സ്വയം തൊഴില്‍ കണ്ടെത്തുകയും സംരംഭകരും തൊഴില്‍ദാതാക്കളുമായി മാറുകയുമാണ് ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്നാണ് നിങ്ങള്‍ ഇവിടെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന മേഖലകളിലെ സ്ത്രീകള്‍ക്ക് ഇത് എത്രമാത്രം പ്രായോഗികമാണ്?
സ്വയം തൊഴില്‍ എന്നത് ഏറെ പ്രയാസകരമായ ഒന്നായാണ് പലരും കാണുന്നതെന്ന് എനിക്കറിയാം.
പക്ഷെ, കാമറൂണ്‍ പോലെയുള്ള വികസ്വര രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കും സ്വകാര്യമേഖലകള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരിധികളുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സെല്‍ഫ് എംപ്ലോയ്‌മെന്റ് തന്നെയാണ് ഇവിടെയുള്ള ഏറ്റവും മികച്ച പരിഹാരം.
സംരംഭകരാകാനും സ്വയം തൊഴില്‍ കണ്ടെത്താനും ഒരുപാട് പണവും മൂലധനവും ആവശ്യമാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല, അനുയോജ്യമായ ഒരു ഐഡിയ ഉണ്ടായിരിക്കുക എന്നതാണ് പരമ പ്രധാനം. ആ ആശയത്തോടൊപ്പം നല്ലൊരു ബിസിനസ് പ്ലാന്‍ കൂടി ഉണ്ടായാല്‍ പിന്നീട് നമുക്ക് ധൈര്യമായി മുന്നോട്ടുപോകാം.
ചിലപ്പോള്‍ ഈ ബിസിനസ് പ്ലാന്‍ നടപ്പിലാക്കാനുള്ള പണമിറക്കാന്‍ നിങ്ങള്‍ക്ക് സ്വയം സാധിക്കുന്നില്ലായിരിക്കാം. പക്ഷെ മികച്ച ഒരു പ്ലാന്‍ കയ്യിലുണ്ടെങ്കില്‍ അതുമായി സ്‌പോണ്‍സര്‍മാരെ സമീപിക്കാനാകും. ഇനി അതൊന്നും നടന്നില്ലെങ്കില്‍ പോലും വളരെ കുറഞ്ഞ ചിലവില്‍ ബിസിനസ് തുടങ്ങാനാകും. 20 ഡോളറും 50 ഡോളറും മാത്രം വെച്ച് ചെറിയ സംരംഭങ്ങള്‍ തുടങ്ങി വിജയിച്ച എത്രയോ പേരെ എനിക്കറിയാം. ചെറിയ രീതിയിലാണെങ്കിലും പടിപടിയായി വളര്‍ച്ചയുണ്ടാവുകയാണെങ്കില്‍ ആളുകള്‍ നിങ്ങളുടെ സംരംഭത്തില്‍ വിശ്വസിക്കാന്‍ തുടങ്ങും.
നിങ്ങളുടെ രാജ്യത്തെ സ്ഥിതി എന്താണെന്ന് എനിക്കറിയില്ല, പക്ഷെ ഞങ്ങളുടെ നാട്ടില്‍ ഒരു ലോണ്‍ കിട്ടാന്‍ വലിയ പ്രയാസമാണ്. നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെന്നും അതില്‍ ഭാവിയുണ്ടെന്നും കാണിക്കാനായാല്‍ ആ പ്രക്രിയ കുറച്ച് എളുപ്പമാകും.
മാത്രമല്ല, ജനങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ കൂടി ലഭിക്കണം. ബിസിനസില്‍ ഇന്‍ഫോര്‍മേഷനാണ് പണം, അതുതന്നെയാണ് മൂലധനവും. സര്‍ക്കാരും സര്‍ക്കാരിതര സ്ഥാപനങ്ങളും സംഘടനകളുമെല്ലാം സംരംഭങ്ങള്‍ തുടങ്ങാന്‍ വിവിധ തരത്തിലുള്ള സാമ്പത്തിക സഹായങ്ങളും സ്‌പോണ്‍സര്‍ഷിപ്പുകളും നല്‍കുന്നുണ്ട്. പക്ഷെ അതേ കുറിച്ച് പലര്‍ക്കും അറിയില്ല. ഇത്തരം കാര്യങ്ങളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധമുണ്ടാകേണ്ടതുണ്ട്.
മുന്നോട്ടുവെച്ച പദ്ധതിയില്‍ നിന്നും ഒരിക്കലും പിന്മാറാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കാരണം, ഉപേക്ഷിച്ച് പിന്മാറിയാല്‍ പിന്നെ അതോടെ എല്ലാം നിശ്ചലമാകും, പൂര്‍ണമായും ഇല്ലാതാകും. അങ്ങനെ സംഭവിക്കരുത്.
കാരുണ്യപ്രവര്‍ത്തികള്‍ (philanthropy) ആയിരുന്നല്ലോ ഈ സെഷനിലെ മറ്റൊരു പ്രധാന വിഷയം. പാശ്ചാത്യരാജ്യങ്ങളിലെ പ്രമുഖര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടത്തിയ ചാരിറ്റി വര്‍ക്കുകള്‍ പലതും ആഫ്രിക്കന്‍ ജനതയെ കൂടുതല്‍ മോശമായി ബാധിക്കുകയായിരുന്നുവെന്ന കണ്ടെത്തലുകളുമായി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചില വസ്തുക്കളും പണവും വിതരണം ചെയ്യുക എന്നതിനപ്പുറത്തേക്ക് കാരുണ്യപ്രവര്‍ത്തികളില്‍ മാറ്റം വരേണ്ടതില്ലേ ? ഈ കാഴ്ചപ്പാടിനോടുള്ള പ്രതികരണം വിശദമാക്കാമോ? ‘philanthropy’ നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ ഗുണകരമാകും’ എന്ന് താങ്കളും പറഞ്ഞിരുന്നു. അത്തരത്തിലുള്ള ഉദാഹരണങ്ങളോ മാതൃകകളോ പങ്കുവെക്കാമോ ?
നല്ല രീതിയിലല്ല കൈകാര്യം ചെയ്യപ്പെടുന്നതെങ്കില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എവിടെയാണോ ശരിക്കും ആവശ്യമുള്ളത് അവിടേക്കാണ് ഈ സഹായങ്ങള്‍ എത്തേണ്ടത്. ഏത് ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും വേണ്ടിയാണോ സാമ്പത്തിക സഹായം നടത്താന്‍ ഉദ്ദേശിക്കുന്നത് അവരെ കുറിച്ച് കൃത്യമായി പഠിച്ച്, അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി വേണം അവ നിര്‍വഹിക്കാന്‍.
കാമറൂണിനെ കുറിച്ച് തന്നെ ഞാന്‍ പറയാം. കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് ആവശ്യമായ സഹായം ചെയ്യുന്നതായിരിക്കും ഇവിടെ ഏറ്റവും അനുയോജ്യം. കാരണം ഞങ്ങളുടെ പക്കല്‍ വിശാലമായ ഭൂമിയുണ്ട്, നല്ല മണ്ണും വെള്ളവുമുണ്ട്. പക്ഷെ മികച്ച രീതിയില്‍ കൃഷി ചെയ്യാനുള്ള ഉപകരണങ്ങളും അനുബന്ധ വസ്തുക്കളുമാണ് ഞങ്ങളുടെ പക്കലില്ലാത്തത്. അതുകൊണ്ട് തന്നെ സഹായം ആവശ്യമുള്ള പ്രധാന മേഖലകളിലൊന്ന് കാര്‍ഷികരംഗമാണ്. ഈ രീതിയിലാണ് philanthropy നടപ്പിലാക്കപ്പെടേണ്ടത്.
നിങ്ങള്‍ വെച്ചുനീട്ടുന്ന ഭക്ഷണപ്പൊതികളല്ല ഞങ്ങള്‍ക്ക് വേണ്ടത്, ആ ഭക്ഷണവും പണവുമെല്ലാം ഉണ്ടാക്കാനുള്ള മാര്‍ഗങ്ങളാണ്. അതിനുപകരം ഭക്ഷണവും വെള്ളവും വസ്ത്രവും ചെരുപ്പും വിതരണം ചെയ്യുന്ന രീതിയില്‍ തന്നെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ അതുകൊണ്ട് ആര്‍ക്കും ഒരു ഉപകാരവുമുണ്ടാകില്ല.
സ്വാതന്ത്ര്യവും സ്വാശ്രയത്വവും കൈവരിക്കാനുള്ള പരിശീലനം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, അതിനുവേണ്ടി പണം ചെലവിടാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ അതാണ് ഏറ്റവും മികച്ച കാരുണ്യപ്രവര്‍ത്തി. മറ്റുള്ളവരെ ആശ്രയിച്ച് മാത്രം കഴിയാതിരിക്കുക, ഇന്‍ഡിപെന്‍ഡന്റായിരിക്കുക എന്നതാണ് എല്ലാ ജനതയുടെയും ആത്യന്തിക ലക്ഷ്യം.
രാഷ്ട്രീയരംഗത്തേക്ക് ഏറെ ആത്മവിശ്വാസത്തോടെ കടന്നുവന്ന സ്ത്രീയാണ് താങ്കള്‍. ആത്മവിശ്വാസത്തോടെ തനിക്ക് ഇഷ്ടമുള്ളത് ചെയ്യുന്ന സ്ത്രീകളെ ലോകം അത്ര എളുപ്പത്തിലൊന്നും അംഗീകരിക്കാറില്ല. പല രീതിയിലുള്ള അധിക്ഷേപങ്ങള്‍ക്കും അപവാദങ്ങള്‍ക്കും അവര്‍ പാത്രമാകാറുമുണ്ട്, രാഷ്ട്രീയരംഗവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ചില ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് താങ്കളും സൂചിപ്പിച്ചിരുന്നു. എങ്ങനെയാണ് അവയോട് പോരാടിയത് ?
സ്വര്‍ണതൂവലുകള്‍ക്കെല്ലാം ഒഴിവാക്കാനാകാത്ത ഒരു മറുപുറമുണ്ടെന്ന് എനിക്കറിയാം. എല്ലാം എല്ലാ കാലത്തും നല്ലതായിരിക്കില്ല. എല്ലാത്തിനും അതിന്റേതായ വിലയും കൊടുക്കേണ്ടിവരും. പക്ഷെ നമുക്കെതിരെ ഉയരുന്ന ഓരോ അധിക്ഷേപവും ഭീഷണിയും ഊര്‍ജവും കരുത്തുമായി മാറ്റിയെടുക്കാന്‍ കഴിയണം.
ഒരൊറ്റ കാര്യം ആലോചിച്ചാല്‍ മതി, നിങ്ങളും നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ഏതെങ്കിലും രീതിയില്‍ പ്രധാനപ്പെട്ടതല്ലെങ്കില്‍ ആരും കല്ലെറിയാന്‍ വരില്ല. നിങ്ങള്‍ എന്ത് ചെയ്താലും തങ്ങള്‍ക്കെന്ത് എന്ന് കരുതിയേനെ അവര്‍. പക്ഷെ, നിങ്ങള്‍ ജീവിതത്തില്‍ എവിടെയൊക്കെയോ മുന്നേറുന്നതുകൊണ്ടാണ് ആളുകള്‍ അതില്‍ അസൂയാലുക്കളാകുന്നതും എതിരെ വരുന്നതും. അധിക്ഷേപങ്ങളോട് ഈ മനോഭാവം വെച്ചു പുലര്‍ത്തികൊണ്ട് കൂടുതല്‍ കരുത്തരാകാന്‍ കഴിയണം.
ഇതിനൊപ്പം ഒരു സപ്പോര്‍ട്ട് സിസ്റ്റമുണ്ടാകേണ്ടതും ഏറെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. നമ്മെ സ്‌നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നവര്‍ ഒപ്പമുണ്ടായില്ലെങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞ സാഹചര്യങ്ങളെ തരണം ചെയ്യുക എന്നത് അത്ര എളുപ്പമാകില്ല. എല്ലാവര്‍ക്കും ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടായേ തീരു.
രാഷ്ട്രീയ പ്രവര്‍ത്തക, കാമറൂണിലെ പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ ഇന്ത്യയെ ശ്രദ്ധിക്കാറുണ്ടോ? രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താറുണ്ടോ?
തീര്‍ച്ചയായും. രാഷ്ട്രീയം നിറഞ്ഞുനില്‍ക്കുന്ന ലോകത്തില്‍ തീര്‍ച്ചയായും ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. കാമറൂണും ഇന്ത്യയും തമ്മില്‍ പല കാര്യങ്ങളിലും ഒരുപാട് സാമ്യങ്ങളുണ്ട്. പക്ഷെ, ഇന്ത്യ പുരോഗതിയുടെ പാതയിലാണ്, കാമറൂണ്‍ അത്രയും വളര്‍ന്നിട്ടില്ല, അക്കാര്യത്തില്‍ വലിയ വ്യത്യാസമാണുള്ളത്.
Content Highlight: Interview with Cameroon MP Nourane Foster