| Thursday, 4th January 2024, 8:05 pm

Interview | പെണ്‍കുട്ടികളെ വൈസ് ചെയര്‍പേഴ്‌സണില്‍ ഒതുക്കുന്ന രീതി ഇനി നടക്കില്ല: അപര്‍ണ

രാഗേന്ദു. പി.ആര്‍

നൂറ് വര്‍ഷത്തിലധികം രാഷ്ട്രീയ പാരമ്പര്യവും ചരിത്രവുമുള്ള തിരുവനന്തപുരം ലോ കോളേജില്‍ ആദ്യമായാണ് 2023ല്‍ യൂണിയന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ഒരു പെണ്‍കുട്ടി വിജയിച്ചെത്തുന്നത്. കെ. ആര്‍. ഗൗരിയമ്മയും എന്‍. ആര്‍. മാധവനും ഫാത്തിമ ബീവിയും പഠിച്ചിറങ്ങിയ ലോ കോളേജിനെ നിയമ പഠനത്തിനായി തെരഞ്ഞെടുത്തത് കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയവരുടെ പൈതൃകത്തെ കണ്ടുകൊണ്ടാണെന്ന് ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചെയര്‍പേഴ്സണ്‍ അപര്‍ണ കെ. പ്രസന്നന്‍ പറയുന്നു

അപര്‍ണ കെ. പ്രസന്നന്‍

രാഗേന്ദു: പല ക്യാമ്പസുകളിലും മാറ്റം വരുന്നുണ്ടെങ്കിലും പെണ്‍കുട്ടികള്‍ കലാലയ രാഷ്ട്രീയത്തില്‍ സംവരണ സീറ്റുകളിലേക്ക് മാത്രം ഒതുങ്ങി പോവുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടോ?

അപര്‍ണ: എന്റെ വിലയിരുത്തലുകള്‍ അനുസരിച്ച് പരമ്പരാഗതമായി ക്യാമ്പസ് തെരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പെണ്‍കുട്ടികള്‍ മത്സരിക്കുക എന്നുള്ള രീതി നിലനില്‍ക്കുന്നുണ്ട്. ഈ രീതി കാലാകാലങ്ങളായിട്ട് കേരളത്തിലെ ക്യാമ്പസുകള്‍ സ്വീകരിച്ചുവരുന്ന ഒന്നാണ്. പക്ഷേ അവിടെ സംഭവിക്കുന്നത് ഒരു പെണ്‍കുട്ടിക്ക് ഏറ്റവും കൂടുതലായി ആഗ്രഹിക്കാന്‍ കഴിയുന്ന ഒരു സ്ഥാനം വൈസ് ചെയര്‍പേഴ്സണ്‍ മാത്രമായി മാറുന്നു എന്നതാണ്. ആ ഒരു സ്ഥാനത്തോട് കൂടി അവളുടെ എല്ലാ കഴിവുകളും അവസാനിക്കുകയും ചെയുന്നു.

പക്ഷെ 2023ല്‍ ഇക്കാര്യത്തില്‍ ക്യാമ്പസുകളില്‍ വലിയൊരു മാറ്റം ഉണ്ടായതായി എനിക്ക് തോന്നിയിട്ടുണ്ട്. ലോ കോളേജില്‍ ചെയര്‍ പേഴ്സണായി ഞാന്‍ വിജയിച്ചതോടൊപ്പം കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ബേബി കോളേജിലും ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ഒരു പെണ്‍കുട്ടി വിജയിച്ചെത്തിയിരുന്നു. ഇതിനുശേഷം പോളിടെക്നിക് ക്യാമ്പസുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും ഈ മാറ്റം തുടരുന്നതായി ഞാന്‍ മനസിലാക്കിയിട്ടുണ്ട്.

രാഗേന്ദു: 50 ശതമാനം സ്ത്രീകളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഒരു ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ?

അപര്‍ണ: കോണ്‍ഗ്രസിന് അത് സാധിക്കുമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. വനിതകള്‍ നേതൃത്വത്തിലേക്ക് എത്തുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുകയും ചെയ്യുമെന്ന് മനസിലാക്കിത്തന്ന ഒന്നാണ് പഞ്ചായത്തീരാജ് എന്നത്. രാജീവ് ഗാന്ധി പഞ്ചായത്തീരാജിന്റെ ഡ്രാഫ്റ്റിങ് തുടങ്ങുന്ന സമയം മുതല്‍ വനിതകള്‍ക്ക് പ്രത്യേക പ്രാധിനിത്യവും നല്‍കിയിരുന്നു.

രാജീവ് ഗാന്ധി

പഞ്ചായത്തീരാജിന്റെ നേതൃത്വത്തിലേക്ക് വനിതകളെ എത്തിച്ച് സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവന്നത് ശരിക്കും കോണ്‍ഗ്രസാണ്. പക്ഷേ പലതവണകളിലായി ഈയൊരു വിഷയം തള്ളി പോയിട്ടുണ്ടെന്നതും മറ്റൊരു വിഷയമാണ്. നിലവില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും അല്ലെങ്കില്‍ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളെടുക്കുന്ന നിലപാടുകളെ പ്രതീക്ഷയോടെയാണ് ഞാന്‍ കാണുന്നത്.

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോണിയ ഗാന്ധിയെപ്പോലുള്ള ഒരു നേതാവ് നേരിട്ട വെല്ലുവിളിയും വിവേചനവും നമുക്കറിയാമല്ലോ? സ്ത്രീ ആയതുകൊണ്ട് മാത്രം സോണിയ ഗാന്ധി നേരിട്ട വിവേചനം ഒരുപാടാണ്, അതിനാല്‍ ഈയൊരു കാര്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടി വളരെ ഗൗരവമായി നോക്കിക്കാണുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

രാഗേന്ദു: കലാലയ രാഷ്ട്രീയത്തില്‍ ശക്തമായി പ്രവര്‍ത്തിക്കുകയും പിന്നീട് രാഷ്ട്രീയത്തില്‍ വെരുറപ്പിക്കാന്‍ കഴിയാത്ത ഒരു അവസ്ഥ സ്ത്രീകള്‍ നേരിടുന്നുണ്ടോ?

അപര്‍ണ: ഈയൊരു വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വിദ്യാര്‍ത്ഥി സംഘടനകളുടെ ഉള്ളില്‍ നിന്നും ഒരു മാറ്റം വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരുകാലത്ത് ക്യാമ്പസുകളില്‍ താരങ്ങളായിരുന്ന പെണ്‍കുട്ടികള്‍ പിന്നീട് അവരുടെ വ്യക്തിപരമായ ജീവിതത്തിലേക്ക് കടക്കുന്നത്തോട് കൂടി പൊതുവായ സമൂഹത്തില്‍ നിന്നും മാറി പോകുന്ന ഒരു അവസ്ഥയുണ്ട്. അത്തരത്തില്‍ ഒരുപാട് പേരുണ്ട്, എനിക്ക് അവരുടെ പേരുകള്‍ പറയാന്‍ ചെറിയ ബുദ്ധിമുട്ടുണ്ട്. ഒരുപക്ഷേ വലിയ രീതിയില്‍ എന്നെ സ്വാധീനിക്കുകയും എനിക്ക് പ്രചോദനം നല്‍കിയിട്ടുള്ള വനിതാ പ്രവര്‍ത്തകര്‍ ആയിരുന്നു അവരെല്ലാം.

ശരിക്കും പൊതുസമൂഹത്തിലേക്ക് തിരിച്ചു വരാന്‍ അവര്‍ വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും അതില്‍ വലിയൊരു ഇടപെടല്‍ നടത്തണം. രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരം വിഷയങ്ങളെ അടിസ്ഥാനപരമായി ഉള്‍ക്കൊണ്ട് പെണ്‍കുട്ടികള്‍ക്ക് കൃത്യമായ സ്പേസ് കൊടുക്കാന്‍ ശ്രമിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

രാഗേന്ദു:ചെയര്‍മാന്‍ എന്ന് പറയുന്ന വാക്കിന് പകരം ചെയര്‍പേഴ്സണ്‍ എന്ന പദത്തിലേക്ക് ഒരു മാറ്റം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്താണ്?

അപര്‍ണ: ഈ ഒരു വാക്കുകൊണ്ട് തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്റെ ക്യാമ്പസിലെ റിട്ടേണിങ് ഓഫീസര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ എനിക്ക് വായിച്ചു തന്നത് ‘ചെയര്‍മാന്‍ എന്ന ഞാന്‍’ എന്ന രീതിയിലാണ്. ക്യാമ്പസ് അധികൃതര്‍ എന്റെ റിസള്‍ട്ട് പ്രഖ്യാപിക്കുമ്പോഴും ഇതേ രീതിയാണ് തുടര്‍ന്നത്. ചെയര്‍പേഴ്സണ്‍ എന്ന വാക്കിലേക്ക് മാറണമെന്ന് പറഞ്ഞുകൊണ്ട് നമ്മള്‍ എത്ര പരാതികള്‍ കൊടുത്താലും കാര്യമില്ല.

പരമ്പരാഗതമായിട്ട് ചില കാര്യങ്ങളില്‍ മാറ്റം വരുത്താനുള്ള ഒരു പാകത മനുഷ്യന്റെ മനസിന് വന്നിട്ടില്ല ഇപ്പോഴും.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്നുപറയുന്ന സിനിമ ഇത്തരത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയ സിനിമയാണെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയിലെ ഓരോ സീനിനും അത്രമാത്രം പ്രാധാന്യവും സ്വാധീനവും സമൂഹത്തില്‍ ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ ജ്യോതി കുമാറിനെ പോലുള്ള നേതാക്കള്‍ നിരന്തരം ഇത്തരത്തിലുള്ള വിഷയങ്ങള്‍ സംസാരിക്കുകയും അതിനെ കേരളത്തിലെ ക്യാമ്പസുകള്‍ കൃത്യമായി ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

എല്ലാവര്‍ഷവും കേരളത്തിലെ ക്യാമ്പസുകളില്‍ ഒരു പ്രത്യേക ട്രെന്‍ഡ് രൂപപ്പെടാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞവര്‍ഷം എല്‍.ജി.ബി.ടി.ക്യു രാഷ്ട്രീയത്തെക്കുറിച്ചും അതിനുമുന്നെയുള്ള വര്‍ഷം ദളിത് രാഷ്ട്രീയത്തെക്കുറിച്ചും ക്യാമ്പസുകളില്‍ ഞാനടക്കമുള്ളവര്‍ ശക്തമായി സംസാരിച്ചിരുന്നു.

രാഗേന്ദു: ലിംഗ സമത്വം എന്നതിനേക്കാള്‍ ഉപരിയായി മറ്റെന്തെങ്കിലും ആശയങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ കെ.എസ്.യു ശ്രമിക്കുന്നുണ്ടോ?

അപര്‍ണ: വിദ്യാര്‍ത്ഥിപക്ഷം എന്താണോ അതിനെ ചേര്‍ത്തുനിര്‍ത്താന്‍ കെ.എസ്.യു ശ്രമിക്കുന്നത്. ഇന്ത്യയിലെ ബഹുസ്വരത നിലനിര്‍ത്തുന്നതിലും കെ.എസ്.യു ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കേരളത്തിലെ ക്യാമ്പസുകള്‍ നിലവില്‍ മതമൗലികവാദങ്ങളുടെ ഇടമായി മാറിയിരിക്കുകയാണ്. ഇതിനെ കൃത്യമായ മതേതര ആശയങ്ങളെ മുന്‍നിര്‍ത്തികൊണ്ട് എതിര്‍ക്കേണ്ടതുണ്ട്.

ജനാധിപത്യത്തിന് ഒരു പ്രസക്തിയുമില്ല എന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തും ഇന്ത്യയിലും ഇപ്പോള്‍ നടക്കുന്നത്. മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സര്‍ക്കാരിന്റെ നിലപാടുകള്‍ ഒരുദാഹരണമായി നമുക്ക് കാണാം. സംസാരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുക അല്ലെങ്കില്‍ അധികാരം ഉപയോഗിച്ച് സംസാരിക്കുന്നവരെ അടിച്ചമര്‍ത്തുക എന്നിവയാണ് കേരളത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍.

അഖില നന്ദകുമാര്‍

അതുപോലെ എല്ലാ കാലത്തും സര്‍ക്കാരുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് വിദ്യാര്‍ത്ഥികള്‍ ആയിരിക്കും. അടിയന്തരാവസ്ഥ കാലഘട്ടത്തിലെ സമരം, സ്വാതന്ത്രസമരമെല്ലാം തുടങ്ങുന്നത് വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലൂടെയാണ്. സമൂഹത്തിലെ ഇത്തരം പ്രശ്നങ്ങളില്‍ പ്രമുഖ നേതാക്കള്‍ സംസാരിക്കുന്നതിന് മുന്നോടിയായി ശബ്ദം ഉയര്‍ത്തിയത് ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികളാണ്.

എന്നാല്‍ ചില കാര്യങ്ങളില്‍ ഇന്ത്യയിലെ ക്യാമ്പസുകള്‍ ശബ്ദം ഉയര്‍ത്തുമ്പോഴും കേരളം എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നതില്‍ ആശങ്കയുണ്ട്.

നമ്മുടെ ക്യാമ്പസുകളിലേക്ക് ലിംഗ രാഷ്ട്രീയം, ജാതി രാഷ്ട്രീയം, ദളിത് രാഷ്ട്രീയമെല്ലാം ഇടിച്ചു കയറുന്നില്ല എന്നുള്ളത് വിഷമകരമാണ്. ഒരു പാര്‍ട്ടി കൊടിയുടെ കീഴില്‍ അല്ലാതെ തന്നെ എന്തിനുവേണ്ടി ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ നിലകൊള്ളണമെന്ന് പ്രചരിപ്പിക്കാന്‍ കെ.എസ്.യു ശ്രമിക്കുന്നുണ്ട്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ 30, 40 വയസുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ പോലും ഞങ്ങളുടെ ചെവിയില്‍ വന്നുകൊണ്ടാണ് ജെന്‍ഡര്‍ എന്ന വാക്ക് പറഞ്ഞിരുന്നത്. പൊതു ഇടങ്ങളില്‍ ഇത്തരം വാക്കുകള്‍ പറയാന്‍ അന്നത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് മടിയായിരുന്നു. വിദ്യാര്‍ത്ഥികളിലൂടെയാണ് ഇക്കാര്യങ്ങളില്‍ മാറ്റം ഉണ്ടാവേണ്ടത്. കാരണം ഇന്നത്തെ തലമുറയാണ് നാളെയെ നയിക്കേണ്ടത്. ഇക്കാര്യങ്ങളെ പ്രതിനിധികരിക്കാന്‍ കെ.എസ്.യുവിന് കഴിയുന്നുമുണ്ട്.

രാഗേന്ദു: രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും സ്ത്രീകളുടെയും അല്ലെങ്കില്‍ ഒരു കൂട്ടം മനുഷ്യരുടെയും വാക്കുകള്, അവകാശങ്ങള്‍ തള്ളിക്കളയപ്പെടുന്നുണ്ടോ?

അപര്‍ണ: അത്തരത്തില്‍ ഒരു തോന്നല്‍ ഉണ്ടായിട്ടില്ലെങ്കില്‍ അല്ലെ പ്രശ്നം. ഈ ഒരു വിഷയം ഒന്നോ രണ്ടോ കാര്യങ്ങളെ അടിസ്ഥാനമാക്കി പറയാന്‍ കഴിയുന്ന ഒന്നല്ല. ഉദാഹരണമായി ഒരു ക്യാമ്പസില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി ഒരു പെണ്‍കുട്ടിയെ നിശ്ചയിക്കണമെങ്കില്‍ ഒരുപാട് ചര്‍ച്ചകള്‍ അതിനു പിന്നില്‍ നടക്കുന്നുണ്ട്. ആഗോളതലത്തില്‍ ‘വുമണ്‍ സപ്പോര്‍ട്ട് ടു വുമണ്‍’ എന്ന് പറയുന്ന ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ വനിതാ പ്രതിനിധികളെ കുടുംബശ്രീയായും പരദൂഷണം പറയുന്നവരായിട്ടുമെല്ലാമാണ് ആളുകള്‍ ചിത്രീകരിക്കുന്നത്. അല്ലെങ്കില്‍ സീരിയല്‍ കണ്ടുകൊണ്ട് പരദൂഷണം പറയുന്നവരാണ് സ്ത്രീകള്‍ എന്ന രീതിയിലുള്ള മുദ്രകുത്തലുമുണ്ട്. സമൂഹത്തിലെ എല്ലാ സംവിധാനങ്ങളെയും അതിജീവിച്ചുകൊണ്ടാണ് ഒരു സ്ത്രീ മുന്‍പന്തിയിലേക്ക് എത്തുന്നത്.

തുല്യതക്കായി നമ്മള്‍ ഒരുപാട് പോരാടേണ്ടിയിരുക്കുന്നു.

രാഗേന്ദു: ഒരു പുരുഷാധിപത്യ സമൂഹത്തില്‍ നിന്നുകൊണ്ട് നിങ്ങളുടെ വിജയത്തെക്കുറിച്ച് സമൂഹത്തോട് എന്താണ് അപര്‍ണക്ക് പറയാനുള്ളത്?

അപര്‍ണ: എല്ലാവരെയും ഒരുപോലെ കുറ്റപ്പെടുത്തി സംസാരിക്കാന്‍ എനിക്ക് കഴിയില്ല. ലോ കോളേജ് തെരഞ്ഞെടുപ്പില്‍ ഞാന്‍ മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ കുറച്ച് ശ്രദ്ധ നേടിയിരുന്നു. ആ വീഡിയോയ്ക്ക് താഴെ നിരവധി ഹേറ്റ് കമ്മന്റുകളാണ് വന്നിരുന്നത്. പക്ഷെ കമന്റ് ബോക്സ് ഓഫ് ചെയ്യാനോ പ്രതികരിക്കാനോ ഒന്നും ഞാന്‍ നിന്നില്ല. അങ്ങനെ കമന്റ് ചെയ്യുന്നവര്‍ ചെയ്യട്ടെ എന്ന് കരുതി. ശരിക്കും ഓരോരുത്തരുടെയും തനി നിറമാണ് അതിലൂടെയെല്ലാം പുറത്തുവരുന്നത്. അതില്‍ രാഷ്ട്രീയം മാത്രമല്ല ജെന്‍ഡര്‍ അടക്കമുള്ള മറ്റു വിഷയങ്ങളും വരുന്നുണ്ട്. കൂടുതലായും അശ്ലീല കമന്റുകളും.

പാര്‍വതി തിരുവോത്ത്

പാര്‍വതി തിരുവോത്തിനെയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ എന്തൊക്കെയായാണ് പറയുന്നതെന്ന് നമുക്കറിയാല്ലോ. ഒരു വലിയ പൊട്ട് തൊട്ടാല്‍ കണ്ണട വെച്ചാല്‍ ഫെമിനിച്ചി ആണെന്ന് പറയുന്ന ഒരു സമൂഹമാണ് നമ്മുടേത്. നമ്മള്‍ ഇതെല്ലാം കണ്ടുപഴകിയ ഒരു തലമുറയല്ലേ. ഫെമിനിസമെന്ന ആശയത്തിന് തുടക്കം കുറിച്ച കാലവും ഫെമിനിസ്റ്റ് വാദികളാണെന്ന് പറഞ്ഞുകൊണ്ട് തുല്യതക്കായി വാദിക്കുന്ന സ്ത്രീകളെ ഫെമിനിച്ചികള്‍ എന്ന് പറയുന്ന ആളുകളെയും നമ്മള്‍ കണ്ടിട്ടുണ്ട്.

ഫെമിനിസം പറഞ്ഞില്ലെങ്കില്‍ തങ്ങള്‍ സമൂഹത്തില്‍ നിന്ന് പുറത്താവാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളെയും നമ്മള്‍ കാണുന്നുണ്ട്. അതൊരു വിഭാഗം മാത്രമാണ്, ഇപ്പുറത്ത് സമത്വത്തിനായി വാദിക്കുന്ന ഒരു കൂട്ടം പുരുഷ സമൂഹവുമുണ്ട്. അതിപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ആണെങ്കിലും.

രാഗേന്ദു: സമൂഹത്തില്‍ വ്യക്തമായിട്ടുള്ള നിലപാടുകളും തീരുമാനങ്ങളും എടുക്കുന്നതിനായിട്ട് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം എത്രമാത്രം സഹായകമാകുന്നു?

അപര്‍ണ:സ്ത്രീകളില്‍ മാത്രമല്ല എല്ലാവരിലും വിദ്യാഭ്യാസം സ്വാധീനം ചെലുത്തുന്നുണ്ട്. തീരുമാനങ്ങള്‍ എടുക്കുന്നതിലും കാര്യങ്ങള്‍ വേര്‍തിരിച്ചറിയുന്നതിലും വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യമുണ്ട്. കാലങ്ങളായി സ്‌കൂളുകളില്‍ നന്നായി പഠിക്കുന്നവരില്‍ പെണ്‍കുട്ടികളാണ് മുന്‍പന്തിയില്‍, റാങ്ക് ഹോള്‍ഡേഴ്‌സില്‍ പെണ്‍കുട്ടികള്‍ കൂടുതലാണ്, എല്ലാ വീട്ടിലും ഒരു പെണ്‍കുട്ടി ബികോം റാങ്ക് ഹോള്‍ഡര്‍ ആയിട്ടുണ്ടാവും. എന്നാലോ വൈവാഹിക ജീവിതത്തിലേക്ക് കടക്കുമ്പോള്‍ റാങ്ക് ഹോള്‍ഡറായ സ്ത്രീ വീട്ടമ്മ മാത്രമായി മാറുന്നു.

ഇന്ത്യയിലെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ മാഞ്ഞുപോവുകയാണ്. ജോലിയിലെ സമ്മര്‍ദം, വിവേചനം എല്ലാം അതിന് കാരണമാവുന്നുണ്ട്. വിദ്യാഭ്യാസത്തെ കൃത്യമായി ഉപയോഗിച്ച് സാമ്പത്തികമായും മറ്റും സ്വാതന്ത്ര്യം നേടുക എന്നത് സ്ത്രീകളുടെ ഉത്തരവാദിത്തം കൂടിയാണ്. ഈ ഒരു വിഷയത്തില്‍ പുരുഷന് എത്രമാത്രം ഉത്തരവാദിത്തം ഉണ്ടോ അത്രമാത്രം സ്ത്രീക്കുമുണ്ട്.

രാഗേന്ദു: സ്വാതന്ത്ര്യത്തിന് ഒരു നിര്‍വചനം നല്‍കുകയാണെങ്കില്‍?

അപര്‍ണ: സ്വാതന്ത്ര്യത്തിന് ഒരു നിര്‍വചനം നല്‍കാന്‍ കഴിയില്ല. അത് വലിയ ഒരു ആശയമാണ്. ഒരുപക്ഷെ എനിക്ക് ആവശ്യമുള്ള സ്വാതന്ത്ര്യം ആയിരിക്കില്ല മറ്റൊരാള്‍ക്ക് വേണ്ടത്. ഞാന്‍ തള്ളിക്കളയുന്ന ഒരു കാര്യം മറ്റൊരാളുടെ സ്വാതന്ത്ര്യം ആയിരിക്കാം. ജനാധിപത്യ ആശയങ്ങളെ മുന്‍നിര്‍ത്തികൊണ്ട് നോക്കുകയാണെങ്കില്‍ സ്വാതന്ത്ര്യം എന്നതിന് പല മാനങ്ങളുണ്ട്. അതില്‍ നമ്മള്‍ എന്ത് ഭക്ഷണം കഴിക്കണം, എങ്ങനെയുള്ള വസ്ത്രം ധരിക്കണം എന്നതെല്ലാം ഉള്‍പ്പെടുന്നു.

എന്നാല്‍ ഈ വിഷയങ്ങളില്‍ പുറത്തുനിന്നുള്ള കടന്നുകയറ്റം വര്‍ധിച്ചിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള മൂല്യങ്ങള്‍ സംരക്ഷിക്കപെടുമ്പോള്‍ മാത്രമേ ജനാധിപത്യവും സ്വാതന്ത്ര്യവും പൂര്‍ത്തിയാവുകയുള്ളു. ഇന്നത്തെ ജനാധിപത്യം എന്നത് കുറച്ച് ആളുകള്‍ മത്സരിക്കുന്നു, കുറച്ച് ആളുകള്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നു, പിന്നീട് ജയിച്ചവര്‍ പറയുന്നത് അനുസരിച്ച് ജനങ്ങള്‍ ജീവിക്കുന്നു എന്നതാണ്. എന്നാല്‍ ഈ ജനാധിപത്യം സ്വാതന്ത്ര്യത്തിന് എതിരാണ്.

രാഗേന്ദു: ഇന്ത്യയില്‍ അടിച്ചമര്‍ത്തപ്പെട്ടവരെയും സ്ത്രീകളെയും ഇന്ത്യന്‍ ഭരണഘടന എങ്ങനെയാണ് സംരക്ഷിക്കുന്നത്?

അപര്‍ണ: ഇന്ത്യന്‍ ഭരണഘടന വായിച്ചും വ്യാഖ്യാനിച്ചും തീരാത്ത ഒന്നാണ്. ബി.ആര്‍. അബേദ്ക്കരുടെ പ്രസംഗങ്ങളിലേക്ക് കണ്ണോടിച്ചാല്‍ പദവിയില്‍ ഇരിക്കുന്ന ആളുകളുടെ കൂട്ടത്തില്‍ നിന്ന് അടിച്ചമര്‍ത്തപ്പെട്ടവരെ എങ്ങനെ ചേര്‍ത്തുനിര്‍ത്താം എന്നതിനുള്ള ഉദാഹരണങ്ങള്‍ ലഭിക്കും. എന്നാണോ സ്ത്രീകള്‍ സ്വതന്ത്രരാവുന്നത് അന്നാണ് ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്ന് പറയാന്‍ കഴിയുകയുള്ളുവെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. അതുപോലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരെ മുന്‍നിരയിലേക്ക് കൊണ്ടുവരുമ്പോഴാണ് ജനാധിപത്യം പൂര്‍ത്തിയാവുക എന്ന് അബേദ്ക്കറും.

ഇത്തരം പ്രസ്താവനകളെല്ലാം ഉണ്ടാവുന്നത് ഭരണഘടന രൂപീകരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ചര്‍ച്ചകളില്‍ നിന്നാണ്. ഇന്ത്യയിലെ എല്ലാ അസമത്വങ്ങളെയും തുടച്ചുനീക്കാന്‍ കഴിയുന്ന ഒരു ഭരണഘടനയാണ് നമ്മുടേത്. 2023 ആയിട്ടും ഭരണഘടനയിലെ മൗലിക അവകാശങ്ങളില്‍ കൈവെക്കേണ്ട ആവശ്യം നമുക്ക് വന്നിട്ടില്ല. സ്വത്തവകാശത്തെ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളവയിലൊന്നും ഒരു സംശയവും ഇല്ല. പക്ഷെ ഭരണഘടനാ മൂല്യങ്ങളെ മുഴുവനായി ഉള്‍ക്കൊണ്ടുകൊണ്ട് ഭരണാധികാരികള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നത് സങ്കടകരമാണ്. നമ്മുടെ ഭരണഘടനയെ സംബന്ധിച്ചിടത്തോളം അതൊരു ഹോളി ബൈബിളാണ്.

രാഗേന്ദു: സിനിമ പോലുള്ള മേഖലകള്‍ രാഷ്ട്രീയത്തെയും രാഷ്ട്രീയപാര്‍ട്ടികളെയും സ്റ്റീരിയോ ടൈപ്പിങ് ചെയ്യുന്നുണ്ടോ?

വിപ്ലവകാരികളില്‍ എന്ന് പറയുന്നത് ഒരുപക്ഷത്തുള്ളവര്‍ മാത്രമാണെന്ന് സിനിമ പലപ്പോഴും പറയുന്നുണ്ട്. സതീശന്‍ കഞ്ഞിക്കുഴിയെ പോലെയുള്ളവരെ വാര്‍ത്തെടുത്തതും സിനിമകളാണ്. പക്ഷേ അതൊരു തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. അതിനെ ഞാന്‍ ഒരു ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്.

പക്ഷേ ഇതിലൂടെ ഏകപക്ഷീയമായിട്ടുള്ള ഒരു ആശയം കൊണ്ടുവരുന്നതും അല്ലെങ്കില്‍ ഒരു കൂട്ടം ആളുകളെ മോശമായി കാണിക്കുന്നതിനും ഞാന്‍ എതിരാണ്. സതീശന്‍ കഞ്ഞിക്കുഴി, തല്ലു കിട്ടിയാല്‍ ഓടുന്ന കോണ്‍ഗ്രസുകാര്‍ അത്തരത്തിലുള്ള ചിന്താഗതികള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നതില്‍ സിനിമ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാന്‍ പറ്റില്ല.

1957ല്‍ രൂപീകരിച്ച കെ.എസ്.യു നടത്തിയ സമരങ്ങളും നേതൃത്വം നല്‍കിയ വിഷയങ്ങളെ കുറിച്ചൊന്നും സിനിമകള്‍ ഇതുവരെ സംസാരിച്ചിട്ടില്ല.

രാഗേന്ദു: ഒരു ഒപ്പീനിയന്‍ ലീഡറാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏത് മേഖലയായിരിക്കും തെരഞ്ഞെടുക്കുക?

അപര്‍ണ:ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയനുസരിച്ച് അടിച്ചമര്‍ത്തപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ഹിന്ദു അജണ്ടയെയും അധിപത്യത്തെയും ശക്തമായി എതിര്‍ക്കാന്‍ ഞാന്‍ ശ്രമിക്കും. സെക്യുലറിസത്തിനും സമൂഹത്തിലെ തുല്യതക്കുമായിരിക്കും ഞാന്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്.

രാഗേന്ദു: കലാലയങ്ങളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പ്രാധാന്യം, കെ.എസ്.യു ക്യാമ്പസുകളിലേക്ക് തിരിച്ചുവരേണ്ടത്തിന്റെ ആവശ്യകത?

അപര്‍ണ: കേരളത്തില്‍ പരീക്ഷയെഴുതാതെ പാസാകുന്നതും ബികോം നേടാതെ എംകോം ലഭിക്കുന്നതും സംവരണത്തിലെ അട്ടിമറിയുമെല്ലാം സര്‍വസാധാരണമായിരിക്കുകയാണ്. എത്രയോ വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ സര്‍വകലാശാലകളില്‍ നിയമനം നേടിയിരിക്കുന്നത്. എത്രയോ മന്ത്രിമാരുടെ ഭാര്യമാരെയാണ് കാലടി സര്‍വകലാശാലയിലടക്കം അട്ടിമറിയിലൂടെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.

ഇതൊരു രീതിയില്‍ പാര്‍ട്ടിക്കാര്‍ പഠിക്കട്ടെ മറ്റുള്ളവര്‍ കിളക്കട്ടെ എന്ന് പറയുന്ന മുദ്രാവാക്യം പോലെയാണ്. ഒരുപക്ഷേ ആ മുദ്രാവാക്യം കളിയാക്കി പറയുന്നതാണെങ്കില്‍ കൂടി അക്ഷരാര്‍ത്ഥത്തില്‍ അതെല്ലാം സംഭവിച്ച ഒരു വര്‍ഷം കൂടിയാണ് ഇത്. സ്വന്തം പാര്‍ട്ടിക്കാരുടെ പോക്കറ്റ് നിറക്കുക എന്നുള്ള സി.പി.ഐ.എമ്മുകാരുടെ നിലക്കാത്ത ആക്രാന്തം കൂടി കേരളത്തില്‍ ഇപ്പോള്‍ കാണാം.

രാഗേന്ദു: ഒരു കാലത്ത് ക്യാമ്പസുകളില്‍ എസ്.എഫ്.ഐ എന്താണോ നേരിട്ടിരുന്നത് അതാണ് നിലവില്‍ കെ.എസ്.യു അഭിമുഖീകരിക്കുന്നതെന്ന ആരോപണത്തെ കുറിച്ച് പറയാനുള്ളത്?

എ.കെ. ഗോപാലന്‍

അപര്‍ണ:ഒരുകാലത്ത് വിമോചനസമരകാലം, അടിയന്തരാവസ്ഥക്കാലത്തെല്ലാം കരുതല്‍ തടങ്കലിനെ ശക്തമായി എതിര്‍ത്ത നേതാവായിരുന്നു എ.കെ. ഗോപാലന്‍. ‘എ.കെ. ഗോപാലന്‍ വൈസസ് സ്റ്റേറ്റ് ഓഫ് മദ്രാസ്’ എന്ന കേസില്‍ ഇതിനെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. എന്നാല്‍ അതേ നിയമത്തെ മുന്‍നിര്‍ത്തിക്കൊണ്ട് 100ലധികം യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ കേരള സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കുകയാണ് നിലവില്‍. ജമ്മുകശ്മീരില്‍ കരുതല്‍ തടങ്കല്‍ ഉണ്ടായപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തവരുടെ അതേ കേരളത്തിലാണ് ഇത് സംഭവിക്കുന്നത് എന്നുള്ളത് ഒരു വിരോധാഭാസമാണ്.

രാഗേന്ദു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിഷയത്തിലുള്ള കെ.എസ്.യുവിന്റെ നിലപാട്?

അപര്‍ണ: ഗവര്‍ണര്‍ക്കെതിരെ വലിയ സമരപരിപാടികളിലേക്ക് കെ.എസ്.യു പോയിട്ടില്ല എന്നുള്ളത് ശരിയാണ്. എന്നാല്‍ മുമ്പ് ചാന്‍സലര്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ക്കെതിരെ കെ.എസ്.യു ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഒളിവില്‍ നിന്നുകൊണ്ട് സി.പി.ഐ.എം സംഘപരിവാറിനെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

അത്തരത്തില്‍ ഒരു അന്തര്‍ധാരയുമില്ലാതെ വ്യക്തമായി സംഘപരിവാറിനെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇപ്പോഴാണ് സി.പി.ഐ.എമ്മും ആരിഫ് മുഹമ്മദ് ഖാനും ശത്രുക്കളാകുന്നത്. ഒരു സമയത്ത് ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് ശബ്ദം ഉയര്‍ത്തിയപ്പോള്‍ ഗവര്‍ണറെ കൂട്ടുപിടിച്ചവരാണ് കേരള സര്‍ക്കാര്‍. പിന്നെ നവകേരള സദസ്സിനെതിരെയുള്ള സമരങ്ങള്‍ക്കാണ് കെ.എസ്.യു കൂടുതല്‍ ശ്രദ്ധ കൊടുത്തത്. എന്നുവെച്ച് അതിനര്‍ത്ഥം കോണ്‍ഗ്രസ് ഗവര്‍ണറെ സഹായിക്കുന്നു എന്നല്ല.

രാഗേന്ദു: പാഠപുസ്തകത്തിലെ സംഘപരിവാര്‍ കടന്നുകയറ്റം?

അപര്‍ണ: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് മുതല്‍ ഹിന്ദി, ഹിന്ദു, ഹിന്ദുത്വ അജണ്ട പാഠപുസ്തകങ്ങളിലേക്ക് വരുന്ന ഒരു അവസ്ഥയാണ് നിലവില്‍ ഉള്ളത്. ചരിത്ര പാഠപുസ്തകങ്ങള്‍ വാര്‍ത്തെടുക്കുന്നതില്‍ പ്രധാനികളായ റോമില താപ്പറിന്റെയും ആര്‍. ശങ്കറിന്റെയും പ്രവര്‍ത്തങ്ങളെ നാമാവശേഷമാക്കുന്ന നടപടികളാണ് സംഘപരിവാറിന്റേത്. നിലവില്‍ യു.ജി.സിയുടെ പാനലില്‍ ഇരിക്കുന്നവര്‍ക്കിടയിലും വ്യക്തമായ രാഷ്ട്രീയമുണ്ട്.

സുധാമൂര്‍ത്തി

സുധാമൂര്‍ത്തിയെ പോലെയുള്ള ഒരാളുടെ എഴുത്തിനെയെല്ലാം ഞാന്‍ വളരെയധികം ബഹുമാനിച്ചിരുന്നു. എന്നാല്‍ ഇന്ന് സുധാമൂര്‍ത്തി പറയുന്ന കാര്യങ്ങളെ അംഗീകരിക്കാന്‍ ഒട്ടും കഴിയില്ല. മുഗള്‍ സാമ്രാജ്യത്തിന്റെ ചരിത്രമടക്കമുള്ള വിഷയങ്ങള്‍ പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഒരു സംഘപരിവറാശയത്തെ നമ്മുക്കിടയിലേക്ക് അടിച്ചേല്‍പ്പിക്കുകയാണെന്ന് ചിലര്‍ക്ക് മനസിലാവുന്നു പോലുമില്ല. സ്‌കൂളുകളിലൂടെയും സിലബസുകളിലൂടെയും കേന്ദ്ര സര്‍ക്കാര്‍ സംഘപരിവാര്‍ ആശയങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് കുത്തിവെക്കുകയാണ്. അതിനേക്കാളും ഗൗരവകരമായി കാണേണ്ടത് ചന്ദ്രയാന്‍ വിക്ഷേപത്തെ വളരെ വിജയത്തോടെ രാജ്യം കാണുമ്പോള്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പുഷ്പക വിമാനത്തെ കുറിച്ച് പറയുന്നതിനെയാണ്.

content highlights: Interview with Aparna K Prasannan, the first woman Chairperson of Thiruvananthapuram Law College

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more