പഴയ മലയാള ചിത്രങ്ങളിലെ ജോസ് പ്രകാശ്, ടി.ജി രവി കഥാപാത്രങ്ങളെയാണ് ഐവാനെ കുറിച്ച് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്: ജിനു ജോസഫ്
Malayalam Cinema
പഴയ മലയാള ചിത്രങ്ങളിലെ ജോസ് പ്രകാശ്, ടി.ജി രവി കഥാപാത്രങ്ങളെയാണ് ഐവാനെ കുറിച്ച് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്: ജിനു ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd December 2021, 12:07 pm

 

വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളസിനിമയില്‍ സ്ഥാനം ഉറപ്പിച്ച നടനാണ് ജിനു ജോസഫ്. ചെമ്പന്‍ വിനോദ് എഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നപ്പോള്‍ തന്നെ ജിനുവിന്റെ കഥാപാത്രം കൊസ്‌തേപ്പ് ചര്‍ച്ചയായിട്ടിട്ടുണ്ട്.

ഇതുവരെ ചെയ്തതില്‍ ഏറ്റവും ആസ്വദിച്ച, ഇഷ്ടപ്പെട്ട കഥാപാത്രം ഇയ്യോബിന്റെ പുസ്തകത്തിലെ ഐവാനാണെന്ന് പറയുകയാണ് ജിനു ജോസഫ്. മമ്മൂട്ടി ചിത്രമായ ബിഗ്ബിയിലൂടെ അഭിനയരംഗത്തേക്കെത്തി ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്ന ജിനു ഇയ്യോബിന്റെ പുസ്തകത്തിലെ ഐവാനിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. തന്റെ കരിയറില്‍ നിര്‍ണായക മാറ്റം സമ്മാനിച്ച ഐവാനെ കുറിച്ച് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിനു മനസ് തുറന്നത്.

‘ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം സിനിമയില്‍ ഇവിടെയും അവിടെയും മാത്രം വരുന്ന, ഒരിത്തിരി നേരം മാത്രം വന്നു പോകുന്ന തരത്തിലുള്ളതായിരുന്നു. പക്ഷെ, ഇയോബിന്റെ പുസ്തകത്തിലെ ഐവാന്‍ അങ്ങനെയല്ലായിരുന്നു. ഫഹദിന്റെയും ചെമ്പന്റെയും കഥാപാത്രങ്ങളുടെ സഹോദരനായി എത്തിയ ഐവാന്‍ സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെയുണ്ട്,’ ജിനു പറഞ്ഞു.

‘ഐവാനെ കുറിച്ച് കൂടുതല്‍ പറയുകയാണെങ്കില്‍, വളരെ വൃത്തികെട്ടവനാണ് അയാള്‍. എന്തും ചെയ്യാന്‍ തയ്യാറായ, ശരിക്കുമൊരു കൊള്ളക്കാരന്‍. പഴയ മലയാള ചിത്രങ്ങളിലെ ജോസ് പ്രകാശ്, ടി.ജി രവി കഥാപാത്രങ്ങളെയാണ് ഐവാനെ കുറിച്ച് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയെങ്കിലും അവര്‍ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ ഇവിടെ തന്നെയുണ്ട്. പിന്നീട് അതെടുത്ത് ധരിച്ചവരുടെയുള്ളില്‍ കൊള്ളക്കാരന്റെയും ജന്മിയുടെയും മനോഭാവങ്ങളായിരുന്നു നിറഞ്ഞിരുന്നത്. അതാണ് ഐവാനിലും കാണാന്‍ സാധിക്കുന്നത്,’ കൂട്ടിച്ചേര്‍ത്തു.

‘വളരെ സ്വാതന്ത്ര്യത്തില്‍ ചെയ്യാന്‍ സാധിച്ച കഥാപാത്രമായിരുന്നു അത്. രണ്ട് മാസത്തോളം വാഗമണ്ണിലായിരുന്നു സിനിമയുടെ മുഴുവന്‍ ക്രൂവുമുണ്ടായിരുന്നത്. ആ സമയം മുഴുവന്‍ ഇയോബിന്റെ പുസ്തകത്തിലായിരുന്നുവെന്ന് പറയാം. അങ്ങനെ വളരെ ഇന്‍വോള്‍വ്ഡായി ചെയ്യാന്‍ സാധിച്ച കഥാപാത്രമാണ് ഐവാന്‍,’ ജിനു പറഞ്ഞു.

ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ്, അഷിഖ് അബു, റീമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഭീമന്റെ വഴി നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദ്നി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിനോയ് ഫോര്‍ട്ടിനെ നായകനാക്കി തമാശ എന്ന ചിത്രത്തിന് ശേഷമാണ് അഷ്റഫ് ഹംസ ഭീമന്റെ വഴിയുമായെത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: interview-with-actor-jinu-joseph-bheemante-vazhi