| Wednesday, 5th December 2018, 1:12 pm

സി.കെ ജാനു എല്‍.ഡി.എഫിലേക്ക്? ഡൂള്‍ന്യൂസുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

ശരണ്യ എം ചാരു

ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോ?

ശബരിമല യുവതീപ്രവേശനം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാനമായ വിധിയാണ്. അതിനകത്ത് പറയുന്ന പോലെ സ്ത്രീകള്‍ക്ക് തുല്യനീതിയും ലിംഗ സമത്വവും കിട്ടേണ്ടതാണ്. ആ സ്വാതന്ത്ര്യം അവര്‍ക്ക് ലഭിക്കേണ്ടതാണ്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു സമത്വം. അതാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ ഉത്തരവായി വന്നിരിക്കുന്നത്. ഭരണഘടനയെ മാനിക്കാന്‍ ഇന്ത്യയില്‍ പിറവിയെടുത്ത ഏതൊരു ഇന്ത്യന്‍ പൗരനും ബാധ്യതയുണ്ട്. ഉത്തരവാദിത്വമുണ്ട് അവകാശവുമുണ്ട്. അത് കൊണ്ട് തന്നെ വിധിയെ സ്വാഗതം ചെയ്യാന്‍ നാം ഓരോരുത്തര്‍ക്കും പ്രാപ്തരാകണം. പ്രത്യേകിച്ച് ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ അതിന്റെ സംരക്ഷണയില്‍ ജീവിക്കുന്ന ഞങ്ങളെ പോലെ ഉള്ളവരുടെ ആവശ്യമാണ് അതിനെ അനുസരിക്കുക എന്നത്. ആ രീതിയില്‍ അത് കൃത്യമായി നടപ്പിലാകണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

ശബരിമലയില്‍ നിന്നും കുടിയിറക്കപ്പെട്ട മലയരയര്‍ക്ക് നീതി കിട്ടേണ്ടേ?

ശബരിമല പാരമ്പര്യമായിട്ട് ആദിവാസി ജനവിഭാഗങ്ങള്‍ക്ക് സ്വന്തമായിരുന്നു എന്ന് പറയുന്നു. മല അരയരുടെ പൈതൃകത്തിന്റെ ഭാഗമായിരുന്നു അതെന്നും അവിടത്തെ പതിനെട്ടാം പടി സങ്കല്‍പ്പം മല അരയരുടെ സംസ്‌ക്കാരത്തില്‍ നിന്നും ഉണ്ടായതാണ് എന്നും പറയപ്പെടുന്നു. അത് സത്യമാണെന്ന് തന്നെയാണ് തെളിവുകള്‍ തെളിയിക്കുന്നത്. അത് കൊണ്ട് അത് അവര്‍ക്ക് തിരികെ കിട്ടണം എന്ന് തന്നെയാണ് പറയാനുള്ളത്. ആദിവാസികളുടെ അവകാശങ്ങള്‍ ആര് കവര്‍ന്നെടുത്താലും അവര്‍ക്ക് അത് തിരികെ കൊടുക്കണം.

എല്‍.ഡി.എഫ്  പ്രവേശനം എന്നുണ്ടാകും? അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നില്ലേ?

മുന്നണി മര്യാദ പാലിച്ചു കൊണ്ട് ഘടക കക്ഷിയായി സ്വീകരിക്കുന്ന ഏത് പൊളിറ്റിക്കല്‍ പാര്‍ട്ടിയുമായും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ചര്‍ച്ചയ്ക്കിരിക്കും. ചര്‍ച്ച നടത്തുന്നതില്‍ ഞങ്ങള്‍ ഒരു പാര്‍ട്ടിയ്ക്കും ഐത്തം കല്‍പ്പിച്ചിട്ടില്ല. കേരളത്തിലെ ഈ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളെ മുന്നണി മര്യാദകള്‍ പാലിച്ചുകൊണ്ട് ഒപ്പം നിര്‍ത്താന്‍ താത്പര്യമുള്ള ഏത് പാര്‍ട്ടിയുമായും നമ്മള്‍ ചര്‍ച്ചയ്ക്കിരിക്കും, ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ അവര്‍ക്കൊപ്പവും നില്‍ക്കും. പക്ഷെ അത് ആര്‍ക്കൊപ്പം എന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല.

എല്‍.ഡി.എഫിലേക്കോ മറ്റ് ഏത് പാര്‍ട്ടിയിലേക്കോ നമ്മള്‍ പോകുന്നത് പാര്‍ട്ടിയില്‍ ലയിക്കാന്‍ അല്ല. നമ്മള്‍ പോകുന്നത് ഒരു ഘടക കക്ഷി ആയിട്ട് മാത്രമാണ്. അവിടെ നമ്മള്‍ക്ക് നമ്മുടെതായിട്ടുള്ള സ്വാതന്ത്രമുണ്ട് അവകാശമുണ്ട്. അവസരം ഉണ്ട്. മുത്തങ്ങാ സമരത്തിന്റെ കാലഘട്ടത്തില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങളോട് കാണിച്ച സമീപനം ഒന്നാണ്. അത് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ ഏത് പ്രശ്‌നത്തിലും അങ്ങനെ ആണ്. ആദിവാസികള്‍ മാത്രം ഒറ്റയ്ക്കാവുകയും മറ്റുള്ളവരൊക്കെയും ഒറ്റക്കെട്ടായി നില്‍ക്കുകയും ആണ് ഉണ്ടായത്. അന്ന് മുതലാണ് ജനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ ഉള്ള വിശ്വാസം നഷ്ടമാകുന്നത്.

ആദിവാസികളുടെ ചരിത്രത്തില്‍ 100ല്‍ 110 ശതമാനം വിജയമാണ് മുത്തങ്ങസമരം. ഭൂമി മനുഷ്യന്റെ അവകാശമാണെന്നും ഭൂമിക്ക് വേണ്ടി സമരം ചെയ്യാമെന്നും ജനങ്ങള്‍ അറിയുന്നത് മുത്തങ്ങയില്‍ കൂടി ആണ്. അതിന് ശേഷമാണ് ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ ഭൂമിക്ക് വേണ്ടി നടക്കുന്നതും പട്ടയ വിതരണം പോലുള്ള കാര്യങഅങള്‍ക്ക് തുടക്കം കുറിക്കുന്നതും. അത് കൊണ്ട് തന്നെ അത് ഒരു അഭിമാന സമരമാണ്. വിജയിച്ച സമരമാണ്. കാടമണ്‍ പ്രെജക്ട് അടക്കമുള്ള കാര്യങ്ങള്‍ നടപ്പിലാകുന്നതും അതിന് ശേഷമാണ്. 35000 അതികം പേര്‍ക്ക് ഭൂമി ലഭിച്ചു. പക്ഷെ എന്നും എത്രയോ ആദിവാസികള്‍ക്ക് ഭൂമി കിട്ടാന്‍ ഉണ്ട്. ആ സമയത്ത് സമരം ചെയ്ത എ.കെ.എസ് അടക്കമുള്ളവരുടെ കേസുകള്‍ പിന്‍വലിച്ചപ്പോഴും മുത്തങ്ങ സമരത്തിന്റെ കേസുകള്‍ ഇന്നും നിലനിന്നു പോവുകയാണ്. കോടതിയില്‍ കേസ് നടക്കുകയാണ്.

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍.ഡി.എയുമായി ഉണ്ടായിരുന്ന മുന്നണി വിടാനുള്ള സാഹചര്യം എന്താണ്?

രണ്ടര വര്‍ഷമായിട്ട് മൂന്നാം മുന്നണിയായ എന്‍.ഡി.എക്കൊപ്പമായിരുന്നു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നിന്നിരുത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് മൂന്നാം മുന്നണി ആയിട്ടുള്ള എന്‍.ഡി.എയിലേക്കുള്ള പ്രവേശനം നടക്കുന്നത്. പ്രസ്ഥാനത്തിലേക്ക് ചേരാന്‍ ആണ് ആദ്യം അവര്‍ ആവശ്യപ്പെട്ടത്. അത് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ മുന്നണി എന്നുള്ള അവസരം കിട്ടുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന് മുന്‍മ്പ് കിട്ടിയിട്ടില്ലാത്ത അവസരമായതിനാല്‍ ആ അവസരം ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു. കാരണം കേരളത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ അരനൂറ്റാണ്ടായിട്ടും ഞങ്ങളെ ഒരു മുന്നണി എന്ന നിലയില്‍ പരിഗണിച്ചിരുന്നില്ല.

എന്‍.ഡി.എയുമായി മുന്നണി ബന്ധം ഉണ്ടാക്കുമ്പോള്‍ ഞങ്ങള്‍ വളരെ കൃത്യമായി മുന്നോട്ട് വച്ച ചില ആവശ്യങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ ഭരണ ഘടനയുടെ 244ാം വകുപ്പനുസരിച്ച് ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം പട്ടിഗവര്‍ഗ്ഗ പ്രദേശമാക്കണം എന്ന് വ്യവസ്ത ചെയ്യുന്നുണ്ട്. കഴിഞ്ഞ കാലത്തെ സമരത്തിന്റെ ഭാഗമായി നില്‍പ്പുസമരം ഉള്‍പ്പെടെ ഉള്ളവയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും ക്ളിയര്‍ ചെയ്ത ഫയല്‍ എത്രയോ വര്‍ഷമായി പാര്‍ലമെന്റിന്റെ മേശപ്പുറത്തിരിക്കുന്നു. ഇത് സംബന്ധിച്ച നീക്കങ്ങള്‍ ആദ്യം മുതല്‍ക്കേ എന്‍.ഡി.എയോട് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നാട് വന്ന സമയങ്ങളില്‍ ഒക്കെ ഇതേ പറ്റി ഞങ്ങള്‍ അവരോട് സംസാരിച്ചപ്പോള്‍ അവര്‍ക്ക് ഒരുപാട് തിരക്കുകളാണ് ഉണ്ടായിരുന്നത്. എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാകും എന്ന് പറഞ്ഞ പല ഘട്ടങ്ങളിലും അവരില്‍ നിന്നും അനുകൂല തീരുമാനങ്ങള്‍ ഉണ്ടായിരുന്നില്ല.

അതിനോടൊപ്പം തന്നെ ഞങ്ങള്‍ ആവശ്യപ്പെട്ട മറ്റൊരുകാര്യം കേന്ദ്രം പാസാക്കിയിട്ടുള്ള വനാവകാശ സംരക്ഷണ നിയമം നടപ്പിലാക്കുക എന്നതായിരുന്നു. കേരളത്തിലെ ഭൂരഹിതരായ ആദിവാസി കൂടുംബത്തിന് കാട്ടിനകത്തു തന്നെ താമസിച്ചാല്‍ പോലും അവിടെ നിന്നും കുടിയിറക്കരുതെന്നും അവിടെ അവര്‍ക്ക് താമസിക്കാന്‍ ആവശ്യമായിട്ടുള്ള സംരക്ഷണം നല്‍കണം എന്നുമാണ്. വനാവകാശ സംരക്ഷണ നിയമത്തില്‍ പറയുന്നത് ഒരു ആഗിവാസി കുടുംബത്തിന് 15 ഏക്കര്‍ ഭൂമി കൊടുക്കണം എന്നാണ്. ഇതോടൊപ്പം തന്നെ താമസിക്കുന്ന നിശ്ചിത കിലോമീറ്റര്‍ ചുറ്റിപാടില്‍ നിന്നും മുഴുവന്‍ കാട്ടു വിഭവങ്ങളും ശേഖരിക്കാനുള്ള അവകാശവും നല്‍കുക എന്നതാണ്. 2004ല്‍ വനാവകാശ സംരക്ഷണ നിയമം കേന്ദ്രം പാസാക്കുകയും അത് സുപ്രീം കോടതിയുടെ എന്‍ബോര്‍ഡ് കമ്മിറ്റിക്ക് കീഴില്‍ വരികയും കമ്മിറ്റി ഭൂരഹിതരായ ഇത്തരം ആദിവാസികളെ കണ്ടെത്തി ഭൂമി നല്‍കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.

2001ല്‍ ആണ് കേരളത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ച തുടങ്ങുന്നത്. കേരളത്തില്‍ ഭൂമിയില്ലാത്ത പ്രശ്‌നം നിലനില്‍ക്കയാല്‍, അന്നത്തെ ആന്റണി ഗവണ്‍മെന്റ് കേന്ദ്രത്തിന്റെ കീഴില്‍ ഉളള വനഭൂമികള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 19000 ഹെക്ടര്‍ ഭൂമി വിട്ടു കിട്ടിയിരുന്നു. സുപ്രീം കോടതി വിധിയില്‍ ഈ ഭൂമി നല്‍കാന്‍ ഉള്‌ല നിര്‍ദേശം ഉണ്ടായിരുന്നു എങ്കിലും അത് നടന്നില്ല. മാത്രമല്ല, കേന്ദ്രത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതും. അതോടെ കേന്ദ്രത്തില്‍ നിന്നും ഒരു സമ്മര്‍ദ്ദം ഈ നിയമം നടപ്പിലാക്കാന്‍ ഉണ്ടാകണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയയും ചെയ്തിരുന്നു. അതിന് അവര്‍ സമ്മതിച്ചിരുന്നു. അതും പക്ഷെ നടന്നില്ല.

എന്‍.ഡി.എയില്‍ ഞങ്ങള്‍ ഘടകക്ഷിയായി ചേര്‍ന്നതിന് ശേഷം അവര്‍ ബത്തേരി നിയോജക മണ്ഡലം ഞങ്ങള്‍ക്ക് തന്നിരുന്നു. അവിടെ നമ്മള്‍ പരാജയപ്പെട്ടാല്‍ ഒരു രാജ്യസഭാ സീറ്റ് ഞങ്ങള്‍ക്ക് നല്‍കണമെന്നും ജയിച്ചാല്‍ വേണ്ട എന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. എല്ലാം പരിഗണിക്കാം എന്നവര്‍ പറഞ്ഞു. ഇതിന് പുറമേ ബോര്‍ഡ് കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഞങ്ങളുടെ കൂടി പങ്കാളിത്തം ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ അവര്‍ക്ക ചെയ്യാന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ ആണ് ഞങ്ങള്‍ മുന്നോട്ട് വച്ചവയെല്ലാം. പക്ഷെ ഇതില്‍ ഒന്നു പോലും നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. രണ്ടര വര്‍ഷം കാത്തിരുന്നിട്ടും നടപടി ഉണ്ടാവാതിരുന്നത് ഞങ്ങള്‍ക്കിടയില്‍ തന്നെ ചര്‍ച്ചകള്‍ ഉണ്ടാക്കിയ സാഹചര്യത്തിലാണ് എന്‍.ഡി.എ വിടുന്നത്.

ഇന്നും ആദിവാസി ജനവിഭാഗം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?

എന്നും ആദിവാസികള്‍ നേരിടുന്ന പ്രശ്‌നം നിലനില്‍പ്പിന്റെ പ്രശ്‌നം തന്നെയാണ്. ഒരു മനുഷ്യന്‍ ജനിച്ചാന്‍ ഭക്ഷണം വസ്ത്രം പാര്‍പ്പിടം എന്ന മൗലീകാവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. ഇവിടെ ജനിക്കുന്ന ആര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. ആ അവകാശമാണ് എല്ലായെപ്പോഴും ആദിവാസികള്‍ക്ക് നിഷേധിക്കപ്പെടുന്നത്.

വയനാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പി വേരുറപ്പിക്കുന്നില്ലേ? ദൈവങ്ങളെ പോലും ഹിന്ദുത്വവത്ക്കരിക്കാനും, സവര്‍ണ്ണ വത്ക്കരിക്കാനുമുള്ള ശ്രമം ഉണ്ടാകുന്നില്ലേ?

എല്ലാവരും അവഗണിക്കുന്ന, ഐത്തം കല്‍പ്പിക്കുന്ന, മാറ്റി നിര്‍ത്തുന്ന ഒരു ജനതയാണ് വയനാട്ടിലെ ജനങ്ങള്‍. അങ്ങനെയുള്ള ആളുകളെ ആരെങ്കിലും പരിഗണിക്കുന്നുണ്ട് എന്ന തോന്നല്‍ ഉണ്ടായാല്‍ പോലും അവര്‍ അങ്ങനെയുള്ളവര്‍ക്കൊപ്പം പോകും. പക്ഷെ അത് മാറും, കാലം കഴിയുമ്പോള്‍ അവര്‍ തിരികെ എത്തും. നിലപാടുകള്‍ മാറ്റും.

ആ സമയം കൊണ്ട് വലിയൊരു ശക്തിയായി അവര്‍ മാറില്ലേ?

പണ്ടത്തെ ഒരു അവസ്ഥപോലെ അല്ല ഇപ്പോള്‍. അന്നത്തെ അത്ര എളുപ്പത്തില്‍ ഇന്ന് ആളുകളെ സ്വാധീനിക്കാന്‍ സാധിക്കില്ല. ആളുകള്‍ മാറിയിട്ടുണ്ട്. സാമൂഹ്യമായിട്ടായാലും രാഷ്ട്രീയമായിട്ടായാലും ഇന്ന് മാറ്റം വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് ഞങ്ങളെ പോലെ ഉള്ള ആളുകള്‍ പാര്‍ട്ടികള്‍ ഉണ്ടാക്കുന്നത്. അതൊക്കെ മാറ്റത്തിന്റെ ഭാഗമാണ്. വ്യത്യസ്തമായിട്ടുള്ള നിലപാടുകളിലേക്ക് വന്നു. എത്രയേറെ സമരങ്ങള്‍ നടത്തി. അങ്ങനെ എത്രയോ മാറ്റങ്ങള്‍ ഉണ്ടാകുന്നു. അത് കൊണ്ട് തന്നെ ആളുകള്‍ തിരിച്ചറിയും അതിനനുസരിച്ച് നിലപാട് മാറും.

പ്രളയം തകര്‍ത്ത വയനാടിന്റെ അതിജീവനം സാധ്യമായോ?

പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ തകര്‍ന്നത് വയനാട്ടിലെ ഏറ്റവും താഴെക്കിടയിലുള്ള ജനങ്ങള്‍ ആണ്. അവരുടെ ഒന്നും ജീവിതം ഇത് വരെ പഴയ പോലെ ആയിട്ടില്ല. സര്‍ക്കാരിന്റെ പൂര്‍ണ്ണ പീന്തുണ ഇവര്‍ക്കൊപ്പം ഉണ്ടാകണം. ഉത്തരവാദിത്വം ഏറ്റെടുക്കണം. കണക്കുകള്‍ എടുക്കണം, എല്ലാ ആളുകളെയും ഉള്‍പ്പെടുത്തി വിശദമായ കമ്മിറ്റി അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങട്ടെ.

വര്‍ത്തമാന കേരളത്തില്‍ വനാവകാശ സംരക്ഷണ നിയമത്തിന്റെ പ്രസക്തി എത്രത്തോളമാണ്?

ഇപ്പോള്‍ ഗവണ്‍മെന്റിന് നല്ല സമയമാണ് വനാവകാശ നിയമം നടപ്പിലാക്കാന്‍. മുന്നിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എത്രയും പെട്ടെന്ന് അത് നടപ്പിലാക്കുക എന്നതാണ് ഉചിതം. അത്തരം ഒരു നിലപാട് ഇനിയും സ്വീകരിച്ചില്ലെങ്കില്‍ നമ്മള്‍ പ്രളയം കൊണ്ട് ഒന്നും പഠിച്ചില്ല എന്നാണ് അതിനര്‍ത്ഥം. ഇപ്പോ ചില നിലപാടുകള്‍ ചില കാര്യങ്ങള്‍ നടപ്പിലാക്കിയേ പറ്റൂ. ഭൂമിക്ക് വേണ്ടിയും മണ്ണിന് വേണ്ടിയും ജലത്തിന് വേണ്ടിയുമൊക്കെ നടത്തിയ സമരങ്ങള്‍ ആണ് പിന്‍കാലത്ത് ഉണ്ടായത്. അതില്‍ ചിലതൊക്കെ വിജയിച്ചു. ചിലതൊക്കെ ഇന്നും തുടരുന്നു. എന്നിരുന്നാലും ഇപ്പോള്‍ ഉണ്ടായ പ്രളയം നമുക്ക് ഒരുപാട് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടാണ് പോയത്. ഇനി ഒരിക്കല്‍ കൂടി അത്തരത്തില്‍ ഒരു കാര്യം സംഭവിക്കാതിരിക്കാന്‍ വനാവകാശ നിയമം നടപ്പിലാക്കണം എന്ന് തന്നെയാണ് എനിക്ക് പറയാന്‍ ഉള്ളത്.

ക്ഷേത്രങ്ങളില്‍ പിന്നോക്ക വിഭാഗ സ്ത്രീ പുരുഷ പൂജാരിമാര്‍ വേണമെന്ന മുന്‍ ആവശ്യം ഇന്ന് പ്രസക്തമല്ലേ?

എല്ലാ ആളുകളും പൂജാരികള്‍ ആവണം. അതിന് 10 വര്‍ഷം പഠിച്ചാല്‍ മാത്രമേ സാധിക്കൂ എന്നാണെങ്കില്‍ പഠിക്കട്ടെ. ക്ഷേത്രങ്ങളിലെ പൂജാ കാര്യങ്ങള്‍ ചെയ്യാന്‍ പട്ടിക ജാതിക്കാര്‍ വരട്ടെ പട്ടിക വര്‍ഗ്ഗക്കാര്‍ വരട്ടെ, അതിന് പഠിച്ചാലേ കഴിയൂ എന്നാണെങ്കില്‍ പഠിക്കണം, പഠിക്കട്ടെ. ആര്‍ത്തവത്തിന്റെ പേരില്‍ ആണ് മാറ്റി നിര്‍ത്തുന്നതെങ്കില്‍ അത് പ്രകൃതി സ്ത്രീകള്‍ക്ക് കൊടുത്ത വരദാനമാണ്. അര്‍ത്തവം ഒരിക്കലും അശുദ്ധമല്ല. എത്രയോ വര്‍ഷങ്ങള്‍ എടുത്തുള്ള മാറ്റമാണ് ഇവിടെ ഉണ്ടായ എല്ലാ നവോത്ഥാനവും. അത് കൊണ്ട് ഇപ്പോള്‍ ഉള്ള എല്ലാ പ്രശ്‌നങ്ങളും മാറും. എനിക്കുറപ്പാണ്.

ശരണ്യ എം ചാരു