| Tuesday, 4th April 2023, 8:20 pm

Interview | കോർപ്പറേറ്റുകൾക്കെതിരായ യുദ്ധപ്രഖ്യാപനമാണ് ഈ റാലി| പി. കൃഷ്ണപ്രസാദ്

വിഷ്ണു. പി.എസ്‌

വിഷ്ണു പി.എസ്:രാജ്യത്താകമാനം കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതീക്ഷാവഹമായ കർഷക മുന്നേറ്റങ്ങളാണ് നടക്കുന്നത്. കർഷകരുടെ പ്രശ്നങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യം ലഭിക്കുന്നു. ഇത്തരമൊരു മുന്നേറ്റത്തിലേക്ക് സംഘടനകളെ നയിച്ച കാരണങ്ങൾ എന്തൊക്കെയാണ്?

പി. കൃഷ്ണപ്രസാദ്:തൊണ്ണൂറുകളിലാണ് ഇന്ത്യയിൽ ഉദാരവൽക്കരണ ഘട്ടം ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ഉണ്ടാവേണ്ടിയിരുന്ന കാർഷിക പരിഷ്കരണം കോൺ‌ഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റുകൾ നടപ്പിലാക്കാൻ തയ്യാറായില്ല. കാർഷിക മേഖലയിൽ ഭൂപരിഷ്കരണം പൂർത്തീകരിക്കാനോ, കർഷകർക്കും കർഷക തൊഴിലാളികൾക്കും ന്യായമായ വിലയും വരുമാനവും തൊഴിലും ഉറപ്പുവരുത്താനോ ഗവൺമെന്റിന് കഴിയാതെപോയി. ഇത് വ്യാവസായിക വളർച്ചയെ തടസ്സപ്പെടുത്തുകയും അതുമൂലം എൺപതുകളിൽ രാജ്യത്തിന്റെ സമ്പദ് ഘടന വലിയ മാന്ദ്യത്തിലേക്ക് പോകുകയും ചെയ്തു. ഈ പ്രതിസന്ധി മറികടക്കുന്നതിനായാണ് ഉദാരവൽക്കരണം നടപ്പിലാക്കുന്നതിനായി ഘടനാപരമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ലോക സമ്പദ് ഘടനയെ ഇന്ത്യൻ സമ്പദ് ഘടനയുമായി വിളക്കിച്ചേർത്ത് ലോക നിലവാരത്തിലുള്ള വിലയും വരുമാനവും കർ‌ഷകർക്ക് ലഭ്യമാക്കിക്കൊടുക്കുമെന്ന വ്യാമോഹം പ്രചരിപ്പിച്ചുകൊണ്ടാണ് തൊണ്ണൂറുകളിൽ‌ ഉദാരവൽക്കരണം തുടങ്ങിയത്. ഇതിനെതിരെ ശക്തമായ എതിർപ്പുമായി തൊഴിലാളികളും തൊഴിലാളി സംഘടനകളും രംഗത്തുവന്നു. നെഹ്റുവിന്റെ കാലം മുതൽ സോവിയറ്റ് യൂണിയനുമായി സഹകരിച്ച് ഉണ്ടാക്കിയെടുത്ത മിക്സഡ് സമ്പദ് വ്യവസ്ഥയെ ഇത് തകർക്കുമെന്നും, സ്വകാര്യ- കുത്തക- മുതലാളിത്ത ശക്തികളുടെ കയ്യിലേക്ക് രാജ്യത്തിന്റെ സമ്പദ് ഘടനയെ എത്തിക്കുമെന്നുമാണ് അന്ന് തൊഴിലാളി സംഘടനകൾ ഉന്നയിച്ച വിമർശനം.

കർഷക സംഘവും, കർഷക തൊഴിലാളി യൂണിയനും ഇതുമായി ബന്ധപ്പെട്ട വിമർശനം ഉന്നയിക്കുകയും ഒരു ബദൽ നയം ആവശ്യമാണെന്ന നിലപാടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പൊതുവെ എല്ലാ കർഷക സംഘടനകളും ആ നിലപാടിലേക്ക് വന്നില്ല. പ്രത്യേകിച്ച് ധനിക കർഷകരുടെ സംഘടനകൾ സർക്കാരിന്റെ ഈ നയങ്ങളിൽ വ്യാമോഹം വെച്ചുപുലർത്തുകയും‌, തങ്ങൾ‌ക്ക് കൂടുതൽ വില ലഭിക്കുന്നതിന് അത് കാരണമാകുമെന്ന തരത്തിൽ പിന്തുണ കൊടുക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി കോൺഗ്രസിന് അനുകൂലമായ സമീപനം കർഷകർ തെരഞ്ഞെടുപ്പുകളിൽ കൈക്കൊണ്ടു.

പക്ഷേ 1995 കഴിഞ്ഞതോടെ സാഹചര്യത്തിൽ മാറ്റങ്ങൾ വന്നു.

ആ മാറ്റം വലിയ രൂപത്തിലുള്ള കടക്കെണിയിലേക്കും കർ‌ഷക ആത്മഹത്യകളിലേക്കും രാജ്യത്തെ കൊണ്ടുപോയി.

മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയ്‌

തുടർന്ന് 1999ൽ വന്ന ബി.ജെ.പിയുടെ ആദ്യത്തെ സർക്കാർ കൂടുതൽ രൂക്ഷമായി ഈ ഉദാരവൽക്കരണ നയം നടപ്പിലാക്കി. അതിന്റെ ഭാഗമായി വൻ തോതിൽ വിദേശ ചരക്കുകൾ ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്യാൻ തുടങ്ങി. ഇത് വലിയ കാർഷിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ നയിച്ചു. ഈ നയങ്ങൾക്കെതിരെ വന്ന വലിയ പ്രക്ഷോഭങ്ങളെ തുടർന്നാണ് വാജ്പേയ് ഗവൺമെന്റ് പരാജയപ്പെടുകയും ഒന്നാം യു.പി.എ സർക്കാർ അധികാരത്തിലേറുകയും ചെയ്തത്.

ഒന്നാം യു.പി.എ സർക്കാർ ഈ കാർഷിക പ്രതിസന്ധിയെ മറികടക്കാനുള്ള ചില നടപടികൾ സ്വീകരിച്ചു. അതിനൊരു ഉദാഹരണമാണ് തൊഴിലുറപ്പ് പദ്ധതി. എന്നാൽ രണ്ടാം യു.പി.എ സർ‌ക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക് തിരിച്ചുപോകുകയാണ് ചെയ്തത്. ഇതിനെത്തുടർന്ന് കർഷകർ കടക്കെണിയിലകപ്പെട്ട് പാപ്പരീകരിക്കപ്പെട്ട് പ്രവാസി മസ്ദൂർ അല്ലെങ്കിൽ കുടിയേറ്റത്തൊഴിലാളികളായി മാറുകയും ചെയ്തു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഏക വർഗം പ്രവാസി മസ്ദൂറുകളാണ്. ഇത് ഇന്ത്യയിലെ കാർഷിക പ്രതിസന്ധിയുടെ നേർ ചിത്രമാണ്.

രണ്ട് യു.പി.എ സര്‍ക്കാറുകളിലും പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിങ്‌

തുടർന്ന് വന്ന എൻ.ഡി.എ സർക്കാർ ഈ കാർഷിക പ്രതിസന്ധികൾ മറികടക്കാനുള്ള ഇടതുപക്ഷ ബദൽ നയങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അധികാരത്തിലെത്തി ഇന്നേവരെ എൻ.ഡി.എ സർക്കാർ ഈ നയങ്ങൾ നടപ്പിലാക്കാൻ തയ്യാറായില്ല. പകരം സ്വകാര്യ കുത്തകകൾക്കും ബഹുരാഷ്ട്ര കമ്പനികൾ‌ക്കും അനുകൂലമായ നയങ്ങളും മൂന്ന് കാർഷിക നിയമങ്ങളും അടിച്ചേൽ‌പ്പിക്കുകയാണ് ചെയ്തത്.

ഇതാണ് ഈ കാർഷിക പ്രശ്നങ്ങൾ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ദേശീയ രാഷ്ട്രീയത്തിലെ മുഖ്യ രാഷ്ട്രീയ പ്രശ്നമായി മാറുന്നതിലേക്ക് നയിച്ചത്, അതിനിയും തുടരും.

കാർഷിക പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് ഒരു രാഷ്ട്രീയ കക്ഷിക്കും നിലനിൽക്കാൻ കഴിയില്ല, തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയില്ല, ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ കഴിയില്ല. അത്ര രൂക്ഷമായ നിലയിലേക്ക് കാർഷിക പ്രശ്നങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നമായി മാറിക്കഴിഞ്ഞു.

വിഷ്ണു പി.എസ്: രണ്ടാം സ്വാതന്ത്ര്യ സമരം എന്നാണ് മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ നടന്ന സമരങ്ങളെ വിശേഷിപ്പിക്കുന്നത്. കർഷകരുടെ അബോധപൂർവമായ ആ മുന്നേറ്റത്തിന് മുൻപിൽ കേന്ദ്ര സർക്കാരിന് മുട്ടുകുത്തേണ്ടി വന്നതും നമ്മൾ കണ്ടതാണ്. പക്ഷേ സമര വിജയത്തോടെ കർഷകരുടെ യഥാർത്ഥ പ്രശ്നങ്ങൾ അവസാനിച്ചോ ?

പി. കൃഷ്ണപ്രസാദ്: രാജ്യത്തെ കാർ‌ഷിക പ്രതിസന്ധി പരിഹരിക്കാനായി രണ്ട് മുദ്രാവാക്യങ്ങളാണ് കർഷക സമരത്തിന്റെ ഭാഗമായി കർഷക സംഘടനകൾ മുന്നോട്ടുവെച്ചത്. ഒന്നാമത്തേത് മിനിമം സപ്പോർ‌ട്ട് പ്രൈസാണ് (MSP), രണ്ടാമത്തേത് കർഷക കടങ്ങൾ എഴുതിത്തള്ളുകയാണ്. കർഷക സമരത്തിൽ‌ ‌വിജയിച്ചു  എന്നുള്ളതുകൊണ്ട് കർഷകരുടെ ഈ ആവശ്യങ്ങളൊന്നും നടപ്പിലാക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ കർഷക സമരങ്ങൾ ഈ ആവശ്യങ്ങൾ നിലിൽക്കുന്നിടത്തോളം തുടരും.

മൂന്നാമത്തെ ഒരു വിഷയമായി ഇപ്പോൾ വരുന്നത് ബദൽ നയങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ചാണ്. കൃഷി ഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം പോലെ കാർ‌ഷിക വ്യവസായങ്ങൾ കർഷകരുടെയും തൊഴിലാളികളുടെയും ഉത്പാദക സഹകരണ സംഘങ്ങൾക്ക് എന്ന മുദ്രാവാക്യം ബദൽ നയമായി വരണം.

അങ്ങനെ ഒരു നയം നടപ്പിലാക്കാൻ ബി.ജെ.പിയും കോൺഗ്രസും ആലോചിക്കണം. ആലോചിച്ചില്ലെങ്കിൽ അവരെ മാറ്റി അത് ചെയ്യാൻ തയ്യാറാവുന്ന ഇടതുപക്ഷ ജനാധിപത്യ ശക്തികൾ ദേശീയ നേതൃത്വത്തിലേക്ക് വരണം.

അതുകൊണ്ട് തന്നെ തൊഴിലാളികളെയും കർഷകരെയും രാഷ്ട്രീയവൽക്കരിച്ചുകൊണ്ട് മാത്രമേ കാർഷിക പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ.

വിഷ്ണു പി.എസ്: പഞ്ചാബ്, ഹരിയാന പോലുള്ള കർഷകർക്ക് അത്രയും പ്രാധാന്യമുള്ള സംസ്ഥാനങ്ങളിൽ നിന്ന് തുടങ്ങിയത് കൊണ്ടാകുമോ കർഷക സമരത്തിന് ഇത്ര തീവ്രത കൈവരാൻ കാരണം? പക്ഷേ അത്തരത്തിലുള്ള ഒരു ആവേശം സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ കാണാതിരുന്നത് എന്തുകൊണ്ടായിരിക്കാം ?

പി. കൃഷ്ണപ്രസാദ്: കാർഷിക മേഖല ഇന്ത്യയിലെല്ലായിടത്തും ഒരുപോലെയല്ല, പല സംസ്ഥാനത്തും പല രീതിയിലുള്ള കാർഷിക ബന്ധങ്ങളാണ് നിലനിൽക്കുന്നത്. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവ ഇന്ത്യയിലെ ഗ്രീൻ ബെൽട്ട് ഏരിയ അഥവാ ഹരിത വിപ്ലവം നടന്ന സ്ഥലങ്ങളാണ്. അരിയും ഗോതമ്പും ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഈ മേഖലയിലാണ്. ഇത് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലേക്ക് സമാഹരിക്കുന്നത് അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റികളിലൂടെയാണ് ( APMC).

ഗവൺമെന്റ് പ്രഖ്യാപിച്ച എം.എസ്.പി പ്രകാരം ക്വിന്റലിന് 2,040 രൂപക്കാണ് ഇവിടങ്ങളിൽ നെല്ല് സംഭരിക്കുന്നത്. ഇങ്ങനെ എ.പി.എം.സി സംവിധാനം ഇല്ലാത്ത സംസ്ഥാനങ്ങളിൽ 800 രൂപ മുതൽ 1300 രൂപ വരെയുള്ള വിലക്കാണ് നെല്ല് വിൽക്കാൻ കഴിയുന്നത്. അവിടെ ഈ സംവിധാനം ഇല്ലാത്തതുകൊണ്ട് അവിടുള്ള കർഷകർക്ക് ഇതിനെക്കുറിച്ച് അറിയില്ല.

പഞ്ചാബ്, ഹരിയാന പോലുള്ള സംസ്ഥാനങ്ങളിൽ എ.പി.എം.സി സംവിധാനം ഇല്ലാതാക്കുകയും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്വകാര്യവൽക്കരിക്കുകയും ചെയ്തുകൊണ്ട് നേരിട്ട് അവരുടെ സിസ്റ്റത്തെ ഇല്ലാതാക്കുന്ന ഒരു ഏറ്റുമുട്ടലായി വരികയാണ്. അങ്ങനെയാണ് അവിടെ നിലനിൽപ്പിനുവേണ്ടി ശക്തമായി വർഗ സമരം രൂപപ്പെടുന്നത്.

ബാക്കി മേഖലകളിലുള്ള വിഷയങ്ങൾ വ്യത്യസ്തമാണ്. ആ വിഷയങ്ങൾ പഠിച്ച് മനസിലാക്കി അവക്ക് പരിഹാരമുണ്ടാക്കാനുള്ള നിർദേശങ്ങൾ രൂപപ്പെടുത്തേണ്ടത് അവിടുത്ത കർ‌ഷക പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. ഉദാഹരണമായി കേരളത്തിൽ റബ്ബറിന് വിലയില്ലാതായിട്ട് പത്ത് വർ‌ഷമായി. ആ പ്രശ്നം പരിഹരിക്കാനായി കർഷകരെ അണിനിരത്തി വലി പ്രക്ഷോഭം റബ്ബർ കർഷകരുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. അത് കർഷക പ്രസ്ഥാനങ്ങളുടെ മുമ്പിലുള്ള ഒരു വെല്ലുവിളിയാണ്.

വിഷ്ണു പി.എസ്: ഇന്ത്യയിലെ കർഷക സമരങ്ങളുടെ മുന്നേറ്റത്തിൽ സംയുക്ത കിസാൻ മോർച്ച എന്ന് പറയുന്ന 500 ഓളം കർഷക സംഘടനകൾ ഒന്നിച്ചു ചേർന്ന ഒരു മുന്നണിക്ക് വലിയ പങ്കുണ്ട്. വ്യത്യസ്തമായ വർഗ വിഭാഗങ്ങളാണ് ആ മുന്നണിക്ക് ശക്തിയേകുന്നത്. ഈ പോരാട്ടത്തിൽ അഖിലേന്ത്യ കിസാൻ സഭ എന്ന ഇടതുപക്ഷ കർഷക സംഘടനക്ക് എത്രത്തോളം സ്വാധീനമുണ്ട് ?

പി. കൃഷ്ണപ്രസാദ്: തുടർച്ചയായ ചരിത്ര പശ്ചാത്തലത്തിലൂടെ വേണം ഈ മുന്നണികൾ രൂപപ്പെടുന്നതിനെ നോക്കികാണാൻ. തൊണ്ണൂറുകളിൽ ഉദാരവൽക്കരണ നയം നടപ്പിലാക്കിയപ്പോൾ അതിനെ എതിർക്കാൻ ഇടതുപക്ഷ കർഷക സംഘടനകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഞ്ചാബിലെയും ഉത്തർപ്രദേശിലേയും കർണാടകയിലേയും ഉൾപ്പെടെയുള്ള ധനിക കർഷകരുടെ സംഘടനകൾ ഈ നയത്തെ പിന്തുണക്കുന്നവരായിരുന്നു. തുടർന്ന് ഈ നയത്തിന്റെ ഭാഗമായി രാജ്യത്ത് കാർഷിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ് അതിനെതിരായ സമരങ്ങളിലേക്ക് ഈ സംഘടനകളും വരുന്നത്.

2014 ഡിസംബർ 31 അർധരാത്രിയിലാണ് നരേന്ദ്ര മോദി സർക്കാർ ഭുമി ഏറ്റെടുക്കൽ ഓർഡിനൻസ് പ്രഖ്യാപിച്ചത്. കർഷകരുടെ ഭൂമി ആരോടും ചോദിക്കാതെ വ്യവസായികൾക്ക് കൈമാറാനുള്ള അധികാരം കലക്ടർമാർക്ക് കൊടുക്കുന്ന ഓർഡിനൻസായിരുന്നു വന്നത്. ഈ ഓർഡിനൻസ് കത്തിക്കാൻ 2015 ജനുവരി 30ന് അഖിലേന്ത്യാ കിസാൻ സഭയും അജയ് ഭവനും ഒരുമിച്ച് ചേർന്നുകൊണ്ട് ആഹ്വാനം കൊടുക്കുകയും, രാജ്യത്താകമാനം ഏതാണ്ട് 350 ജില്ലകളിൽ അത് കത്തിക്കുകയും ചെയ്തു.

തുടർന്ന് സംയുക്തമായി ഭൂമി അധികാർ ആന്തോളൻ എന്ന പ്ലാറ്റ്ഫോം രൂപപ്പെടുത്തുകയും, അതിന്റെ നേതൃത്വത്തിൽ തുടർന്നുള്ള മാസങ്ങളിൽ രാജ്യത്താകമാനം ക്യാമ്പെയിനുകളും പാർലമെന്റ് മാർച്ചുകളുമെല്ലാം സംഘടിപ്പിച്ചു. പതിനായിരക്കണക്കിന് ആളുകളാണ് ഈ പ്രക്ഷോഭങ്ങളിൽ പങ്കുചേർന്നത്. ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായി ബിഹാറിലെയും ദൽഹിയിലെയും തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തോൽക്കുന്ന ഒരു സാഹചര്യമുണ്ടായി. അതോടെ രാഷ്ട്രീയമായി ഇത് ദോഷം ചെയ്യുമെന്ന് അവർക്ക് മനസിലാവുകയും ഓർഡിനൻസ് നടപ്പിലാക്കുന്നത് നിർത്തിവെക്കുകയുമായിരുന്നു.

മൃഗീയ ഭൂരിപക്ഷത്തിൽ അധികാരമേറ്റ നരേന്ദ്ര സർക്കാരിനേറ്റ ആദ്യത്തെ പ്രഹരമായിരുന്നു ഭൂമി അധികാർ ആന്തോളനിലൂടെ ഈ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് പിൻവലിപ്പിച്ചത്.

2017ൽ മധ്യപ്രദേശിലെ മന്ദ്സോറിൽ പാലിനും പച്ചക്കറിക്കും വില ലഭിക്കണമെന്ന ആവശ്യവുമായി കർഷക സംഘടനകളുടെ നേതൃത്വത്തിൽ 10 ദിവസം നീണ്ടുനിന്ന സമരത്തിന് നേരെ വെടിവെപ്പുണ്ടായി. ആറ് കർഷകരെയാണ് വെടിവെച്ചുകൊന്നത്. അതിനെതിരെ അഖിലേന്ത്യാ കിസാൻ സയുടെ നേത‍ത്വത്തിൽ അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി രൂപപ്പെടുത്തുന്നത്. അങ്ങനെയാണ് 35 കർഷക സംഘടനകൾ മാത്രമുണ്ടായിരുന്ന ഭൂമി അധികാർ ആന്തോളൻ വിപുലീകരിച്ചുകൊണ്ട് 170 കർഷക സംഘടനകളെ ഉൾപ്പെടുത്തി കിസാൻ കോർ‌ഡിനേഷൻ കമ്മിറ്റി ഉണ്ടാകുന്നത്. അതിൽ കിസാൻ സഭ വലിയ റോൾ വഹിച്ചിട്ടുണ്ട്.

തുടർന്നാണ് 2018ൽ കിസാൻ സഭയുടെ നേതൃത്വത്തിൽ നാസിക്കിൽ നിന്ന് മുംബൈയിലേക്ക് ലോങ് മാർച്ച് നടക്കുന്നത്. കർഷകർ കാൽനടയായി 170 കിലോമീറ്റർ സഞ്ചരിച്ച് നടത്തിയ ലോങ് മാർച്ച് ലോകത്താകമാനം ആവേശം കൊള്ളിച്ച ഒരു സമര വിജയമാണ്. ആ സമരത്തിന് ശേഷം 2018 സെപ്റ്റംബർ അഞ്ചിനാണ് കർഷകർക്ക് മാത്രമായി ഈ സമരം വിജയിപ്പിക്കാൻ കഴിയില്ല എന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ആദ്യത്തെ തൊഴിലാളി- കർഷക റാലി സി.ഐ.ടി.യു, കിസാൻ സഭ, അഗ്രിക്കൾച്ചർ വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ‌ നടക്കുന്നത്. രണ്ട് ലക്ഷത്തോളം ആളുകൾ അണിനിരന്ന ആ റാലിയിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം കേരളത്തിൽ നിന്നായിരുന്നു.

ഇതിനെല്ലാം ശേഷം ഇന്ത്യയിലാകെയുള്ള മുഴുവൻ കർഷകർക്കിടയിലും സമരങ്ങൾ ശക്തിപ്പെട്ടുവരുന്നുവെന്നൊരു പൊതു അന്തരീക്ഷം വന്നപ്പോഴാണ് കേന്ദ്ര സർക്കാർ കൊവിഡ് മഹാമാരിക്കിടയിൽ മൂന്ന് കർഷക നിയമങ്ങൾ കൊണ്ടുവരുന്നത്. ഇതിനെതിരെ കിസാൻ കോർ‌ഡിനേഷൻ കമ്മിറ്റിയാണ് ദൽഹിയിലേക്ക് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുന്നത്. ഇതിന് മറ്റ് കർഷക സംഘടനകളും പിന്തുണയുമായി എത്തുകയായിരുന്നു. ഇതോടെയാണ് കിസാൻ കോർ‌ഡിനേഷൻ കമ്മിറ്റി കൂടിയോലോചിച്ചുകൊണ്ട് 500 ഓളം കർഷക സംഘടനകളെ ഉൾപ്പെടുത്തി സംയുക്ത കിസാൻ മോർച്ച രൂപികരിക്കുന്നത്.

ഇതാണ് ഐക്യ സമരങ്ങളുടെ എല്ലാം പശ്ചാത്തലം. ഈ മുന്നണികളുടെയെല്ലാം തുടക്കം മുതൽ സമരങ്ങളുടെ പരമാവധി ഉയരത്തിൽ എത്തിക്കുന്നതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും നേതൃത്വം വഹിച്ച അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ സംഘടന അഖിലേന്ത്യാ കിസാൻ സഭയാണ്.

വിഷ്ണു പി.എസ്: വിവാദ കാര്‍ഷിക നിയമം പിൻവലിച്ചുകൊണ്ട് കേന്ദ്ര സർക്കാർ രംഗത്തെത്തിയത് ഒരു വർഷത്തോളം നീണ്ടുനിന്ന കർഷകരുടെ പോരാട്ടത്തിന്റെ ഭാഗമായി മാത്രമാണ് എന്ന് കരുതുന്നുണ്ടോ? അതിന് പിന്നിൽ ചില രാഷ്ട്രീയ കാരണങ്ങൾ കൂടി ഇല്ലേ?

പി. കൃഷ്ണപ്രസാദ്: കർഷക സമരം പഞ്ചാബിലും ഇന്ത്യയിലാകെയും വലിയ രീതിയുള്ള രാഷ്ട്രീയ മാറ്റങ്ങളിലേക്ക് നയിച്ചിട്ടുണ്ട്.

നേരത്തെ ബി.ജെ.പിയുടെ ഒപ്പം നിന്നിരുന്ന അകാലി ദൾ, ശിവസേന, ജനതാ ദൾ (യു) തുടങ്ങിയ നിരവധി പാർട്ടികൾ മുന്നണി വിട്ടു. നേരത്തെയുണ്ടായിരുന്ന എൻ.ഡി.എ മുന്നണി ദുർബലപ്പെട്ടു. അവരുടെ ഐക്യം തകർന്നു.

കൂടാതെ വൻകിട മുതലാളിമാരുടെ പാർട്ടിയായി ഇന്ന് ബി.ജെ.പി മാറിക്കഴിഞ്ഞു. ധനിക വർഗവും കുത്തകയല്ലാത്ത മുതലാളിത്ത വർഗവും ഉൾപ്പെടെ വൻകിട കോർപ്പറേറ്റ് കമ്പനികളുടെ ശക്തമായ ഇടപെടലുകളുടെ ഭാഗമായി പ്രതിസന്ധിയിലാണ്. ഈ രൂപത്തിലുള്ള വർഗപരമായ ഏറ്റുമുട്ടലുകൾ തങ്ങളുടെ ഐക്യം തകർക്കുമെന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി സർക്കാർ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുന്നത്.

തെരഞ്ഞെടുപ്പുകളിലും ഇത് പ്രതിഫലിച്ചു. 2021ലെ കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ വിജയത്തിൽ കർഷക സമരത്തിന്റെ വിജയം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബംഗാളിൽ ബി.ജെ.പിക്ക് വിജയിക്കാൻ കഴിഞ്ഞില്ല, തമിഴ്നാട്ടിൽ ബി.ജെ.പി ഭാഗമായിരുന്ന മുന്നണി തോറ്റു. ഇതെല്ലാം പരിഗണിച്ചാണ് അവർ ഈ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചത്.

വിഷ്ണു പി.എസ്: കർഷക സമരങ്ങളിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ പ്രാധിനിത്യം എങ്ങനെയാണ്? രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കർഷകരുടെ സമരത്തിന് പിന്തുണ അറിയിച്ച് എത്തിയിരുന്നല്ലോ, അത് ഏതെങ്കിലും രീതിയിൽ ഗുണകരമായെന്ന് തോന്നുന്നുണ്ടോ?

പി. കൃഷ്ണപ്രസാദ്: തെരഞ്ഞെടുപ്പുകളെ നിർണയിക്കാൻ തക്കവണ്ണമുള്ള ഒരു രാഷ്ട്രീയ ശക്തിയായി കർഷകരും തൊഴിലാളി വർഗവും രൂപപ്പെട്ടുവരികയും കർഷക പ്രശ്നങ്ങൾ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നമായി മാറുകയും ചെയ്യുന്നതോടെ സമരങ്ങളെ പിന്തുണക്കുക എന്നുള്ളത് പ്രതിപക്ഷ പാർട്ടികളുടെ ഉത്തരവാദിത്തമായി മാറുകയാണ്. അതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർ‌ട്ടിയും കർഷക സമരത്തെ പിന്തുണക്കാനായി രംഗത്തെത്തുന്നത്.

കിസാന്‍ മുക്തി മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി

യഥാർത്ഥത്തിൽ ഉദാരവൽക്കരണത്തിന്റെ ഭാഗമായി കർഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾ തുടങ്ങിവെച്ചത് കോൺഗ്രസിന്റെ ഗവൺമെന്റാണ്. ഇന്നും അതിനെ തള്ളിപ്പറിയാൻ രാഹുൽ ഗാന്ധിയും കോൺഗ്രസും തയ്യാറായിട്ടില്ല.

കോണ്‍ഗ്രസ് നടപ്പാക്കിയ നയങ്ങളാണ് ഇന്നത്തെ കാർഷിക പ്രതിസന്ധിക്കും, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും, തൊഴിലില്ലായ്മക്കും കാരണമെന്ന് പറയാൻ കോൺഗ്രസ് നേതൃത്വവും രാഹുൽ ഗാന്ധിയും തയ്യാറാണോ എന്നാണ് കിസാൻ സഭ ഉന്നയിക്കുന്ന ചോദ്യം. അങ്ങനെ തയ്യാറായാൽ അത് സ്വാഗതാർഹമാണ്.

അതിന് തയ്യാറല്ലെങ്കിലും അവർ കർഷക സമരത്തെ പിന്തുണക്കാനായി എത്തുന്നത് സ്വാഭാവികമായും ബി.ജെ.പിക്കെതിരായി കൂടുതൽ ആളുകളെ അണിനിരത്താൻ സഹായകരമാകുമെന്നതുകൊണ്ട് ഞങ്ങളതിനെ സ്വാഗതം ചെയ്യും. ആ അർത്ഥത്തിലാണ് അതിനെ രാഷ്ട്രീയമായിട്ട് കാണേണ്ടത്.

വിഷ്ണു പി.എസ്: 2018 മാർച്ചിൽ പതിനായിരക്കണക്കിന് കർഷകരെ അണിനിരത്തിക്കൊണ്ട് നാസിക്കിൽ നിന്ന് മുംബൈയിലേക്ക് നടത്തിയ ലോങ് മാർച്ചോടെയാണ് കിസാൻ സഭ കർഷക മുന്നേറ്റങ്ങളുടെ ശ്രദ്ധാ കേന്ദ്രമാകുന്നത്. തങ്ങൾക്ക് രാഷ്ട്രീയമായി സ്വാധീനം കുറവായ ഭൂപ്രദേശങ്ങളിലും ഇത്തരത്തിലുള്ള കർഷക മുന്നേറ്റങ്ങൾ എങ്ങനെയാണ് ഒരു ഇടതുപക്ഷ കർഷക സംഘടന സാധ്യമാക്കുന്നത് ?

പി. കൃഷ്ണപ്രസാദ്: കർഷക പ്രസ്ഥാനമോ തൊഴിലാളി പ്രസ്ഥാനമോ ഏതൊരു വർഗ പ്രസ്ഥാനമോ ആയിക്കൊള്ളട്ടെ അത് രുപപ്പെട്ടുവരുന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ സംഘടനയുടെയും ബലത്തിലല്ല, മറിച്ച് പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ്. പ്രശ്നങ്ങളാണ് ജനങ്ങളെ സംഘടിപ്പിക്കുന്നതും പ്രക്ഷോഭങ്ങളിലേക്ക് കൊണ്ടുപോകുന്നതും.

ബ്രീട്ടീഷ് ഭരണ കാലത്ത് രാജ്യത്താകമാനം കർഷകരെ സംഘടിപ്പിച്ചത് കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യമാണ്, അതൊരു പ്രശ്നമാണ്. ജന്മിമാരുടെ കയ്യിലുണ്ടായിരുന്ന കൃഷിഭൂമി പിടിച്ചെടുത്ത് കൃഷി ചെയ്യുന്ന കർഷകന്റേതാക്കി മാറ്റുക എന്നതായിരുന്നു ആ പ്രശ്നം. അതാണ് രാജ്യത്തെ കർഷകരെ സംഘടിപ്പിക്കുന്നതിൽ കിസാൻ സഭക്ക് ഏറ്റവും പ്രാധാന്യം വരുന്നതിന് കാരണമായത്.

ഇന്ന് കാർഷിക മേഖലയിലെ ഏറ്റവും വലിയ പ്രശ്നം ഉത്പാദന ചെലവ് വൻ തോതിൽ വർധിക്കുകയും ഒപ്പം വിളകൾക്ക് വില ലഭിക്കാതിരിക്കുകയും ചെയ്യുന്നതാണ്. കർഷകന്റെ ഏക വരുമാനം ഉത്പന്നം വിൽക്കുമ്പോൾ കിട്ടുന്ന വിലയാണ്. ഈ വരുമാനം നഷ്ടപ്പെടുന്നു എന്നുള്ളതാണ് അവർക്ക് മുമ്പിലുള്ള വിഷയം. ഈ പ്രശ്നമാണ് മഹാരാഷ്ട്രയിലെ കർഷക പ്രസ്ഥാനം ഏറ്റെടുത്തത്.

നാസിക്കെന്ന് പറഞ്ഞാൽ ഉള്ളി കൃഷിക്കാരുടെ മേഖലയാണ്, അതുപോലെ ആദിവാസി വിഭാഗക്കാരാണ് അവിടെ ധാരാളമുള്ളത്. ‘ഞങ്ങളുടെ ഉള്ളിക്ക് വില കിട്ടണം,”ഞങ്ങളുടെ ഭൂമിയുടെ അവകാശം ഞങ്ങൾക്ക് തരണം,’ ‘ഞങ്ങൾ കടത്തിലാണ് അതിൽ നിന്ന് മോചിപ്പിക്കണം,’ എന്നീ മുദ്രാവാക്യങ്ങളാണ് മഹാരാഷ്ട്ര ലോങ് മാർച്ചിൽ‌ കർഷകർ ഉന്നയിച്ചത്. ആ മുദ്രാവാക്യങ്ങളാണ് കർഷകരെ സംഘടിപ്പിച്ച് മുന്നോട്ടുപോയത്.

ഇടതുപക്ഷം ശക്തമായിടത്തേ കർഷകരെ സംഘടിപ്പിക്കാൻ പറ്റൂ എന്നുള്ള ധാരണ തെറ്റാണ്. കർഷകരെ സംഘടിപ്പിച്ചുകൊണ്ടാണ് ഇടതുപക്ഷം ശക്തമാവുക. അതിന്റെ നല്ലൊരു ഉദാഹരണമാണ് മഹാരാഷ്ട്രയിലെ ലോങ് മാർച്ച്, ആ രൂപത്തിൽ ഇന്ത്യയിലാകെ അതിന് സാധ്യതയുണ്ട്.

മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നു

വിഷ്ണു പി.എസ്: ഇക്കഴിഞ്ഞ ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ അവിടുത്തെ ആപ്പിൾ കർഷകരുടെ പ്രശ്നങ്ങൾ ബി.ജെ.പി സർക്കാരിനെ താഴെ വീഴ്ത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്താകമാനം കർഷകരുടെ പ്രശ്നങ്ങൾക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന ഒരു കാലം കൂടിയാണിത്. കിസാൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക മുന്നേറ്റങ്ങൾ ഇടതുപക്ഷ പാർട്ടികൾക്ക് രാജ്യത്ത് ഒരു അടിവേര് ഉണ്ടാക്കിയെടുക്കാൻ കാരണമാകുമോ?

പി. കൃഷ്ണപ്രസാദ്: ഹിമാചലിലെ ആപ്പിൾ കൃഷിക്കാരുടെ പ്രശ്നങ്ങൾ പോലെ സവിശേഷമായ പ്രശ്നങ്ങൾ എല്ലാ മേഖലയിലും ഉണ്ടാകും, അത് ഏറ്റെടുക്കാൻ വേണ്ടി കഴിയണം. അതിനു വേണ്ടിയാണ് അഖിലേന്ത്യാ കിസാൻ സഭ വിളയടിസ്ഥാനത്തിൽ കർഷകരെ സംഘടിപ്പിക്കാൻ വേണ്ടി തീരുമാനിച്ചത്. അതിന്റെ ഭാഗമായി കാപ്പി കൃഷിക്കാരുടെ സംഘടന ഇപ്പോൾ രൂപപ്പെട്ടുവന്നു. അതുപോലെ ആപ്പിൾ കൃഷിക്കാരുടെ സംഘടനയുടെ ആദ്യത്തെ സമ്മേളനം വരുന്ന മെയ് മാസത്തിൽ ശ്രീനഗറിൽ വെച്ച് നടക്കാൻ പോവുകയാണ്.

കരിമ്പ് കർഷകരുടെയും വലിയ രൂപത്തിലുള്ള ഒരു സംഘടന രൂപപ്പെട്ടുവന്നിട്ടുണ്ട്. ഉത്തർപ്രദേശിലും ബിഹാറിലും ബംഗാളിലും ഉരുളക്കിഴങ്ങ് കൃഷിക്കാർ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്, അവരെ സംഘടിപ്പിച്ചുകൊണ്ട് ഒരു സംഘടനയുണ്ടാക്കാനുള്ള നീക്കവും നടന്നുകൊണ്ടിരിക്കുകയാണ്. വിളയടിസ്ഥാനത്തിൽ കർഷകരെ സംഘടിപ്പിച്ചുകൊണ്ടല്ലാതെ മുതലാളിത്തത്തോട് ഏറ്റുമുട്ടാൻ കർഷക പ്രസ്ഥാനത്തിന് കഴിയില്ല.

കർഷക പ്രസ്ഥാനത്തെ ആധുനികവൽക്കരിച്ചുകൊണ്ട്, വിളയടിസ്ഥാനത്തിൽ കർഷകരെ സംഘടിപ്പിച്ചുകൊണ്ട്, അവരുടെ പ്രശ്നങ്ങൾ ഹിമാചലിലെ പോലെ രാജ്യവ്യാപകമായി ഏറ്റെടുത്താൽ മാത്രമേ രാഷ്ട്രീയമായി ഈ പ്രശ്നം നേരിടാൻ കഴിയൂ. അങ്ങനെ രൂപപ്പെട്ട് വന്നാൽ മാത്രമേ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് രാജ്യത്ത് വളർച്ച കൈവരിക്കാൻ സാധിക്കൂ.

ഹിമാചലിലെ ആപ്പിൾ കൃഷിക്കാരുടെ സമരം

വിഷ്ണു പി.എസ്: കാർഷിക പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ കേരളം, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ ദിവസ വേതനം വളരെ കുറവാണ്. ഇത്തരത്തിലുള്ള തൊഴിലാളി പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ കിസാൻ സഭ അടക്കമുള്ള ഇടതുപക്ഷ സംഘടനകൾ എത്രത്തോളം വിജയിച്ചിട്ടുണ്ട്?

പി. കൃഷ്ണപ്രസാദ്:  കേരളത്തെ പോലെ തന്നെ ഭൂപരിഷ്കരണം നടപ്പിലാക്കപ്പെട്ട ഒരു സംസ്ഥാനമാണ് ജമ്മു കശ്മീർ. കാർഷിക പരിഷ്കരണം നടപ്പിലാക്കപ്പെട്ട സംസ്ഥാനങ്ങളിലാണ് ഉയർന്ന വേതനം ലഭ്യമാകുന്നത്. പക്ഷേ കാർഷിക പരിഷ്കരണം നടന്ന മറ്റൊരു സംസ്ഥാനമാണ് ബംഗാൾ. എന്നാൽ ബംഗാളിൽ വേതനം ഇപ്പോഴും വളരെ കുറവാണ്. അവിടെ കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപപ്പെടുന്നത് വളരെ വൈകിയാണ്. തൊണ്ണൂറുകൾക്ക് ശേഷമാണ് ബംഗാളിൽ കർഷക തൊഴിലാളി സംഘടന രൂപപ്പെടുന്നത്. ഒരു കർഷക തൊഴിലാളി യൂണിയൻ ബംഗാളിൽ സ്വതന്ത്രമായി പ്രവർത്തനമാരംഭിച്ചിട്ട് നാല് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ.

ഇടതുപക്ഷത്തിന് ബംഗാളിൽ തെരഞ്ഞെടുപ്പ് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് തന്നെ ഈ വേതനത്തിന്റെ പ്രശനത്തിലാണ്.

വേതനത്തിന്റെ വിഷയമുയർത്തി ഇടതുപക്ഷം ഉയർത്തിയ സമരങ്ങളിലൂടെയാണ് തൊഴിലുറപ്പ് പദ്ധതി വന്നത്. ഇടതുപക്ഷ പാർട്ടികൾ ഒന്നാം യു.പി.എ സർക്കാരിൽ വലിയ സമ്മർദ്ദം ഉയർത്തിയാണ് തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരുന്നത്. എന്നാലിപ്പോൾ മിനിമം വേതനം തൊഴിലാളികൾക്ക് നിഷേധിക്കുന്ന നയമാണ് നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്നത്.

മോദി സർക്കാർ കൊണ്ടുവന്ന ലേബർ കോഡ് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബി.എം.എസ് പിന്തുണക്കുകയാണ്. എട്ട് മണിക്കൂർ തൊഴിൽ, മിനിമം വേതനം എന്നീ മുദ്രാവാക്യങ്ങൾ ആർ.എസ്.എസും ബി.ജെ.പിയും അംഗീകരിക്കുന്നില്ല. ഇതിനെതിരെ വലിയ പ്രക്ഷോഭങ്ങൾ ഏറ്റവും ശക്തമായി ഉയർത്തിക്കൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിച്ച സംഘടന തന്നെയാണ് അഖിലേന്ത്യാ കിസാൻ സഭ. അതുകൊണ്ട് തന്നെ ഇനിയും കർഷക തൊഴിലാളികളുടെ മിനിമം വേതനമെന്നത് വലിയ വിഷയമായി തന്നെ അഖിലേന്ത്യാ കിസാൻ സഭ മുന്നോട്ട് കൊണ്ടുപോകും.

വിഷ്ണു പി.എസ്: കർഷകരുടെ പ്രക്ഷോഭം പെട്ടന്ന് തന്നെ കോർപറേറ്റ് വിരുദ്ധ സമരം എന്ന തലത്തിലേക്ക് എത്തിക്കാൻ കർഷക സംഘടനകൾക്ക് കഴിഞ്ഞു. പക്ഷേ അത് ഭൂരിപക്ഷ സമൂഹത്തിന് ഇടയിൽ ഒരു ഭരണ വിരുദ്ധ വികാരം ഉണ്ടാക്കുന്നതിനോ വോട്ട് ബാങ്കിൽ മാറ്റം സൃഷ്ടിക്കുന്നതിലേക്കോ എത്താതിരുന്നത് എന്തുകൊണ്ടാണ് ?

പി. കൃഷ്ണപ്രസാദ്: കർഷകരുടെ സമരം കോർപ്പറേറ്റ് വിരുദ്ധ പോരാട്ടത്തിലേക്ക് പോയെങ്കിലും, അത് രാജ്യ‌വ്യാപകമായുള്ള പോരാട്ടമാക്കി മാറ്റിയെടുക്കുക എന്നുള്ളത് ഇനിയും നാം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ്. നേടിയ നേട്ടം നിലനിർത്തിക്കൊണ്ട് അതിനെ കൂടുതൽ വിപുലീകരിക്കുകയാണ് വേണ്ടത്. അതിന്റെ ഭാഗമായാണ് ഏപ്രിൽ അഞ്ചിന്റെ റാലി നടക്കുന്നത്. കോർപ്പറേറ്റുകൾക്കെതിരായ യുദ്ധപ്രഖ്യാപനമാണ് ആ റാലി.

ഈ സമരം ഇന്ത്യയിൽ‌ മാത്രം നടക്കുന്ന ഒന്നായി കാണേണ്ടതില്ല, ലോകത്താകമാനം കോർപ്പറേറ്റ് വിരുദ്ധ പോരാട്ടം രൂപപ്പെട്ട് വരും. തൊഴിലാളികൾ തന്നെ വ്യവസായങ്ങൾ നടത്തും. അങ്ങനെ തൊഴിലാളികളുടെയും കർഷകരുടെയും നേതൃത്വത്തിൽ രാജ്യത്തിന്റെയും ലോകത്തിന്റെയും ഉത്പാദനക്രമം മാറും.

വിഷ്ണു പി.എസ്: ബി.ജെ.പിക്ക് ബദലാകാൻ മാത്രം ശക്തമായ ഒരു പ്രതിപക്ഷ പാർട്ടി രാജ്യത്ത് നിലവിലില്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രതിപക്ഷ പാർട്ടികളുടെ ഒരു വിശാല സഖ്യം രൂപപ്പെട്ട് കോൺഗ്രസ് നയിക്കുന്ന മുന്നണി അധികാരത്തിൽ എത്താനുള്ള സാധ്യതയുണ്ടോ?

പി. കൃഷ്ണപ്രസാദ്: വർഗ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞടുപ്പ് മുന്നണികൾ രൂപപ്പെടുന്നത്. സമരങ്ങളിലൂടെ രൂപപ്പെടുന്ന മുന്നണികൾ നിലവിലുള്ള കക്ഷി രാഷ്ട്രീയ ചിത്രത്തെ തന്നെ മാറ്റും. ദൽഹിയിൽ നേരത്തെ കോൺഗ്രസും ബി.ജെ.പിയുമായിരുന്നു മുഖ്യ ഭരണ പ്രതിപക്ഷ പാർട്ടികളായി നിന്നിരുന്നത്. എന്നാൽ പിന്നീട് ദൽഹിയിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുകയും ബി.ജെ.പി രണ്ടാം സ്ഥാനത്തേക്ക് വരികയും ആം ആദ്മി പാർട്ടി എന്ന പുതിയ പാർട്ടി അധികാരത്തിൽ വരികയും ചെയ്തു. പഞ്ചാബിലും സമാനമായി ആം ആദ്മി ജയിക്കുന്നു.

വലിയ സംഘടനയായതുകൊണ്ടോ സമരങ്ങൾ ഏറ്റെടുത്തതുകൊണ്ടോ അല്ല ആം ആദ്മി പാർട്ടി അവിടെ ജയിക്കുന്നത്.

മറിച്ച് കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസും ബി.ജെ.പിയും തോൽക്കുമ്പോൾ അവിടെ ആം ആദ്മി പാർട്ടിയുടെ സർക്കാർ വരുന്നത്. ആം ആദ്മിയുടെ സർക്കാർ അത്ര മികച്ചതാണെന്ന അഭിപ്രായമില്ല, പക്ഷേ അതൊരു ബദൽ സാധ്യതയിലേക്ക് ജനങ്ങൾ ചിന്തിക്കുന്നതിന്റെ ഉദാഹരണമാണ്.

കോൺഗ്രസ് തന്നെ പ്രതിപക്ഷത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന് കരുതരുത്. രാജ്യം ഏക കക്ഷി ഭരണത്തിൽ നിന്ന് മുന്നണി രാഷ്ട്രീയത്തിലേക്ക് കടന്നു. ബി.ജെ.പി ആഗ്രഹിച്ചത് ഒറ്റ കക്ഷിയായി ഭരണത്തിൽ വരുമെന്നാണ്, എന്നാലിനി ഏക കക്ഷി ഭരണത്തിലേക്ക് ഇന്ത്യക്ക് പോകാൻ കഴിയില്ല. കർ‌ഷക – തൊഴിലാളി സമരങ്ങൾ മുന്നണി രാഷ്ട്രീയത്തിൽ വലിയ പങ്ക് വഹിക്കാൻ വേണ്ടി പോവുകയാണ്. ഇങ്ങനെ രൂപപ്പെട്ടുവരുന്ന ഒരു പുതിയ ഗവൺമെന്റിന് ആരാണ് നേതൃത്വം കൊടുക്കേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. എന്തുതന്നെയായാലും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഒരുമിപ്പിക്കുക എന്ന് പറയുന്നത് വളരെ നിർണായകമാണ്.

വിഷ്ണു പി.എസ്: പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ് കർഷകരും തൊഴിലാളികളും ഏറ്റെടുക്കുന്നത്. രാജ്യം ഭരിക്കുന്ന പാർട്ടിക്കെതിരെ ഈ സമരങ്ങളിലൂടെ ഒരു ബദൽ രൂപപ്പെടുമോ? തുടന്നുകൊണ്ടിരിക്കുന്ന തൊഴിലാളി – കർഷക പ്രക്ഷോഭങ്ങൾ വർഗ സമരത്തിലൂടെയുള്ള ഒരു മുന്നേറ്റമാണോ ലക്ഷ്യം വെക്കുന്നത്?

പി. കൃഷ്ണപ്രസാദ്: തെരഞ്ഞെടുപ്പിൽ മാറ്റം വരുത്തുന്നതിന് വേണ്ടി മാത്രമല്ല ഈ സമരങ്ങൾ. കർഷകരുടെ വിളകൾക്ക് താങ്ങുവില ലഭ്യമാക്കാനും തൊഴിലാളികൾക്ക് മിനിമം കൂലി ലഭ്യമാക്കാനും കടത്തിൽ നിന്ന് മോചനം നേടാനുമുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ബദൽ നയങ്ങൾ നടപ്പിലാക്കാനുമുള്ള സമരമാണിത്. ഗവൺമെന്റ് മാറി പുതിയ ഗവൺമെന്റ് വന്നാലും സമരങ്ങൾ നടത്തേണ്ടിവരും.

ഇതൊരു തെരഞ്ഞടുപ്പ് മുന്നണിയായി മാത്രം ഒതുങ്ങാൻ പാടില്ല. തെരഞ്ഞെടുപ്പേതര സമരങ്ങളിലൂടെയാണ് ബദൽ മുന്നോട്ടുവെക്കാൻ കഴിയുക. അങ്ങനെയാണ് ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ബദൽ രൂപപ്പെടുത്താൻ കഴിയുക. അതിന്റെ ഭാഗമായാണ് തൊഴിലാളികളും കർഷകരും സ്വതന്ത്രമായി മുന്നോട്ട് വരികയും തൊഴിലാളി- കർഷക ഐക്യം രൂപപ്പെടുകയും ചെയ്തിട്ടുള്ളത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ തൊഴിലാളി വർഗത്തിന്റെയും കർഷക വർഗത്തിന്റെയും ഐക്യം ഏറ്റവും അനിവാര്യമായ ഒരു കാലഘട്ടത്തിൽ അതിന് നേതൃത്വപരമായ പങ്ക് വഹിക്കുന്നത് ഇടതുപക്ഷ കർഷക- തൊഴിലാളി സംഘടനകളാണ് എന്നാണ് ഏപ്രിൽ അഞ്ചിന് നടക്കുന്ന റാലിയിലൂടെ തെളിയിക്കപ്പെടാൻ പോകുന്നത്.

അത് ഒരു ബദൽ രാഷ്ട്രീയത്തിലേക്ക് ഇന്ത്യയിലെ കർഷകരെയും തൊഴിലാളികളെയും തൊഴിലില്ലാത്ത ചെറുപ്പക്കാരെയും വിദ്യാർത്ഥികളെയും സ്ത്രീകളെയും എല്ലാം ആകർഷിക്കാൻ പോകുകയാണ്. അതിന്റെ ഭാഗമായി ബി.ജെ.പിയുടെ അക്രമത്തിന് വിധേയരാകേണ്ടിവരുന്ന മുഴുവൻ ആളുകൾക്കും പ്രതീക്ഷ നൽകുന്ന ഒരു ബദലായി മാറും. ഈ തൊഴിലാളി- കർഷക ഐക്യത്തിന്റെ ഭാഗമായി രൂപപ്പെട്ടുവരുന്ന മുന്നണിയും ബദൽ നയങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാകാൻ വേണ്ടി പോകുന്ന കാലഘട്ടമാണിനി വരാൻ പോകുന്നത്.

വിഷ്ണു പി.എസ്: കേരളത്തിൽ കെ- റെയിലിനെ പിന്തുണക്കുന്ന ഇടതുപക്ഷ സംഘടനകൾ മഹാരാഷ്ട്ര- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ സമരം നടത്തുന്നു. ഈ ഒരു സംഭവത്തെ മുൻനിർത്തി നിരവധി വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ രണ്ട് വലിയ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കിസാൻ സഭയുടെ അഭിപ്രായം എന്താണ് ?

പി. കൃഷ്ണപ്രസാദ്: കെ- റെയിലിന്റെ ലക്ഷ്യം ആധുനിക കേരളം വളർത്തിയെടുക്കാൻ പാകത്തിലുള്ള അടിസ്ഥാന സൗകര്യം രൂപപ്പെടുത്തുകയാണ്. കെ- റെയിൽ പദ്ധതിയെ ഏങ്ങനെയാണ് ഒരു മാർക്സിസ്റ്റ് – ലെനിനിസ്റ്റ് ചിന്താഗതിക്കാർക്ക് എതിർക്കാൻ കഴിയുക. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാൾക്കും അതിനെ തള്ളിപ്പറയാൻ കഴിയില്ല.

കേരളവും മഹാരാഷ്ട്രയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല. അവിടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരായ സമരം നടക്കുന്നത് കർഷകരുടെയും തൊഴിലാളികളുടെയും ഭൂമി ചുളു വിലക്ക് ഏറ്റെടുക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ്. കൃഷി ഭൂമി ഏറ്റെടുക്കാൻ‌ പാടില്ലെന്ന് നിയമമുള്ളതാണ്. ഇനി അങ്ങനെ ഏറ്റെടുത്താൽ തന്നെ കൃഷി ഭൂമി നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കണം. അത് രണ്ടും ചെയ്യാത്തിനെതിരായി വരുന്ന പ്രക്ഷോഭത്തെ കെ- റെയിലിനെതിരായ പ്രക്ഷോഭവുമായി കൂട്ടിയിണക്കാൻ ശ്രമിക്കരുത്. കേരളത്തിൽ ഉയർന്ന നഷ്ടപരിഹാരം കൊടുത്തുകൊണ്ടാണ് എൽ.ഡി.എഫ് സർക്കാർ കെ- റെയിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നത്.

വിഷ്ണു പി.എസ്: ഇന്ത്യയിലെ സവിശേഷ സാഹചര്യമാണ് ഇവിടത്തെ കർഷകരെയും തൊഴിലാളികളെയും ഭരണകൂടത്തിന് എതിരെ പോരാടാനുള്ള നിലയിലേക്ക് എത്തിക്കുന്നത്. ഇന്ത്യയിൽ കർഷക – തൊഴിലാളി സമരങ്ങൾ അന്താരാഷ്ട്ര തലത്തിൽ എന്തെല്ലാം മാറ്റങ്ങൾക്ക് കാരണമായേക്കാം ?

പി. കൃഷ്ണപ്രസാദ്: ഇന്ത്യയിലെ കർഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾ നവ ഉദാരവൽക്കരണ ലോക ക്രമത്തിനെതിരായിട്ടുള്ളതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ലോകത്താകെ നടക്കുന്ന പ്രക്ഷോഭങ്ങൾ ഇന്ത്യയിൽ നടന്ന കർഷക സമരത്തിന്റെ ഉൾപ്പെടെ ആവേശത്തിൽ നിന്ന് രൂപപ്പെട്ട് വരുന്നതാണ്.

ചെറുത്ത് തോൽപ്പിക്കാൻ സംഘടിക്കണമെന്നും പോരാട്ടത്തിന് തയ്യാറാകണമെന്നും പണിമുടക്കണമെന്നും ബ്രിട്ടനിലേയും ഫ്രാൻസിലേയും ജർമനിയിലേയും തൊഴിലാളികളെ ബോധ്യപ്പെടുത്താൻ ഇന്ത്യയിലെ കർഷകർ നടത്തിയ പോരാട്ടങ്ങൾക്ക് സാധിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ സാമ്രാജിത്തത്തിന്റെയും ധന മൂലധനത്തിന്റെയും മേൽക്കൈ അവസാനിക്കാൻ വേണ്ടി പോകുന്ന പോരാട്ടങ്ങളിലേക്ക് ലോകമാകെ നീങ്ങുകയാണ്. അതിന്റെ നേതൃത്വപരമായ പങ്ക് വഹിക്കുന്നത് ഇന്ത്യയിലെ കർഷക- തൊഴിലാളി വർഗങ്ങളാണ്.

വിഷ്ണു പി.എസ്:  വിണ്ടുകീറിയ കാൽപാദങ്ങളുമായി കിലോമീറ്ററുകൾ താണ്ടുന്ന കർഷകരുടെ ചിത്രങ്ങളും അവരുടെ നിശ്ചയ ദാർഢ്യത്തിന്റെ വിജയവുമാണ് 2018 ലെ കിസാൻ ലോങ് മാർച്ചിൽ നാം കണ്ടത്. കഴിഞ്ഞ മാസം 2018ന് സമാനമായി മഹാരാഷ്ട്രയിൽ നടന്ന ലോങ് മാർച്ചും സമര വിജയത്തിന്റെ മറ്റൊരു മാതൃകയാണ്. 2018 ലെ ലോങ് മാർച്ചിൽ നിന്ന് 2023 ലേക്ക് വരുമ്പോൾ സമരത്തിന്റെ സംഘാടനത്തിലും, കർഷകരുടെ പങ്കാളിത്തത്തിലും എത്തരത്തിലുള്ള മാറ്റങ്ങളാണ് വന്നത് ?

പി. കൃഷ്ണപ്രസാദ്: 2018 ലെ ലോങ് മാർച്ചിന്‌ സമാനതകളില്ല. ഇപ്പോൾ അവിടെ നടന്ന ലോങ് മാർച്ച് ഉള്ളി കൃഷിക്കാരുടെ വലിയ പ്രതിഷേധത്തിന്റെ ഭാഗമായി വന്നതാണ്. ഈ ലോങ് മാർച്ച് നടത്താനായി കിസാൻ സഭക്ക് നേരത്തെ ഉണ്ടായത്രയും അധ്വാനിക്കേണ്ടി വന്നിട്ടില്ല. മുമ്പത്തെ ലോങ് മാർച്ചിന്റെ അനുഭവത്തിൽ നിന്നുകൊണ്ടാണ് ഇത്തവണത്തേത് നടത്തുന്നത്. കഴിഞ്ഞ തവണ 30,000 ആളുകളെ സംഘടിപ്പിച്ച് തുടങ്ങിയ മാർച്ച് ഇത്തവണ പതിനായിരം ആളുകളുമായാണ് തുടങ്ങിയത്. എന്നാൽ മാർച്ച് താനെയിൽ എത്തുമ്പോളേക്ക് 30,000 ആളുകൾ അണിനിരന്നിരുന്നു. യാതൊരുവിധ പ്രയാസവുമുണ്ടാകാതെ ലോങ് മാർച്ച് നടത്താൻ പറ്റി. ജനങ്ങൾ മുൻകൂട്ടി വഴിയിൽ‌ നിന്ന് വരുന്നവർക്ക് വേണ്ടി ഭക്ഷണം പാകം ചെയ്ത് കൊടുക്കുകയും താമസിക്കാനുള്ള സൗകര്യമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് ആ ലോങ് മാർച്ച് മുന്നോട്ടുപോയത്.

കേരളത്തിലുള്ള കർഷക പ്രസ്ഥാനങ്ങൾക്ക് പോലും പെട്ടെന്ന് നടക്കുമോ എന്ന് പേടി തോന്നാവുന്ന ഒരു സമര രൂപവുമായി മഹാരാഷ്ട്രയിലെ കർഷകർ മുന്നോട്ടുപോയി. 2018ൽ നിന്ന് 2023ലേക്ക് വരുമ്പോൾ പ്രക്ഷോഭത്തോടുള്ള സന്നദ്ധതയിലും മനോഭാവത്തിലും മാറ്റം വന്നു. ഏത് പ്രക്ഷോഭവും ഏറ്റെടുക്കാനും അത് നന്നായി നടത്താനുമുള്ള ശേഷിയിലേക്ക് കിസാൻ സഭ പ്രവർത്തകർ എത്തി എന്നുള്ളതാണ് ഇത്തവണത്തെ ലോങ് മാർച്ചിന്റെ വിജയം.

വിഷ്ണു പി.എസ്:  ഏപ്രിൽ അഞ്ചിന് മറ്റൊരു വലിയ കർഷക മഹാറാലിക്ക് കൂടി രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുകയാണ്. മസ്ദൂർ കിസാൻ സംഘർഷ് റാലിയിൽ എന്തൊക്കെ പ്രശ്നങ്ങൾ ആണ് മുന്നോട്ട് വെക്കുന്നത് ? സമരത്തിൻ്റെ സംഘാടനവും, മറ്റ് ഒരുക്കങ്ങളും എല്ലാം ഏത് രീതിയിൽ ആണ് മുന്നോട്ട് കൊണ്ടുപോകുന്നത്?

പി. കൃഷ്ണപ്രസാദ്: ഏപ്രിൽ അഞ്ചിന് നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലി ഇന്ത്യകണ്ട തൊഴിലാളികളുടെയും കർഷകരുടെയും ഏറ്റവും വലിയ പങ്കാളിത്തമുള്ള സമരമായി മാറാൻ പോവുകയാണ്. രാജ്യത്താകമാനമുള്ള പ്രദേശങ്ങളിൽ നിന്നുള്ള കർഷകരും തൊഴിലാളികളും ഈ റാലിയിൽ പങ്കെടുക്കും. വരാൻ കഴിയാത്ത പ്രദേശങ്ങളിൽ നിന്നുള്ളവർ സമാന്തര റാലികൾ നടത്തുകയാണ്. കേരളത്തിലടക്കം പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കർഷക റാലികൾ നടക്കും. കോടിക്കണക്കിന് ആളുകളിലേക്ക് ഈ പ്രചരണം എത്തിക്കഴിഞ്ഞു. കിസാൻ സഭയുടെ ലക്ഷ്യം പ്രചരണം ഒരു കോടി വീടുകളിൽ എത്തുക എന്നുള്ളതായിരുന്നു. അതിലേറെ വീടുകളിലേക്ക് പ്രചരണം എത്തിക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.

റാലിയിൽ പ്രധാനമായി ഉന്നയിക്കുന്ന വിഷയം ലേബർ കോഡ് പിൻവലിക്കുക എന്നതാണ്. അത് ബി.ജെ.പിക്കും ആർ.എസ്.എസിനും ബി.എം.എസിനും എതിരായിട്ടുള്ള വലിയ മുദ്രാവാക്യമാണ്. മിനിമം സപ്പോർട്ട് പ്രൈസ് ഉറപ്പാക്കുക രണ്ടാമത്തെ മുദ്രാവാക്യം. കാർഷിക പ്രതിസന്ധി മറികടക്കാൻ മിനിമം സപ്പോർട്ട് പ്രൈസില്ലാതെ കഴിയില്ല. മൂന്നാമത്തെ മുദ്രാവാക്യം കടക്കെണിയിൽ നിന്ന് മോചിപ്പിക്കലാണ്. കർഷകരെയും തൊഴിലാളികളെയും പാപ്പരീകരിച്ചുകൊണ്ടാണ് അധാനിയും അംബാനിയും ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻമാരായി മാറുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 200 ദിവസം തൊഴിൽ കൊടുക്കണമെന്നും 600 രൂപ കൂലി കൊടുക്കണമെന്നുമുള്ളതാണ് റാലിയിൽ ഉന്നയിക്കുന്ന മറ്റൊരു വിഷയം. തൊഴിലില്ലായ്മ, ഭക്ഷ്യസുരക്ഷ തുടങ്ങിയവയാണ് മറ്റ് മുദ്രാവാക്യങ്ങൾ.

കുത്തക വിരുദ്ധ പോരാട്ടം എന്ന നിലയിലേക്കാണ് ഈ പ്രക്ഷോഭം രൂപപ്പെട്ടുവരിക. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. കോർപ്പറേറ്റുകൾ‌ക്കെതിരായ യുദ്ധ പ്രഖ്യാപനമായാണ് ഏപ്രിൽ അഞ്ചിന് നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലി മാറാൻ വേണ്ടി പോകുന്നത്. ഏപ്രിൽ അഞ്ച് ഇന്ത്യയിലെ രാഷ്ട്രീയത്തെ സമൂലമായി മാറ്റിമറിക്കാൻ കഴിയുന്ന ഒരു വലിയ പ്രക്ഷോഭമായാണ് രൂപപ്പെട്ടുവരിക.

ഏപ്രിൽ അഞ്ചിന് ശേഷം ഇന്ത്യ പഴയ ഇന്ത്യയായിരിക്കില്ല, രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾ കർഷകരും തൊഴിലാളികളും വളർത്തിയെടുക്കും. ഈ വലിയ രൂപത്തിലുള്ള പ്രക്ഷോഭങ്ങളിലൂടെയാണ് ബി.ജെ.പിയുടെ ഹിന്ദു രാഷ്ട്ര എന്ന മുദ്രാവാക്യത്തെ ചെറുത്ത് തോൽപ്പിക്കാൻ കഴിയുക.

രാമക്ഷേത്രം നിർമിക്കുക എന്നുള്ളതല്ല, ഞങ്ങളുടെ ഗോതമ്പിനും നെല്ലിനും വില കിട്ടുക എന്നുള്ളതാണ് പ്രധാനം.

ഞങ്ങളുടെ ഉരുളക്കിഴങ്ങിന് വില നൽകുക എന്നുള്ളതാണ് ഉത്തർപ്രദേശിലെ കർഷകർ ആവശ്യപ്പെടുന്നത്, അല്ലാതെ രാമക്ഷേത്രം നിർമിക്കലും ഗോവധം നിരോധിക്കലുമല്ല.

2024 പാർലമെന്റ് തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് ബി.ജെ.പി സർക്കാരിനെതിരെ ഏത് രീതിയിലുള്ള പ്രതിരോധമാണ് കിസാൻ സഭ ലക്ഷ്യം വെക്കുന്നത്?

2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നുള്ളതിൽ ഇന്ത്യയിലെ കർഷക – തൊഴിലാളി വർഗത്തിന് യാതൊരു ആശങ്കയുമില്ല. ഇവരെ അധികാരത്തിൽ നിന്ന് മാറ്റാതെ തൊഴിലാളികൾക്ക് മിനിമം സപ്പോർട്ട് പ്രസ് കിട്ടില്ല, ലേബർ കോഡ് പിൻവലിക്കപ്പെടില്ല.

ബി.ജെ.പിയുടെ കീഴിലുള്ള കർഷക – തൊഴിലാളി സംഘടനകളുടെ പ്രവർ‌ത്തകരടക്കം ഈ സമരത്തിൽ വളരെ ആവേശം ഉൾക്കൊണ്ടുകൊണ്ട് അണിനിരക്കാൻ തയ്യാറാവുന്ന ചിത്രമാണ് ഉത്തരേന്ത്യയിലടക്കം കാണുന്നത്. ബി.ജെ.പിക്ക് പിന്തുണ കൊടുത്തിരുന്ന വിവിധ ജനവിഭാഗങ്ങൾ വൻ തോതിൽ ഈ സമരങ്ങളെ പിന്തുണക്കാൻ തയ്യാറാവുന്നതിന്റെ മാറ്റങ്ങൾ ഇന്ത്യയിലാകെ കാണാൻ കഴിയുന്നുണ്ട്.

വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തൊഴിലാളി- കർഷക വർഗങ്ങൾക്ക് അനുകൂലമായ ഒരു രാഷ്ട്രീയ മാറ്റം ഉണ്ടാവുക എന്നുള്ളത് ഏറ്റവും പ്രാധാന്യമായി ഏറ്റെടുക്കുന്ന രാഷ്ട്രീയ മുദ്രാവാക്യമാണ്. അതിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പിയുടെ ഈ തെറ്റായ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താനാണ് 2024 തെരഞ്ഞടുപ്പിന് മുമ്പ് കിസാൻ സഭ തയ്യാറാവുക.

വിഷ്ണു പി.എസ്:  വിവാദ കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങൾക്ക് വലിയ വാർത്താ പ്രാധാന്യം നൽ‌കിയ മാധ്യമങ്ങൾ അതിനെത്തുടർന്നുണ്ടായ പ്രതിപക്ഷ വർഗ ബഹുജന സംഘടനകൾ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നടത്തുന്ന സമരങ്ങൾക്ക് നൽകാതെ അവഗണിക്കുന്നുവെന്ന വിമർശനമുണ്ടോ? മുഖ്യധാരാ മാധ്യമങ്ങൾ വർഗ സമരങ്ങളെ അവഗണിക്കുകയാണോ?

പി. കൃഷ്ണപ്രസാദ്: കർഷക പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതിലോ, വസ്തുതാപരമായി വിലയിരുത്തുന്നതിലോ ഇന്ത്യയിലെ മാധ്യമങ്ങൾ വിജയിച്ചിട്ടില്ല. ഇന്ത്യയെ പോലെ ഒരു രാജ്യത്ത് സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ആദ്യമായാണ് ആറ് പ്രധാനപ്പെട്ട ദേശീയ പാതകൾ ഉപരോധിച്ചുകൊണ്ട് ലക്ഷക്കണക്കിന് കർഷകർ അണിനിരന്ന സമരം നടക്കുന്നത്. അത് ലോകത്തെ തന്നെ ഏറ്റവും വലിയ പ്രക്ഷോഭമായി മാറി, അതുകൊണ്ടാണ് കാർഷിക നിയമങ്ങൾക്കെതിരായ സമരത്തെക്കുറിച്ച് വാർത്ത കൊടുക്കാൻ മാധ്യമങ്ങൾ നിർബന്ധിക്കപ്പെട്ടത്. കൊടുത്ത വാർത്തകൾ തന്നെ കർഷകരുടെ ആവശ്യങ്ങളെ പരിഹസിക്കുന്നവയായിരുന്നു.

മുതലാളിത്ത- കുത്തക മേധാവിത്തം തീരുമാനിക്കുന്ന അജണ്ടയാണ് ഇന്ത്യയിലെ മാധ്യമങ്ങൾ നടപ്പിലാക്കുന്നത്. മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണ്. ഇന്ന് ജനങ്ങൾ ടെലിവിഷൻ ചാനലുകളെയും വൻകിട പത്രങ്ങളെയുമല്ല, സമൂഹ മാധ്യമങ്ങളുൾപ്പെടെയുള്ള ബദൽ മാധ്യമങ്ങളെയാണ് വിവരങ്ങളറിയാൻ ആശ്രയിക്കുന്നത്.

കർഷകരെയും തൊഴിലാളികളെയും കൊള്ളയടിച്ചുകൊണ്ടുണ്ടാക്കുന്ന ലാഭത്തിന്റെ വിഹിതം പരസ്യ വരുമാനമായി പറ്റുന്ന ഒരു മാധ്യമവും കർഷകരുടെയും തൊഴിലാളികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ പോകുന്നില്ല. മാധ്യമങ്ങളാണ് ജനാഭിപ്രായം രൂപീകരിക്കുന്നതെന്നത് തെറ്റായ ധാരണയാണ്. മറിച്ച് ജനാഭിപ്രായം രൂപീകരിക്കുന്നത് പ്രസ്ഥാനങ്ങളാണ്. ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങൾ അഭിപ്രായ രൂപീകരണത്തിന് വലിയ പങ്ക് വഹിക്കും. അതിന്റെ ഭാഗമായി സ്വതന്ത്രമായ ബദൽ മാധ്യമങ്ങൾ കൂടുതൽ ശക്തിപ്പെടുന്ന കാലഘട്ടമാണ് ഇനി വരാൻപോകുന്നത്.

Content Highlight: Interview with All India Kisan Sabha finance secretary P. Krishnaprasad

വിഷ്ണു. പി.എസ്‌

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍, പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more