ഫീമെയില്‍ പ്രൊജക്റ്റ് ആയതുകൊണ്ടും സീരിയസ് സബ്ജക്ട് സംസാരിക്കുന്നതുകൊണ്ടും ഫണ്ട് ചെയ്യാന്‍ ആളുകളെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷെ ആദ്യ സിനിമ ഇതുതന്നെ ചെയ്യണം എന്ന് തീരുമാനിച്ചിരുന്നു. തുടങ്ങിയ കാലംതൊട്ടേ വളരെ ബുദ്ധിമുട്ടുള്ളൊരു ജേര്‍ണി ആയിരുന്നു.
ക്രിസ്റ്റോ ടോമി ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ഉള്ളൊഴുക്ക്. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഉള്ളൊഴുക്കിന്റെ സ്‌ക്രിപ്റ്റിന് നേരത്തെ ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു. ഉള്ളൊഴുക്കിനെ കുറിച്ചും തന്റെ സിനിമായാത്രയെ കുറിച്ചും ക്രിസ്റ്റോ ടോമി ഡൂള്‍ന്യൂസുമായി സംസാരിക്കുന്നു
ക്രിസ്‌റ്റോ ടോമി
ഹണി ജേക്കബ്: ആദ്യ തിരക്കഥക്കുതന്നെ മികച്ച തിരക്കഥക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്നു, ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ കേന്ദ്രകഥാപാത്രത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നു. സത്യജിത്ത് റായ് ഫിലിം& ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങി ഇപ്പോഴിതാ ഉള്ളൊഴുക്ക് വരെ എത്തിനില്‍ക്കുകയാണ് താങ്കള്‍. ഇതുവരെയുള്ള യാത്രയെ കുറിച്ച്?
ക്രിസ്റ്റോ ടോമി: 2017ല്‍ ആണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞ് നാട്ടിലെത്തുന്നത്. അന്ന് വിചാരിച്ചത് ഒന്ന് രണ്ടു വര്‍ഷം കൊണ്ട് ആദ്യത്തെ സിനിമ ചെയ്യാന്‍ കഴിയുമെന്നാണ്. ഇന്നിപ്പോള്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് സിനിമ ചെയ്ത് അത് തിയേറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞത്. ഇത്രക്ക് വൈകുമെന്ന് കരുതിയില്ല.
കറി& സയനൈഡ്
അതിന്റെ കൂടെതന്നെ കറി& സയനൈഡ് ചെയ്തു. എന്നാലും സിനിമ ചെയ്യാന്‍ ഇത്രയും ബുദ്ധിമുട്ടുമെന്ന് കരുതിയില്ല. രണ്ടുവര്‍ഷകാലത്തോളം കൊവിട് ആയിരുന്നെല്ലോ, അതൊരു കാരണമായിരുന്നു.
ക്രിസ്റ്റോ ടോമി
പിന്നെ ഫീമെയില്‍ പ്രൊജക്റ്റ് ആയതുകൊണ്ടും സീരിയസ് സബ്ജക്ട് സംസാരിക്കുന്നതുകൊണ്ടും ഫണ്ട് ചെയ്യാന്‍ ആളുകളെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷെ ആദ്യ സിനിമ ഇതുതന്നെ ചെയ്യണം എന്ന് തീരുമാനിച്ചിരുന്നു. തുടങ്ങിയ കാലംതൊട്ടേ വളരെ ബുദ്ധിമുട്ടുള്ളൊരു ജേര്‍ണി ആയിരുന്നു.
ഹണി ജേക്കബ്: മെയിന്‍ സ്ട്രീമില്‍ ചെയ്യുന്ന ആദ്യ സിനിമക്ക് തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉര്‍വ്വശിക്ക് ആറാമത്തെ സ്റ്റേറ്റ് അവാര്‍ഡ് നേടിക്കൊടുക്കാന്‍ കഴിഞ്ഞു. ഡയറക്ടര്‍ എന്ന നിലയില്‍ എന്തുതോന്നുന്നു?
ക്രിസ്റ്റോ ടോമി: ഒരുപാട് സന്തോഷം. നമ്മളൊക്കെ ചെറുപ്പം തൊട്ട് കണ്ടു വളര്‍ന്ന ഒരു അഭിനേത്രിയാണ് ചേച്ചി. ഒരുപാട് വേഷങ്ങളിലൂടെയും സിനിമകളിലൂടെയും എന്റെയും ഇഷ്ട്ടപ്പെട്ട ആക്ടറാണ്. ആദ്യത്തെ പടം തന്നെ ചേച്ചിയുടെയും പാര്‍വതിയുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ വളരെ അധികം സന്തോഷമുണ്ട്.
വളരെയധികം പെര്‍ഫോമന്‍സ് ആവശ്യപ്പെടുന്ന സ്‌ക്രിപ്റ്റാണ് ഈ സിനിമയുടേത്. ചേച്ചിയും പാര്‍വതിയും ആയതുകൊണ്ടാണ് നമുക്കിത് അത്രയും നന്നായി പുള്‍ ഓഫ് ചെയ്യാന്‍ കഴിഞ്ഞത്. ഉള്ളൊഴുക്കിലെ ചേച്ചിയുടെ പെര്‍ഫോമന്‍സ് കണ്ടിട്ട് ഒരുപാട് ആളുകള്‍ വിളിച്ച് നല്ലതെന്ന് പറഞ്ഞു കേള്‍ക്കുമ്പോള്‍ ഒത്തിരി സന്തോഷം.
വലിയ എഴുത്തുകാരെല്ലാം വിളിച്ച് ചേച്ചിയുടെ ഒരുപാട് നല്ല പെര്‍ഫോമന്‍സ് കണ്ടിട്ടുങ്കിലും ചേച്ചിയെ ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ്, ഇതൊരു റീഇന്ട്രഡ്യൂസിങ് ഉര്‍വ്വശി ആണെന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ വളരെ അധികം സന്തോഷമുണ്ട്.
ക്രിസ്‌റ്റോ ടോമിയും ഊര്‍വശിയും
ഹണി ജേക്കബ്: 42 ദിവസം കരഞ്ഞുകൊണ്ടിരിക്കാന്‍ വയ്യെന്ന് പറഞ്ഞ് ആദ്യം ഉര്‍വ്വശി ഒഴിവാക്കിയ സിനിമയാണ് ഉള്ളൊഴുക്കെന്ന് അവര്‍ തന്നെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. ലീലാമ്മയായി ഉര്‍വ്വശിയെ തന്നെയാണോ കണ്ടിരുന്നത്? എങ്ങനെയാണ് പിന്നെ ഈ സിനിമയിലേക്ക് അവരെ കണ്‍വിന്‍സ് ചെയ്തത്?
ക്രിസ്റ്റോ ടോമി: ഞാന്‍ സ്‌ക്രിപ്‌റ്റെല്ലാം എഴുതിക്കഴിഞ്ഞ് പ്രൊഡക്ഷന് വേണ്ടിയിട്ടുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് കാസ്റ്റിങ്ങിനെ കുറിച്ചെല്ലാം ആലോചിക്കുന്നത്. എന്റെ ഡി.ഒ.പി ആയിട്ടുള്ള ഷെഹ്നാദ് ചെയ്യാനിരുന്ന ഒരു സിനിമയില്‍ ചേച്ചിയായിരുന്നു. പിന്നെ ആ പ്രൊജക്റ്റ് നീണ്ടുപോയപ്പോള്‍ ഷെഹ്നാദ് ജലാലാണ് ഉര്‍വശി ചേച്ചിയുടെ പേര് നിര്‍ദ്ദേശിക്കുന്നത്.
ഉര്‍വശി ചേച്ചി സിനിമകളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്ന സമയമായിരുന്നു അന്ന്. അങ്ങനെയാണ് ചേച്ചിയെ വിളിക്കുന്നതും പോയി കാണുന്നതുമെല്ലാം. ഇമോഷണല്‍ സിനിമകള്‍ ചേച്ചിക്ക് അപ്പോള്‍ ചെയ്യാന്‍ താത്പര്യം ഇല്ലായിരുന്നു. എപ്പോഴും കരഞ്ഞുകൊണ്ടിരുന്നാല്‍ അതിന്റെ ഒരു ബുദ്ധിമുട്ടൊക്കെ ഉണ്ടാകുമെന്നും ചേച്ചി പറഞ്ഞിരുന്നു.
പാര്‍വതി തിരുവോത്ത് ഉള്ളൊഴുക്കില്‍
ഇതിനുവേണ്ടി ചേച്ചിയെ കണ്‍വിന്‍സ് ചെയ്യിക്കേണ്ടി വന്നു എന്ന് തോന്നുന്നില്ല. ചേച്ചിക്ക് സ്‌ക്രിപ്റ്റ് കൊടുത്തു അത് വായിച്ചിട്ട് ഓക്കേ ആവുകയായിരുന്നു. പിന്നെ ഒന്നുരണ്ടു വട്ടം നമ്മള്‍ ഫോണിലൂടെയും നേരിട്ടൊക്കെ ചര്‍ച്ച ചെയ്തു. പിന്നെ കൊവിട് വന്നപ്പോള്‍ ഡിലെ ആയി. എന്ന് തുടങ്ങും എന്നുള്ള ചിന്തയിലൊക്കെ ആയിരുന്നു.
അതിനുശേഷം പാര്‍വതി ഈ പ്രോജെക്ടിലേക്ക് വന്നതിനു ശേഷമാണ് പ്രൊജക്റ്റ് പിന്നെയും ഓണ്‍ ആകുന്നതും ഞാന്‍ ചേച്ചിയെ വിളിക്കുന്നതുമെല്ലാം. അങ്ങനെയാണ് ചേച്ചി ഉള്ളൊഴുക്കിലേക്ക് വരുന്നത്. ഞാന്‍ കണ്‍വിന്‍സ് ചെയ്യുന്നതിനേക്കാള്‍ ഉപരി, കരഞ്ഞുകൊണ്ടിരിക്കാന്‍ ചേച്ചിക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ സ്‌ട്രെങ്ത്ത് കൊണ്ടാണ് ചേച്ചി ഈ സിനിമയിലേക്ക് വന്നതെന്ന് തോന്നുന്നു.
ഹണി ജേക്കബ്: അഞ്ജു തന്നെ വിട്ടുപോകാന്‍ കുറെ സമയമെടുത്തെന്ന് പാര്‍വതി പറഞ്ഞിട്ടുണ്ട്, പ്രേക്ഷകരെന്ന നിലയിലും ഉള്ളൊഴുക്ക് ഞങ്ങളെയും ഏതെല്ലാമോ തരത്തില്‍ ബാധിച്ചിട്ടുണ്ട്. ഉള്ളൊഴുക്കിനൊപ്പം എല്ലാവരേക്കാളും കൂടുതല്‍ സഞ്ചരിച്ചത് താങ്കള്‍ തന്നെ ആണല്ലോ, ഉള്ളൊഴുക്കിന്റെ കൂടെയുള്ള ആ യാത്ര എങ്ങനെയായിരുന്നു?
ക്രിസ്റ്റോ ടോമി: വളരെ നീണ്ടൊരു യാത്രയായിരുന്നു. ഞാന്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് ഇറങ്ങിയതിന് ശേഷം എഴുതുന്ന ആദ്യത്തെ ഫീച്ചര്‍ സ്റ്റോറി ഉള്ളൊഴുക്കിന്റെതാണ്. ഒറ്റക്കായിരുന്നു അത് പൂര്‍ത്തിയാക്കിയതും. അങ്ങനെയൊക്കെ നോക്കുമ്പോള്‍ വളരെ വെല്ലുവിളികള്‍ നിറഞ്ഞതും ബുദ്ധിമുട്ടുകള്‍ ഉള്ളതൊക്കെ ആയിരുന്നു ഈ യാത്ര. കഥാപാത്രങ്ങളെ മനസിലാക്കാന്‍ ഒരുപാട് സമയമെടുത്തു.
ഒരു മരണത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണിത്. അതുകൊണ്ടുതന്നെ മരിച്ച വീട്ടിലെ ഒരു ഇമോഷന്റെ ഉള്ളിലൂടെയാണ് മറ്റുള്ള ഇമോഷനുകളെല്ലാം വരുന്നത്. ലീലയെ മനസിലാക്കാനും അഞ്ജുവിനെ മനസിലാക്കാനുമെല്ലാം ഒരുപാട് സമയമെടുത്തു. കുറെ സ്‌ക്രിപ്റ്റ് ലാബുകളില്‍ പോയിരുന്നു.
സുഹൃത്തുകള്‍ക്കും ക്രൂവിനുമെല്ലാം സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുത്ത് ഒരുപാട് തവണ മാറ്റിയെഴുതുകയൊക്കെ ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ഈ സിനിമയെ നമ്മളിന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റുന്നത്. വെള്ളപ്പൊക്കസമയത്ത് ഒരു കുടുംബം അടക്കിനായി കാത്തിരിക്കുന്നു എന്നൊരു കഥ അറിയാമായിരുന്നു. കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ അവരെ മനസിലാക്കാനും റീ റൈറ്റ് ചെയ്യാനുമായിരുന്നു ഏറ്റവും കൂടുതല്‍ സമയമെടുത്ത്.
പാര്‍വതി തിരുവോത്തും ഊര്‍വശിയും ഉള്ളൊഴുക്കില്‍
ഹണി ജേക്കബ്: താങ്കളുടെ ഭൂരിഭാഗം സിനിമകളും ഫീമെയില്‍ സെന്ററിക് ആണ്. കന്യക ആയാലും കാമുകി ആയാലും കറി&സയനൈഡ് ആയാലും ഉള്ളൊഴുക്കിലായാലും സ്ത്രീകളാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഇത്തരം തെരഞ്ഞെടുപ്പുകള്‍ ബോധപൂര്‍വം ആയിരുന്നോ അതോ വന്നു ചേര്‍ന്ന കണ്‍സെപ്റ്റ് എല്ലാം ഇത്തരത്തിലുള്ളതായതാണോ?
ക്രിസ്റ്റോ ടോമി: ഞാന്‍ അങ്ങനെ ഇന്റെന്‍ഷനലി ചെയ്യുന്നതല്ല. കറി&സയനൈഡ് എന്നിലേക്ക് വന്ന പ്രൊജക്റ്റ് ആണ്. ബാക്കിയെല്ലാം ഞാന്‍ തന്നെ എഴുതി ചെയ്യുന്നതാണ്. ആക്സിഡന്റലി അങ്ങനെ സംഭവിച്ചുപോകുന്നു എന്ന് പറയുന്നതാകും ശരി.
സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളായി വേണം എന്ന് എനിക്കില്ല. പക്ഷെ ചെയ്തുവരുമ്പോള്‍ അങ്ങനെ ആകുന്നതാണ്.
കന്യക ഷോര്‍ട് ഫിലിമിന് ലഭിച്ച ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിക്കുന്ന ക്രിസ്റ്റോ ടോമി
ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നതില്‍ സ്ത്രീകള്‍ക്കാണോ പുരുഷന്മാര്‍ക്കാനോ ബുദ്ധിമുട്ട് എന്ന് ചിന്തിക്കാറുണ്ട്. ഉള്ളൊഴുക്കിലും കാമുകിയിലുമെല്ലാം എന്നോടുതന്നെ ഞാന്‍ ആ ചോദ്യം ചോദിച്ചിരുന്നു. അതിനപ്പുറത്തേക്ക് സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി ചെയ്യണം എന്ന് കരുതിയിട്ടില്ല. അങ്ങനെ സംഭവിച്ചുപോകുന്നതാണ്.
ഹണി ജേക്കബ്: 2018ല്‍ ഉള്ളൊഴുക്കിന്റെ തിരക്കഥ റെഡിയായി, 2022 ആദ്യത്തോടെ ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിച്ചു. എന്നിട്ടും വീണ്ടും രണ്ട് വര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് ഉള്ളൊഴുക്ക് അനുഭവിക്കാന്‍ കഴിഞ്ഞത്. ഉള്ളൊഴുക്ക് പ്രേക്ഷകരിലേക്കെത്താന്‍ എന്തുകൊണ്ടായിരുന്നു ഇത്രയും താമസം?
ക്രിസ്റ്റോ ടോമി: 2022ല്‍ ഷൂട്ടിങ് തുടങ്ങിയിരുന്നെങ്കിലും അത് അവസാനിക്കുന്നത് 2022 അവസാനത്തോടെയാണ്. മെയിന്‍ ഷെഡ്യൂള്‍ ജൂലൈ പകുതിയോടെ തീര്‍ന്നിരുന്നു. എന്നാലും ഞങ്ങള്‍ക്ക് വെള്ളപ്പൊക്കത്തിന്റെ കുറച്ച് സീനുകള്‍ എടുക്കാനുണ്ടായിരുന്നു. അതുപോലെ സിനിമയില്‍ ആദ്യം കാണുന്ന സീനൊക്കെ അവസാനമാണ് എടുക്കുന്നത്.
അങ്ങനത്തെ രണ്ട് സീനുകള്‍ ബാക്കിയുണ്ടായിരുന്നു. വെള്ളപ്പൊക്കത്തിന്റെ സമയത്ത് അതെടുക്കാന്‍ വീണ്ടും പോയിരുന്നു. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ അവസാനമോ ഷൂട്ടിങ് കഴിഞ്ഞു. പിന്നെ പോസ്റ്റ് പ്രൊഡക്ഷനൊക്കെ 2023 പകുതിയോടെ കഴിഞ്ഞിരുന്നു.
പക്ഷെ പ്രൊഡ്യൂസേഴ്സ് ഇവിടെനിന്നല്ലാത്തതുകൊണ്ട് അവര്‍ക്ക് നമ്മുടെ മാര്‍ക്കറ്റ് മനസിലാക്കാനും പഠിക്കാനുമെല്ലാം സമയമെടുത്തു. പിന്നെ ബോംബെയില്‍ അവരുടെ രണ്ടുമൂന്നു വലിയ പ്രൊഡക്ഷന്റെ റിലീസുകള്‍ 2023ല്‍ ഉണ്ടായിരുന്നു.
അവര്‍ പിന്നെ നമ്മുടെ മാര്‍ക്കറ്റും വിതരണക്കാരെയുമെല്ലാം മനസ്സിലാക്കി വലിയ റിലീസുകള്‍ ഒന്നുമില്ലാതിരുന്ന സമയമൊക്കെ കണ്ടുപിടിച്ച് റിലീസ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഈ ഒരു സമയമായി.
ഹണി ജേക്കബ്: ഇന്ത്യയിലെ തന്നെ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരമെല്ലാം ലഭിച്ച കഥയെ ഒരുപാട് ആഗ്രഹത്തോടെ സിനിമയാക്കിയപ്പോള്‍ വിചാരിച്ച രീതിയിലുള്ള പ്രതികരണം തന്നെയായിരുന്നോ പ്രേക്ഷകരില്‍നിന്നും തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്?
ക്രിസ്റ്റോ ടോമി: നല്ലതരത്തിലുള്ള പ്രതികരണം തന്നെയാണ് ഉണ്ടായതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ വിതരണക്കാരും നിര്‍മാതാക്കളുമെല്ലാം പറഞ്ഞു ആദ്യമായിട്ടായിരിക്കും വേറെയൊരു മെയില്‍ സ്റ്റാര്‍ ഒന്നും ഇല്ലാതെയുള്ള ഫിമെയില്‍ സിനിമക്ക് ഇത്രയും വലിയ ഓപ്പണിങ് ലഭിക്കുന്നതെന്ന്. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒരു ഫിമെയില്‍ ലീഡിലുള്ള സിനിമകള്‍ എടുത്ത് നോക്കിയാല്‍ രണ്ടാമത്തെ വലിയ ഓപ്പണിങ് ആണ്.
മികച്ച തിരക്കഥക്ക് ലഭിച്ച അവാര്‍ഡ് സ്വീകരിക്കുന്ന ക്രിസ്റ്റോ ടോമി
ബോക്‌സ് ഓഫീസില്‍ അതാവശ്യം നന്നായി തന്നെ സിനിമ പെര്‍ഫോം ചെയ്തിട്ടുണ്ട്. പിന്നെ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ അത്യാവശ്യം ഹൈപ്പും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. ആദ്യത്തെ വീക്കെന്‍ഡ് കഴിഞ്ഞപ്പോള്‍ തന്നെ ബംഗളുരു , മിഡില്‍ ഈസ്റ്റ് പോലുള്ള സ്ഥലങ്ങളിലെല്ലാം കേരളത്തിന് പുറമെ സ്‌ക്രീനുകളുടെ എണ്ണം കൂടിയിരുന്നു.
പബ്ലിക് ഓഡിയന്‌സിന്റെ ഇടയില്‍ നിന്നും നല്ല പ്രതികരണമാണ് സിനിമക്കുണ്ടായിരുന്നത്.
ഹണി ജേക്കബ്: വെള്ളപ്പൊക്കത്തിന് വേണ്ടി കാത്തിരുന്നെന്ന് പറഞ്ഞല്ലോ, അപ്പോള്‍ സിനിമയില്‍ കാണുന്ന വെള്ളപ്പൊക്കമെല്ലാം ഒറിജിനല്‍ ആയിരുന്നോ? അതുപോലെ ഒരു വീടിന്റെ അകമാണല്ലോ ഭൂരിഭാഗം സമയവും സിനിമ ഫോക്കസ് ചെയ്യുന്നത്. വളരെ പരിമിതമായ സ്ഥലത്തുനിന്നുകൊണ്ട്, വിരലില്ലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രമായി ഷൂട്ട് ചെയ്തിട്ടും കാണി എന്ന നിലയില്‍ ഒട്ടും വിരസത ഉള്ളൊഴുക്ക് കാണുമ്പോള്‍ തോന്നിയിട്ടില്ല. എങ്ങനയാണിത് ബാലന്‍സ് ചെയ്തത്?
ക്രിസ്റ്റോ ടോമി: വെള്ളപ്പൊക്കം ക്രിയേറ്റ് ചെയ്യുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ളൊരു കാര്യമായിരുന്നു. അങ്ങനെ ആരും ചെയ്തിട്ടില്ല. സാധാരണ വെള്ളപ്പൊക്കം കാണിക്കാന്‍ വേണ്ടി വെള്ളം വേഗം കയറുന്ന സ്ഥലങ്ങളില്‍, വെള്ളം കയറ്റാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ സെറ്റിടുകയാണ് പതിവ്. പാടത്തൊക്കെയാണ് പതിവായി ഇങ്ങനെയൊക്കെ ചെയ്യുന്നത്.
പക്ഷെ നമ്മള്‍ ശരിക്കുമുള്ള ഒരു വീടും അതിന്റെ രണ്ട് ഏക്കര്‍ സ്ഥലത്തും മൊത്തം വെള്ളം കയറ്റുകയായിരുന്നു. അങ്ങനെ യഥാര്‍ത്ഥത്തിലുള്ള വെള്ളപ്പൊക്കം ക്രിയേറ്റ് ചെയ്യാനായിരുന്നു ശ്രമിച്ചത്. എന്റെ കുടുംബവീട്ടിലായിരുന്നു ഷൂട്ട് നടന്നത്. അവിടെ എല്ലാ വര്‍ഷവും വെള്ളം കയറാറുണ്ട്.
ഞങ്ങള്‍ ഷൂട്ട് തുടങ്ങുന്നതും ഇതുപോലെ മെയ് മാസം അവസാനം-ജൂണ്‍ ആദ്യത്തോടെ ഒക്കെ ആയിരുന്നു. കുറച്ച് വെള്ളപ്പൊക്കം ഒറിജിനലായി കിട്ടുമെന്ന് കരുതിയാണ് ഞങ്ങള്‍ പോയത്. പക്ഷെ വിചാരിച്ചതുപോലെ വെള്ളം പൊന്തിയില്ല.
അതൊരുകണക്കിന് നന്നായി, അല്ലെങ്കില്‍ ഷൂട്ട് ചെയ്യാനെല്ലാം വല്ലാതെ കഷ്ട്ടപ്പെട്ടേനെ. അതുകൊണ്ട് ഞങ്ങള്‍ ആ രണ്ടേക്കര്‍ സ്ഥലം മൊത്തം ബണ്ടുകെട്ടി, തോടുണ്ടായിരുന്നു അടുത്ത്, ആ തോട്ടിലേക്ക് വെള്ളം പമ്പ് ചെയ്ത് തോട് നിറഞ്ഞ് വെള്ളം മുഴുവന്‍ വീട്ടിലേക്കും ചുറ്റുവട്ടത്തേക്കും കയറുകയായിരുന്നു.
പാര്‍വതി തിരുവോത്തും ഊര്‍വശിയും ഉള്ളൊഴുക്കില്‍
അത് ചെയ്യുന്നത് വരെ വര്‍ക്ക് ആകുമോ ഇല്ലയോ എന്നൊന്നും അറിയില്ലായിരുന്നു. പിന്നെ മഴക്കാലം തിരഞ്ഞെടുക്കാനുള്ള കാരണം, മഴയാകുമ്പോള്‍ ഗ്രൗണ്ടെല്ലാം നനഞ്ഞിട്ടുണ്ടാകും അപ്പോള്‍ വെള്ളം പ്രതലത്തില്‍ നില്‍ക്കുന്ന സമയവും കൂടും. അതുപോലെ ഒരു മൂടിയ കാലാവസ്ഥയൊക്കെ ഉണ്ടാകും, അങ്ങനെയൊക്കെ ഉള്ള കാര്യങ്ങള്‍ ഉദ്ദേശിച്ചാണ് മഴക്കാലം തിരഞ്ഞെടുത്തത്.
നമ്മള്‍ കൂടുതലും വീടും അവിടെയുള്ള വെള്ളപ്പൊക്കമെല്ലാം റീ ക്രിയേറ്റ് ചെയ്തതാണ്, പക്ഷെ സെമിത്തേരിയിലുള്ള ഷോട്ടും വൈഡ് ഷോട്ടോക്കെ ശരിക്കുമുള്ള വെള്ളപ്പൊക്കം തന്നെയാണ്.
വീടിനുള്ളിലാണ് കൂടുതല്‍ ഡ്രാമയും സീനുമെല്ലാം നടക്കുന്നത്. അപ്പോള്‍ ചില സമയത്ത് ഒരു റൂമിനകത്തുതന്നെ കൂടുതല്‍ ഷൂട്ട് ചെയ്യുമ്പോള്‍ നമുക്ക് ഒരു ചലഞ്ച് ഉണ്ടാകും ഇതെങ്ങനെ പുതിയരീതിയില്‍ കാണിക്കാന്‍ പറ്റുമെന്നും, എങ്ങനെ ബോറടിപ്പിക്കാതെ കാണിക്കാന്‍ പറ്റുമെന്നെല്ലാം, ഷഹ്നാദ് ജലാലും ഞാനും ഈ സിനിമയെ കുറിച്ച് ഒരുപാട് സംസാരിക്കാറുണ്ട്.
എന്റെ കൂടെ ഉള്ളൊഴുക്കിന് വേണ്ടി ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിട്ടുള്ളതും അദ്ദേഹമാണ്. പ്രൊഡക്ഷന്‍ ആകുന്നതിന് മുമ്പുതന്നെ ഞങ്ങള്‍ ഈ സ്ഥലങ്ങളെല്ലാം പോയി കാണുകയും സംസാരിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്.
സിനിമ, അഭിനേതാക്കളുടെ പ്രകടനത്തിലാണ് കൂടുതലും ശ്രദ്ധിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് വേണ്ട സെറ്റിങ്സ് എല്ലാം ചെയ്തുകൊടുക്കാനും ഷോട്ട് ഡിസൈനിങ് എല്ലാം ചെയ്യാനാണ് കൂടുതലും ശ്രദ്ധിച്ചിരുന്നത്.
കാലാവസ്ഥയും വെള്ളപൊക്കവുമെല്ലാം ഒരു ഫാക്ടര്‍ ആയതുകൊണ്ട് തന്നെ അതിനെയെല്ലാം എങ്ങനെ ഉപയോഗിക്കാം എന്നെല്ലാം നമ്മള്‍ ആലോചിച്ചിരുന്നു. ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ വിഷ്വലിനെ കുറിച്ചെല്ലാം നന്നായി ശ്രദ്ധിക്കുന്ന ആളാണ് ഞാന്‍. അതിന്റെ ഷോട്ട് ഡിസൈനിങ്ങും കോമ്പോസിഷനുമെല്ലാം അത്രയും പ്രാധാന്യമുണ്ടെന്ന് ഞാന്‍ കരുതുന്നു.
കറി& സയനൈഡില്‍ ഞാനും ഷഹ്നാദ് ജലാലും ഒന്നിച്ച് വര്‍ക്ക് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ തമ്മില്‍ നല്ലൊരു അണ്ടര്‍സ്റ്റാന്ഡിങ് ഉണ്ട്. സിനിമ ഷൂട്ടിങ്ങിന് മുമ്പും തലേന്നും എല്ലാം എങ്ങനെ ഒരു ഷോട്ട് എടുക്കണമെന്നും കൊറിയോഗ്രാഫി ചെയ്യണമെന്നുമെല്ലാം ഞങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ട്.
ഹണി ജേക്കബ്: കറി& സയനൈഡ്; ദി ജോളി ജോസഫ് കേസില്‍ അഭിനേതാക്കള്‍ക്കാര്‍ക്കും തന്നെ മുഖം നല്‍കിയിട്ടില്ല. അത്തരത്തിലൊരു തീരുമാനം ആരുടേതാണ്? എന്തുകൊണ്ടാണ് അത് അങ്ങനെ ചിത്രീകരിക്കാം എന്ന് തീരുമാനിക്കുന്നത്?
ക്രിസ്‌റ്റോ ടോമി: കറി& സയനൈഡ്; ദി ജോളി ജോസഫ് കേസ് എന്നിലേക്ക് വന്നൊരു പ്രൊജക്റ്റ് ആയിരുന്നു. ഉള്ളൊഴുക്കിന്റെ പ്രീ പ്രൊഡക്ഷന്‍ ആയതുകൊണ്ട് ആദ്യം അത് കമ്മിറ്റ് ചെയ്യാന്‍ എനിക്ക് മടിയുണ്ടായിരുന്നു. ഗീതു മോഹന്‍ദാസായിരുന്നു ഈ പ്രൊജെക്ടിലേക്ക് എന്റെ പേര് നിര്‍ദ്ദേശിച്ചത്. ഗീതു എന്നോട് ഒന്ന് ചെയ്തുനോക്കാന്‍ പറഞ്ഞു. പിന്നെ ഈ കഥ വളരെ കൗതുകമുള്ളതായി തോന്നി. അങ്ങനെയാണ് കറി& സയനൈഡ്; ദി ജോളി ജോസഫ് കേസ് ചെയ്യാന്‍ തീരുമാനിക്കുന്നത്.
അന്നവര്‍ എന്നോട് ഈ കഥ എഴുതാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു. പക്ഷെ ഉള്ളൊഴുക്കിന്റെ തിരക്കിലായതുകൊണ്ട് എനിക്കതിന് സമയമുണ്ടായിരുന്നില്ല. പക്ഷെ ഇതെഴുതിയ ശാലിനിയെ എനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു.
ശാലിനിയും സുധയും കൂടെയായിരുന്നു സൂരരൈ പോട്രു എഴുതിയിരുന്നത്. അങ്ങനെ ശാലിനിയെ അറിയാം, ഞാന്‍ ശാലിനിയോട് ഈ പ്രൊജെക്ടിനെ കുറിച്ച് പറയുകയും അവര്‍ എഴുതാമെന്ന് സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് ശാലിനിയും ഇതിലേക്ക് വരുന്നത്.
കറി& സയനൈഡിന്റെ എഴുത്തുതൊട്ടേ ഞാനും ഈ പ്രൊജെക്ടില്‍ ഉണ്ട്. ഒരു ഫിലിമിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേജ് എന്ന് പറയുന്നതും എഴുതുന്ന ഘട്ടമാണ്. കൊവിടിന്റെ സമയത്തായിരുന്നു ഇതും സംഭവിക്കുന്നത്. പിന്നെ കഥാപാത്രങ്ങള്‍ക്ക് മുഖം നല്‍കാത്തത് സാധാരണ മിക്ക ഡോക്യൂമെന്ററികളിലും കാണുന്നതാണ്.
ഡോക്യുമെന്ററി എന്ന് പറയുന്നത് യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണല്ലോ, അപ്പോള്‍ അഭിനേതാക്കളെയും യഥാര്‍ത്ഥവ്യക്തികളെയും രണ്ടാക്കി കാണിച്ചാല്‍ കാണികളുടെ ഇടയില്‍ കണ്‍ഫ്യൂഷന്‍ വരാന്‍ സാധ്യതയുണ്ട്.
അതുകൊണ്ടും, പിന്നെ ഇങ്ങനെയുള്ളൊരു കേസ് ആയതുകൊണ്ടും മുഖം കാണിക്കാതെ ചെയ്യാം എന്നുള്ളത് ആദ്യം മുതലേയുള്ള ചര്‍ച്ചയിലുണ്ടായിരുന്നു. ആ തീരുമാനം എന്തുകൊണ്ടും നന്നായി.
മുഖം കാണിക്കാതെ എടുത്തത് കൊണ്ട് ആ സീനുകളെല്ലാം കൂടുതല്‍ ഡ്രമാറ്റിക് ആയി ചിത്രീകരിക്കാന്‍ കഴിഞ്ഞു.
ഹണി ജേക്കബ്: മികച്ചൊരു എഴുത്തുകാരനും സംവിധായകനുമാണെന്ന് ഇതിനോടകം താങ്കള്‍ തെളിയിച്ചിട്ടുണ്ട്, എഴുത്തുതാണോ സംവിധാനം ചെയ്യുന്നതാണോ കംഫര്‍ട്ട് സോണ്‍?
ക്രിസ്‌റ്റോ ടോമി: രണ്ടും ആസ്വദിച്ച് ചെയ്യുന്നതാണ്. എന്നാലും ഒരുപടി കൂടുതലിഷ്ടം സംവിധാനം ചെയ്യുന്നതാണ്. എല്ലാ പ്രൊജക്റ്റും നമുക്ക് എഴുതാന്‍ കഴിയില്ല. എഴുതുന്നത് കൂടുതല്‍ സമയമെടുക്കുന്നതും ഏകാന്തവുമായ പ്രോസസ്സാണ്.
എഴുത്തിനേക്കാള്‍ കൂടുതല്‍ സംവിധാനം ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ എപ്പോഴും നമ്മള്‍ എഴുതിക്കൊണ്ടിരിക്കും. നമ്മുടേതായ പ്രൊജെക്റ്റുകള്‍ക്കൊക്കെ എഴുത്തും. ഇപ്പോള്‍ കൂടുതലും സിനിമകളും സീരീസുമെല്ലാം സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അതേസമയം എഴുത്ത് ഒരിക്കലും നിര്‍ത്തില്ല.
ക്രിസ്‌റ്റോ ടോമി
ഹണി ജേക്കബ്: വരാന്‍ പോകുന്ന പ്രൊജെക്ടുകള്‍ ഏതെല്ലാമാണ്?
ക്രിസ്‌റ്റോ ടോമി: ഇപ്പോള്‍ മലയാളത്തില്‍ പ്രൊജെക്ടുകള് ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ഹിന്ദിയില്‍ ഒരു സീരീസ് സംവിധാനം ചെയ്യാന്‍ പോകുന്നുണ്ട്. അതിന്റെ പ്രാരംഭ സ്റ്റേജിലാണ്. എഴുത്ത് നടക്കുന്നുണ്ട്. അതുമാത്രമാണ് കമ്മിറ്റ് ചെയ്ത പ്രൊജക്റ്റ്. ബാക്കിയെല്ലാത്തിന്റെയും ചര്‍ച്ചകള്‍ നടക്കുന്നതെ ഉള്ളു.