| Tuesday, 7th December 2021, 4:35 pm

അമ്മയില്‍ നിന്ന് പുറത്താക്കിയാല്‍ രക്ഷപ്പെട്ടുവെന്ന് വിചാരിക്കും

അമൃത ടി. സുരേഷ്

അഭിമുഖം: ഷമ്മി തിലകന്‍ / അമൃത ടി. സുരേഷ്

അമ്മ ഭരണസമിതി തെരഞ്ഞെടുപ്പിലേക്ക് സമര്‍പ്പിച്ച നോമിനേഷന്‍ ഒപ്പിടാത്തത് കൊണ്ടാണ് തള്ളിപ്പോയതെന്ന് പറഞ്ഞല്ലോ, എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?

അപേക്ഷയില്‍ രണ്ട് സ്ഥലങ്ങളിലായിരുന്നു ഞാന്‍ ഒപ്പിടേണ്ടിയിരുന്നത്. ഒന്ന് സ്ഥാനാര്‍ത്ഥിയുടെ പേരും അംഗത്വം ഏതെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന കോളമായിരുന്നു. അതോടൊപ്പം തന്നെ നാമനിര്‍ദേശത്തെ പിന്തുണയ്ക്കുന്നവരുടെ പേരും അംഗത്വം ഏതെന്ന് വ്യക്തമാക്കുന്ന കോളവും.

എന്റെ പേരും എന്നെ പിന്തുണക്കുന്നവരുടെ പേരുമൊക്കെയുള്ള കോളം പൂരിപ്പിച്ചിരുന്നു. സാക്ഷികളായി ബൈജുവും പ്രേംകുമാറുമായിരുന്നു ഒപ്പിട്ടത്. അതിന് താഴെയായി ‘ഫോര്‍ ഓഫീസ് ഓണ്‍ലി’ എന്ന് പറഞ്ഞൊരു കോളവുമുണ്ടായിരുന്നു.

അപേക്ഷയില്‍ ഡിക്ലറേഷന്‍ എന്നൊരു ഭാഗവുമുണ്ടായിരുന്നു. അവിടെയാണ് ഒപ്പിടാതിരുന്നത്. സത്യം പറഞ്ഞാല്‍ അത് ഞാന്‍ കണ്ടില്ല. ആരും എന്നെ കാണിച്ചില്ല.

ഒരു ‘അദ്യശ്യ ശക്തി’ എന്നെ കാണിച്ചില്ല എന്ന് പറയുന്നതായിരിക്കും ശരി. നീ അങ്ങനെ ഒപ്പിടേണ്ട എന്ന് പറയുന്നത് പോലെ. കാരണം ആ ഒരു പ്രതിജ്ഞയില്‍ ഞാന്‍ ഒപ്പിടുന്നതോട് കൂടി എന്റെ ശബ്ദം അങ്ങ് നിലയ്ക്കും.

നോമിനേഷനില്‍ ഒപ്പിട്ടില്ല എന്നത് തിരുത്താനുള്ള അവസരമുണ്ടായിരുന്നില്ലേ?

അതവരുടെ വിവേചനാധികാരമാണ്. മോഹന്‍ലാല്‍, പൂജപ്പുര രാധാകൃഷ്ണന്‍, കുഞ്ചന്‍ എന്നിവരായിരുന്നു മൂന്ന് വരണാധികാരികള്‍. മൂന്നാം തിയതി ആയിരുന്നു പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. അന്നാണ് ഞാന്‍ പത്രിക സമര്‍പ്പിച്ചത്.

അത്രയും വൈകാന്‍ വേറെയും ചില കാര്യങ്ങളുണ്ടായിരുന്നു. വൈകിയതിനാല്‍ ധൃതി പിടിച്ച് ചെയ്തത് കൊണ്ട് ഒപ്പിടാന്‍ ശ്രദ്ധിക്കാതിരിന്നുവെന്നോ അല്ലെങ്കില്‍ ശ്രദ്ധിക്കാന്‍ എന്നെ അനുവദിച്ചില്ലെന്നോ പറയാം. ആരോ ഒരു അദൃശ്യശക്തി. ഒപ്പിടേണ്ട ഭാഗം മാത്രം എന്റെ കണ്ണില്‍പ്പെടുത്താതിരുന്നതാവാം.

പക്ഷേ അവരിലാരെങ്കിലുമൊന്ന് പരിശോധിച്ച് പറഞ്ഞിരുന്നെങ്കില്‍… മോഹന്‍ലാല്‍ വേണമെന്ന് ഞാന്‍ പറയില്ല. അദ്ദേഹം പ്രസിഡന്റാണ്. പക്ഷേ മറ്റ് രണ്ട് പേര്‍ ഇലക്ഷന്‍ ഓഫീസേഴ്‌സ് എന്ന നിലയില്‍ ഉത്തരവാദിത്തപ്പെട്ടവരാണ്. അവരാണ് പ്രാഥമിക പരിശോധന നടത്തേണ്ടത് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍.

പക്ഷേ അവര്‍ പറഞ്ഞത് പെട്ടിയില്‍ ഇട്ടിട്ട് പോയാല്‍ മതിയെന്നാണ്. ഒരു സമ്മാനകൂപ്പണൊക്കെ ഇടുന്നത് പോലെയാണ് ഞാനത് ഇട്ടത്. അതിലെനിക്കൊരു പ്രതിഷേധം കൂടിയുണ്ട്.

മോഹന്‍ലാലിനെറ്റിയുള്ള ചില പരാമാര്‍ശങ്ങള്‍ ഇന്നലെ കണ്ടിരുന്നു. അദ്ദേഹവും കൂടി അറിഞ്ഞുകൊണ്ടാണോ നോമിനേഷന്‍ തള്ളിയത്? അല്ലെങ്കില്‍ മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോ?

നോമിനേഷന്‍ തള്ളിയത് മോഹന്‍ലാല്‍ അറിഞ്ഞുകൊണ്ടാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ തെറ്റുകൊണ്ട് സംഭവിച്ചതാണ് അത്. പക്ഷേ എന്റെ നോമിനേഷനില്‍ ഒപ്പിടാന്‍ രണ്ട് പേര്‍ വേണം. അത് ലൈഫ് ടൈം മെമ്പേഴ്‌സ് ആയിരിക്കണം.

അങ്ങനെ ഒപ്പിടാന്‍ ആരെയൊക്കെ ഞാന്‍ വിളിക്കുന്നോ അവരൊക്കെ ഇന്ന ആള്‍ വിളിച്ചിട്ടുണ്ടെന്ന് പറയും. ആരാണ് വിളിച്ചതെന്ന് ഞാന്‍ പറയുന്നില്ല.

മോഹന്‍ലാല്‍ തന്നെയാണ് ആവശ്യങ്ങള്‍ അറിയിക്കണമെന്ന് പറഞ്ഞത്, എന്ന്  പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് പറയുന്നില്ല എന്നും പറഞ്ഞു. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

അത് റെക്കോര്‍ഡ് ചെയ്തപ്പോള്‍ സംഭവിച്ച കുഴപ്പമാണ്. 2018ല്‍ നടന്ന കാര്യത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. മോഹന്‍ലാല്‍ എന്നെ വിളിച്ചുപറഞ്ഞ കാര്യമാണത്.

നമ്മുടെ അമ്മ സംഘടനയില്‍ ഒരു സുതാര്യതയില്ലായ്മയുണ്ട്. നിങ്ങളെപ്പോലുള്ള അറിവുള്ളവര്‍ ഇതേക്കുറിച്ച് പറഞ്ഞു തന്നാല്‍ നമ്മള്‍ അതിനുവേണ്ടിയുള്ള എല്ലാ നടപടികളും കൈക്കൊള്ളാം, എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഓഫീസില്‍ ചെന്ന് ചില രേഖകളും രജിസ്റ്ററും വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പല രേഖകളും തരാന്‍ അവര്‍ വിമുഖത കാണിച്ചു. എനിക്കതില്‍ കൂടുതല്‍ സംശയങ്ങളുണ്ടായി.

ഈ രേഖകളെല്ലാം രജിസ്ട്രാറുടെ കൈയ്യിലുണ്ട്. അവിടെ ചെന്ന് വിവരാവകാശരേഖ പ്രകാരം അപേക്ഷിച്ചാല്‍ എനിക്കെന്നല്ല ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ആര്‍ക്കാണെങ്കിലും അത് കിട്ടും.

1994 മുതല്‍ 2018 വരെയുള്ള എല്ലാ ഫയലുകളും എന്റെ കൈയ്യിലുണ്ട്. അത് വെച്ചാണ് എനിക്കറിയാവുന്ന കാര്യങ്ങള്‍ മോഹന്‍ലാലിന്റെയടുത്ത് റിപ്പോര്‍ട്ട് ചെയ്യാമെന്ന് പറഞ്ഞത്. ആ റിപ്പോര്‍ട്ടിന്മേല്‍ യാതൊരു വിധ നടപടിയുമുണ്ടായില്ല. അതാണ് ഞാന്‍ ഉദ്ദേശിച്ചത്. അദ്ദേഹത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി എന്നോട് ആവശ്യപ്പെട്ടതായാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്.

അമ്മ സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാലില്‍ വിശ്വാസമുണ്ടോ?

ഉണ്ടെന്നോ ഇല്ലെന്നോ തല്‍ക്കാലം പറയാന്‍ പറ്റുന്നില്ല. അതുപോലെയുള്ള എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാലല്ലേ പറയാന്‍ പറ്റൂ.

ഞാന്‍ ഒരു പ്രസിഡന്റായാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആളുകള്‍ക്ക് എന്നില്‍ വിശ്വാസമുണ്ടാകുന്നത്. ഒന്നും ചെയ്യാതെ ഒരു നിലപാടുമില്ലാതെയിരുന്നാല്‍ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടാകുമോ?

ഷമ്മിയെ വിളിച്ചാല്‍ കൃത്യമായി കാര്യങ്ങള്‍ പറയും എന്നൊരു വിശ്വാസമില്ലേ. അതുകൊണ്ടാണ് നിങ്ങള്‍ എന്നെ വിളിക്കുന്നത്. വ്യക്തിത്വം വ്യക്തമാകുന്ന നിലയിലുള്ള നിലപാടുകള്‍ കൃത്യമായി എടുക്കുമ്പോഴാണ് വിശ്വാസമുണ്ടാകുന്നത്.

നാം ഒരു ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അല്ലെങ്കില്‍ നമ്മെ ആശ്രയിച്ചു കഴിയുന്ന അംഗങ്ങള്‍ക്ക് വിശ്വാസമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ കടമയാണ്. ആ കടമയെയാണ് വിശ്വാസം എന്ന് പറയുന്നത്.

അങ്ങനെയെന്തെങ്കിലും കണ്ടാലല്ലേ വിശ്വസമുണ്ടെന്ന് പറയാന്‍ പറ്റൂ. അതുകൊണ്ടാണ് ഉണ്ടെന്നും ഇല്ലെന്നും പറയാത്തത്. ചിലര്‍ക്കത് ഇഷ്ടപ്പെടും ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. എനിക്ക് ഇഷ്ടപ്പെടണമെന്ന് ഞാന്‍ ശഠിക്കേണ്ട കാര്യമില്ല. പക്ഷേ അദ്ദേഹം ഒരു സ്ഥാനത്തിരിക്കുമ്പോള്‍ ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്.

അമ്മയുടെ നേതൃസ്ഥാനങ്ങളിലേക്ക് ചിലര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചില സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. വിധേയപ്പെട്ട് നില്‍ക്കുന്നവരാണോ ഇപ്പോള്‍ പുതിയ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും മത്സരിക്കുന്നവരും?

അത് ഡിസംബര്‍ ഒമ്പതാം തിയതി മനസിലാവും. അന്നാണ് നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തിയതി.

ഒന്നോ രണ്ടോ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയ സ്ഥാനങ്ങളിലേക്ക്. ബാക്കി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു.

ഞാന്‍ മത്സരിക്കാന്‍ സാധ്യതയുണ്ടായിരുന്ന സ്ഥാനങ്ങളാണ് ഇതൊക്കെ. ഞാനില്ലാത്തത് കൊണ്ട് ഇനി മത്സരത്തിന് സാധ്യതയില്ല. അതേസമയം ഇലക്ഷന്‍ നടന്നാല്‍ അവരൊക്കെ സദുദ്ദേശത്തോടുകൂടി നോമിനേഷന്‍ കൊടുത്തതാണെന്ന് തിരുത്തിപ്പറയാന്‍ ഞാന്‍ തയ്യാറാണ്.

അമ്മ ജനാധിപത്യപരമായല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ മറ്റ് അംഗങ്ങള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്?

എനിക്കതിന് മറുപടി പറയാന്‍ പറ്റില്ല. എങ്കിലും ഗണേഷ് കുമാറൊക്കെ പറഞ്ഞിട്ടുള്ളത് പോലെ അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് ചില അംഗങ്ങള്‍.

അതുകൊണ്ടായിരിക്കാം, എനിക്കങ്ങനെ ഒരഭിപ്രായമില്ല. ഞാനങ്ങനെയുള്ള ഒരാളല്ല. എനിക്ക് വിളിക്കാന്‍ ഒരപ്പനുണ്ട്. കൂടുതല്‍ ആധികാരികമായി എനിക്കൊന്നും പറയാന്‍ പറ്റില്ലല്ലോ. അവരുടെ താല്‍പര്യങ്ങളും സാഹചര്യങ്ങളും വെച്ച് നോക്കുമ്പോള്‍ ഇങ്ങനെയായിരിക്കാം, എന്നേ എനിക്ക് പറയാനാകൂ.

അമ്മയില്‍ മാഫിയ സംഘങ്ങളുണ്ട് എന്ന് പറഞ്ഞല്ലോ? ഏതൊക്കെയാണ് ഈ മാഫിയ സംഘങ്ങള്‍?

അത് സര്‍ക്കാരിനോടാണ് ചോദിക്കേണ്ടത്. കാരണം ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കൃത്യമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈയ്യില്‍ കൊടുത്തിട്ടുണ്ട്. 15 അംഗങ്ങളുടെ പേര് അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവര്‍ക്കെതിരായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുമുണ്ട്. സ്ത്രീപീഡനം വരെയാണ് അതിനകത്ത് പറഞ്ഞിരിക്കുന്നത്. അതില്‍ സംവിധായകരും നടന്മാരുമുണ്ട്. നിങ്ങളെന്തുകൊണ്ടാണ് സര്‍ക്കാരിനോട് ചോദിക്കാത്തത്. എത്രയോ ലക്ഷം മുടക്കിയാണ് ഒരു കമ്മീഷനെ വെക്കുന്നത്.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ ഈ പ്രശ്‌നം തീരില്ലേ. പക്ഷേ അത് പുറത്ത് വന്നിട്ടില്ല. അവര് തന്നെയാണ് ഈ മാഫിയ. തെളിവ് സഹിതമാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. അതിന്റെ പൂര്‍ണരൂപം എന്റെ കൈയിലുമില്ല.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31ന് മുഖ്യമന്ത്രിയ്ക്ക് കൈമാറുന്നു

പക്ഷേ ചില പ്രസക്തഭാഗങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ട് വന്നിരുന്നു. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ തീര്‍ച്ചയായും റിപ്പോര്‍ട്ട് പുറത്ത് വരും. നിയമസഭയിലൊക്കെ വെച്ചാല്‍ പബ്ലിക് സ്റ്റേറ്റ്‌മെന്റായി. അത് പുറത്തുവിട്ടാല്‍ പ്രശ്‌നം തീര്‍ന്നില്ലേ. എനിക്കറിയില്ല അവര്‍ ആരൊക്കെയാണെന്ന്.

സര്‍ക്കാരിനെ വരെ സ്വാധീനിക്കാന്‍ ശേഷിയുള്ളതാണ് ഈ മാഫിയ സംഘം എന്നാണോ പറഞ്ഞുവരുന്നത്?

അങ്ങനേയും ചിന്തിക്കേണ്ടി വരും. എത്രയോ ലക്ഷം മുടക്കി തയാറാക്കിയ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അത് ഒരു പക്ഷേ സ്വാധീനം കൊണ്ടാവാനുള്ള സാധ്യതയില്ലേ. എനിക്ക് അറിയില്ല.

അമ്മ സംഘടനയിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. താങ്കളുടെ നോമിനേഷന്‍ തള്ളി. ഇനി അമ്മയോടുള്ള രീതി എങ്ങനെയായിരിക്കും? സംഘടനയില്‍ തുടരുമോ?

എനിക്കൊരു അച്ഛനേയുള്ളൂ. എന്നെ പുറത്താക്കുന്നത് വരെ അമ്മയില്‍ തുടരും. എന്റെ താല്‍പര്യത്തോടെ പുറത്ത് പോവില്ല. പുറത്താക്കുവാണെങ്കില്‍ ഞാന്‍ കേസൊന്നും കൊടുക്കില്ല. പുറത്താക്കിയാല്‍ രക്ഷപ്പെട്ടുവെന്നു വിചാരിക്കും അത്രതന്നെ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Interview with actor Shammi Thilakan

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more