Interview | എല്ലാം ഹിന്ദുത്വ അജണ്ടയുടെ ഭാഗം; എന്റെ ഹ്രസ്വ ചിത്രം ബാന്‍ ചെയ്തതില്‍ അതിശയമില്ല | സന്ദീപ് രവീന്ദ്രനാഥ്‌
Interview
Interview | എല്ലാം ഹിന്ദുത്വ അജണ്ടയുടെ ഭാഗം; എന്റെ ഹ്രസ്വ ചിത്രം ബാന്‍ ചെയ്തതില്‍ അതിശയമില്ല | സന്ദീപ് രവീന്ദ്രനാഥ്‌
ആമിന കെ.
Sunday, 26th February 2023, 3:29 pm
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് 1000 ദിവസം തികഞ്ഞ 2022 മെയ് 12ന് 'ആന്‍തെം ഫോര്‍ കശ്മീര്‍' എന്ന ഹ്രസ്വ ചിത്രം ഇറങ്ങിയിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കൃത്യമായി വരച്ചുകാട്ടുന്ന ഈ ഷോര്‍ട്ട് ഫിക്ഷന്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരോധിക്കപ്പെട്ടു. അണിയറപ്രവര്‍ത്തകരോട് സത്യവാങ്മൂലം നല്‍കാനും കേന്ദ്ര ഐ.ടി മന്ത്രാലയം ആവശ്യപ്പെട്ടു. ഗുജറാത്ത് കലാപത്തെ മുന്‍നിര്‍ത്തി ബി.ബി.സി തയ്യാറാക്കിയ 'ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍' ഡോക്യുമെന്ററി വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്നും നിരോധിച്ച അതേ നിയമപ്രകരമാണ് 'ആന്‍തെം ഫോര്‍ കശ്മീരും' ബാന്‍ ചെയ്തത്. ഈ പശ്ചാത്തലത്തില്‍ തന്റെ സൃഷ്ടി നേരിട്ട കടുത്ത സെന്‍സര്‍ഷിപ്പിനെ കുറിച്ചും സമകാലിക ഇന്ത്യന്‍ സാഹചര്യത്തിലെ കശ്മീരിന്റെ അവസ്ഥകളെ കുറിച്ചും സംസാരിക്കുകയാണ് 'ആന്‍തെം ഫോര്‍ കശ്മീരിന്റെ' സംവിധായകനായ സന്ദീപ് രവീന്ദ്രനാഥ്

സന്ദീപ് രവീന്ദ്രനാഥ്‌

2002ലെ ഗുജറാത്ത് കലാപത്തെ ആസ്പദമാക്കി ബി.ബി.സി തയ്യാറാക്കിയ ഡോക്യുമെന്ററി ഇന്ത്യയില്‍ ബാന്‍ ചെയ്യപ്പെടുന്നു. അതിന് പിന്നാലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നു. ഇങ്ങനെ വസ്തുതകള്‍ വിളിച്ച് പറയുന്ന സൃഷ്ടികള്‍ നിശബ്ദമാക്കുന്ന ഒരു സാഹചര്യത്തില്‍ താങ്കളുടെ ആന്‍തെം ഫോര്‍ കശ്മീര്‍ (anthem for kashmir) ബാന്‍ ചെയ്തത് കൂടി ചര്‍ച്ച ചെയ്യേണ്ടതാണ്. അതിനെക്കുറിച്ചുള്ള അഭിപ്രായമെന്താണ്?

കശ്മീര്‍ ഫയല്‍സ് എന്ന സിനിമ 2022 മാര്‍ച്ച് 11നാണ് റിലീസ് ചെയ്യുന്നത്. അതിന്റെ തൊട്ടുപിന്നാലെയാണ് ആന്‍തെം ഫോര്‍ കശ്മീര്‍ എന്ന എന്റെ ഷോര്‍ട്ട് ഫിക്ഷന്‍ റിലീസ് ചെയ്തത്. അതായത് കശ്മീര്‍ ഫയല്‍സിന് എതിരായാണ് ആന്‍തെം ഫോര്‍ കശ്മീര്‍ വരുന്നത്. ആനന്ദ് പട്‌വര്‍ധനും ടി.എം. കൃഷ്ണയും ചേര്‍ന്നായിരുന്നു ആന്‍തെം ഫോര്‍ കശ്മീര്‍ റിലീസ് ചെയ്തത്. അന്ന് അത് റിലീസ് ചെയ്യുമ്പോള്‍ തന്നെ ദ റിയല്‍ കശ്മീര്‍ ഫയല്‍സ് എന്ന് പറഞ്ഞാണ് അവര്‍ പങ്ക് വെച്ചത്. ടീസ്ത സെതല്‍വാദും സിദ്ധാര്‍ത്ഥ് വരദരാജനുമൊക്കെ ഈ​ ഫിലിം ഷെയര്‍ ചെയ്തിരുന്നു.

ഷോര്‍ട്ട് ഫിക്ഷന് നാല് ദിവസം കൊണ്ട് പതിനായിരം വ്യൂസ് ലഭിച്ചിട്ടുണ്ട്. കശ്മീരില്‍ നിന്നും ഒരുപാട് പേര്‍ ഇത് കണ്ടു. യൂട്യൂബില്‍ വന്ന കമന്റ്സ്‌ പോലും ഇതിനെ അനുകൂലിച്ച് കൊണ്ടുള്ളതായിരുന്നു. തൊട്ട്പിന്നാലെയാണ് ഐ.ടി. മന്ത്രാലയത്തില്‍ നിന്ന് നോട്ടീസ്‌ വരുന്നത്.

ബി.ബി.സി ഡോക്യുമെന്ററി ബാന്‍ ചെയ്ത 69 എ പ്രകാരം തന്നെയാണ് ആന്‍തെം ഫോര്‍ കശ്മീറും കേന്ദ്ര സര്‍ക്കാര്‍ ബാന്‍ ചെയ്തത്. പക്ഷേ ഡോക്യുമെന്ററി  ബി.ബി.സിയുടേതായത് കൊണ്ട് തന്നെ എല്ലാവരും ഏറ്റെടുത്തു, പലയിടത്തും അതിന്റെ സ്‌ക്രീനിങ് നടത്തി. പക്ഷേ ഇത്തരം ചെറിയ വര്‍ക്കുകള്‍ ഏറ്റെടുക്കാന്‍ ആരുമില്ല. അത് എന്നും അങ്ങനെയാണ്. സ്വതന്ത്രമായ വര്‍ക്കുകള്‍ ആണവ. അത് ചെയ്യാനും കഠിനമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.

നിലവില്‍ ബാന്‍ ചെയ്ത എന്റെ ചിത്രം എവിടെ പ്രദര്‍ശിപ്പിക്കും എന്ന ചിന്തയിലാണ് ഞാന്‍. ഒരു വേദിയും ഇത് പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നില്ല, കേരളം പോലും. കേരളമായിരുന്നു ആകെ പ്രതീക്ഷയുണ്ടായിരുന്ന സ്ഥലം. കേരളത്തിന് പുറത്ത് പണ്ടും വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല.

എന്നാല്‍ കേരളത്തിലെ സോ കോള്‍ഡ് ലിബറല്‍ സ്പേസുകള്‍ പോലും ഇത് തൊടാന്‍ തയ്യാറല്ല. അങ്ങനെയുള്ളൊരു അവസ്ഥയിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന് ഹിന്ദുത്വ അജണ്ടയുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ ഷോര്‍ട്ട് ഫിക്ഷന്‍ ബാന്‍ ചെയ്തതില്‍ അതിശയമില്ല. പക്ഷേ ഇതിന് വളം വെച്ചുകൊടുക്കുന്നത് ആരൊക്കെയാണ്? ബി.ബി.സി ഡോക്യുമെന്ററിയും ആന്‍തെം ഫോര്‍ കശ്മീരും യുട്യൂബിലാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. അതുപോലെ ട്വിറ്ററും ഫേസ്ബുക്കും പോലുള്ള ആഗോള സ്ഥാപനങ്ങള്‍ ഈ സ്വേച്ഛാധിപത്യത്തെ​ പിന്തുണക്കുകയാണ്.

ആന്‍തെം ഫോര്‍ കശ്മീര്‍ എന്ന ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റര്‍

യുട്യൂബില്‍ നിന്ന് എനിക്ക് വന്ന നോട്ടീസില്‍ പറയുന്നത് അവര്‍ക്ക് പ്രാദേശിക നിയമങ്ങള്‍ പാലിച്ചേ പറ്റുള്ളൂവെന്നും അതുകൊണ്ട് സര്‍ക്കാര്‍ ഇത് ബാന്‍ ചെയ്യാന്‍ പറഞ്ഞാല്‍ അവര്‍ അത് ചെയ്യുമെന്നാണ്.

ഹിന്ദുത്വയെ താങ്ങി നിര്‍ത്തുന്നത് ബിഗ് കാപ്പിലറ്റുകളാണ്. അദാനിയുടെ കേസ് അതിനുദാഹരണമാണ്. ഇങ്ങനെയൊരു അവസ്ഥയില്‍ സോ കോള്‍ഡ് ലിബറല്‍സും ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നു. അതിപ്പോ നേരിട്ടോ അല്ലാതെയോ ആകാം. എന്താണ് ഇവരുടെ അകത്തുള്ള രാഷ്ട്രീയം എന്ന് നമുക്ക് അറിയില്ല. ഒരു പക്ഷേ അവര്‍ പേടികൊണ്ടാകാം ഇത്തരത്തില്‍ പെരുമാറുന്നത്.

ഇന്നും ഞാന്‍ ഒരു യോഗം കഴിഞ്ഞ് വരികയാണ്. എറണാകുളത്തെ ഒരു പ്രധാനപ്പെട്ട  സ്പേസില്‍ ഇത് സ്‌ക്രീന്‍ ചെയ്യാന്‍ പറ്റുമോ എന്ന ചര്‍ച്ചയിലായിരുന്നു. അവര്‍ പറഞ്ഞത് ഓരോ സ്ഥാപനത്തിനും അവരുടേതായ കല്‍പനകളുണ്ടെന്നാണ്. അതെന്താണെന്ന് നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഇതിലൊക്കെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നിരീക്ഷണമുണ്ടെന്നും അതുകൊണ്ട് എന്റെ സിനിമ തൊട്ട് കഴിഞ്ഞാല്‍ പ്രശ്നമാകുമെന്നാണ് അവര്‍ പറഞ്ഞത്.

എന്നാല്‍ അതിലെ ഒരു പ്രോഗ്രാമറോട് ചോദിച്ചപ്പോള്‍ കശ്മീര്‍ ഫയല്‍സ് പോലെ ഇംപാക്ട് വേണമെന്നാണ് അറിയിച്ചത്. കശ്മീര്‍ ഫയല്‍സ് പോലെ എന്നൊക്കെയാണ് ആ ലിബറല്‍ സ്പേസിനകത്തിരിക്കുന്ന പ്രോഗ്രാം ഓഫീസറുമാര്‍ ഉപയോഗിക്കുന്ന വാക്കുകള്‍. അപ്പോള്‍ തന്നെ മനസിലാക്കണം ഇവിടെ ഈ ലിബറല്‍ എന്ന് പറഞ്ഞിരിക്കുന്നവരൊക്കെ ഏത് തരം ആളുകളാണെന്നുള്ളത്.

ഒരു ഭാഗത്ത് കശ്മീര്‍ ഫയല്‍സും മറുഭാഗത്ത് ആന്‍തെം ഫോര്‍ കശ്മീറും റിലീസ് ചെയ്യുന്നു. എന്നാല്‍ വസ്തുതകള്‍ പറഞ്ഞ് വെക്കുന്ന ആന്‍തെം ഫോര്‍ കശ്മീര്‍ ബാന്‍ ചെയ്യുന്നു. കശ്മീര്‍ ഫയല്‍സ് വലിയ തരത്തില്‍ ചര്‍ച്ചയാകുന്നു. സത്യത്തില്‍ നെഗറ്റീവ് പബ്ലിസിറ്റിയുടെ ഭാഗമായാണെങ്കിലും കശ്മീര്‍ ഫയല്‍സ് ചര്‍ച്ച ചെയ്യപ്പെടുന്നത് അവരുടെ അജണ്ടയുടെ ഭാഗമല്ലേ?

കശ്മീര്‍ ഫയല്‍സ് സപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍ക്ക് അത് നെഗറ്റീവ് അല്ല, പോസിറ്റീവാണ്. അവര്‍ അവരുടെ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. അത് സ്റ്റേറ്റ് തന്നെ ഏറ്റെടുക്കുന്നു. ജനാധിപത്യ ഇടമെന്ന് നമ്മള്‍ കരുതുന്ന, നമ്മള്‍ വിശ്വസിക്കുന്ന പാര്‍ലമെന്റില്‍ പോലും ഇത് പ്രോത്സാഹിപ്പിക്കുകയാണ്. കശ്മീര്‍ ഫയല്‍സ് ഒരു വൃത്തികെട്ട പ്രൊപ്പഗണ്ടയെന്ന് ലോകം മുഴുവന്‍ തിരിച്ചറിയുകയും നദാവ് ലാപിഡിനെപ്പോലെയുള്ളവര്‍ അത് തുറന്ന് പറയുകയും ചെയ്തതാണ്.

എന്നാല്‍ നമ്മുടെ ഭരണകൂടം അതിനെ സപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടില്‍ പോയി കുടുംബമായി ഇത് കാണണമെന്ന് പറഞ്ഞ് തൊഴിലാളികള്‍ക്ക് ലീവ് കൊടുത്തു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ടാക്സ് കുറച്ചു. ഇത്രയും ഭീകരമായ ഫ്രേം വര്‍ക്കിന്റെ ഭാഗമായാണ് കശ്മീര്‍ ഫയല്‍സ് ഇറങ്ങുന്നത്.

ഇവിടെയാണ് നമ്മള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയും, പലരോടും കടം വാങ്ങിയും, ഗ്രനേഡൊക്കെ പൊട്ടുന്നതിന്റെ ഇടയില്‍ പോയി സിനിമ ചെയ്ത് വരുന്നത്. അതിന് പിന്നാലെയാണ് സ്റ്റേറ്റ് ഇത് അടിച്ചമര്‍ത്തുന്നത്. ഒരു ന്യൂക്ലിയാര്‍ രാജ്യമാണ് പത്ത് മിനിട്ടുള്ള ഫിലിമിന്റെ മുകളില്‍ നിരോധനമേര്‍പ്പെടുത്തുന്നതെന്ന് ആലോചിക്കണം.

ഫിലിം​ കണ്ട ഹിന്ദുത്വയെ പിന്തുണക്കുന്നവര്‍ എന്നോട് കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് പരാമര്‍ശിക്കാത്തതെന്താണെന്ന് ചോദിച്ചിരുന്നു. അതിന് ഞാന്‍ മറുപടി പറഞ്ഞത് സഞ്ജയ് കാക്‌  എന്ന ദേശീയ അവാർഡ് ജേതാവായ ഡോക്യുമെന്ററി ഫിലിംമേക്കറെ മുന്‍നിര്‍ത്തിയാണ്. അദ്ദേഹം എന്റെ സിനിമ കാണുകയും ഒരുപാട് പേര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രത്തിലെ രംഗം

ആയിരക്കണക്കിന് പണ്ഡിറ്റുകള്‍ പലായനം ചെയ്തുവെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ ഒരു ഫോട്ടോ കാണിച്ച് തരാമോ എന്നാണ് സഞ്ജയ് കാക്‌  ചോദിക്കുന്നത്. അദ്ദേഹം ഒരു കശ്മീരി പണ്ഡിറ്റ് ആണെന്നത് ഓര്‍ക്കണം. ഇത് 90കളിലാണ് നടന്നത്. 1947ല്‍ ഇന്ത്യാവിഭജനം നടന്നപ്പോള്‍ ആളുകള്‍ പലായനം ചെയ്തതിന്റെ ഫോട്ടോകളുണ്ട്. 90കളില്‍ നടന്ന സംഭവത്തിന്റെ ഒരു ഫോട്ടോയെങ്കിലും നിങ്ങള്‍ക്ക് തരാനുണ്ടോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. അദ്ദേഹത്തിന്റെ വിറ്റ്‌നെസ്‌ എന്ന പുസ്തകത്തിലും ഇത് പരാമർശിക്കുന്നുണ്ട്.

കശ്മീർ പണ്ഡിറ്റുകൾ തീർച്ചയായും കശ്മീർ കലാപങ്ങളുടെ ഇരയാണ്.  കൂട്ടമായോ ഒറ്റക്കോ ഒരുപാട് പണ്ഡിറ്റുകൾ കാലങ്ങളായി  പോയിട്ടുണ്ടാകാം. അത് ഒരു പലായനമായി അവതരിപ്പിച്ച് അതിന്റെ പ്രൊപ്പഗണ്ട മുഴുവന്‍ ഒരു സിനിമയില്‍ കൊണ്ട് വന്ന് അവര്‍ ഉപയോഗിക്കുകയാണ്. അതാണല്ലോ അതിന്റെ സത്യം. എത്ര പണ്ഡിറ്റുകള്‍ മരിച്ചുവെന്ന അവരുടെ കണക്കുകള്‍ പോലും കൃത്രിമമാണ്.

ആന്‍തെം ഫോര്‍ കശ്മീര്‍ എന്ന ഷോര്‍ട്ട് ഫിക്ഷനിലൂടെ എന്തൊക്കെ വസ്തുതകളാണ് താങ്കള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ചത്?

ഇതില്‍ പ്രധാനമായും കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളാണ് പറയുന്നത്. വര്‍ഷങ്ങളായി അവിടെ നടക്കുന്ന നിര്‍ബന്ധിത തിരോധാനം, പാതിവിധവകളുടെ (ഹാഫ് വിഡോ) അവസ്ഥകള്‍, ഫേക്ക് എന്‍കൗണ്ടര്‍ എന്നിവയാണ് പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത്.

ഹാഫ് വിഡോ എന്ന് പറയുന്ന ഒരു വിഭാഗം തന്നെ കശ്മീരിലുണ്ട്. ഹാഫ് വിഡോ എന്ന് പറയുന്ന ഫീച്ചര്‍ സിനിമ ഇറങ്ങിയിട്ടുണ്ട്. കേരളത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണത്. ഹാഫ് വിഡോ എന്ന് പറയുന്നത് പിടിച്ച് കൊണ്ടുപോകുന്ന ആളുകളുടെ ഭാര്യമാരാണ്. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ മരിച്ചിട്ടുണ്ടോ ഇല്ലയോ ഇനി ജീവനോടെ ഉണ്ടെങ്കിലും തിരിച്ച് വരുമോ എന്ന് അറിയാത്ത അവസ്ഥയില്‍ നില്‍ക്കുന്നവരാണവര്‍.

പിന്നെ പറയുന്നത് ഫേക്ക് എന്‍കൗണ്ടറിനെക്കുറിച്ചാണ്. അഫ്സ്പ നിലനിൽക്കുന്ന സ്ഥലങ്ങളിൽ നമ്മൾ സ്ഥിരം കേൾക്കുന്ന ഒരു സംഭവമാണ്
ഫേക്ക് എന്‍കൗണ്ടര്‍. കശ്മീരിലെ പോലെ നോര്‍ത്ത് ഈസ്റ്റിലൊക്കെ സ്ഥിരമുള്ളതാണ് ഫേക്ക് എന്‍കൗണ്ടര്‍.  ഞാന്‍ പോയ സമയത്തും എന്‍കൗണ്ടര്‍ കില്ലിങ്ങിനെ കുറിച്ചുള്ള വാർത്തകൾ ഉണ്ടായിരുന്നു. അതിന്റെ ഇരകളുടെ ചിത്രങ്ങളൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. ഇതൊക്കെയും കോര്‍ത്ത് കൊണ്ടുള്ള ഒരു വിവരണമാണ് ആന്‍തെം ഫോര്‍ കശ്മീര്‍.

ഇത് ഒരു ഷോര്‍ട്ട് ഫിക്ഷന്‍ രൂപത്തില്‍ ചെയ്യുകയായിരുന്നു. ഡോക്യുമെന്ററി ഫൂട്ടേജുകള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. പിന്നെ പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത് ഒരു പ്രതിഷേധ ഗാനമാണ്. തമിഴിലുള്ള റോക്ക് സോങ്ങാണത്. പ്രതിഷേധത്തിന് റോക്ക് ഉപയോഗിക്കുന്നതിന് ഒരു വലിയ ചരിത്രമുണ്ട്. റാപും ഇതുപോലെ
പ്രതിഷേധത്തിന്റെ ഭാഗമായി ഉപയോഗിച്ച് വരുന്ന മറ്റൊരു മ്യൂസിക്കൽ ഫോം ആണ്.

തമിഴ് റോക്ക് ഉപയോഗിച്ചതും കൃത്യമായ രാഷ്ട്രീയ തീരുമാനമാണെന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്. ഹിന്ദി മേല്‍ക്കോയ്മ നിലനില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ അതിനെതിരെയുള്ള ഒരു പോരാട്ടമായി ഇതിനെ കാണാന്‍ ആകുമോ?

തീര്‍ച്ചയായും. പെരിയാറിന്റെ കാലം തൊട്ടേ ഹിന്ദി ഹെജിമണിക്കെതിരെ നിലനിന്നിരുന്ന ഭാഷയാണ് തമിഴ്. ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പേ തന്നെ ഈ ഭാഷ പല തരത്തില്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട്. അതിന് പിന്നിലെ ചരിത്രവും നമുക്ക് അറിയാവുന്നതാണ്. ഈ ഷോര്‍ട്ട് ഫിക്ഷന്‍ എന്തായാലും ഹിന്ദിയില്‍ ചെയ്യാന്‍ സാധിക്കില്ല. അത് കശ്മീരില്‍ ചൂഷകന്റെ ഭാഷയാണ്‌. കശ്മീര് ഭാഷയില്‍ ചെയ്താല്‍ അത് ഒറ്റപ്പെട്ടതാകും.

കശ്മീരിനെ വെച്ച് നോക്കുമ്പോള്‍ രാജ്യത്തിന്റെ അങ്ങേ അറ്റത്തുള്ള ഭാഷയാണ് തമിഴ്.  അപ്പോൾ തമിഴ് ഭാഷ  ഉപയോഗിക്കുമ്പോൾ, കശ്മീരിന്റെ പ്രശ്നങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌കൊണ്ട് ഇന്ത്യ കൂടെ നില്‍ക്കുമെന്നതിന്റെ പ്രതീകമാകും. ആ ഒരു ചിന്തയിലാണ് തമിഴ് റോക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.

തമിഴ് ഭാഷക്ക് ഒരു ഭംഗിയുണ്ട്. അതും ഒരു ഘടകമാണ്. റോക്ക് ഫോമുകള്‍ രസകരമായി ഉപയോഗിക്കാന്‍ പറ്റുന്ന ഭാഷയാണ് തമിഴ്. ഇത്തരത്തില്‍ റോക്ക് ഫോമുകൾ  ഒരു വര്‍ക്ക് കേന്ദ്ര സർക്കാരിന് വളരെ പ്രശ്നമാണെന്ന് തോന്നി ഉടനെ ബ്ലോക്ക് ചെയ്യാന്‍ തീരുമാനിക്കുന്നു.

ഇത് പോലെ തന്നെയാണ് ബി.ബി.സി ഡോക്യൂമെന്ററിയുടെയും കാര്യം. രാകേഷ് ശര്‍മയുടെ ഗുജറാത്ത് കലാപത്തെകുറിച്ചുള്ള ഫൈനല്‍ സൊലൂഷനൊക്കെ യൂട്യൂബിലുണ്ട്. ഇതേ കാര്യങ്ങള്‍ തന്നെയാണ് ബി.ബി.സി ഡോക്യുമെന്ററിയിലുമുള്ളത്.

പക്ഷേ ബി.ബി.സി ഇതേ സത്യങ്ങള്‍ പറഞ്ഞപ്പോള്‍ അത് ബാന്‍ ചെയ്തു. ബി.ബി.സിയില്‍ കാണിക്കുന്ന ബ്രിട്ടീഷ് സർക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഒഴിച്ച് ബാക്കിയെല്ലാം ശര്‍മയുടെ ഡോക്യുമെന്ററിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 2004ലാണ് അത് പുറത്തിറങ്ങിയത്. അന്ന് അതിന് സെൻസർ നിഷേധിച്ചിരുന്നെങ്കിലും ഇപ്പോള്‍ യൂട്യൂബിലതുണ്ട്.

ഷൂട്ട് ചെയ്യാന്‍ പോയ സമയത്ത് കശ്മീരിലെ ജനങ്ങള്‍ എങ്ങനെയാണ് താങ്കളോട് പെരുമാറിയത്. സാധാരണ ജനങ്ങള്‍ ഏത് രീതിയിലാണ് ഷോര്‍ട്ട് ഫിക്ഷനുമായി സഹകരിച്ചത്?

അവിടുത്തെ ജനങ്ങള്‍ പൂര്‍ണമായും പിന്തുണച്ചിരുന്നു. അവരുടെ സപ്പോര്‍ട്ട് ഇല്ലാതെ ഇങ്ങനൊരു സിനിമ ചെയ്യാന്‍ സാധിക്കില്ല. ആ ക്രൂവില്‍ കശ്മീരി അല്ലാത്തത് ഞാന്‍ മാത്രമേ ഉള്ളൂ. ഈ സ്‌ക്രിപ്റ്റ് കാണിച്ചതും കശ്മീരികളെയാണ്. കശ്മീരിലെ സര്‍വകലാശാല പ്രൊഫസര്‍മാറും മാധ്യമപ്രവര്‍ത്തകരും ഈ സ്‌ക്രിപ്റ്റ് വായിച്ചവരാണ്. ഇത് വായിച്ചപ്പോഴും അവര്‍ പറഞ്ഞത് കൂടെ നില്‍ക്കുമെന്നാണ്.

ഞാന്‍ ഒരു മാസത്തിലധികം അവിടെ താമസിച്ചിരുന്നു. ആ സമയങ്ങളിലൊക്കെയും അവര്‍ എന്റെ കൂടെ രാത്രി വരെ സഞ്ചരിച്ച് ലൊക്കേഷനൊക്കെ കാണിച്ച് തന്നിരുന്നു. അങ്ങനെ എല്ലാവരും കൂടെയുണ്ടായ വര്‍ക്കാണിത്. അങ്ങനെയൊരു ടീം ഉണ്ടായെങ്കിലേ ഈ വര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുള്ളൂ. കാരണം അഫ്‌സ്പ (AFSPA) നിലനില്‍ക്കുന്നൊരു ടെറിറ്ററിയാണത്. അങ്ങനൊരു സ്ഥലത്ത് സാധാരണ ജനങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല.

ഈ വര്‍ക്കിന് കൂടെ നിന്നവര്‍ വളരെ വ്യക്തിപരമായ പല അനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. ഒരിക്കല്‍ എന്റെ ക്യാമറമാന്‍ ഒരു സ്ഥലം കാണിച്ച് തരാന്‍ കൊണ്ടുപോയി. അത് അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തിനെ വെടിവെച്ച് കൊന്ന സ്ഥലമായിരുന്നു. അതുപോലെ ഇതില്‍ അഭിനയിച്ച ഒരു ചെറുപ്പക്കാരന്റെ അച്ഛനെ ആര്‍മി വെടിവെച്ച് കൊന്നു. പച്ചക്കറി വാങ്ങാന്‍ പോകുന്ന സമയത്ത് ബസില്‍ വെച്ച് വെടിവെക്കുകയായിരുന്നു. അന്ന് അതില്‍ സഞ്ചരിച്ച എല്ലാവരെയും അവര്‍ വെടിവെച്ചു.

ഇത്തരം കഥകളുള്ള ആള്‍ക്കാരാണ് എന്റെ കൂടെയുണ്ടായത്. അവരുടെ കഥകള്‍ ആളുകളിലേക്കെത്തണമെന്ന ആഗ്രഹം അവര്‍ക്കുണ്ടായിരുന്നു. അവരുടെ ചരിത്രം എന്താണെന്ന് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. ഇവര്‍ അനുഭവിച്ച പ്രശ്നങ്ങള്‍ മുഴുവനായും മുഖ്യധാരാ മാധ്യമങ്ങളില്‍ പോലും വന്നിട്ടില്ല എന്നതാണ് സത്യം.

2019 ആഗസ്റ്റ് അഞ്ച് ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായ ദിവസമാണ്. നേരത്തേ സൂചിപ്പിച്ചത് പോലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീരിന്റെ പരമാധികാരം ഇല്ലാതായി. കശ്മീരിനെ നേരിട്ട് മനസിലാക്കിയ ഒരാളെന്ന നിലയില്‍ ആഗസ്റ്റ് അഞ്ചിന് മുമ്പും പിമ്പും കശ്മീരിലുണ്ടായ മാറ്റങ്ങളെന്തൊക്കെയാണ്?

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് 1000 ദിവസം തികയുന്ന ദിവസമാണ് ഞങ്ങള്‍ ഈ സിനിമ പുറത്തിറക്കുന്നത്. ആഗസ്റ്റ് അഞ്ച് കഴിഞ്ഞ് സംഭവിച്ചതെന്തൊക്കെയാണെന്ന് നാം കണ്ടതാണ്. ആദ്യം അവിടെ മുഴുവന്‍ ലോക്ഡൗണ്‍ ആയിരുന്നു. ഇന്റര്‍നെറ്റ് കട്ട് ചെയ്യുക, പലയാളുകളെയും അറസ്റ്റ് ചെയ്യുക തുടങ്ങി ഒരുപാട് പ്രശ്നങ്ങള്‍ അവിടെയുണ്ടായിരുന്നു.

ആന്‍തെം ഫോര്‍ കശ്മീരില്‍ നിന്ന്

ഇപ്പോള്‍ അവിടെ വികസനം എന്ന പേരില്‍ ഭൂമി പിടിച്ചെടുക്കല്‍ നടക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 ഉണ്ടെങ്കില്‍ അവര്‍ക്ക് ഇത്തരത്തില്‍ ഭൂമി പിടിച്ചെടുക്കാന്‍ സാധിക്കില്ല.

ഇപ്പോള്‍ കേന്ദ്രത്തിന് ഈ സ്ഥലങ്ങളൊക്കെ കച്ചവട താല്‍പര്യങ്ങൾക്ക് വേണ്ടി  മറിച്ച് വില്‍ക്കാനും അവര്‍ക്ക് അവിടെ ടൂറിസത്തിന്റെ പേരിലും മറ്റും ഭൂമി പിടിച്ചെടുക്കല്‍ നടത്താൻ സാധിക്കും. ടൂറിസം കശ്മീരികളെ സാമ്പത്തികമായി ഉയര്‍ത്തുമെന്ന് പറഞ്ഞാണ് ഇത് ചെയ്യുന്നത്. ടൂറിസമാണ് കശ്മീരിന്റെ നട്ടെല്ലെന്നും ആളുകള്‍ കൂടുതലായി വരുന്നതിന് അനുസരിച്ച് സാമ്പത്തികമായി മെച്ചമുണ്ടാകുമെന്നുള്ള ധാരണകള്‍ കശ്മീരികളിലേക്ക് അടിച്ചേല്‍പ്പിക്കുന്നു. എല്ലാം വികസനമാണെന്നാണ് അവര്‍ പറയുന്നത്. ഇങ്ങനെ വരുമ്പോള്‍ ആ ഭൂമിയിലുള്ള മനുഷ്യര്‍ എങ്ങോട്ട് പോകും.

ഭൂമി ഏറ്റെടുക്കുന്ന കാര്യം പോലെ ഗൗരവമേറിയതാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയം. ബുള്‍ഡോസര്‍ ഉപയോഗിച്ച് നിമിഷ നേരം കൊണ്ട് ജനങ്ങളുടെ അഭിപ്രായം പോലും ചോദിക്കാതെ വീടുകള്‍ നശിപ്പിക്കുന്നു. ദല്‍ഹിയിലും ഉത്തര്‍പ്രദേശിലുമൊക്കെ ഇത് പ്രയോഗിച്ച് കഴിഞ്ഞു. ഇപ്പോള്‍ കശ്മീരിലേക്കും ബുള്‍ഡോസര്‍ രാഷ്ട്രീയം പ്രയോഗിക്കുകയാണ്. ഈ സമയത്ത് ആര്‍ട്ടിക്കിള്‍ 370ന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാലെന്താണെന്ന് ചോദിക്കുന്നവര്‍ക്ക് ഇത് ബോധ്യപ്പെടുമെന്ന് തോന്നുന്നുണ്ടോ?

എനിക്ക് ഇതിലൊരു പ്രതീക്ഷയുമില്ല. ജനത ഇതൊക്കെ ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അവരവരെ ബാധിക്കുമ്പോള്‍ മാത്രമേ ആളുകള്‍ പ്രശ്നങ്ങളില്‍ ബോധവാന്മാരാകുകയുള്ളൂ. അല്ലാത്തിടത്തോളം അവര്‍ പല കാര്യങ്ങളിലുമായി സമയം ചെലവഴിക്കുന്നു. നെറ്റ്ഫ്ളിക്സ്, ഇൻസ്റ്റാഗ്രാം, റിസോര്‍ട്ടുകള്‍ തുടങ്ങി അവരുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള പലതും ചുറ്റിലുമുണ്ട്.

അതിനൊരു ഉദാഹരണം പറയാം. ലക്ഷദ്വീപില്‍ പ്രശ്നങ്ങള്‍ വന്ന സമയത്ത് പൊളിറ്റിക്കലായി മാറിയ പലരെയും എനിക്ക് വ്യക്തിപരമായി അറിയാം. ആ നിമിഷം വരെ അവര്‍ ഒരു രാഷ്ട്രീയവിഷയങ്ങളിലും ഇടപെട്ടിരുന്നില്ല. ഇതാണ് നമ്മുടെ അവസ്ഥ. ഇവിടെ പാസ്റ്റര്‍ മാര്‍ട്ടിന്‍ നീമോല്ലര്‍ എഴുതിയ പ്രശസ്തമായ വരികളാണ് ഓര്‍മ വരുന്നത്. ആ അവസ്ഥയാണ് ഇന്ന് ഇവിടെയുള്ളത്. ഇത് മാറുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് ഈ പ്രവൃത്തികളൊക്കെയും അവരില്‍ ബോധം വരുത്തുമെന്ന് എനിക്ക് തോന്നുന്നില്ല.

വലിയ ആഗ്രഹത്തോടെ അത്രയും തീവ്രമായ വിഷയത്തില്‍ ഒരു ഷോര്‍ട്ട് ഫിക്ഷന്‍ ചെയ്യുന്നു. അത് പുറത്തിറങ്ങുമ്പോഴേക്കും സര്‍ക്കാര്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കി. താങ്കളോട് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ താങ്കള്‍ എങ്ങനെയാണ് അതിന് മറുപടി നല്‍കിയത്?

ഇതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ ഇല്ല. ഒരു വ്യക്തിക്ക് തനിയെ എങ്ങനെയാണ് സ്റ്റേറ്റിനോട് പ്രതിരോധിച്ച് നില്‍ക്കാന്‍ സാധിക്കുക. ഇത് സ്ഥിരമായി നടക്കുന്ന സംഭവമായി മാറിയിട്ടുണ്ട്. മീഡിയ വണിന്റെ കേസ് നമുക്ക് അറിയാം. ഇത്ര വലിയ സ്ഥാപനങ്ങള്‍ പോലും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പാട് പെടുകയാണ്.

ആന്‍തെം ഫോര്‍ കശ്മീരിലെ രംഗം

ഇവിടെ വരുന്ന പ്രശ്‌നം ബാന്‍ ചെയ്ത് കഴിഞ്ഞിട്ട് കേന്ദ്ര സര്‍ക്കാര്‍ മറുപടി ചോദിക്കുന്നു എന്നതാണ്. അല്ലാതെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷമല്ല അവര്‍ ബാന്‍ ചെയ്യുന്നത്. അങ്ങനെയല്ലല്ലോ സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. നമുക്ക് പറയാനുള്ളത് കേട്ടിട്ടല്ലേ വിധി എഴുതേണ്ടത്.

ഇങ്ങനൊരു പ്രശ്നം വന്നാലുടനെ ഒരു വക്കീലിനെ വെക്കണം, അപ്പീല്‍ പോകണം, കോടതിയില്‍ പോകണം. അതിനൊക്കെ ധാരാളം പൈസയും സമയവും ചെലവാകും. ഇത്രയൊക്കെ കഷ്ടപ്പെട്ടാലും ഇവിടെ നമുക്ക് പ്രതീക്ഷക്കുതകുന്ന തീരുമാനങ്ങള്‍ ഉണ്ടാകാന്‍ പോകുന്നില്ല.

പ്രത്യേകിച്ച് ഇപ്പോഴത്തെ ജുഡീഷ്യറിയുടെ അവസ്ഥ നമുക്ക് അറിയാം. ജുഡീഷ്യറിയുടെ തീരുമാനമെന്താവുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയുള്ള ഹരജികള്‍ പരിഗണിക്കുമെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി അറിയിച്ചിരുന്നു. അതായത് ഇപ്പോഴും പരിഗണിക്കുമെന്ന ഘട്ടം വരെ മാത്രമേ ഈ വിഷയം എത്തിയിട്ടുള്ളൂ. ഇത്തരം കേസുകളില്‍ നീതിന്യായ വ്യവസ്ഥക്ക് എത്രമാത്രം പങ്കാണുള്ളത്?

ഇവിടെ ആദ്യം മനസിലാക്കേണ്ടത് ആര്‍ട്ടിക്കിള്‍ 370-നെ കുറിച്ചാണ്. ആര്‍ട്ടിക്കിള്‍ 370 എന്നത് ഒരു വാഗ്ദാനമാണ്. കശ്മീരിന് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വേണ്ടി കൊടുത്ത വാഗ്ദാനം. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തോടൊപ്പം ചേര്‍ന്നാലും നിങ്ങള്‍ക്ക് ഒരു സ്വയംഭരണാവകാശമുണ്ടാകുമെന്ന് പറഞ്ഞ് കൊടുത്ത ഉറപ്പാണിത്.

ആർട്ടിക്കിൾ 370 പിൻവലിച്ചത് ഭരണഘടനാവിരുദ്ധമാണ്. ഇത് ഭരണാഘടനപരമാണോ അല്ലയോ എന്നാണ് കോടതി തീരുമാനിക്കേണ്ടത്. ജുഡീഷ്യറി ഇത്തരം കേസുകളില്‍ എങ്ങനെ ഇടപെടുമെന്ന് നമുക്ക് അറിയാമല്ലോ. ബാബരി മസ്ജിദ് കേസ്, റാഫേല്‍ കേസ് തുടങ്ങിയ കേസുകളുടെ വിധി നമ്മള്‍ കണ്ടതാണ്. ബാബരി മസ്ജിദ് കേസ് വിധി പറഞ്ഞ ജഡ്ജിയെയാണ് ആന്ധ്രപ്രദേശിന്റെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അവര്‍ക്ക് അനുകൂലമായ വിധികള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാര്‍ക്ക് പല സ്ഥാനമാനങ്ങളും പദവികളും നല്‍കുകയാണ്. ഇതൊക്കെ നിരന്തരം കാണുന്ന നമുക്ക് ജുഡീഷ്യറിയില്‍ എന്ത് പ്രതീക്ഷയാണുണ്ടാവുക.

ജുഡീഷ്യറിയെ മാത്രമല്ല മാധ്യമങ്ങളെയും സര്‍ക്കാര്‍ വാങ്ങി വെച്ചിരിക്കുകയാണ്. ഇന്ന് ഒന്നോ രണ്ടോ മാധ്യമങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നയങ്ങളെ എതിര്‍ത്ത് കൊണ്ട് മുന്നോട്ട് വരുന്നത്. കേരളത്തിലാണ് പിന്നെയും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ എതിര്‍ത്ത് സംസാരിക്കുന്നത്.

എന്നാല്‍ ഇതൊക്കെയും കച്ചവട താല്‍പര്യങ്ങളുടെ ഭാഗമാണ്. അതിനപ്പുറം ഇവരാരും സമൂഹത്തെ നന്നാക്കാന്‍ വേണ്ടി ഇരിക്കുന്നവരല്ല. അത് സിനിമക്കാരായാലും, മാധ്യമങ്ങളായാലും, ജുഡീഷ്യറിയായാലുമെല്ലാം നിലനില്‍പിന് വേണ്ടി ഇരിക്കുന്നവരാണ്. ഇതിനെതിരെ സംസാരിക്കുന്നവരാണ് അറസ്റ്റ് ചെയ്യപ്പെടുകയോ ഇത്തരത്തില്‍ നിരോധിക്കപ്പെടുകയോ ചെയ്യുന്നത്.

ചിത്രത്തില്‍ നിന്ന്

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ വിദ്യാര്‍ത്ഥികളും ആക്ടിവിസ്റ്റുകളുമെല്ലാം രംഗത്ത് വന്നിരുന്നു. അതില്‍ പലരെയും കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടിയിട്ടുണ്ട്. ഇപ്പോഴും വേട്ടയാടുന്നുമുണ്ട്. പ്രതിഷേധങ്ങളുടെ ഭാഗമായ ഇത്തരം ആളുകളെ ഈ ഫിലിമിന്റെ ഭാഗമാക്കാന്‍ സാധിച്ചിരുന്നോ?

ഈ ഹ്രസ്വ ചിത്രം തന്നെ പ്രതിഷേധമാണല്ലോ. ഞാന്‍ കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. വലിയ ചിത്രങ്ങളാകുമ്പോൾ പ്രതിഷേധങ്ങളും ഉൾപ്പെടുത്താൻ സാധിക്കും. ആര്‍ട്ടിക്കിള്‍ 370 മാത്രമല്ല, സി.എ.എക്കെതിരെയുള്ള പ്രതിഷേധങ്ങളെല്ലാം ഉള്‍പ്പെടുത്തേണ്ടതുണ്ട്.

ബി.ബി.സി ബാന്‍ ചെയ്ത ആക്ട് 69 എ പ്രകാരമാണ് ആന്‍തെം ഫോര്‍ കശ്മീറും ബാന്‍ ചെയ്തത്. ആക്ടില്‍ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും കോട്ടം വരുത്തുന്ന എന്തെങ്കിലും പ്രവൃത്തികള്‍ വരികയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ തടയാം എന്ന് പറയുന്നു. അങ്ങനെയെങ്കില്‍ ഈ നിയമം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സൃഷ്ടികളെ നിഷ്പ്രയാസം തടയാവുന്നതല്ലേ?

തീര്‍ച്ചയായും. എനിക്ക് ഈ നോട്ടീസ് വന്നപ്പോള്‍ എന്റെ വക്കീല്‍ സുഹൃത്തുക്കളോട് ഞാന്‍ ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നു. 69 എ വിശാലമായൊരു നിയമം ആണ്. അതില്‍ അവര്‍ക്ക് പ്രശ്നമുള്ള എന്തും ഉള്‍പ്പെടുത്തി കേസ് എടുക്കാമെന്ന് വക്കീലുമാര്‍ പോലും പറയുന്നുണ്ട്. അതില്‍ അവർക്ക് പ്രശ്നമുള്ള എന്തും ഉൾപ്പെടുത്താമെന്ന് വക്കീലുമാർ പോലും പറയുന്നുണ്ട്.

ഐ.ടി ആക്ടില്‍ പുതിയ മാറ്റങ്ങള്‍ വന്നത് ഈ അടുത്ത വര്‍ഷങ്ങളിലാണ്. ട്വിറ്ററും യൂട്യൂബും ഫേസ്ബുക്കുമെല്ലാം  ഈ മാറ്റങ്ങൾക്ക് വിധേയമാണ്. ഇതിലൊക്കെ വളരെ കുറച്ച് പ്രതിഷേധങ്ങളേ വരുന്നുള്ളൂ. ബാക്കിയെല്ലാം സര്‍ക്കാര്‍ തീരുമാനിക്കുന്നത് പോലെയാണ് നടക്കുന്നത്.

നമ്മള്‍ ആലോചിക്കേണ്ടത് ഇന്ന് നമ്മെ ഭരിക്കുന്നത് ഗാന്ധിയെ കൊന്നവരാണ്.  ഗോഡ്‌സെ ആര്‍.എസ്.എസ് അല്ലയെന്നാണ് സംഘപരിവാറിന് വരുത്തി തീര്‍ക്കേണ്ടത്. 1948 മുതലേ അങ്ങനെയാണ്.  ധീരേന്ദ്ര കെ.ജാ  പോലുള്ള  ഗവേഷകർ പലയിടത്തും എഴുതുകയും പറഞ്ഞിട്ടുമുള്ള കാര്യമാണത്.

ഗാന്ധിയെ വധിച്ചതിലും വലുതായി ഇന്ത്യയില്‍ ഒന്നുമില്ലല്ലോ. രാഷ്ട്രപിതാവിനെ വെടിവെച്ച് കൊല്ലുക എന്നത് ഇന്ത്യയെ വെടിവെച്ച് കൊല്ലുന്നതിന് തുല്യമാണ്. അവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് ചിന്തിക്കണം.

ഇന്ന് നമ്മള്‍ എന്ത് കാണണം എന്ന് തീരുമാനിക്കാനുള്ള ശേഷി പോലും സര്‍ക്കാരിനുണ്ട്. അതിന് സമൂഹ മാധ്യമങ്ങളെയും സാങ്കേതിക വിദ്യയെയും കൂടി ഭരണകൂടം കൂട്ടുപിടിക്കുകയല്ലേ?

നമ്മുടെ എല്ലാവരുടെയും ഡാറ്റ സാങ്കേതിക വിദ്യ വഴി ഇവര്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഡാറ്റ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന കോര്‍പറേറ്റുകളെ ഭരണകൂടവും അവരുടെ താല്‍പര്യത്തിന് അനുസരിച്ച് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.  തീര്‍ച്ചയായും ഭരണകൂടവും കോർപ്പറേറ്റുകളും ഈ കച്ചവടത്തില്‍ തുല്യ പങ്കാളികളാണ്.

ഇനി വരാന്‍ പോകുന്ന പ്രൊജക്ടുകള്‍ എന്തൊക്കെയാണ്?

നിലവില്‍ ഞാന്‍ ആന്‍തെം ഫോര്‍ കശ്മീര്‍  പ്രദര്‍ശിപ്പിക്കാനുള്ള ശ്രമത്തിലാണ്. പുതിയ പ്രൊജക്ടുകളൊക്കെ ആലോചനയിലുണ്ട്.

CONTENT HIGHLIGHT: INTERVIEW WITH ANTHEM FOR KASHMIR’S DIRECTOR SANDEEP RAVEENDRANATH

ആമിന കെ.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. കേരള രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, ജെന്‍ഡര്‍, സാഹിത്യം, കല എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.