ഷം അഞ്ച് കഴിഞ്ഞു. ഉമ്മയെ കണ്ടിട്ടുതന്നെ വര്‍ഷമൊത്തിരിയായി. ഒരിക്കല്‍ ഉമ്മ വന്നിരുന്നു. അന്നത്തെ കൂടിക്കാഴ്ച എന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. ഉമ്മയുടെ സ്ഥിതിയും പിന്നീട് മോശമായി. പല അസുഖവും പിടിപെട്ടതിനാല്‍ യാത്രയൊക്കെ പ്രശ്‌നമാണ്. അതിനാല്‍ വരേണ്ടെന്ന് ഞാന്‍തന്നെ പറഞ്ഞു.
എനിക്കിപ്പോള്‍ ഒരുപാട് അസുഖങ്ങളുണ്ട്. മൈഗ്രൈന്‍ ശക്തമായുണ്ട്. വലിയ തലവേദനയുള്ളതിനാല്‍ കണ്ണട വെച്ചിരിക്കയാണ്. തിരക്ക് പിടിച്ച് മുറിയില്‍നിന്ന് ഇങ്ങോട്ട് വന്നതിനാല്‍ കണ്ണട എടുക്കാന്‍ മറന്നു. സ്‌കിന്നിന്റെ പ്രശ്‌നമുണ്ട്, അലര്‍ജി. എല്ലാ ചെരുപ്പും ചവിട്ടാനാകില്ല. വാതത്തിന്റെ അസുഖമുള്ളതിനാല്‍ രാത്രിയില്‍ ഉറക്കവുമില്ല, വെരിക്കോസിന്റെ വേദനയും….
ഇതിനു മുമ്പ് കേരളത്തില്‍ നിന്ന് ചില രാഷ്ട്രീയനേതാക്കള്‍ മഅ്ദനി ഉസ്താദിനെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ അസുഖം മൂലം കിടപ്പിലായിരുന്നു. കാണാന്‍ കഴിഞ്ഞില്ല..””
എന്തുകൊണ്ട് ജാമ്യത്തിന് ശ്രമിച്ചില്ല എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: “”യു.എ.പി.എ കേസായതിനാല്‍ ജാമ്യം വലിയ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ക്കെതിരെ ഉള്ള അത്രയും വകുപ്പുകളില്ലാത്ത രണ്ടു പേര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. അത് രണ്ടും തള്ളി. അതിലൊന്ന് ഷമീറിന്റേതാണ്. അവരുടെ മേല്‍ ഗൂഢാലോചനക്കുറ്റമൊന്നുമില്ല എന്നോര്‍ക്കണം. എന്നിട്ടും ജാമ്യം കൊടുത്തില്ല കോടതി.
അതിന് ചെലവഴിച്ച ലക്ഷങ്ങള്‍ പാഴായി. അതിനാല്‍ വലിയ തുക കടംവാങ്ങി ജാമ്യമെടുക്കാന്‍ തുനിഞ്ഞില്ല. അതിനുള്ള കാശ് എവിടുന്നുണ്ടാക്കാനാ? ആദ്യം അഡ്വ. മഹാദേവനായിരുന്നു ഞാനടക്കമുള്ള കുറച്ചുപേരുടെ കേസ് നോക്കിയിരുന്നത്. എല്ലാവരും കൂടി 45 ലക്ഷത്തിനടുത്ത് തുക നല്‍കി. എട്ടുമാസം മുമ്പ് കേസ് പുതിയ വക്കീലിന് കൈമാറി. ബംഗളൂരുകാരനായ അഡ്വ. അമര്‍കൊറിയയാണ് ഇപ്പോള്‍ വക്കീല്‍. അയാളെ സഹായിക്കാന്‍ മലയാളിയായ അഡ്വ സഞ്ജയുമുണ്ട്.””
മഅ്ദനിയുടെ കൂടെ സഹായി എന്ന നിലയിലായിരുന്നല്ലോ സക്കരിയ ഇതുവരെ കഴിഞ്ഞിരുന്നത് എന്ന് ചോദിച്ചപ്പോള്‍ “”മഅ്ദനി ഉസ്താദിന്റെ ആരോഗ്യസ്ഥിതി തീരെ മോശമാണ്. ജയിലിനകത്തെ ആശുപത്രിയിലാണുള്ളത്. കുറേ ദൂരെയാണത്. കഴിഞ്ഞദിവസം വരെ ഒരു സഹായിയെപ്പോലെ ഞാനുണ്ടായിരുന്നു മുറിയില്‍. എന്നാല്‍ മൂന്നില്‍ കൂടുതല്‍ ആളുകള്‍ ഒപ്പം വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞ് എന്നെ മുറിയിലേക്ക് മാറ്റി.””
കേസില്‍ പ്രതീക്ഷയുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍. “”എന്തു ചെയ്യാന്‍. വിധി ഓരോരുത്തര്‍ക്കും ഓരോന്ന് തരുന്നു. അല്ലാതെന്തു പറയാന്‍. എനിക്കെതിരെ സാക്ഷിയായി വന്നിരുന്ന രണ്ടു പേരില്‍ ഒരാള്‍(പരപ്പനങ്ങാടിയിലെ പാലയങ്ങാട്ടുവീട്ടില്‍ ഹരിദാസന്‍) ഈയിടെ കോടതിക്കു മുമ്പാകെ മൊഴി മാറ്റി. എന്നെ പരിചയമില്ലെന്ന കാര്യം ഹരിദാസന്‍ പറഞ്ഞതോടെ പൊലീസ് തയ്യറാക്കിയ മൊഴിപ്പകര്‍പ്പ് കളവാണെന്ന് തെളിഞ്ഞു.
അടുത്തപേജില്‍ തുടരുന്നു
യു.എ.പി.എ കേസായതിനാല്‍ ജാമ്യം വലിയ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ക്കെതിരെ ഉള്ള അത്രയും വകുപ്പുകളില്ലാത്ത രണ്ടു പേര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. അത് രണ്ടും തള്ളി. അതിലൊന്ന് ഷമീറിന്റേതാണ്. അവരുടെ മേല്‍ ഗൂഢാലോചനക്കുറ്റമൊന്നുമില്ല എന്നോര്‍ക്കണം. എന്നിട്ടും ജാമ്യം കൊടുത്തില്ല കോടതി.
ഇനി ഒരു സാക്ഷികൂടിമാത്രമേ(കേസിലെ പ്രതി ഷറഫുദ്ദീന്റെ സഹോദരന്‍ പരപ്പനങ്ങാടിക്കാരന്‍ നിസാമുദ്ദീന്‍) എനിക്കെതിരെ ഉള്ളൂ. അയാളും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് നേരത്തെതന്നെ വ്യക്തമാക്കിയതാണ്. അയാളെ ഇതുവരെ കോടതി മൊഴി നല്‍കാന്‍ വിളിപ്പിച്ചിട്ടില്ല. യു.എ.പി.എ ആയതിനാല്‍ ഇനിയും വേണമെങ്കില്‍ എനിക്കെതിരെ സാക്ഷികളെ അവര്‍ക്കുണ്ടാക്കാം…കേസ് തീരുമ്പോഴേക്ക് എത്ര കാലമെടുക്കുമെന്ന് അറിയില്ല… അതിനിടയില്‍ ഇവിടുത്തെ ജീവിതം, ഉമ്മ…സഹോദരങ്ങള്‍ എന്റെ ആരോഗ്യം…എന്താകുമെന്ന് അറിയില്ല….
വീണ്ടും വടി ചുമരിലിടിച്ച് ശബ്ദമുണ്ടാക്കിയും മറ്റും ജയിലുദ്യോഗസ്ഥരും സംഘവും എത്തി. പലരും പുറത്തേക്ക് നടന്നു. ഞാന്‍ വീണ്ടും പതുങ്ങിപ്പതുങ്ങി അവിടെ നിന്നു. അതാ ഷമീര്‍ വരുന്നു.
ഷമീറിനോട് മകനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ “”അവന്റെ കാര്യത്തിലാണ് ബേജാറ്. അവന് എല്ലാ കാര്യവും പക്വതയോടെ മനസ്സിലാക്കാനുള്ള കരുത്ത് ദൈവം കൊടുക്കുമെന്ന് പ്രാര്‍ത്ഥിക്കുന്നു. ദുബായിയില്‍നിന്ന് വിട്ട് രണ്ടര വര്‍ഷം കഴിഞ്ഞ ശേഷം ഇവിടെ വന്നപ്പോഴാണ് അവനെ കാണാനായത്. അവനൊന്നും മനസ്സിലായിട്ടില്ല.
അവളുടെ(ഭാര്യ) കാര്യവും വലിയ വിഷമത്തിലാണ്. അതിനാലാണ് എന്തെങ്കിലും പഠിക്കാന്‍ പറഞ്ഞത്. വിവാഹം കഴിഞ്ഞ് മകന് മൂന്ന് വയസ്സായപ്പോഴാണ് ഞാനവളെയും കുഞ്ഞിനെയും ദുബായിലേക്ക് കൂട്ടിയത്. പിന്നെ ഇതൊക്കെ നടന്നു. കൂടുതലെന്തു പറയാന്‍…””
പ്രതീക്ഷയുണ്ടോ എന്ന് ചോദിച്ചപ്പോള്‍..
“”പ്രതീക്ഷിക്കുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ വഴിയുണ്ടോ? കേസ് ഇപ്പോള്‍ മോശമല്ലാത്ത നിലയില്‍ ആഴ്ചയില്‍ നാല് ദിവസവും നടക്കുന്നുണ്ട്. 350ല്‍പ്പരം സാക്ഷികളില്‍ ഇരുനൂറിനടുത്തുള്ളവര്‍ ഇവിടെ ഹാജരായി. പൊലീസ് എഴുതിയ മൊഴി മലയാളികളായ പലരും മാറ്റിപ്പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പോയാല്‍ രണ്ടര വര്‍ഷംകൊണ്ടെങ്കിലും വിചാരണ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്….എങ്കിലും യു.എ.പി.എ കേസായതിനാല്‍ അവസാന നിമിഷവും പൊലീസിന് അനുകൂലമാക്കി മാറ്റാന്‍ അവസരം ഏറെയാണ്…””
ജീവനക്കാരുടെ സ്വരത്തിന് കണിശത കൂടുന്നതു കണ്ടതോടെ പുറത്തേക്കിറങ്ങാന്‍ തയ്യാറെടുത്തു.
അപ്പോഴാണ് ഷമീര്‍ പഴയ ന്യൂസ്‌പേപ്പറിന്റെ കീറില്‍ ചുരുട്ടിയ ചെറുപൊതി ഷഹീറിന്റെ ഉള്ളംകയ്യില്‍ വെച്ചുകൊടുക്കുന്നത് കണ്ടത്. “”ഇത് മോന് കൊടുത്തേക്ക്… ഉപ്പ തന്നതാണെന്ന് പറഞ്ഞാല്‍ മതി…”” ഷമീര്‍ ജ്യേഷ്ഠനോടായി പറഞ്ഞു.
ഞാന്‍ ചോദിച്ചു. “”ഇതെന്താ?””
“”ചോക്ലേറ്റാണ്.””
“”എവിടുന്ന് കിട്ടി ജയിലിനുള്ളില്‍.””
“”ഒരു സുഹൃത്ത് കൊണ്ടുതന്നതാണ്.””
ഷമീറിന്റെ ജ്യേഷ്ഠന്റെ മുഖത്ത് സംതൃപ്തി പടരുന്നതായി തോന്നി. അപ്പോഴാണ് ജയിലിന് പുറത്തെ കാത്തിരിപ്പിനിടയില്‍ ഷഹീര്‍ പറഞ്ഞിരുന്ന കാര്യം ഓര്‍മയിലേക്ക് നൊടിയിട തിരിച്ചുവന്നത്; “ഉപ്പയെ കാണാന്‍ വരുന്ന കാര്യം എങ്ങനെയോ ഷമീറിന്റെ മകന്‍ അറിഞ്ഞിരുന്നു. ഞാനും വരട്ടെയെന്ന് അവന്‍ ശാഠ്യം പിടിച്ചിരുന്നു. കൂടെ കൂട്ടാത്തതിന്റെ പിണക്കത്തിലും ദേഷ്യത്തിലുമാണവന്‍…”
അതിനിടയില്‍ ഷഹീര്‍ പറഞ്ഞു: “”ഇനി വേറെ മിഠായി വാങ്ങേണ്ടതില്ലല്ലോ അവന്””. ഇത് കേട്ട് ഒന്നും പറയാതെ ഷമീര്‍ ജ്യേഷ്ഠനെതന്നെ നോക്കി. ജയിലില്‍ നിന്ന് മകന് ചോക്ലേറ്റ് കൊടുത്തയക്കുന്ന ഉപ്പയുടെ ഹൃദയത്തിന്റെ മിടിപ്പ് ഞാന്‍ സാവകാശം പിടിച്ചെടുക്കാന്‍ ശ്രമിച്ചു. പുറമെ പുഞ്ചിരിക്കുന്നുണ്ടെങ്കിലും ആ യുവാവിന്റെ മുഖത്ത് വേദനയുടെ ഭാവമാറ്റം പ്രകടമായിരുന്നു.
ഇതെല്ലാം നോക്കിനില്‍ക്കുന്നുണ്ട് ഷമീറിനേക്കാള്‍ നന്നെ ചെറുപ്പമുള്ള വിവാഹിതനല്ലാത്ത ഇരുപത്തിനാലുകാരന്‍ സക്കരിയ. ഏറെ നാളുകള്‍ക്കുശേഷം ഒന്ന് കാണാന്‍ ഇവിടെയെത്തുന്ന മിത്രങ്ങളുടെയും ബന്ധുക്കളുടെയും സംസാരം പെട്ടെന്ന് മുറിഞ്ഞുപോകുമ്പോഴുണ്ടാകുന്ന വേദനയും വികാരവ്യതിയാനങ്ങളും അവരെ സംബന്ധിച്ച് പുതുതല്ല. എങ്കിലും അവരുടെ കണ്ണില്‍ ആശങ്കയുടെ പിടച്ചിലുള്ളതായി തോന്നി.
കണ്ണുകെട്ടിക്കളിക്കുന്ന നീതിയുടെ തുലാസില്‍ ആരുടെ ത്രാസാണ് താണുവരികയെന്നറിയാതെ ദൈവവിശ്വാസിയായ ഇരുവരും പ്രാര്‍ത്ഥിക്കുന്നുണ്ടാകും…വിചാരണ കഴിഞ്ഞ് കുറ്റവാളിയല്ലെന്ന് കണ്ട് പുറത്തിറങ്ങുന്ന കാലം…ഉമ്മയെ, മകനെ, ഭാര്യയെ ഒന്ന് തുറന്ന വെളിച്ചത്തില്‍ കെട്ടിപ്പുണരുന്ന കാലം…
പഴയ വഴിയിലൂടെ പുറമേക്കുള്ള ഇരുമ്പു വാതിലിനടുത്തെത്തിയപ്പോള്‍ അവിടെയുള്ള ജീവനക്കാരന്‍ കൈയിലെ നീല മഷിയിലുയുള്ള സീല്‍ ഒന്നുകൂടി പരിശോധിച്ച് ഉറപ്പ് വരുത്തി. “ഞാന്‍ പുറത്തുള്ളൊരു ആളാണ്(Outsider)” എന്നാണ് സീലില്‍ കന്നഡയില്‍ എഴുതിയിട്ടുള്ളത്. ഉള്ളില്‍ കയറിയാല്‍ പുറത്തേക്ക് പോകുമ്പോള്‍ ഈ സീല്‍ നിര്‍ബന്ധമായും കാണിക്കണം. സീല്‍ ഇല്ലെങ്കില്‍ പുറത്തേക്ക് വിടില്ല. (സന്ദര്‍ശകരോടൊപ്പം പ്രതികളും പുറത്തുപോകുന്നത് തടയാനാണ് ഈ ചാപ്പകുത്തല്‍പ്രയോഗം കര്‍ശനമാക്കിയത്).
പുറത്തിറങ്ങിയപ്പോള്‍ ശുദ്ധവായുവേറ്റ് ഇളകുന്ന മരങ്ങള്‍ കാത്തിരിക്കുന്നു….പക്ഷികളുടെ ശബ്ദം.. ഉള്ളില്‍നിന്നിറങ്ങിയ ഒരു സ്ത്രീ ടവ്വല്‍കൊണ്ട് കണ്ണീരൊപ്പുന്നുണ്ട്… പലരും നിരാശാഭാവത്തോടെ ചിതറിപ്പോകയാണ് റോഡിലൂടെ…
ഷഹീറിന്റെ നിശബ്ദമായമുഖത്തും അതേ ഭാവം പ്രകടമാകുന്നുണ്ടോ?…പിന്നിലെ കൂറ്റന്‍ മതിലിനുള്ളില്‍ കഴിയുന്ന ഷമീര്‍ അപ്പോഴെന്താകും ചിന്തിക്കുന്നുണ്ടാകുക? ഒട്ടും മധുരമല്ലാത്ത ഓര്‍മകളുമായി കഴിയുന്ന ഷമീറിന്റെ ഹൃദയം ആ മിഠായിയില്‍ ഒളിപ്പിച്ചുവെച്ച് മകന്റെ കൈയില്‍ അതെത്തുന്ന നിമിഷത്തെ ഓര്‍ത്തെടുക്കുകയാകും….
കടപ്പാട്: ചന്ദ്രിക വാരിക