രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതിന് മുമ്പ് ബാബരിയുടെ ചരിത്രം മറക്കരുത് എന്ന് ഓർമപ്പെടുത്തിക്കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നടന്ന ചർച്ചകളിൽ നിലാവിന്റെ പ്രഭയിൽ പൂക്കളാൽ അലങ്കരിച്ച ബാബരി മസ്ജിദിന്റെ പെയിന്റിങ്ങും ഇടംപിടിച്ചിരുന്നു.
പാലക്കാട്ടുകാരിയായ സൂര്യ ജി.കെ. ആയിരുന്നു ഈ ചിത്രം വരച്ചത്. വലിയ ഒരു അനീതിയെ കുറിച്ച് ചർച്ചകൾ നടക്കുമ്പോൾ, അതിന്റെ വേദന നിലനിൽക്കുമ്പോൾ, തന്റെ പെയിന്റിങ് കാണുന്നവർക്ക് സമാധാനം തോന്നണം എന്നാണ് താൻ ഉദ്ദേശിച്ചിരുന്നത് എന്ന് ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ സൂര്യ പറയുന്നു.
ഷഹാന എം.ടി: താങ്കൾ വരച്ച ബാബരി മസ്ജിദിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി പോസ്റ്റുകളിൽ ഷെയർ ചെയ്യപ്പെടുന്നത്. എന്ത് തോന്നുന്നു?
സൂര്യ ജി.കെ: ചിത്രത്തിന് കിട്ടുന്ന സ്വീകാര്യത കാണുമ്പോൾ ചിത്രകാരി എന്ന നിലയിൽ ചെറിയ സന്തോഷമുണ്ട്. വേറെയും ചിത്രകാരന്മാർ സമാനമായ പെയിന്റിങ്ങുകൾ ഷെയർ ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ഈ പെയിന്റിങ്ങിന്റെ പേരിൽ ചർച്ചകൾ ഉണ്ടാകുന്നു, അത് ഷെയർ ചെയ്യപ്പെടുന്നു. ഇത്രയും ബുദ്ധിമുട്ടുള്ള ഈ സമയത്ത് എനിക്കെവിടെയോ ഒരു ചെറിയ പ്രതീക്ഷയുണ്ട്. അത് മാത്രമേയുള്ളൂ.
ജനുവരി 21നാണ് ഞാൻ ഈ ചിത്രം വരയ്ക്കുന്നത്. ഇന്നലെ എനിക്ക് പക്ഷേ വലിയ പേടിയാണ് ഉണ്ടായത്. ഞാൻ പാലക്കാട്ടുകാരിയാണ്. കുറെയധികം ബ്രാഹ്മണരൊക്കെ ജീവിക്കുന്ന കല്പാത്തിയൊക്കെ കുറച്ചടുത്താണ്. അവിടെ ബി.ജെ.പിയെ ശക്തമായി പിന്തുണക്കുന്ന ഗ്രൂപ്പുകളൊക്കെയുണ്ട്.
എന്തുകൊണ്ടോ എനിക്ക് ചെറിയ പേടിയുണ്ട്. രാഷ്ട്രീയ ചർച്ചകളിലെല്ലാം മുമ്പ് ഞാൻ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വലിയ രീതിയിലുള്ള ചർച്ചകളുടെ ഭാഗമായിരുന്നില്ല.
എന്റെ പോസ്റ്റിന്റെ കമന്റുകൾക്ക് താഴെ ആളുകൾ എന്നോട് അഫ്ഗാനിസ്ഥാനിലേക്ക് പോ, പാകിസ്ഥാനിലേക്ക് പോ എന്നൊക്കെ പറയുന്നത് കാണുമ്പോൾ ന്യൂനപക്ഷമായി ജീവിക്കുന്ന ആളുകൾക്ക് ഉണ്ടാകുന്ന ആ ഒരു പേടി ഇന്നലെ എനിക്ക് നന്നായി ഉണ്ടായി.
ചെറിയൊരു പ്രതീക്ഷ ഉണ്ടാകുമ്പോഴും പേടിയാണ് ഉള്ളത്.
സർക്കാർ തന്നെ ഇത്രയും വലിയ ഒരു അമ്പലം കെട്ടുകയും ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവർണറുമൊക്കെ പോയി പൂജാരികൾ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ, ഇത്രയും വലിയ ആഘോഷങ്ങൾ നടക്കുമ്പോൾ എനിക്ക് പേടിയാണ് തോന്നിയത്.
വീടുകളിൽ ഇരിക്കുമ്പോൾ പോലും നമ്മളിൽ ആ ഭീതി സൃഷ്ടിക്കുന്നത് ഇവിടുത്തെ സർക്കാർ തന്നെയാണ് എന്നതാണ് ഏറെ ഖേദകരം.
ഷഹാന എം.ടി: എങ്ങനെയാണ് ഈ ചിത്രം വരക്കുന്നതിലേക്ക് എത്തുന്നത്?
സൂര്യ ജി.കെ: സത്യത്തിൽ ഇതൊരു വലിയ രാഷ്ട്രീയ പ്രസ്താവനയാകണമെന്ന് കരുതി ചെയ്തതല്ല. ഞാൻ കമ്മീഷൻ വർക്കുകൾ ചെയ്യുന്നതിനിടയിൽ ഇങ്ങനെ ആലോചിക്കുന്നുണ്ടായിരുന്നു. ജനുവരി 22ന് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കും. അതിനെ പിന്തുണച്ചുകൊണ്ടായിരിക്കും ധാരാളം പോസ്റ്റുകളും ചർച്ചകളും വരുന്നത്. അപ്പോൾ ഞാൻ ഒന്നും ചെയ്തില്ലെങ്കിൽ എനിക്ക് കുറ്റബോധം തോന്നും. എനിക്ക് എന്നോട് തന്നെ സങ്കടം തോന്നും.
അങ്ങനെയാണ് ഒരു അരമണിക്കൂർ സമയമെടുത്ത് ആ പെയിന്റിങ് ചെയ്യുന്നത്. ഇത്രയും ആളുകളിലേക്ക് ഷെയർ ചെയ്യപ്പെടുമെന്ന് അത് പോസ്റ്റ് ചെയ്യുമ്പോഴും ഞാൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. എന്റെ സമാധാനത്തിന് വേണ്ടി, ഒരിക്കൽ നീതി ലഭിക്കുമ്പോൾ ഞാൻ നിൽക്കുന്നത് ചരിത്രത്തിന്റെ തെറ്റായ വശത്താകരുത് എന്ന് ഉറപ്പിച്ചുകൊണ്ടാണ് ഞാൻ അത് വരച്ചത്.
2021ൽ ഈ പെയിന്റിങ്ങിന്റെ ഒരു കരട് രൂപം ഞാൻ വരച്ചിരുന്നു. അതിൽ റിവർക്ക് ചെയ്താണ് ഇപ്പോഴത്തെ ചിത്രം വരച്ചത്.
ഇത് വരക്കുമ്പോൾ ഈ രാഷ്ട്രീയ പ്രശ്നങ്ങൾക്കപ്പുറത്തേക്ക്, ആ ചിത്രം കാണുമ്പോൾ ഒരു സമാധാനം തോന്നണം എന്നാണ് ഞാൻ ചിന്തിച്ചത്. അതുകൊണ്ടാണ് ആ രീതിയിൽ വരച്ചത്.
എന്നാൽ അതിനെ വിമർശിച്ചുകൊണ്ട് കുറേ പോസ്റ്റുകൾ ഞാൻ കണ്ടിരുന്നു. കുറേ പൂവ് വരച്ചുവെച്ച് ഇത്രയും ലളിതമാക്കി വെക്കുന്നതാണോ നിങ്ങളുടെ പൊളിറ്റിക്സ് എന്ന്. പക്ഷേ ആ സമാധാനത്തിന് വേണ്ടി അത് വരക്കുമ്പോൾ അതിന് വളരെ രാഷ്ട്രീയപരമായ പ്രാധാന്യം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
ഷഹാന എം.ടി: സൂര്യ വരച്ച ചിത്രം കൂടുതൽ ആളുകളിലേക്ക് എത്തിയത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിച്ചിരുന്നോ?
സൂര്യ ജി.കെ: എനിക്ക് തോന്നുന്നത് മനുഷ്യർ മതത്തിൽ വിശ്വസിക്കുന്നത് ജീവിക്കാൻ വേണ്ടിയുള്ള പ്രതീക്ഷക്ക് വേണ്ടിയാണെന്ന്. എവിടെയെങ്കിലും പ്രതീക്ഷ അർപ്പിക്കാൻ വേണ്ടിയാണ് മനുഷ്യർക്ക് ആത്മീയതയും മതവും പ്രധാനമാകുന്നത്.
വളരെ ആഴത്തിൽ രാഷ്ട്രീയപരമായി ചിന്തിക്കുമ്പോൾ, നമ്മുടെ രാജ്യത്ത് ഒരു വലിയ അനീതി നടക്കുമ്പോൾ, ആ ഒരു പ്രതീക്ഷ ഒരുപക്ഷേ ഈ ചിത്രം നൽകിയിട്ടുണ്ടാകും.
കുറെയധികം മുസ്‌ലിം പ്രൊഫൈലുകളിലാണ് ഞാൻ ഇത് ഷെയർ ചെയ്തുകണ്ടത്. ആ ചിത്രം സമാധാനം നൽകുന്നത് കൊണ്ടാണ് അത് ഷെയർ ചെയ്യപ്പെട്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു.
വളരെ നിർണായകമായ, ബുദ്ധിമുട്ടുള്ള ദിവസം ആ ചിത്രം അവർക്ക് സമാധാനം നൽകിയിട്ടുണ്ടാകണം.
ഷഹാന എം.ടി: നിഷ്പക്ഷത ചമഞ്ഞ്, യാതൊരു രാഷ്ട്രീയ ബോധവും ഇല്ലാതെ ചിലർ എന്തിനാണ് അമ്പലത്തിന്റെയും പള്ളിയുടെയും പേര് പറഞ്ഞ് തർക്കിക്കുന്നത് എന്ന് തുടങ്ങിയ പ്രചരണവും ഇതിനിടയിൽ നടത്തുന്നുണ്ട്. അതിനെ എങ്ങനെ കാണുന്നു?
സൂര്യ ജി.കെ: പൊതുവിടങ്ങളിൽ നിലപാട് എടുത്തില്ലെങ്കിലും ചരിത്രം സ്വയം മനസിലാക്കുകയും നമ്മുടെ സ്വകാര്യ വലയങ്ങളിലെങ്കിലും ചർച്ചകൾ നടത്തുകയും ചെയ്യണം.
എന്റെ ചേച്ചി വളരെ നിഷ്പക്ഷമായി നിൽക്കുന്ന വ്യക്തിയാണ്. ഞാനാണെങ്കിൽ ബുദ്ധിമുട്ടി വാർത്തകളൊക്കെ പിന്തുടർന്ന് ജീവിക്കുമ്പോൾ അവൾ ഒന്നിനെ കുറിച്ചും ചിന്തിക്കാതെ സുഖമായി ജീവിക്കുന്നു. അതിൽ സമാധാനം കണ്ടെത്തുന്നവരും അപ്പുറത്തുണ്ട്. അത് തെറ്റാണെന്നൊന്നും ഞാൻ പറയുന്നില്ല. മനുഷ്യർക്ക് സമാധാനം വേണം.