| Wednesday, 1st December 2021, 8:09 pm

Interview | എന്‍. ആര്‍.ഐ കഥാപാത്രങ്ങളില്‍ നിന്നെങ്ങിനെ മോചനം കിട്ടി| ജിനു ജോസഫ്

അന്ന കീർത്തി ജോർജ്

ജിനുവിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇംഗ്ലീഷ് സംസാരിച്ച്, സ്‌റ്റൈലിഷ് ലുക്കില്‍ എത്തുന്ന ഹൈ പ്രൊഫൈല്‍ കഥാപാത്രങ്ങളാണ് ഓര്‍മ്മയിലെത്തുന്നത്. എന്നാല്‍ ഭീമന്റെ വഴിയുടെ ട്രെയ്‌ലര്‍ ഈ ഇമേജില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ കുറിച്ചുള്ള സൂചനകളാണ് തരുന്നത്. ഒരു മാറ്റം ആഗ്രഹിച്ച് ബോധപൂര്‍വ്വം നടത്തിയ ഒരു തെരഞ്ഞെടുപ്പാണോ ഈ കഥാപാത്രം? ഈ റോളുമായി സംവിധായകന്‍ അഷ്‌റഫ് ഹംസയും തിരക്കഥാകൃത്ത് ചെമ്പന്‍ വിനോദും സമീപിച്ചപ്പോള്‍ എന്തായിരുന്നു പ്രതികരണം ?

എപ്പോഴും ഹൈ പ്രൊഫൈല്‍ വിഭാഗത്തില്‍ പെടുന്ന സി.ഇ.ഒ/ എന്‍.ആര്‍.ഐ കഥാപാത്രങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് ചെയ്തുവെന്നേയുള്ളു. കുറെ നാളായി ആ ഇമേജ് ബ്രേക്ക് ചെയ്യണം എന്ന് വിചാരിക്കുന്നു. മറ്റു കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമോയെന്ന സംശയവും ഇടയ്‌ക്കെല്ലാം തോന്നിയിരുന്നു. അതെല്ലാം ഈ കഥാപാത്രത്തിലേക്ക് എത്തുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്.

ചെമ്പനും അഷ്‌റഫും കൂടി ഈ കഥാപാത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്ത സമയത്ത് എന്നെ കാസ്റ്റ് ചെയതാല്‍ എങ്ങനെയുണ്ടാകും എന്ന് ആലോചിക്കുകയും തുടര്‍ന്ന് എന്നെ വിളിക്കുകയുമായിരുന്നു. കഥയെയും കഥാപാത്രത്തെയും കുറിച്ച് എന്നോട് സംസാരിച്ചു. ഹൈ പ്രൊഫൈലില്‍ നിന്നും മാറി നാടന്‍ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് എനിക്ക് ആഗ്രഹവുമുണ്ടായിരുന്നു. അങ്ങനെ വളരെ സന്തോഷത്തോടെ ഭീമന്റെ വഴിയിലേക്കെത്തി.

കിട്ടുന്ന എന്ത് കഥാപാത്രവും ചെയ്യുക എന്നതാണ് എന്റെ രീതി. അങ്ങനെ തന്നെ വേണമെന്നാണ് ഞാന്‍ കരുതുന്നതും. തേടി വരുന്ന ഓരോ കഥാപാത്രത്തിനും വേണ്ടി എന്റെ നൂറ് ശതമാനവും നല്‍കാനാകണമെന്നും ഏറ്റവും മികച്ച രീതിയില്‍ ചെയ്യാനാകണമെന്നുമാണ് ഞാന്‍ ആലോചിക്കാറുള്ളത്.

എന്തുകൊണ്ടായിരിക്കും ഹൈ പ്രൊഫൈല്‍ കഥാപാത്രങ്ങള്‍ മാത്രം തുടര്‍ച്ചയായി തേടി വന്നിരുന്നത് എന്ന് സ്വയം ആലോചിച്ചിട്ടുണ്ടോ?

ഞാന്‍ കുറെ നാള്‍ പുറത്തു ജീവിച്ച, അത്യാവശ്യം യാത്രകള്‍ നടത്തിയിട്ടുള്ള ഒരാളാണ്. എന്നെ കുറിച്ചുള്ള ഇമേജും അത്തരത്തിലുള്ളതാണ്. അതാണ് അത്തരം ഹൈ പ്രൊഫൈല്‍ കഥാപാത്രങ്ങള്‍ തേടി വരാന്‍ കാരണമായതെന്ന് തോന്നുന്നു.

ഭീമന്റെ വഴിയിലെ ‘കൊസ്തേപ്പ്’ എന്ന കഥാപാത്രത്തിന്റെ പേര് തന്നെ വളരെ കൗതുകം ഉണ്ടാക്കുന്നതാണ്. ട്രെയ്ലറില്‍ നിറഞ്ഞു നില്‍ക്കുന്നതും ഈ കഥാപാത്രം തന്നെ. ട്രെയ്‌ലറിന് വരുന്ന പ്രതികരണങ്ങളില്‍ ‘കൊസ്തേപ്പ് ആയിരിക്കും സ്‌കോര്‍ ചെയ്യുക’ എന്ന കമന്റുകളും നിറയുന്നുണ്ട്. എന്താണ് കൊസ്‌തേപ്പിനെ കുറിച്ച് പറയാനുള്ളത്?

അത്യാവശ്യം കാശുള്ള ഒരു നാട്ടുമ്പുറത്തുകാരനാണ് കൊസ്‌തേപ്പ്. ഏത് പെണ്ണ് വഴിയിലൂടെ പോയാലും ‘എന്താ മോളേ’ എന്ന തരത്തിലുള്ള കമന്റുകള്‍ പറയുന്ന ഒരാള്‍. ഇങ്ങനെ വെറും വായ്‌നോക്കിയായ ഒരു ഊളന്‍ കഥാപാത്രമാണ് കൊസ്‌തേപ്പ്. അയാള്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല.

വീട്ടില്‍ കാശുള്ളതുകൊണ്ട് അയാള്‍ക്ക് പണിക്ക് പോകേണ്ട ആവശ്യവുമില്ല. നാട്ടുകാരെ എങ്ങനെ ശല്യപ്പെടുത്തും എന്നാണ് കൊസ്‌തേപ്പ് ഫുള്‍ ടൈം ആലോചിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരു ഗുണവുമില്ലാത്ത ഒരുത്തന്‍. ഇത്രയൊക്കെയാണ് കൊസ്‌തേപ്പിനെ കുറിച്ച് പറയാനുള്ളത്.

ഇതുവരെ ചെയ്തതില്‍ ഏറ്റവും ആസ്വദിച്ച, ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണ്?

ഇയ്യോബിന്റെ പുസ്തകത്തിലെ ഐവാന്‍.

ഐവാന്‍ ജിനു ചെയ്തതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. പ്രത്യേക സ്വഭാവ സവിശേഷതകളുള്ള നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രം. വര്‍ഷങ്ങള്‍ക്ക് ശേഷവും ആ കഥാപാത്രത്തെ ജനങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ട്. ഐവാനെയും ഇയോബിന്റെ പുസ്തകത്തെയും കുറിച്ചുള്ള ഓര്‍മ്മകളും അനുഭവങ്ങളും ?

ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം സിനിമയില്‍ ഇവിടെയും അവിടെയും മാത്രം വരുന്ന, ഒരിത്തിരി നേരം മാത്രം വന്നു പോകുന്ന തരത്തിലുള്ളതായിരുന്നു. പക്ഷെ, ഇയോബിന്റെ പുസ്തകത്തിലെ ഐവാന്‍ അങ്ങനെയല്ലായിരുന്നു. ഫഹദിന്റെയും ചെമ്പന്റെയും കഥാപാത്രങ്ങളുടെ സഹോദരനായി എത്തിയ ഐവാന്‍ സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെയുണ്ട്. അതുതന്നെയാണ് ആ കഥാപാത്രത്തെ കുറിച്ച് എനിക്ക് ആദ്യം പറയാനുള്ളത്.

ഐവാനെ കുറിച്ച് കൂടുതല്‍ പറയുകയാണെങ്കില്‍, വളരെ വൃത്തികെട്ടവനാണ് അയാള്‍. എന്തും ചെയ്യാന്‍ തയ്യാറായ, ശരിക്കുമൊരു കൊള്ളക്കാരന്‍. പഴയ മലയാള ചിത്രങ്ങളിലെ ജോസ് പ്രകാശ്, ടി.ജി രവി കഥാപാത്രങ്ങളെയാണ് ഐവാനെ കുറിച്ച് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്.

ഇയോബിന്‍റെ പുസ്തകത്തിലെ ഐവാന്‍

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയെങ്കിലും അവര്‍ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ ഇവിടെ തന്നെയുണ്ട്. പിന്നീട് അതെടുത്ത് ധരിച്ചവരുടെയുള്ളില്‍ കൊള്ളക്കാരന്റെയും ജന്മിയുടെയും മനോഭാവങ്ങളായിരുന്നു നിറഞ്ഞിരുന്നത്. അതാണ് ഐവാനിലും കാണാന്‍ സാധിക്കുന്നത്.

വളരെ സ്വാതന്ത്ര്യത്തില്‍ ചെയ്യാന്‍ സാധിച്ച കഥാപാത്രമായിരുന്നു അത്. രണ്ട് മാസത്തോളം വാഗമണ്ണിലായിരുന്നു സിനിമയുടെ മുഴുവന്‍ ക്രൂവുമുണ്ടായിരുന്നത്. ആ സമയം മുഴുവന്‍ ഇയോബിന്റെ പുസ്തകത്തിലായിരുന്നുവെന്ന് പറയാം. അങ്ങനെ വളരെ ഇന്‍വോള്‍വ്ഡായി ചെയ്യാന്‍ സാധിച്ച കഥാപാത്രമാണ് ഐവാന്‍.

താങ്കള്‍ പറഞ്ഞതുപോലെ, വളരെ കുറച്ച് സമയം മാത്രം സിനിമയിലുണ്ടാകുന്ന കഥപാത്രങ്ങളാണ് ജിനു ചെയ്തതില്‍ അധികവും. എന്നാല്‍ ഇതില്‍ ഒട്ടുമിക്ക കഥാപാത്രങ്ങളും കഥാഗതിയിലെ നിര്‍ണായക സ്ഥാനം കൊണ്ടും ജിനുവിന്റെ സ്‌ക്രീന്‍ പ്രെസന്‍സും കൊണ്ടും പ്രേക്ഷക മനസില്‍ ഇടം നേടാറുണ്ട്. സി.ഐ.എയിലെ സിറിളും, കേരള കഫേയിലെ അച്ഛനും നോര്‍ത്ത് 24 കാതത്തിലെ മാനേജരുമെല്ലാം ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. കഥാപാത്ര തെരഞ്ഞെടുപ്പില്‍ ഈ ഘടകങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

ഒരിക്കലുമില്ല. എനിക്ക് ലഭിക്കുന്ന റോളുകള്‍ ഏറ്റവും നല്ല രീതിയില്‍ ചെയ്യുക എന്നത് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. അതിന് മാത്രമേ ശ്രമിച്ചിട്ടുള്ളു. ഇതുവരെ ചെയ്ത സിനിമകളിലെല്ലാം ഒപ്പമുണ്ടായിരുന്നത് വളരെ വലിയ അഭിനേതാക്കളായിരുന്നു. അവരുടെ എനര്‍ജിക്കൊപ്പം നിന്നുകൊണ്ട് ഏറ്റവും നല്ല രീതിയില്‍ ചെയ്യാനേ നോക്കിയിട്ടുള്ളു. പ്രധാന കഥാപാത്രങ്ങളേക്കാള്‍ മുന്നിട്ടു നില്‍ക്കണമെന്നോ അവരെ ഓവര്‍ ഷാഡോ ചെയ്യണമെന്നോ ഒരിക്കലും കരുതാറില്ല.

അഞ്ചാം പാതിരയിലെ എ.സി.പി അനില്‍ മാധവന്‍

പല അഭിനേതാക്കളും അവര്‍ക്ക് വര്‍ക്ക് ചെയ്യാന്‍ ഏറ്റവും കംഫര്‍ട്ടബിളായ പിന്നണി പ്രവര്‍ത്തകരുടെ ടീമിനെ കുറിച്ച് പറയാറുണ്ട്. ജിനുവിന് അത്തരത്തില്‍ പ്രിയപ്പെട്ട ടീമുകളേതെങ്കിലുമുണ്ടോ?

അങ്ങനെ പ്രത്യേകമായി ഏതെങ്കിലും ഒരു ടീമോ ക്രൂവോ പറയാനില്ല. ഞാന്‍ ചെയ്ത സിനിമകളിലെല്ലാം ഒപ്പമുണ്ടായിരുന്നത് സമപ്രായക്കാരായിരുന്നു. സംവിധായകരായാലും എഴുത്തുകാരായാലുമെല്ലാം. അതുകൊണ്ട് തന്നെ നല്ല സ്വാതന്ത്ര്യത്തില്‍ കംഫര്‍ട്ടബിളായിട്ടാണ് എല്ലാ സിനിമകളും ചെയ്തത്. എവിടെ ചെന്നും, ആരുടെ സെറ്റിലും അഭിനയിക്കാന്‍ സാധിക്കണമെന്നാണ് ആഗ്രഹവും.

ബയോപിക്കുകളുടെ കാലമാണല്ലോ ഇത്. ഏതെങ്കിലും പ്രമുഖ വ്യക്തിത്വങ്ങളെയോ ജീവിതത്തില്‍ കണ്ടുമുട്ടിയവരെയോ സ്‌ക്രീനില്‍ അഭിനയിച്ചു പ്രതിഫലിപ്പിക്കണം എന്ന് ആഗ്രഹം തോന്നിയിട്ടുണ്ടോ?

ജീവിതത്തില്‍ കണ്ടുമുട്ടിയ ആളുകളുടെ ചില മാനറിസങ്ങളും സവിശേഷതകളുമൊക്കെ അതിനു ചേരുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ വരുമ്പോള്‍ ഉപയോഗിക്കാറുണ്ട്. ഇത് ബോധപൂര്‍വ്വമോ അല്ലതെയോ സംഭവിക്കുന്നതാണ്.

ഏതെങ്കിലും ബയോപിക്കിലെ കഥാപാത്രമാകാന്‍ വിളിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ആ വ്യക്തിയെ കുറിച്ച് പഠിച്ചും മനസിലാക്കിയും ചെയ്യും. പക്ഷെ ഇതുവരെ അങ്ങനെ വന്നിട്ടില്ല. വരുമ്പോള്‍ നോക്കണം.

ഭീമന്റെ വഴി എന്ന ചിത്രത്തെ കുറിച്ചുള്ള ജിനുവിന്റെ പ്രതീക്ഷകള്‍ എന്തെല്ലാമാണ്? പ്രേക്ഷകരോട് എന്താണ് പറയാനുള്ളത് ?

ഒരു ഹാപ്പി ഫീല്‍ ഗുഡ് ചിത്രം പ്രതീക്ഷിച്ച് തിയേറ്ററിലെത്തിയാല്‍ അത് നിങ്ങള്‍ക്ക് ഭീമന്റെ വഴിയിലൂടെ ലഭിക്കുമെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പ് നല്‍കാന്‍ പറ്റും. കൊവിഡും അതുമായി ബന്ധപ്പെട്ട മറ്റു സമ്മര്‍ദങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഈ സമയത്ത് നിങ്ങള്‍ക്ക് തീര്‍ച്ചയായും കണ്ടിരിക്കാന്‍ പറ്റുന്ന ചിത്രമായിരിക്കും ഇത്. വരൂ, കാണൂ, ആസ്വദിക്കൂ എന്നാണ് പ്രേക്ഷകരോടെല്ലാം പറയാനുള്ളത്.

പുതിയ പ്രോജക്ടുകള്‍?

ഭീമന്റെ വഴി ഡിസംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തും. അമല്‍ നീരദ് – മമ്മൂക്ക ടീമിന്റെ ഭീഷ്മപര്‍വ്വമാണ് അടുത്ത ചിത്രം. സൗബിനും ഭാസിയുമെല്ലാം ചിത്രത്തിലുണ്ട്. ജോണി എബ്രഹാം പ്രൊഡക്ഷന്‍സ് ചെയ്യുന്ന മൈക്ക് എന്ന ചിത്രത്തിലുമുണ്ട്. അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ്. അതില്‍ ഗസ്റ്റ് റോളാണ്.

ഭീമന്റെ വഴിയിലെ കൊസ്തേപ്പ്

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഭീഷ്മ പര്‍വ്വത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും എന്തെങ്കിലും പറയാനാവുമോ?

മമ്മൂട്ടിയുടെ സഹോദരനായിട്ടാണ് ഞാന്‍ സിനിമയിലെത്തുന്നത്. അത്രമാത്രമേ ഇപ്പോള്‍ പറയാന്‍ പറ്റുള്ളു. കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ എനിക്ക് നല്ല ഇടികൊള്ളേണ്ടി വരും.

സിനിമയുടെ ടീം പുറത്തുവിടുന്ന വിവരങ്ങളെ ഞങ്ങളും പറയാറുള്ളു. അല്ലാതെ കഥാപാത്രത്തെ കുറിച്ചോ മറ്റു കാര്യങ്ങളെ കുറിച്ചോ ഈ ഘട്ടത്തില്‍ സംസാരിക്കുന്നില്ല.

വ്യത്യസ്തമായ റോളുകളിലേക്ക് കടന്നിരിക്കുകയാണ്. 2007 മുതല്‍ 2021 വരെയുള്ള കരിയറില്‍ ഇന്ന് എത്തി നില്‍ക്കുന്ന ഘട്ടത്തെ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത് ?

എക്‌സൈറ്റിങ്ങാണ്. സ്ഥിരം റോളുകളില്‍ നിന്നും മാറി നില്‍ക്കുന്ന വേഷങ്ങള്‍ ചെയ്യാനും ആളുകള്‍ വിളിക്കുന്നു എന്നതില്‍ ഏറെ സന്തോഷമുണ്ട്. മുന്നോട്ടും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം. പറ്റുമായിരിക്കും എന്ന് കരുതുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Interview with Actor Jinu Joseph|Bheemante Vazhi

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more