| Thursday, 22nd February 2018, 2:56 pm

ഞാന്‍ ഒരു പ്ലസ്ടു വിദ്യാര്‍ത്ഥി മാത്രം; അര്‍ച്ചനയുടേയും അതുലിന്റെയും ജീവിതം തിരിച്ചുപിടിക്കാന്‍ സഹായിച്ച അഭിജിത്ത് സംസാരിക്കുന്നു

ആര്യ. പി

പാലക്കാട് പാടൂര്‍ എ എല്‍ പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അര്‍ച്ചനയേയും സഹോദരന്‍ അതുലിനേയും അറിയാത്തവര്‍ ചുരുക്കുമായിരിക്കും. വ്യത്യസ്ത അപകടങ്ങളില്‍ അച്ഛനും അമ്മയും നഷ്ടമായ കുരുന്നുകള്‍. ഫേസ്ബുക്കിലെ സുമനസുകളുടെ സഹായത്തോടെ, വൃക്ക രോഗ ചികിത്സ തുടരുന്നതിനിടെയായിരുന്നു അര്‍ച്ചനയ്ക്ക് അമ്മ സുനിതയെ കൂടി നഷ്ടമാകുന്നത്. അര്‍ച്ചനയുടെ ജീവിതം ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തെത്തിച്ചത് ഓണ്‍ലൈന്‍ ലോകത്ത് അതിനകം ശ്രദ്ധേയനായ, അഭിജിത്ത് കെ.എ എന്ന വിദ്യാര്‍ത്ഥിയായിരുന്നു.

വിനോദ യാത്രയ്ക്ക് പോയ മകളെ യാത്രയാക്കി മടങ്ങുമ്പോള്‍ ബൈക്കിടിച്ചായിരുന്നു അര്‍ച്ചനയുടെ അമ്മയുടെ മരണം. അച്ഛന്‍ ഷോക്കേറ്റ് മരിച്ച് അഞ്ചാം വര്‍ഷമാണ് അര്‍ച്ചന എന്ന അഞ്ചാം ക്ലാസുകാരിയും ആറില്‍ പഠിക്കുന്ന സഹോദരനും അനാഥരായത്. ചികില്‍സയ്ക്കിടെ, പണ്ടെടുത്ത ബാങ്ക് വായ്പാ തുക അടച്ചുതീര്‍ക്കാന്‍ കഴിയാതെ, ജപ്തി ഭീഷണിയിലായ സുനിതയുടെ കുടുംബത്തെ കരകയറ്റിയതും ഓണ്‍ലൈന്‍ ലോകത്തുനിന്നൊഴുകിയ സഹായമായിരുന്നു. ഇതിന് മുന്‍കൈ എടുത്തതും ഇവരുടെ നാട്ടുകാരനായ അഭിജിത്ത് തന്നെയായിരുന്നു. അര്‍ച്ചനയുടേയും അതുലിന്റേയും വിഷയം ചൂണ്ടിക്കാട്ടി അഭിജിത്ത് മന്ത്രി എ.കെ ബാലന് കത്തയക്കുകയും തുടര്‍ന്ന് വിഷയത്തിലിടപെട്ട മന്ത്രി എ.കെ ഇവര്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് നേരിട്ടെത്തി ഉറപ്പുനല്‍കുകയും ചെയ്തു.

ഇതാണ് അഭിജിത്ത് കെ.എ,.. വിക്കിപീഡിയയിലെ ലേഖനങ്ങളിലൂടെയും വരകളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും കഥകളിലൂടെ കവിതകളിലൂടെയും ഏവരേയും അതിശയപ്പിച്ച വിദ്യാര്‍ത്ഥി. കഥകളെകുറിച്ചും കവിതകളെ കുറിച്ചും വിക്കിപീഡിയയിലെ ഇടപെടലുകളെ
കുറിച്ചും കെ.എ അഭിജിത്ത് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

എങ്ങനെയാണ് അഭിജിത്ത് അര്‍ച്ചനയുടേയും അതുലിന്റേയും വിഷയത്തില്‍ ഇടപെടുന്നത്?

പാടൂര്‍ എ എല്‍ പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു അര്‍ച്ചന. സഹോദരന്‍ അതുല്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കാവശ്ശേരി പാടൂര്‍ കുണ്ടുതൊടി ശിവദാസന്‍ എന്നയാളുടെ മകളാണ് അര്‍ച്ചന. അഞ്ചു വര്‍ഷം മുമ്പ് ഫര്‍ണീച്ചര്‍ പണിക്കിടെ വീട്ടിനുള്ളില്‍ ഷോക്കേറ്റാണ് അര്‍ച്ചനയുടെ അച്ഛന്‍ മരിക്കുന്നത്. പിന്നീട് കുടുംബത്തിന് ആശ്രയമായിരുന്ന, അദ്ദേഹത്തിന്റെ സഹോദരനും മരിച്ചു. തൊട്ടുപിന്നാലെ ഇവരുടെ അച്ഛമ്മയുടെ മരണവും സംഭവിച്ചു. തീര്‍ത്തും അനാഥരായിരുന്നു അവര്‍. അര്‍ച്ചനയുടെ അമ്മ ഹോട്ടലില്‍ ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തിക്കൊണ്ടിരുന്നത്.

രണ്ടു വര്‍ഷം മുമ്പാണ് അര്‍ച്ചനയ്ക്ക് മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന നെഫോട്ട്രിക് സിന്‍ട്രോം എന്ന വൃക്കരോഗം വരുന്നത്. എല്ലാ മാസവും ചികിത്സയ്ക്കായി ആശുപത്രിയില്‍ പാവണം. അതിനിടയ്ക്കാണ് വീട് ജപ്തി ചെയ്യാനായി ബാങ്ക് വരുന്നത്. ഇവരുടെ കുടുംബം അര്‍ച്ചനയുടെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്താന്‍ വലയുകയായിരുന്നു.അന്ന് ഈ വിഷയത്തില്‍ ഇടപെടണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഫേസ്ബുക്കിലൂടെയും മറ്റും ഇക്കാര്യം പങ്കുവെക്കുന്നത്.

അര്‍ച്ചനയ്‌ക്കൊപ്പം അഭിജിത്ത്

ഒരു കുഞ്ഞു സഹായം തരുമോ കുന്നോളം സ്വപ്നങ്ങള്‍ പൂക്കാന്‍ എന്നായിരുന്നു അഭിജിത്തിന്റെ ആ പോസ്റ്റ്. ആ പോസ്റ്റിന് ലഭിച്ച പ്രതികരണം എങ്ങനെയായിരുന്നു?

ആ പോസ്റ്റിന് മികച്ച പ്രതികരണമുണ്ടായി. കുറിപ്പ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. എന്നെ അറിയുന്നവരും അല്ലാത്തവരുമായ ഒരുപാടാളുകള്‍ അര്‍ച്ചനയെ സഹായിക്കാന്‍ മുന്നോട്ടുവന്നു. അര്‍ച്ചന പഠിക്കുന്ന പാടൂര്‍ എ.എല്‍.പി സ്‌ക്കൂള്‍ അധികൃതരുടെ മുന്‍കൈയില്‍ അവള്‍ക്കുള്ള അക്കൗണ്ട് ആരംഭിച്ചു. അങ്ങനെ ലഭിച്ച തുകയിലൂടെ ജപ്തിയൊക്കെ മാറ്റാന്‍ സാധിച്ചു. അര്‍ച്ചനയുടെ ചികിത്സയ്ക്കും ഭാവിക്കും വേണ്ടി ചെറിയൊരു തുക ബാങ്കിലിട്ടു. അന്ന് മൂന്നാം ക്ലാസുകാരിയായിരുന്നു അര്‍ച്ചന.

അര്‍ച്ചനയുടെ അമ്മയുടെ മരണം ആ കുടുംബത്തെ ഉലച്ചുകളയുന്നതായിരുന്നല്ലോ, അതിന് ശേഷമാണോ അഭിജിത്ത് വീണ്ടും അവര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമായത്?

കുറച്ചുദിവസം മുന്‍പാണ് അര്‍ച്ചനയുടെ അമ്മ ഒരു വാഹനാപകടത്തില്‍ മരിക്കുന്നത്. സ്‌കൂളില്‍ നിന്നും വിനോദ യാത്രയ്ക്ക് പോയ അര്‍ച്ചനയെ യാത്രയാക്കി മടങ്ങുമ്പോള്‍ ബൈക്കിടിച്ചായിരുന്നു അമ്മയുടെ മരണം. ഇപ്പോള്‍ അവര്‍ അമ്മാവന്റെ വീട്ടിലാണ് കഴിയുന്നത്. അദ്ദേഹം ഓട്ടോ തൊഴിലാളിയാണ്. അവര്‍ക്ക് രണ്ട് മക്കളുണ്ട്. അവര്‍ക്കൊപ്പം തന്നെ ഇവരുടെ കാര്യം കൂടി നോക്കണം. അതുകൊണ്ട് അര്‍ച്ചനയുടേയും അതുലിന്റേയും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി ഓരോ ആളുകളില്‍ നിന്നും അഞ്ഞൂറ് രൂപ വെച്ച് ഓരോ മാസവും വാങ്ങിക്കാനും അത്തരത്തിലുള്ള പത്ത് പേരെയെങ്കിലും കണ്ടെത്താനുള്ള ശ്രമവുമായിരുന്നു നടത്തിയത്. അതില്‍ ഓരോ വര്‍ഷം കഴിയുന്തോറും പത്ത് ശതമാനം വര്‍ദ്ധനവും. അങ്ങനെ പതിനെട്ട് വയസ്സ് വരെ പണം നിക്ഷേപിക്കാനായിരുന്നു തീരുമാനം. അത് വലിയ തോതില്‍ വിജയം കണ്ടുവെന്നാണ് കരുതന്നത്.

അഭിജിത്ത് കുടുംബത്തോടൊപ്പം

വിഷയത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായല്ലോ?

അതെ. അര്‍ച്ചനയ്ക്കും അതുലിനും വേണ്ടി ഇവിടുത്തെ എം.എല്‍.എയും മന്ത്രിയുമായ എ.കെ ബാലന് കത്തയച്ചിരുന്നു. അദ്ദേഹം അതിന് മറുപടി തരികയും അര്‍ച്ചനയേയും അതുലിനേയും വന്ന് കാണുകുയം ചെയ്തു. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് പഠന സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. ആറാം ക്ലാസില്‍ പഠിക്കുന്ന അതുലിനെ അടുത്ത വര്‍ഷം മുതല്‍ പെരിങ്ങോട്ടുകുറിശി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സര്‍ക്കാര്‍സംരക്ഷണത്തോടെ പഠിപ്പിക്കും. അതുപോലെ അര്‍ച്ചനയുടെ ചികിത്സയ്ക്ക് ആവശ്യമായ അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.

ചെറിയ പ്രായത്തില്‍ അതും വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ഇത്തരത്തിലുള്ള വിഷയങ്ങളില്‍ ഇടപെടാനും പാവപ്പെട്ടവരെ സഹായിക്കാനുമുള്ള ഒരു മനസ് താങ്കള്‍ കാണിക്കുന്നു. അതിനെ കുറിച്ച്?

എല്ലാവരും നമ്മുടെ സ്വന്തക്കാരാണ്. നമുക്കൊപ്പം വളരേണ്ടവരാണ്. അവര്‍ക്കും നമ്മെപ്പോലുള്ള ആഗ്രഹങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ അവരെ സഹായിക്കണമെന്ന തോന്നല്‍ മനസിലുണ്ടായി.പിന്നെ അത് ഒരു താത്പര്യമാണ്.

എത്രാമത്തെ വയസിലായിരുന്നു അഭിജിത്ത് കഥകളും കവിതകളും ബ്ലോഗെഴുത്തും ആരംഭിക്കുന്നത് ?

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ബ്ലോഗ് എഴുതിത്തുടങ്ങുന്നത്. അച്ഛന്‍ കമ്പ്യൂട്ടര്‍ ഏട്ടന് വാങ്ങിയിരുന്നു, അത്കൊണ്ടുതന്നെ അത് പഠിക്കാനുള്ള ആഗ്രഹമായിരുന്നു. അങ്ങനെയാണ് ബ്ലോഗെഴുത്തിലും മറ്റും എത്തപ്പെടുന്നത്. എനിക്ക് ചിത്രം വരയ്ക്കാന്‍ വലിയ ഇഷ്ടമായിരുന്നു. ആ വരച്ച ചിത്രങ്ങളൊക്കെ ബ്ലോഗില്‍ കൊടുക്കാറുണ്ടായിരുന്നു. പിന്നെയാണ് കഥയും കവിതയും എല്ലാം വന്നത്.

താങ്കള്‍ ശബ്ദതാരാവലിയുടെ ഡിജിറ്റലൈസേഷന്‍ ചെയ്തിരുന്നല്ലോ, അതിനെ കുറിച്ച് പറയാമോ?

ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ സ്‌കൂളിലെ ഐ.ടി അധ്യാപകനായ പത്മകുമാര്‍ മാഷാണ്
എന്നെ മലയാളം ടൈപ്പിങ് പഠിപ്പിക്കുന്നത്. സ്‌കൂളില്‍ നിന്നും മലയാളം ടൈപ്പിങ് അറിയുന്ന ആളെ വേണമെന്ന് മറ്റൊരു അധ്യാപകന്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് എന്നെ നിര്‍ദേശിക്കുന്നത്. അതാണ് ശബ്ദദാരാവലിയിലേക്കുള്ള തുടക്കം. ഒന്നോ രണ്ടോ പേജ് അവര്‍ അയച്ചുതരികയും അതില്‍ ഓരോ വാക്കും അര്‍ത്ഥവും മെല്ലെ മെല്ലെ ടൈപ്പ് ചെയ്ത് കൊടുക്കുമായിരുന്നു. അന്ന് വളരെ സാവധാനത്തിലാണ് ചെയ്തത്. പഠിച്ചുവരുന്നേയുണ്ടായിരുന്നുള്ളൂ. ശബ്ദതാരാവലിയെ ഡിജിറ്റലൈസ് ചെയ്യാന്‍ വേണ്ടി നമ്മള്‍ വാക്കുകള്‍ ടൈപ്പ് ചെയ്തു കയറ്റി.  ശബ്ദതാരാവലി പ്രസിദ്ധീകരിച്ചിട്ടില്ല, പക്ഷെ ഡിജിറ്റല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി.

ഹൃസ്വചിത്രങ്ങളുടെ സംവിധാനത്തെ കുറിച്ച് ?

അന്ന് അനിമേഷന്‍ പഠിക്കാനായി  ഐ.ടി.@സ്ക്കൂള്‍ നടത്തിയ അനിമേഷന്‍ വര്‍ഷ്‌ഷോപ്പിനൊക്കെ
പോയിരുന്നു. അനിമേഷന്‍ പഠിച്ച് ചില ഷോട്ട് ഫിലിമുകളൊക്കെ ഉണ്ടാക്കിയാലോ എന്നൊരു തോന്നലുണ്ടായി. അങ്ങനെ കൂട്ടുകാരെ വെച്ച് ഫോണില്‍ വീഡിയോ എടുത്ത് ശബ്ദമൊക്കെ ചേര്‍ത്താണ് ഷോട്ട് ഫിലിംസ് ഉണ്ടാക്കിയത്. ഒരു തമാശയ്ക്കായാണ് ഇതൊക്കെ ചെയ്തത്. അഞ്ചോളം ഹൃസ്വചിത്രങ്ങള്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്.  പത്താം ക്ലാസ്സിന് മുമ്പാണ് സിനിമയൊക്കെ എടുത്തത്, ഏഴിലും എട്ടിലുമൊക്ക്, അന്നൊക്കെ ധാരാളം സമയം പഠിക്കല്‍ കഴിഞ്ഞ് ഉണ്ടായിരുന്നു.അങ്ങനെ ചെയ്തതാണ്.

വിശ്വപ്രഭയ്ക്കും മുരളി തുമ്മാരുകുടിക്കുമൊപ്പം അഭിജിത്ത്

പ്രമുഖരുടെ പ്രഭാഷണങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുന്നുണ്ടല്ലോ അതിനെ കുറിച്ച് ?

ടെഡ് ടോക്സ് വഴി ചില പ്രഭാഷണങ്ങള്‍ മലയാളത്തിലേക്ക് സബ്ടൈറ്റില്‍ ചെയ്യുകയായിരുന്നു. അമര ഡോട്ട്. ഓര്‍ഗ് വഴി ടെഡ് ടോക്സിന്റെ യൂട്യൂമ്പ് ലിങ്കില്‍ എത്തും. അതില്‍ കൊടുത്തു കഴിഞ്ഞാല്‍ ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഒരു ഭാഗത്തും മലയാളം സബ് ടൈറ്റില്‍ കൊടുക്കാന്‍ മറുവശത്തും സ്‌പേസ് ഉണ്ടാകും. വീഡിയോയുടെ ലെങ്ത് അനുസരിച്ച് ഇത് കൂടിക്കൂടി വരുമായിരുന്നു. ഏറ്റവും വലുതായി ചെയ്തത് റാന്റി പോഷിന്റെ അന്ത്യപ്രഭാഷണം എന്ന് പറഞ്ഞിട്ട് ടെഡ് ടോക്സ് ആയിരുന്നു. .റാന്‍ഡി പോഷ്  ഇപ്പോഴത്തെ സോഫ്റ്റ്വെയറുകള്‍ നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിച്ചിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന് വയറില്‍ ട്യൂമറായിരുന്നു. ഒന്നോ രണ്ടോ മാസം മാത്രമേ ജീവനോടെ ഉണ്ടാകുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ തന്റെ മക്കള്‍ക്കും കുടുംബത്തിന് വേണ്ടിയിട്ട്, താന്‍ എങ്ങനെയായിരുന്നു എന്ന് കാണിച്ചുകൊടുക്കാന്‍ വേണ്ടി അവസാനത്തെ ഒരു പ്രഭാഷണം നടത്തുകയായിരുന്നു. അത് റെലവന്റ് ആയി തോന്നി. രണ്ട് മണിക്കൂറുണ്ടായിരുന്നു ആ പ്രഭാഷണം.

അഭിജിത്തിന്റെ ആദ്യപുസ്തകം “പട്ടം” ആണല്ലോ? അത് എഴുതാനുണ്ടായ സാഹചര്യം?

ഒമ്പതാം ക്ലാസ്സിലെ ഓണം വെക്കേഷന്‍ സമയമായിരുന്നു. അന്ന് ഞാനും ഏട്ടനും കൂടി ഒരുപട്ടമുണ്ടാക്കി ഇവിടെ അടുത്തുള്ള മലയുടെ മുകളില്‍പോയി പട്ടം പറപ്പിച്ചിട്ടുണ്ടായിരുന്നു. ആദ്യമായിട്ടായിരുന്നു അത്രയും ഉയരത്തിലേക്ക് ഒരു പട്ടം പറത്തിക്കുന്നത്. അന്ന് അത് വളരെ രസകരമായി തോന്നി. അന്നത്തെ ആ അനുഭവങ്ങള്‍ ഒരു കഥാരൂപത്തില്‍ ആക്കി പരിഷത്തിനും യൂറിക്കയ്ക്കും അയച്ചുകൊടുത്തിട്ടുണ്ടായിരുന്നു. യുറീക്കയുടെ എഡിറ്റര്‍ ജിനുമാഷ് ഇത് പരിഷത്തിന്റെ അക്ഷരപൂമഴ എന്ന പുസ്തകങ്ങളുടെ ഒരു കൂട്ടത്തിനൊപ്പം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞു. പുസ്തകത്തിന് മുഴുവനും ചിത്രം വരച്ചത് ഞാനായിരുന്നു. ചിത്രം എങ്ങനെ കൊടുക്കണം എന്നൊക്കെ അവിടെ പോയി പറഞ്ഞുപറഞ്ഞുകൊടുക്കാനുള്ള അവസരവും ഉണ്ടായി. അക്ഷരപൂമഴക്കൊപ്പം ഈ “പട്ട”വും വന്നു. പേരില്ലാപ്പുസ്തകം എന്ന് പറഞ്ഞ് മറ്റൊരു കഥ എഴുതിയിട്ടുണ്ട്. പേരില്ലാ പുസ്തകം  കുറേ പേരില്ലാത്ത , പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടേതെ കഥയാണ്, അത് ക്രിയേറ്റീവ് കോമണ്‍സ് പ്രസിദ്ധീകരണ ലൈസന്‍സില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതാണ്. ആ ലൈസന്‍സില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ആര്‍ക്കും സ്വതന്ത്ര്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അത് സായാഹ്ന ഫൗണ്ടേഷനാണ് പ്രസിദ്ധീകരിച്ചത്, പ്രിന്റ് ചെയ്തിട്ടില്ല.

അഭിജിത്ത് കുടുംബത്തോടൊപ്പം

വിക്കിപ്പീഡിയയിലെ ഇടപെടലുകള്‍ എങ്ങനെയാണ് ആരംഭിക്കുന്നത്?

മലയാളം ടൈപ്പിങ് പഠിച്ചുവെന്ന് പറഞ്ഞല്ലോ, അതിനോടൊപ്പം തന്നെയായിരുന്നു ഇതും. ശബ്ദതാരാവലിക്ക് മുന്‍പ് പഴയ പുസ്തകങ്ങളെ  ഡിജിറ്റലൈസ് ചെയ്യുന്ന  ഒരു പരിപാടി ഉണ്ടായിരുന്നു. അതായിരുന്നു തുടക്കം. മലയാളം വിക്കിപ്പീഡിയയിലെ കുറച്ച് ആളുകളായിരുന്നു അത് നടത്തിയത്. അതില്‍ പങ്കെടുത്ത ചെറിയ കുട്ടിയെന്ന നിലയ്ക്ക് അവര്‍ കണ്ണൂര്‍ വെച്ച് പരിപാടി നടത്തിയപ്പോള്‍ അവിടേക്ക് എന്നെ ക്ഷണിക്കുകയും കുറേ സമ്മാനങ്ങളും പുസ്തകങ്ങളും എല്ലാം തന്നു. അവിടെ വെച്ചിട്ടാണ് വിക്കിപ്പീഡിയയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നതും ചെറിയ ചെറിയ അക്ഷരങ്ങള്‍ ഒക്കെ തിരുത്തി മലയാളം പരിഭാഷയൊക്കെ ചെയ്യാന്‍ തുടങ്ങുന്നതും.

Asaf Bartov Senior Program Officer, Emerging Wikimedia Communities, Wikimedia Foundation

അഭി ഒരു കവിയാണ്, കഥാകൃത്താണ്, ചിത്രകാരനാണ്, ഐ.ടി വിഗദ്ധനാണ്, സിനിമാ നിരൂപകനാണ് യഥാര്‍ത്ഥത്തില്‍ ഇതില്‍ ഏതാണ് അഭി?

ഞാന്‍ പ്ലസ് ടുവില്‍ പഠിക്കുന്ന ഒരു സാധാരണ കുട്ടി. അത്രയേ ഉള്ളൂ.

അഭിജിത്തിന് ഏറ്റവും താത്പര്യമുള്ള മേഖല?

എല്ലാം ഇഷ്ടമാണ്. എങ്കിലും പെയിന്റിങ്ങിലാണ് കൂടുതല്‍ താത്പര്യം.

ഇത്രചെറിയ പ്രായത്തില്‍ തന്നെ ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നു. ആരാണ് അഭിജിത്തിന് പ്രോത്സാഹനവും പിന്തുണയും നല്‍കുന്നത്?

സാഹചര്യങ്ങളെല്ലാം അനുകൂലമായതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. വീട്ടില്‍ അച്ഛനും അമ്മയും ഏട്ടനും എല്ലാം നല്ല പിന്തുണയാണ്.

വായനയോടുള്ള താത്പര്യം?

അധികം വായിക്കാറില്ല. അതായത് ഇരുന്ന വായിക്കുന്ന കൂട്ടത്തിലല്ലെന്ന് ചുരുക്കം. നിരവധി പുസ്തകങ്ങളൊക്കെ സമ്മാനമായി ലഭിക്കാറുണ്ട്. എങ്കിലും ഇരുന്നുള്ള വായന കുറവാണന്നാണ് തോന്നുന്നത്.

ഭാവിയില്‍ ആരാകാനാണ് അഭിജിത്തിന്റെ ആഗ്രഹം?

ആര്‍ക്കിടെക്ചര്‍ ആകണമെന്നാണ് ആഗ്രഹിക്കുന്നത്.

അഭിജിത്ത് ഇപ്പോള്‍ ഏത് സ്‌കൂളിലാണ് ?

എം.എന്‍.കെ.എം. എച്ച്.എസ്.എസ് ചിറ്റിലംചേരി സ്‌കൂളില്‍ പന്ത്രാണ്ടാം ക്ലാസിലാണ് പഠിക്കുന്നത്.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more