“ജീവാംശമായി പ്രാണനില്‍”….. എന്നുതുടങ്ങുന്ന തീവണ്ടിയിലെ ഗാനത്തോളം ഹിറ്റായ ഒരു ഗാനവും സമീപകാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ തീവണ്ടിയിലെ ഗാനങ്ങള്‍ മൂളി നടക്കുന്നു. ഈ ഗാനങ്ങള്‍ ഹിറ്റായതിന് പിന്നില്‍ കൈലാസ് മേനോന്‍ എന്ന് യുവ സംഗീത സംവിധായകന്റെ പങ്ക് വളരെ വലുതാണ്.
ചില കാരണങ്ങളാല്‍ തീവണ്ടി “ഓടിയെത്താന്‍” വൈകിയെങ്കിലും ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് തന്നെയാണ് കൈലാസിന്റെ വിശ്വാസം. ചിത്രത്തെ കുറിച്ചും തന്റെ സംഗീത ജിവിതത്തെ കുറിച്ചുമെല്ലാം ഡൂള്‍ന്യൂസിനോട് മനസ്തുറക്കുകയാണ് കൈലാസ് മേനോന്‍
“തീവണ്ടി” ഇത്തിരി വൈകിയാണെങ്കിലും ഓടിയെത്തിയിരിക്കുകയാണ്, ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം റിലീസിന് മുമ്പ് തന്നെ ഹിറ്റുമാണ്, എന്തൊക്കെയാണ് പ്രതീക്ഷകള്‍ ?
നല്ല ആത്മവിശ്വാസമുണ്ട് ഇപ്പോള്‍. കാരണം സിനിമ കണ്ടതിന് ശേഷമാണ് നമ്മള്‍ പശ്ചാത്തല സംഗീതം ചെയ്യുന്നത്. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെയും വളരെ രോമാഞ്ചം കൊള്ളിച്ച സിനിമയാണ് ഇത്. ഞാന്‍ പ്രവര്‍ത്തിച്ച സിനിമയാണെന്ന് കരുതാതെ വളരെയേറെ ആസ്വദിച്ച് സംഗീതം ചെയ്ത സിനിമയാണിത്. ഇതൊരു ഫണ്‍ മൂവിയാണ്. ആ ഒരു ടീം തന്നെ ഫ്രണ്ടിലി ആയിട്ടുള്ളതാണ്.
ഒരു ഫ്രണ്ട്‌സ് ടീം തന്നെയാണ് ഈ സിനിമ ചെയ്യുന്നത്. സിനിമയിലെ നായകനായ ടൊവിനോ ആ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളതാണ്. ഒരു സിനിമ എന്നതിനേക്കാളുപരി അതിന്റെ ഒരു വൈബ് ആക്ഷന്‍ ഓരോ രംഗത്തും നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയൊരു പ്രതീക്ഷയാണ് പടത്തില്‍.
ജീവാംശമായി എന്ന ഗാനം ഒരു കോടിയിലധികം ആളുകളാണ് കേട്ടത്, ഗാനം ഇത്തരത്തില്‍ ആളുകള്‍ ഏറ്റെടുക്കുമെന്ന് കരുതിയിരുന്നോ ?
ജീവാംശമായി എന്ന പാട്ട് ഇത്രത്തോളം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഒന്നേമുക്കാല്‍ കോടി ആളുകളാണ് ഈ പാട്ട് കണ്ടത്. എനിക്കി പണ്ട് മുതലേ ആത്മാര്‍ത്ഥമായി നല്ല പാട്ടുകള്‍ ചെയ്യണമെന്ന ഭയങ്കരമായ ആഗ്രഹമുണ്ടായിരുന്നു. അതായത് തൊട്ട് മുന്‍പ് ഹിറ്റായ പാട്ട് ഇത്തരത്തിലാണ് അതുകൊണ്ട് ആ ട്രന്റ് നഷ്ടമായി എന്ന് പറയുന്നതിലുപരി നമ്മള്‍ ചെയ്യുന്ന പാട്ടുകള്‍ നല്ല പാട്ടുകളായിരിക്കണം.
വര്‍ഷങ്ങള്‍ കഴിഞ്ഞാലും നമ്മുടെ പാട്ടിനെക്കുറിച്ച് സംസാരിക്കണം എന്ന ആഗ്രഹമൊക്കെ ഉണ്ട്. പക്ഷേ ഈ ഒരു കാര്യത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ പാട്ടുകള്‍ എടുത്തു കഴിഞ്ഞാല്‍ അത് ഇത്തരത്തില്‍ ഉള്ള പാട്ടുകളാണെന്ന് പറയാന്‍ കഴിയില്ല. കുറെക്കൂടെ വെസ്‌ന്റേണ്‍ ഫീല്‍ ഓറിയന്റഡ് ആയിട്ടും വളരെ ഹാപ്പി,പ്ലസ്ന്റ് ഫീല്‍ ആയിട്ടുള്ള പാട്ടുകളാണ് ഉള്ളത്.
എനിക്ക് തോന്നിയിട്ടുള്ളത് വിവിധ തരത്തിലുള്ള ഇമോഷന്‍സിനെക്കാളുപരി സന്തോഷം എന്ന ഒരൊറ്റ ഇമോഷന്‍് മാത്രമാണ് പലപ്പോഴും എല്ലാ പാട്ടുകളിലും ഫീല്‍ ചെയ്യാറുള്ളത്. ഞാനൊക്കെ എ.ആര്‍.റഹ്മാന്‍, ഇളയരാജ, ഔസേപ്പച്ചന്‍ സര്‍, രവീന്ദ്രന്‍ മാഷ്, ശരത് സര്‍ എന്നിവരുടെ പാട്ടുകള്‍ കേട്ടാണ് വളര്‍ന്നത്. അതുകൊണ്ട് തന്നെ എന്റെ ഉള്ളിലുള്ള മെലഡീസെന്‍സ് എന്ന് പറഞ്ഞാല്‍ അങ്ങനെ ഉള്ളതാണ്.
ഭയങ്കരമായിട്ടുള്ള ഹൃദയസ്പര്‍ശിയായ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന ഓരാളാണ് ഞാന്‍. വെറുതെ ഒരു “ഹാപ്പി, ഹാപ്പി” പാട്ടുകളേക്കാള്‍ അങ്ങനെ ഒരു പാട്ടാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പിന്നെ നമ്മള്‍ അങ്ങനെ ഒരു പാട്ട് ചെയ്താല്‍ അത് ഇപ്പോഴത്തെ രീതിയിലുള്ള ആളുകള്‍ക്ക് ഇഷ്ട്‌പ്പെടുമോ, അല്ലെങ്കില്‍ ഇപ്പോഴത്തെ ട്രെന്റ് എന്നുള്ള നിലയ്ക്ക് ഇത് മാറി നില്‍ക്കുമോ എന്നുള്ള സംശയമുണ്ടായിരുന്നു. അതിന് കാരണം പാട്ട് ചെയ്ത സമയത്ത് സംവിധായകന് ഇഷ്ടപ്പെട്ടെങ്കിലും ബാക്കിയുള്ള ആളുകള്‍ക്ക് ഇഷ്ട്‌പ്പെട്ടിരുന്നില്ല. ഷൂട്ടിന്റെ സമയത്ത് പാട്ട് മാറ്റണം എന്ന് പറഞ്ഞ് ബഹളമായിരുന്നു. ഇങ്ങനെയുള്ള പാട്ടുകളും ഇത്തരത്തിലുള്ള വരികളും ഇക്കാലത്ത് ആരെങ്കിലും കേള്‍ക്കുമോ എന്നൊക്കെ പലരും പറഞ്ഞു. പാട്ടൊന്ന് മാറ്റിപ്പിടിച്ചൂടെ സീനുകളായൊന്നും സാമ്യം ആകുന്നില്ലെന്നും പറഞ്ഞു.
എന്നാല്‍ അവിടെ നമ്മുടെ ആത്മവിശ്വാസവും സംവിധായകന്റെ പിന്തുണയും അവര്‍ നമ്മളില്‍ അര്‍പ്പിച്ച വിശ്വാസവും എല്ലാംകൊണ്ടാണ് അവസാന നിമിഷം ഈ പാട്ട് തന്നെ മതി എന്ന് പറയുന്നത്. അതില്‍ സംവിധായകനോട് ഞാനൊരു കാര്യം പറഞ്ഞിരുന്നു. നമ്മുടെ സിനിമ ചെയ്യുന്നവരുടെ പ്രശ്‌നം എന്ന് പറയുന്നത് നമ്മള്‍ പ്രേക്ഷകരെ വല്ലാതെ തെറ്റിദ്ധരിക്കുന്നുണ്ട്.
ആസ്വദിക്കുന്നവര്‍ക്ക് ഇതാണ് വേണ്ടത് കേള്‍ക്കുന്നവര്‍ക്ക് ഇതാണ് വേണ്ടതെന്ന് നമ്മള്‍ അങ്ങ് തീരുമാനിക്കും. എന്നാല്‍ കേള്‍ക്കുന്ന ആളുകള്‍ ഓപ്പണ്‍ ടു എനിത്തിംഗ് എന്ന രീതിയിലാണ്. അതില്‍ നല്ല പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അപ്പോള്‍ അങ്ങനെ ആദ്യമേ ജഡ്ജ് ചെയ്യരുത്. നമുക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്യുക ബാക്കി വരുന്നിടത്ത് വച്ച് കാണാം എന്ന രീതിയില്‍ വിടുക.
പിന്നെ എല്ലാ ജനറേഷന്റെയും അടുത്ത് ഇത് എത്തുമോയെന്ന് സംശയം ഉണ്ടായിരുന്നു. കാരണം ഇതിനപ്പുറത്തുള്ള പാട്ടുകള്‍ ഒരു 30 വയസ്സായിട്ടുള്ള ആളുകളിലും എത്തുമെന്ന് നമുക്കറിയാം. കാരണം അവരുടെ ഓര്‍മ്മകളിലൂടെയാണല്ലോ അത്തരം പാട്ടുകള്‍ വരുന്നത്. പക്ഷേ യുവാക്കളില്‍ അത് എത്രത്തോളം എത്തുമെന്ന് സംശയമായിരുന്നു. എന്നാല്‍ പാട്ട് ഇറങ്ങിക്കഴിഞ്ഞത് തൊട്ട് രണ്ട് മൂന്ന് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ പ്രായമുള്ള ആളുകള്‍ വരെ പാട്ടിനെ മനസ്സറിഞ്ഞ് സ്വീകരിച്ചു എന്ന പോസ്റ്റീവായിട്ടുള്ള മറുപടികളാണ് വന്നത്. അതുകൊണ്ട് തന്നെ വളരെയേറെ സന്തോഷവുമുണ്ട്.
പൊതുവേ സംഗീതത്തിന് അനുസരിച്ച് വരികള്‍ എഴുതിച്ചേര്‍ക്കുന്ന രീതിയാണ് പലപ്പോഴും കാണാറുള്ളത്. ഇത്തരത്തില്‍ സംഗീതത്തിന് അനസരിച്ച് വരികള്‍ ഒപ്പിക്കുന്നതിനോട് എന്താണ് അഭിപ്രായം ?
നമുക്കുള്ളില്‍ വരുന്ന വരികള്‍ ഒരുപാട് അതിനെ ആശ്രയിച്ചിരിക്കും. വളരെ കഴിവുള്ള ആളുകളാണ്. അപ്പോള്‍ സംഗീത സംവിധായകന്റെയും പടം ചെയ്യുന്ന സംവിധായകന്റെയും ഇടപെടലുകള്‍ ഭയങ്കരമായിട്ട് വരികളില്‍ ഉണ്ടാകും. അപ്പോള്‍ അവരുടെ ഒരു സെന്‍സ് എത്രത്തോളമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഒരു പാട്ടിന്റെ വരികള്‍ നന്നാവുകയെന്നത്.
എന്റെ വ്യക്തിപരമായ ഇടപെടല്‍ വരികള്‍ നന്നായിരിക്കണമെന്നതാണ്. എന്തെങ്കിലും വരികള്‍ ചേര്‍ത്തുണ്ടാക്കുന്ന പാട്ടുകള്‍ എനിക്ക് ഇഷ്ടപ്പെടാറില്ല, ചിലപ്പോള്‍ അതിന്റെ സംഗീതം നല്ലതായിരിക്കും. പക്ഷേ വരികള്‍ ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലുള്ളതായിരിക്കില്ല. അതിന്റെ അര്‍ത്ഥം പോലും മനസ്സിലായെന്ന് വരില്ല. അങ്ങനെ ആവരുത് എന്റെ പാട്ടുകള്‍ എന്നൊരു നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. ഒരു പാട്ട് നമ്മള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് മനസ്സിലാകണം. കേള്‍ക്കുന്നവര്‍ക്ക് ആസ്വാദ്യകരമായിരിക്കണം.
ചിത്രത്തിലെ ഏറ്റവും ഹിറ്റായ ഗാനമാണ് ജീവാംശമായി ഈ ഗാനത്തിന്റെ പിറവി എങ്ങിനെയായിരുന്നു ?
ഹരിനാരായണന് ഈ പാട്ടിന്റെ സംഗീതം കിട്ടിയപ്പോള്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു ഞാന്‍ ഇപ്പോള്‍ തന്നെ വരികള്‍ എഴുതാന്‍ പോവുകയാണെന്ന്. 10-15 മിനിറ്റിനിടയില്‍ തന്നെ ആദ്യ വരി എഴുതി തന്നു. ജീവാംശമായി എന്ന് തുടങ്ങുന്നതായിരുന്നു ആ വരി. ആദ്യം തന്നെ എനിക്കും സംശമായി. കാരണം, ജീവാംശമായി എന്ന വാക്ക് അധികമാരും കേട്ടിട്ടില്ലാത്തതാണ്.
ജീവന്‍ എന്ന വാക്കും ജീവന്റെ അംശമായി എന്ന വാക്കുകളുമാണ് കേട്ടിട്ടുള്ളത്. എന്നാല്‍ ജീവാംശമായി എന്ന് കൂട്ടിച്ചേര്‍ത്ത വാക്ക് കേട്ടിട്ടില്ല. മാത്രവുമല്ല നമ്മള്‍ ആ പാട്ടിന് സംഗീതം ചെയ്യുമ്പോള്‍ ആ ഒരു ശബ്ദമായിരുന്നില്ല ഉദ്ദേശിച്ചിരുന്നത്. ആദ്യം ആ വരി ഉള്‍ക്കൊള്ളാന്‍ പറ്റിയില്ലെങ്കിലും ഒന്ന് രണ്ട് വട്ടം മൂളി നോക്കിയപ്പോള്‍ അതിന്റെ അര്‍ത്ഥം, അതായത് “ജീവന്റെ അംശമായി താനെ നീയെന്നില്‍ കാലങ്ങള്‍ മുന്നെ വന്നൂ” എന്ന് പറയുമ്പോള്‍ തന്നെ എത്ര വര്‍ഷങ്ങളായി ആഴത്തിലുള്ള ബന്ധമാണെന്ന് ആ വരികളില്‍ കിട്ടി.
ആ പാട്ട് ഇറങ്ങുന്നതിന് തലേദിവസം വരെ പല പല അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരുന്നത്. വരികള്‍ മാറ്റണം എന്ന രീതിയിലൊക്കെ. കൂറേ പേര്‍ പൈങ്കിളിയാണെന്ന് വരെ പറഞ്ഞിട്ടുണ്ട്. നമുക്ക് പൈങ്കിളിയാണെന്ന് അനുഭവപ്പെടുന്നത് ഇപ്പോഴത്തെ രീതിയിലുള്ള പാട്ടുകള്‍ കേട്ട് ശീലിച്ചതുകൊണ്ട് ഇങ്ങനെയുള്ള നല്ല വരികള്‍ വരുമ്പോള്‍ അത് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റില്ല.
കാല്‍പ്പാടുതേടിയലഞ്ഞു ഞാന്‍ എന്നൊക്കെ പറയുമ്പോള്‍ അത് പൈങ്കിളിയല്ല, അതിന് കവിതയുടെ ഭംഗിയാണ് വരുന്നത്. ഒരുപാട് അഭിപ്രായ വ്യത്യാസങ്ങള്‍ വന്നപ്പോള്‍ സംവിധായകന്‍ തന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ് പാട്ട് ഇറങ്ങുന്നത്. വ്യത്യസ്തമായൊരു സംഗീതം നമ്മള്‍ കൊണ്ട് വരുമ്പോള്‍ അത് ഇഷ്ടപ്പെട്ടാല്‍ ഇഷ്ടപ്പെട്ടു എന്ന ഉറപ്പിച്ചു പറയുന്നവരാകണം. അല്ലാതെ പാട്ട് ഇഷ്ടപ്പെട്ടു പക്ഷേ വരികള്‍ അങ്ങനെ മാറ്റിക്കൂടെ എന്നൊക്കെ പറയുന്നതില്‍ ഒര്‍ത്ഥവുമില്ല.
പക്ഷേ ഒരു സമയത്ത് മാത്രമാണ് സംവിധായകന് കേട്ട ഉടനെ തന്നെ ഇതല്ലടാ നമ്മുടെ ഫീല്‍ എന്നു പറഞ്ഞതുകൊണ്ട് ചെറിയ രീതിയിലുള്ള വ്യത്യാസം വരുത്തിയിരുന്നു. പിന്നീട് അദ്ദേഹം എന്റെ രീതിയില്‍ തന്നെ വിട്ടു. അതിന് മുന്‍പേ ഒരു അഭിമുഖത്തില്‍ വിദ്യാസഗറിനോട് ചോദിച്ച ചോദ്യം എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
എങ്ങനെയാണ് ലാല്‍ജോസിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ മാത്രം ഇത്രയും മനോഹരമായ പാട്ട് വരുന്നതെന്ന്. ലാല്‍ജോസ് അത്രയധികം പാട്ടുകളില്‍ സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് വിദ്യാസാഗര്‍ നല്‍കിയ മറുപടി ലാല്‍ജോസ് എന്ന വ്യക്തി അത്രയും സ്വാതന്ത്യം തരുന്നുണ്ട്. അത്രയും സ്വാതന്ത്യം നമുക്ക് അവര്‍ തരുമ്പോള്‍ നമ്മള്‍ ചെയ്യുന്ന ജോലിയിലും നമ്മള്‍ ആ പ്രാധാന്യം കൊടുക്കും.
ഈ സിനിമ പേരിനെ അന്വര്‍ത്ഥമാക്കുമ്പോലെ ഒരു പാട് പ്രാവശ്യം ലേറ്റ് ആയിട്ടാണ് വരുന്നത്, റിലീസ് പലപ്രാവശ്യം മുടങ്ങിയത് ആശങ്കയിലാഴ്ത്തിയിരുന്നോ ?
നമ്മള്‍ വിചാരിച്ച പല കാരണങ്ങള്‍ കൊണ്ടല്ല ഈ സിനിമ ഇത്രയും വൈകിയത്. നമ്മുടെ കയ്യില്‍ നില്‍ക്കാത്ത കുറേ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ റിലീസുകള്‍ മാറ്റി വയ്‌ക്കേണ്ടി വന്നത്. ചിലപ്രശ്നങ്ങള്‍ കാരണം ആദ്യം വൈകിയത്. പിന്നീട് പ്രളയം വന്നപ്പോള്‍ ഓണത്തിന് ഇറക്കാന്‍ പറ്റിയില്ല. അങ്ങനെ പല കാരണങ്ങളും ഉണ്ട്.
വ്യക്തിപരമായി നോക്കുകയാണെങ്കില്‍ സിനിമ വൈകിയെങ്കിലും എനിക്ക് ആശങ്കയുണ്ടായിരുന്നില്ല. കാരണം അത് എപ്പോഴായാലും റിലീസ് ആവും എന്നും അത് പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നും എനിക്ക് പൂര്‍ണ ബോധ്യമുണ്ട. എന്നാല്‍ ഈ സിനിമയില്‍ പ്രവര്‍ത്തിച്ച പലര്‍ക്കും അതില്‍ ഭയങ്കര വിഷമം ഉണ്ടായിരുന്നു. ചോദിക്കുന്നവരോട് എന്ത് പറയണമെന്ന് അറിയില്ല എന്നൊക്കെയുള്ള അവസ്ഥ.
ഇപ്പോള്‍ അത് കറങ്ങി തിരിഞ്ഞ് കൃത്യമായ സമയത്താണ് വന്ന് നില്‍ക്കുന്നത്. ജൂണ്‍ 29 ന് ഇറങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മറഡോണ ഇറങ്ങുന്നതിനാല്‍ ആ തിയ്യതി പിന്നെയും മാറ്റുകയായിരുന്നു. പ്രളയം ഒരുപാട് സിനിമയെ അത് ബാധിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നു ശരിക്കും സിനിമ ഇറങ്ങാനുള്ള ശരിയായ ടൈം ഇത്തന്നെയാണെന്ന്.
സംവിധായകനെ സംബന്ധിച്ചിടത്തോളം സിനിമ ഇറങ്ങുക എന്നതിലാണല്ലോ കാര്യം, അത് വൈകുമ്പോള്‍ കൂടുതള്‍ പ്രയാസം തോന്നും. ടൊവിനോയെ സംബന്ധിച്ച് ഈ പടത്തിന് വേണ്ടിയാണ് മറഡോണ ആദ്യം മാറ്റിവച്ചത്. പിന്നീട് മറഡോണയും ഇറങ്ങിയില്ല, തീവണ്ടിയും ഇറങ്ങിയില്ല. അവരെ സംബന്ധിച്ച് നോക്കുമ്പോള്‍ വളരെ സങ്കടമുണ്ടാക്കുന്ന കാര്യമാണ്. ഇനി അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ലല്ലോ.
ആകെയുള്ളൊരു വിഷമം ജീവാംശമായി എന്ന പാട്ട് വന്‍ ഹിറ്റായ ആ ഒരു ആഴ്ച തന്നെ സിനിമ ഇറക്കാന്‍ പറ്റിയിരുന്നെങ്കില്‍ അതിന്റെ ഒരു പ്രതിഫലനം സിനിമയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിന് പ്രധാനകാരണമായേനെ. അത് നഷ്ടപ്പെട്ടു പോയതിന്റെ സങ്കടം ഉണ്ടായിരുന്നു. പക്ഷേ അതിന് പകരമായിരിക്കാം ടൊവിനോയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണ.
ഇതിന് മുമ്പുള്ള വര്‍ക്കുകള്‍ ഏതൊക്കെയായിരുന്നു ?
കഴിഞ്ഞ 10 വര്‍ഷമായി പരസ്യങ്ങള്‍ ചെയ്യുന്നതിലായിരുന്നു എന്റെ ശ്രദ്ധ, ആയിരത്തിലേറെ പരസ്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതിനിടയിലാണ് 2011ല്‍ പകര്‍ന്നാട്ടം എന്നൊരു സിനിമയാണ് ചെയ്യുന്നത്. പകര്‍ന്നാട്ടത്തിന് പശ്ചാത്തലസംഗീതമാണ് ചെയ്തത്.
ജയരാജ് സര്‍ സംവിധാനം ചെയ്ത് നല്ലൊരു സിനിമയായിരുന്നു അത്. എന്നാല്‍ ഒരു അവാര്‍ഡ് എന്ന നിലയ്ക്ക് ആ സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് 2013 ലാണ് സ്റ്റാറിംഗ് പൗര്‍ണ്ണമി എന്ന സിനിമയാണ് ഒരു ബ്രെയ്ക്ക് എന്ന നിലയ്ക്ക് ആദ്യം വരേണ്ടിയിരുന്ന പടം. കാരണം അതില്‍ നാലഞ്ച് പാട്ടുകള്‍ ഉണ്ടായിരുന്നു. എല്ലാപാട്ടുകളും വര്‍ക്ക് ഔട്ട് ആകുന്ന നല്ല പോസിറ്റിവിറ്റിയുളള പാട്ടുകളായിരുന്നു.
എന്റെ ഫ്രണ്ട്‌സ് പോലും പറഞ്ഞിരുന്നത് ഈ പാട്ടിനേക്കാള്‍ ശ്രദ്ധിക്കപ്പെടുന്ന പാട്ടുകളായിരുന്നു സ്റ്റാറിംഗ് പൗര്‍ണ്ണമി എന്ന സിനിമയിലേത് എന്ന്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ സിനിമയുടെ പകുതി ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം നിന്നു പോവുകയായിരുന്നു. തീവണ്ടിയിലാണ് ആദ്യമായിട്ട് പാട്ട് എന്ന നിലയ്ക്ക് ഇറങ്ങാന്‍ പോകുന്നത്.
എങ്ങിനെയാണ് സംഗീതമേഖലയിലേക്ക് കടന്നുവരുന്നത് ?
ഞാന്‍ ഈ രംഗത്ത് തുടങ്ങാന്‍ ആഗ്രഹിച്ചത് 2002-2003 കാലഘട്ടമായിരുന്നു. ആക്കാലത്തൊക്കെ മക്കളെ എഞ്ചിനീയറും ഡോക്ടറും ആക്കുന്നതിലായിരുന്നു മാതാപിതാക്കള്‍ക്ക് കൂടുതല്‍ ശ്രദ്ധ ഉണ്ടായിരുന്നത്. ഞാന്‍ പഠിക്കുന്ന കാലത്ത് ഈ രംഗത്തേക്കാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പക്ഷേ എല്ലാവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അതുപോലെ തന്നെ ഞാന്‍ 11ാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് 16ാം വയസ്സില്‍ ആദ്യമായി മ്യൂസിക് ആല്‍ബം സംവിധാനം ചെയ്തു.
സ്വന്തമായി പൈസ ഇറക്കി സ്വയം ചെയ്ത് ഒരു പ്രൊജക്ടായിരുന്നു അത്. ആ പ്രായത്തില്‍ അത് വലിയ വാര്‍ത്തയൊക്കെ ആയിരുന്നു. അന്ന് ആ ആല്‍ബം ചെയ്യുന്ന സമയത്ത് ഞാന്‍ തീരുമാനിച്ചു ഇത് തന്നെയാണ് ഞാന്‍ തിരഞ്ഞെടുക്കാന്‍ പോകുന്ന ഫീല്‍ഡ്.
പിന്നെ വീട്ടുക്കാര്‍ക്കും ഒരു വിശ്വാസമൊക്കെ വന്നു. അവന്‍ ആ രംഗത്തേക്ക് തന്നെ പൊക്കോട്ടെ എന്നതില്‍ വീട്ടുക്കാരും പിന്തുണച്ചു. അന്നൊക്കെ സംഗീതം ചെയ്യുമ്പോള്‍ വളരെ എളുപ്പമാണെന്നാണ് വിചാരം. കാരണം ഒരു പണിയും ഇല്ലാത്ത സമയത്ത് ഇതൊക്കെ ചെയ്യുമ്പോള്‍ നമുക്ക് ഭയങ്കര വിശ്വാസമായിരിക്കും. പക്ഷേ ഇതില്‍ കൂടുതല്‍ പഠിക്കാനായിട്ട് വിഷ്വല്‍ കമ്മ്യൂണിക്കേഷനും സൗണ്ട് എഞ്ചിനീയറിങ് എല്ലാം കൂടുതല്‍ പഠിക്കാന്‍ തുടങ്ങി.
കാര്യങ്ങളിലേക്ക് എത്തിയപ്പൊഴാണ് മനസ്സിലാകുന്നത് നമ്മള്‍ വിചാരിക്കുന്ന പോലെയല്ല ഒരുപാട് പരിജ്ഞാനം വേണം എന്നാല്‍ മാത്രമേ നമുക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയൂ എന്ന്. അങ്ങനെ ഒരു പാട്ടും ഒരു ആല്‍ബവും ചെയ്യാന്‍ പറ്റി. പക്ഷേ അത് കഴിഞ്ഞ് വരുന്ന പ്രൊജക്ട് ചെയ്യുക എന്നതാണ് അതിലും വലിയ വെല്ലുവിളി. അതിന് നല്ല അനുഭവ പരിജ്ഞാനം വേണമെന്ന് മനസ്സിലാക്കിയതിന് ശേഷമാണ്
തീവണ്ടി ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആണ്, അപ്പോള്‍ ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് സംഗീതം ചെയ്യുമ്പോള്‍ നേരിട്ട വെല്ലുവിളി എന്തെല്ലാമായിരുന്നു ?
അത് വളരെ വലിയൊരു വെല്ലുവിളിയാണ്. കാരണം ഒരു സംഗീത സംവിധായകന്‍ എന്ന നിലയില്‍ നമ്മള്‍ പ്രണയത്തിനായിട്ടുള്ള പാട്ടുകള്‍ സംഗീതം ചെയ്യും, ഫാസ്റ്റ് സോഗുകള്‍ സംഗീതം ചെയ്യും. എന്നാല്‍ തമാശയ്ക്ക് ഒരു പാട്ട് സംഗീതം ചെയ്യാന്‍ പറഞ്ഞാല്‍ അത് നമുക്ക് ചെയ്യാന്‍ കഴിയില്ല. കാരണം തമാശപോലുളള കാര്യങ്ങള്‍ക്ക് ഒരിക്കലും പശ്ചാത്തലസംഗീതം ചെയ്യുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കുന്നത് കുറവാണ്.
ഇത്രയും വര്‍ഷം നമ്മള്‍ പലകാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ രീതിയിലുള്ളത് ആദ്യമായിട്ടായിരുന്നു. അതിലെ വേറൊരു കാര്യം രാഷ്ട്രീയമായിട്ടുള്ള ഒരു ആക്ഷേപഹാസ്യമാണ് പക്ഷേ ചളിക്കോമഡിയല്ല. അപ്പോള്‍ മ്യൂസിക്കില്‍ അത് കൊണ്ട് വരുകയെന്ന് പറയുന്നത് അതിനേക്കാള്‍ കഷ്ടമാണ്. തമാശ രംഗം നടക്കുമ്പോള്‍ തമാശ രീതിയില്‍ തന്നെ മ്യൂസിക് ചെയ്താല്‍ അത് വിജയിച്ചെന്ന് വരില്ല. അതിന് പകരം ഒരു പ്രത്യേക ലൈനില്‍ തന്നെ പോകുന്ന മ്യൂസിക് ആയിരിക്കണം.
ഒന്ന് പിടിവിട്ട് കഴിഞ്ഞാല്‍ അതിന്റെ ശബ്ദരീതി തന്നെ മാറിപ്പോയാല്‍ ചളി കോമഡിക്ക് സംഗീതം നല്‍കിയപോലെ ആയിപ്പോകും. അത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ആ വെല്ലുവിളിക്ക് കൂടെ നിന്നത് സംവിധായകനാണ്.
സംവിധായകന്‍ വളരെ കൃത്യമായി പറഞ്ഞിരുന്നു, മറ്റ് രീതിയിലുള്ള ചളി മ്യൂസിക്കുകള്‍ ഒന്നും വേണ്ട. ആവശ്യം ഉള്ള സ്ഥലങ്ങളില്‍ മാത്രം മ്യൂസിക് മതി. നിനക്ക് അതിനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്, ആവശ്യമുള്ള സ്ഥലങ്ങളില്‍ പ്രധാന്യം നല്‍കുക ബാക്കിയുള്ള സ്ഥലങ്ങളില്‍ തമാശ രംഗം നടക്കുന്നതിന്പിന്നാലെ പോകാന്‍ നില്‍ക്കണ്ട എന്ന്. സംവിധായകന്‍ തന്നെ ധൈര്യപൂര്‍വ്വം എടുത്ത തീരുമാനത്തില്‍ നിന്നുമാണ് എനിക്ക് അതേ രീതിയില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞത്.
ഞാനൊരു നല്ല സംഗീതസംവിധായകനൊക്കെ ആയിരിക്കും. പക്ഷേ സംവിധായകന്‍ പറയാണ് ഇയാള്‍ വന്ന് വീഴുമ്പോഴും, ആള് വന്ന് തറയില്‍ നില്‍ക്കുമ്പോഴും ഒരു ചളി മ്യൂസിക് വേണമെന്ന് പറയാണെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. അത് ചെയ്ത് കൊടുക്കാനെ നമുക്ക് കഴിയുള്ളൂ. ഈ പ്രൊജക്ടില്‍ ഉണ്ടായ ഗുണം അതാണ്.
കൈലാസിന്റെ പുതിയ പ്രോജക്റ്റുകള്‍ ഏതൊക്കെയാണ് ?
ഒന്നു രണ്ട് പ്രോജക്റ്റുകള്‍ ഇപ്പോള്‍ ചര്‍ച്ചയിലാണ്. പിന്നെ തീവണ്ടിയിലെ ഗാനങ്ങള്‍ എല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് എന്റെ വിശ്വാസം. ഈ സമയത്ത് ഞാന്‍ കുറച്ച് സെലക്റ്റീവ് ആയിട്ടാണ് പ്രോജക്റ്റ് തെരഞ്ഞെടുക്കുന്നത്. സിനിമ റിലീസ് ചെയ്ത ശേഷം പുതിയ വര്‍ക്കുകള്‍ ഏറ്റെടുക്കാം എന്നാണ് തീരുമാനം.