| Friday, 9th March 2018, 8:49 pm

ചാര്‍മിനാര്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്; സംവിധായകന്‍ അജിത് സി ലോകേഷുമായി അഭിമുഖം 

അശ്വിന്‍ രാജ്
ഫഹദ് ഫാസില്‍ ആദ്യമായി ഹ്യൂമര്‍ ചെയ്ത ചിത്രമായ “മണിരത്നത്തിന്റെ” തിരക്കഥ അനില്‍ നാരായണന്റെ കൂടെ എഴുതി കൊണ്ടാണ് അജിത് സി ലോകേഷ് എന്ന ചെറുപ്പക്കാരന്‍ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. അതിനുശേഷം നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തന്റെ പുതിയ സിനിമയായ ചാര്‍മിനാറുമായി എത്തുന്നത്.
മിമിക്രിയിലെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായ മനോജ് ഗിന്നസിന്റെ അനിയനായ അജിത് സി ലോകേഷ് തന്റെ പുതിയ സിനിമ വിശേഷങ്ങളും പ്രതീക്ഷകളും ഡൂള്‍ ന്യൂസുമായി പങ്ക് വെക്കുകയാണ്.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അജിത് പുതിയ ഒരു സിനിമയുമായി വരുന്നത്. എന്തുകൊണ്ടാണ് ഇത്രയും വലിയൊരു ഗ്യാപ്?

സത്യം പറഞ്ഞാല്‍ ഇങ്ങനെ ഒരു ഗ്യാപ് മനപ്പൂര്‍വ്വം വന്നതല്ല. സിനിമ ചെയ്യാന്‍ മലയാളത്തിലെ പല താരങ്ങളുടെയും പുറകെ നടന്നു. അത് കിട്ടിയില്ല. നമ്മള്‍ പല സ്‌ക്രിപ്റ്റ് തയ്യാറാക്കി ചെല്ലുമ്പോള്‍ അവരുടെ ഡേറ്റിന്റെ പ്രശ്നം. നമുക്ക് എത്രയും പെട്ടന്ന് ഒരു പ്രോജക്റ്റ്  ചെയ്യുക എന്നതായിരുന്നു പ്രധാനകാരണം. നമ്മള്‍ ആഗ്രഹിക്കാതെ ഒരു ഗ്യാപ് ഉണ്ടാവുകയാണ്. അങ്ങനെയാണ് ഇപ്പോള്‍ ചാര്‍മിനാര്‍ എന്ന ഈ സിനിമ ഉണ്ടാവുന്നത്. ശരിക്കും പറഞ്ഞാല്‍ ഒരു വലിയ പരീക്ഷണം തന്നെയാണ് ഇത്.

എങ്ങിനെയാണ് അശ്വിന്‍ കുമാര്‍ എന്ന താരത്തിലേക്ക് താങ്കള്‍ എത്തുന്നത് ?

ശരിക്കും അശ്വിന്‍ എന്ന് പറയുന്നത് ഒരു മള്‍ട്ടിടാലന്റാണ്. ഞാന്‍ മുമ്പ് അശ്വിന്റെ ഒരു ഷോര്‍ട്ട് ഫിലിം അവിചാരിതമായി കാണാന്‍ ഇടയായി. പിന്നീട് അശ്വിന്റെ വീഡിയോകള്‍ പലതും കണ്ടു. അയാളുടെ മള്‍ട്ടി ടാലന്റ് കണ്ട് അതിശയിച്ചു പോയി. അശ്വിന്‍ നന്നായി ഡാന്‍സ് ചെയ്യും, അഭിനയിക്കും, മിമിക്രി , പാട്ട് എന്ന് വേണ്ട എല്ലാ മേഖലകളിലും സൂപ്പറാണ്.
പിന്നെ അശ്വിന്റെ ഒരു പ്രത്യേകത മലയാളത്തില്‍ നെടുമുടി ചേട്ടനും , ജഗതി ചേട്ടനുമൊക്കെ ചുമ്മാ ഒരു വിഗ്ഗോ മീശയോ മതി ആ ലുക്ക് മൊത്തത്തില്‍ മാറ്റാന്‍. അതേ പോലെയാണ് അശ്വിനും ഒരു ഡ്രിമ്മര്‍ മതി അശ്വിന്റെ രൂപം മാറാന്‍ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ പോലെയല്ല ദ്രുവങ്കള്‍ പതിനാറില്‍. അതേ പോലെയല്ല ലവകുശയില്‍ എല്ലാം വ്യത്യസ്തമാണ്. 

അശ്വിനെ നായകനായി കാസ്റ്റ് ചെയ്യുമ്പോള്‍ സുഹൃത്തുക്കളുടെ പ്രതികരണം എങ്ങിനെയായിരുന്നു?

ശരിക്കും വലിയ ഒരു റിസ്‌ക് തന്നെയായിരുന്നു അത്. കാരണം അശ്വിന്‍ ഇതുവരെ ചെയ്തിരിക്കുന്നതും ഇനി ചെയ്യാന്‍ ഇരിക്കുന്നതും എല്ലാം നെഗറ്റീവ് റോള്‍ ആണ്.  ശരിക്കും അശ്വിനെ ഇതിലേക്ക് കാസ്റ്റ് ചെയ്തപ്പോള്‍ കുറെ ആളുകള്‍  എന്തിനാണെന്ന് ഒക്കെ ചോദിച്ചിരുന്നു. പക്ഷേ നമ്മുടെ ക്യാരക്റ്ററിന് വേണ്ടത് അശ്വിനെ പോലെയൊരാള്‍ ആണ്. അശ്വിന്‍ ശരിക്കും ഇത്രയ്ക്കും ടാലന്റഡാണെന്ന് ഫ്ളവേഴ്സിലെ കോമഡി ഉത്സവത്തില്‍ വന്നതിന് ശേഷമാണ്  കൂടുതല്‍ ആളുകള്‍ മനസിലാക്കിയത്. പിന്നെ മലയാളികള്‍ക്ക് ഒരു പ്രത്യേകതയുണ്ട് നല്ലത് എവിടെ കണ്ടാലും നമ്മള്‍ അംഗീകരിക്കും.

ചാര്‍മിനാര്‍ എന്ന സിനിമ ശരിക്കും എന്താണ്  ? അശ്വിന് പുറമേ മറ്റ് പ്രധാന താരങ്ങള്‍ ആരൊക്കെയാണ് ?

ശരിക്കും പ്രസന്റും പാസ്റ്റിലൂടെയുമെല്ലാം പോകുന്ന് ത്രില്ലറും റൊമാന്‍സുമുള്ള ഒന്നാണ് ഈ സിനിമയെന്ന് പറയേണ്ടി വരും. കുറെ കാലത്തിന്  ശേഷം വരുന്ന ഒരു റൊമാന്റിക് ത്രില്ലര്‍ ആണിതെന്ന് പറയാം.
ചിത്രത്തില്‍ നായികയാവുന്നത് കന്നടയിലെ പ്രധാന താരമായ ഹര്‍ഷികയാണ്. പിന്നെ ഹേമന്ത് മേനോന്‍ ഇത് വരെ ചെയ്തതില്‍ നിന്ന് വളരെ വ്യത്യസ്തമായ റോള്‍ ആണ് ചെയ്യുന്നത്. ഹേമന്ത് ആദ്യമായി ഒരു റഫ് കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്.
എന്തൊക്കയാണ് പടം പുറത്തിറങ്ങുമ്പോള്‍ അജിതിന്റെ പ്രതീക്ഷകള്‍ ? 
ശരിക്കും ഒരു സിനിമ ചെയ്തിട്ടു മാത്രം കാര്യമില്ല. അത് നന്നായിട്ട് മാര്‍ക്കറ്റ് ചെയ്യാനും കഴിയണം. അതില്‍ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെയാണ് ചെയ്തിരിക്കുന്നത്. കാരണം അദ്ദേഹം പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ ദിവസത്തിലും കോസ്റ്റിലും ഈ പടം തീര്‍ക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
പിന്നെ മറ്റൊന്ന് ഞാന്‍ പ്രേക്ഷകരെ വിശ്വസിക്കുന്നു എന്നതാണ്. കാരണം ഞാന്‍ ഈ വാട്സാപ്പ് ഗ്രൂപ്പുകളിലൊക്കെ ചെറിയ പടം എന്ന് പറഞ്ഞ് പരിചയപ്പെടുത്തുമ്പോള്‍ ആളുകള്‍ പറയും എന്താണ് ചേട്ടാ ചെറിയ പടം താരങ്ങളെ നോക്കിയാണെങ്കില്‍ ഞങ്ങള്‍ക്ക് അങ്ങിനെയല്ല ചിത്രത്തിന്റെ മേക്കിംഗും കഥയുമാണ് ഇപ്പോള്‍ ചെറുതാണോ വലുതാണോ എന്ന് തീരുമാനിക്കുന്നത്.  വലിയ താരങ്ങളുടെ പടങ്ങള്‍ ഞങ്ങളെ നിരാശപ്പെടുത്തിയിട്ടുണ്ട് അതേസമയം വലിയ താരപ്രഭയില്ലാത്ത പല പടങ്ങളും ഞങ്ങളെ അതിശയിപ്പിച്ചിട്ടുണ്ട് എന്നാണ്. പ്രേക്ഷകര്‍ ഞങ്ങളുടെ പടവും ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പാണ്.
എങ്ങിനെയാണ് അജിത് സിനിമയുടെ ലോകത്ത് എത്തിപ്പെടുന്നത്? 
സത്യം പറഞ്ഞാല്‍ മിമിക്രിയുടെ ലോകത്ത് നിന്നാണ് ഞാന്‍ സിനിമയില്‍ എത്തുന്നത്. പിന്നെ മനോജ് ഗിന്നസ് എന്റെ ഏട്ടനാണ്. ഞാന്‍ സലിംകുമാര്‍, നാദിര്‍ഷ എന്നിവരുടെയൊക്കെ ട്രൂപ്പില്‍ മിമിക്രി ചെയ്തിട്ടുണ്ട്. ശരിക്ക് ഒരു മിമിക്രി താരം സിനിമയിലേക്ക് വരുമ്പോള്‍ ഓ.. ഇത്രയെ ഉണ്ടാവൂ… എന്ന ഒരു ചിന്ത ഇന്‍ഡസ്ട്രിയില്‍ തന്നെയുണ്ട്. പക്ഷേ ആ ചിന്തകളെയെല്ലാം പൊളിക്കുന്നതാണ് ഈ സിനിമ കാരണം വളരെ സീരിയസ് സബ്ജക്റ്റാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്.
അജിതിന്റെ ഭാവി പദ്ധതികള്‍ എന്തെല്ലാമാണ് ?
ഒരുപാട് തിരക്കഥകള്‍ കൈയ്യിലുണ്ട്. നല്ല താരങ്ങളെ കൊണ്ടും മറ്റും അത് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പിന്നെ ഇപ്പോള്‍ ക്വീന്‍ പോലുള്ള സിനിമകളിലെ പോലെ കഴിവുള്ള പുതിയ താരങ്ങളെ കൊണ്ടുവരണം എന്നുണ്ട്. ഈ പടം പ്രേക്ഷകര്‍ ഏറ്റെടുത്താല്‍ വീണ്ടും പരീക്ഷണങ്ങളുമായി ഞാന്‍ വരും.
പലപ്പോഴും താരങ്ങള്‍ക്ക് പിറകെ പോകുമ്പോള്‍ വലിയ കാലതാമസം ആണ് വരുന്നത് ചിലരെ സമീപിക്കുമ്പോള്‍ 2020 വരെ ഒക്കെ കാത്ത് നില്‍ക്കാനാണ് പറയുന്നത്. എന്തായാലും നോക്കാം… ചാര്‍മിനാര്‍ തിയേറ്ററില്‍ വരട്ടെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നാണ് എന്റെ വിശ്വാസം…
അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more