| Thursday, 3rd June 2021, 6:00 pm

Interview | സംഘപരിവാറിനോട് തര്‍ക്കിച്ചിട്ട് കാര്യമുണ്ടോ | സജ്ജന്‍ കുമാര്‍

അര്‍ജുന്‍ എസ്. മോഹന്‍

അഭിമുഖം: സജ്ജന്‍ കുമാര്‍ / അര്‍ജുന്‍ എസ്. മോഹന്‍

ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായി അയോധ്യയിലെ രാമക്ഷേത്രം മാറിയിരിക്കുന്നു. ശിലാസ്ഥാപനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദനം നടത്തിയപ്പോള്‍ രാജ്യത്തിലെ 130 കോടി ജനങ്ങളുടെ പ്രതിനിധിയായി അവകാശപ്പെട്ടത് വിവാദമായിരുന്നു. ‘ആ 130 കോടിയില്‍ ഞാനില്ല’ എന്ന മുദ്രാവാക്യം ഒരു വിഭാഗം ഉയര്‍ത്തിയപ്പോള്‍, ‘ആ 130 കോടിയില്‍ ഞാനുണ്ട്’ എന്ന പ്രതിവാദവുമായി സംഘപരിവാറും രംഗത്തുവന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനയെയും തുടര്‍ന്നുണ്ടായ സംവാദത്തേയും എങ്ങിനെ കാണുന്നു?

ഇവിടെ ഞാന്‍ ശ്രദ്ധിക്കുന്നത് സംഖ്യയുടെ രാഷ്ട്രീയത്തെയാണ്. അദ്ദേഹം അവകാശപ്പെടുന്നത് 130 കോടി ജനങ്ങളുടെ പ്രാതിനിധ്യം ആണ്. ഇതൊരു പ്രഭാഷണവിദ്യയാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ ‘ആറ് കോടി ജനങ്ങള്‍’ എന്ന വാക്യം നിരന്തരം ഉപയോഗിച്ചിരുന്നു. ഇതൊരു പുതുമയുള്ള കാര്യമല്ല. മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തില്‍ തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന സമയത്തും സംഖ്യയുടെ രാഷ്ട്രീയം ഉപയോഗിക്കുന്നത് പതിവായിരുന്നു. കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്നപ്പോള്‍, ഗുജറാത്ത് നല്‍കുന്ന നികുതിക്ക് കൃത്യമായ അനുപാതത്തില്‍ തിരിച്ചു പണം ലഭിക്കുന്നില്ലായെന്ന ആരോപണം ഉന്നയിച്ചത് ഓര്‍ക്കുന്നു. ഇത്തരത്തില്‍, മുഖ്യമന്ത്രി ആയിരിക്കെതന്നെ ആറ് കോടിയെന്ന സംഖ്യ ഉപയോഗിക്കുന്നത് മോദിയുടെ ഒരു തന്ത്രമായിരുന്നു. മുസ്‌ലിങ്ങള്‍ വംശഹത്യ ചെയ്യപ്പെടുകയും സാമൂഹികമായി മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തിരുന്ന അതേ ഗുജറാത്തിലെ ആറ് കോടി ജനങ്ങളുടെ പ്രാതിനിധ്യമാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. അതുപോലെ, ഇപ്പോള്‍ 130 കോടി എന്ന സംഖ്യ ഉപയോഗിക്കുന്നതും ഒരു രാഷ്ട്രീയ തന്ത്രമാണ്.

പൗരത്വഭേദഗതി നിയമത്തിന് എതിരായി ഷഹീന്‍ഭാഗില്‍ സമരം നടത്തിയവരുടെയും ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി മുന്നോട്ട് വന്ന പ്രതിഷേധക്കാരുടെയും പ്രതിപുരുഷനാവാന്‍ മോദിക്ക് സാധിക്കില്ല എന്നത് വസ്തുതയാണ്. ഒരേ സമയം സാഹോദര്യത്തെ പറ്റി വാചാലനാവുകയും അതേസമയം യാതൊരു സങ്കോചവുമില്ലാതെ വിഭാഗീയത പുലര്‍ത്തുന്ന വാദങ്ങളെ അനുകൂലിക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് നാം കാണുന്നത്. അതിനാല്‍ മോദിയുടെ പ്രീതിപ്പെടുത്തല്‍ സത്യസന്ധമായി കരുതാനാവില്ല. തുടര്‍ന്നുണ്ടായ സംവാദത്തെ പറ്റി ചോദിക്കുകയാണെങ്കില്‍, ഈ പ്രസ്താവനക്ക് അത്രപോലും പ്രാധാന്യം ഞാന്‍ നല്‍കുന്നില്ല.

ഹിന്ദുത്വ വിരുദ്ധചേരിയില്‍ സ്ഥിരം ഉയര്‍ന്നുകേള്‍ക്കുന്ന സംഗതിയാണ് ‘സംഘികളോട് തര്‍ക്കിച്ചിട്ടു കാര്യമില്ല’ എന്നത്. ഇതിനോട് യോജിക്കുന്നുണ്ടോ?

ഇതിനോട് യോജിപ്പില്ല. ഒരാള്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെയോ സംഘപരിവാറിന്റെയോ അന്ധനായ അനുഭാവി ആയിരിക്കാം. പക്ഷെ പൊതുമണ്ഡലങ്ങളും ജനാധിപത്യസദസ്സുകളും പര്യാലോചനയുടെയും സംവാദങ്ങളുടെയും ഇടമാണ്. വിവിധ തലത്തിലുള്ളവരും വ്യത്യസ്ത പ്രത്യയശാസ്ത്രം പേറുന്നവരും നേര്‍വിപരീതമായ ആശയങ്ങള്‍ പുലര്‍ത്തുന്നവരും സംവദിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള പര്യാലോചനകളാണ് ജനാധിപത്യത്തിന്റെ കാതല്‍. എതിരഭിപ്രായക്കാരോട് ചര്‍ച്ച ചെയ്യുവാന്‍ സന്നദ്ധര്‍ ആവാത്തപക്ഷം നിങ്ങള്‍ മേല്‍പ്പറഞ്ഞ തരം ഇടപെടലുകളില്‍ നിന്നും അകന്നു നില്‍ക്കുകയാണ്. അഥവാ, ജനാധിപത്യത്തിന്റെ തകര്‍ച്ചയില്‍ നിങ്ങളും പങ്കാളികള്‍ ആവുകയാണ്.

കാരണം ജനാധിപത്യം കേവലം സംഖ്യകളില്‍ ഒതുങ്ങുന്ന ഒന്നല്ല, അത് സുതാര്യതയുടെ മറ്റൊരു മുഖമാണ്. തീര്‍ച്ചയായും ചില സംഭാഷണങ്ങളില്‍ ക്രിയാത്മകമായ വാദങ്ങള്‍ ഇല്ലാതെ വരികയും യുക്തമായ ഫലങ്ങള്‍ കിട്ടാതെ പോവുകയും ഉണ്ടാവും. പക്ഷെ ഇത് സംവാദങ്ങളോടുള്ള മനോഭാവത്തെ ബാധിക്കരുത്. കാരണം വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തില്‍ അത്യന്താപേക്ഷിതമാണ്. ജനാധിപത്യത്തെ പിന്തുണക്കുന്ന പൗരന്‍ എന്ന നിലക്ക് സംഘികളോട് തര്‍ക്കിച്ചിട്ട് കാര്യമില്ല എന്ന വാദത്തെ നിരസിക്കുന്നു.

ഹിന്ദു ദിനപത്രത്തില്‍ താങ്കള്‍ എഴുതിയ ഒരു ലേഖനത്തില്‍ മനുസ്മൃതി തിരുത്തി എഴുതുവാന്‍ ആവശ്യപ്പെട്ട ആര്‍.എസ്.എസ് നേതാവിനെ പറ്റി പരാമര്‍ശിച്ചിരുന്നു. പുരോഗമന ആശയങ്ങളോട് സമരസപ്പെടുന്നത് ഒരു ഹിന്ദുത്വപാര്‍ട്ടിയെ രാഷ്ട്രീയത്തില്‍ എങ്ങിനെ ബാധിക്കും? തിരിച്ചടിക്കാനാണോ നേട്ടത്തിനാണോ സാധ്യത?

ആദ്യമേ തന്നെ പറയാനുള്ളത്, നമുക്കൊരു മതഗ്രന്ഥം തിരുത്തുവാന്‍ സാധിക്കുമോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു തന്നെയാണ് ഉത്തരം. തിരുത്തലുകള്‍ യാഥാര്‍ഥ്യത്തെ മായ്ക്കുകയില്ല. ഒരു ക്ലാസിക്കല്‍ വേദവാക്യം തിരുത്തപ്പെടുമ്പോള്‍ അത് ക്ലാസിക്കല്‍ അല്ലാതെയാവുകയാണ്. നാളെ ഒരിക്കല്‍ തിരുത്തലുകള്‍ വരുത്തിയ ബൈബിളും ഖുര്‍ആനും അവതരിപ്പിക്കപ്പെടുകയാണെങ്കില്‍ അല്ലെങ്കില്‍ കുറച്ചു ഭാഗങ്ങള്‍ മാറ്റം ചെയ്യപ്പെടുകയാണെങ്കില്‍ അവിടെ ചരിത്രം കൂടെ തിരുത്തപ്പെടുകയാണ്. അത് സാധ്യമല്ല.

മനുസ്മൃതിയും രാമായണവും തുളസി ദാസിന്റെ രാംചരിതമാനസവും ഉള്‍പ്പടെ പലതിലും ദളിതര്‍ക്കും സ്ത്രീകള്‍ക്കും നേരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുണ്ട്. ഇവ തിരുത്തിയശേഷം കൂടുതല്‍ സബാള്‍ട്ടണുകളെയും (ദളിതരെയും മറ്റ് താഴ്ന്ന ജാതിക്കാരെയും) സ്ത്രീകളെയും തങ്ങളുടെ പക്ഷം പിടിച്ചുനിര്‍ത്തുവാനാണ് നിലവില്‍ ഹിന്ദുത്വപാര്‍ട്ടി ആഗ്രഹിക്കുന്നത്. ഇത് പൂര്‍ണ്ണമായും ഒരു രാഷ്ട്രീയ അജണ്ടയാണ്. കാരണം, മതമാണ് അവര്‍ക്ക് പ്രധാനമെങ്കില്‍ മതഗ്രന്ഥം തിരുത്തുവാന്‍ അവര്‍ മുതിരില്ല; മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുവാനാവും ശ്രമിക്കുക. മതത്തോടുള്ള അവരുടെ പ്രതിബദ്ധത അത്ര സത്യസന്ധമല്ല എന്ന് ഇതിലൂടെ മനസ്സിലാക്കാം. അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് മതം ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്.

ഹിന്ദിഹൃദയഭൂമിയിലും കിഴക്കും പടിഞ്ഞാറുമുള്ള സംസ്ഥാനങ്ങളിലും സാമൂഹ്യനീതിയും സെക്യൂലറിസവും ഉയര്‍ത്തിയിരുന്ന പാര്‍ട്ടികള്‍ നേരിട്ട തകര്‍ച്ച മുതലെടുക്കുവാനാണ് സബാള്‍ട്ടണ്‍ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമായ വ്യവഹാരങ്ങളുമായി ബി.ജെ.പി മുന്നോട്ട് വരുന്നത്. തങ്ങളുടെ മുന്നേറ്റത്തിന് തടസ്സമായേക്കാവുന്ന വളരെ സങ്കീര്‍ണ്ണമായ വിഷയത്തെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുവാനുള്ള ഹിന്ദുത്വയുടെ ഒരു പദ്ധതിയാണ് മതഗ്രന്ഥങ്ങള്‍ തിരുത്തി സബാള്‍ട്ടണുകളെ കൈവെള്ളയില്‍ നിര്‍ത്തുവാനുള്ള പരിശ്രമങ്ങള്‍.

സമീപഭാവിയില്‍, ഇത് തീര്‍ച്ചയായും ഹിന്ദുത്വവാദികള്‍ക്ക് ഗുണകരമായി തീരുമെന്നാണ് ഞാന്‍ കാണുന്നത്. എന്നാല്‍, ഭരണത്തില്‍ സബാള്‍ട്ടണുകള്‍ക്ക് ലഭിക്കുന്ന പങ്കിന്റെയും അവര്‍ക്ക് ലഭിക്കുന്ന പരിഗണനയുടെയും അടിസ്ഥാനത്തിലാണ് ഈ ഐക്യത്തിന്റെ വിദൂരഭാവി നിര്‍ണ്ണയിക്കപ്പെടുന്നത്.

ബി.ജെ.പിയെ അനുകൂലിക്കുന്ന നാഗരിക യുവത്വം സമൂഹത്തിലെ പുരോഗമനവാദത്തെ തള്ളികളയുന്നവര്‍ ആണെന്ന് കരുതുന്നില്ല.
ബി.ജെ.പിയുടെ യുവവോട്ടര്‍മാര്‍ ഹിന്ദുത്വയെ ശരിക്കും മനസിലാക്കിയിട്ടുണ്ടാവുമോ? യാഥാസ്ഥിതികതയും യുവത്വവും ഒന്നിക്കുന്നത് എങ്ങിനെ?

യാഥാസ്ഥിതികതയോട് കൂറ് പുലര്‍ത്തുന്നുവെങ്കിലും ബി.ജെ.പി പൂര്‍ണ്ണമായും മാമൂല്‍പ്രിയമുള്ള ഒരു പാര്‍ട്ടിയല്ല. ഹിന്ദുമതത്തിന്റെ റാഡിക്കലായ പുനര്‍നിര്‍മ്മാണമാണ് അവരുടെ ലക്ഷ്യം. ഇസ്‌ലാം, ക്രിസ്ത്യന്‍ മതങ്ങളെ പോലെ സെമിറ്റിക് മതങ്ങളുടെ ഘടനയില്‍ ഹിന്ദുമതത്തിന്റെ ഒരു പുത്തന്‍ പുനരാവിഷ്‌കാരം. ഇതിനാല്‍ ബിജെപിയെ യാഥാസ്ഥിതികര്‍ എന്നു വിളിക്കുന്നതിനോട് യോജിപ്പില്ല. സമൂലമാറ്റമാണ് അവരുടെ ലക്ഷ്യം. പക്ഷെ, പുരോഗമനപരമായ മാറ്റം അവര്‍ ആഗ്രഹിക്കുന്നുമില്ല. ആഗോള ഇസ്ലാമിനോടും മറ്റ് ലിബറേഷന്‍ തിയോളജിയോടുമുള്ള പ്രതികരണവും ഹിന്ദുത്വയുടെ ഇന്ധനമായി മാറി. ആര്‍.എസ്.എസിന്റെ പ്രചാരകസംവിധാനം ക്രിസ്ത്യന്‍ മിഷനറി സംവിധാനങ്ങളില്‍ നിന്നും കടമെടുത്തതാണ്.

അവര്‍ യാഥാസ്ഥിതികര്‍ ആയിരുന്നുവെങ്കില്‍ മുന്‍പ് സൂചിപ്പിച്ചത് പോലെ മതഗ്രന്ഥങ്ങള്‍ തിരുത്തുവാന്‍ ആവശ്യപെടില്ലായിരുന്നു. അവര്‍ക്ക് ‘മതം’ പരമപവിത്രമായ ഒന്നല്ല. അവര്‍ക്ക് ‘മതം’ കേവലമൊരു ഉപകരണമാണ്. ആവശ്യാനുസരണം രൂപപ്പെടുത്താവുന്ന, മാറ്റം വരുത്താവുന്ന, മൂലധനമായി മാറ്റാവുന്ന ഒരു ഉപകരണം. യാഥാസ്ഥിതികത്വം ഹിന്ദുത്വയുടെ ചട്ടക്കൂടില്‍ എപ്പോളും ഉതകുന്ന ഒന്നല്ല. ഇവിടെയാണ് ഹിന്ദുമതവും ഹിന്ദുത്വവാദവും സംവദിക്കുന്നത്. ഇടതുപക്ഷവും മറ്റ് മതേതരപാര്‍ട്ടികളും ഇത് മനസിലാക്കാറില്ല. അവര്‍ യാഥാസ്ഥിതികതയും മാമൂല്‍പ്രിയത്വവും റാഡിക്കല്‍ ഹിന്ദുത്വവും ഒരേ വരിയില്‍ നിര്‍ത്തുന്നതാണ് പതിവ്. ഇങ്ങനെ, സംഘപരിവാറിന്റെ സവിശേഷതകള്‍ കൃത്യമായി മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നു.

ബിജെപിയെ അനുകൂലിക്കുന്ന നാഗരികയുവത ഉണ്ട്. കൃത്യമായി പറഞ്ഞാല്‍ ആഗോളവല്‍കൃതലോകത്തെ മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുമുള്ള നാഗരികയുവത. നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍, ഹിന്ദുവിഭാഗത്തിന് വേണ്ടി ഒന്നും ചെയ്തില്ലായെന്ന മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ബി.ജെ.പി ചായ്‌വുള്ളവരായി മാറിയത്. പൂജകളും കര്‍മ്മങ്ങളും ഒരാചാരം പോലെ ചെയ്തുതീര്‍ത്താലും മതമെന്നതിനെ വളരെ പവിത്രമായ ഒന്നായി ഇവര്‍ കാണുന്നില്ല. കോപം പൂണ്ട ഹനുമാനും രാമനും പോലെയുള്ള പുതിയ ഭാവനാസൃഷ്ടികള്‍ ഇവരാല്‍ ആഘോഷിക്കപ്പെടുന്നതും ഇതുകൊണ്ടാണ്.

അയോദ്ധ്യയിലെ തര്‍ക്കഭൂമി വിഷയത്തില്‍ കോപിഷ്ഠനായ രാമനെയാണ് ഹിന്ദുത്വ ഉയര്‍ത്തികാട്ടിയത്. 2018ലെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഹനുമാനെ ഉഗ്രകോപിയായി അവര്‍ ചിത്രീകരിച്ചു. ഇവിടെ ദൈവങ്ങള്‍ കോപിച്ചിട്ടല്ല, രാഷ്ട്രീയാഭിലാഷങ്ങള്‍ക്കു വേണ്ടി കോപിതരായി കാട്ടിയതാണ്. കോപിഷ്ഠരായ ദൈവങ്ങള്‍ യുവാക്കളാല്‍ ആഘോഷിക്കപ്പെടുന്നത് കലാപം ആഗ്രഹിക്കുന്ന ഒരു മനഃസ്ഥിതി മൂലമാണ്.

നെഹ്‌റുവിയന്‍ റിപ്പബ്ലിക്കിന്റെ മൂല്യങ്ങളോടും അതിലെ സ്ഥാപനങ്ങളുടെ ദീര്‍ഘകാല സഞ്ചാരത്തോടും നീരസം തോന്നി, ഇന്ത്യയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ പൂര്‍ണ്ണമായും തകര്‍ത്തുകൊണ്ടു, ഹിന്ദു സ്വത്വത്തിനു അനുകൂലമായി എല്ലാത്തിനെയും പൊളിച്ചെഴുതാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പൊളിച്ചെഴുത്തിനു വേണ്ടി വാദിക്കുന്ന യുവാക്കളെ മറ്റ് യാഥാസ്ഥിതിക വ്യവഹാരങ്ങള്‍ അലട്ടുന്നതേയില്ല. ഇത്തരത്തില്‍ റാഡിക്കലായ മാറ്റമാണ് ഹിന്ദുത്വ മുന്നോട്ട് വെക്കുന്നത്. വളരെ തര്‍ക്കപരമായ മാറ്റം. സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം തുടങ്ങിയ വിപ്ലവകരമായ മുദ്രാവാക്യങ്ങള്‍ വരെ അവര്‍ ഉയര്‍ത്തിയേക്കും. ലക്ഷ്യം ഹിന്ദുരാഷ്ട്രം മാത്രമാണ്.

ഹിന്ദുത്വയുടെ വളര്‍ച്ച വടക്കേ ഇന്ത്യയിലെ നിരക്ഷരത മൂലമാണെന്ന വാദം കേരളത്തിലുണ്ട്. എന്നാല്‍ ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ നയിക്കുന്ന എ.ബി.വി.പി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ രണ്ടാമത് എത്തുകയും ചെയ്തിരിക്കുന്നു. നിരക്ഷരതയെയും ഹിന്ദുത്വയെയും ഒന്നിപ്പിക്കുന്ന വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ?

ഒരിക്കലും ഇല്ല. വളരെ തെറ്റായ നിരീക്ഷണമാണിത്. ഈ പ്രചരണം അടിസ്ഥാനരഹിതവുമാണ്. ബി.ജെ.പിയുടെ മുന്നോടിയായിരുന്ന ജനസംഘും പിന്നണിയിലുള്ള ആര്‍.എസ്.എസും നഗരപ്രദേശങ്ങളിലും മറ്റ് മധ്യവര്‍ഗ്ഗങ്ങളിലുമാണ് വേരോട്ടം നേടിയത്. അവരെല്ലാം ഉന്നതവിദ്യാഭ്യാസമുള്ളവര്‍ അല്ലെങ്കിലും അടിസ്ഥാനവിദ്യാഭ്യാസം നേടിയ സാക്ഷരസമൂഹം ആയിരുന്നു. ജെ.എന്‍.യുവില്‍ ഇടതു സംഘടനകള്‍ക്കെതിരെ എ.ബി.വി.പി രണ്ടാമത് എത്തിയതും ഡല്‍ഹി സര്‍വകലാശാലയില്‍ വിജയപാതയില്‍ തുടരുന്നതും നിരക്ഷരതയും ഹിന്ദുത്വയും തമ്മില്‍ യാതൊരു ബന്ധവുമില്ലന്നതിന്റെ വ്യക്തമായ സൂചനയാണ്.

ഹിന്ദുത്വയോടുള്ള ആകര്‍ഷണം കൂടുതലായി കാണപ്പെടുന്നത് വൊക്കേഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലാണ്. ദേശീയത, സംസ്‌കാരം, ചരിത്രം തുടങ്ങി മാനവികവിഷയങ്ങളിലെ അക്കാഡമിക് ചര്‍ച്ചകളില്‍ നിന്നും ആര്‍.എസ്.എസും ബിജെപിയും കൃത്യമായ അകലം പാലിക്കുന്നുണ്ട്. ഇവിടെയാണ് വലതുപക്ഷ വ്യവഹാരങ്ങളിലെ വൈരുദ്ധ്യം പ്രകടമാവുന്നത്. രാഷ്ട്രീയത്തില്‍ അവര്‍ ഉയര്‍ത്തുന്നത് ദേശീയതയും സംസ്‌കാരവും മതവും ഭാരതവുമൊക്കെ ആണെങ്കിലും സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥികളോട് ഹിന്ദുത്വവാദികള്‍ ശത്രുതയിലാണ്. സാങ്കേതിക-നൈപുണ്യ വികസന കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികളാണ് ഇവരെ കൂടുതലും അനുകൂലിക്കുന്നത്.

അതുപോലെ സബാള്‍ട്ടേണുകളുടെ കാര്യമെടുത്താലും സാക്ഷരതയും ഹിന്ദുത്വയുടെ സ്വാധീനവും തമ്മില്‍ ബന്ധമില്ലെന്നു സ്ഥാപിക്കാം. ഇന്ത്യയിലെ സാക്ഷരതാനിരക്ക് വര്‍ധിക്കുകയാണ്; സബാള്‍ട്ടേണുകളില്‍ ഹിന്ദുത്വയുടെ സ്വാധീനവും. പ്രസ്തുത വിഭാഗങ്ങളുടെ ഇടയില്‍ കൃത്യമായി തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കാന്‍ സാധിച്ചതും, മതേതരത്വവും സാമൂഹ്യനീതിയും ഉയര്‍ത്തിയ പാര്‍ട്ടികളുടെ തോല്‍വിയുമാണ് ഇതിന്റെ മൂലകാരണം. ദളിത് സ്വത്വവാദം മുന്നോട്ടുവെച്ച മായാവതിയുടെ പാര്‍ട്ടിയും പിന്നീട് വന്ന ലാലു പ്രസാദ് യാദവും അവരവരുടെ ജാതിവിഭാഗങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കിയത് മറ്റു ദളിത് വിഭാഗങ്ങളെ ചൊടിപ്പിക്കുകയും ഹിന്ദുത്വയുടെ വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു. നിരക്ഷരതയും ഹിന്ദുത്വരാഷ്ട്രീയത്തെയും യോജിപ്പിച്ചുള്ള വ്യാഖ്യാനങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്.

നിരക്ഷരതയും സംഘപരിവാറും യോജിക്കുന്ന സമവാക്യങ്ങള്‍ കൂടുതലായി അവതരിപ്പിക്കപ്പെട്ടത് ഗോരക്ഷാസേനകള്‍ നിരന്തരം നടത്തിയ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ശേഷമാണെന്ന് നിരീക്ഷിച്ചിരുന്നു?

ഗോരക്ഷാസേനകളില്‍ ഉള്‍പെടുന്നവരുടെ വിദ്യാഭ്യാസ-സാമൂഹ്യപശ്ചാത്തലം കീഴാളരുടേതാണെങ്കിലും നിരക്ഷരത എന്ന വിഷയത്തിലേക്ക് ഇതിനെ ചുരുക്കി കാണുന്നത് വലിയ അബദ്ധമാണ്. ഇതിന്റെ മൂലധനം മനസ്സില്‍ കുത്തിവെക്കപ്പെടുന്ന ഹിന്ദുത്വവാദമാണ്. ഹിന്ദുമതവും ഹിന്ദുത്വവാദവും തമ്മിലുള്ള വ്യത്യാസം വീണ്ടും ആവര്‍ത്തിക്കുന്നു. ഇതിന്റെ മുന്നണിപോരാളികള്‍ ആയിരുന്ന ഗോഡ്‌സെയും സവര്‍ക്കറും കര്‍മ്മം കൊണ്ട് മതവിശ്വാസികള്‍ ആയിരുന്നില്ല. സവര്‍ക്കര്‍ ഒരു നിരീശ്വരവാദിയുമായിരുന്നു. ഇവര്‍ ഹിന്ദു എന്ന സ്വത്വത്തിന്റെ മൊത്തകച്ചവടക്കാരായി മുന്നോട്ട് വരുമ്പോള്‍ പ്രബലമായ ഒരു പ്രതിപക്ഷത്തെ സൃഷ്ടിച്ചെടുക്കുന്നു. അവര്‍ മുസ്‌ലിങ്ങളാണ്. ലാളിക്കപ്പെടുന്ന, രാജ്യദ്രോഹികളായ ഒരു സമൂഹമായി അവര്‍ ചിത്രീകരിക്കപ്പെടുന്നു. അവരുടെ ആത്മാര്‍ത്ഥത പരിശോധിക്കപ്പെടുന്നു.

ഇങ്ങനെ ഒരു വിഭാഗത്തെ ശത്രുപക്ഷത്തു നിര്‍ത്തുന്ന മനഃശാസ്ത്രം ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ഒരു മുഖ്യകാരണമാണ്. ഫോണിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നിരീക്ഷണം നടത്തി ആളെകൂട്ടി മനുഷ്യരെ കൊല്ലുകയും ശേഷം അതിന്റെ വീഡിയോ പ്രചരിപ്പിച്ച് ഭീതിജനകമായ ഒരു അന്തരീക്ഷം സൃഷ്ടിച്ച ശേഷം തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ നിറവേറ്റുന്ന രീതിശാസ്ത്രം ‘നിരക്ഷരുടേത്’ എന്നു പറഞ്ഞു തള്ളിക്കളയാനാവില്ല. വിദ്യാഭ്യാസത്തെയും ഹിന്ദുത്വവാദത്തെയും ചേര്‍ത്തുള്ള ആഖ്യാനങ്ങളോട് വീണ്ടും വിയോജിക്കുന്നു. തീര്‍ത്തും അടിസ്ഥാനമില്ലാത്തതാണ്.

ഇന്ത്യയിലെ ഒട്ടുമിക്ക സര്‍വകലാശാലകളിലും കേന്ദ്രസര്‍ക്കാര്‍ കാവിവല്‍ക്കരണം നടത്തുകയാണല്ലോ. നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളും ഇതില്‍ വിഷണ്ണരാണ്. ഒരു രാഷ്ട്രീയനിരീക്ഷകന്‍ എന്ന നിലയിലും ജെ.എന്‍.യു പൂര്‍വവിദ്യാര്‍ത്ഥി എന്ന നിലയിലും വിദ്യാര്‍ത്ഥികളോട് എന്താണ് പറയാനുള്ളത്?

ഇത് വളരെ ഇരുണ്ട കാലഘട്ടമാണ്. സര്‍വകലാശാലകളില്‍ എല്ലാ രീതിയിലും സ്വാധീനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടമാണ് നമ്മളെ ഭരിക്കുന്നത്. എന്ത് സന്ദേശമാണ് നല്‍കേണ്ടത് എന്നെനിക്ക് അറിയില്ല. പക്ഷെ, പ്രതീക്ഷ കൈവിടരുത്. എത്രയൊക്കെ നശിപ്പിക്കാന്‍ ശ്രമിച്ചാലും എന്തൊക്കെ രീതികള്‍ പ്രയോഗിച്ചാലും ജനാധിപത്യത്തിന്റെ, പ്രത്യേകിച്ചും ആധുനികസമൂഹത്തിന്റെ സവിശേഷത എന്തെന്നാല്‍ അദമ്യമായ ഒന്ന് അതിനുള്ളില്‍ ഉണ്ടെന്നതാണ്. ഇന്ത്യ എന്നാല്‍ ഇന്ദിര എന്നു പറഞ്ഞിരുന്ന കാലമുണ്ടായിരുന്നല്ലോ. അതിനാല്‍, ഇന്നോ നാളെയോ ബി.ജെ.പിയും തോല്‍വി രുചിച്ചേക്കാം. ഇവരുടെ വിജയഗാഥയ്ക്ക് ഒരു പ്രധാനകാരണം പ്രതിപക്ഷത്തിന്റെ ദയനീയവസ്ഥയാണ്.

ഇതൊരു പരീക്ഷണകാലഘട്ടം കൂടിയാണ്. വളരെ സര്‍ഗശക്തിയുള്ള എഴുത്തുകളും ചിന്തകളും വ്യവഹാരങ്ങളും ഉയര്‍ന്നുവരുന്നത് ഇത്തരം കെട്ട കാലങ്ങളിലാണ്. നാസി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട് സ്‌കൂളിനെ ഓര്‍മ്മിപ്പിക്കുന്നു. പറഞ്ഞുവരുന്നത് എന്തെന്നാല്‍, വിമര്‍ശനാത്മകവും സ്പഷ്ടവുമായ പാണ്ഡിത്യത്തോടെ നിര്‍ഭയമായി വാദിക്കുവാനുള്ള ഒരവസരം കൂടിയാണിത്. ഇതുകൊണ്ട് തന്നെ ഞാന്‍ വിഷണ്ണനായി ഇരിക്കുന്ന ആളാവുന്നില്ല. നിലവിലെ വ്യവസ്ഥയുടെ പ്രശ്നഭൂരിതമായ ഘടന മനസ്സിലാക്കുവാനും യാഥാര്‍ഥ്യവുമായി കൂടുതല്‍ ഇടപെട്ടുകൊണ്ട് ഇന്നിന്റെ അവസ്ഥയുടെ കാരണവും ഇതില്‍ നിന്നും പുറത്തേക്കുള്ള വഴിയും തേടി മുന്നോട്ട് പോവുന്നു. ‘Every cloud has a silver lining’ എന്നു പറയുമ്പോള്‍ ഇതിലാണെന്റെ പ്രതീക്ഷ.

ഞാനൊരു രാഷ്ട്രീയപ്രവര്‍ത്തകനല്ല, രാഷ്ട്രീയ വിശകലനം നടത്തുന്നയാളാണ്. അതില്‍ അഭിനിവേശവുമുണ്ട്. ഓരോ വിഷയങ്ങളെയും അതിന്റെ ഉത്ഭവത്തെയും കൃത്യമായി പഠിച്ചതിന് ശേഷം, അതിലെ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി വിശകലനം ചെയ്യുകയും അങ്ങിനെ ശക്തമായ പ്രതിരോധങ്ങള്‍ തീര്‍ക്കുക എന്നുമാണ് എന്റെ സുഹൃത്തുക്കളോടും ഗവേഷകരോടും വിദ്യാര്‍ഥികളോടും പറയാറുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Interview with Sajjan Kumar – Arjun S Mohan

അര്‍ജുന്‍ എസ്. മോഹന്‍

We use cookies to give you the best possible experience. Learn more