രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതിന് മുമ്പ് ബാബരിയുടെ ചരിത്രം മറക്കരുത് എന്ന് ഓർമപ്പെടുത്തിക്കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നടന്ന ചർച്ചകളിൽ നിലാവിന്റെ പ്രഭയിൽ പൂക്കളാൽ അലങ്കരിച്ച ബാബരി മസ്ജിദിന്റെ പെയിന്റിങ്ങും ഇടംപിടിച്ചിരുന്നു.
പാലക്കാട്ടുകാരിയായ സൂര്യ ജി.കെ. ആയിരുന്നു ഈ ചിത്രം വരച്ചത്. വലിയ ഒരു അനീതിയെ കുറിച്ച് ചർച്ചകൾ നടക്കുമ്പോൾ, അതിന്റെ വേദന നിലനിൽക്കുമ്പോൾ, തന്റെ പെയിന്റിങ് കാണുന്നവർക്ക് സമാധാനം തോന്നണം എന്നാണ് താൻ ഉദ്ദേശിച്ചിരുന്നത് എന്ന് ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ സൂര്യ പറയുന്നു.
ഷഹാന എം.ടി: താങ്കൾ വരച്ച ബാബരി മസ്ജിദിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി പോസ്റ്റുകളിൽ ഷെയർ ചെയ്യപ്പെടുന്നത്. എന്ത് തോന്നുന്നു?
സൂര്യ ജി.കെ: ചിത്രത്തിന് കിട്ടുന്ന സ്വീകാര്യത കാണുമ്പോൾ ചിത്രകാരി എന്ന നിലയിൽ ചെറിയ സന്തോഷമുണ്ട്. വേറെയും ചിത്രകാരന്മാർ സമാനമായ പെയിന്റിങ്ങുകൾ ഷെയർ ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ഈ പെയിന്റിങ്ങിന്റെ പേരിൽ ചർച്ചകൾ ഉണ്ടാകുന്നു, അത് ഷെയർ ചെയ്യപ്പെടുന്നു. ഇത്രയും ബുദ്ധിമുട്ടുള്ള ഈ സമയത്ത് എനിക്കെവിടെയോ ഒരു ചെറിയ പ്രതീക്ഷയുണ്ട്. അത് മാത്രമേയുള്ളൂ.
ജനുവരി 21നാണ് ഞാൻ ഈ ചിത്രം വരയ്ക്കുന്നത്. ഇന്നലെ എനിക്ക് പക്ഷേ വലിയ പേടിയാണ് ഉണ്ടായത്. ഞാൻ പാലക്കാട്ടുകാരിയാണ്. കുറെയധികം ബ്രാഹ്മണരൊക്കെ ജീവിക്കുന്ന കല്പാത്തിയൊക്കെ കുറച്ചടുത്താണ്. അവിടെ ബി.ജെ.പിയെ ശക്തമായി പിന്തുണക്കുന്ന ഗ്രൂപ്പുകളൊക്കെയുണ്ട്.
എന്റെ പോസ്റ്റിന്റെ കമന്റുകൾക്ക് താഴെ ആളുകൾ എന്നോട് അഫ്ഗാനിസ്ഥാനിലേക്ക് പോ, പാകിസ്ഥാനിലേക്ക് പോ എന്നൊക്കെ പറയുന്നത് കാണുമ്പോൾ ന്യൂനപക്ഷമായി ജീവിക്കുന്ന ആളുകൾക്ക് ഉണ്ടാകുന്ന ആ ഒരു പേടി ഇന്നലെ എനിക്ക് നന്നായി ഉണ്ടായി.
ചെറിയൊരു പ്രതീക്ഷ ഉണ്ടാകുമ്പോഴും പേടിയാണ് ഉള്ളത്.
സർക്കാർ തന്നെ ഇത്രയും വലിയ ഒരു അമ്പലം കെട്ടുകയും ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവർണറുമൊക്കെ പോയി പൂജാരികൾ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ, ഇത്രയും വലിയ ആഘോഷങ്ങൾ നടക്കുമ്പോൾ എനിക്ക് പേടിയാണ് തോന്നിയത്.
ഷഹാന എം.ടി: എങ്ങനെയാണ് ഈ ചിത്രം വരക്കുന്നതിലേക്ക് എത്തുന്നത്?
സൂര്യ ജി.കെ: സത്യത്തിൽ ഇതൊരു വലിയ രാഷ്ട്രീയ പ്രസ്താവനയാകണമെന്ന് കരുതി ചെയ്തതല്ല. ഞാൻ കമ്മീഷൻ വർക്കുകൾ ചെയ്യുന്നതിനിടയിൽ ഇങ്ങനെ ആലോചിക്കുന്നുണ്ടായിരുന്നു. ജനുവരി 22ന് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കും. അതിനെ പിന്തുണച്ചുകൊണ്ടായിരിക്കും ധാരാളം പോസ്റ്റുകളും ചർച്ചകളും വരുന്നത്. അപ്പോൾ ഞാൻ ഒന്നും ചെയ്തില്ലെങ്കിൽ എനിക്ക് കുറ്റബോധം തോന്നും. എനിക്ക് എന്നോട് തന്നെ സങ്കടം തോന്നും.
അങ്ങനെയാണ് ഒരു അരമണിക്കൂർ സമയമെടുത്ത് ആ പെയിന്റിങ് ചെയ്യുന്നത്. ഇത്രയും ആളുകളിലേക്ക് ഷെയർ ചെയ്യപ്പെടുമെന്ന് അത് പോസ്റ്റ് ചെയ്യുമ്പോഴും ഞാൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. എന്റെ സമാധാനത്തിന് വേണ്ടി, ഒരിക്കൽ നീതി ലഭിക്കുമ്പോൾ ഞാൻ നിൽക്കുന്നത് ചരിത്രത്തിന്റെ തെറ്റായ വശത്താകരുത് എന്ന് ഉറപ്പിച്ചുകൊണ്ടാണ് ഞാൻ അത് വരച്ചത്.
2021ൽ ഈ പെയിന്റിങ്ങിന്റെ ഒരു കരട് രൂപം ഞാൻ വരച്ചിരുന്നു. അതിൽ റിവർക്ക് ചെയ്താണ് ഇപ്പോഴത്തെ ചിത്രം വരച്ചത്.
ഇത് വരക്കുമ്പോൾ ഈ രാഷ്ട്രീയ പ്രശ്നങ്ങൾക്കപ്പുറത്തേക്ക്, ആ ചിത്രം കാണുമ്പോൾ ഒരു സമാധാനം തോന്നണം എന്നാണ് ഞാൻ ചിന്തിച്ചത്. അതുകൊണ്ടാണ് ആ രീതിയിൽ വരച്ചത്.
എന്നാൽ അതിനെ വിമർശിച്ചുകൊണ്ട് കുറേ പോസ്റ്റുകൾ ഞാൻ കണ്ടിരുന്നു. കുറേ പൂവ് വരച്ചുവെച്ച് ഇത്രയും ലളിതമാക്കി വെക്കുന്നതാണോ നിങ്ങളുടെ പൊളിറ്റിക്സ് എന്ന്. പക്ഷേ ആ സമാധാനത്തിന് വേണ്ടി അത് വരക്കുമ്പോൾ അതിന് വളരെ രാഷ്ട്രീയപരമായ പ്രാധാന്യം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
ഷഹാന എം.ടി: സൂര്യ വരച്ച ചിത്രം കൂടുതൽ ആളുകളിലേക്ക് എത്തിയത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിച്ചിരുന്നോ?
സൂര്യ ജി.കെ: എനിക്ക് തോന്നുന്നത് മനുഷ്യർ മതത്തിൽ വിശ്വസിക്കുന്നത് ജീവിക്കാൻ വേണ്ടിയുള്ള പ്രതീക്ഷക്ക് വേണ്ടിയാണെന്ന്. എവിടെയെങ്കിലും പ്രതീക്ഷ അർപ്പിക്കാൻ വേണ്ടിയാണ് മനുഷ്യർക്ക് ആത്മീയതയും മതവും പ്രധാനമാകുന്നത്.
വളരെ ആഴത്തിൽ രാഷ്ട്രീയപരമായി ചിന്തിക്കുമ്പോൾ, നമ്മുടെ രാജ്യത്ത് ഒരു വലിയ അനീതി നടക്കുമ്പോൾ, ആ ഒരു പ്രതീക്ഷ ഒരുപക്ഷേ ഈ ചിത്രം നൽകിയിട്ടുണ്ടാകും.
കുറെയധികം മുസ്‌ലിം പ്രൊഫൈലുകളിലാണ് ഞാൻ ഇത് ഷെയർ ചെയ്തുകണ്ടത്. ആ ചിത്രം സമാധാനം നൽകുന്നത് കൊണ്ടാണ് അത് ഷെയർ ചെയ്യപ്പെട്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു.
വളരെ നിർണായകമായ, ബുദ്ധിമുട്ടുള്ള ദിവസം ആ ചിത്രം അവർക്ക് സമാധാനം നൽകിയിട്ടുണ്ടാകണം.
ഷഹാന എം.ടി: നിഷ്പക്ഷത ചമഞ്ഞ്, യാതൊരു രാഷ്ട്രീയ ബോധവും ഇല്ലാതെ ചിലർ എന്തിനാണ് അമ്പലത്തിന്റെയും പള്ളിയുടെയും പേര് പറഞ്ഞ് തർക്കിക്കുന്നത് എന്ന് തുടങ്ങിയ പ്രചരണവും ഇതിനിടയിൽ നടത്തുന്നുണ്ട്. അതിനെ എങ്ങനെ കാണുന്നു?
സൂര്യ ജി.കെ: പൊതുവിടങ്ങളിൽ നിലപാട് എടുത്തില്ലെങ്കിലും ചരിത്രം സ്വയം മനസിലാക്കുകയും നമ്മുടെ സ്വകാര്യ വലയങ്ങളിലെങ്കിലും ചർച്ചകൾ നടത്തുകയും ചെയ്യണം.
എന്റെ ചേച്ചി വളരെ നിഷ്പക്ഷമായി നിൽക്കുന്ന വ്യക്തിയാണ്. ഞാനാണെങ്കിൽ ബുദ്ധിമുട്ടി വാർത്തകളൊക്കെ പിന്തുടർന്ന് ജീവിക്കുമ്പോൾ അവൾ ഒന്നിനെ കുറിച്ചും ചിന്തിക്കാതെ സുഖമായി ജീവിക്കുന്നു. അതിൽ സമാധാനം കണ്ടെത്തുന്നവരും അപ്പുറത്തുണ്ട്. അത് തെറ്റാണെന്നൊന്നും ഞാൻ പറയുന്നില്ല. മനുഷ്യർക്ക് സമാധാനം വേണം.
പള്ളിയല്ല വേണ്ടത് അമ്പലമല്ല വേണ്ടത് നിങ്ങൾക്ക് സ്കൂളും ആശുപത്രിയും പണിതൂടെ എന്ന് ആളുകൾ ചോദിക്കുന്നത് ഞാൻ കണ്ടു. എന്റെ രേഖകളിൽ ഹിന്ദു എന്നാണെങ്കിലും ചെറുപ്പം മുതൽ മതത്തിൽ വിശ്വസിച്ചു ജീവിക്കുന്ന ആളല്ല ഞാൻ.
അവിടെ ഒരു അമ്പലം വന്നാലും പള്ളി വന്നാലും അത് എന്നെ ആശങ്കപ്പെടുത്തുന്ന കാര്യമല്ല. അത് ഒരു രാഷ്ട്രീയ വിഷയമാണ് എന്നതാണ് എന്നെ ബാധിക്കുന്ന വിഷയം.
നമ്മുടെ രാജ്യം മതേതരമാണെന്ന് നമ്മൾ കൊട്ടിഘോഷിക്കുമ്പോഴാണ് ഇത്രയും വലിയ അനീതി നടക്കുന്നത്. അപ്പോൾ അതിനെ കുറിച്ച് അറിഞ്ഞിരിക്കുക, ചരിത്രം എന്താണെന്ന് അറിയുക എന്നതെല്ലാം വളരെ പ്രധാനമാണ്. നിലപാട് എടുക്കുന്നതും എടുക്കാത്തതും അവരുടെ ഇഷ്ടം. പക്ഷേ അവിടെ നടന്നത് എന്താണ് എന്നതിൽ അവബോധം ഉണ്ടാകുക എന്നതാണ് വളരെ പ്രധാനം.
ഇൻസ്റ്റഗ്രാമിൽ നോർത്ത് ഇന്ത്യയിലേക്ക് എന്റെ പോസ്റ്റ് വളരെയധികം ഷെയർ ചെയ്യപ്പെട്ടിരുന്നു. അവിടെ നിന്ന് വരുന്ന കമന്റുകൾ, സുപ്രീം കോടതി വിധിക്കെതിരെയാണോ നിങ്ങൾ പോകുന്നത് എന്നൊക്കെയാണ്.
അപ്പോൾ നിങ്ങളുടെ രാജ്യത്തിന്റെ ചരിത്രം മനസിലാക്കുക, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പ്രസ്താവനകൾ വായിച്ചു മനസിലാക്കി കാര്യങ്ങൾ മനസിലാക്കുക എന്നത് ഇന്നത്തെ കാലത്ത് അനിവാര്യമാണ്.
ഷഹാന എം.ടി: താങ്കൾ ഒരു കലാകാരിയാണല്ലോ. സമീപകാലങ്ങളിൽ ചിത്രയെയും ശോഭനെയും പോലുള്ള കലാകാരന്മാർ നടത്തിയ പ്രസ്താവനകൾ വിമർശിക്കപ്പെട്ടിരുന്നു. അതിനെ മറികടക്കാൻ അവർ കലാകാരന്മാരാണ്, അവർക്ക് രാഷ്ട്രീയമറിയില്ല, അവരെ ഒന്നിലേക്കും വലിച്ചിഴക്കരുത് എന്നൊക്ക സമൂഹത്തിൽ അവർക്ക് പ്രതിരോധം സൃഷ്ടിക്കുന്നു. ഇതിനോട് എന്താണ് അഭിപ്രായം?
സൂര്യ ജി.കെ: ഇവരുടെയെല്ലാം കല പിന്തുടരുന്ന ആളാണ് ഞാൻ. അവരുടെ നിലപാടിന്റെ പേരിൽ അവരെ സംഘം ചേർന്ന് ആക്രമിക്കുന്നതിനെതിരാണ് ഞാൻ. ശോഭനയുടെ സിനിമ കാണില്ല, ചിത്രയുടെ പാട്ട് കേൾക്കില്ല, ഇന്നലെ ക്ഷേത്ര ഉദ്ഘാടനത്തിന് പോയവരുടെ സിനിമ ബഹിഷ്കരിക്കും എന്നെല്ലാം ചിലർ പറയുന്നത് കണ്ടു. അതല്ല ഇതിനെല്ലാം പരിഹാരം.
അവരെ വിമർശിക്കുന്നവരുടെ രാഷ്ട്രീയം എനിക്ക് മനസിലാകാറില്ല. വലിയ പ്രശ്നങ്ങൾ നിലനിൽക്കെ ചെറിയ പ്രശ്നങ്ങൾ തേടിപ്പോകും പോലെ. അവർ അവരുടെ നിലപാട് പറഞ്ഞിട്ട് പൊക്കോട്ടെ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഷഹാന എം.ടി: കഴിഞ്ഞ ദിവസം ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടന്നപ്പോൾ ചുറ്റുമുള്ള പലരുടെയും മുഖം മൂടികൾ അഴിഞ്ഞുവീഴുന്നതായി തോന്നിയിരുന്നോ?
സൂര്യ ജി.കെ: തീർച്ചയായും. ഞാൻ കുറേ പേജുകൾ അൺഫോളോ ചെയ്തു. നമ്മൾ ഇത്രയും കാലം വിശ്വസിച്ചിരുന്ന, അല്ലെങ്കിൽ നമ്മൾ വളരെ അടുപ്പം കാണിച്ചിരുന്ന മനുഷ്യരുടെ രാഷ്ട്രീയം നമുക്ക് വളരെ വ്യക്തമായി.
അവർക്ക് വളരെ സുരക്ഷിതമായ ഇടം ലഭിച്ച പോലെ ഇതിനെ കുറിച്ച് സംസാരിക്കുകയും ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ ഷെയർ ചെയ്യുന്നതും കാണുമ്പോൾ ബുദ്ധിമുട്ടുണ്ട്.
നമുക്ക് വ്യക്തമായി അനീതിയായി തോന്നുന്ന കാര്യം അവർക്ക് മനസിലായില്ലേ, അപ്പുറത്ത് നിൽക്കുന്ന ആളുകൾക്ക് ഇതൊരു വലിയ ആഘോഷമായിട്ടാണോ തോന്നുന്നത് എന്നൊക്കെ ഞാൻ ചിന്തിച്ചു.
സ്കൂളിൽ എനിക്കൊപ്പം പഠിച്ചിരുന്ന ആളുകളും സാമൂഹ്യ മാധ്യമങ്ങളിൽ നമ്മൾ സംസാരിച്ചിരുന്ന ആളുകളുമെല്ലാം വളരെ കൃത്യമായി നടന്ന അനീതിയെ പിന്തുണക്കുന്നത് കാണുമ്പോൾ എനിക്ക് പ്രതീക്ഷയറ്റ് പോകുന്നു, വിഷമം തോന്നുന്നു.
ഷഹാന എം.ടി: കല സൃഷ്ടിക്കുന്ന പ്രതിരോധം ഇന്നത്തെ കാലത്ത് എത്രത്തോളം പ്രസക്തമാണ് എന്നാണ് സൂര്യ കരുതുന്നത്?
സൂര്യ ജി.കെ: നിശബ്ദമായി നിൽക്കുന്നത് ഇതുപോലെയുള്ള സാഹചര്യങ്ങളിൽ ഒരു കുറ്റകൃത്യമാണെന്ന് എനിക്ക് തോന്നാറുണ്ട്. ഞാൻ എന്റെ മനസാക്ഷിക്ക് വേണ്ടിയാണ് ഈ ചിത്രം വരച്ചതെങ്കിലും അത് ഒരു വലിയ ചർച്ചയുടെ ഭാഗമായി. ചിത്രകാരി എന്ന നിലയിൽ ഞാൻ അവിടെ ഇല്ലെങ്കിലും എന്റെ ചിത്രം അവിടെയെത്തി.
അപ്പോൾ കലക്ക് വളരെ സാധ്യതകളുണ്ട്. കലയ്ക്ക് ഒരു ചർച്ച രൂപപ്പെടുത്താനും ഒരു മനുഷ്യനെക്കൊണ്ട് എന്തെങ്കിലും പറയുവാനും പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അത് വളരെ ശക്തമായ ടൂൾ ആണ്. ശക്തരായ മനുഷ്യർ കലയെയും കലാകാരന്മാരെയും ഭയക്കുന്നത് നമ്മളും വർഷങ്ങളായി കാണുന്നു.
Content Highlight: Interview with Artist Soorya GK about her viral painting on Babari masjid