ഈ തെരഞ്ഞെടുപ്പ് ഫലം എന്നെ ശരിക്കും ഞെട്ടിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പരാജയം തുറന്നുസമ്മതിക്കുന്നു. കണക്കുകൂട്ടലുകളും ധാരണകളും തെറ്റായിരുന്നു എന്ന് തന്നെയാണ് ഈ ഫലം തെളിയിക്കുന്നത്. തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം ജീവിതത്തില്‍ വഴിമുട്ടി നില്‍ക്കുന്ന ഇവിടത്തെ ജനങ്ങള്‍ ബി.ജെ.പിക്ക് എതിരായി വോട്ട് ചെയ്യുമെന്നും അത് കോണ്‍ഗ്രസിന് അനുകൂലമായി മാറുമെന്നും പ്രതീക്ഷിച്ചു.
2022 ഗുജറാത്ത് നിയസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിക്കൊണ്ട് ബി.ജെ.പി തുടര്‍ച്ചയായ ഏഴാം തവണ അധികാരത്തിലെത്തിയിരിക്കുകയാണ്. ആകെയുള്ള 182 നിയമസഭാ സീറ്റുകളില്‍ 156 എണ്ണത്തില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായ 17 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി.
ഗുജറാത്തില്‍ കോണ്‍ഗ്രസ് നേരിട്ട വലിയ തിരിച്ചടിയെ കുറിച്ച് ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് പാര്‍ട്ടിയിലെ ദളിത് നേതാവും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റുമായ ജിഗ്നേഷ് മേവാനി.
ഗുജറാത്ത് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനത്തിന് പുറമെ, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍, കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര നേതൃത്വ പ്രശ്‌നങ്ങള്‍, ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയം, ഗുജറാത്തില്‍ ദളിത് വിഭാഗം നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച് ജിഗ്നേഷ് മേവാനി അഭിമുഖത്തില്‍ സംസാരിക്കുന്നു…
ഗുജറാത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ ഒരു നിശബ്ദ തരംഗം നിലനില്‍ക്കുന്നുണ്ടെന്നും കോണ്‍ഗ്രസിന് 120ലധികം സീറ്റുകള്‍ ലഭിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമയത്ത് താങ്കള്‍ പറഞ്ഞിരുന്നു. പക്ഷെ ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഒരു ‘ചരിത്ര വിജയം’ തന്നെയാണ്. എവിടെയാണ് നിങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിയിട്ടുള്ളത് ?
എന്റെ കണക്കുകൂട്ടലുകളും ധാരണകളും വളരെയധികം തെറ്റായിരുന്നു എന്ന് തന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഇവിടത്തെ ജനങ്ങള്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം ജീവിതത്തില്‍ വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയാണ്. ഇവരെല്ലാം ബി.ജെ.പിക്ക് എതിരായി വോട്ട് ചെയ്യുമെന്നും അത് കോണ്‍ഗ്രസിന് അനുകൂലമായി മാറുമെന്നും തന്നെയായിരുന്നു ഞാന്‍ കണക്കുകൂട്ടിയിരുന്നത്.
എന്നാല്‍ ജനങ്ങള്‍ അവരുടെ പ്രശ്‌നങ്ങളൊന്നും പബ്ലിക്കായി വന്ന് തുറന്ന് സംസാരിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പ് ഫലം എന്നെ ശരിക്കും ഞെട്ടിക്കുന്നുണ്ട്.
ഇതിന്റെ എല്ലാ സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റോടും കൂടിത്തന്നെ ഞാന്‍ കോണ്‍ഗ്രസിന്റെ പരാജയം സമ്മതിക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തരീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. പരാജയത്തിന്റെ കാരണങ്ങള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്ത് വിലയിരുത്തും. എല്ലാവരുമായി സംസാരിച്ച ശേഷമേ ഒരു നിഗമനത്തിലെത്താന്‍ സാധിക്കൂ.
ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഭാരത് ജോഡോ യാത്ര ഏതെങ്കിലും തരത്തില്‍ ഉപകാരപ്പെടുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ, യാത്രയുടെ റൂട്ട് മാപ്പില്‍ ഗുജറാത്ത് ഇടം നേടിയിട്ടില്ലെന്ന വസ്തുത കൂടി പരിശോധിക്കുമ്പോള്‍ ?
ഭാരത് ജോഡോ യാത്ര ഒരു വലിയ വിജയമാണ് എന്ന് തന്നെയാണ് നമുക്ക് കാണാനാവുന്നത്. ജനങ്ങളില്‍ നിന്ന് യാത്രക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ വളരെ വലുതും പ്രതീക്ഷയുള്ളതുമാണ്. യാത്ര എത്തിച്ചേരുന്ന സ്ഥലങ്ങളിലെല്ലാം തന്നെ വലിയ ജനക്കൂട്ടമാണ് കോണ്‍ഗ്രസിനെ പിന്തുണച്ചുകൊണ്ട് ഒത്തുചേരുന്നത്.
യഥാര്‍ത്ഥത്തില്‍ ഭാരത് ജോഡോ യാത്രക്ക് ഒരു തരംഗം തന്നെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ആളുകള്‍ വലിയ രീതിയില്‍ മോട്ടിവേറ്റഡ് ആവുകയും ഇന്‍സ്‌പെയേര്‍ഡ് ആവുകയും ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേഡറുകള്‍ക്കും വോട്ടര്‍മാര്‍ക്കും വലിയ ഊര്‍ജമാണ് ഈ യാത്ര നല്‍കുന്നത്. അത് വളരെ പോസിറ്റീവായ കാര്യമാണെന്നാണ് ഞാന്‍ വിലയിരുത്തുന്നത്.
പക്ഷെ ഇതിനെ നിങ്ങള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പരിശോധിക്കുകയാണെങ്കില്‍, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തെ കൂടി ഇതുമായി ചേര്‍ത്ത് വായിക്കാത്തതെന്താണ് എന്ന് സ്വാഭാവികമായും എനിക്ക് തിരിച്ച് ചോദിക്കേണ്ടി വരും. ചില സംസ്ഥാനങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ മറുവശത്ത് മറ്റ് ചിലത് നമ്മള്‍ വിജയിച്ച് നേടുന്നുണ്ട്.
ഇനി ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ചിലപ്പോള്‍ ഗുജറാത്തില്‍ നിന്നും ആരംഭിച്ചേക്കാം. പാര്‍ട്ടിയുടെ ഭാവി പരിപാടികളെ കുറിച്ച് എനിക്ക് പൂര്‍ണമായും ധാരണയില്ല. എങ്കിലും ഗുജറാത്തില്‍ യാത്ര നടത്തുമെന്നാണ് ഞാനും കേള്‍ക്കുന്നത്.
അങ്ങനെ സംഭവിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഗുജറാത്തിലെ കോണ്‍ഗ്രസിനെ അത് ആഴത്തില്‍ സഹായിക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും ഉപകാരപ്പെടും.
പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിടുന്നുണ്ട് എന്നതാണ് സത്യം, അതില്‍ സംശയമൊന്നുമില്ല.
വദ്ഗം (Vadgam) അസംബ്ലി മണ്ഡലത്തില്‍ 2017ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായാണ് താങ്കള്‍ മത്സരിച്ചത്. 2017ല്‍ 95,000ഓളം വോട്ടുകള്‍ നേടി 18,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു താങ്കള്‍ വിജയിച്ചത്. ഇത്തവണയും ലഭിച്ച വോട്ടുകള്‍ ഏറെക്കുറേ സമാനമായി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം ഏകദേശം 5000 വോട്ടുകള്‍ എന്ന നിലയിലേക്ക് ഇടിഞ്ഞു. ബി.ജെ.പിയുടെ വോട്ട് ഷെയറിലുണ്ടായ വലിയ വര്‍ധനവാണ് ഇത് കാണിക്കുന്നത്. താങ്കള്‍ എങ്ങനെയാണ് ഈ കണക്കുകളെ വിലയിരുത്തുന്നത് ?
ഈ കണക്കുകള്‍ നോക്കുമ്പോള്‍ ഇതെങ്ങനെ സംഭവിച്ചുവെന്ന് സത്യം പറയുകയാണെങ്കില്‍ എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് ബി.ജെ.പിക്ക് മണ്ഡലത്തില്‍ ഇത്രയധികം വോട്ടുകള്‍ നേടാനായത്, അവരുടെ വോട്ട് ഷെയറില്‍ എങ്ങനെയാണ് ഇത്ര വലിയ ശതമാനത്തിന്റെ വര്‍ധനവുണ്ടായത് എന്നതില്‍ എനിക്ക് ഇതുവരെ ഒരു ധാരണയില്ല.
അതുകൊണ്ട് ഈ ചോദ്യത്തിന് ഒരു വിശദമായ ഉത്തരം നല്‍കുന്നതിലും എനിക്ക് ആശയക്കുഴപ്പമുണ്ട്.
കോണ്‍ഗ്രസിന്റെ ഭാഗമായി നില്‍ക്കുന്നത് കൊണ്ടല്ല ഞാനിത് പറയുന്നത്, പക്ഷെ എന്ത് കാരണം കൊണ്ടാണ് ഇവിടത്തെ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
പക്ഷെ ബി.ജെ.പിയുടെ ഇലക്ടറല്‍ മാനേജ്‌മെന്റും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും തന്നെയായിരിക്കും ഒരു പരിധി വരെ ഇതിന് കാരണം. ചിലപ്പോള്‍ ഇന്ത്യയിലെ ഇലക്ടറല്‍ പൊളിറ്റിക്‌സിന്റെ ഗ്രാമര്‍ ബി.ജെ.പിക്ക് മറ്റ് പാര്‍ട്ടികളേക്കാള്‍ കുറച്ചുകൂടി നന്നായി അറിയുന്നത് കൊണ്ടായിരിക്കും. ഒരുപക്ഷേ രാജ്യത്തെ എല്ലാ കോര്‍പറേറ്റ് ഭീമന്മാരും നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പിന്തുണക്കാന്‍ ഒരുപോലെ തീരുമാനിച്ചത് കൊണ്ടാകും.
ഇത്രയുമധികം പണം അവര്‍ക്ക് തെരഞ്ഞെടുപ്പിന് വേണ്ടി ഇറക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും അവര്‍ അതിന്റേതായ മാറ്റം വരുത്തുന്നുണ്ടാകും. ഇതൊക്കെ തന്നെയായിരിക്കാം കാരണം.
ഇതൊക്കെത്തന്നെയാണെങ്കിലും തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും കോണ്‍ഗ്രസിന് ഒരിക്കലും ഓടി രക്ഷപ്പെടാനാകില്ല, ഈ ഫലത്തെ അവഗണിക്കാനാകില്ല. ജനങ്ങളിലേക്കെത്തണമെങ്കില്‍ അതിന്റേതായ ഹാര്‍ഡ് വര്‍ക്ക് ചെയ്യേണ്ടതുണ്ട്, അത് ഞങ്ങള്‍ ചെയ്യുക തന്നെ ചെയ്യും.
ഗുജറാത്തില്‍ ബനാസ്‌കന്ത (Banaskantha) ജില്ലയുടെ ചുമതലയായിരുന്നു താങ്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്. അവിടെ ദാന്‍ത (Danta) അസംബ്ലി മണ്ഡലത്തിലെ നിങ്ങളുടെ സിറ്റിങ് എം.എല്‍.എ കാന്തിഭായ് ഖരാഡി (Kantibhai Kharadi) ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ചില ഗുണ്ടകളും ചേര്‍ന്ന് തന്നെ ആക്രമിച്ചതായി വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു. താങ്കളും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് സംസാരിക്കുമ്പോള്‍, സംസ്ഥാനത്ത് പ്രചരണം നടത്തുക, ജനങ്ങളിലേക്കെത്തുക എന്നതുപോലും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നു ?
കോണ്‍ഗ്രസ് എം.എല്‍.എ കാന്തിഭായ് ഖരാഡി വളരെ ക്രൂരമായാണ് ബി.ജെ.പിയുടെ ഗുണ്ടകളാല്‍ ആക്രമിക്കപ്പെട്ടത്. ഇതിന് ബി.ജെ.പിയുടെ ഭാഗത്ത് നിന്നും ഒരു ഗൂഢാലോചന നടന്നിട്ടുണ്ടാകും. അവരുടെ പ്രാദേശിക നേതാക്കളും ദാന്‍ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമെല്ലാം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇത് വളരെ ഗുരുതരമായ വിഷയമാണ്. കാറില്‍ സഞ്ചരിക്കവേയായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. അദ്ദേഹം ഒരുവിധത്തിലാണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട് ഒരു സ്ഥലത്ത് ഒളിച്ചത്. എങ്ങനെയോ അദ്ദേഹം ആ ഗുണ്ടകളുടെ കയ്യില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
കാന്തിഭായ് ഖരാഡി
നിര്‍ഭാഗ്യവശാല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പക്ഷെ ഇതൊരിക്കവും ആശ്ചര്യമുണ്ടാക്കുന്ന കാര്യമല്ല. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി ഏതറ്റം വരെയും പോകും. അവര്‍ എതിരാളികള്‍ക്ക് മേല്‍ ഒരുപാട് സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കും, പാര്‍ട്ടി നേതാക്കള്‍ മുതല്‍ ഐ.പി.എസ് ഓഫീസര്‍മാര്‍ വരെ അവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.
ഗുജറാത്ത് കേഡറിലെ ഒരുവിധം എല്ലാ ഐ.പി.എസ് ഓഫീസര്‍മാരും സ്വന്തം ലൈന്‍ ക്രോസ് ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഭാരവാഹികളായാണ് പ്രവര്‍ത്തിക്കുന്നത്. എന്ത് പ്രതിജ്ഞ ചെയ്തുകൊണ്ടാണോ ഐ.പി.എസ് ഓഫീസര്‍മാരായി അധികാരത്തിലേറിയത് അത് പ്രത്യക്ഷമായി തന്നെ ലംഘിക്കുന്ന നടപടിയാണ് അവരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.
ഇത് ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യമാണ്. ബി.ജെ.പിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന തരത്തിലാണ് ഇവിടത്തെ എക്‌സിക്യൂട്ടീവ് വിഭാഗം പ്രവര്‍ത്തിക്കുന്നത്.
പണം, മദ്യം, സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഇതൊക്കെയാണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പയറ്റുന്ന കാര്യങ്ങള്‍. എതിരാളികളോട് യാതൊരു ദയയുമില്ലാത്ത മൃഗീയമായ മനോഭാവമാണ് ബി.ജെ.പിയുടേത്. അതിനിടയില്‍ പിടിച്ചുനില്‍ക്കുന്നത് തന്നെ ബുദ്ധിമുട്ടാണ്.
പക്ഷെ പ്രാഥമികമായ എല്ലാ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതല്ല പരാജയത്തിന് കാരണം. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ പ്രചാരണ ജോലികള്‍ ചെയ്തുപോന്ന സമയത്ത് തീര്‍ത്തും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളാണ് ബി.ജെ.പി സ്വീകരിച്ച് പോന്നത്.
മതനേതാക്കളെ പ്രചരണത്തിനുപയോഗിക്കുക, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആക്രമിക്കുക, തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്ത് പണമൊഴുക്കുക, മദ്യം വിതരണം ചെയ്യുക, വോട്ടര്‍മാരെ വിലയ്ക്കുവാങ്ങുക ഇതുപോലുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.
ഗുജറാത്തില്‍ പ്രചരണ സമയത്ത് കോണ്‍ഗ്രസ് നേരിട്ട പ്രതിസന്ധികളും എം.എല്‍.എ കാന്തിഭായ് ഖരാഡിക്ക് നേരെയുണ്ടായ ആക്രമണവും ദേശീയ തലത്തില്‍ ബി.ജെ.പി പയറ്റുന്ന ‘ബുള്‍ഡോസര്‍ രാഷ്ട്രീയ’ത്തിന്റെ ഒരു പ്രാദേശിക വേര്‍ഷന്‍ എന്ന് പറയാനാവുമോ ?
ബി.ജെ.പി തുടക്കം മുതലേ സ്വീകരിക്കുന്ന നിലപാടാണ് ഇത്. ഇത്രയും കാലം ക്രൂരമായ വഴികള്‍ തന്നെയാണ് അവര്‍ അവരുടെ രാഷ്ട്രീയത്തില്‍ പ്രയോഗിച്ചത്. ഇന്ത്യന്‍ ഭരണഘടനയില്‍ പോലും വിശ്വസിക്കാതെ, തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഏത് മനുഷ്യത്വരഹിതമായ മാര്‍ഗവും സ്വീകരിക്കും എന്ന നിലപാടാണ് അവര്‍ക്ക്. അതില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ ഇല്ലാതാക്കുന്നതടക്കം ഉള്‍പ്പെടും.
കുറച്ചുദിവസം മുമ്പ് ഗുജറാത്തിലെ ബി.ജെ.പി മന്ത്രിയായ ജഗ്ദീഷ് വിശ്വകര്‍മ (Jagdish Ishwarbhai Vishwakarma) പറഞ്ഞത്, ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യാത്തവര്‍ രാജ്യദ്രോഹികളാണെന്നാണ്. ഗുജറാത്തില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യാത്തവര്‍ ബി.ജെ.പിയുടെ കണ്ണില്‍ ചതിയന്മാരും ദേശവിരുദ്ധരുമായി മാറുകയാണ്.
ഇവരില്‍ നിന്നൊക്കെ പിന്നെ എന്ത് പ്രതീക്ഷിക്കാനാണ് ?
ജഗ്ദീഷ് വിശ്വകര്‍മ
‘ഞങ്ങള്‍ 2002ല്‍ അവരെ ഒരു പാഠം പഠിപ്പിച്ചു’, എന്ന തരത്തില്‍ ഗുജറാത്ത് കലാപത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഒരു പരാമര്‍ശം ഈ തെരഞ്ഞെടുപ്പിനിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
ഇത്രയും വര്‍ഷങ്ങളായി ഓരോ തെരഞ്ഞെടുപ്പുകളിലും ഗുജറാത്ത് കലാപം വിഷയമാകുന്നുണ്ട്. പക്ഷെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ ബി.ജെ.പി എല്ലായ്‌പ്പോഴും അതവര്‍ക്ക് അനുകൂലമായി മാറ്റിയതായാണ് കാണുന്നത്. പക്ഷെ എന്തുകൊണ്ടായിരിക്കാം കോണ്‍ഗ്രസിന് ഈ വിഷയം ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാനും അവരുടെ വോട്ട് തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനും സാധിക്കാത്തത് ?
ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ തസ്തികകള്‍ ഞങ്ങള്‍ ഉടന്‍ നികത്തും, ഇവിടെ മയക്കുമരുന്നിന്റെ വിതരണം ഇല്ലാതാക്കും, സ്ത്രീകളും കുട്ടികളുമടക്കം നേരിടുന്ന പോഷകാഹാരക്കുറവ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കും അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ രംഗവും ആരോഗ്യരംഗവും മെച്ചപ്പെടുത്തും എന്നീ വാഗ്ദാനങ്ങള്‍ ഗുജറാത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും നല്‍കുന്നതിന് പകരം, ഇത്തരം യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം ബി.ജെ.പി നേതാക്കള്‍ നടത്തുന്നത് ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങളാണ്.
വര്‍ഗീയ വിഷം വമിപ്പിക്കാനും അതുവഴി ജനങ്ങളെ ചേരിതിരിക്കാനും വേണ്ടി ബി.ജെ.പിയും അമിത് ഷായും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രസ്താവനകളെല്ലാം. വര്‍ഗീയ അളവുകോല്‍ വെച്ച് ജനങ്ങളെ ധ്രുവീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം.
അതേസമയം ഇത് ഒട്ടും സര്‍പ്രൈസിങ്ങല്ല. 2002 മുതല്‍ 2022 വരെയുള്ള ഓരോ തെരഞ്ഞെടുപ്പുകളിലും അവര്‍ ഇത് തന്നെയാണ് ചെയ്തുവരുന്നത്.
പക്ഷെ നേരത്തെ പറഞ്ഞത് പോലെത്തന്നെ ഈ വിഷയങ്ങളൊന്നും കോണ്‍ഗ്രസിന് അനുകൂലമായ വോട്ടുകളാക്കി മാറ്റാന്‍ കഴിയുന്നില്ല എന്നത് ഞങ്ങളുടെ പരാജയം തന്നെയാണ്. അത് തുറന്ന് സമ്മതിക്കുന്നു. വലിയ വീഴ്ചയാണ് എന്നതില്‍ സംശയമൊന്നുമില്ല. പക്ഷെ അതിനുള്ള പരിഹാരം ഞങ്ങള്‍ കാണുകയും ചെയ്യും.
ഹര്‍ദിക് പട്ടേലിനെയും അല്‍പേഷ് താക്കൂറിനെയും പോലുള്ള യുവ നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നത് സംസ്ഥാനത്ത് പാര്‍ട്ടിയുടെ വോട്ട് ഷെയര്‍ കുറയാന്‍ കാരണമായോ ? ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് ഷെയറും വലിയ രീതിയില്‍ ഉയര്‍ന്നതായാണ് ഈ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ഇതെല്ലാം കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായിട്ടില്ലേ ?
ഈ പറഞ്ഞ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടത് സംസ്ഥാനത്ത് പാര്‍ട്ടിയുടെ വോട്ട് ഷെയറിനെ ബാധിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ മറ്റ് പാര്‍ട്ടികള്‍ സംസ്ഥാനത്ത് അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതും അവരുടെ വോട്ട് വിഹിതം കൂടുന്നതും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഒരു കാരണമായിട്ടുണ്ടാകാം.
ഭരണഘടന വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ജനാധിപത്യവും ജനാധിപത്യ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും ചെയ്യുന്ന ഈ സമയത്ത് ഈ രാജ്യത്തെ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ബി.ജെ.പിയെ അവരുടെ പ്രഥമ ശത്രുക്കളായി കാണേണ്ടതുണ്ട്.
എന്നാല്‍ ബി.ജെ.പിക്കെതിരെ പോരാടുന്നതിന് പകരം കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ പിടിച്ചെടുക്കാനാണ് ഇവര്‍ (ആം ആദ്മി പാര്‍ട്ടി) ശ്രമിക്കുന്നത്. ഈയൊരൊറ്റ കാര്യം തന്നെ മതി അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍. അത് മാത്രമാണ് എനിക്ക് ഈ വിഷയത്തില്‍ പറയാനുള്ളത്.
ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസും രാഷ്ട്രീയ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയും ബി.ജെ.പിയുടെ പ്രതിപക്ഷത്ത് നില്‍ക്കുന്ന കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്ന സമയമാണിത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയായിരിക്കും ?
ഭാരത് ജോഡോ യാത്ര ഇതിനോടകം തന്നെ രാജ്യത്ത് വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറിച്ച് ജനങ്ങള്‍ക്കുണ്ടായിരുന്ന മനോഭാവത്തെ ഈ യാത്ര തീര്‍ച്ചയായും മെച്ചപ്പെടുത്തിയിട്ടുണ്ട്.
മഹാത്മാ ഗാന്ധിയും ബി.ആര്‍. അംബേദ്കറും മുതലുള്ള നേതാക്കള്‍ ഇത്തരത്തില്‍ മാര്‍ച്ചുകളും യാത്രകളും സത്യാഗ്രഹങ്ങളും നടത്തിയവരാണ്. ഇത്തരം യാത്രകള്‍ തീര്‍ച്ചയായും അവര്‍ക്ക് രാഷ്ട്രീയ നേട്ടങ്ങളും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ഇതേകാര്യം കോണ്‍ഗ്രസിനും ബാധകമാണ്.
എന്നാല്‍ ഇലക്ടറല്‍ പൊളിറ്റിക്‌സിനും അപ്പുറത്താണ് ഭാരത് ജോഡോ യാത്ര. ജനങ്ങള്‍ക്ക് മേലുള്ള തന്റെ സ്‌നേഹവും കരുതലും പ്രകടിപ്പിക്കാന്‍ രാഹുല്‍ ജിയുടെ ഭാഗത്ത് നിന്നുമുള്ള സത്യസന്ധമായ ശ്രമമാണിത്.
ബി.ജെ.പിയും ആര്‍.എസ്.എസും അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ കാരണം ജനങ്ങള്‍ അത്രയും ബുദ്ധിമുട്ടുകയും ജീവിതത്തില്‍ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സമയത്ത് കൂടിയാണ് ഈ യാത്ര.
ജനങ്ങളോട് സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. അതാണ് രാഹുല്‍ ജിയും കോണ്‍ഗ്രസും ഇപ്പോള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഭാരത് ജോഡോ യാത്ര നടക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളുടെ കാര്യത്തില്‍ ഞാന്‍ വളരെയധികം പ്രതീക്ഷയര്‍പ്പിക്കുന്നുമുണ്ട്.
കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും തര്‍ക്കങ്ങളെ കുറിച്ചുമുള്ള ചോദ്യത്തിലേക്ക് വരികയാണെങ്കില്‍ ഭാരത് ജോഡോ യാത്ര ഇതിനോടകം തന്നെ പാര്‍ട്ടിയെ ഒന്നിപ്പിച്ചിട്ടുണ്ട്, രാജ്യത്തെ ഒന്നിപ്പിക്കുന്നുണ്ട്, ജനങ്ങളുടെ ഹൃദയത്തെ ഒരുമിപ്പിക്കുന്നുണ്ട്.
എം.എല്‍.എ എന്നതിന് പുറമെ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ (Rashtriya Dalit Adhikar Manch) കണ്‍വീനര്‍ കൂടിയാണ് താങ്കള്‍. രാജ്യത്ത് ദളിത് വിഭാഗത്തിലുള്ളവര്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പോരാടുകയും ചെയ്യുക എന്നുള്ളതാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ ദളിതുകള്‍ക്കെതിരായ അതിക്രമങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ അതില്‍ പ്രതീക്ഷാവഹമായ ഒന്നുമില്ലെന്ന് മാത്രമല്ല, കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്നതായാണ് കാണാനാവുന്നത്. ആര്‍.ഡി.എ.എമ്മിനും കോണ്‍ഗ്രസിന് ഇതില്‍ ഇനി എന്ത് ചെയ്യാനാകുമെന്നാണ് താങ്കള്‍ ചിന്തിക്കുന്നത് ?
ദളിത് വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഒരു സാധ്യത എപ്പോഴും നിലവിലുണ്ട്, അതില്‍ ഒരു സംശയവുമില്ല.
ഇത്തരം വിഷയങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം വരുന്നത് സര്‍ക്കാരുകള്‍ക്കാണ്, ഇവിടെ ഗുജറാത്ത് സര്‍ക്കാരിനാണ്. ഞാന്‍ ഒരു സംഘടനയുട മാത്രം തലപ്പത്താണ് ഇരിക്കുന്നത്. ദളിതുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാണ് രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് രൂപപ്പെടുത്തിയത്.
ഇതുപോലുള്ള സംഘടനകളും ചെറിയ സിവില്‍ റൈറ്റ്‌സ് ഗ്രൂപ്പുകളുമൊക്കെ ദളിതരുടെയും മറ്റ് അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.
എങ്കില്‍ പോലും ഇവര്‍ക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതയും അവസരങ്ങളും വളരെ ലിമിറ്റഡാണ്. ഒരു സിവില്‍ റൈറ്റ്‌സ് ഗ്രൂപ്പിനും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ഈ വിഷയത്തില്‍ സര്‍ക്കാരുകള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും.
പക്ഷെ ഇവിടത്തെ ബി.ജെ.പി സര്‍ക്കാര്‍ ദളിത് വിഭാഗത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നതുകൊണ്ടാണ് ആര്‍.ഡി.എ.എം പോലുള്ള സംഘടനകള്‍ക്ക് ദളിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടേണ്ടി വരുന്നത്. ഞങ്ങള്‍ ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുതിയ അധ്യക്ഷനായി വന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രതീക്ഷാവഹമാണ്, പ്രത്യേകിച്ചും 2024ലെ പൊതു തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള കോണ്‍ഗ്രസ് ആരംഭിക്കുന്ന ഈയൊരു ഘട്ടത്തില്‍ ?
മല്ലികാര്‍ജുന്‍ ഖാര്‍ഗെ വളരെയധികം അനുഭവസമ്പത്തുള്ള ഒരു പൊളിറ്റീഷ്യനാണ്. ഞങ്ങളുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളാണ് അദ്ദേഹം. അത്രയും വിശ്വാസ്യതയുള്ള രാഷ്ട്രീയ നേതാവാണ്. പാര്‍ട്ടി കേഡറുകളില്‍ അദ്ദേഹം വളരെ ജനപ്രിയനാണ്.
ഇദ്ദേഹത്തെ പോലൊരാള്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് വരുന്നത് പാര്‍ട്ടിക്ക് വലിയ രീതിയില്‍ സഹായകരമാകും എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ അദ്ദേഹം അധ്യക്ഷസ്ഥാനം ഏറ്റെടുത്തിട്ട് ആകെ രണ്ട് മാസമേ ആവുന്നുള്ളൂ. അതുകൊണ്ട് വലിയ വിലയിരുത്തലുകളിലേക്ക് ഇപ്പോള്‍തന്നെ കടക്കേണ്ടതില്ല എന്ന് തോന്നുന്നു.
ആശയപരമായ പോരാട്ടങ്ങളില്‍ കഴിഞ്ഞ 40 വര്‍ഷമായി കോണ്‍ഗ്രസ് പിന്നിലായിപ്പോയെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് മാത്രം മുന്‍ഗണന നല്‍കിയെന്നുമുള്ള ഒരു വിമര്‍ശനം ജയറാം രമേശ് ഈയടുത്ത് ഉന്നയിക്കുകയുണ്ടായി. ഈ അഭിപ്രായത്തോടുള്ള താങ്കളുടെ പ്രതികരണമെന്താണ് ?
ആശയപരമായി ശക്തമായ അടിത്തറയുള്ള സംഘടനകളും പാര്‍ട്ടികളും ഇവിടെ ഉണ്ടാകേണ്ടതുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല, അത് വ്യക്തമാണ്.
കാരണം നിങ്ങള്‍ക്ക് തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കുന്നുണ്ട് എന്നാല്‍ ആശയപരമായി യാതൊരു അടിത്തറയുമില്ല എന്നാണെങ്കില്‍ അതുകൊണ്ട് ഒരു കാര്യവുമില്ല. നിങ്ങള്‍ക്ക് സാമൂഹിക പരിഷ്‌കാരങ്ങള്‍ മാത്രം കൊണ്ടുവന്നാല്‍ മതി തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടതില്ല എന്നാണെങ്കില്‍ അതുകൊണ്ടും പ്രയോജനമില്ല.
ജയറാം രമേശ്
ഒരു ബ്ലെന്‍ഡിങ്ങാണ്, കൂടിച്ചേരലാണ് ഇവിടെ വേണ്ടത്. രണ്ടിന്റെയും, ആശയപരമായ അടിത്തറയുടെയും ഇലക്ടറല്‍ പൊളിറ്റിക്‌സിന്റെയും സമ്മിശ്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടത്.
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വലിയ വിജയം നേടിയെങ്കിലും അവിടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിലടക്കം കോണ്‍ഗ്രസിനുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും അത് മറനീക്കി പുറത്തുവരികയും ചെയ്തിരുന്നു. ഇത്തരത്തില്‍ കേരളത്തിലും രാജസ്ഥാനിലുമടക്കം കോണ്‍ഗ്രസിനുള്ളില്‍ നേതൃത്വ തര്‍ക്കങ്ങള്‍ തുടര്‍ച്ചയായുണ്ടാകുന്നതിന്റെ കാരണം എന്തായിരിക്കും ?
കോണ്‍ഗ്രസിനെ പോലെ ഒരു വലിയ പാര്‍ട്ടിയുടെ കാര്യമെടുക്കുമ്പോള്‍, അല്ലെങ്കില്‍ ഇത്തരത്തിലുള്ള ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയിലാണെങ്കിലും ഇത്തരത്തിലുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും എല്ലായ്‌പ്പോഴുമുണ്ടാകും, അത് സാധാരണയാണ്.
അതൊരു ഭീകര പ്രശ്‌നമായി കാണേണ്ടതില്ല, ഇത് ജീവിതത്തിന്റെ ഭാഗമാണ്, ഈ ഗെയിമിന്റെ ഭാഗമാണ്. നമ്മുടെ കുടുംബത്തിനകത്തും ഇത്തരത്തില്‍ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളുമുണ്ടാകാറില്ലേ ?
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കകത്ത് തര്‍ക്കങ്ങളുണ്ടാകുന്നത് ഒരു വലിയ ആദര്‍ശമാണ് എന്നൊന്നുമല്ല ഞാന്‍ പറയുന്നത്. പക്ഷെ കാര്യങ്ങള്‍ കുറച്ചുകൂടി പ്രാക്ടിക്കലായി കാണേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഞങ്ങളതിനെ മറികടക്കുക തന്നെ ചെയ്യും, ഇത്തിരി വൈകിയാണെങ്കിലും.
കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണ ചുമതല. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുപ്പില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെന്നും പകരം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഒരു വിമര്‍ശനമുണ്ട്. ഇതോടുള്ള പ്രതികരണമെന്താണ് ?
ഇത് ശരിയല്ല. അദ്ദേഹം വളരെ നന്നായി ഗുജറാത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഗുജറാത്തില്‍ പരാജയപ്പെട്ടതിന് ആരെയെങ്കിലും കുറ്റപ്പെടുത്തേണ്ടതുണ്ടെങ്കില്‍ അത് ഞങ്ങളെയാണ്, അദ്ദേഹത്തെയല്ല. ഞാനാണ് ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ്. കുറ്റപ്പെടുത്തണമെങ്കില്‍ എന്നെയാണ് കുറ്റപ്പെടുത്തേണ്ടത്, അല്ലാതെ രമേശ് ചെന്നിത്തല ജിയെ അല്ല.
അദ്ദേഹം അദ്ദേഹത്തിന്റെ ജോലി വളരെ കൃത്യമായി ചെയ്തിട്ടുണ്ട്, അതില്‍ ഞങ്ങള്‍ക്ക് വളരെയധികം അഭിമാനമുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷമുള്ള ഗുജറാത്തില്‍, ഇനി വരാനിരിക്കുന്ന അഞ്ച് വര്‍ഷം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ?
ഗ്രൗണ്ട് വളരെ ഓപ്പണാണ്. വലിയ വെല്ലുവിളികളുണ്ടായിരിക്കും എന്ന് ഞങ്ങള്‍ക്കറിയാം. അതുപോലെത്തന്നെ വലിയ അവസരങ്ങളുമുണ്ടായിരിക്കും എന്നുറപ്പാണ്. ഇതൊരു പോരാട്ടമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരിക തന്നെ ചെയ്യും. ഞങ്ങള്‍ പോരാടുകയും തിരിച്ചടിക്കുകയും ചെയ്യും.
Content Highlight: Interview with Congress leader Jignesh Mevani
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.