ലാലേട്ടന് ചങ്ക് പറിച്ചു കൊടുത്ത കട്ട മമ്മൂക്ക ഫാന്‍'; ആദ്യ സിനിമയുടെ വിശേഷങ്ങളുമായി അശ്വിന്‍ ജോസ്
Interview
ലാലേട്ടന് ചങ്ക് പറിച്ചു കൊടുത്ത കട്ട മമ്മൂക്ക ഫാന്‍'; ആദ്യ സിനിമയുടെ വിശേഷങ്ങളുമായി അശ്വിന്‍ ജോസ്
അശ്വിന്‍ രാജ്
Wednesday, 21st February 2018, 6:21 pm

ക്വീന്‍ സിനിമ തിയേറ്ററില്‍ ഉണ്ടാക്കിയ ഓളം ഇത് വരെ അവസാനിച്ചിട്ടില്ല. പുതുമുഖങ്ങളെ നായകരാക്കിയുള്ള ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയ ആളാണ് അശ്വിന്‍ ജോസ്. ചിത്രത്തിന്റെ റിലീസിന് മുന്നെ തന്നെ അശ്വിന്‍ അവതരിപ്പിക്കുന്ന കട്ട ലാലേട്ടന്‍ ഫാന്‍ ആയ കൂലി എന്ന മുനീറിന്റെ ലാലേട്ടന്‍ പാട്ട് പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

ചിത്രത്തിന്റെ ഗംഭീര വിജയം ആഘോഷിക്കുന്ന ഈ സമയത്ത് ചിത്രത്തിനെ കുറിച്ചും എതിര്‍പ്പുകളെ അവഗണിച്ച് സിനിമ എന്ന സ്വപ്നത്തിന് പിന്നാലെ പോയതിനെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചമുള്ള വിശേഷങ്ങള്‍ ഡൂള്‍ ന്യൂസുമായി പങ്ക് വെക്കുകയാണ് അശ്വിന്‍.

എങ്ങിനെയാണ് അശ്വിന്‍ ക്വീന്‍ ടീമില്‍ എത്തുന്നതും മുനീര്‍ ആയി മാറുന്നതും ?

ക്വീനിലെത്തുന്നത് മുമ്പ് ഞാന്‍ പ്രാണയെന്ന ഒരു ആല്‍ബം ചെയ്തിരുന്ന. അതിന്റെ മ്യൂസിക് ചെയ്ത എല്‍ബിന്‍ എന്ന ചേട്ടനാണ് എന്നോട് ക്വീനിന്റെ ഓഡീഷന്റ കാര്യം പറയുന്നത്, ഒരുപാട് ഒഡീഷനൊക്കെ ഇതിന് മുമ്പ് പോയിരുന്നു അങ്ങനെ ഒരു പ്രതീക്ഷയില്ലാതെ ഞാന്‍ ഓഡീഷനിലേക്ക് ഫോട്ടോയും ബയോഡാറ്റായും അയച്ചു. അങ്ങനെ അവരന്നെ വിളിച്ചു. ഒഡീഷനില്‍ ചെന്നപ്പോള്‍ മുതല്‍ ഒരു ജെന്യുയിനിറ്റി എനിക്ക് ഫീല്‍ ചെയ്തിരുന്നു.

നമുക്ക് വെള്ളം തരുന്നത് തൊട്ട്, എല്ലാ കാര്യത്തിലും… പിന്നെ പ്രൊഡ്യൂസര്‍ ആദ്യം തന്നെ പറഞ്ഞിരുന്നു അന്ന് ഓഡീഷനില്‍ എത്തിയവര്‍ക്ക് മാത്രമെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടകയുള്ളൂവെന്ന്. അതായിരുന്നു നമ്മുടെ ധൈര്യം.

ഞാന്‍ ഒരു ആറ് വര്‍ഷത്തോളം ഒഡീഷന് പുറകെ ഓടിയിട്ടുണ്ട്, പിന്നെ കുറെ കാലം സ്‌ക്രിപ്റ്റ് കൊണ്ട് കുറെ നടന്നു. ഇതിന്റ ഇടയില്‍ രണ്ട് പാട്ട് ചെയ്തു. പക്ഷേ ഇതൊക്കെ നമ്മടെ ഉള്ളിലുള്ള കഴിവുകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുകയായിരുന്നെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അശ്വിന്റെ ഫേയ്‌സ്ബുക്ക് പ്രൊഫൈല്‍ നോക്കിയാല്‍ കാണാം.. അഭിനയിതാവ്, തിരക്കഥാകൃത്ത്, സംഗീതസംവിധാനം തുടങ്ങി കൈവെക്കാത്ത മേഖലകള്‍ ഒന്നുമില്ലെലോ ?

പ്ലസ് ടൂ കഴിഞ്ഞ സമയത്തെങ്ങോ ഫേസ്ബുക്കില്‍ ഇട്ടതാണെന്ന് തോന്നുന്നു. അന്നതിട്ടതിന്റ കാരണം എന്താന്ന് വെച്ചാല്‍ അന്ന് അങ്ങിനെ കുറെ പ്ലാനുകളക്കെ ഉണ്ടായിരുന്നു. ഒരു ഡയറക്ടറോട് ചെന്ന് കഥ പറഞ്ഞ്, ഒരു പ്രൊഡ്യൂസെറെക്കെയായി അത് ചെയ്യുകയാണെങ്കില്‍ എനിക്കവരെ കൂടെ വര്‍ക്ക് ചെയ്യാം സിനിമയില്‍ കടക്കാം പക്ഷേ അന്ന് അങ്ങിനെയൊന്നും നടന്നില്ല.

ക്വീന്‍ സിനിമക്ക് തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി കിട്ടിയ ഒരു സീനായിരുന്നു അശ്വിന്‍ “നെഞ്ചിനകത്ത് ലാലേട്ടന്‍” പാട്ട് പാടുന്നത്. എങ്ങിനെയാണ് ആ ഒരു ഐഡിയയിലേക്ക് വരുന്നത്?

ഞങ്ങള്‍ 8 പേരടങ്ങുന്ന ടീം ഒരുമിച്ചിരുന്നാണ് സ്‌ക്രിപ്റ്റ് ഡിസ്‌കസ് ചെയ്തിരുന്നത്. ആ ഒരു സീന്‍ പറഞ്ഞപ്പോള്‍ തന്നെ ബാക്കിയുള്ളവരല്ലാരും എന്നെ നോക്കി. ഞാനങ്ങോട്ടും നോക്കി. കാരണം ഈ സീനിനെന്തായാലും കൈയ്യടി വീഴുമെന്നുറപ്പായിരുന്നു.പ്രത്യേകിച്ച് ലാലേട്ടന്‍ എന്ന പേരാണ്.

ഡിജോ ചേട്ടന്‍ അന്ന് തന്നെ അതിന്റ വരികള്‍   പറഞ്ഞ് തന്നു. അത് എഴുതിയ ഷാരിസ്. അദ്ദേഹമാണ് അതിന്റ ഐഡിയ കൊണ്ടു വന്നത്. ശരിക്കും കൊടുങ്ങല്ലൂര്‍ മോഹന്‍ലാല്‍ ഫാന്‍സ് പുലിമുരുകന് പോയപ്പോള്‍ അവിടെ പാടിയ സോങ്ങ് ആണ് “നെഞ്ചിനകത്ത്”. ഇത് ഷാരിസ്‌ക്ക നോട്ടിഫൈ ചെയ്തിട്ട് സിനിമയിലേക്ക് എടുക്കുകയായിരുന്നു. പിന്നെ അതില്‍ കുറച്ചുകൂടി വികസിപ്പിച്ച് നല്ല ബി.ജി.എമ്മൊക്കെ നല്‍കി ഉഷാറാക്കുകയായിരുന്നു.

ആ സീനില്‍ എനിക്ക് നല്ല കോണ്‍ഫിഡന്റസ് ഉണ്ടായിരുന്നു. ഞാന്‍ സുഹ്യത്തുക്കളോട് ചുമ്മാ പറയുമായിരുന്നു. എന്റെ സെക്കന്റ് ഇന്‍ട്രോ സീന്‍ കഴിഞ്ഞാല്‍ പിന്നെ തിയേറ്റര്‍ പൂരപറമ്പായിരിക്കുമെന്ന്. കാരണം ലാലേട്ടന്റെ ആ പാട്ട് വരുന്നുണ്ടെന്ന് അറിയാം മോഹന്‍ലാല്‍ ആരാധകരല്ലാത്തവര്‍ പോലും ഇതിന് കൈയ്യടി നല്‍കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

അശ്വിന്‍ റിയല്‍ ലൈഫില്‍ ഇതു പോലെ മോഹന്‍ലാല്‍ ഫാന്‍ ആണോ?

സത്യം പറഞ്ഞാല്‍ റിയല്‍ ലൈഫില്‍ ഞാന്‍ ഒരു ഡൈ ഹാര്‍ട്ട് മമ്മൂട്ടി ഫാന്‍ ആണ്. ഞാന്‍ ഇടപ്പള്ളി മമ്മൂട്ടി ഫാന്‍സ് അസോസിയോഷനില്‍ മെമ്പറൊക്കെയാണ്. കസബ ഇറങ്ങിയ ടൈമിലക്കെ ഞാന്‍ വളരെ ആക്ടീവായിരുന്നു.

ഒരു മമ്മുട്ടി ഫാനായ എനിക്ക് ഏറ്റവും നന്നായിട്ട് ലാലേട്ടന്‍ ഫാനായി അഭിനയിക്കാന്‍ പറ്റിയിട്ടുണ്ടെങ്കില്‍. എന്റെ ഉള്ളിലെരു ലാലേട്ടന്‍ ഫാന്‍ ഉണ്ടാവണം അതു കൊണ്ടല്ലെ. ശരിക്കും ഒരു മമ്മുട്ടിഫാനിനോട് മമ്മൂക്ക കഴിഞ്ഞാല്‍ ആരെയാണ് ഇഷ്ടം എന്ന് ചോദിച്ചാല്‍ ലാലേട്ടനെയാണ് ഇഷ്ടം എന്നെ പറയുകയെയൊള്ളു. തിരിച്ചും അങ്ങിനെ തന്നെയാണ്.

ഒരു ഡൈ ഹാര്‍ട്ട് മമ്മുക്ക ഫാന്‍ ഒരു കട്ട ലാലേട്ടന്‍ ഫാന്‍ ആയി അഭിനയിക്കുകയും ആ പാട്ട് വലിയ ഹിറ്റാവുകയും ചെയ്തപ്പോള്‍ കൂട്ടുകാരുടെ പ്രതികരണം എങ്ങിനെയായിരുന്നു ?

ഫ്രണ്ട്‌സ് ഒക്കെ കുറെ കളിയാക്കി. പിന്നെ വീട്ടില്‍ ചേട്ടന്‍ ഒരു കട്ട ലാലേട്ടന്‍ ഫാന്‍ ആണ് ചേട്ടന്‍ ഒക്കെ വലിയ ട്രോള്‍ ആയിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷം ഞാന്‍ ഈ നെഞ്ചിനകത്ത് സോംഗ് മമ്മൂട്ടി ഫാന്‍സ് ഗ്രൂപ്പില്‍ ഇട്ടിരുന്നു. ഒരു സമൈലിങ്ങ് സമൈലിയോടുകൂടിയാണ് ഇട്ടിരുന്നത്. പക്ഷേ അവര്‍ അത് കൈയ്യടിച്ചാണ് സ്വീകരിച്ചത്. വ്യത്യസ്ത ഫാന്‍സക്കെയാണെങ്കിലും എല്ലാവരും പരസ്പരം സ്‌നേഹിക്കുന്നുണ്ടെന്നതാണ് സത്യം.

സിനിമയിലെ ഏറ്റവും വലിയ വിജയം എന്ന് പറയുന്നത് ഇതിലെ അഭിനേതാക്കള്‍ എല്ലാം തന്നെ ഒരേ പോലെ മനോഹരമായ അഭിനയം കാഴ്ച വെച്ചു എന്നതാണ്. എങ്ങിനെയായിരുന്നു നിങ്ങളുടെ ആ ടീമിന്റെ കൂടെയുള്ള വര്‍ക്ക് ?

ഞങ്ങള്‍ എട്ടുപേരടങ്ങിയിരിക്കുന്ന ഒരു ടീം സത്യം പറയാണേല്‍ വലിയ കൂട്ടുകാരായി മാറി എന്നുള്ളതാണ്. ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയിലും വ്യക്തി ജീവിതത്തിലും ഈ സിനിമയും അതിലെ ആളുകളും ഒരുപാട് മാറ്റങ്ങളുണ്ടാക്കി. ഒരു സിനിമയെന്ന് പറയുമ്പോള്‍ അതില്‍ വ്യത്യസ്ത തരത്തിലുള്ള ആളുകളുണ്ടാവും, സാധാരണ ഒരു പടമെന്ന് പറഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ ഡബിംഗും അനുബന്ധ വര്‍ക്കുകളും കഴിഞ്ഞാല്‍ സിനിമയായി, പക്ഷേ ഞങ്ങള്‍ ഈ സിനിമയ്ക്കായി ഒരു വര്‍ഷത്തോളം ഒരുമിച്ച് തന്നെയായിരുന്നു വളരെ രസകരമായിരുന്നു അതൊക്കെ.

ഈ സിനിമയുടെ വിജയത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ ഒന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍.. എങ്ങിനെയാണ് ആ ഒരു ഐഡിയയില്‍ എത്തുന്നത് ?

ട്രെയിലര്‍ ഡിജോ ചേട്ടന്റ മാത്രം ഐഡിയായിരുന്നു. ഡിജോ ചേട്ടന്‍ ട്രെയിലര്‍ ഇറക്കുന്നതിന്റ തലേ ദിവസം ഞങ്ങളെയല്ലാവരെയും ഇരുത്തി. എന്താ ചെയ്യുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങളെ ആദ്യത്തെ ഷൂട്ടായിരുന്നു. നാളെ ഞാന്‍ അവിടെ ഓടാന്‍ പറയും ഇവിടെ ഓടാന്‍ പറയും അതങ്ങ് ചെയ്‌തോളണം, ഞാനൊരു കൈവിട്ട കളിയാണ് കളിക്കാന്‍ പോണതെന്നായിരുന്നു ഡിജോ ചേട്ടന്‍ പറഞ്ഞത്.

ആ പടത്തിലെരു ഓടുന്ന സീനുണ്ടല്ലോ…എന്റെ അള്ളായെന്നും വിളിച്ചോണ്ട് ആ ഒരെറ്റ ഷോട്ട് എട്ട് പ്രാവിശ്യമെങ്കിലും എടുത്തിട്ടുണ്ടാവും, കാരണം എന്തെന്നാല്‍ പലര്‍ക്കും വ്യത്യസ്ത ടൈമിങ്ങ് ആയിരിക്കും. ആ തട്ടി തട്ടി തടഞ്ഞുവീഴുന്ന സീനൊക്കെ ഉണ്ടല്ലോ അതിനൊന്നും ടൈമിങ്ങ് കറക്ട് ആയത് തന്നെ എട്ടാമത്തെ ഷോട്ടിലാണ്. ആ ഇടിച്ച് വീഴുന്ന ഷോട്ടില്‍ ജബന്‍ തട്ടി വീണപ്പോള്‍ അവന്റ കൈ നിറയെ ചോരയായിരുന്നു. എന്നിട്ടും അവിടെന്ന് എണിറ്റ് ഓടി അഭിനയിച്ചു.

ഫസ്റ്റ് ഷോട്ടായത് കൊണ്ട് ചത്താലും ഞങ്ങള് വിടില്ല എന്ന വാശിയായിരുന്നു. ഓടി ഓടി രണ്ടു മൂന്നാല് തവണ വാളൊക്കെ വെച്ചിരുന്നു. എന്നാലും പ്രശ്‌നമില്ല എന്നായിരുന്നു ഞങ്ങള്‍ക്ക്. പിന്നെ അഞ്ച് ദിവസം കഴിഞ്ഞ് ട്രയിലര്‍ ഞങ്ങളെ കാണിച്ചു. അത് വരെ ഞങ്ങള്‍ക്കര്‍ക്കും അറിയില്ലായിരുന്നു ഇതെന്താണെന്ന്, കാണിച്ചു തന്നപ്പോള്‍ വലിയ കൗതുകമെന്നും തോന്നിയില്ല. കാരണം അഭിനയം കുറച്ചു കൂടെ നന്നാക്കായിരുന്നു എന്നായിരുന്നു ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും. പക്ഷെ ഡിജോ ചേട്ടന്‍ പൂര്‍ണ  സംതൃപ്തനായിരുന്നു.

പടത്തിലെ ഹൈലൈറ്റ് ചെയ്ത ഒരു ഭാഗമായിരുന്നു ആരാണ്ടാ ആരാണ്ടാ പാട്ടും അതിലെ സ്റ്റണ്ടും. അതിന്റെ ഓര്‍മ്മകള്‍ എങ്ങിനെയായിരുന്നു ?

ശരിക്കും ആ സീനില്‍ എല്ലാവരും ഒര്‍ജിനലായിട്ടാണ് അടിയുണ്ടാക്കിയത്, പിന്നെ ഭയങ്കര പവര്‍കെടുത്തിട്ടായിരിക്കില്ല ഇടിക്കുന്നത്.  പക്ഷേ പലര്‍ക്കും നന്നായിട്ട് അടി കൊണ്ടിട്ടൊക്കെയുണ്ട്. അതില്‍ ഒരു ബാഗെടുത്ത് എന്റെ നെറ്റിയല്‍ അടിക്കണ ഒരു ഷോട്ടുണ്ട്. അത് ശരിക്കും അടിച്ചതാണ്.

ആ സീന്‍ ശരിക്കും ബാഗ് എടുത്ത് എന്നെ അടിക്കുമ്പോ തടുക്കുന്നതെങ്ങാനുമാണ് പക്ഷേ ആ ബാഗില്‍ അടിക്കുമ്പോള്‍ ഒരു കുടയുണ്ടായിരുന്നു അത് വന്ന് എന്റ നെറ്റിയലടിച്ചു പിന്നെ ഷോട്ടിന്റ ടൈമിലായിരുന്നപ്പോള്‍ പിന്നെ ഒന്നും പറയാനും പറ്റില്ലല്ലോ അങ്ങ് തുടര്‍ന്നു.അത് സാഗറേട്ടന്‍ കറക്ടായി കട്ട് ചെയ്ത് ഇട്ടിട്ടുണ്ട് ഒരു ഒര്‍ജിനാലിറ്റിക്കി വേണ്ടി.

അതിലുള്ള ഓരോ ആള്‍ക്കാരും ഓരോ രംഗവും ഗംഭീരമാക്കിയിട്ടുണ്ട്. കാരണം ഓരോര്‍ത്തരും കൂറെ കാലായി ഒരു ഫ്രെയിമിന് വേണ്ടി കൊതിക്കുന്നവരാണ് അതുകൊണ്ട് മാക്സിമം ഉഷാറാക്കുകയെന്നെരു ലക്ഷ്യമാത്രെ ഉള്ളായിരുന്നു.

ക്വീന്‍ ഇപ്പോള്‍ അമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ് പടം ഇത്രക്ക് വലിയ വിജയമാകുമെന്ന് കരുതിയിരുന്നോ ?

ഞങ്ങള്‍ക്കൊരു കാര്യത്തില്‍ മാത്രം ഭയങ്കര വിശ്വാസമായിരുന്നു ഈ പടത്തിന്റ ലാസ്റ്റ് സീന്‍ ഉണ്ടല്ലോ.. അതുകേള്‍ക്കുമ്പോള്‍ നമുക്കറിയാം ഇത് കെള്ളേണ്ടിടത്ത് കൊള്ളുമെന്ന്. ബാക്കിയൊക്കെ എന്ന് പറയുന്നത് നമ്മള് ചെയ്യുന്ന ഫാക്ടറാണ് .

അപ്പം ചെറിയ ടെന്‍ഷന്‍ ഒക്കെയുണ്ടായി നമ്മള് ചെയ്ത് കുളമാക്കാന്‍ പറ്റില്ലല്ലോ. പിന്നെ ഇതിലേറ്റവും വലിയ കോണ്‍ഫിഡന്റ് ഫാക്ടര്‍ന്ന് പറഞ്ഞാ ഡിജോ ചേട്ടനാണ്. ഡിജോ ചേട്ടന്‍ എന്ത് കാര്യവും നമ്മളെ ലൈറ്റായി പറഞ്ഞ് മനസ്സിലാക്കി ചെയ്യിപ്പിച്ചെടുക്കുന്ന വ്യക്തിയാണ്. ഇത് ഒരിക്കലും ഒരു മോശം സിനിമയായിരിക്കില്ലായെന്നും മോശം സിനിമയിലാണ് അഭിനയിച്ചതെന്ന് ഞങ്ങളോടാരും പറയില്ലാന്നുള്ള കോണ്‍ഫിഡന്‍സുണ്ടായിരുന്നു. ഇത് ഹിറ്റാകും എന്ന് ഉറപ്പുണ്ടായിരുന്നു.

പിന്നെ പടം ഇത്രക്ക് ജനകീയമാക്കിയതിന്റെ ഒരു ഘടകം മെക്കിലുള്ള പിള്ളേരാണ് അവരാണിത് ആദ്യം ഏറ്റെടുത്ത് വിജയിപ്പിച്ച് തന്നത്. പിന്നീടാണ് മറ്റുള്ളവരിലേക്ക് ഈ പടം എത്തുന്നത് തന്നെ.

സിനിമ കണ്ടിട്ട് സിനിമാരംഗത്തുള്ള ആരെങ്കിലും വിളിച്ചിരുന്നോ ?

സിനിമ കണ്ടിട്ട് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ തിരക്കഥാകൃത്ത് ബിബിന്‍ ഏട്ടനാണ് ആദ്യം വിളിക്കുന്നത്. പിന്നെ വിജയ് ബാബു ചേട്ടന്‍ വിളിച്ചിരുന്നു. പിന്നെ ഏറ്റവും വലിയ സന്തോഷമുണ്ടാക്കിയത് ഞങ്ങള്‍ ശോഭാ സിറ്റിയില്‍ പോയപ്പോള്‍ സത്യന്‍ അന്തിക്കാടിനെ കണ്ടിരുന്നു. സത്യന്‍ സാര്‍ ശരിക്കും ക്വീന്‍ സിനിമ മുഴുവന്‍ കണ്ടിരുന്നില്ല. പടം കുറച്ച് കണ്ട് അപ്പോള്‍ എന്തോ ഒരു പ്രധാന കാര്യത്തിന് ഇടക്ക് നിര്‍ത്തി പോകേണ്ടി വന്നു. എന്നെ കണ്ടപ്പോള്‍ ആദ്യം ആ മോഹന്‍ലാല്‍ എന്ന് വിളിച്ചു, പിന്നെ ലാലേട്ടനോട് പറയാം എന്നൊക്കെ പറഞ്ഞു ശരിക്കും വലിയ സന്തോഷം തോന്നിയ ഒരു സമയമാണത്.

സിനിമ മോഹി എന്ന നിലയില്‍ നിന്ന് ഒരു സിനിമ ആക്ടര്‍ എന്ന നിലയിലുള്ള ഒരു ചെയ്ഞ്ച് എങ്ങിനെയുണ്ട് ?

ആക്ടറായിട്ടുള്ള ചെയ്ഞ്ച്, വീട്ടിലിരുന്നാല്‍ മനസ്സിലാവില്ല. മമ്മിക്ക് ഇപ്പോഴും പഴയ ഞാന്‍ തന്നെയാണെല്ലോ…അതു പോലെ തന്നെ കൂട്ടുകാരിടത്തിരുന്നാല്‍ ഒന്നും മനസ്സിലാവില്ല കാരണം അവര് ചുമ്മാ ഇങ്ങനെ കളിയാക്കി കൊണ്ടിരിക്കും. പക്ഷെ എനിക്ക് തോന്നുന്നു നമ്മള്‍ പരിചയമില്ലാത്ത സ്ഥലത്തേക്കു പോവുമ്പോള്‍ അവിടെ വച്ച് ആളുകള്‍ നമ്മളെ തിരിച്ചറിയുകയും ഒരുമിച്ച് സെല്‍ഫിയെടുക്കുകയും ചെയ്യുന്നത് വളരെ സന്തോഷമുള്ള കാര്യം തന്നെ. അതൊക്കെ വലിയ സന്തോഷമായി തോന്നിയിട്ടുണ്ട്.

സിനിമയാണ് തന്റെ മേഖല എന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ നിന്നുള്ള പ്രതികരണം എങ്ങിനെയായിരുന്നു ?

വീട്ടില്‍ സ്വഭാവികമായിട്ടും, അച്ചന്‍ എഞ്ചിനയറാണ്, ചേട്ടന്‍ എഞ്ചിനിയറാണ്, ഞാനും എഞ്ചിനിയറങ്ങിനായിരുന്നു, പക്ഷെ എനിക്ക് താല്‍പ്പര്യം സിനിമയാണെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. അച്ചന്റ ജ്യോഷ്ഠന്‍ അവരൊക്കെ വലിയ ആളുകളാണ്. പ്രീസ്റ്റ് പോലുള്ള ആളുകളൊക്കെയാണ്, അവരൊക്കെ ഒരുപാടന്നെ ഉപദേശിച്ചിരുന്നു. പക്ഷെ ഞാനും വിട്ടുകെടുക്കാന്‍ തയ്യാറായിരുന്നില്ല, എല്ലാത്തിനും തിരിച്ച് അപ്പപ്പോള്‍ തന്നെ മറുപടി പറഞ്ഞുകൊണ്ടിരിക്കും. നാട്ടുകാരില്‍ ചിലയാളുകള്‍ നമ്മളെ വല്ലാണ്ട് മോട്ടിവേറ്റ് ചെയ്തും, ചിലര് തളര്‍ത്തിയും, ഒന്നും ആവാത്ത സമയത്ത് എല്ലാവരും കുറ്റം പറഞ്ഞിരുന്നു, അത് പിന്നെ അന്നത്തെ സാഹചര്യം വെച്ച് അങ്ങനെയാണല്ലോ…

അന്നൊക്കെ എന്നെ പിടിച്ച് നില്‍ക്കാന്‍ സഹായിച്ചത് എന്റെ സുഹൃത്തുക്കളാണ്. സത്യം പറഞ്ഞാല്‍ എനിക്ക് അവരെ കുറിച്ച് അഭിമാനവും അഹങ്കാരവും എല്ലാം ഉണ്ട്. ഞാന്‍ സ്ട്രഗിള്‍ ചെയ്തിരുന്നപ്പോള്‍ ഒരു ആല്‍ബം ചെയ്യാന്‍ അവരാണ് കാശ് തന്നതൊക്കെ. പടം ഇറങ്ങിയ സമയത്ത് എനിക്ക് വേറെ ആരുടെയും അഭിപ്രായം കേള്‍ക്കുന്നതിനെക്കാള്‍ എനിക്ക് അറിയേണ്ടിയിരുന്നത് എന്റെ സുഹൃത്തുക്കളെ കുറിച്ചായിരുന്നു.

എന്താണ് അശ്വിന്റെ ഭാവി പരിപാടികള്‍ ?

നല്ല നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരു നല്ല അഭിനേതാവ് ആവണമെന്നാണ് ആഗ്രഹം… പിന്നെ എന്നെങ്കിലൊരിക്കല്‍ ഒരു സ്‌ക്രിപ്റ്റ് എഴുത്തുകാരനായിട്ടോ, മ്യൂസിക് ഡയറക്ടറായിട്ടോ, സ്റ്റണ്ട് ഡയറക്ടറായിട്ടോ ഒക്കെ സിനിമ ചെയ്യാണം എന്ന് ആഗ്രഹം ഉണ്ട്, എല്ലാം ഇഷ്ടമാണ് എല്ലാം ഞാന്‍ ഒരിക്കല്‍ ചെയ്യും, സിനിമയാണ് ഏറ്റവും വലിയത്.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.