Advertisement
Dool Talk
Interview | പെഗാസസ്: കോടതിക്കും അറിയണം സത്യം
സഫ്‌വാന്‍ കാളികാവ്
2021 Oct 27, 01:07 pm
Wednesday, 27th October 2021, 6:37 pm
രാജ്യത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടലുണ്ടായിരിക്കുകയാണ്. ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ച് അന്വേഷണത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പെഗാസസ് വിഷയത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരില്‍ ഒരാളായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

 

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നിരിക്കുകയാണ്. എന്തുതോന്നുന്നു?

വളരെ സന്തോഷവും പ്രതീക്ഷയും നല്‍കുന്ന ഒരു വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്. ഇന്ന് കോടതി നടത്തിയത് പെഗാസസ് വിഷയത്തിലെ നിര്‍ണായക ജഡ്ജ്മെന്റല്ല. പക്ഷേ ഇതുതന്നെ ഒരു വിജയമാണ്.

ഹരജിക്കാരായ ഞങ്ങളുടെ അഭ്യര്‍ത്ഥന കോടതി കേള്‍ക്കുകയാണുണ്ടായത്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ കമ്മിറ്റി രൂപീകരിച്ച് ആ കമ്മറ്റി ഇതിന്റെ എല്ലാ തലങ്ങളും അന്വേഷിക്കണമെന്ന് തന്നെയായിരുന്നു ഞങ്ങളുടെ ആവശ്യം.

ദേശസുരക്ഷയുടെ ഭാഗമായാണ് ഇത്തരം നിരീക്ഷണങ്ങള്‍ എന്നാണ് ഭരണകൂടം എപ്പോഴും പറയാറുള്ളത്. എന്നാല്‍ ദേശസുരക്ഷ എപ്പോഴും ഒരു ഫ്രീപാസാണെന്ന് കരുതരുതെന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞത്.

കോടതിയുടെ ഈ പരാമര്‍ശം പ്രതീക്ഷ നല്‍കുന്നതല്ലേ? പ്രത്യേകിച്ച് രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍?

ദേശസുരക്ഷയുടെ ഭാഗമായി സര്‍വൈലന്‍സ് ആകാമെന്ന് നമ്മുടെ നിയമങ്ങളില്‍ തന്നെയുണ്ട്. എന്നാല്‍, അതിന് കൃത്യമായി രീതികളുണ്ട്. അതൊക്കെ അന്വേഷിക്കാനാണ് ഇപ്പോള്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

വിധിയില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞത് (ഞാന്‍ ഓണ്‍ലൈനായി ഹിയറിംഗില്‍ പങ്കെടുത്തിരുന്നു) ജോര്‍ജ് ഓവലിന്റെ 1984ലെ കേസ് ഉദ്ധരിച്ചാണ്. ഒരു സ്വേച്ഛാധിപത്യ സ്വാധീനം ഉപയോഗിച്ച് എങ്ങനെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു, സര്‍വൈലന്‍സ് ജനങ്ങളുടെ വീടുകളിലേക്കും കിടപ്പുമുറികളിലേക്കും എങ്ങനെ ചെന്നത്തി എന്നതാണ് 1984 ലെ കേസ്.

ഈ വിധിയില്‍ 1984 ഉദ്ധരിക്കുമ്പോള്‍ തന്നെ ജഡ്ജ്മെന്റിന്റെ ഒരു വിജയമായാണ് ഞാന്‍ കാണുന്നത്. കമ്മിറ്റി രൂപീകരിച്ചത് കൂടാതെ വിഷയത്തില്‍ കോടതി നടത്തിയ നിരീക്ഷണങ്ങളും വലിയ വിജയമായിട്ടാണ് ഞാന്‍ വിലയിരുത്തുന്നത്.

പൗരാവകാശത്തെക്കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചുമെല്ലാം കോടതി ഇന്ന് പരാമര്‍ശിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനുള്ള ഒരു താക്കീതായി വിധിയെ കാണാമോ?

തീര്‍ച്ചയായും. സാധാരണ പൗരന്റെ അവകാശങ്ങള്‍, പത്രസ്വാതന്ത്ര്യത്തെക്കുറിച്ചെല്ലാം കോടതി വ്യക്തമായി പറയുന്നുണ്ട്. സെല്‍ഫ് സെന്‍സെര്‍ഷിപ്പ് മാധ്യമങ്ങള്‍ക്ക് മേല്‍ ഉണ്ടാകുന്നുണ്ട് എന്ന് കോടതി നിരീക്ഷിക്കുന്നുണ്ട്. രാജ്യസുരക്ഷ എന്നുള്ളത് ഒരു കാരണമായി കണ്ട് എന്തും ചെയ്യാമെന്നുള്ള സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ചെല്ലാം കോടതി പ്രതിപാദിക്കുന്നുണ്ട്. സര്‍ക്കാരിനെ വളെരെ ശക്തമായി തന്നെ വിധിയില്‍ വിമര്‍ശിച്ചിട്ടുണ്ട്.

മറ്റൊരു കാര്യം വിധിയുടെ നിബന്ധനകളും നിര്‍ദേശങ്ങളും സുവ്യക്തമാണ് എന്നതാണ്. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ, ആരാണ് ഉപയോഗിച്ചത്, എന്തിനാണ് ഉപയോഗിച്ചത് അതിന് തക്കതായ അംഗീകാരമുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ കോടതി ചോദിക്കുന്നുണ്ട്.

പെഗാസസ് വിഷയത്തില്‍ കോടതിയ്ക്കും കേന്ദ്രസര്‍ക്കാരില്‍ അവിശ്വാസക്കുറവുണ്ടെന്ന് വ്യക്തമാക്കുന്നതാണോ വിധി?

കോടതിയ്ക്ക് അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാണ്. ഉടന്‍ അന്വേഷിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പറഞ്ഞിട്ടുള്ളത്. എട്ട് ആഴ്ചക്ക് ശേഷം കേസിന്റെ ഹിയറിംഗ് നടക്കുമെന്നും പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് വെറുതെ ഒരു കമ്മിറ്റിയെ വെച്ച് അന്വേഷണം നീട്ടിക്കൊണ്ടുപോകുക എന്നതിനപ്പുറത്തേക്ക് കേസിനെ അതിന്റെ മെറിറ്റില്‍ തന്നെയാണ് കോടതി കണ്ടത്.

ചെറിയ സംശയങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ വിധിയില്‍ കോടതിയെ ഒരുതരത്തിലും കുറ്റം പറയാന്‍ കഴിയില്ല. കമ്മിറ്റി എന്ത് കണ്ടുപിടിക്കുമെന്നത് വേറെ കാര്യമാണ്. അത്തരമൊരു മുന്‍വിധിയിലേക്ക് ഈ സമയത്ത് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

കേസിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനം?

സര്‍ക്കാരിന്റെ ഇതുവരെയുണ്ടായ നിലപാട് വളരെ ആശങ്കയുണ്ടാക്കുന്നതാണ്. പെഗാസസ് ഇന്ത്യയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നതായിരുന്നു ഹരജിയിലെ ചോദ്യം. അതിന് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി ദേശസുരക്ഷ മുന്‍നിര്‍ത്തി ഉപയോഗിച്ചിട്ടുണ്ടാകാം എന്നാണ്.

കോടതി ഇവിടെ സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങളെ വിമര്‍ശിക്കുന്നുണ്ട്. പാര്‍ലമെന്റില്‍ ഇതിനെക്കുറിച്ചറിയില്ല എന്നായിരുന്നു ഒരു മന്ത്രി പറഞ്ഞത്. അത് അതിനെക്കാള്‍ വലിയ പ്രശ്നമാണ്.

സര്‍ക്കാര്‍ ഉപയോഗിച്ചില്ലെങ്കില്‍ മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടാകും എന്നാണെല്ലോ ആ പറഞ്ഞത്. അത് ഇതിലും വലിയ വീഴ്ചയാവില്ലേ. അങ്ങനെ അനാവശ്യമായ ഒരുപാട് പ്രശ്നങ്ങള്‍ വിഷയത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരികയാണുണ്ടായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Interview with senior journalist sasikumar on  pegasus and recent supreme court verdict

സഫ്‌വാന്‍ കാളികാവ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.