Interview | മോദി, ഇത് ജനങ്ങളോടുള്ള അവജ്ഞ; മണിപ്പൂര്‍, ഹരിയാന, എ.എ റഹീം സംസാരിക്കുന്നു
Interview
Interview | മോദി, ഇത് ജനങ്ങളോടുള്ള അവജ്ഞ; മണിപ്പൂര്‍, ഹരിയാന, എ.എ റഹീം സംസാരിക്കുന്നു
ആര്യ. പി
Tuesday, 15th August 2023, 1:51 pm

ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശബ്ദമായി മാറുകയാണ് കേരളത്തില്‍ നിന്നുള്ള എം.പിയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ റഹീം. പാര്‍ലമെന്റിലും കലാപ ഭൂമികളിലും ജനങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി സര്‍ക്കാരിനെതിരായി നിരന്തര പോരാട്ടം ഉയര്‍ത്തുകയാണ് അദ്ദേഹം. ഹരിയാന, മണിപ്പൂര്‍, അലിഗഢ് കോര്‍ട്ട്, ഇന്ത്യാ സഖ്യം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഡൂള്‍ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ ആര്യ.പിയുമായി സംസാരിക്കുകയാണ് എ.എ റഹീം.

 

ആര്യ.പി: ഹരിയാനയിലെ കലാപബാധിത പ്രദേശം താങ്കള്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചല്ലോ. കലാപത്തിന് ശേഷം ഹരിയാന സന്ദര്‍ശിച്ച ആദ്യത്തെ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധി സംഘത്തില്‍പ്പെട്ട വ്യക്തിയാണ് താങ്കള്‍. എന്താണ് ഹരിയാനയെ ഒരു വര്‍ഗീയ കലാപത്തിലേക്ക് നയിച്ചത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഒരു സംഘര്‍ഷം മാത്രമാണോ അത്? എന്തൊക്കെയാണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

എ.എ റഹീം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായുള്ള ഒരു ഇലക്ഷന്‍ പ്രൊജക്ട് ആണ് ഹരിയാനയില്‍ നടന്നത് എന്ന് നിഷ്പ്രയാസം പറയാന്‍ സാധിക്കും. 2024ലെ തെരഞ്ഞെടുപ്പ് മാത്രമല്ല രാജസ്ഥാന്‍ തെരഞ്ഞെടുപ്പും ഇതില്‍ ഒരു ഘടകം ആണെന്ന് പറയേണ്ടിവരും. കാരണം ഈ കലാപം നടത്താന്‍ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലം നൂഹ് ജില്ലയാണ്.

നൂഹ് ജില്ലയില്‍, പ്രത്യേകിച്ച് ഈ കലാപം നടന്നിരിക്കുന്ന പ്രദേശങ്ങള്‍ രാജസ്ഥാനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളാണ്. രാജസ്ഥാനില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും അതിനുശേഷം 2024ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് അവര്‍ ഹരിയാന,
പ്രത്യേകിച്ച് നൂഹ് ജില്ല തിരഞ്ഞെടുക്കുന്നത്.

ഇന്ത്യ പ്രതിനിധി സംഘം ഹരിയാന സന്ദര്‍ശന വേളയില്‍

നൂഹ് ജില്ലയും ഹരിയാനയും തിരഞ്ഞെടുക്കുന്നതോടുകൂടി രാജസ്ഥാനിലേക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍ വ്യാപിപ്പിക്കാന്‍ പറ്റും. ഹരിയാന തന്ത്രപ്രധാനമായ ഒരു സംസ്ഥാനമാണ്. അതുവഴി ദല്‍ഹിയിലേക്കും ഇത് വ്യാപിപ്പിക്കാന്‍ പറ്റും. അതുകൊണ്ട് വളരെ ബുദ്ധിപരമായി അവര്‍ തിരഞ്ഞെടുത്ത ഒരു സ്ഥലമാണ് ഹരിയാന എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഈ കലാപമെല്ലാം ആരംഭിക്കുന്നതിന് കാരണമായി മാറിയത് വളരെ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ ആസൂത്രിതമായി സോഷ്യല്‍ മീഡിയ വഴി അവര്‍ അഴിച്ചുവിട്ട വിദ്വേഷ പ്രചാരണമാണ്. അത് വലിയ തോതിലാണ് ജനങ്ങളെ സ്വാധീനിച്ചത്. മുസ്‌ലിം വിരുദ്ധ ക്യാമ്പയിന്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി തുടര്‍ച്ചയായി പ്രചരിപ്പിച്ചു. അതിന്റെ അനന്തരഫലമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വര്‍ഗീയ കലാപം

ഭയചകിതരായ മനുഷ്യരെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞത്. എല്ലാവരും ഭയന്നു നില്‍ക്കുന്നു. അവരുടെ കണ്ണുകളില്‍, വര്‍ത്തമാനങ്ങളില്‍, അവരുടെ ശരീര ഭാഷയില്‍ ഒക്കെ ഭയമാണ്. അത് വിവരണാതീതമാണ്. അരക്ഷിതാവസ്ഥയുടെ നടുക്കടലില്‍ നില്‍ക്കുന്ന മനുഷ്യരെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞത്.

അവിടെ ഏതെങ്കിലും ഒരു വിഭാഗത്തെ കുറ്റപ്പെടുത്തുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ അല്ല അവിടെ പ്രശ്നം. മറിച്ച് രാഷ്ട്രീയ താത്പര്യത്തോടെയും മറ്റു ചില ദുരുദ്ദേശങ്ങളോടും കൂടി ബോധപൂര്‍വം കലാപം അഴിച്ചുവിട്ട, രാഷ്ട്രീയ നേതൃത്വത്തെയാണ് നമ്മള്‍ കാണേണ്ടത്. അതിനെയാണ് എക്സ്പോസ് ചെയ്യേണ്ടത് എന്നാണ് അവിടെ നേരിട്ട് ചെന്ന് കാര്യങ്ങള്‍ കണ്ട വ്യക്തിയെന്ന നിലയില്‍ എന്റെ അഭിപ്രായം.

അന്‍ജുമാന്‍ മസ്ജിദില്‍ കൊല്ലപ്പെട്ട ഇമാം മുഹമ്മദ് സാദ്

നൂഹ് ജില്ലയില്‍ നിന്ന് വളരെ വിദൂരതയിലുള്ള ഒരു സ്ഥലം. അവിടെ ഒരു മസ്ജിദ് ഉണ്ട്. അന്‍ജുമാന്‍ മസ്ജിദ്. ആ മസ്ജിദിന് തീയിട്ടിരിക്കുന്നു. ദല്‍ഹി ബോര്‍ഡറിനോട് ചേര്‍ന്നാണ് ആ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ആ പള്ളി കത്തിച്ചു. അവിടുത്തെ ഇമാമിനെ കൊലപ്പെടുത്തി. കൂടെ മറ്റൊരു പണ്ഡിതന്‍ ആക്രമിക്കപ്പെട്ടു. അയാള്‍ ചികിത്സയിലാണ്.

അവിടുത്തെ നാട്ടുകാര്‍ ഞങ്ങളോട് പറഞ്ഞത് കൊല്ലപ്പെടുത്തുന്നതിന്റെ രണ്ട് ദിവസം മുന്‍പ് അദ്ദേഹം ഒരു കവിത എഴുതിയിരുന്നുവെന്നാണ്. ആ കവിതയില്‍ അദ്ദേഹം പറയുന്നത് സാമുദായിക ഐക്യത്തെ (Communal Harmony)കുറിച്ചാണ്.

കലാപവുമായി യാതൊരു ബന്ധവുമില്ലാത്തയാളെ, കലാപ ബാധിത പ്രദേശവുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥലത്ത് വളരെ സ്വാതികനായ, മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും ആഹ്വാനം ചെയ്ത മതപണ്ഡിതനെ അദ്ദേഹത്തിന്റെ ആരാധനാലയത്തില്‍ കയറി ആക്രമിച്ചു കൊലപ്പെടുത്തിയിരിക്കുന്നു. ആരാധനാലയം തീവെച്ച് നശിപ്പിച്ചിരിക്കുന്നു. ഇത് ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്താണ്‌ സംഭവിച്ചതെന്ന് മറന്നു പോകരുത്. എന്താണ് ഇതുകൊണ്ട് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. ആസൂത്രിതമായ ഒരു വംശീയ ഉന്മൂലനത്തിന് സംഘപരിവാര്‍ പദ്ധതിയിടുന്നു എന്നുള്ളതാണ്. ഇത് 2024ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മാത്രം മുന്നില്‍ കണ്ടാണ്.

ആര്യ.പി: അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ച് നൂഹില്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിക്കഴിഞ്ഞല്ലോ. സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ആരോപിച്ചാണ് അഭയാര്‍ത്ഥികള്‍ താമസിക്കുന്ന നൂറ് കണക്കിന് കുടിലുകള്‍ പൊളിച്ചുനീക്കിയത്. എന്നാല്‍ സംഘര്‍ഷത്തില്‍ ഭാഗമായവരുടെ ഉടമസ്ഥതയിലുള്ള വീടുകളാണ് പൊളിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും അവിടെ നിന്ന് വരുന്നുണ്ട്. ഹരിയാനയിലെ ബുള്‍ഡോസര്‍രാജിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

എ.എ റഹീം: വളരെ പ്രകടമായി തന്നെ, പ്രത്യക്ഷത്തില്‍ തന്നെ ഭരണകൂടം വംശീയ ഉന്മൂലനത്തിന് നേതൃത്വം കൊടുക്കുന്ന കാഴ്ചയാണ് അവിടെ കാണാന്‍ സാധിച്ചത്. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ് അത്. ഉദാഹരണം പറഞ്ഞാല്‍ അവിടുത്തെ ജില്ലാ അഡ്മിനിസ്ട്രേഷന്‍ ഈ സംഭവം നടന്നതിന്റെ തൊട്ടു പിന്നാലെ തന്നെ ബുള്‍ഡോസറുകളും ആയി പാഞ്ഞടുക്കുകയാണ്.

ഹരിയാന സന്ദര്‍ശന വേളയില്‍ എ.എ. റഹീം

മുസ്‌ലിങ്ങളുടെ പ്രോപ്പര്‍ട്ടികള്‍ മാത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തുകയാണ്. അനധികൃത നിര്‍മാണം ആണെന്നാണ് അവരുടെ വാദം. ഇപ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ ഇക്കാര്യത്തില്‍ ഇടപെടുകയും ഇത്തരം നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അതില്‍ ചെറിയൊരു ശമനം ഉണ്ടായിട്ടുണ്ട്.

പക്ഷേ എന്റെ ചോദ്യം ഇനി അത് നിയമവിരുദ്ധ നിര്‍മാണം ആണെന്ന് തന്നെ ഇരിക്കട്ടെ, അങ്ങനെയാണെങ്കില്‍ ഇതാണോ രീതി. രാജ്യത്തിന് ഒരു നിയമം ഉണ്ട്. നീതിന്യായ വ്യവസ്ഥയുണ്ട്. എന്നാല്‍ ആരെയും കേള്‍ക്കാതെ ഏകപക്ഷീയമായി നീങ്ങുകയാണ്. ഇത് ഒരു തരത്തില്‍ എക്സ്ട്രാ ജുഡീഷ്യല്‍ എക്സിക്യൂഷന്‍ ആണ്.

നമ്മള്‍ ജീവിക്കുന്നത് ഒരു ബാര്‍ബേറിയന്‍ കാലഘട്ടത്തില്‍ അല്ല. കണ്ണിന് പകരം കണ്ണ് എന്ന് പറയുന്ന കാലഘട്ടത്തില്‍ അല്ല. ആധുനിക നിയമസംവിധാനങ്ങളുടെയും നിയമവാഴ്ചയുടെയും കാലത്താണ്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ആ നിയമ സംവിധാനത്തെ ആകെ തകര്‍ത്തെറിയുകയാണ്.

നിയമ സംവിധാനത്തിന്റെ ആധുനിക മാനുഷിക മൂല്യങ്ങളെ ആകെ അവര്‍ നിരാകരിക്കുകയാണ്. എന്നിട്ട് കണ്ണിനു പകരം കണ്ണ് പല്ലിന് പകരം പല്ല് എന്ന നിലയ്ക്ക് അവര്‍ മനുഷ്യരെ ബുള്‍ഡോസ് ചെയ്യുകയാണ്. ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ബുള്‍ഡോസിങ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഹരിയാനയിലും അത് ഏകപക്ഷീയമായി നടപ്പിലാക്കുകയാണ്.

എന്തുകൊണ്ടാണ് ഹരിയാനയില്‍ മുസ്‌ലിങ്ങളുടെ മാത്രം വീടുകള്‍ ഇടിച്ചു നിരത്തുന്നത്. വീടുകള്‍ മാത്രമല്ല അവരുടെ ജീവനോപാധികളൊക്കെ ഇടിച്ചു തകര്‍ക്കുകയാണ്.

ഞങ്ങള്‍ അവിടെ പോയപ്പോള്‍ നൂഹ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ മുന്‍വശത്ത്, ആ ഇടിച്ചുനിരത്തപ്പെട്ട സ്ഥലത്തിന്റെ എല്ലാം ഉടമയായ നവാബ് ഷെയ്ഖ് എന്നയാളെ ഞങ്ങള്‍ കണ്ടിരുന്നു. പൊട്ടിക്കരയുകയാണ് ആ മനുഷ്യന്‍. അദ്ദേഹത്തിന്റെ ഭൂമിയാണ് മസ്ജിദ് നിര്‍മിക്കാന്‍ അവിടെ വിട്ടുകൊടുത്തത്. അദ്ദേഹത്തിന്റെ ഭൂമി മെഡിക്കല്‍ കോളേജിന്റെ റസ്റ്റ് റൂമിന് വേണ്ടി വിട്ടുകൊടുക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. അങ്ങനെയെല്ലാം വളരെ നന്മയുള്ള ഒരു മനുഷ്യന്‍, ഒരു സാധു മനുഷ്യന്‍.

അദ്ദേഹത്തിന്റെ ഈ കടകളെല്ലാം ബുള്‍ഡോസ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ജില്ലാ ഭരണകൂടത്തിനു മുന്‍പിലേക്ക് അദ്ദേഹം തന്റെ കൈയിലുള്ള രേഖകളുമായി ഓടിച്ചെന്നു. ഇത് ഇടിച്ചു നിരത്തരുത് ഇതെല്ലാം രേഖയുള്ളതാണ് എന്നു പറഞ്ഞ് തന്റെ കയ്യിലുള്ള ഡോക്യുമെന്റുകള്‍ എല്ലാം അവരെ കാണിച്ചു.

എന്നാല്‍ ആ ഡോക്യുമെന്റുകള്‍ കാണാന്‍ അവര്‍ കൂട്ടാക്കിയില്ല. അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മര്‍ദ്ദിച്ചു. എന്നിട്ട് ഏകപക്ഷീയമായി ഇതെല്ലാം ഇടിച്ചു തകര്‍ത്തു. അത് രാജസ്ഥാന്‍ ബോര്‍ഡറിനോട് അടുത്ത് നില്‍ക്കുന്ന സ്ഥലമാണ്.

ഇതാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഭരണകൂടം നേരിട്ട് ചെയ്തതാണ്. ഇതിന് പുറമെ ഹൈവേയുടെ ഇരുവശത്തുമുള്ള നൂറ് കണക്കിന് ചെറിയ ബംഗറുകള്‍, പാവപ്പെട്ട മുസ്‌ലിങ്ങളുടെ ജീവനോപാധികള്‍ മുഴുവന്‍ ഇടിച്ച് തകര്‍ത്തിരിക്കുന്നു. മുഴുവന്‍ നശിപ്പിച്ചിരിക്കുന്നു.
അത് ഈ കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് അക്രമികള്‍ തന്നെ ചെയ്തതാണ് എന്നാണ് അവിടെയുള്ളവര്‍ പറയുന്നത്.

ഒരുവശത്ത് ആക്രമികള്‍ ആയുധമേന്തി മുസ്‌ലിങ്ങളുടെ ജീവനോപാധികള്‍ തകര്‍ക്കുന്നു. മറുവശത്ത് ഭരണകൂടം തന്നെ നേരിട്ട് ഇറങ്ങി എക്സ്ട്രാ ജുഡീഷ്യല്‍ എക്‌സിക്യൂഷന്‍ നടത്തുന്നു.

ആര്യ.പി:  മണിപ്പൂരില്‍ കലാപം ആരംഭിച്ചിട്ട് നൂറാം ദിവസമാവുകയാണ്. ഇപ്പോഴും സംഘര്‍ഷം രൂക്ഷമായി തുടരുന്നു. കുകി – മെയ്തി സംഘര്‍ഷത്തില്‍ നൂറ് കണക്കിനാളുകള്‍ ഇതിനകം കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യ പ്രതിനിധി സംഘത്തിന്റെ ഭാഗമായി താങ്കള്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. എന്താണ് മണിപ്പൂരിലെ സാഹചര്യം. ചുരാങ്ചാന്ദ്പൂര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ താങ്കള്‍ കണ്ട കാഴ്ചകള്‍ എത്രത്തോളം ഭീതിപ്പെടുത്തുന്നതാണ്? എന്താണ് അവിടുത്തെ ക്യാമ്പുകളുടെയൊക്കെ നിലവിലെ അവസ്ഥ, കലാപം ഒരു ജനതയെ ഏതൊക്കെ രീതിയിലാണ് ബാധിച്ചിരിക്കുന്നത്?

എ.എ റഹീം: കലാപം ആസൂത്രിതമായിരുന്നു എന്നാണ് കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത്. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചുറപ്പിക്കുകയാണ്. ബ്ലൂ പ്രിന്റ് തയ്യാറാക്കുകയാണ്. ഏതൊക്കെ സ്ഥലങ്ങള്‍, ഏതൊക്കെ കടകള്‍, ഏതൊക്കെ സ്ഥാപനങ്ങള്‍, ഏതൊക്കെ വീട്ടില്‍ ആരൊക്കെ താമസിക്കുന്നുണ്ട് അങ്ങനെ ഗുജറാത്തിനെ അനുസ്മരിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍. ഗുജറാത്തില്‍ വോട്ടര്‍പട്ടിക വഴി ആയിരുന്നല്ലോ ആളുകളെ ഐഡന്റിഫൈ ചെയ്തിരുന്നത്.

ഇന്ത്യ പ്രതിനിധി സംഘത്തിന്റെ മണിപ്പൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂര്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് നിവേദനം നല്‍കുന്നു

അതുപോലെ ഒരു ഐഡന്റിഫിക്കേഷന്‍ നടന്നിരിക്കുന്നു. അങ്ങനെ ഒരു ബ്ലൂ പ്രിന്റ് തയ്യാറാക്കുന്നു. വളരെ അപകടകരമായ അവസ്ഥയാണ്. അവിടെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കൂടുതലും കുഞ്ഞുങ്ങളും സ്ത്രീകളും ആണ്. ഏതൊരു കലാപത്തിലും ദുരിതമനുഭവിക്കുന്നവര്‍ കുഞ്ഞുങ്ങളും സ്ത്രീകളുമായിരിക്കും എന്നതാണ്.

അവിടെ നഗ്നരാക്കപ്പെട്ട സ്ത്രീകളെ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന വനിതാ അംഗങ്ങള്‍ അവരെ പോയി കണ്ടിരുന്നു ഞങ്ങള്‍ കാണാന്‍ ശ്രമിച്ചില്ല. അതേ ക്യാമ്പില്‍ തന്നെ അവരുടെ രക്ഷകര്‍ത്താക്കളെ ഞങ്ങള്‍ കണ്ടു.

ഒരു അമ്മ തലകുനിച്ചിരിക്കുകയാണ്. എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു അസാധാരണമായ അനുഭവം, അത്തരത്തില്‍ നിരവധി അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്നാണ് ഈ സംഭവമെന്ന് ഞാന്‍ പറയും. കാരണം വാക്കുകള്‍ അവരുടെ മുന്‍പില്‍ നിലച്ചു പോകുന്ന ഒരു നിമിഷം. എന്തു പറയണം, എന്താണ് അവരോട് സംസാരിക്കേണ്ടത്? നമ്മുടെ സമാധാന വാക്കുകള്‍ക്ക് അവരുടെ വിങ്ങലും നെടുവീര്‍പ്പുകളാണ് മറുപടി. ഒന്നും സംസാരിക്കാന്‍ പറ്റാതെ സ്തംഭിച്ചു പോയ സമയം.

ഒരു ഭാരത സ്ത്രീ, ഒരു അമ്മ, അവരുടെ ഭര്‍ത്താവ് കൊല ചെയ്യപ്പെട്ടു, മകന്‍ കൊലചെയ്യപ്പെട്ടു. മകള്‍ ക്രൂരമാംവിധം ലോകത്തിന്റെ മുന്‍പില്‍ വിവസ്ത്രയാക്കപ്പെട്ടു. ബലാത്സംഗം ചെയ്യപ്പെട്ടു. നിങ്ങള്‍ ആലോചിച്ചു നോക്കൂ ആ അമ്മയുടെ മാനസികാവസ്ഥ. അങ്ങനെ ഒരു അമ്മയുടെ മുന്‍പില്‍ ഞങ്ങള്‍ അറിയാതെ കൈകൂപ്പിപോയി. എങ്ങനെയാണ് അവരോട് മാപ്പ് പറയേണ്ടത്, എന്താണ് പറയേണ്ടത്, വാക്കുകള്‍ കിട്ടാത്ത നിമിഷം ആയിരുന്നു. ഞാന്‍ മാത്രമല്ല എല്ലാവരും ഇതേ മാനസികാവസ്ഥയിലായിരുന്നു.

അവിടെ വെച്ച് തന്നെയാണ് ഞങ്ങള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനെ കണ്ടത്. അദ്ദേഹത്തിന്റെ ഭാര്യയെയാണ് വിവസ്ത്രയാക്കി നടത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി അതിര്‍ത്തിയില്‍ തോക്കേന്തിയ ഒരു പട്ടാളക്കാരന്റെ ഭാര്യക്ക് പോലും സംരക്ഷണം കൊടുക്കാന്‍ നമുക്ക് കഴിയുന്നില്ല. അവര്‍ വിവസ്ത്രരാക്കപ്പെട്ടു. ആ മനുഷ്യന്റെ, ആ സൈനികന്റെ മാനസികാവസ്ഥ ആലോചിച്ചു നോക്കൂ.

അവരെ പരിചരിക്കുന്ന, അവര്‍ക്ക് ആത്മവിശ്വാസം കൊടുക്കുന്ന, ഇരകളോടൊപ്പം ചിലവഴിക്കുന്ന ഒരുപിടി ചെറുപ്പക്കാരായ ആക്ടിവിസ്റ്റുകളുമായി ഞങ്ങള്‍ സംസാരിച്ചു. അവര്‍ എല്ലാവരും പറയുന്ന ഒരു കാര്യം ബലാത്സംഗ കേസ് അവിടെ രജിസ്റ്റര്‍ ചെയ്യുന്നേ ഇല്ല എന്നാണ്. ബലാത്സംഗ പരാതിയുമായി ഒരു സ്ത്രീ പൊലീസ്‌ സ്റ്റേഷനില്‍ ചെന്നാല്‍ അവര്‍ ചോദിക്കുന്നത് നിങ്ങളെ ബലാത്സംഗം ചെയ്തതിന് തെളിവുണ്ടോ എന്നാണ്.

മണിപ്പൂര്‍ രാജ്ഭവന്‍

അതാണ് ചോദ്യം. ഇത് എങ്ങനെയാണ് തെളിയിക്കേണ്ടത്. ആകെ നോക്കുന്ന ഒരു കാര്യം സ്ത്രീയുടെ ശരീരത്തില്‍ മുറിവുണ്ടോ എന്നാണ്. അത് ഉണ്ടെങ്കില്‍ കാണിക്കാനാണ് പറയുന്നത്. ഭരണകൂടം തന്നെ ബലാത്സംഗം ചെയ്യപ്പെട്ട ഇരയെ നിരുത്സാഹപ്പെടുത്തുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ല. അവിടെ നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നു പോയി എന്നുള്ളതാണ് മനസ്സിലാക്കേണ്ടത്.

രാജ്യത്തുതന്നെ നിയമവാഴ്ച തകര്‍ന്നു പോയിരിക്കുന്നു. നിയമവാഴ്ച തകര്‍ന്ന ഒരു സംസ്ഥാനത്തെയാണ് എനിക്ക് അവിടെ കാണാന്‍ കഴിഞ്ഞത്. പൂര്‍ണമായും മനസ്സുകളില്‍ തന്നെ ഭിന്നിപ്പിക്കപ്പെട്ട്, വെറുപ്പും ഭയവും സംശയവും അല്ലാതെ മനുഷ്യര്‍ തമ്മില്‍ മറ്റൊരു വികാരവുമില്ലാതെ, പരസ്പരം വെറുക്കുന്നവര്‍. പരസ്പരം സംശയിക്കുന്നവര്‍, അപരനെ ഭയപ്പെടുന്നവര്‍.

ഈ വികാരങ്ങള്‍ മാത്രമാണ് മണിപ്പൂരില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത്. പിന്നെ രണ്ട് ഗവണ്‍മെന്റുകളുടെയും അങ്ങേയറ്റത്തെ നിസ്സംഗതയും പരാജയവും.

മണിപ്പൂര് വലിയ രീതിയില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇംഫാലിലാണ് ഞങ്ങള്‍ ആദ്യം ഇറങ്ങിയത്. സ്വാഭാവികമായും അവിടെ മെയ്തി വിഭാഗക്കാരാണ് കൂടുതല്‍. അവിടെ നിന്നും ഹെലികോപ്റ്ററില്‍ ചുരാങ്ചാന്ദ്പൂരിലേക്ക് എത്തിയപ്പോള്‍ ഇംഫാലില്‍ ഞങ്ങളെ സ്വീകരിച്ചപ്പോള്‍ അണിയിച്ച വെള്ള നിറത്തിലുള്ള ഒരു ഷാള്‍ ഞങ്ങളുടെ കഴുത്തില്‍ ഉണ്ടായിരുന്നു.

മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ സമരം.

അവിടെ എത്തിയപ്പോള്‍ ചുരാങ്ചാന്ദ്പൂരിലുള്ളവര്‍ ഉള്ളവര്‍ ഞങ്ങളെ സ്വീകരിച്ചു. അവര്‍ ഞങ്ങളുടെ കഴുത്തില്‍ കറുത്ത കളര്‍ ഉള്ള വേറൊരു ഷാള്‍ അണിയിച്ചു. ഈ രണ്ട് ഷാളുകളും ഞങ്ങളുടെ കഴുത്തില്‍ കിടക്കുകയാണ്. ഞങ്ങള്‍ക്കറിയില്ലല്ലോ ഈ ഷാളുകളുടെ പിന്നിലുള്ള കഥ.

പക്ഷേ അടുത്ത നിമിഷങ്ങളില്‍ അവര്‍ ഞങ്ങളോട് വളരെ വിനയപൂര്‍വ്വം പറയുകയാണ് ഇംഫാലില്‍ വച്ച് നിങ്ങളെ അണിയിച്ച ആ ഷാള്‍ നിങ്ങള്‍ മാറ്റണമെന്ന്. അത് മെയ്തികളുടെ ഷാളാണെന്നും കുകികളുടെ ഏരിയയിലേക്ക് വരുമ്പോള്‍ നിങ്ങള്‍ അത് ധരിക്കാന്‍ പാടില്ലെന്നും പറഞ്ഞു. ഇത്രകണ്ട് വിഭജിക്കപ്പെട്ടിരിക്കുന്നു അവര്‍.

ചുരാങ്ചാന്ദ്പൂര്‍ എന്ന ജില്ലയിലേക്കാണ് ഞങ്ങള്‍ പിന്നീട് പോയത്. നിങ്ങള്‍ക്ക് അവിടെ ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ ബോര്‍ഡില്‍ ചുരാങ്ചാന്ദ്പൂര്‍ എന്ന് എഴുതിയത് കാണാന്‍ കഴിയില്ല. അത് മുഴുവന്‍ കറുത്ത മഷി കൊണ്ട് മായ്ച്ചിരിക്കുന്നു. പകരം ലംക എന്ന് എഴുതിവെച്ചിരിക്കുന്നു.

എന്തുകൊണ്ടാണ് ഈ പേര് മായ്ച്ചിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ മനസ്സിലായത് ചുരാങ്ചാന്ദ്പൂര്‍ എന്നത് ചുരാങ്ചങ് എന്ന പഴയ ഒരു രാജാവിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു ജില്ലയാണ്. അദ്ദേഹം മെയ്തിയാണ്. അദ്ദേഹത്തിന്റെ പേരില്‍ ഞങ്ങളുടെ സ്ഥലനാമം പോലും വേണ്ട എന്നുള്ളതാണ്. ഇത്രകണ്ട് വിഭജിക്കപ്പെട്ട മനുഷ്യരെയാണ് കാണുന്നത്.

ഞങ്ങള്‍ ഇംഫാലില്‍ മെയ്തികളുടെ ക്യാമ്പിലേക്ക് എത്തുമ്പോള്‍ അവര്‍ ചോദിക്കുന്നത് നിങ്ങള്‍ എന്തിനാണ് ആദ്യം കുകികളെ കാണാന്‍ പോയത് എന്നാണ്. ഈ ചോദ്യത്തോടെയാണ് ഞങ്ങളെ അവര്‍ വരവേറ്റത്. വളരെ സാഹോദര്യത്തോടെ ജീവിച്ചിരുന്ന രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ എങ്ങനെയാണ് ഇത്രയും വിഭജിക്കപ്പെട്ടത്.

ഞാന്‍ ഇംഫാല്‍ ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹവുമായി സംസാരിച്ചു. എന്താണ് ഇതിന്റെ അവസ്ഥയെന്ന് ചോദിച്ചു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കത്തോലിക്ക സഭയ്ക്ക് മാത്രം അവിടെ സംഭവിച്ചത്.

ആര്യ.പി: മണിപ്പൂര്‍ കലാപം ബി.ജെ.പിയും ആര്‍.എസ്.എസും പിന്തുടരുന്ന രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? മെയ് മാസം നടന്ന സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി 30 സെക്കന്റ് നേരം സംസാരിക്കുന്നത് 80 ദിവസത്തിനിപ്പുറമാണ്. മണിപ്പൂരില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടിനെ എങ്ങനെയാണ് കാണുന്നത്. മണിപ്പൂരില്‍ കേന്ദ്രം പൂര്‍ണ പരാജയമല്ലേ?

എ.എ റഹീം: കേന്ദ്രവും സംസ്ഥാനവും ഒരുപോലെ മണിപ്പൂരില്‍ പരാജയമാണ്. അടിയന്തരമായി മണിപ്പൂരില്‍ ബീരേന്‍സിങ് സര്‍ക്കാര്‍ രാജിവച്ച് ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ശ്രമിക്കണം. കലാപം അടിച്ചമര്‍ത്താന്‍ മാത്രമല്ല കലാപത്തില്‍ ദുരിതം അനുഭവിക്കുന്ന മനുഷ്യരോട് പോയി ഒരു നല്ല വാക്ക് പറയാന്‍ പോലും അവിടെ ഒരു ഭരണകൂടമില്ല.

അവരുടെ വീട് തകര്‍ക്കപ്പെട്ടു, അവരുടെ കൃഷിയിടങ്ങള്‍ നഷ്ടപ്പെട്ടു. അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അവര്‍ക്ക് പോകാന്‍ കഴിയുന്നില്ല. കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള മനുഷ്യര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കിടക്കുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന് കഴിയില്ലേ, ചോദ്യം അതാണ്.

അതിന് സാധിക്കാതിരിക്കുന്നു എന്നുണ്ടെങ്കില്‍ അതിന് അര്‍ത്ഥം എന്താണ്. ഇവര്‍ വേറെ ഏതെങ്കിലും രാജ്യത്തുണ്ടായ കലാപത്തെ തുടര്‍ന്ന് പാലായനം ചെയ്ത് ഇന്ത്യയിലേക്ക് വന്നവരല്ല. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ അല്ലേ. അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നില്ല. മരുന്ന് കൊടുക്കുന്നില്ല. വൃത്തിയുള്ള പരിസരം പോലും ഒരുക്കുന്നില്ല.

കലാപം അടിച്ചമര്‍ത്താന്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടു. ആര്‍.എസ്.എസ് തന്നെ ആസൂത്രണം ചെയ്ത കലാപമാണ് അവിടെ നടക്കുന്നത്. എന്നാല്‍ അതിനെല്ലാം അപ്പുറത്ത് ഒരു ജനസമൂഹത്തെ പൂര്‍ണമായി കൈയൊഴിയുകയാണ്. പിന്നെ എന്തിനാണ് ഒരു ഗവണ്‍മെന്റ്.

ആര്യ.പി: മണിപ്പൂര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി സംസാരിച്ചത്. അതും വെറും മൂന്ന് മിനുട്ട്. അവിശ്വാസ പ്രമേയത്തിന്മേല്‍ 12 മണിക്കൂര്‍ ആണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയിരുന്നു. മണിപ്പൂരിനും ഹരിയാനയ്ക്കും പുറമെ വിലക്കയറ്റവും തൊഴിലില്ലായ്മയും ചൈനീസ് കടന്നുകയറ്റവും ഏക സിവില്‍ കോഡുമെല്ലാം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പ്രതിപക്ഷ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ചും ആണ് ബി.ജെ.പി ഇതിനെ പ്രതിരോധിച്ചത്. മണിപ്പൂര്‍ വിഷയത്തെ പാര്‍ലമെന്റ് കൈകാര്യം ചെയ്ത രീതി എങ്ങനെയാണ്?

എ.എ റഹീം: ബി.ജെ.പി സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ലമെന്റിനോട് പരമ പുച്ഛമാണ്. അദ്ദേഹം പാര്‍ലമെന്റിലേ വരാറില്ല. അദ്ദേഹത്തെ അവിടെ വരുത്താനും അദ്ദേഹത്തിന്റെ ശബ്ദം ഒന്ന് കേള്‍ക്കാനും മണിപ്പൂര്‍ വിഷയത്തില്‍ അദ്ദേഹത്തെ കൊണ്ട് പ്രതികരിപ്പിക്കാനും വേണ്ടിയിട്ടാണ് പ്രതിപക്ഷമായ ഇന്ത്യ സഖ്യം അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

ആ അവിശ്വാസ പ്രമേഹത്തിന്റെ ചര്‍ച്ച നടക്കുന്ന ഒരു വേളയിലും പ്രധാനമന്ത്രി സഭയില്‍ വന്നില്ല. ആലോചിച്ചു നോക്കൂ, തന്റെ ഗവണ്‍മെന്റിന് എതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നു. ആ അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കുന്നു. അത് കേള്‍ക്കാന്‍ അദ്ദേഹം വരുന്നേയില്ല. അതില്‍ അദ്ദേഹം മറുപടി പറയേണ്ടതില്ലേ.

എന്നാല്‍ അതിന് പകരം അദ്ദേഹം തീരുമാനിച്ചുറപ്പിച്ച സ്‌ക്രിപ്റ്റുമായി വന്ന് രാഷ്ട്രീയ പ്രസംഗം നടത്തുന്നു. എന്നിട്ട് അദ്ദേഹം മടങ്ങി പോകുന്നു. മണിപ്പൂരിനെ കുറിച്ച് പരിമിതമായ നിമിഷങ്ങള്‍ മാത്രം അദ്ദേഹം സംസാരിക്കുന്നു. ഇതൊക്കെയാണ് നടക്കുന്നത്. പാര്‍ലമെന്റില്‍ പോട്ടെ
മന്‍ കി ബാത്തില്‍ പോലും അദ്ദേഹം മണിപ്പൂരിനെ പരിഗണിക്കുന്നില്ല.

എങ്ങനെയാണ് ഇതിനെ മറികടക്കാനാവുക. ഈ അവജ്ഞ ജനങ്ങളോടുള്ള അവജ്ഞയല്ലേ? യാഥാര്‍ത്ഥ്യങ്ങളോട് എത്രകാലമാണ് നരേന്ദ്ര മോദിക്ക് കണ്ണടച്ചു പിടിക്കാന്‍ ആവുക.

ആര്യ.പി: മണിപ്പൂര്‍ വിഷയത്തില്‍ നടത്തിയ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ ഫ്ളൈയിങ് കിസ്സ് ആരോപണത്തിലൂടെ പ്രതിരോധിക്കുകയാണ് ബി.ജെ.പി. വനിതാ അംഗങ്ങളെ രാഹുല്‍ അപമാനിച്ചുവെന്നാണ് സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. പരാതിയുമായി സ്പീക്കറെ സമീപിച്ചിരിക്കുകയാണ് അവര്‍. മണിപ്പൂരിലെ വനിതകള്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ ഇല്ലാത്ത പ്രതികരണമാണ് ഫ്ളൈയിങ് കിസ്സിന്റെ പേരില്‍ ബി.ജെ.പി ഇപ്പോള്‍ ഉയര്‍ത്തുന്നത്. ബാലിശമായ ആരോപണത്തിലൂടെ രാഹുല്‍ ഉയര്‍ത്തിയ ഗൗരവമായ വിഷയത്തെ ചുരുക്കിക്കളയുകയല്ലേ ഇത്തരം നിലപാടുകളിലൂടെ ബി.ജെ.പി ?

എ.എ റഹീം: രാഷ്ട്രീയമായി നേരിടാന്‍ തയ്യാറാല്ലാത്തതുകൊണ്ടാണ് ബാലിശമായ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാന്‍ തയ്യാറാവണം. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു കൊണ്ട് വിശദീകരിച്ചുകൊണ്ട് നേരിടാന്‍ തയ്യാറാകണം.

ജനങ്ങളുടെ സഭയാണ്, ജനങ്ങളുടെ പ്രതിനിധികളാണ്. ‘റിഫ്ലക്ഷന്‍ ആന്‍ഡ് റെപ്രെസെന്റഷന്‍ ഓഫ് ദി പീപ്പിള്‍’, അതാണ് പാര്‍ലമെന്റ്. അവിടെ സംസാരിക്കുന്നത് ജനങ്ങളോട് ആണ്. ചോദ്യങ്ങള്‍ ചോദിക്കുന്നത് ജനങ്ങളുടെ പ്രതിനിധികളാണ്. ‘കണ്‍സേണ്‍ ഫോര്‍ ദി അദര്‍’ എന്നതാണ് ജനാധിപത്യത്തിന്റെ കരുതല്‍.

രാഹുല്‍ ഗാന്ധി

അതുണ്ടോ? ഇല്ല എന്ന് മാത്രമല്ല ലോക്സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ലോക്സഭയുടെ പ്രതിപക്ഷ നേതാവിനെ സസ്പെന്‍ഡ് ചെയ്യുന്നത്. അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്പെന്‍ഡ് ചെയ്തില്ലേ, എന്താണ് ഇവര്‍ ഉദ്ദേശിക്കുന്നത്. പിന്നീട് രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഒരു എം.പിയായ രാഘവ് ചദ്ദയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നു.

മറ്റൊരു എം.പിയായ സന്ദീപ് സിങ്ങിനെ അതിന് മുന്‍പ് സസ്പെന്‍ഡ് ചെയ്തു. ആ സസ്പെന്‍ഷന്‍ നീട്ടി. രാജ്യസഭ എന്ന് പറയുന്നത് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ആണ്. സംസ്ഥാനങ്ങളുടെ പ്രാധിനിത്യ സഭയാണ്. അവിടെ സംസാരിക്കേണ്ടത് അവരുടെ അവകാശമല്ലേ. ലക്ഷദ്വീപില്‍ നിന്നുള്ള എന്‍.സി.പിയുടെ എം.പി ഫൈസല്‍ മുഹമ്മദിനെ അയോഗ്യനാക്കി.

എത്ര വിചിത്രമായ വേഗതയുള്ള നടപടിയായിരുന്നു. അദ്ദേഹത്തിന്റെ കേസ് സ്റ്റേ ചെയ്തു, എന്നിട്ടും എത്രയോ ദിവസം അദ്ദേഹത്തെ പുറത്ത് നിര്‍ത്തി. ഒരു അനാഥനെ പോലെ ആ മനുഷ്യന്‍ അവിടെ വന്ന് അലഞ്ഞുതിരിഞ്ഞു തിരിച്ചു പോവുകയായിരുന്നു. ആലോചിച്ചു നോക്കണം ജനങ്ങളുടെ പ്രതിനിധി അല്ലേ, ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച ഒരാളെ പാര്‍ലമെന്റ് ഇരുത്തില്ലെന്ന് തീരുമാനിക്കുന്നു.

ഞങ്ങള്‍ അവരെ സസ്പെന്‍ഡ് ചെയ്യും, അയോഗ്യനാക്കും, നിങ്ങളെ പാര്‍ലമെന്റിന് അകത്ത് കേറ്റില്ല .സംസാരിക്കാന്‍ അനുവദിക്കില്ല എന്നൊക്കെയാണ് നിലപാട്. ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നത്. ജനാധിപത്യത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ അപകടകരമായ അവസ്ഥയാണ് ഇത്.

പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’യുടെ ബെംഗളൂരുവില്‍ ചേര്‍ന്ന യോഗം

എന്നാല്‍ പ്രതീക്ഷാനിര്‍ഭരമായ കാര്യം 2014 ന് ശേഷം ഒരു വലിയ പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടിരിക്കുന്നു എന്നതാണ്. അവര്‍ ശക്തമായി പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയിരിക്കുന്നു. പ്രതിഷേധശബ്ദത്തെ ഏകോപിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.

ആര്യ.പി: കേരളത്തില്‍ ഈസ്റ്റര്‍ ദിനത്തിലെ ബി.ജെ.പിയുടെ ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് മണിപ്പൂരില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് നേരെ വംശീയ ഉന്മൂലനം നടക്കുന്നത്. ബി.ജെ.പിയെ പിന്തുണച്ച ഇവിടുത്തെ സഭാ നേതാക്കളുടെ നിലപാട് മാറുന്നത് പോലും മണിപ്പൂര്‍ സംഭവങ്ങള്‍ക്ക് ശേഷമാണ്. മണിപ്പൂര്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ക്രൈസ്തവര്‍ക്ക് കൂടിയുള്ള മുന്നറിയിപ്പാണെന്ന് കരുതുന്നുണ്ടോ?

എ.എ റഹീം: മണിപ്പൂര്‍ കേരളത്തിലുള്ള ക്രൈസ്തവര്‍ക്കും മുഴുവന്‍ മതനിരപേക്ഷവിശ്വാസികള്‍ക്കുമുള്ള മുന്നറിയിപ്പാണ്. മണിപ്പൂരിലൂടെ ബി.ജെ.പി എക്‌സ്‌പോസ്‌ ചെയ്യപ്പെട്ടു. കേരളത്തില്‍ ശക്തമായ മുസ്‌ലിം വിരോധം അഴിച്ചുവിട്ട്,  ഇസ്‌ലാമോഫോബിയ സൃഷ്ടിച്ച്, വളരെ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന മുസ്‌ലിം- ക്രിസ്ത്യന്‍- ഹിന്ദു വിഭാഗത്തിന് ഇടയില്‍ പോളറൈസേഷന്‍ ഉണ്ടാക്കി, ക്രൈസ്തവരിലെ ഒരു വിഭാഗത്തെ തങ്ങളുടെ കൂടെ കൂട്ടാനായിയിരുന്നു ബി.ജെ.പി ശ്രമിച്ചത്. അതുവഴി വിദ്വേഷം പടര്‍ത്താനായിരുന്നു അവരുടെ ശ്രമം.

ഇത് ആര്‍.എസ്.എസിന്റെ ഏറെക്കാലമായുള്ള പദ്ധതിയാണ്. അതിന്റെ ഒരു ഘട്ടത്തിലാണ് വിഷു- ഈസ്റ്റര്‍ ദിനത്തില്‍ പരസ്പരമുള്ള സന്ദര്‍ശനവും ക്ഷണവുമൊക്കെ ഉണ്ടായത്. നിങ്ങള്‍ ആലോചിക്കേണ്ടത് വിഷുവിന് കേരളത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചുകൊണ്ടുപോയി നാടകം നടത്തുന്നു. ദല്‍ഹിയില്‍ ഇതേ സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു. ആ മന്ത്രിസഭയിലെ അമിത് ഷാ പക്ഷേ മണിപ്പൂരില്‍ പോയി ദിവസങ്ങളോളം ചെലവഴിച്ചിട്ട് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പിനെ ഒന്ന് ഫോണില്‍ വിളിച്ചിട്ട് പോലും എന്തായി എന്ന് ചോദിച്ചില്ലല്ലോ.

ഈസ്റ്ററിന് കത്തീഡ്രല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി, കേരളത്തില്‍ വിഷുവിനും ഈസ്റ്ററിനും ഈ നാടകം നടത്തിയവര്‍ എന്തുകൊണ്ടാണ് ഫോണില്‍ പോലും ഒരു നല്ല വാക്ക് പറയാതിരുന്നത്. അവിടെ അമിത് ഷായുടെ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ അധ്യക്ഷനായി ഉണ്ടാക്കിയ സമാധാന കമ്മിറ്റിയില്‍ പോലും ക്രൈസ്തവ സഭയെ ഉള്‍പ്പെടുത്തിയില്ല.

അപ്പോള്‍ എത്ര വലിയ പൊളിറ്റിക്കല്‍ ഡ്രാമയാണ് ഇവര്‍ നടത്തുന്നതെന്ന് ആലോചിച്ചു നോക്കൂ. എത്ര വലിയ കാപട്യമാണ്. ക്രൈസ്തവ സഭയോട് എന്തെങ്കിലും ഒരു സ്നേഹമുണ്ടോ. അവരുടെ പരിഗണനാപട്ടികയില്‍ ക്രൈസ്തവരും ഉണ്ടോ. ഉണ്ടായിരുന്നെങ്കില്‍ മുറിവേറ്റ് നില്‍ക്കുന്ന മണിപ്പൂരിലെ ക്രൈസ്തവരോട് ഒരു നല്ല വാക്ക് വിളിച്ചെങ്കിലും പറയില്ലേ.

ഈസ്റ്റര്‍ ദിനത്തില്‍ ദല്‍ഹി കത്തീഡ്രല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി

ഞാന്‍ ഇംഫാല്‍ ആര്‍ച്ച് ബിഷപ്പിന്റെ ആസ്ഥാനത്ത് പോയ കാര്യം ഞാന്‍ പറഞ്ഞല്ലോ, അവിടെ മലയാളികളായ നിരവധി പുരോഹിതന്മാരുണ്ട്. ഞാന്‍ അവരുമായി സംസാരിച്ചു. ഞാന്‍ ബിഷപ്പിനോട് ചോദിച്ചു, ഇത്രയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി, നിങ്ങള്‍ക്ക് മുറിവേറ്റു. സ്റ്റേറ്റ് ഗവണ്‍മെന്റിന്റെയോ സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെയോ ആരെങ്കിലും ഫോണില്‍ വിളിച്ച് വിഷമിക്കരുതെന്ന് ഒരു വാക്കെങ്കിലും പറഞ്ഞോ എന്ന്. അതുപോലും ചെയ്തിട്ടില്ല. അത്തരത്തില്‍ ബി.ജെ.പിയുടെ കാപട്യമാണ് ആ വിഷയത്തില്‍ എക്സ്പോസ് ചെയ്യപ്പെട്ടത്.

ആര്യ.പി: വംശീയ കലാപത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ മണിപ്പൂര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് താങ്കള്‍ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. എന്തെല്ലാമാണ് കത്തിലെ ആവശ്യങ്ങള്‍, എന്താണ് നിലവില്‍ മണിപ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍?

എ.എ റഹീം: മണിപ്പൂരില്‍ അവര്‍ രണ്ടായി വിഭജിക്കപ്പെട്ടു എന്ന് പറഞ്ഞല്ലോ. കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും സ്ഥിതി ചെയ്യുന്നത് ഇംഫാലിലാണ്. ഇംഫാലികള്‍ കുകികളായ ആര്‍ക്കും വരാനും പഠിക്കാനും കഴിയില്ല ഇനി. പിന്നെ അവര്‍ എവിടെ പോയി പഠിക്കും. അവര്‍ എന്തു ചെയ്യും. ഇതൊരു പ്രധാനപ്പെട്ട പ്രശ്നമാണ്.

പിന്നെ മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നും മണിപ്പൂരില്‍ വന്ന് പഠിക്കുന്നവര്‍. അവിടെയാണ് കേരളം വീണ്ടും മാതൃകയായത്. കണ്ണൂര്‍ സര്‍വ്വകലാശാല അവരെ സ്വീകരിച്ചു. യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിന് വളരെ നിഷ്പ്രയാസം ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. ഇവരെ സംരക്ഷിക്കേണ്ടേ? അവര്‍ എവിടെയാണെങ്കിലും അവരെ പുനര്‍വിന്യസിക്കാന്‍ തയ്യാറാവണ്ടേ? അതൊന്നും അവരുടെ പരിഗണന വിഷയത്തിലേ വരുന്നില്ല.

ചുരാങ്ചാന്ദ്പൂരില്‍ വച്ച് കുകികളായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഞങ്ങളെ കണ്ടിരുന്നു. അവര്‍ ഞങ്ങളോട് സംസാരിച്ചിരുന്നു അവര്‍ പൊട്ടിക്കരയുകയാണ്. അവര്‍ക്ക് എങ്ങനെ അവരുടെ പഠനം പൂര്‍ത്തിയാകുമെന്ന് അറിയില്ല. ഇംഫാലില്‍ പോയാല്‍ ഞങ്ങളെ കൊന്നു കളയുമെന്ന് പറയുകയാണ്. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന് അവര്‍ ചോദിക്കുന്നു. ഈ തലമുറയല്ലേ അടുത്ത ഭാവി.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ, സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായി അനിശ്ചിതത്വത്തില്‍ ആയി. ആ അനിശ്ചിതത്വം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അതിനെക്കുറിച്ച് കാര്യമായി എന്തെങ്കിലും സര്‍ക്കാര്‍ ചെയ്തോ. ഒരു ഗവണ്‍മെന്റ് വിചാരിച്ചാല്‍ നിഷ്പ്രയാസം ചെയ്യാന്‍ കഴിയുന്ന കാര്യം അല്ലേ? അതിലൊന്നും ഒരു ക്രമീകരണവും ഉണ്ടാക്കുന്നില്ല. തികഞ്ഞ അലംഭാവമാണ്.

ആര്യ.പി: ക്വിറ്റ് ഇന്ത്യ വാര്‍ഷിക പരിപാടിയുടെ ഭാഗമായ നിശബ്ദ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നത് തടയാനായി മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. റാലിയില്‍ പങ്കെടുക്കാതിരിക്കാന്‍ തന്നെ പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദും ആരോപിച്ചിരുന്നു. ഇതേ സമയത്താണ് പാര്‍ലമെന്റില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യക്കെതിരെ ബി.ജെ.പി ക്വിറ്റ് ഇന്ത്യാ മുദ്രാവാക്യം വിളിക്കുന്നത്, എങ്ങനെയാണ് ഇതിനെ കാണുന്നത്?

എ.എ റഹീം: എല്ലാതരത്തിലുമുള്ള ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കും ബി.ജെ.പി എതിരാണ്. അതാണ് ഏറെ പ്രധാനമായി കാണേണ്ട ഒരു കാര്യം. ജനാധിപത്യവിരുദ്ധമായ ഒരു പാര്‍ട്ടിക്ക് അങ്ങനെയേ ചെയ്യാനാകൂ.. അവരുടെ രാഷ്ട്രീയ ജനിതക ഘടന അങ്ങനെയാണ്. ജനാധിപത്യവിരുദ്ധമാണ്. വര്‍ഗീയമാണ്.

മറ്റൊരു കാര്യം ഇന്ത്യ ബ്ലോക്കിന്റെ വരവ് വലിയ രാഷ്ട്രീയ മാറ്റമാണ്. മണിപ്പൂര്‍ വിസിറ്റ് ഇന്ത്യ ബ്ലോക്കിന്റെ ആദ്യത്തെ ജോയിന്റ് ടീം വിസിറ്റ് ആണ്. അതിന്റെ രാഷ്ട്രീയ പ്രാധാന്യം അങ്ങനെ കൂടിയുണ്ട്. അലിഗഢ് യൂണിവേഴ്സിറ്റി കോര്‍ട്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഇന്ത്യ ബ്ലോക്കിന്റെ പാര്‍ലമെന്റില്‍ നടന്ന ആദ്യത്തെ വിജയമാണ്.

ഇത് ക്രമേണ ശക്തിപ്പെട്ട് വരുന്നുണ്ട്. ഒരു ഉദാഹരണം പറയാം. ചിലര്‍ തമ്മില്‍ യോജിക്കില്ല എന്നായിരുന്നു അവരുടെ പ്രതീക്ഷ. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ യോജിമോ, സി.പി.ഐ.എമ്മും തൃണമൂലും തമ്മില്‍ യോജിക്കുമോ ഇതൊക്കെ അസംഭവ്യമായിരുന്നു എന്നതായിരുന്നു അവരുടെ കണക്കുകൂട്ടല്‍.

പക്ഷേ ബി.ജെ.പി എന്ന അപകടകരമായ ഒരു പ്രതിഭാസത്തെ നേരിടുന്നതിന് ഒരു വലിയ യൂണിറ്റി സാധ്യമാകുന്നു. ആ യൂണിറ്റി നാള്‍ക്കുനാള്‍ ശക്തിപ്പെടുന്നു. അത് ചെറിയ രീതിയില്‍ അല്ല ഇവരെ ഭയപ്പെടുത്തിയിരിക്കുന്നത്. അതില്‍ നിന്നാണ് ഇത്തരത്തിലുള്ള ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം ഒക്കെ ഉണ്ടാകുന്നത്.

ഇന്ത്യ എന്ന പേരും ഇന്ത്യ ബ്ലോക്കിന്റെ ഐക്യവും ബി.ജെ.പിയെ വലിയതോതില്‍ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍.ഡി.എയുടെ യോഗം വിളിച്ചു ചേര്‍ക്കാനും നരേന്ദ്ര മോദി തന്നെ അതില്‍ നേരിട്ട് പങ്കെടുക്കാനും നിര്‍ബന്ധിതനായത്. രാഷ്ട്രീയപരമായി പ്രതിപക്ഷ ഐക്യം ശക്തി പ്രാപിക്കുകയാണ് എന്നാണ് നാം തിരിച്ചറിയേണ്ടത്.

ആര്യ.പി: അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി ‘ഇന്ത്യ’ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളായ താങ്കളും കോണ്‍ഗ്രസ് എം.പി. ഇമ്രാന്‍ പ്രതാപ് ഘടിയും വിജയിച്ചിരിക്കുന്നു. ഈ വിജയത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്. ഇന്നത്തെ രാഷ്ടീയ സാഹചര്യത്തില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ് ഈ വിജയം?

എ.എ റഹീം: രണ്ടുതരത്തില്‍ അത് പ്രധാനപ്പെട്ടതാണ്. ഒന്നാമത്തേത് ‘ഇന്ത്യ’ സഖ്യത്തിന്റെ ഒരു വലിയ വിജയമാണ് ഇത്. ഒന്നിച്ചു നിന്നാല്‍ പലയിടത്തും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയും എന്നതിന്റെ തെളിവ് കൂടിയാണ് ഇത്. ‘ഇന്ത്യ’ പൊളിറ്റിക്കല്‍ ബ്ലോക്ക് വന്നതിനു ശേഷം ബാലറ്റിലൂടെ ഏതെങ്കിലും ഒരു സഭയില്‍ നടക്കുന്ന ആദ്യത്തെ വിജയം ആണ് ഇത്.

‘ഇന്ത്യ’യുടെ കൂട്ടായ വിജയമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. മറ്റൊന്ന് ബി.ജെ.പിയെ പേടിച്ചും മറ്റ് പലതരത്തിലും ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ഒരുപാട് പേരുണ്ട്. പലതരത്തിലുള്ള പ്രലോഭനത്തിനും വഴങ്ങി ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നവരുണ്ട്. പക്ഷേ ഈ തെരഞ്ഞെടുപ്പ് രഹസ്യബാലറ്റായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് പേര്‍ ഞങ്ങളെ പിന്തുണച്ചു എന്നാണ് മനസ്സിലാക്കുന്നത്.

അല്ലെങ്കില്‍ വലിയ വോട്ടിലേക്ക് എനിക്കും ഇമ്രാന്‍ പ്രതാപ് ഘടിയ്ക്കും എത്തിച്ചേരാന്‍ ആവില്ലായിരുന്നു. അതുകൊണ്ട് തന്നെ ‘ഇന്ത്യ’ മുന്നണി ഒരു പ്രതീക്ഷയാണ്. അതാണ് ഒന്നാമത്തെ കാര്യം. ബി.ജെ.പി വിരുദ്ധത ശക്തിപ്പെടുന്നു എന്നതിന്റെ തെളിവായി ‘ഇന്ത്യ’യുടെ വിജയത്തെ നമുക്ക് കാണാം.

രണ്ടാമതായി അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി പോലെ പ്രധാനപ്പെട്ട ഒരു സര്‍വകലാശാലയിലെ കോര്‍ട്ടിലേക്ക് രാജ്യസഭയില്‍ നിന്നും ബി.ജെ.പി അയക്കാന്‍ തീരുമാനിച്ച മൂന്നില്‍ രണ്ടുപേരും ശക്തമായ തീവ്ര സംഘപരിവാര്‍ നിലപാടുകള്‍ സ്വീകരിക്കുന്നവരാണ്.

സാധാരണ ഇത്തരം തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ 2:2 എന്ന നിലയില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കിക്കൊണ്ട് ഒരു ധാരണ സഭക്കുള്ളില്‍ വരാറുണ്ട്. പക്ഷേ അലിഗഢ് യൂണിവേഴ്സിറ്റി കോര്‍ട്ടിന്റെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിച്ചത്. തീവ്ര നിലപാടുള്ള വരെ തന്നെ അങ്ങോട്ടേക്ക് അയക്കണമെന്ന് ബി.ജെ.പി തീരുമാനിച്ചിരുന്നു.

അവരുടെ ഭൂരിപക്ഷം ഉറപ്പിക്കാന്‍ ബി.ജെ.പി വലിയ ശ്രമം നടത്തി. അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവര്‍ നടത്തിയ നീക്കത്തിന് നമുക്ക് തടയിടാന്‍ കഴിഞ്ഞു എന്നു പറയുന്നത് ഒരു ചെറിയ കാര്യമല്ല. അതിന് ഒരു വലിയ രാഷ്ട്രീയ മാനം ഉണ്ട്.

അതുകൊണ്ടാണ് മത്സരിക്കണമെന്ന് സി.പി.ഐ.എം തീരുമാനിക്കുന്നത്. അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി പിടിച്ചെടുക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ ചെറുത്തുനില്‍ക്കണമെന്നത് സി.പി.ഐ.എമ്മിന്റെ കാഴ്ചപ്പാടാണ്. അങ്ങനെയാണ് എന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നത്. അത് പാര്‍ട്ടി സ്വതന്ത്രമായി തീരുമാനിച്ചതാണ്.

അങ്ങനെയാണ് നോമിനേഷന്‍ കൊടുക്കാന്‍ തീരുമാനിക്കുന്നതും കൊടുക്കുന്നതും. പിന്നീടാണ് ഇന്ത്യ മുന്നണിക്കകത്ത് പൊതുവില്‍ ധാരണയായി വരുന്നത്. അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി പോലുള്ള ഒരു സര്‍വകലാശാലയെ ഹൈജാക്ക് ചെയ്യാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്കെതിരെ ഒരു സേഫ് ഗാര്‍ഡ് ആയി പ്രവര്‍ത്തിക്കാന്‍ സി.പി.ഐ.എമ്മിന് സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യവും എന്നെ സംബന്ധിച്ചുണ്ട്.

ആര്യ.പി: രാജ്യസഭയിലെ അംഗങ്ങളായ കേന്ദ്രമന്ത്രിമാരടക്കം ഭരണ മുന്നണിയിലെ പ്രമുഖരെല്ലാം വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ബി.ജെ.പി എം.പിമാരെ വിജയിപ്പിക്കാനുള്ള ഇടപെടലുകള്‍ നടത്തുകയും ചെയ്തെങ്കിലും ഒറ്റക്കെട്ടായി നിന്ന് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. നാല്‍പതില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ബി.ജെ.പി പ്രതിനിധികള്‍ക്ക് ലഭിച്ചത്. ആരെല്ലാമായിരുന്നു ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികള്‍, ഈ പരാജയം ബി.ജെ.പി പ്രതീക്ഷിച്ചതാണോ?

എ.എ റഹീം: ഒരിക്കലുമല്ല. മാത്രമല്ല സി.പി.ഐ.എമ്മും സി.പി.ഐയും ചേര്‍ന്ന് ഏഴു പേര്‍ മാത്രമാണ് രാജ്യസഭയില്‍ ഞങ്ങള്‍ക്ക് ഉള്ളത്. സി.പി.ഐ.എമ്മിന് അഞ്ചും സി.പി.ഐക്ക് രണ്ടും. പിന്നെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഒരു വോട്ടും ചേര്‍ന്ന് പരമാവധി ലെഫ്റ്റിന് അവിടെ പറയാവുന്നത് എട്ട് വോട്ടുകള്‍ ആണ്. അവിടെ നിന്നാണ് 49 ലേക്ക് നമ്മള്‍ എത്തിയത്.

40 ന് മുകളിലോട്ട് എന്തായാലും ജയിക്കാന്‍ വേണമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് തന്നെ എട്ട് വോട്ടിന്റെ ബേസുള്ള ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയില്ലെന്ന ഒരു വിശ്വാസമാണ് ബി.ജെ.പിയെ നയിച്ചത്. പിന്നെ മറ്റൊരു കാര്യം അവര്‍ വളരെ പ്രാധാന്യത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ കണ്ടത് എന്നതാണ്.

അതുകൊണ്ട് തന്നെയാണ് വളരെ പ്രധാനപ്പെട്ട ആളുകളെ അവര്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. അതോടൊപ്പം തന്നെ മന്ത്രിമാര്‍ ഉള്‍പ്പെടെ മുഴുവന്‍ പേരും വന്ന് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. രാജ്യസഭയിലെ മുഴുവന്‍ മന്ത്രിമാരും വന്നു.

ബി.ജെ.പിയിലെ മുഴുവന്‍ പേരെയും കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിച്ചു. അത്ര പ്രാധാന്യത്തോടെയാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ വിജയിക്കുമെന്നും അവര്‍ക്കുറപ്പായിരുന്നു. പക്ഷേ ഒരു വലിയ അട്ടിമറി വിജയം നമുക്ക് നേടിയെടുക്കാന്‍ കഴിഞ്ഞു. മതേതര ജനാധിപത്യ കക്ഷികള്‍ക്ക് തീര്‍ച്ചയായും ഒരു പ്രതീക്ഷ നല്‍കുന്ന വിജയം തന്നെയാണ് ഉണ്ടായത്. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് കൊടുക്കാന്‍ ഞങ്ങള്‍ കഴിഞ്ഞത്

ആര്യ.പി:  ‘ഇന്ത്യ’ സഖ്യം നിലവില്‍ വന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പാക്കാന്‍ സഖ്യത്തിനായി. ബി.ആര്‍.എസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ‘ഇന്ത്യ’ സഖ്യത്തോടൊപ്പം നിന്നു. മറ്റ് ആരുടെയൊക്കെ പിന്തുണ ഉറപ്പിക്കാന്‍ സഖ്യത്തിനായിരുന്നു?

എ.എ റഹീം: വ്യക്തിപരമായി ഓരോരുത്തരും ചെയ്ത വോട്ടുകള്‍ തന്നെയാണ് അത്. നിരവധി പേര്‍ അങ്ങനെ വോട്ട് ചെയ്തിട്ടുണ്ട്. അല്ലാതെ ഇത്രയും ഭൂരിപക്ഷം എനിക്ക് കിട്ടില്ല. ബി.ആര്‍.എസ് വളരെ പരസ്യമായി തന്നെയാണ് ഇക്കാര്യത്തില്‍ നിലപാടെടുത്തത്. അവരുടെ മുഴുവന്‍ അംഗങ്ങളും, സഭയിലെ നേതാക്കന്മാര്‍ ഉള്‍പ്പെടെ നേരിട്ട് വന്ന് വളരെ പ്രകടമായി തന്നെ എനിക്ക് വോട്ട് ചെയ്തു. അല്ലാതെ ബി.ജെ.പിയെ പിന്തുണയ്ക്കാറുള്ള നിരവധി ആളുകള്‍ നമുക്ക് വോട്ട് ചെയ്തിട്ടുണ്ട്. അത് ആരൊക്കെയാണ് എന്തൊക്കെയാണ് എന്ന് രഹസ്യ ബാലറ്റ് ആയതുകൊണ്ട് തന്നെ നമുക്ക് പറയാന്‍ സാധിക്കില്ല.

ആര്യ.പി: സര്‍വകലാശാലയുടെ പരമോന്നത ഭരണ സമിതിയാണല്ലോ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട്. നിയമം, ചട്ടങ്ങള്‍, ഓര്‍ഡിനന്‍സുകള്‍ തുടങ്ങി സര്‍വകലാശാലയുടെ എല്ലാ അധികാരങ്ങളും നിയന്ത്രിക്കുന്നത് എ.എം.യു കോര്‍ട്ടാണല്ലോ. തെരഞ്ഞെടുപ്പില്‍ നേടിയ ഈ വിജയം ഏതെല്ലാം രീതിയിലുള്ള മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്, അല്ലെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്നാണ് താങ്കള്‍ കരുതുന്നത്?

എ.എ റഹീം: അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ അക്കാദമിക നിലവാരവും അതോടൊപ്പം തന്നെ അതിന്റെ സെക്യുലര്‍ ഐഡന്റിറ്റിയും ശക്തമായി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കും. മറ്റൊന്ന് അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി ബി.ജെ.പി ലക്ഷ്യം വെച്ചിരിക്കുന്നു എന്ന് ഈ തെരഞ്ഞെടുപ്പിലൂടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. അപ്പോള്‍ സ്വാഭാവികമായും അവിടെ ഉത്തരവാദിത്തം വര്‍ധിക്കും. അതിലെല്ലാം ഞങ്ങളുടെ വലിയ ജാഗ്രത ഉണ്ടാകും.

ആ ജാഗ്രതയും ആ രാഷ്ട്രീയ തീരുമാനവും എന്റെ പാര്‍ട്ടിക്ക് ഉള്ളതുകൊണ്ടാണ് എന്നെ അവിടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതും വിജയം ഉറപ്പിച്ചതും. ഞങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ ഒരു ജാഗ്രത പുലര്‍ത്താറുണ്ട്.

ഉദാഹരണത്തിന് രാജ്യസഭയില്‍ ഏകസിവില്‍ കോഡ് കൊണ്ടുവന്നു ഞങ്ങള്‍ ആ കാര്യത്തില്‍ വലിയ ജാഗ്രതയോടെ നിലയുറപ്പിച്ചു. ഞങ്ങളുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് ഒരുപക്ഷേ അവര്‍ പാസാക്കുമായിരിക്കും പക്ഷേ എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. ആ രീതിയില്‍ അത് രേഖപ്പെടുത്തും. എതിര്‍ക്കുന്നവര്‍ ചിലപ്പോള്‍ എണ്ണത്തില്‍ കുറവായിരിക്കുമെന്ന് മാത്രം.

അതുപോലെ തന്നെയാണ് വഖഫ് റിപ്പീല്‍ ബില്ല് എത്രയോ കാലമായി കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ആ ബില്‍ ഉള്‍പ്പെടെ കൊണ്ടുവന്ന ഹര്‍നാഥ് സിങ് എന്നയാളെയാണ് ബി.ജെ.പി അലിഗഢ് യൂണിവേഴ്സിറ്റി കോര്‍ട്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പിലേക്ക് മത്സരിപ്പിച്ചത് എന്ന് കൂടി ഓര്‍ക്കണം.

വഖഫ് റിപ്പീല്‍ ബില്ലിനെതിരെ ഞങ്ങള്‍ നിരന്തര ജാഗ്രത പുലര്‍ത്തി. ആ ദിവസങ്ങളില്‍ ഞങ്ങള്‍ എത്തിച്ചേരുകയും കൃത്യമായി അതിനെ എതിര്‍ക്കുകയും ചെയ്തു. അത്തരത്തില്‍ സൂക്ഷ്മതയോടെ പാര്‍ലമെന്റിലെ ഇത്തരം നടപടികളെ വീക്ഷിക്കുകയും സംഘപരിവാറിന്റെ ഹിഡന്‍ അജണ്ടകള്‍ക്ക് ശക്തമായ എതിരഭിപ്രായം സ്വീകരിക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിക്കുകയും ചെയ്യും. സി.പി.ഐ.എമ്മിന്റെ ആ ജാഗ്രതയാണ് അലിഗഢ് യൂണിവേഴ്സിറ്റിയിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതും അവരെ വിജയിപ്പിക്കാന്‍ ഇടയാക്കിയതും.

ആര്യ.പി: വര്‍ത്തമാനകാല ഇന്ത്യയിലെ അലിഗഢിന്റെ പ്രസക്തിയെ എങ്ങനെയാണ് താങ്കള്‍ നോക്കിക്കാണുന്നത്?

എ.എ റഹീം: ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. വളരെ കുറഞ്ഞ സംവാദങ്ങളും ഗവേഷണങ്ങളും നടത്തുന്ന നാട്. കഴിഞ്ഞദിവസം തന്നെ പാര്‍ലമെന്റില്‍ എനിക്ക് കിട്ടിയ ഒരു മറുപടിയുണ്ട്. ഗവേഷണ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന് വേണ്ടിയിട്ട് ഇന്ത്യ ചെലവഴിക്കുന്ന പണം എത്രയാണെന്ന് ചോദിച്ചിരുന്നു. വളരെ നാമമാത്രമായ ഒരു ശതമാനം മാത്രമാണ് നമ്മള്‍ അതിനു വേണ്ടി ചിലവഴിക്കുന്നത് എന്നാണ് മനസിലായത്.

പൊതുവില്‍ തന്നെ ഉന്നത സര്‍വകലാശാലകളെയും ഗവേഷണ അനുബന്ധ പ്രവര്‍ത്തനങ്ങളെയും നിരുത്സാഹപ്പെടുത്തുന്ന നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. മൗലാന അബുള്‍കലാം ആസാദ് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കി. പിന്നെ ന്യൂനപക്ഷങ്ങളും ദളിതരും വലിയ തോതില്‍ സൈഡ് ലൈന്‍ ചെയ്യപ്പെടുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് മുസ്‌ലിം സര്‍വകലാശാലയുടെ പ്രസക്തി ഇന്നത്തെ ഇന്ത്യയില്‍ പ്രധാനപ്പെട്ടതാകുന്നത്. ആ സര്‍വകലാശാലയുടെ അക്കാദമിക ഔന്നിത്യം ഉയര്‍ത്തിപ്പിടിക്കുക എന്നുള്ളതും അതിന്റെ സ്വതന്ത്രമായ സ്വത്വം നിലനിര്‍ത്തുക എന്നതും ഇന്നത്തെ ഇന്ത്യയില്‍ വലിയ രാഷ്ട്രീയ സമരമാണ്. അതാണ് ഈ കാര്യത്തില്‍ സി.പി.ഐ.എം കാണുന്നത്.

ആര്യ.പി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള വിധികളെ സുപ്രീം കോടതി തള്ളിക്കളയുന്ന ഒരു സാഹചര്യമുണ്ടായി. മണിപ്പൂര്‍ വിഷയത്തിലും സുപ്രീം കോടതി വൈകിയാണെങ്കിലും കര്‍ക്കശമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സമീപകാലത്തെ കോടതി ഇടപെടലുകളെ എങ്ങനെയാണ് നോക്കിക്കാണുന്നത് ?

എ.എ റഹീം: കോടതിവിധിയെ അതിന്റെ മെറിറ്റിലാണ് നമ്മള്‍ എപ്പോഴും കാണേണ്ടത്. സുപ്രീംകോടതിയില്‍ നിന്ന് ജനാധിപത്യത്തിന് വളരെ ആശ്വാസകരമായ വിധിന്യായങ്ങളാണ് സമീപകാലത്തായി ഉണ്ടായിരിക്കുന്നതെന്ന് നമുക്ക് പറയാം. മണിപ്പൂര്‍ വിഷയത്തില്‍ ഉണ്ടായ വിധി അതില്‍ ഏറെ പ്രധാനപ്പെട്ടതാണ്.

ദല്‍ഹി സര്‍ക്കാറിന്റെ അധികാരവുമായി ബന്ധപ്പെട്ട് വന്ന വിധി മറ്റൊരു പ്രധാനപ്പെട്ട വിധിയാണ്. ഇത് ഒരു സേഫ് ഗാര്‍ഡ് ആയി നിന്നു എന്നുള്ളത് തന്നെയാണ് കാണേണ്ടത്. എപ്പോഴും അങ്ങനെ ആയിരിക്കണം. ഭരണഘടനയുടെ കാവലാളാണ് ഇന്ത്യയുടെ പരമോന്നത കോടതി.
അതുണ്ടാവണം.

സുപ്രീം കോടതി വിധികളെയാണ് ഇവര്‍ ഇപ്പോള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ദല്‍ഹി ബില്ല് പാര്‍ലമെന്റില്‍ വരുന്നു അതില്‍ ഓഡിനന്‍സ് ഇറക്കുന്നു, അത് ബില്ല് ആയിട്ട് പാര്‍ലമെന്റില്‍ വരുന്നു. അതില്‍ രാജ്യസഭയില്‍ നല്ല വോട്ടിങ് വന്നു. 102 ഉം 131 ഉം എന്ന നിലയില്‍ നില്‍ക്കേണ്ടി വന്നു. 102 എന്ന വോട്ടിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞത് വലിയ വോട്ടാണ്. ചെറുതല്ല. വൈ.എസ്.ആര്‍.സി.പിയുടേയും ബി.ജെ.ഡിയുടേയും പിന്തുണ ഇല്ലെങ്കില്‍ ബി.ജെ.പിക്ക് അത് പാസാക്കിയെടുക്കാന്‍ കഴിയില്ല.

കഴിഞ്ഞ ദിവസം രാജ്യസഭയിലെ കൊണ്ടുവന്ന ബില്ല് എന്തായിരുന്നു, തെരഞ്ഞെടുപ്പ് കമ്മീഷണറെ നിശ്ചയിക്കാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റാനുള്ള ബില്ലാണ് കഴിഞ്ഞ ദിവസം കൊണ്ടുവന്നത്. സമീപകാലത്ത് ഇസ്രഈലില്‍ നടന്നുകൊണ്ടിരിക്കുന്നതിന്
സമാനമായ സംഭവങ്ങളാണ് ഇവിടെ ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണഘടനയ്ക്ക് സംരക്ഷണം നല്‍കേണ്ട സുപ്രീംകോടതി വിധികളെ അസ്ഥിരപ്പെടുത്തുന്ന നിയമനിര്‍മാണം കൊണ്ടുവരികയാണ്.

തത്വത്തില്‍ ഭരണഘടന വിരുദ്ധമായ നിയമനിര്‍മാണങ്ങളാണ് എല്ലാം. ആ നിയമ ഭേദഗതികള്‍ എല്ലാം കൊണ്ടുവരുന്നത് സമീപകാലത്ത് ഇസ്രഈലില്‍ നടന്ന നിയമനിര്‍മാണത്തെയും ഭേദഗതികളെയും അനുസ്മരിപ്പിക്കുന്ന കാര്യങ്ങളാണ്. അതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകണം. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ നിന്നും നീതിയുക്തമായ വിധികള്‍ തുടര്‍ന്നും ഉണ്ടാകണം.

ആര്യ.പി: അവിശ്വാസ പ്രമേയം നല്‍കിയതിന് ശേഷം ഇരു സഭകളിലും ബില്ലുകള്‍ പാസാക്കുന്നതില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. സര്‍ക്കാരിനെതിരെ ജൂലൈ 26ന് അവിശ്വാസ പ്രമേയത്തിനുള്ള അനുമതി ലഭിച്ചതിന് ശേഷം ഇതുവരെ 12 ഓളം ബില്ലുകളാണ് സഭ പാസാക്കിയത്. അവിശ്വാസ പ്രമേയം അംഗീകരിച്ചതിന് ശേഷം സഭ നടത്തുന്ന ഏത് നിയമനിര്‍മാണ പ്രവര്‍ത്തനവും ഔചിത്യ ലംഘനമല്ലേ ?

എ.എ റഹീം: തീര്‍ച്ചയായും അത് തെറ്റാണ്. കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്. ഒരു കാരണവശാലും അത് ചെയ്യാന്‍ പാടില്ല. ഒരു ഗവണ്‍മെന്റിനോടുള്ള അവിശ്വാസം ഉയര്‍ന്നു വന്നാല്‍, ഒരു മന്ത്രിസഭയോട് അവിശ്വാസവും ഉയര്‍ന്നു വന്നാല്‍ ആ അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്ത് അതിനെ മറികടക്കുന്നതുവരെ പ്രധാനപ്പെട്ട നിയമനിര്‍മാണങ്ങള്‍ നടത്താന്‍ പാടില്ല.

പക്ഷേ എന്തൊക്കെയാണ് നടപ്പിലാക്കിയത്. ബയോഡൈവേഴ്സിറ്റി ബില്ല് വരുന്നു. ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ല് വരുന്നു. ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് അമെന്‍മെന്റ് വരുന്നു. ദല്‍ഹി ഓഡിനന്‍സ് ബില്ലായി വരുന്നു. മൈനിങ്ങുമായി ബന്ധപ്പെട്ട ബില്ല്. ഇതൊക്കെ വളരെ പ്രധാനപ്പെട്ട, രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന ഗുരുതരമായ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ബില്ലുകളാണ്.

ഇതൊക്കെ അവര്‍ പാര്‍ലമെന്റ് ഉള്ളില്‍ പാസാക്കി കൊണ്ടിരിക്കുകയാണ്. ഇതിലെല്ലാം ഒരു കോര്‍പ്പറേറ്റ് ആന്‍ഡ് കമ്മ്യൂണല്‍ മിക്സസ് കാണാന്‍ കഴിയും.

ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ആവശ്യമായ ബില്ലുകള്‍ ആണ് ഇതില്‍ പലതും. മറ്റൊന്ന് കമ്മ്യൂണല്‍ താത്പര്യം. കോര്‍പ്പറേറ്റ് കമ്മ്യൂണല്‍ നെക്സസ് ഇന്ത്യയെ വല്ലാതെ വരിഞ്ഞുമുറുക്കുന്നു. കോര്‍പ്പറേറ്റ് കമ്മ്യൂണല്‍ താത്പര്യങ്ങള്‍ പാര്‍ലമെന്റിനെ ഉപയോഗിച്ച് അവര്‍ നടപ്പിലാക്കുന്നു. സാധാരണക്കാരായ മനുഷ്യരുടെ എന്തെങ്കിലും ഒരു കാര്യത്തെയോ താത്പര്യത്തെയോ അവര്‍ അഡ്രസ്സ് ചെയ്യുന്നില്ല എല്ലാം കോര്‍പ്പറേറ്റുകളുടെ താത്പര്യമാണ്. തീവ്ര വര്‍ഗീയതയുടെ താല്പര്യമാണ്. ഇത് രണ്ടും ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല.

ആര്യ.പി: ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേ നടക്കുകയാണ്. ഹിന്ദുക്ഷേത്രം തകര്‍ത്താണോ പള്ളി നിര്‍മിച്ചതെന്ന് നിര്‍ണയിക്കാന്‍ സര്‍വേ വേണമെന്നാവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകള്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു വാരണാസി കോടതിയുടെ അനുകൂല ഉത്തരവ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ സര്‍വേക്ക് അനുമതി നല്‍കിയത് ന്യായമാണെന്നും നീതി ഉറപ്പാക്കാന്‍ ശാസ്ത്രീയ സര്‍വേ നടത്തേണ്ടത് ആവശ്യമാണെന്നുമായിരുന്നു അപ്പീലില്‍ ഹൈക്കോടതി പറഞ്ഞത്. സര്‍വേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീലും കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഇത്തരം നടപടികളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?

എ.എ റഹീം: നമ്മുടെ ആദ്യത്തെ ചോദ്യത്തിന്റെ തുടര്‍ച്ചയാണ് ഇത്. രാജ്യത്ത് വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കുക. തര്‍ക്കങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുക. എല്ലായ്‌പ്പോഴും അങ്ങനെയാണ്. മുസ്‌ലിങ്ങളെയാണ് ഇപ്പോള്‍ ടാര്‍ഗറ്റ് ചെയ്യുന്നത്. മുസ്‌ലിങ്ങളുടെ ആരാധനാലയങ്ങളെയാണ് ഇപ്പോള്‍ ടാര്‍ഗറ്റ് ചെയ്യുന്നത്.

ഗ്യാന്‍വാപി മസ്ജിദ്

നാളെ ഇത് ക്രിസ്ത്യാനിറ്റിയുടെ നേരെയാകും. കേരളത്തില്‍ തന്നെ ശബരിമലയുടെ അടുത്ത് ബി.ജെ.പി ക്രിസ്ത്യാനികള്‍ക്കെതിരായി ഒരു ക്യാമ്പയിന്‍ നടത്തിയില്ലേ. നിലയ്ക്കല്‍ പ്രക്ഷോഭമെന്ന പേരില്‍. ശബരിമലയുടെ പൂങ്കാവനത്തില്‍ കുരിശിരിക്കുന്നു എന്ന് പറഞ്ഞിട്ടായിരുന്നു അത്.

ഇത്തരത്തിലുള്ള അവകാശങ്ങള്‍ ഉന്നയിക്കുക എന്നുള്ളതാണ്. സമാധാനപരമായി പോകുന്ന സ്ഥലങ്ങളെ തര്‍ക്കസ്ഥലങ്ങള്‍ ആക്കി മാറ്റുക. ഇത് മുസ്‌ലിം  ജനവിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനും ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്നതിനുമുള്ള രാഷ്ട്രീയ പദ്ധതിയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി തന്നെ ഇടപെടുന്നതാണ്. ഒരൊറ്റ ലക്ഷ്യമാണ്. ഡിവൈഡ് ആന്‍ഡ് റൂള്‍ അതാണ് അവരുടെ പൊളിറ്റിക്കല്‍ ടൂള്‍. ബ്രിട്ടീഷുകാര്‍ ചെയ്തത് തന്നെയാണ് ഇവരും ചെയ്യുന്നത്.

ആര്യ.പി: ഒരു അഖിലേന്ത്യാ സംഘടനയെന്ന നിലയില്‍ രാജ്യത്ത് നടക്കുന്ന വിവിധ വിഷയങ്ങളെ ഡി.വൈ.എഫ്.ഐ എങ്ങനെയാണ് നോക്കിക്കാണുന്നത്. ഇതിലൊക്കെ ക്രിയാത്മകമായി എന്ത് ഇടപെടലാണ് ഡി.വൈ.എഫ്.ഐ നടത്താനാവുക?

എ.എ റഹീം: ഡി.വൈ.എഫ്.ഐ വളരെ വിപുലമായി തന്നെ എല്ലാ സംസ്ഥാനങ്ങളിലും പരമാവധി യുവതി യുവാക്കളെ കോര്‍പ്പറേറ്റ് കമ്മ്യൂണല്‍ നെക്സസിനും അവരുടെ അജണ്ടകള്‍ക്കും എതിരെ അണിനിരത്താന്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ പ്രധാനമായും തൊഴിലില്ലായ്മ, തൊഴില്‍ സ്ഥിരതയില്ലായ്മ, കുറഞ്ഞ വേതനം ഈ പ്രശ്നങ്ങളെ എല്ലാം മുന്‍നിര്‍ത്തിക്കൊണ്ട് യുവതി യുവാക്കളെ സംഘടിപ്പിക്കാന്‍ ആണ് ശ്രമിക്കുന്നത്.

ആ മുന്നേറ്റത്തെ ഇന്ത്യയിലെ കര്‍ഷകമുന്നണികളുമായും തൊഴിലാളി മുന്നണികളുമായും ചേര്‍ത്തുകൊണ്ട് കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. അതാണ് ഇന്നത്തെ കാലത്തിന്റെ രാഷ്ട്രീയ കടമ എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. അത്തരമൊരു മുന്നേറ്റത്തിന്റെയും പുരോഗതിയുടെയും വഴിയിലാണ് ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Interview with Member of parliament and President of the Democratic Youth Federation of India A.A Rahim

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.