കോഴിക്കോട് ബീച്ചിലിരുന്ന് ഞങ്ങളോട് സംസാരിക്കുമ്പോള്‍ അപര്‍ണ്ണയുടെ മുഖത്ത് അനുഭവങ്ങളുടെ ശാന്തതയും വാക്കുകളില്‍ ഇനിയും ഒരുപാട് ചെയ്ത് തീര്‍ക്കാനുള്ളതിന്റെ ആവേശവും ഉണ്ടായിരുന്നു. 14 വര്‍ഷം മുമ്പ് മാധ്യമ പ്രവര്‍ത്തനത്തിന് വിരാമമിട്ട് സ്വന്തം വഴി തെരഞ്ഞെടുക്കുമ്പോള്‍ ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ചുള്ള ബോധ്യത്തിന് ഇന്ന് കൂടുതല്‍ തെളിമയുണ്ടെന്ന് മാത്രം. സോഷ്യോയുടെ അമരക്കാരിയായി തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള യാത്രയിലാണ് അപര്‍ണ്ണ വിശ്വനാഥ്.
കേരളത്തിലേയും കര്‍ണ്ണാടകയിലേയും തമിഴ്‌നാടിലേയും വിവിധ സ്‌കൂളുകളും കുടുംബശ്രീ പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം സോഷ്യോയിലൂടെ അപര്‍ണ്ണ കണ്ട കാഴ്ച്ചപ്പാടുകളിലേക്കു കൂടിയാണ് അടുക്കുന്നത്. ലിംഗ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ചായ്പാനി എന്ന മീഡിയ കളക്ടീവ് ചേര്‍ന്ന് കര്‍ണ്ണാടകയില്‍ നിന്നും തെരഞ്ഞെടുത്ത ഈ വര്‍ഷത്തെ അഞ്ച് സോഷ്യല്‍ ചെയ്ഞ്ച് മേക്കറിലെരാളാണ് അപര്‍ണ.
സോഷ്യോ എന്ന ഓര്‍ഗനൈസേഷനിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും അവരുടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ മാറ്റാനും സ്വയം കരുത്താര്‍ജിക്കാനും ശീലിപ്പിക്കുകയാണ് അപര്‍ണ. അവരുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ആരെങ്കിലുമൊക്കെ തുടങ്ങി വേക്കേണ്ട സാമൂഹ്യ മാറ്റത്തിന്റെ തുടക്കക്കാരിയാണ് അപര്‍ണ. സോഷ്യോ എന്ന സംരംഭത്തെ കുറിച്ചും തന്റെ വിഷനെ കുറിച്ചും മനസു തുറക്കുകയാണ് അവര്‍. ഒപ്പം ഒറ്റയ്ക്ക് ഒരു സംരംഭത്തിന്റെ അമരക്കാരിയായുള്ള ജീവിതത്തെ കുറിച്ചും.
സോഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമുകളാണല്ലോ സോഷ്യോയുടെ ഹൈലൈറ്റ്. സോഷ്യല്‍ ഇന്റലിജന്‍സ് എന്നതുകൊണ്ട് സോഷ്യോ അര്‍ത്ഥമാക്കുന്നത് എന്താണ്?
സോഷ്യല്‍ ഇന്റലിജന്‍സ് എന്താണെന്ന് ഗൂഗിളിലും വിക്കിപീഡിയയിലുമൊക്കെ നോക്കിയാല്‍ ഒരുപാട് ഉത്തരങ്ങള്‍ കിട്ടും. പക്ഷെ സോഷ്യല്‍ ഇന്റലിജന്‍സ് എന്നതുകൊണ്ട് സോഷ്യോ ഉദ്ദേശിക്കുന്നത് വേറെയാണ്. നാല് സികള്‍ എന്നതാണ് സോഷ്യല്‍ ഇന്റലിജന്‍സ് എന്നതുകൊണ്ട് സോഷ്യോ അര്‍ത്ഥമാക്കുന്നത്. കംപാഷന്‍, കറേജ്, കണ്‍വിക്ഷന്‍, കോമണ്‍ സെന്‍സ്.
ആദ്യത്തേത്, സി ഫോര്‍ കംപാഷന്‍. ഇന്നത്തെ സമൂഹത്തില്‍ ഇല്ലാതായി മാറികൊണ്ടിരിക്കുന്നതാണ് കംപാഷന്‍ എന്നത്. രണ്ടാമത്തെ സി കറേജ് ആണ്. “നോ” എന്നതിനെ അംഗീകരിക്കാനുള്ള കറേജ്. ജീവിതത്തില്‍ തോല്‍വികള്‍ ഉണ്ടാകുമ്പോള്‍ അത് അംഗീകരിച്ച് മുന്നോട്ട് പോകാന്‍ കഴിയണം. ഉദാഹരണത്തിന് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് ഒരുപാട് കാലം തയ്യാറെടുത്ത കുട്ടി പക്ഷെ പരീക്ഷയില്‍ പരാജയപ്പെടുന്നു എന്നു കരുതുക. പരീക്ഷയില്‍ പരാജയപ്പെട്ടു എന്നു കരുതി അവിടെ ജീവിതം തീരുന്നില്ല. അടുത്ത പോംവഴി ആത്മഹത്യയല്ല. അത്തരം സാഹചര്യങ്ങളില്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരിക്കണം. അങ്ങനെ ഒരു ആള്‍ട്ടര്‍നേറ്റീവ് പ്ലാന്‍ ഉണ്ടെങ്കില്‍ ജീവിതത്തില്‍ മുന്നോട്ട് പോകാനും അടുത്ത സ്റ്റേജിലേക്ക് കടക്കാനും സാധിക്കും.
അടുത്തത് കണ്‍വിക്ഷന്‍ ആണ്. നമ്മള്‍ ഒരു പ്ലാന്‍ രൂപികരിക്കുന്നു. എന്നിട്ട് സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി അത് അച്ചീവ് ചെയ്യാന്‍ ശ്രമിക്കുന്നു അല്ലെങ്കില്‍ അതിലേക്ക് അടുക്കുന്നു. കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തെ ഏന്റെ അനുഭവം വച്ച് ഇത് വളരുന്നതിന് പകരം കുറഞ്ഞ് വരുന്നതായാണ് എനിക്ക് കാണാന്‍ സാധിക്കുന്നത്. ജീവിതത്തില്‍ എവിടെയെങ്കിലും ഒരു റോഡ് ബ്ലോക്ക് ഉണ്ടായാല്‍ അവിടെ തീരും.
നാലാമത്തെ സി കോമണ്‍സെന്‍സ് ആണ്. ഒരുപാട് പഠിച്ചതുകൊണ്ടോ പിച്ച്ഡി നേടിയത് കൊണ്ടോ കോമണ്‍സെന്‍സ് ഉണ്ടാകില്ല. അത് ജീവിതാനുഭവങ്ങളില്‍ നിന്നുമുണ്ടാകേണ്ടതാണ്. കംഫര്‍ട്ട് സോണ്‍ ബ്രേക്ക് ചെയ്ത് സ്വയം കരുത്താര്‍ജിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കണം. കോമണ്‍സെന്‍സിനും കറേജിനുമാണ് സോഷ്യോ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്.
ഇതോടൊപ്പം സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് ഒരു പ്രോഗ്രാം കൂടെ ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതില്‍ തന്നെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈനിലും എങ്ങനെ സുരക്ഷിതരായിരിക്കാം എന്നതിനെ കുറിച്ച് സ്ത്രീകള്‍ക്കായി പ്രേത്യക പ്രോഗ്രാം തന്നെയുണ്ട്. പലപ്പോഴും അത്തരം സംഭവങ്ങള്‍ കുട്ടികള്‍ പുറത്ത് പറയുന്നത് എന്തെങ്കിലും സംഭവിച്ചതിന് ശേഷം മാത്രമായിരിക്കും. അതുകൊണ്ട് ഈ പ്രോഗ്രാമിലൂടെ സൈബര്‍ സെക്യൂരിറ്റിയെ കുറിച്ചുള്ള ബോധവത്കരണമാണ് സോഷ്യോ ലക്ഷ്യമിടുന്നത്. നേരത്തെ ഇത് ഓഫ് ലൈനായും ചെയ്തിരുന്നു. ഇപ്പോഴത് ഓണ്‍ലൈനായും ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സോഷ്യോയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ്?
പല എയ്ജ് ഗ്രൂപ്പുകള്‍ക്കിടയില്‍ നിന്നുമുള്ളവര്‍ ഞങ്ങളെ സമീപിക്കാറുണ്ട്. പക്ഷെ ഞങ്ങളുടെ അനുഭവത്തില്‍ നിന്നും മനസിലാക്കിയത് എന്തെന്നാല്‍ 30 വയസ് കഴിഞ്ഞവരില്‍ ഒരു മാറ്റം കൊണ്ടു വരിക എന്നതു ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ്. അതുകൊണ്ട് ആറാം ക്ലാസുമുതലുള്ള കുട്ടികളാണ് ഞങ്ങളുടെ പ്രോഗ്രാമിന്റെ ഭാഗമാകുന്നത്.
ഡിപ്രെഷന്‍, കോപ്പറേറ്റീവ് സ്പിരിറ്റ്, പോസിറ്റീവിറ്റി തുടങ്ങി പന്ത്രണ്ട് ടച്ച് പോയന്റ്‌സുണ്ട്. അതനുസരിച്ചാണ് പ്രോഗ്രാമുകള്‍ നടത്താറ്. ചിലപ്പോള്‍ ഓരോ സ്‌കൂളും അവര്‍ക്ക് ആവശ്യം എതാണെന്ന് പറയും. അപ്പോള്‍ അതനുസരിച്ച് മാറ്റങ്ങള്‍ വരുത്തും. സ്‌കൂളുകള്‍ കൂടുതലും ആവശ്യപ്പെടാറ് പരാജയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതായിരിക്കും. മറ്റൊന്ന് ഡിപ്രെഷനും ആംഗ്‌സൈറ്റിയും എങ്ങനെ നേരത്തെ തന്നെ തിരിച്ചറിയാം എന്നതായിരിക്കും.
സോഷ്യോയുടെ പഠനങ്ങളില്‍ നിന്നും മനസിലായ മറ്റൊരു കാര്യം കുട്ടിക്കള്‍ക്കിടയിലെ കമ്മ്യൂണിക്കേഷന്‍ കുറഞ്ഞു വരുന്നു എന്നതാണ്. കുട്ടികളും രക്ഷിതാക്കളുമായുള്ള കമ്യൂണിക്കേഷനും വളരെ കുറവാണ്. പലപ്പോഴും ടീച്ചേഴ്‌സിന്റെ ഈഗോ കാരണമായിരിക്കും കുട്ടികള്‍ ബുദ്ധിമുട്ടുന്നത്. അതുകൊണ്ട് ടീച്ചേഴ്‌സിനും രക്ഷിതാക്കള്‍ക്കുമായി ഒരു പ്രേത്യക മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്.
കാരണം നമ്മള്‍ കുട്ടികളെ എത്ര ബോധവത്കരിച്ചാലും അവര്‍ മടങ്ങി ചെല്ലുന്നത് ഇതേ കൈകളിലേക്കാണ്. എന്റെ ഒരു സുഹൃത്തിന്റെ മകന്റെ അനുഭവം അതിന് ഒരുദാഹരണമാണ്. ക്ലാസിലിരുന്ന് സംസാരിച്ചതിന് അവനോട് ടീച്ചര്‍ പറഞ്ഞത് പെണ്‍കുട്ടികളുടെ ഇടയിലിരുത്തും എന്നായിരുന്നു. ഇതിലൂടെ എന്ത് സന്ദേശമാണ് ആ ടീച്ചേഴ്‌സ് നല്‍കുന്നത്. പെണ്‍കുട്ടികളെന്തോ ഇന്‍ഫീരിയര്‍ ക്രീയേച്ചര്‍ ആണെന്നാണോ?
പെണ്‍കുട്ടികളുമായി ഇടകലര്‍ന്ന് ഇരിക്കാനോ ഇടപഴകാനോ പാടില്ല എന്നാണോ? തിരുവനന്തപുരത്തെ സ്‌കൂളിലുണ്ടായതിന് സമാനമായ സംഭവമാണിത്. അതുകൊണ്ട് സോഷ്യല്‍ ഇന്റലിജന്‍സ് നിര്‍ബന്ധമായും വേണ്ടത് ടീച്ചേഴ്‌സിനാണ്. കാരണം അവരില്‍ നിന്നും ലഭിക്കുന്ന തെറ്റായ ഒരു സന്ദേശം കുട്ടിയുടെ മനസില്‍ കാലങ്ങളോളം മായാതെ നില്‍ക്കും. ആണ്‍-പെണ്‍ വ്യത്യാസം ഇന്ന് സ്‌കൂളിലും കോളേജിലുമൊക്കെ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. പണ്ടൊന്നും അങ്ങനെയായിരുന്നില്ല. ഈ അകലം കൂട്ടാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ശ്രമിക്കുന്നത്. പ്രത്യേകിച്ചും സ്‌കൂളുകളില്‍. ഇത് കുറച്ചു കൊണ്ടു വരണം.
സോഷ്യോ എന്ന ചിന്തയിലേക്ക് താങ്കള്‍ എത്തിച്ചേരുന്നത് എങ്ങനെയായിരുന്നു?
ഒരിക്കല്‍ മകന്‍ വീണപ്പോള്‍ വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീ അവനോട് ചോദിച്ചത് നീയെന്താ പെണ്‍കുട്ടികളെ പോലെ സംസാരിക്കുന്നത് എന്നായിരുന്നു. ജെന്ററില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളായിരുന്നിട്ടും എനിക്കതിന്റെ ഇംപാക്ട് ആദ്യം മനസിലായില്ല. അന്ന് ഞാന്‍ ഐ.ഐ.എമ്മില്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. അമ്മ ഫോണ്‍ ചെയ്ത് പറഞ്ഞപ്പോളാണ് ഞാനിത് അറിഞ്ഞത്.
ഞാന്‍ തിരിച്ച് വന്നപ്പോള്‍ അവനെന്നോട് ചോദിച്ചു. എന്താ പെണ്‍കുട്ടികളെ എല്ലാവരും ക്രൈ ബേബീസ് എന്നു വിളിക്കുന്നത്. ആണ്‍കുട്ടികള്‍ കരയുമ്പോള്‍ എന്താ എല്ലാവരും കളിയാക്കുന്നത്.? ആ ചോദ്യം എന്നെ കൊണ്ട് ചിന്തിപ്പിച്ചു. നമ്മുടെ സ്റ്റീരിയോടിപ്പിക് നോഷന്‍ എത്ര ചെറുപ്പത്തിലാണ് നമ്മളില്‍ വര്‍ക്ക് ചെയ്തു തുടങ്ങുന്നത്.
അങ്ങനെയാണ് സോഷ്യോയെ കുറിച്ചും സോഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചുമെല്ലാം ചിന്തിച്ചു തുടങ്ങുന്നത്. 2010 ലായിരുന്നു സംഭവം. 2012ലാണ് റെയ്‌സ് സോഷ്യോയായി മാറുന്നത്. ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞു. കഴിഞ്ഞ മൂന്ന വര്‍ഷമായി സോഷ്യോയുടെ പ്രവര്‍ത്തനം വളരെ നല്ല നിലയിലാണ്.
ഒരു വണ്‍മാന്‍ ആര്‍മിയാണോ?
ഒറ്റയ്ക്ക് ഒരാളെ കൊണ്ട് എല്ലാം ഒറ്റയടിക്ക് ശരിയാക്കാന്‍ പറ്റില്ല. പക്ഷെ ആരെങ്കിലും എവിടെയെങ്കിലും തുടങ്ങിയല്ലേ പറ്റൂ. ഒരു മാസം പത്ത് പേര്‍ക്കെങ്കിലും മാറ്റം വരുത്താന്‍ സാധിച്ചാല്‍ എന്റെ ലക്ഷ്യം പൂര്‍ത്തിയായി.
കുട്ടികളുമായി വളരെ അടുത്ത ഇടപഴകുന്നയാളാണ്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ നേരിടുന്ന ഏതൊക്കെ പ്രശ്‌നങ്ങളെയാണ് സോഷ്യോ അഭിസംബോധന ചെയ്യുന്നത്?
കുട്ടികള്‍ അവരുടെ കംഫര്‍ട്ട് സോണ്‍ ബ്രേക്ക് ചെയ്ത് പുറത്തു വരണം. കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ അവര്‍ പ്രാപ്തരാകണം. കോമണ്‍സെന്‍സോടെ കാര്യങ്ങളെ സമീപിക്കാന്‍ കഴിയണം. അതിന് വലിയ ഡിഗ്രിയൊന്നും വേണ്ട. ചാലഞ്ചിംഗായ അനുഭവങ്ങളിലൂടെ അവര്‍ കടന്നു പോകണം. കുട്ടികളെ ഇന്‍ഡിപെന്‍ഡന്റ് ആയി ജീവിക്കാനായിരിക്കണം സ്‌കൂളില്‍ നിന്നും വീട്ടില്‍ നിന്നും ശീലിപ്പിക്കേണ്ടത്. എല്ലാം ചെയ്ത് കൊടുത്ത് ചെയ്തു കൊടുത്ത് അവര്‍ക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഇല്ലാത്ത അവസ്ഥയിലാണ് ഇന്നത്തെ കുട്ടികളുടെ അവസ്ഥ.
കുട്ടികള്‍ കാര്യങ്ങളെ വളരെ അഗ്രസീവായി സമീപിക്കുന്നവരായി മാറുന്നു. കാരണം അവര്‍ക്ക് ചുറ്റും പ്രതീക്ഷകളാണ്. അതൊക്കെ തകരുമ്പോള്‍ അവര്‍ അഗ്രസീവായിട്ടായിരിക്കും പ്രതികരിക്കുക. പക്ഷെ ഇതൊന്നും നമ്മുടെ കരിക്കുലത്തില്‍ ഇല്ല. ഇതൊക്കെയാണ് സോഷ്യോ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത്.
കുട്ടികള്‍ക്കിടയിലെ ആത്മഹത്യ വര്‍ധിച്ചു വരുന്നതായി കാണുന്നുണ്ട്. അതിന്റെ കാരണമെന്തായിരിക്കാം?
കഴിഞ്ഞ കുറച്ചു നാളത്തെ അനുഭവങ്ങളില്‍ മനസിലായിട്ടുള്ളത് കുട്ടികള്‍ക്കിടയിലെ ആത്മഹത്യ വര്‍ധിച്ചു വരുന്നു എന്നതാണ്. അതില്‍ തന്നെ ആണ്‍കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. അതിന് കാരണം തങ്ങളുടെ വികാരങ്ങളെ അടക്കി വെക്കാനാണ് സമൂഹം കാലങ്ങളായി അവരെ ശീലിപ്പിച്ചു വെച്ചിരിക്കുന്നത് എന്നതാണ്. അതിന്റെ ഫലമോ? വികാരങ്ങളും അനുഭവങ്ങളുമൊന്നും ആരുമായും പങ്കുവെക്കാനില്ല എന്നു വരുമ്പോളാണ് അവര്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നത്. വികാരങ്ങളില്‍ നിന്നും ഓടിയൊളിക്കരുത്. ഫൈറ്റ് ചെയ്യുന്നതിന് പകരം അതിനെ മറികടന്ന് ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ കഴിയണം. കരഞ്ഞു തീര്‍ക്കാനുള്ളത് കരഞ്ഞ് തന്നെ തീര്‍ക്കണം. കുട്ടികള്‍ക്കിടയിലെ ഈ ആത്മഹത്യ റേറ്റാണ് കേരളം തെരഞ്ഞെടുക്കാന്‍ എന്നെ പ്രചോദിപ്പിച്ചത്.
രക്ഷിതാക്കള്‍ തങ്ങളുടെ ആഗ്രഹങ്ങളെ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണോ?
രക്ഷിതാക്കള്‍ക്ക് കുട്ടികളോടുളള പെരുമാറ്റത്തില്‍ കുറേയൊക്കെ മാറ്റം വന്നിട്ടുണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ ഇപ്പോഴും പൂര്‍ണ്ണമായും അവരെ മനസിലാക്കാന്‍ സാധിക്കാത്ത രക്ഷിതാക്കളുമുണ്ട്. പരീക്ഷയില്‍ അല്‍പ്പം മാര്‍ക്ക് കുറഞ്ഞു പോയാല്‍ ലോകം കീഴ്‌മേല്‍ മറിയുമെന്ന പോലെയാണ് ചില രക്ഷിതാക്കള്‍ പെരുമാറുന്നത്. കുട്ടികളെ അവര്‍ സമ്മര്‍ദ്ദം ചെലുത്തി പഠിപ്പിക്കുന്നു. തങ്ങളെ കൊണ്ട് നേടാന്‍ കഴിയാതെ പോയത് മക്കളെ കൊണ്ട് നേടാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നം.
പിന്നെ കുറേ ആളുകള്‍ മൊബൈലിനെ കുറ്റം പറയും. എല്ലാ കാലത്തും കണ്ടുപിടുത്തങ്ങളുണ്ടായിട്ടുണ്ട്. ടെലിവിഷന്‍ വന്നപ്പോ എല്ലാവരും പറഞ്ഞു കണ്ണട വെക്കേണ്ടി വരുമെന്ന് ലാപ്പ് ടോപ്പ് വന്നപ്പോഴും ഇതുതന്നെ പറഞ്ഞു. മൊബൈലിനെ കുറ്റം പറയുന്ന അതേ രക്ഷിതാവ് തന്നെയാണ് കുട്ടിയ്ക്ക് വാങ്ങി കൊടുക്കുന്നതും. പിന്നെ അവനത് ഉപയോഗിക്കില്ലേ. വാങ്ങിച്ച് കൊടുക്കുന്നതിന് മുമ്പ് തന്നെ നിയന്ത്രണം ഉറപ്പുവരുത്തണം. കുട്ടിയ്ക്ക് മൊബൈല്‍ ഉപയോഗിക്കാനുള്ള പ്രായമായോ എന്നും രക്ഷിതാക്കള്‍ തീരുമാനിക്കേണ്ടതാണ്.
എന്നിട്ടും ഒരു കുട്ടി വീഡിയോ ഗെയിമിലും മറ്റും അഡിക്ട് ആവുകായണെങ്കില്‍, പിന്നെ നോക്കേണ്ടത് എന്ത് ബദലാണ് നിങ്ങള്‍ കുട്ടിയ്ക്ക് കാണിച്ചു കൊടുക്കുന്നത് എന്നാണ്. എന്തെങ്കിലും സ്‌പോര്‍ട്‌സ് ആക്ടിവിറ്റിയിലോ ക്രീയേറ്റീവായ എന്തെങ്കിലിലുമോ ആക്ടീവ് ആക്കുക. അല്ലെങ്കില്‍ രക്ഷിതാക്കള്‍ തന്നെ പുസ്തകങ്ങള്‍ വായിപ്പിച്ച് കേള്‍പ്പിക്കുക. അങ്ങനെ എന്തെങ്കിലും ആക്ടിവിറ്റീസുമായി അവരെ ബന്ധപ്പെടുത്താന്‍ കഴിയണം.
നിങ്ങള്‍ ഇതൊന്നും ചെയ്തു കൊടുത്തില്ലെങ്കില്‍ അവരെങ്ങനെ പഠിക്കും? ഇന്‍വെന്‍ഷന്‍സിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കുട്ടികളെ കുറ്റം പറയാന്‍ എളുപ്പമാണ്. പക്ഷെ പ്രശ്‌നങ്ങളെ കാരണത്തെ ഒരിക്കും അഡ്രസ് ചെയ്യുന്നില്ല. അതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
ആദ്യമൊത്തും ഇത്രയും സങ്കീര്‍ണ്ണമാണ് പ്രശ്‌നമെന്ന് അറിയില്ലായിരുന്നു. പക്ഷെ ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ അറിയാന്‍ സാധിക്കുന്നു. അങ്ങനെ സോഷ്യോയും വികസിച്ച് വരികയാണ്. കൂടുതല്‍ പ്രോഗ്രാമുകളുമായി.
സോഷ്യോയ്ക്ക് പിന്നില്‍ ആരൊക്കെയാണ്?
ഞങ്ങള്‍ മൂന്ന് പേരാണുള്ളത്. പ്രശാന്തും പ്രകാശും ഞാനും. പ്രശാന്ത് സോഷ്യോയുടെ ഓപ്പറേഷന്‍സും മറ്റ് കാര്യങ്ങളും മറ്റും നോക്കുന്നു. എക്‌സിക്യൂഷന്‍ എന്റെ ചുമതലയാണ്. പ്രകാശ് ഒരു തിയ്യറ്റര്‍ ആര്‍ട്ടിസ്റ്റാണ്. കര്‍ണ്ണാടകയിലെ കാര്യങ്ങളെ പ്രകാശാണ് കൈകാര്യം ചെയ്യുന്നത്.
സ്ത്രീ എന്ന നിലയില്‍ സോഷ്യോ ആരംഭിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?
ഒരു സ്ത്രീ സംരംഭക എന്ന നിലയില്‍ വ്യക്തിപരമായി മോശം അനുഭവങ്ങളൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ അത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ള ഒരുപാടു പേരെ കണ്ടിട്ടുണ്ട്.
സോഷ്യോയ്ക്ക് മുമ്പ് റേസ് ആയിരുന്നല്ലോ?
ആദ്യം റേസ് ആയിരുന്നു. അന്ന് ഞാന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഇന്ന് സോഷ്യോയായപ്പോള്‍ ഞങ്ങള്‍ മൂന്നു പേരായി. പിന്നെ ഡിസൈനിംഗിലും കണ്‍സള്‍ട്ടിംഗിലുമായി ഞങ്ങള്‍ എട്ടു പേരുള്ള ഒരു ടീമാണ്. സോഷ്യോ വളരുന്നതിന് അനുസരിച്ച് ടീമും വളരുന്നുണ്ട്.
റേസ് ആരംഭിക്കുന്നത് എങ്ങനെയാണ്?
മാധ്യമ പ്രവര്‍ത്തകയായിരുന്ന കാലത്ത് ഒരുപാട് യാത്രകളൊക്കെ ചെയ്യേണ്ടി വരുമായിരുന്നു. ഞാനൊരു ഗ്രാമത്തിലാണ് ജനിച്ചതും വളര്‍ന്നതുമെല്ലാം. കഴിവുണ്ടായിട്ടും അവസരം കിട്ടാത്ത നല്ല രീതിയില്‍ ഇംഗ്ലീഷ് പറയാന്‍ കഴിയാത്ത സമൂഹത്തെ ഫേസ് ചെയ്യാന്‍ പറ്റാത്ത സ്വന്തം സ്വപ്നങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത കുട്ടികളെ കണ്ടിട്ടുണ്ട്. അങ്ങനെയാണ് ആ തീരുമാനത്തിലേക്ക് ഞാനെത്തുന്നത്. മാധ്യമ പ്രവര്‍ത്തനം മതിയാക്കാമെന്ന്.
അങ്ങനെയാണ് റേസ് തുടങ്ങുന്നത്. റേസിന്റെ തുടക്കം വളരെ ഗംഭീരമായിരുന്നു. കാരണം അന്ന് ഇന്‍സ്റ്റിറ്റിയൂഷണല്‍ ട്രെയിനിംഗിന് അധികം ആരുമുണ്ടായിരുന്നില്ല. പോണ്ടിച്ചേരിയും തമിഴ്നായും കര്‍ണ്ണാടകയും കേരളവുമായിരുന്നു പ്രധാന പ്രവര്‍ത്തന മണ്ഡലങ്ങള്‍. അന്ന് കേരള സര്‍ക്കാരിന്റെ അക്ഷയ പദ്ധതിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും അഭിമാനമാണ്. കേരളത്തില്‍ അക്ഷയയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. എന്റെ ആരോഗ്യ പ്രശ്‌നം വരുന്നതു വരെ റേസ് വളരെ നന്നായി തന്നെയായിരുന്നു പോയിരുന്നത്.
ഒറ്റയ്ക്കായിരുന്നതിനാല്‍ കമ്പനി നോക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആരോഗ്യ സ്ഥിതിയൊക്കെ വീണ്ടെടുത്ത് തിരിച്ചു വരുമ്പോഴേക്കും റേസ് തകര്‍ന്നിരുന്നു. ഇതിനിടെ രണ്ട് സംരംഭങ്ങള്‍ തുടങ്ങിയിരുന്നു. രണ്ടും വിജയമായിരുന്നെങ്കിലും ചില കാരണങ്ങളാല്‍ അതില്‍ നിന്നും പിന്മാറുകയായിരുന്നു. ഒന്നൊരു ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനിയും മറ്റൊന്ന് മാച്ച് മേക്കിംഗ് കമ്പനിയുമായിരുന്നു.
പിന്നീട് എങ്ങിനെയാണ് റേസ് സോഷ്യോ ആയി മാറുന്നത് ?
രണ്ട് ബിസിനസ് അവസാനിപ്പിച്ച ശേഷം ഞാന്‍ ഐ.ഐ.എമ്മില്‍ ഒരു എന്‍ര്‍പ്യൂണര്‍ഷിപ്പ് മാനേജ്മെന്റ് പഠിക്കാന്‍ പോയി, വിമന്‍ എന്‍ര്‍പ്യൂണര്‍ഷിപ്പ് മാനേജ്മെന്റ. അവിടെ ഞാന്‍ എന്റെ പ്രോജക്ട് ആയി റേസ് റീ ലോഞ്ച് ചെയ്യുന്നതരത്തില്‍ ആതായത് ഒരു കംപ്ലീറ്റ് ഫിനിഷിംഗ് എന്ന തരത്തില്‍ ഉള്ള ബിസിനസ് പ്ലാന്‍ ആണ് അവതരിപ്പിച്ചത്. അതിന് റാങ്ക് അടക്കം കിട്ടി. ഇത് പ്രസന്റ് ചെയ്യുന്ന സമയത്ത് ഇന്‍വെസ്റ്റേഴ്സ് അവിടെ ഉണ്ടാകും. ഞാന്‍ ഇത് പ്രസന്റ് ചെയ്ത സമയത്ത് കുറേ ഇന്‍വേസ്റ്റേഴ്സ് ഇതില്‍ ഫണ്ട് ചെയ്യാനും വാങ്ങാനും താല്‍പര്യം കാണിച്ചു.
അപ്പോഴാണ് എനിക്ക് റേസിന് ഒരു തിരിച്ച് വരവുണ്ടെന്ന് വിശ്വാസം വന്നത്. അതേ സമയത്താണ് മോന്റെ ആ സംഭവം നടക്കുന്നത് പിന്നീട് റീ ലോഞ്ച് ചെയ്ത് കുറച്ച് കഴിഞ്ഞ് ഒരു പുതിയ ബ്രാന്റ് ആവാം എന്നു കരുതിയാണ് സോഷ്യോ എന്ന് പേര് ഇട്ടത്.
സോഷ്യായുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് ?
ഇപ്പോള്‍ സൗത്ത് ഇന്ത്യയില്‍ ആണ് സോഷ്യോ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അത് കൂടുതലായി ട്രൈബല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കണം അതിന് പുറമേ 2018ല്‍ അത് നോര്‍ത്ത് ഈസ്റ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഒരുപാട് പരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും സപ്തസഹോദരിമാര്‍ എന്ന് അറിയപ്പെടുന്ന നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ അത് കുറവാണ്. എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് ട്രൈബല്‍ മേഖലയില്‍ കൂടുതല്‍ വര്‍ക്ക് ചെയ്യണമെന്നത്. അത് ഇപ്പോഴാണ് സാധ്യമാകുന്നത്.
പിന്നെ 2018ല്‍ ചെയ്യാന്‍ ഉദ്ദേശിച്ച വലിയ ഒരു പദ്ധതി, ഭിന്നശേഷിക്കാരായ വ്യക്തികളെയും ട്രാന്‍സ്ജെന്റേഴ്സിനെയും അംഗീകരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം എന്നതാണ്. ഭിന്നശേഷിക്കാരയ വ്യക്തികളെ സമൂഹത്തില്‍ മുന്നോട്ടേക്ക് കൊണ്ടുവരുന്നതിനും സമൂഹത്തില്‍ അവരോടുള്ള കാഴ്ചപ്പാട് മാറ്റാനും ഉള്ള ഒരു പദ്ധതിയാണ്.
പിന്നെ ട്രാന്‍സ്ജെന്‍ഡേഴ്സിനോട് സ്‌കൂളുകളില്‍ നിന്നുമുള്ള സമീപനം എങ്ങനെ മാറ്റാം എന്നതാണ്. ഒരു മാറ്റി നിര്‍ത്തലുകളും ഇല്ലാതെ അവരെ കൂടെ അംഗീകരിച്ച് സാധാരണ രീതിയിലേക്ക് കൊണ്ടുവരണം. അതിന് കുട്ടികളെയും മുതിര്‍ന്നവരുടെയും ചിന്താരീതി മാറണം. അവരോട് ഒരു മുഷിപ്പ് ഇല്ലാത്ത രീതിയില്‍ അംഗീകരിക്കാനും അവരെ കാണുമ്പോള്‍ മുഖം തിരിച്ച് പോകാതിരിക്കാനും കുട്ടികളെ ട്രെയിന്‍ ചെയ്യിക്കുക എന്നതും സോഷ്യോയുടെ ഒരു ലക്ഷ്യമാണ്. പക്ഷേ അത് ഒരു പാട് റിസേര്‍ച്ച് ഒക്കെ നടത്തി മാത്രമേ നടപ്പിലാക്കാന്‍ പറ്റൂ. ഇതൊക്കെയാണ് 2018 ലെ സോഷ്യോയുടെ ലക്ഷ്യങ്ങള്‍.
ഇങ്ങനെ ഒരു ചിന്ത വന്നതിന് ഒരു കാരണം ഞങ്ങളുടെ ക്ലൈന്റ് ആയ രണ്ട് എം.എന്‍.സികളില്‍ നിന്നുകൂടിയാണ്. അവരുടെ കമ്പനിയില്‍ ഒരു ശതമാനം ഭിന്നശേഷിക്കാരായ ആളുകളാണ്. എന്നാല്‍ ഒരു ഘട്ടം കഴിയുമ്പോള്‍ അവര്‍ക്ക് പല കാരണങ്ങള്‍ കൊണ്ട് ഗ്രോത്ത് ഉണ്ടാവാതിരിക്കുകയാണ്. സ്വയം മാറി നില്‍ക്കുന്നതോ മറ്റുള്ളവര്‍ മാറ്റി നിര്‍ത്തുന്നതോ ആണ് അത്. ശരിക്കും കൂടെ നില്‍ക്കുന്നവരുടെ സപ്പോര്‍ട്ട് വേണം പക്ഷേ പലപ്പോഴും ആ സപ്പോര്‍ട്ട് അവര്‍ക്ക് കിട്ടില്ല. അപ്പം അവര്‍ക്ക് എത്ര പരിപാടികള്‍ നടത്തിയാലും കൂടെയുള്ളവര്‍ സപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ വളരാന്‍ കഴിയില്ല. അപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് കൂടെയുള്ള മാനേജര്‍സിനെയും തൊഴിലാളികളുടെയും ആറ്റിറ്റിയൂഡ് മാറ്റാന്‍ ഉള്ള പദ്ധതിയാണ്.
പിന്നെയൊന്ന് ഇന്നിപ്പം ഞാന്‍ ക്ലാസ് അറ്റന്റ് ചെയ്തപ്പോ അവിടുത്തെ ഒരു കുട്ടി എന്നോട് പറഞ്ഞു അവന്റെ ക്ലാസില്‍ ഇപ്പോള്‍ കുട്ടികള്‍ സെല്‍ഫി എടുക്കുമ്പോള്‍ അവനുണ്ടെങ്കില്‍ അവര്‍ എടുക്കില്ല എന്ന്. കാരണം അവന്റെ നിറമാണ്. അവന്‍ കറുത്തിട്ടാണ് എന്നാണ് അതിനു പറയുന്ന കാരണം. ഇപ്പോഴും വര്‍ണ്ണവിവേചനം നമ്മുടെയിടയില്‍ ഉണ്ടെന്നതിന്റെ സൂചനയാണിത്. നമ്മള്‍ എങ്ങിനെയാണോ ആ രീതിയില്‍തന്നെ ജീവിക്കാനുള്ള കോണ്‍ഫിഡന്‍സ് കുട്ടികളില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു പ്രോഗ്രാം ഞങ്ങള്‍ നടത്തും.
സോഷ്യോക്ക് പ്രധാനമായും മൂന്ന് ഘടകങ്ങള്‍ അല്ലെങ്കില്‍ മൂന്ന് പ്രവര്‍ത്തന രീതികള്‍ ഉണ്ട്. ഒന്ന് കോര്‍പ്പറേറ്റുകളിലെ ഡി ആന്റ് ഐ പ്രോഗ്രാം (Diversity and Inclusion), രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ സോഷ്യല്‍ ഇന്റലിജന്‍സ് പരിപാടികള്‍, മൂന്നാമത്തെത് സ്ത്രീ ശാക്തീകരണങ്ങള്‍ക്കുള്ള സഹായങ്ങള്‍. ഇതില്‍ എന്റെ വലിയ ഒരു ക്ലൈന്റാണ് കുടുംബശ്രീ അതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്.
ഞാന്‍ ഇത്രയും കൂടുതല്‍ ശാക്തീകരണം വേറെ ഒരു പദ്ധതിയിലും കണ്ടിട്ടില്ല. ഒരു മുന്‍ പരിചയവും ഇല്ലാത്ത ചുറ്റുപാടില്‍ നിന്നാണ് അവര്‍ വരുന്നത്. ഒരു മാസം കൊണ്ട് നമ്മള്‍ അവരെ ട്രെയിന്‍ ചെയ്ത് കഴിയുമ്പോഴേക്കും അവര്‍ക്ക് വരുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്.
ഏതൊക്കെ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് ഭാഗങ്ങളില്‍ സോഷ്യോ നടത്താന്‍ ഉദ്ദേശിക്കുന്നത്?
പ്രധാനമായും സ്ത്രിസംരംഭകത്വമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. അവിടെ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ബഹുമാനം കിട്ടുന്നുണ്ട്. സപ്ത സഹോദരിമാര്‍ എന്ന മിത്തിന്റെ കൂടിയായിരിക്കണം അത്. അവിടെ തീരുമാനങ്ങള്‍ എടുക്കുന്നതിന് പോലും സ്ത്രീകള്‍ക്ക് മുന്‍ഗണനയുണ്ട്. അവിടെ പ്രധാനമായും സ്ത്രീകള്‍ക്കിടയില്‍ നിന്നുമുള്ള സംരംഭകത്വം ഉറപ്പ് വരുത്താനാണ്
ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കൂടാതെ കുട്ടികളുടെയടക്കം ഇമോഷണല്‍ വെല്‍ ബീയിംഗ്, സ്‌കില്‍ ഡെവലപ്പ്മെന്റ് തുടങ്ങിയവയും പ്രോഗ്രാമിന്റെ ഭാഗമാകും.
എഷ്യാനെറ്റ് പോലുള്ള ഒരു ചാനലില്‍ ജോലി ചെയ്ത് തുടക്കം. പിന്നീട് അവിടുന്ന് ഒരു ഇംഗ്ലീഷ് ചാനലിലേക്ക് പോകുന്നു. അവിടുന്നും ഒരു ദിവസം ജോലി ഉപേക്ഷിച്ച് റേസ് പോലുള്ള പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ കുടുംബത്തില്‍ നിന്നുള്ള പിന്തുണ എങ്ങിനെയായിരുന്നു?
ആരും എതിര്‍ക്കുകയൊന്നും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും എനിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയത്. ഭര്‍ത്താവ് ബാലുവും എനിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയത്. എനിക്ക് ശരിയെന്ന് തോന്നുന്നതാണ് ഞാന്‍ പണ്ടു മുതലെ ചെയ്തു പോന്നിരുന്നത്. അതു തന്നെയാണ് ഇപ്പാഴും ചെയ്യുന്നത്.
പുറകോട്ടു നോക്കുമ്പോള്‍ ഞാന്‍ പൂര്‍ണസംതൃപ്തയാണ്. സാമ്പത്തികമായി ഒരു പക്ഷേ എനിക്ക് ഒരുപാട് നഷ്ടങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. ജേര്‍ണലിസത്തില്‍ തന്നെ നില്‍ക്കുകയായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു സീനിയര്‍ എഡിറ്റര്‍ പോസ്റ്റിലേക്ക് ഒക്കെ ഞാന്‍ എത്തിയേക്കാം. പക്ഷേ ഈ ജീവിതം ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ഒരുപാട് ആളുകള്‍ ജോലി മടുത്ത് ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് എല്ലാ ദിവസവും വ്യത്യസ്തമാണ്. എല്ലാ ദിവസവും പുതിയ ആളുകള്‍, പുതിയ ജീവിതം, പ്രശ്നങ്ങള്‍, രീതികള്‍ അങ്ങിനെ എല്ലാം പുതിയതായിരുന്നു. മറ്റൊന്ന് പോസിറ്റിവിറ്റിയാണ്. ഐ ഓള്‍വെയ്സ് ലുക്ക് ഫോര്‍വേര്‍ഡ് ഫോര്‍ മൈ ഡെ. ആളുകള്‍ എന്ന സ്വീകരിക്കുന്നതിന് പിന്നിലും അവരൊക്കെ എടുത്തു പറയുന്നതും ഈ പോസിറ്റിവിറ്റിയെയാണ്.
പിന്നെ കുട്ടികള്‍, ഞാന്‍ എപ്പോഴും പറയും എന്റെ ജീവിതത്തില്‍ ഞാന്‍ ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിച്ചിരിക്കുന്നത് കുട്ടികളില്‍ നിന്നാണ്. അവരുടെ ചോദ്യങ്ങളില്‍ നിന്നും മറ്റുമാണ് പുതിയ പുതിയ പാഠങ്ങള്‍ ഞാന്‍ ഉള്‍ക്കൊണ്ടത്. നമ്മള്‍ കുട്ടികളുടെ അടുത്ത് എന്ത് എന്ന് ചോദിക്കാനാല്ല പ്രേരിപ്പിക്കുന്നത് എന്ത് കൊണ്ടില്ല എന്ന് ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്.
എന്റെ ജീവിതത്തിലെ പോസിറ്റിവിറ്റിയുടെ പ്രധാന കാരണക്കാരന്‍ മകന്‍ ഇന്ദീരവ് ആണ്. എന്റെ ജീവിതത്തിലേയും തീരുമാനങ്ങളിലേയും ഏറ്റവും വലിയ കോണ്‍ട്രിബ്യൂട്ടിംഗ് ഫാക്ടര്‍ എന്റെ മകന്‍ ഇന്ദീരവാണ്. അവനാണ് എന്റെ സപ്പോര്‍ട്ടറും മോട്ടിവേറ്ററുമെല്ലാം. സോഷ്യോയുടെ പ്രവര്‍ത്തനങ്ങളുമായി ഞാന്‍ പുറത്താണെങ്കിലും അവന് സ്വയം കാര്യങ്ങള്‍ നോക്കാന്‍ സാധിക്കും. ഒരിക്കല്‍ പോലും ഞാന്‍ അടുത്തുണ്ടാകണമെന്ന് വാശി പിടിച്ചിട്ടില്ല. എന്നെ മനസിലാക്കാനും അതുനസരിച്ച് ഒപ്പം നില്‍ക്കാനും അവനറിയാം.
കുടുംബം പോലെ തന്നെ എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സുഹൃത്തുക്കള്‍. അവരുടെ പിന്തുണയ്ക്കും എന്റെ നേട്ടങ്ങളില്‍ വലിയ പങ്കുണ്ട്. എവിടെ പോയാലും അവിടെയുള്ള സുഹൃത്തുക്കളെ കാണാനും ഒത്തു ചേരാനുമെല്ലാം ശ്രമിക്കാനുണ്ട്. ചാറ്റ് ബോക്സിനകത്ത് ഒതുക്കി നിര്‍ത്താതെ സൗഹൃദങ്ങളെ നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്.
അപര്‍ണയുടെ കുട്ടികാലത്തെക്കുറിച്ച്
ഞാന്‍ പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ ഒരു കൂട്ടുകുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ വിശ്വനാഥന്‍. അമ്മ പ്രഭ, മരിച്ചു പോയി. ഇപ്പോഴും കൂട്ടുകുടുബമായി തന്നെയാണ് ഞങ്ങള്‍ കഴിയുന്നത്. ഇന്നും ഒരു അടുക്കളയില്‍ പാകം ചെയ്ത് ഒരുമിച്ച് കഴിച്ച്. എനിക്ക് തോന്നുന്നു ഈ കുട്ടുകുടുംബത്തില്‍ ജീവിച്ചതായിരിക്കാം എനിക്ക് ആളുകളുമായി എളുപ്പത്തില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്നത്. എനിക്ക് ഒരു ഇരട്ട സഹോദരനാണ് ഉള്ളത്. പേര് അര്‍ജുന്‍.
നാട്ടുപുറത്ത് ആണെന്നു കരുതി ഇംഗ്ലീഷ് എനിക്ക് ഒരിക്കലും തലവേദനയായിരുന്നില്ല. അതിന് കാരണം അച്ഛനായിരുന്നു. അദ്ദേഹം നന്നായി വായിക്കുകയും എഴുതുകയുമൊക്കെ ചെയ്യുമായിരുന്നു. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് പുസ്തകങ്ങളുമായി ചെറുപ്പം മുതലെ അടുപ്പമുണ്ടായിരുന്നു. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ആംഗ്ലോ ഇന്ത്യന്‍ വംശജയായ ടീച്ചറിനും പഠനത്തില്‍ വലിയ പങ്കുണ്ടായിരുന്നു. തൃശ്ശൂര്‍ വിമല കോളെജിലായിരുന്നു ഡിഗ്രീ പഠനം. പക്ഷെ അവിടെ അധികനാള്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. അവിടുത്തെ ലിംഗവിവേചനമായിരുന്നു പ്രധാന കാരണം. അതുകൊണ്ട് കുറച്ചുനാള്‍ ഒരു ബ്രേക്ക് എടുക്കുകയായിരുന്നു.
പക്ഷെ അച്ഛന്റെ വാക്കുകള്‍ എന്നെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. തോറ്റ് പിന്മാറാനുള്ളതല്ല, പൊരുതി വിജയിക്കാനുള്ളതാണ് ജീവിതമെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. തിരിച്ച് വീണ്ടും കോളേജിലെത്തി. കോളേജ് ഇലക്ഷനില്‍ മത്സരിച്ചു ചെയര്‍പേഴ്സണ്‍ ആയി. സ്റ്റാര്‍ ഓഫ് വിമല അവാര്‍ഡും ലഭിച്ചിരുന്നു.
പിന്നീട് ആണ് ഞാന്‍ കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ കമ്മ്യൂണിക്കേഷന്‍ ജേര്‍ണലിസത്തില്‍ പി.ജി ചെയ്യുന്നത്.
ജീവിതത്തില്‍ എന്നെ സ്വാധീച്ച മറ്റൊരു വ്യക്തി അമ്മയാണ്. അപാര വില്‍പവറായിരുന്നു അമ്മക്ക്. ശരിക്കും ഇത്ര ബോള്‍ഡ് ആയി മുന്നോട്ടേക്ക് പോകാന്‍ എന്നെ സഹായിച്ചതില്‍ ഒരു കാരണം അമ്മയാണ്.രണ്ട് വര്‍ഷം മുമ്പായിരുന്നു അമ്മ മരിച്ചത്.
അമ്മയുടെ വേര്‍പാട് എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. ഒരു ഘട്ടത്തില്‍ വിഷാദത്തിലേക്ക് വരെ എത്തുകയുണ്ടായി. അതില്‍ നിന്നും കരകയറാന്‍ കൗണ്‍സിലിംഗ് വേണ്ടി വന്നു. ഒരുപക്ഷെ അതായിരിക്കാം കുട്ടികളിലടക്കമുണ്ടാകുന്ന ഡിപ്രഷനെ നേരത്തെ തന്നെ തിരിച്ചറിയാനും അതിനെ എങ്ങനെ മറികടക്കാന്‍ സാധിക്കുമെന്നും മനസിലാക്കാന്‍ സഹായിച്ചത്. നേരത്തെ തന്നെ തിരിച്ചറിഞ്ഞാല്‍ ഡിപ്രഷനില്‍ നിന്നും വേഗത്തില്‍ പുറത്ത് കടക്കമെന്ന് ഉറപ്പ് പറയാന്‍ സാധിക്കുന്നത് അനുഭവത്തില്‍ നിന്നും പഠിച്ചതു കൊണ്ടാണ്.
സോഷ്യോ അല്ലാതെ മറ്റ് ബിസിനസ് പദ്ധതികള്‍ എന്തെല്ലാമാണ് ?
സോഷ്യോക്ക് പുറമേ ടാന്‍സ്‌ഫോം ഐ.ടി സോല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് കമ്പനിയുടെ ട്രൈനിംഗ് ഹെഡ് ആണ്. അവിടെ ഞങ്ങള്‍ ഹാര്‍ഡ്വേര്‍ എഞ്ചിനിയറിംഗില്‍ IOT, ഡാറ്റാ അനലറ്റിംങ് ബിഗ് ഡാറ്റ എന്നിവയെ കുറിച്ച് ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസുകള്‍ നടത്തുന്നുണ്ട്. അതില്‍ IOT എന്നാല്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് എന്നാണ് പറയുന്നത്, അതായത് ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉപകരണങ്ങളെ പ്രവര്‍ത്തിപ്പിക്കാം. ഇതിനെ കുറിച്ച് ഞങ്ങള്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലും ക്ലാസുകള്‍ നടത്തുന്നുണ്ട്.
ഇതിന് പുറമേ blue lotus home stay എന്ന പേരില്‍ ഒരു ഹോം സ്റ്റേയും നടത്തുന്നുണ്ട്. അത് കുടുംബം മൊത്തം നടത്തുന്നതാണ്. അച്ഛനും ഞാനും സഹോദരനും, ഞങ്ങള്‍ മൂന്ന് പേര്‍ക്കും സര്‍വ്വീസ് ഇന്‍ട്രസ്ട്രി ഇഷ്ടമുള്ളവരാണ്. അതു കൊണ്ടാണ് ടൂറിസം രംഗത്തേക്ക് ഇറങ്ങാന്‍ കാരണമായത്.
ഇതിനിടയില്‍ നൃത്തത്തിലും കമ്പമുണ്ടല്ലേ?
ചെറുപ്പത്തില്‍ ഭരതനാട്യം പഠിച്ചിരുന്നു. പിന്നെ കഥക് പഠിച്ചു. പക്ഷെ അതിനിടയ്ക്ക് ആരോഗ്യം വില്ലനായതോടെ കഥക് വിടേണ്ടി വന്നു. പിന്നീടാണ് ഒഡീസിയില്‍ എത്തുന്നത്. ഇപ്പോഴും ഡാന്‍സിനോട് ഏറെ പ്രിയമാണ്. ജോലിയില്‍ നിന്നെല്ലാം ഇടവേളയെടുത്ത് കുറച്ച് വേദികളില്‍ നൃത്തം ചെയ്യണമെന്നുണ്ട്. മനസില്‍ ഒരുപാട് ആഗ്രഹിക്കുന്ന കാര്യമാണത്.
കുടുംബത്തെ കുറിച്ച്
നേരത്തെ പറഞ്ഞല്ലോ ചെര്‍പ്പുളശ്ശേരിയാണ് സ്വദേശം. ഇപ്പോള്‍ ബംഗളുരൂവില്‍ സ്ഥിരതാമസമാണ്. ഭര്‍ത്താവ് ബാലു ദിവാകരന്‍. മാധ്യമ പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ ടെക്‌നിക്കല്‍ റൈറ്ററണ്. ഞങ്ങള്‍ക്കൊരു മകനാണുള്ളത്. ഇന്ദീരവ്. അവന്‍ 7ാം ക്ലാസില്‍ പഠിക്കുന്നു.