Film Interview
Interview- മമ്മൂക്കയെ ചാടി അടിക്കണമെന്നറിഞ്ഞപ്പോള്‍ 'പറ്റില്ല' എന്ന് പറഞ്ഞു; കാതറിന്‍ മരിയയുമായി അഭിമുഖം
'മമ്മൂക്കയെ അടിക്കാന്‍ ചാടുന്നതാണ് രംഗം എന്നറിഞ്ഞപ്പോള്‍ പറ്റില്ല എന്നാണ് പറഞ്ഞത്. സിനിമ ഇറങ്ങി കഴിഞ്ഞാല്‍ മമ്മൂക്ക ഫാന്‍സും ബാക്കി ഉള്ളവരും എങ്ങനെ റിയാക്ട് ചെയ്യും എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ പ്രതികരണം സന്തോഷം നല്‍കുന്നതായിരുന്നു,' കണ്ണൂര്‍ സ്‌ക്വാഡിലെ 'യു.പിക്കാരിയായ' മലയാളി കാതറിന്‍ മരിയ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖം
കണ്ണൂര്‍ സ്‌ക്വാഡിലേക്ക് എങ്ങനെയാണ് എത്തിയത്?
കാസ്റ്റിങ് കോള്‍ കണ്ടിട്ടാണ് കണ്ണൂര്‍ സ്‌ക്വാഡിലേക്ക് അപ്ലൈ ചെയ്യുന്നത്. ഫൈറ്റ് ചെയ്യാന്‍ അറിയാവുന്ന സ്ത്രീകളെ ആവശ്യമുണ്ട് എന്നായിരുന്നു കാസ്റ്റിങ് കോളില്‍ ഉണ്ടായിരുന്നത്. ഞാന്‍ ജൂഡോയും മാര്‍ഷല്‍ ആര്‍ട്‌സും പഠിച്ചിട്ടുണ്ട്. സ്റ്റേറ്റ് ലെവലില്‍ ജൂഡോ സില്‍വര്‍ മെഡലിസ്റ്റാണ്. കബഡി നാഷണല്‍ പ്ലെയറാണ്. ഇതെല്ലാം പ്രൊഫൈലില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അതിനുശേഷം എനിക്ക് കോള്‍ വന്നു ഷൂട്ടിങ് സെറ്റിലേക്ക് പെട്ടെന്ന് എത്താമോ എന്ന് ചോദിച്ചു.
സെറ്റില്‍ എത്തിയതിന് ശേഷം ട്രയല്‍ മേക്കപ്പ് ഇട്ട് ഡയറക്റ്ററിനോട് സംസാരിച്ചു. അതിന് മുന്നേ തന്നെ ലുക്ക് ആകെ മാറും, ഒക്കെയല്ലേ എന്ന് ചോദിച്ചിരുന്നു. മേക്കപ്പിന് മുന്നേ തന്നെ സംവിധായകന്‍ എന്താണ് ചെയ്യേണ്ടത് എന്നൊരു ഐഡിയ എനിക്ക് തന്നിരുന്നു. അതിനുശേഷം മമ്മൂക്കക്ക് നേരെ ചാടുന്ന ആളിനായി ലൊക്കേഷനില്‍ വെച്ച് ഒരു സ്‌പോട്ട് ഓഡിഷന്‍ നടത്തി. ആ ഓഡിഷന് ഞാനുള്‍പ്പെടെ നാല് പേരുണ്ടായിരുന്നു. ആ ഓഡിഷനില്‍ വെച്ചാണ് മമ്മൂക്കക്ക് നേരെ ചാടാനായി എന്നെ തിരഞ്ഞെടുത്തത്.
കളമശ്ശേറി എഫ്.എ.സി.റ്റിക്കകത്താണ് ടിക്രി വില്ലേജ് സെറ്റ് ഇട്ടത്. ആര്‍ട്ട് ഡയറക്ടര്‍ ഷാജി നടുവില്‍ ഗംഭീരമായാണ് ആ വില്ലേജിനെ സെറ്റ് ചെയ്തത്. അതിലേക്ക് കയറുമ്പോള്‍ തന്നെ യു.പിയില്‍ എത്തിയത് പോലെയായിരുന്നു. അഞ്ച് രാത്രി കൊണ്ടാണ് ആ പോര്‍ഷന്‍സ് തീര്‍ത്തത്. ഒരുപാട് പേര്‍ അതിനായി ഉറക്കമിളച്ചിരുന്നു. പവന്‍ ഭയ്യയെ അവതരിപ്പിച്ച മനോര്‍ പാണ്ഡേ, അദ്ദേഹത്തിന്റെ ഭാര്യ ആയെത്തിയ സുസ്മിത എന്നിവരാണ് നോര്‍ത്ത് ഇന്ത്യയില്‍ നിന്നും വന്നിരുന്നത്. പിന്നെ ചെന്നൈയില്‍ നിന്ന് വന്ന ഫൈറ്റേഴ്‌സ് ആയിരുന്നു കൂടുതല്‍. പിന്നെ കുറച്ച് മലയാളി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഫൈറ്റേഴ്‌സ് ആയി ഉണ്ടായിരുന്നു.
ഒറ്റ രംഗത്തില്‍ മാത്രമേയുള്ളൂവെങ്കില്‍ കണ്ണൂര്‍ സ്‌ക്വാഡ് കണ്ടവര്‍ കാതറിനെ മറക്കില്ല. ആ ഒറ്റ രംഗമാകട്ടെ മമ്മൂട്ടിക്ക് നേരെയും. ആ എക്സ്പീരിയന്‍സ് പറയാമോ?
ഇതാണ് രംഗം എന്നറിഞ്ഞപ്പോള്‍ ആദ്യം പറഞ്ഞത് പറ്റില്ല എന്നാണ്. ഈ രംഗത്തെ പറ്റി മാസ്റ്റര്‍ പറഞ്ഞപ്പോള്‍ തന്നെ അവിടെ വന്ന വേറെ പെണ്‍കുട്ടികളെ കൊണ്ട് ചെയ്യിച്ചാല്‍ പോരെ എന്ന് ഞാന്‍ ചോദിച്ചിരുന്നു. ആ സിനിമ ഇറങ്ങി കഴിഞ്ഞാല്‍ മമ്മൂക്ക ഫാന്‍സും ബാക്കി ഉള്ളവരും എങ്ങനെ റിയാക്ട് ചെയ്യും എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ എനിക്ക് ഊ നാട്ടില്‍ തന്നെ നടക്കണം. പക്ഷേ നാച്ചുറലായി ജമ്പ് വരുന്നതുകൊണ്ട് ഇയാള് തന്നെ ചെയ്യുന്നത് നല്ലതായിരിക്കും എന്നാണ് മാസ്റ്റര്‍ പറഞ്ഞത്. പിന്നെ മലയാളം ഇന്‍ഡസ്ട്രിയില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കുട്ടിയല്ലേ, അതുകൊണ്ട് ഈ അവസരം കളയണ്ട എന്നും അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത് ചെയ്തു. ഫൈറ്റ് മാസ്റ്ററുടെ സൈഡില്‍ നിന്ന് എനിക്ക് നല്ല പിന്തുണയുണ്ടായിരുന്നു.
ഫസ്റ്റ് ഡേ ഫസ്റ്റ് തന്നെ ഞാന്‍ പോയിരുന്നു. ഷൂട്ട് ചെയ്ത ദിവസത്തെ മമ്മൂക്കയുടെ കോസ്റ്റ്യൂം എനിക്ക് ഓര്‍മയുണ്ടായിരുന്നു. സിനിമയില്‍ ആ കോസ്റ്റ്യൂം കണ്ടപ്പോള്‍ തന്നെ ഒരു ടെന്‍ഷനടിക്കാന്‍ തുടങ്ങി. പക്ഷേ ആ ഭാഗത്ത് ഓഡിയന്‍സിന്റെ റെസ്‌പോണ്‍സ് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. വളരെ പോസിറ്റീവായി അഭിനന്ദിച്ചവരുണ്ട്. ഇന്‍ഡയറക്ടായി ആ കഥാപാത്രത്തോട് ദേഷ്യം കാണിക്കുന്നവരുണ്ട്. ഇതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പോസിറ്റീവ് ആണ്. ആ കഥാപാത്രം അത്രയും ഇമ്പാക്ട് ഉണ്ടാക്കിയത് കൊണ്ടാണല്ലോ അങ്ങനെയുള്ള റെസ്‌പോണ്‍സുകള്‍ വരുന്നത്.
ആ രംഗം ചെയ്യുമ്പോള്‍ മമ്മൂക്കയുടെ ഒപ്പം ആയതിനാല്‍ തന്നെ എവിടെയൊക്കെയെങ്കിലും ശ്രദ്ധിക്കപ്പെടും എന്ന് തോന്നിയിരുന്നു. മമ്മൂക്ക ഒരു സ്ത്രീയോട് ഫൈറ്റ് ചെയ്യുന്നത് നമ്മള്‍ അധികം കണ്ടിട്ടില്ല. ഇനിയെങ്ങാനും കട്ടായി പോയാല്‍ ആളുകള്‍ എന്നെ അറിയുകയുമില്ല. ഈ രണ്ട് ചിന്തകളും മൈന്‍ഡില്‍ ഉണ്ടായിരുന്നു.
രണ്ട് ടേക്കിലാണ് ആ രംഗം ഒക്കെയായി. ആദ്യം ഒരു ട്രയല്‍ ചെയ്തു നോക്കിയിരുന്നു. മമ്മൂക്ക വന്നു നിന്നതിനുശേഷം അദ്ദേഹത്തിന് മുന്‍പില്‍ ഒരു രണ്ട് ടേക്ക് ചെയ്തു. അത് ഓക്കെയായി. മമ്മൂക്ക വളരെ അധികം പിന്തുണയാണ് നല്‍കിയത്. ഞാന്‍ മലയാളിയാണ് എന്നറിയാതെയാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. കംഫര്‍ട്ടബിളാണോ, ഒക്കെയാണോ എന്നൊക്കെ എന്നോട് ഇംഗ്ലീഷില്‍ ചോദിച്ചു. ഞാന്‍ മലയാളത്തില്‍ സംസാരിച്ചതോടെ മമ്മൂക്ക സര്‍പ്രൈസ്ഡായി. എവിടെയാണ് വീട് എന്നൊക്കെ ചോദിച്ചു. തൃശ്ശൂരാണെന്ന് പറഞ്ഞപ്പോള്‍ ഇത്രയും അടുത്ത് ഫൈറ്റ് ചെയ്യുന്ന കുട്ടികള്‍ ഉണ്ടായിരുന്നോ എന്നാണ് മമ്മൂക്ക ചോദിച്ചത്. സീന്‍ കഴിഞ്ഞപ്പോള്‍ വന്ന് കൈ തന്നു, നന്നായി ചെയ്തു എന്നു പറഞ്ഞു. ആക്ടിങ് പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. പഠിച്ചിട്ടില്ല പാഷനാണ് എന്ന് പറഞ്ഞു. പിന്നെ തിരിച്ച് വീഴുന്ന രംഗം മമ്മൂക്ക പോയതിനു ശേഷം റോപ്പിന്റെ സഹായത്തോടെയാണ് ചെയ്തത്.
കണ്ണൂര്‍ സ്‌ക്വാഡിന് മുന്നേയുള്ള കാതറിന്‍ എങ്ങനെയാണ്? എന്താണ് ചെയ്യുന്നത്? സിനിമ പാഷന്‍ ആയിരുന്നോ?
ഈ സിനിമയ്ക്ക് മുമ്പും ഇപ്പോഴും ഞാന്‍ ജോലി ചെയ്യുന്നുണ്ട്. ഞാനൊരു ഐ.ടി പ്രൊഫഷണല്‍ ആണ്. ബെംഗളൂരുവിലാണ് എന്റെ ഓഫീസ്. വര്‍ക്ക് ഫ്രം ഹോം ആയതിനാല്‍ ഓഫീസില്‍ പോകേണ്ട ആവശ്യമില്ല. ഡേ നൈറ്റ് ഷിഫ്റ്റ് മാറി എടുത്താണ് വര്‍ക്കും ഷൂട്ടും ബാലന്‍സ് ചെയ്തു കൊണ്ടുപോയത്. എല്ലാ ലൊക്കേഷനിലേക്കും ഞാന്‍ ലാപ്പും കൊണ്ടാണ് പോകുന്നത്. അതിനൊപ്പം ഡാന്‍സും ഉണ്ട്. ക്ലാസിക്കലായി ചെറുപ്പം മുതലേ ഡാന്‍സ് പഠിച്ചിട്ടുണ്ട്. വെസ്റ്റേണ്‍ ഡാന്‍സ് ആണ് ചെയ്യുന്നത്. പോപ്പ് കള്‍ച്ചര്‍ ഉള്ള ഡാന്‍സ് ആണ് കൂടുതലും പ്രാക്ടീസ് ചെയ്യുന്നത്.
സിനിമാ പ്രവേശനം പണ്ട് മുതലേ ഉള്ളതാണോ അവിചാരിതമായിരുന്നോ?
സിനിമ എന്നുള്ള പാഷന്‍ ചെറുപ്പം മുതലേ ഉണ്ടായിരുന്നു. സാമ്പത്തികമായി ഇന്‍ഡിപെന്‍ഡന്‍സ് ആയതിനു ശേഷം പാഷനിലേക്ക് ഇറങ്ങാം എന്നായിരുന്നു തീരുമാനം. അതിനുവേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. ഇപ്പോള്‍ വര്‍ക്കും പാഷനും ബാലന്‍സ്ഡ് ആയിട്ടുണ്ട്. എന്റെ കമ്പനിയില്‍ ഇപ്പോള്‍ ടെക് ലീഡ് ആണ് ഞാന്‍. കാസ്റ്റിങ് കോളിനായി അപ്ലൈ ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് ജലധാര പമ്പ് സെറ്റ് കിട്ടി. അതില്‍ സനുഷയുടെ സുഹൃത്തായാണ് അഭിനയിച്ചിരിക്കുന്നത്. അതായിരുന്നു എന്റെ ആദ്യ ബിഗ് സ്‌ക്രീന്‍ സിനിമ. അതിനുശേഷം ആണ് ഇപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡ് കിട്ടിയിരിക്കുന്നത്. ഏകദേശം ഒരു വര്‍ഷമായിരുന്നു പരിശ്രമം തുടങ്ങിയിട്ട്.
പുതിയ പ്രൊജക്ടുകള്‍?
ശ്രീനിവാസന്റെ സൂപ്പര്‍ സിന്ദഗി ആണ് ഇനിയുള്ള പുതിയ പ്രോജക്ട്. ക്രിസ്മസിന് റിലീസ് ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത്.
Content Highlight: Interview of Catherine Maria who acted in Kannur Squad
അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.