2018ൽ പോസ്റ്റ് ചെയ്ത ട്വീറ്റുമായി ബന്ധപ്പെട്ട കേസിലായിരുന്നു ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ദൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. തീവ്ര ഹിന്ദുത്വ നേതാക്കൾക്കെതിരെ ട്വീറ്റ് ചെയ്തതിനായിരുന്നു സുബൈറിന്റെ അറസ്റ്റ്.
കേസിൽ ജാമ്യം ലഭിച്ച്, 24 ദിവസം നീണ്ട ജയിൽവാസത്തിന് ശേഷം, അദ്ദേഹം ബെംഗളൂരുവിലെ വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. ജയിൽ ജീവിതത്തെക്കുറിച്ചും മാധ്യമപ്രവർത്തനത്തെക്കുറിച്ചും മുഹമ്മദ് സുബൈർ സംസാരിക്കുകയാണ്. ദി ന്യൂസ് മിനിറ്റിന് വേണ്ടി സന്‍യുക്ത ദര്‍മാധികാരി മുഹമ്മദ് സുബൈറുമായി നടത്തിയ അഭിമുഖത്തിന്റെ മലയാള പരിഭാഷ വായിക്കാം.
ജൂൺ 27ന് 2020ൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിന്റെ ഭാഗമായാണ് ദൽഹി പൊലീസ് നിങ്ങളെ വിളിപ്പിക്കുന്നത്. പക്ഷേ അറസ്റ്റ് ചെയ്തത് 2018ലെ ട്വീറ്റുമായി ബന്ധപ്പെട്ടാണ്. പിന്നീട് നിങ്ങൾക്കെതിരെ മറ്റ് ആറു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. യഥാർത്ഥത്തിൽ അറസ്റ്റ് ചെയ്ത ദിവസം എന്താണ് സംഭവിച്ചതെന്നും, അന്നുമുതൽ എന്തൊക്കെയാണ് സംഭവിച്ചതെന്നും പറയാമോ?
എന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹാഷ്ടാഗുകളുണ്ടായിരുന്നു. പിന്നീട് അത് ട്രെൻഡായി മാറി. ജൂൺ 24ന് 2020ലെ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് എനിക്ക് ഒരു വാട്‌സ്ആപ്പ് സന്ദേശവും ഇ-മെയിലും ലഭിച്ചു. നേരത്തെ എനിക്ക് ക്ലീൻ ചിറ്റ് ലഭിച്ച കേസിലായിരുന്നു ഈ സന്ദേശങ്ങൾ ലഭിച്ചത്.
കോഗ്നിസിബിൾ ഒഫൻസ് അല്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു മാസത്തിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ ആകെ അത്ഭുതപ്പെട്ടുപോയി.
രണ്ട് മാസമായി ദൽഹിയിലാണെന്നും എന്തിനാണ് കേസിൽ വീണ്ടും അന്വേഷണത്തിന് വരേണ്ടത് എന്നും ചോദിച്ചപ്പോൾ കേസിലെ പ്രതികളിൽ രണ്ടുപേർ അന്നേ ദിവസം എത്തുന്നുണ്ടെന്നും അതുകൊണ്ട് ഒരു ഫോർമാലിറ്റിക്ക് വേണ്ടി ഞാനും ഉണ്ടാകണം എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി.
എന്നാൽ ഇത് അങ്ങനെയല്ലെന്നും എനിക്കെതിരെ മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും എനിക്കറിയാമായിരുന്നു. ഇത് സംബന്ധിച്ച് പിന്നീട് ഞാൻ എന്റെ സഹപ്രവർത്തകരോടും എന്റെ അഭിഭാഷകരോടും മറ്റ് പല അഭ്യുദയകാംക്ഷികളോടും സംസാരിച്ചു.
അവരെല്ലാം പറഞ്ഞത് ക്ലീൻ ചിറ്റ് ഉണ്ടെങ്കിലും ഹാജരായില്ലെങ്കിൽ അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞേക്കാം എന്നായിരുന്നു. അതുകൊണ്ട് നിങ്ങൾ ഇറങ്ങി വന്ന് സംഭവം എന്താണെന്ന് ക്ലിയർ ചെയ്യുന്നതാണ് നല്ലത് എന്നും അവർ നിർദേശിച്ചിരുന്നു. അതുകൊണ്ട് എന്നെ അറസ്റ്റ് ചെയ്യുമെന്ന് അറിയാമായിരുന്നിട്ടും 27ന് ഞാൻ ഡൽഹിക്ക് പോയി. പിന്നെ പ്രതീക്ഷിച്ചത് പോലെ…
ഞാൻ പ്രതീകിനെയും രണ്ട് അഭിഭാഷകരെയും സ്റ്റേഷനിലേക്ക് കൂടെ കൂട്ടിയിരുന്നു. ഞാൻ ഐ.ഒയുടെ (investigation oficer) ഓഫീസിൽ പോയപ്പോഴഒക്കെ അവർ രണ്ട് പേരും താഴെ ഇരിക്കുകയായിരുന്നു.
ഒന്ന് രണ്ട് ചോദ്യങ്ങൾക്ക് ശേഷം, എനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചുവെന്നും കുറച്ച് സമയം കാത്തിരിക്കണമെന്നും ഐ.ഒ എന്നോട് പറഞ്ഞു. പിന്നെ ഒരു മണിക്കൂർ കഴിഞ്ഞാണ് അദ്ദേഹം തിരിച്ചെത്തിയത്.
അദ്ദേഹത്തോടൊപ്പം ഒരു ഐ.ഒ കൂടി ഉണ്ടായിരുന്നു.
എനിക്കെതിരെ മറ്റൊരു എഫ്.ഐ.ആർ ഉണ്ടെന്നും പെട്ടെന്ന് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.ആർ.പി.സി (Criminal Procedure Code) സെക്ഷൻ 41എ പ്രകാരമുള്ള ഒരു നോട്ടീസ് അദ്ദേഹം എനിക്ക് നീട്ടി.. കുറച്ച് ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്നും മറ്റൊരു മുറിയിലേക്ക് പോകാമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.
അവർ എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി, ഒന്ന് രണ്ട് ചോദ്യങ്ങൾ ചോദിച്ചു, കാത്തിരിക്കാൻ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. പക്ഷേ ഒരു മണിക്കൂറിന് ശേഷം അദ്ദേഹം തിരിച്ചെത്തി എന്നെ അറസ്റ്റ് ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞു. എനിക്കറിയാമായിരുന്നെങ്കിലും എന്തിനാണ് എന്നെ അറസ്റ്റ് ചെയ്യുന്നതെന്ന് ഞാൻ അവരോട് ചോദിച്ചു. ഞാൻ അവരോട് സഹകരിക്കുന്നില്ലെന്നും അതിനാലാണ് അറസ്റ്റ് ചെയ്യുന്നതെന്നുമായിരുന്നു അവരുടെ പ്രതികരണം.
അവർ എന്നോട് രണ്ട് ചോദ്യങ്ങൾ ചോദിച്ചു. ഞാൻ രണ്ട് ഉത്തരവും നൽകി. അതിന് ശേഷം പിന്നേയും എന്നെ അറസ്റ്റ് ചെയ്യുകയാണെന്ന് അവർ പറഞ്ഞു.
ഏകദേശം 7.30യോടെ ഞാൻ പ്രതീകിനെയും എന്റെ അഭിഭാഷകരെയും വിവരമറിയിച്ചു. എന്നെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുകയാണെന്നും അവിടെ നിന്ന് ജുഡീഷ്യൽ അല്ലെങ്കിൽ പോലീസ് കസ്റ്റഡിയിൽ മജിസ്ട്രേറ്റിലേക്ക് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനമെന്നും ഞാൻ അവരെ അറിയിച്ചു.
പൊലീസ് എന്നെ അറസ്റ്റ് ചെയ്തുവെന്ന ട്വീറ്റ് പ്രതീക് പങ്കുവെച്ചതിന് പിന്നാലെ വലിയ പ്രകോപനമുണ്ടായി. അതുകൊണ്ട് പ്രതീകിനേയും അഭിഭാഷകനേയും എന്നെ അനുഗമിക്കാൻ അനുമതി നൽകി.
പിന്നീട് അരങ്ങേറിയ നാടകം നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും… 10-15 ദിവസത്തേക്ക് ഞാൻ ജയിലിലായിരിക്കും എന്ന കാര്യം ഞാൻ എന്റെ മനസ്സിനെ പറഞ്ഞ് പാകപ്പെടുത്തി.
പൊലീസ് കസ്റ്റഡിയിലായ സമയത്തെക്കുറിച്ച് പറയാമോ?
പൊലീസുകാർ സമ്മർദ്ദത്തിലായതിനാൽ എനിക്ക് ജയിലിൽ നല്ല പരിരക്ഷ ലഭിച്ചിരുന്നു. ജയിലിനെക്കുറിച്ച് ടി.വിയിൽ കാണുന്ന രീതിയിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു യാഥാർത്ഥ്യം. ദൽഹിയിൽ ഒരു മുറിയിലായിരുന്നു എന്നെ താമസിപ്പിച്ചിരുന്നത്. തെളിവുകളിൽ ഭൂരിഭാഗവും പബ്ലിക് ഡൊമെയ്‌നിലുള്ളതിനാൽ ആൾട്ട് ന്യൂസിന്റെ ഫണ്ടിങ്ങിന് പുറമെ വളരെ കുറച്ച് ചോദ്യങ്ങൾ മാത്രമേ അവർ എന്നോട് ചോദിച്ചിട്ടുള്ളൂ.
അവർ എന്നോട് എന്റെ കുട്ടിക്കാലം, ഞാൻ വളർന്ന സാഹചര്യങ്ങൾ, സ്‌കൂൾ, കോളേജ്, മുൻ കാമുകിമാർ, അവർ ഇപ്പോൾ എവിടെയാണ് ഇതുപോലുള്ള ചോദ്യങ്ങൾ ഒക്കെയാണ് ചോദിച്ചത്.
എന്തുകൊണ്ടാണ് ഞാൻ ഉത്തർപ്രദേശിനെ മാത്രം ലക്ഷ്യമിടുന്നതെന്നും കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങി ബി.ജെ.പി ഇതര സംസ്ഥാനങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യാത്തത് എന്നും അവർ എന്നോട് ചോദിച്ചു.
അവരുടെ പ്രധാന താത്പര്യം ആൾട്ട് ന്യൂസും പ്രതീക് സിൻഹയും മുകുൾ സിൻഹയുമായിരുന്നു.
എന്റെ പേരും എന്റെ ട്വീറ്റുകളും കാരണം ഞാനായിരുന്നു അവരുടെ സോഫ്റ്റ് ടാർഗെറ്റ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
എന്നാൽ ആത്യന്തികമായി അവർ ലക്ഷ്യമിടുന്നത് സുബൈറിനെ മാത്രമല്ല.സുബൈറിന്റെ പിന്നിലുള്ള ആളുകളെയും, ബന്ധപ്പെട്ട ആളുകളെയും അവർക്ക് വേണം. അതായത് ആൾട്ട് ന്യൂസിനെ.
ആൾട്ട് ന്യൂസിനെക്കുറിച്ച് അവർ സംസാരിച്ചപ്പോൾ ആത്മവിശ്വാസം തോന്നി. ഞങ്ങളുടെ ഫിനാൻസ് ക്ലിയറാണെന്ന് ഞങ്ങൾക്കറിയാം.
സർക്കാരിനെ വിമർശിക്കുന്നതിനാൽ അവർക്ക് ഞങ്ങളെ ലക്ഷ്യം വെക്കാനുള്ള ഏക മാർഗം ഫിനാൻസ് ആകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ആൾട്ട് ന്യൂസിന്റെ ഫിനാൻസ് കൃത്യമായി വെക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. അതായിരുന്നു ആൾട്ട് ന്യൂസ് സ്ഥാപിക്കുമ്പോൾ ഞങ്ങൾ ആദ്യം ചർച്ച ചെയ്ത കാര്യവും.
ജയിലിലുള്ള സമയങ്ങൾ എങ്ങനെയായിരുന്നു?
മീഡിയ ഹൈപ്പ് ഉണ്ടായ കേസ് ആയതുകൊണ്ടായിരിക്കാം, ജയിലിൽ എന്നെ നന്നായി തന്നെയാണ് ട്രീറ്റ് ചെയ്തത്.
സാധാരണ ഒരു വാർഡിൽ 100-150 പേരാണ് താമസിക്കുന്നത്. അവർ കോമൺ ബാത്ത്‌റൂം ഉപയോഗിക്കുകയും ഒരുമിച്ച് ഉറങ്ങുകയും ചെയ്യുമെങ്കിലും എന്നെ മറ്റൊരു മുറിയിലായിരുന്നു പാർപ്പിച്ചത്. അവിടെ ഒന്നോ രണ്ടോ പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ പുറത്തിറങ്ങിയാൽ പൊലീസ് അപമര്യാദയായി പെരുമാറിയെന്നോ മറ്റോ പറഞ്ഞ് ട്വീറ്റ് ചെയ്താലോ എന്ന് ഭയന്നായിരിക്കാം അവർ എനിക്ക് പ്രത്യേക പരിഗണന നൽകിയതെന്നായിരുന്നു എന്റെ അന്തേവാസികൾ എന്നോട് പറഞ്ഞത്.
ട്വിറ്ററിൽ എന്നെ ഫോളോ ചെയ്ത ചിലരെ ഞാൻ ജയിലിൽ വെച്ച് പരിചയപ്പെട്ടിരുന്നു. എന്നെ നേരിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നതായും അവർ പറഞ്ഞു.
എന്റെ പഴയ ഫേസ്ബുക്ക് പേജ് അൺ ഒഫീഷ്യൽ സുസുസ്വാമിയുടെ ആരാധകനാണെന്ന് പൊലീസുകാരൻ എന്നോട് പറഞ്ഞിരുന്നു. ഞാൻ ആ അക്കൗണ്ട് തുടങ്ങിയ കാലം മുതൽ അദ്ദേഹം എന്നെ ഫോളോ ചെയ്യുന്നുണ്ടെന്നും ആക്ഷേപഹാസ്യം ഇഷ്ടപ്പെട്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ആൾട്ട് ന്യൂസിലും ട്വിറ്ററിലുമുള്ള എന്റെ വർക്കുകൾ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി.
എന്നെ വാർഡ് നമ്പർ 4-ബിയിലായിരുന്നു താമസിപ്പിച്ചത്. ഹൈപ്രൊഫൈൽ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരായിരുന്നു എന്നോടൊപ്പം മുറിയിലുണ്ടായിരുന്നവരും. അവർ കൊടും കുറ്റവാളികളൊന്നും ആയിരുന്നില്ല, സാധാരണക്കാരായ സർക്കാർ ജീവനക്കാർ തന്നെയായിരുന്നു.
ആദ്യ ദിവസങ്ങളിലൊക്കെ അവർ എന്നോട് സംസാരിക്കാൻ അൽപം മടികാണിച്ചിരുന്നു. പിന്നെ പിന്നെ എനിക്ക് ജയിലിൽ നിന്നും ലഭിച്ചത് കുറച്ച് നല്ല സുഹൃത്തുക്കളെയായിരുന്നു.
എന്റെ സെല്ലിൽ 50-55 വയസ്സ് പ്രായമുള്ള ഒരാളുണ്ടായിരുന്നു. തുടക്കത്തിൽ എന്നെക്കുറിച്ച് വളരെ ശ്രദ്ധാലുവായിരുന്നു അയാൾ. പിന്നീട് പതിയെ ഒരുപാട് സംസാരിക്കാൻ തുടങ്ങി.
അദ്ദേഹം ഒരു ശിവസേന അനുഭാവിയായിരുന്നു. വ്യത്യസ്ത ആശയങ്ങൾ ഉണ്ടായിരുന്നിട്ടും, ജയിലിൽ എന്നെ പരിപാലിക്കാൻ അദ്ദേഹം ശ്രമിക്കുമായിരുന്നു. എന്റെ ജാമ്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ അയാൾ വളരെ ആവേശത്തിലായിരുന്നു. പിന്നെ എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.
എന്റെ സുഹൃത്തുക്കളും എന്നെ അറിയുന്നവരും ഞാൻ ജയിലിലായതിൽ പിന്നെ വിഷമിക്കുന്നുണ്ട് എന്ന് എനിക്കറിയാം. പക്ഷേ എന്നിൽ നിന്നും എന്റെ ആശയങ്ങളിൽ നിന്നും വ്യത്യസ്തനായ ഒരു മനുഷ്യൻ എനിക്ക് വേണ്ടി കരയുന്നതും. എന്നെ സ്‌നേഹിക്കുന്നതും… അതായിരുന്നു ജയിൽ ജീവിതത്തിലെ എന്റെ ഏറ്റവും പ്രധാനപ്പെട്ട സമയം.
വീട്ടുകാരുമായി ആശയവിനിമയം നടത്താൻ ജയിലിൽ നിന്ന് കഴിഞ്ഞിരുന്നോ?
ജയിലിൽ താമസിക്കുന്ന എല്ലാവർക്കും തങ്ങളുടെ കുടുംബവുമായി അഞ്ച് മിനിറ്റ് സംസാരിക്കാനുള്ള അനുവാദമുണ്ട്. ആഴ്ചയിലൊരു ദിവസം 15 മിനിറ്റ് കുടുംബവുമായി വീഡിയോ കോൺഫറൻസ് നടത്താനും സൗകര്യമുണ്ട്.
മറ്റെല്ലാവർക്കും സംസാരിക്കാമായിരുന്നു, പക്ഷേ എനിക്ക് മാത്രം അനുവാദമുണ്ടായിരുന്നില്ല. എന്റെ കേസിൽ സൂപ്രണ്ടിന്റെ അനുവാദം ലഭിച്ചിട്ടും എനിക്ക് ദിവസവും വീട്ടിലേക്ക് വിളിക്കാനുള്ള അനുമതിയുണ്ടായിരുന്നില്ല. എന്റേത് ഒരു ഹൈ പ്രൊഫൈൽ കേസ് ആയതായിരുന്നു അതിന് കാരണം.
ചിലപ്പോഴൊക്കെ ഏകദേശം 5-10 മിനിറ്റ് അവരുടെ ലാൻഡ് ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിക്കാൻ അവർ അവസരമൊരുക്കിയിരുന്നു.
ചാനലുകളിലൂടെ എന്നെ സീതാപൂരിലേക്ക് പൊലീസ് കൊണ്ടുപോകുന്നതൊക്കെ കണ്ട് വീട്ടികാർ ഒരുപാട് വിഷമിച്ചിരുന്നു. അപ്ഡേറ്റുകൾ അറിയാൻ അവർ ശ്രമിച്ചിരുന്നു.
അറസ്റ്റിന് മുമ്പ് സോഷ്യൽ മീഡിയയിൽ നടന്ന ക്യാമ്പയിനിനെക്കുറിച്ച് പറഞ്ഞല്ലോ.. ദൽഹിയിൽ പോയപ്പോൾ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നോ, അതിന് മാനസികമായി തയ്യാറായിരുന്നോ?
സത്യത്തിൽ അറസ്റ്റിന് ഞാൻ തയ്യാറായിരുന്നു. ഇതൊക്കെ സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു, ഇപ്പോഴല്ലെങ്കിൽ, ഉടൻ തന്നെ എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.
വ്യക്തിപരമായി ഞാൻ അറസ്റ്റിലാകുമെന്ന് എനിക്ക് അറിയാമായിരുന്നു, കാരണം ആ കേസിൽ ഒന്നുമുണ്ടായിരുന്നില്ല. പിന്നെ എന്തിന് പൊലീസ് എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കണം? അതുകൊണ്ടാണ് പ്രതീകും ദൽഹിയിൽ വന്നത്.
എനിക്കെതിരെ കൂടുതൽ കേസുകൾ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഒന്നിലധികം എഫ്.ഐ.ആറുകളൊക്കെ എനിക്കെതിരെ ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല, പ്രത്യേകിച്ച് ഉത്തർപ്രദേശിൽ.
ആറ് ഏഴ് കേസുകൾ അന്വേഷിക്കാൻ ഒരു എസ്.ഐ.ടി രൂപീകരിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്നോ രണ്ടോ വർഷം ജയിലിൽ കഴിയാൻ ഞാൻ തയ്യാറെടുത്തിരുന്നു. എനിക്ക് മുന്നേ അറസ്റ്റിലാക്കപ്പെട്ട ഉമർ ഖാലിദ്, ഖാലിദ് സൈഫി തുടങ്ങിയ ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരുമൊക്കെ ഇപ്പോഴും ജയിലിൽ തന്നെയാണല്ലോ..
മൂന്നും നാലും വർഷമായി ജയിലിൽ കഴിയുന്ന കശ്മീരി വിദ്യാർത്ഥികളെ ഞാൻ കണ്ടിരുന്നു.
ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അവർ എന്നെയും യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഞാൻ കരുതിയത്.
അറസ്റ്റിന് ശേഷം നിങ്ങൾക്കും ആൾട്ട് ന്യൂസ് ചെയ്യുന്ന പ്രവർത്തനങ്ങൾക്കും വളരെയധികം പിന്തുണ ലഭിച്ചിരുന്നു. അത് ഏതെങ്കിലും വിധത്തിൽ സഹായിച്ചിട്ടുണ്ടോ?
അറസ്റ്റിനെതിരെ ഒരുപക്ഷേ രോഷമുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ പ്രകോപനത്തിന്റെ അളവ് അപ്രതീക്ഷിതമായിരുന്നു.
#IStandWithZubair, #ReleaseZubair എന്നീ ഹാഷ്ടാഗുകൾ ലോകമെമ്പാടും ട്രെൻഡായതായി പിന്നീട് ഞാൻ അറിഞ്ഞിരുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി… സാധാരണ പറയാറില്ല, പക്ഷേ പല രാഷ്ട്രീയക്കാരും എന്റെ വിഷയത്തിൽ പ്രതികരിച്ചത് ഞാൻ അറിഞ്ഞു.
മാധ്യമ രംഗത്തുള്ളവരും സോഷ്യൽ മീഡിയയിലെ പലരും എന്നെക്കുറിച്ച് പതിവായി സംസാരിച്ചു. ജർമനിയുൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ എന്നെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്ലക്കാർഡുകൾ ഉയർത്തിയ വാർത്തയും ഞാൻ അറിഞ്ഞിരുന്നു. ഇതൊക്കെ എനിക്ക് അത്ഭുതമായിരുന്നു.
ഇതൊക്കെ എന്നെ സഹായിച്ചു … സത്യം പറഞ്ഞാൽ എന്റെ മാതാപിതാക്കളെ വളരെയധികം സഹായിച്ചു..
നിരവധി അയൽക്കാരും സുഹൃത്തുക്കളും ബന്ധുക്കളും എന്നെ കാണാൻ വന്നിരുന്നു, ഒരാൾ പോലും എനിക്കെതിരെ സംസാരിച്ചില്ല.
എല്ലാവരും ഞങ്ങളോടൊപ്പം നിന്നു.. അത് യഥാർത്ഥത്തിൽ എന്റെ കുടുംബത്തിന്, പ്രത്യേകിച്ച് എന്റെ ഭാര്യയ്ക്കും പിതാവിനും ഒരുപാട് ശക്തി നൽകിയിരുന്നു.
അവർ സോഷ്യൽ മീഡിയയിലില്ല, വിഷയം എന്താണെന്ന് അറിയില്ല, രാഷ്ട്രീയം എന്താണെന്ന് അവർക്കറിയില്ല… അവർ യൂട്യൂബിൽ സർക്കാരിന്റെ പ്രതികരണവും ട്രോളുകളും ഒക്കെ കണ്ടു. അതിൽ പോസിറ്റീവും നെഗറ്റീവുമുണ്ടായിരുന്നു. ഇതൊക്കെ കണ്ട കുടുംബം സ്വാഭാവികമായും ആശങ്കപ്പെട്ടിരുന്നു. പക്ഷേ അവർക്ക് ലഭിച്ച പിന്തുണയും പ്രോത്സാഹനവും, ഞാൻ ചെയ്യുന്ന കാര്യങ്ങൾക്ക് അവർക്ക് ലഭിച്ച പ്രശംസയും എന്റെ മാതാപിതാക്കളെ ശരിക്കും സഹായിച്ചു എന്ന് വേണം പറയാൻ.
ജയിലിൽ ആയിരുന്നപ്പോൾ, മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും കുറിച്ച് ആലോചിച്ച് ഞാൻ ഒരുപാട് വിഷമിച്ചിരുന്നു. അവിടെ അവർ എന്നെക്കുറിച്ചും ആലോചിച്ച് വിഷമിക്കുന്നുണ്ടായിരുന്നു.
ജയിൽ ശിക്ഷ അനുഭവിക്കുന്ന മറ്റുള്ളവരോട് സംസാരിച്ചപ്പോൾ ശരിക്കും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സംസാരിക്കുന്നത് വളരെ ഭാഗ്യമാണെന്ന് എനിക്ക് തോന്നി.
അത് യഥാർത്ഥത്തിൽ എന്നെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് എന്റെ കേസ് ഹൈലൈറ്റ് ചെയ്യപ്പെട്ടു. ഇപ്പോൾ, ഞാൻ ഇവിടെയുണ്ട്.. പുറത്ത്.. പുഞ്ചിരിയോടെ..
പിന്തുണയെപ്പോലെ തന്നെ നിങ്ങൾക്ക് എതിരേയും ആളുകൾ ഉണ്ടായിരുന്നു. ചിലർ നിങ്ങളെ ബംഗ്ലാദേശി എന്ന് വരെ വിളിച്ചു, ഫണ്ടിങ്ങിനെക്കുറിച്ച് ആരോപണങ്ങൾ ഉയർത്തുന്നു.. പത്രപ്രവർത്തകർ പോലും ഈ ആരോപണങ്ങൾ ഏറ്റുപിടിച്ചിരുന്നു. എന്താണ് ഇതിനോടുള്ള പ്രതികരണം?
എതിരഭിപ്രായങ്ങൾ എനിക്ക് പുതിയ കാര്യമല്ല. വലതുപക്ഷത്തെ കുറിച്ച് സംസാരിക്കുന്നവർ എപ്പോഴും അപമാനിക്കപ്പെടും. മാധ്യമപ്രവർത്തകരുടെ കാര്യത്തിൽ നിങ്ങൾ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയാം.
ഈ വ്യക്തിഗത ടാർഗെറ്റിങ് ഞങ്ങൾ വസ്തുതകൾ പരിശോധിച്ച് കൊണ്ടിരിക്കുന്നതിനാലാണ്.
ഞങ്ങൾ വാർത്താ ചാനലുകളെ തുറന്ന് കാണിക്കാറുണ്ട്. പക്ഷേ ഞങ്ങൾ വസ്തുതാ പരിശോധന നടത്തുന്നതിനാൽ അവർക്ക് ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയാറില്ല. ഒരു ട്വീറ്റിന് രണ്ട് കോടി രൂപ ലഭിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 20 ലക്ഷം രൂപയാണ് എനിക്ക് ലഭിക്കുന്നത്. എനിക്ക് ഇത് ശീലമാണ്. ശരിക്കും പറഞ്ഞാൽ 2014 മുതൽ ഞാനിതൊക്കെ ചിരിച്ച് തള്ളാറാണ് പതിവ്.
ഒഫീഷ്യൽ സുസുസ്വാമി എന്ന എഫ്ബി പേജ് തുടങ്ങിയ കാലം മുതൽ ഞാൻ ഇതൊക്കെ കേൾക്കുന്നതാണ്. 2019-20ൽ ആൾട്ട് ന്യൂസിൽ ചേർന്നത് മുതൽ ഞാൻ സാധാരണയായി ഇത്തരക്കാരെ മ്യൂട്ട് ആക്കാറാണ് പതിവ്. അതൊക്കെ വ്യക്തിപരമായി എടുത്തിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ഈ പണി നിർത്തേണ്ടി വന്നേനെ.
ഞാൻ ചെയ്യുന്നത് എന്താണോ അത് ഞങ്ങൾ ചെയ്യും. ആൾട്ട് ന്യൂസിലെ എന്റെ പ്രാഥമിക ജോലി വസ്തുതാ പരിശോധനയാണ്.
വിദ്വേഷ പ്രസംഗങ്ങളിലും വിദ്വേഷകരമായ ഉള്ളടക്കത്തിലും ഞാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ തുറന്നുകാട്ടുകയും ചെയ്യും. അതിനിയും തുടരും.
മുന്നോട്ടുള്ള അവരുടെ തന്ത്രം എനിക്കറിയില്ല. ഒരുപക്ഷേ ഞാൻ എന്റെ വാക്കുകളിൽ ഇനി കൂടുതൽ ശ്രദ്ധാലുവായേക്കാം. എന്നിരുന്നാലും എനിക്കെതിരെ ഇനിയും ആർക്കും എന്തും പറയാൻ കഴിയും. ഒന്നിലധികം എഫ്.ഐ.ആറുകൾ ഇനിയും രജിസ്റ്റർ ചെയ്യപ്പെടും. അതിന് ഞാൻ തയ്യാറായിരിക്കണം. ഇനി അതിന് പറ്റില്ലെങ്കിൽ ഞാൻ ഈ ജോലി പൂർണമായും ഉപേക്ഷിക്കേണ്ടി വരും.
വസ്തുതാ പരിശോധനയുടെ പേരിൽ എനിക്കെതിരെ എഫ്.ഐ.ആർ ഉണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ എഫ്.ഐ.ആറുകൾക്ക് ഞാൻ ഇപ്പോൾ തയ്യാറാണ്.
അത്തരം അറസ്റ്റുകൾ ധൈര്യമില്ലായ്മയുണ്ടാക്കാൻ വേണ്ടിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾ നിങ്ങളെ സ്വയം സെൻസർ ചെയ്ത് തുടങ്ങുമെന്ന് വിശ്വസിക്കുന്നുണ്ടോ? മറ്റ് മാധ്യമപ്രവർത്തകരോട് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?
സുബൈറിനെ മാത്രം ഒരു പാഠം പഠിപ്പിക്കാനായിരുന്നില്ല അവരുടെ ആഗ്രഹം. അതായിരുന്നില്ല എന്നെ അറസ്റ്റ് ചെയ്തതിന്റെ കാരണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്ന നിരവധി സുബൈർമാരുണ്ട്. അവരെയൊക്കെ പാഠം പഠിപ്പിക്കുക കൂടിയാണ് അവരുടെ ലക്ഷ്യം.
എന്തിനും ഏതിനും എന്നെ അറസ്റ്റ് ചെയ്യാൻ അവർക്ക് കഴിയുമെങ്കിൽ, നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും അവർക്ക് നിങ്ങളെയും നിശബ്ദരാക്കാൻ കഴിയും
നിങ്ങൾ സർക്കാരിന് എതിരാണെങ്കിൽ, അവർക്ക് നിങ്ങളെ അറസ്റ്റ് ചെയ്യാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ എനിക്കെതിരെ ചുമത്തിയ പോലെ ഒരാൾക്കെതിരെ ഒന്നിലധികം എഫ്.ഐ.ആറുകൾ ചുമത്താമെന്നും അവർ എന്റെ അറസ്റ്റിലൂടെ പൊതു സമൂഹത്തിന് കാണിച്ചു കൊടുക്കുകയാണ്.
ഇതെല്ലാം കഴിഞ്ഞ് ഞാൻ മിണ്ടാതിരുന്നാൽ, ഞാൻ എന്റെ സാഹോദര്യത്തെ ഇല്ലാതാക്കുന്നതിന് തുല്യമാകും.
കോടതി നടപടികൾക്കിടെ യു.പി സർക്കാരിന്റെ അഭിഭാഷകൻ ‘സുബൈർ പത്രപ്രവർത്തകനല്ല’ എന്ന് കോടതിയെ അറിയിച്ചതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. നിങ്ങൾ ഒരു പത്രപ്രവർത്തകനല്ലെന്ന് പറയുന്ന നിങ്ങളുടെ തന്നെ പഴയ ട്വീറ്റ് ട്വിറ്ററിൽ പലരും പങ്കുവെച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ആരാണ് സുബൈർ?
ഞാൻ മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചിട്ടില്ല..ബിരുദമനുസരിച്ച്, ഞാൻ ഒരു എഞ്ചിനീയറാണ്.
യോഗ്യതയനുസരിച്ച്, ഞാൻ ഒരു പ്രൊഫഷണൽ പത്രപ്രവർത്തകനല്ലായിരിക്കാം. പക്ഷേ ഞാൻ ഇപ്പോൾ ചെയ്യുന്നത് ഒരു പത്രപ്രവർത്തകന്റെ ജോലി തന്നെയാണ്.
‘മാധ്യമപ്രവർത്തകർ പറയുമ്പോൾ ഞാൻ പറയും, താങ്കൾ ഒരു പത്രപ്രവർത്തകനാണെന്ന്. പക്ഷേ നിങ്ങൾ പത്രപ്രവർത്തനം നടത്തുന്നില്ല. യോഗ്യത കൊണ്ട് ഞാൻ ഒരു പത്രപ്രവർത്തകനല്ലായിരിക്കാം, പക്ഷേ നിങ്ങൾ ചെയ്യേണ്ടത് ഞാൻ ചെയ്യുന്നു’.
കടപ്പാട് : ദി ന്യൂസ് മിനിറ്റ്
Content Highlight: Interview with alt news co founder Mohammed Zubair