| Tuesday, 19th March 2019, 4:53 pm

Interview: പ്രണയത്തെയും പ്രതികാരത്തെയും തകര്‍ക്കാന്‍ സിനിമയ്ക്ക് എന്താണ് പറ്റാത്തത്; ലെനിന്‍ ഭാരതി സംസാരിക്കുന്നു

സുന്‍ഹര്‍ യു

തമിഴ്നാട്ടില്‍ എല്ലാവരുടെയും ജീവിതത്തില്‍ സിനിമയുണ്ട്. പക്ഷേ സിനിമക്കുളളില്‍ തമിഴരുടെ ജീവിതമുണ്ടോ? സാധാരണ മനുഷ്യരുടെ രാഷ്ട്രീയം പറയുന്നു എന്ന ലേബലില്‍ വരുന്ന താര സിനിമകള്‍ യഥാര്‍ത്ഥത്തില്‍ ആ വിഷയം പ്രേക്ഷകനുമായി സംവദിക്കുന്നതില്‍ വിജയിക്കുന്നുണ്ടോ? നല്ല സിനിമകളുടെ ഇടം ഫിലിം ഫെസ്റ്റിവലുകളാണോ? ബിഗ് ബജറ്റ് ചിത്രങ്ങളുടെയും താര ആരാധനയുടെയും നടുവില്‍ കഥ പറച്ചിലിലെ സത്യസന്ധത കൊണ്ട് തമിഴ് സിനിമാ ലോകത്ത് വേറിട്ട് സഞ്ചരിച്ച “മെര്‍ക്കു തൊടര്‍ച്ചി മലൈ”(പശ്ചിമഘട്ടം-Western Ghats) എന്ന സിനിമയുടെ സംവിധായകന്‍ ലെനിന്‍ ഭാരതി ഉയര്‍ത്തുന്ന ചോദ്യങ്ങളാണിവ.

“അതലാല്‍ കാതല്‍ സെയ്വേര്‍” എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായി തമിഴ് സിനിമ ലോകത്ത് വരവറിയിച്ച ലെനിന്‍ ഒരു ഭൂപ്രദേശത്തിന്റെ കഥ പറഞ്ഞ് ആദ്യ സംവിധാന സംരഭത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. മലയും മലമ്പ്രദേശവും അതിനോട് ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യരുടെ ജീവിതവും അധികമൊന്നും നമ്മുടെ സിനിമകളില്‍ വിഷയമായിട്ടില്ല.

പശ്ചിമഘട്ട മല നിരകളിലെ ഏലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന ഭൂരഹിതരായ തൊഴിലാളികളുടെ നിത്യജീവിതവും പ്രതീക്ഷയും സ്വപ്നങ്ങളുമാണ് സംവിധായകന്‍ തുറന്നു വെക്കുന്നത്. സാധാരണ തൊഴിലാളികളുടെ ജീവിതം കാല്‍പനികവത്കരിക്കുന്ന നിറയെ സിനിമകള്‍ തമിഴില്‍ വന്നിട്ടുണ്ട്. പക്ഷേ ഭൂരഹിതരായ തൊഴിലാളികളുടെ യഥാര്‍ത്ഥ ജീവിതം അതേ പടി പകര്‍ത്തിവെക്കുകയാണ് മെര്‍ക്കു തൊടര്‍ച്ചി മലൈ. തേനി ജില്ലയിലെ പാനിപുരം, തേവാരം, കൊമ്പൈ എന്നീ പ്രദേശങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. തേനി സ്വദേശി കൂടിയാണ് സംവിധായകന്‍. പ്രധാന കഥാപാത്രങ്ങളൊഴിച്ച് സിനിമയിലെ ഭൂരിപക്ഷം കഥാപാത്രങ്ങളും ചെയ്തിരിക്കുന്നത് ആ പ്രദേശത്തുകാര്‍ തന്നെയാണ്.

ലെനിന്‍ ഭാരതി

ഐ.എഫ്.എഫ്.കെ അടക്കം നിരവധി അന്താരാഷ്ട്ര ചലചിത്രമേളകളില്‍ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമ 2018 ലെ മികച്ച ഇന്ത്യന്‍ സിനിമകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. തമിഴ്നാട്ടില്‍ 2018 ആഗസ്റ്റിലാണ് ചിത്രം റീലീസ് ചെയ്തത്. കനത്ത് മഴയും തുടര്‍ന്നുണ്ടായ വെളളപ്പൊക്കവും കാരണം കേരളത്തില്‍ ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കേരളത്തില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍.

നവ സിനിമ, റിയലിസ്റ്റിക് സിനിമ, പാരലല്‍ സിനിമ, ആര്‍ട്ട് സിനിമ എന്നിങ്ങനെ വ്യത്യസ്ത കാറ്റഗറികള്‍ സിനിമയിലില്ല. നല്ല സിനിമയും മോശം സിനിമയും മാത്രമാണുള്ളതെന്ന് ലെനിന്‍ വിശ്വസിക്കുന്നു. നല്ല സിനിമ, തമിഴ് സിനിമ, താര സിനിമകള്‍ എന്നിവയെ കുറിച്ചുള്ള പ്രതീക്ഷകളും അശങ്കയും പങ്കുവെക്കുകയാണിവിടെ സംവിധായകന്‍ ലെനിന്‍ ഭാരതി.

മെര്‍ക്കു തൊടര്‍ച്ചി മലൈ ഒരു സാമൂഹിക സന്ദേശം കൊടുക്കുന്നതിനായി ചിത്രീകരിച്ച ഒരു സിനിമയല്ല. മറിച്ച് വികസനത്തെ കുറിച്ചുള്ള ഒരു സംവാദമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ കഥപറയാന്‍ തീരുമാനിച്ചത്.?

മെര്‍ക്കു തൊടര്‍ച്ചി മലൈ പറയുന്നത് വികസന വിരുദ്ധതയല്ല. ആര്‍ക്കുള്ള വികസനം എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ഏതെങ്കിലും ഒരു വിഷയത്തില്‍ തീര്‍പ്പ് പറയുക എന്നത് കലാകാരന്റെ ജോലിയല്ല. വിഷയങ്ങള്‍ ഓപ്പണ്‍ ആയി പ്രേക്ഷകന് മുന്നില്‍ സംവാദത്തിനായി തുറന്ന് വെക്കണം. പ്രേക്ഷകനെ ചിന്തിപ്പക്കണം. ഇപ്പോള്‍ എന്താണോ നടക്കുന്നത് അത് പകര്‍ത്തിവെക്കുന്നതാകണം സംവിധായകന്റെ ജോലി. സിനിമയില്‍ സാരോപദേശം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഇടത്തോ വലത്തോ നില്‍ക്കുകയല്ല. ഉള്ളത് ഉള്ളത് പോലെ തിരശ്ശീലയില്‍ കാണിക്കലാണ് കലാകാരന്റെ ജോലി.

ഇത് ഒരു ഭൂപ്രദേശത്തെ പറ്റിയുള്ള സിനിമയാണ്. അപ്പോള്‍ അതിലിരക്കുന്ന എല്ലാ വിഷയങ്ങളും രാഷ്ട്രീയവും ചര്‍ച്ച ചെയ്യണം. വികസനം സാധാരണ ജനങ്ങളുടെ സന്തോഷത്തിനാകണം. പക്ഷേ പ്രത്യേക വിഭാഗത്തിനോ കമ്പനികള്‍ക്കോ വേണ്ടിയാകുമ്പോഴാണ് പ്രശ്നം. വികസനത്തിന് ഞാന്‍ എതിരല്ല. പക്ഷേ അത് പൊതുജന നന്മക്കായിരിക്കണം.

ഇതില്‍ വിമര്‍ശനാത്മകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ചിത്രീകരിച്ചിട്ടുള്ളത്. ചിലപ്പോള്‍ ഇടതുപക്ഷത്തെ പറ്റി പറയുമ്പോള്‍ കാല്‍പനികവത്കരിക്കും. മതത്തെ പറ്റി പറിയമ്പോള്‍ മോശമെന്നു പറയും. മുതലാളി എന്നാല്‍ തീര്‍ത്തും മോശം തൊഴിലാളി എന്നാല്‍ നല്ലത്, നഗരമെന്നാല്‍ മോശം എന്നിങ്ങനെ പ്രത്യേക രീതിയിലാണ് നമ്മുടെ സിനിമകളിലെ കഥ പറച്ചില്‍ രീതി. എല്ലാത്തിലും നല്ലതും ചീത്തയുമുണ്ട്. അത് അതേ പോലെ കാണിക്കുന്നതാണ് ആര്‍ട്ട്.

സിനിമക്കായി പ്രധാന കഥാപാത്രങ്ങള്‍ ഏലത്തോട്ട എസ്റ്റേറ്റില്‍ പോയി ഒരു വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. വിദേശ സിനിമകളില്‍ മറ്റും അധികമായി കേള്‍ക്കുന്ന ഇത്തരം പ്രാക്ടീസുകള്‍ നമ്മുടെ സിനിമ മേഖലയില്‍ കുറവാണ്. എന്താണ് ഈ തീരുമാനത്തിന് പിന്നില്‍?

ഒരു വര്‍ഷത്തോളമാണ് പ്രധാന കഥാപാത്രങ്ങളായ ആന്റണിയും ഗായത്രിയും ഏലത്തോട്ടത്തില്‍ ജോലി ചെയ്തത്. തൊഴിലാളികളുടെ ശരീരഭാഷ മനസ്സിലാക്കുന്നതിനും ലഭിക്കുന്നതിനും വേണ്ടിയാണ് അത്തരത്തിലൊരു തീരുമാനം എടുത്തത്. ഇവിടെ നമ്മള്‍ ഒരു പ്രത്യേക വാര്‍പ്പ് മാതൃകയിലുള്ള (template) സിനിമകളാണ് എടുക്കുന്നത്. അത്തരം സിനിമകളില്‍ ഇത് പോലെയുള്ള പരീക്ഷണങ്ങള്‍ ആവശ്യപ്പെടുന്നില്ല.അത്തരം സിനമകള്‍ സംവിധായകനെ സംബന്ധിച്ച് വളരെ എളുപ്പമാണ്. ഒരു കഥയാണ് എല്ലാം തീരുമാനിക്കുന്നത്. അനുഭവങ്ങളാണ് മുഖ്യം. അതില്ലെങ്കില്‍ കൂടി അത് നിരീക്ഷിക്കാന്‍ തയ്യാറാകണം. ഗവേഷണം ചെയ്യണം. എന്തു ചെയ്യുകയാണെങ്കിലും മനസ്സിലാക്കി ചെയ്യണം.

നടന്‍ അബു വളയം കുളത്തിനൊപ്പം

സിനിമയുടെ ഓരോ ഘട്ടത്തിലും വളരെ ശ്രദ്ധയോടയാണ് നീങ്ങിയത്. പടത്തിനുയോജ്യമാമായ കോസ്റ്റിയൂമുകള്‍ തയ്യാറാക്കുക എന്ന് ശ്രമകരമായ ജോലി രണ്ടു വര്‍ഷം എടുത്താണ് നടത്തിയത്. തലയണയായി അവിടുത്തുകാര്‍ ഉപയോഗിച്ചിരുന്നത് പഴയ തുണികള്‍ നിറച്ച ചെറിയ കെട്ടുകളായിരുന്നു. അതെല്ലാം പൊട്ടിച്ച് പഴയ തുണികള്‍ വേര്‍തിരിച്ചെടുത്തു. അതില്‍ നിന്ന്് ആവശ്യമുള്ള തുണികള്‍ എടുത്തു. കമ്പത്തിനടുത്തെ മറ്റൊരു പ്രദേശത്ത് ഒരു അരുവിയില്‍ കുളിക്കുന്ന ഒരു പ്രത്യേക ആചാരമുണ്ട്. കുളിച്ച് കഴിഞ്ഞാല്‍ പുതിയ വസ്ത്രമിടുകയും ഉപയോഗിച്ചിരുന്ന വസ്ത്രം അവിടെ ഉപേക്ഷിക്കുകയും വേണം. അതിനാല്‍ പാവപ്പെട്ടവരല്ലാം പഴയ വസ്ത്രം ധരിച്ചാണ് അവിടെ എത്തുന്നത്. ഈ ഉപേക്ഷിക്കപ്പെട്ട് വസ്ത്രങ്ങള്‍ എടുത്ത് റീസൈക്കിള്‍ ചെയ്യുന്ന കരാറുകാരന്റെ അടുത്ത് പോയാണ് വേറെയും ചില പഴയ വസ്ത്രങ്ങള്‍ സംഘടിപ്പിച്ചത്.

തമിഴ് സിനിമകളില്‍ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു. വെട്രിമാരന്‍, മിഷ്‌കിന്‍, കാര്‍ത്തിക് സുബ്ബരാജ് പോലെയുള്ള സംവിധായകരുടെ സിനമകള്‍ നവതരംഗ സിനിമകള്‍ എന്നാണ് തമിഴ് സിനിമ മേഖലയില്‍ അറിയപ്പെടുന്നത്. ഈ സിനിമയും ആ വിഭാഗത്തിലാണോ ഉള്‍പ്പെടുത്തുന്നത്?

സിനിമയില്‍ കാറ്റഗറി ഇല്ല. ആര്‍ട്ട് സിനിമ, വാണിജ്യ സിനിമ എന്ന വ്യത്യാസമില്ല. തമിഴ് “ന്യൂ വേവ് മൂവിസ്” എന്ന് വേര്‍തിരിക്കാന്‍ സാധിക്കില്ല. ഓരോ കാലഘട്ടത്തിലും ഓരോരോ മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഓരോരുത്തരും ഓരോ പേര് വെച്ചിരിക്കുന്നു. വ്യത്യസ്തമായ രീതികള്‍ എല്ലാ കാലത്തിലും ഇരുന്നിട്ടുണ്ട്. നമുക്ക് പുതിയതായിരിക്കാം. ഗുണനിലവാരമുള്ള ഉള്ള സിനിമ ഇല്ലാത്ത സിനിമ എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഗുണമേന്മ എന്നാല്‍ ഗ്ലാമര്‍
അല്ല ഉള്ളടക്കമാണ്.

ചില വിഷയങ്ങള്‍ രണ്ട് രീതിയില്‍ പറയാം. കഥ നമ്മള്‍ കേള്‍ക്കണം. കഥയാണ് ഏല്ലാം തീരുമാനിക്കുന്നത്. പിന്നെ സംവിധായകനും. ഒരോ സംവിധായകനും വ്യത്യസ്തമായ ഐഡിയോളജിയും കാഴച്ചപ്പാടുമായിട്ടായിരിക്കും സിനിമ മേഖലയില്‍ എത്തുന്നത്. കഥ ഏതാണെന്നും ഏത് രീതിയില്‍ പറയണമെന്നും വിചാരിക്കുന്നത് പോലെയാണ് ഫോര്‍മുല. യാത്ഥാര്‍ത്ത്യത്തെ പകര്‍ത്തുന്നതാണ് യഥാര്‍ത്ഥത്തില്‍ സിനിമ. കൊമേഴ്സ്യല്‍ സിനിമകളാണ് യഥാര്‍ഥത്തില്‍ ആള്‍ട്ടര്‍നേറ്റീവ് സിനിമ

മുടക്കിയ പണം തിരികെ ലഭിക്കുക, അല്ലെങ്കില്‍ ലാഭം എന്നത് സിനിമ മേഖലയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ്. “കൊമേഴ്സ്യല്‍” മാതൃകയിലല്ലാത്ത സിനിമകളെ സംബന്ധിച്ച് മുതല്‍ മുടക്കിന് ആളുകള്‍ മടിക്കുന്നുണ്ടോ?

നിര്‍മാതാവിന് പണം നിര്‍ബന്ധമായും തിരികെ ലഭിക്കണം. അപ്പോള്‍ മാത്രമേ വിണ്ടും അവര്‍ സിനിമ ചെയ്യുകയുള്ളു. ഇറാനില്‍ നിന്ന് വരുന്ന് പല മൂവികളുടെയും ബഡ്ജറ്റ് 10 ലക്ഷം ആണ്. നിര്‍മ്മാണ ചെലവ് കുറക്കണം. ഫാന്റസി എന്ന പേരില്‍ വലിയ തുക നിക്ഷേപിക്കുകയാണ്. കച്ചവടമായി സിനിമയെ സമീപിക്കുമ്പാഴാണ് വലിയ അക്കം പ്രാധാന്യമായി വരുന്നതും വന്‍ തുക നിക്ഷേപിക്കേണ്ടി വരുന്നതും. മുടക്കിയ പണം തിരികെ ലഭിക്കാന്‍ കൊമേഴ്സ്യല്‍ മാതൃക സ്വീകരിക്കണമെന്ന ആവശ്യമില്ല. സിനിമയെ ഒരു കലയായി സമീപിക്കുകയാണെങ്കില്‍ ചെറിയ ഒരു കഥയെ മനോഹരമായി പറഞ്ഞുപോകാം. ഒരു കോടി രൂപ മുടക്കി 2 കോടി രൂപ തിരികെ വരുമ്പാള്‍ നിര്‍മ്മാതാവിനെ സംബന്ധിച്ച് 100 % ലാഭമാണ്്. ഇത്തരം ഉദാഹരണങ്ങള്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍ നിര്‍മ്മാതാക്കള്‍ ഇവിടെയും കൂടുതലായി വരും. ഒരു കോടി ഇട്ട്് ഒരു കോടി ലാഭം വന്നാല്‍ നിറയെ ആളുകള്‍ വരും.

2011 ലാണ് മെര്‍ക്കു തൊടര്‍ച്ചി മലൈ സിനിമയുടെ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നത്. പല നിര്‍മ്മാതാക്കളെയും കണ്ടു. 3 വര്‍ഷത്തെ അലച്ചിലിനൊടുവില്‍ 2013ല്‍ നടന്‍ വിജയ് സേതുപതിയെ കണ്ടുമുട്ടുകയും പടം നിര്‍മ്മിക്കാന്‍ തയ്യാറാവുകയും ചെയ്തു. 2015ല്‍ സിനിമ ചിത്രീകരിച്ചു. 2018 ല്‍ ചിത്രം തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തു. പ്രീപൊഡക്ഷന്‍ ജോലികള്‍ക്കായി പശ്ചിമഘട്ട മലനിരകളില്‍ മൂന്ന് വര്‍ഷം ചെലവഴിച്ചു. നല്ല തയ്യാറെടുപ്പ് ബജറ്റ് കുറക്കാന്‍ ഒരു പരിധി വരെ സഹായിച്ചു. വെറും 49 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ആര്‍ട്ട് സിനിമകള്‍ എന്ന് പൊതുവേ വിളിക്കുന്ന സിനിമകള്‍ക്ക് പ്രേക്ഷകര്‍ ഇപ്പോഴും കുറവാണെന്ന് തോന്നുന്നുണ്ടോ?

എല്ലാ സിനിമകള്‍ക്കും ഒരു പ്രേക്ഷക സമൂഹമുണ്ട്. ഇപ്പോള്‍ സിനിമയെ സംബന്ധിച്ച് സാമൂഹികമായി നിര്‍മ്മിച്ച ഒരു മാതൃക നമ്മുക്കുണ്ട്. അത് ഒരു പ്രത്യേക അനുഭവം നിര്‍മ്മിച്ച് വെച്ചിട്ടുണ്ട്. എല്ലാം പെട്ടന്ന് മാറില്ല. ഇന്ത്യയില്‍ നാടകത്തില്‍ നിന്നാണ് സിനിമ വന്നിരിക്കുന്നത്. പുരാണ ഇതിഹാസങ്ങളാണ് ആദ്യ കാലങ്ങളില്‍ നാടകമായത്. അതേ നാടകമാണ് സിനിമയായി മാറിയത്. ഹരിശ്ചന്ദ്ര മഹാരാജവിന്റെ കഥ, രാമായണം, മഹാഭാരതമൊക്കെയാണ് സിനിമയായി മാറിയത്. ഇതിലെല്ലാം ഒരേ ഫണ്ടമെന്റല്‍ ഐഡിയയാണ് ഉള്ളത്. അതൊരു ശീലമായി മാറിയിട്ടുണ്ട്.

സിനിമ എന്നാല്‍ അതില്‍ ഒരു ഹീറോ ഉണ്ടാകും. അവന് എല്ലാ ശക്തിയുമുണ്ടാകും. സിനിമയെ പറ്റി അന്ന് മുതലേ സൃഷ്ടിച്ച്വെച്ചിരിക്കുന്ന സങ്കല്‍പം തകര്‍ക്കണം. അത് തകര്‍ത്തിട്ടെല്ലങ്കില്‍ സാഹചര്യം കൂടുതല്‍ പ്രശ്നമാകും. പ്രേക്ഷകന് താരതമ്യപ്പെടുത്താന്‍ സിനിമകള്‍ വേണം. അപ്പോള്‍ മാറ്റങ്ങള്‍ പതുക്കെ വന്നു തുടങ്ങും. ത്യാഗരാജ ഭാഗവതരുടെ കാലം മുതല്‍ക്കേ ഈ താരാരാധന ആരംഭിച്ചിട്ടുണ്ട്. ഒരേ പാറ്റേണ്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. കഥാനായകന് പിന്നാലെ കൊണ്ട് പോയി നമ്മളെ ചിന്തിക്കാന്‍ അനുവദിക്കുന്നില്ല.

മെര്‍ക്കുതൊടര്‍ച്ചി മലൈ പോലെ ഭൂമിയെ പറ്റിയുള്ള രാഷ്ട്രീയമാണ് “കാല” സിനിമയും പറയുന്നത്. കാല നായക കേന്ദ്രീകൃതമായ ഒരു സാധാരണ മാതൃകയിലുള്ള കൊമേഴ്സ്യല്‍ മൂവിയാണ്. ഇന്നത്തെ സാഹചര്യത്തില്‍ വിഷയം കൂടുതല്‍ ആളുകള്‍ക്ക് എത്തിച്ചേരുന്നതിന് ഇത്തരം ഫോര്‍മുല മൂവികള്‍ സഹായകരമാകില്ലേ?

നമ്മള്‍ ഉദ്ദേശിച്ച രീതിയില്‍ വിഷയം ജനങ്ങളിലേക്ക് എത്തുമോ എന്നത് സംശയകരമാണ്. വളരെ എളുപ്പത്തില്‍ വിഷയത്തിന്റെ കാഠിന്യം കുറഞ്ഞു പോകുന്നതിനു സാധ്യതയുണ്ട്. സിനിമയെ പറ്റിയുള്ള ചര്‍ച്ച വഴിമാറി പോകുന്നതിനുളള അവസരവും അധികമാണ്. സിനിമയുടെ വിഷയത്തിനപ്പുറം രജനീകാന്തിന്റെ പറ്റിയാണ് ചര്‍ച്ച പോയിരിക്കുന്നത്. ചിലര്‍ക്ക് ചര്‍ച്ചകളെ വഴിതിരിച്ചു വിടാനും സാധിക്കും. സ്‌ക്രീനിലെ രജനിയും യത്ഥാര്‍ഥ രജനിയും ചര്‍ച്ച ചെയ്യപ്പെടും. സ്‌ക്രീനിലെ രജനിക്ക് വിരുദ്ധമായാണ് തൂത്തുക്കുടിയില്‍ രജനി സംസാരിക്കുന്നത്. പ്രേക്ഷകന് പരസപ്രം ബന്ധപ്പെടുത്താന്‍ സാധിക്കണമെന്നില്ല. “കൊമേഴ്സ്യല്‍” മൂവിയില്‍ സാധാരണ പ്രേക്ഷകന്‍ കാണുന്നത് നായകനെയാണ്. ഹീറോ മൂവിയായാണ് കാണുന്നത്. ആ ഹീറോയുടെ പ്രതിച്ഛായക്ക് ഉപയോഗപ്പെട്ടേക്കാം. അതില്‍ പറഞ്ഞിരിക്കുന്ന കഥയെ പൊതുജനം എത്രത്തോളം ഉള്‍കൊള്ളുമെന്നത് സംശയകരമാണ്.

പരിയേറും പെരുമാര്‍ സിനിമയെടുത്താല്‍ അതില്‍ അഭിനയിച്ചിരിക്കുന്ന നായകന്റെ മേലെ വലിയ നായക ബിംബമില്ല. കഥ അതേ പോലെ പ്രേക്ഷകനില്‍ എത്തിച്ചേരും. പറയുന്ന കഥ പ്രേക്ഷകര്‍ വിശ്വസിക്കും. പ്രേക്ഷകന് കഥാപാത്രത്തിന്റെ മേല്‍ ഒരു വിശ്വാസം ഉണ്ടാകും. പരിയേറും പെരുമാള്‍ സിനിമയില്‍ കമല്‍ഹാസനാണ് നായകനെങ്കില്‍ ഞാന്‍ സിനിമ കാണുമ്പോള്‍ പെട്ടന്ന് ആലോചിക്കുന്നത് ഇതേ കമല്‍ഹാസനല്ലേ തേവര്‍ മകനിലും അഭിനയിച്ചതെന്നാണ്. വിഷയത്തിന്റെ വീര്യം കുറയുന്നതിന് സാധ്യത കൂടുതലാണ്.

ഒരു സിനിമയില്‍ ഹീറോ വേണ്ടന്നാണോ ?

കഥയാണ് തീരുമാനിക്കുന്നത് ആര് അഭിനയിക്കണമെന്ന്. മെര്‍ക്കു തൊടര്‍ച്ചി മലൈ സാധാരണ മനുഷ്യരുടെ കഥയാണ്. അതില്‍ ഒരു പ്രബലമായ ബിംബത്തെ ആവശ്യപ്പെടുന്നില്ല. ഇവിടെ ആര്‍ട്ടിസ്റ്റിന് വേണ്ടി മൂവി ചെയ്യുകയാണ് ചെയ്യാറുള്ളത്. കഥക്ക് അനുസരിച്ച് ആര്‍ട്ടിസ്റ്റിനെ തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

മെര്‍ക്കു തൊടര്‍ച്ചി മലയില്‍ നായകനാകാന്‍ ആദ്യം നിര്‍മ്മാതാവു കൂടിയായ വിജയ് സേതുപതി ചോദിച്ചിരുന്നു. പക്ഷേ കഥാപാത്രത്തിന്റെ ശരീരം വിജയ് സേതുപതിയുടേതുമായി ചേര്‍ന്നതല്ല. കൂടാതെ നിറയെ സിനിമകളില്‍ അഭിനയിച്ചതിനാല്‍ വിജയ് സേതുപതിയുടെ മേലെ ഒരു നായക ബിംബമുണ്ട്. ഈ കഥക്ക് ഹീറോ ഇമേജ് ആവശ്യമില്ല. ഈ കഥ ഒരു സാധാരണ മുഖമാണ് ആവശ്യപ്പെട്ടത്.

ഫിലിം ഫെസ്റ്റിവലുകളില്‍ കളിച്ച സിനിമ തിയ്യറ്ററില്‍ ഓടാറില്ലെന്ന അഭിപ്രായമുണ്ടോ?

ഇത് യഥാര്‍ത്ഥത്തില്‍ സിനിമ ഉണ്ടാക്കുന്നവരുടെ പ്രശ്നമാണ്. ആര്‍ട്ട് മൂവി എന്ന പേരില്‍ സാധാരണ പ്രേക്ഷകന് മനസ്സിലാകാത്ത രീതിയിലാണ് സിനിമ എടുക്കുന്നത്. ആര്‍ട്ട് മൂവി എന്ന പേരില്‍ സിനിമ എടുക്കുമ്പോള്‍ ഒരു നടന്‍ പോകുന്ന ഷോട്ടുണ്ടെങ്കില്‍ അത് തീരുന്നവരെ കാണിച്ച് കൊണ്ടേയിരിക്കും. ആ ഷോട്ട് പ്രേക്ഷനുമായി ചേര്‍ന്ന് പോകുന്ന രീതിയില്‍ എടുക്കാം. പ്രേക്ഷകന് മനസ്സിലാകാതെ എങ്ങനെ ആര്‍ട്ടായി മാറും.

എത്ര മോഡേണായി പറഞ്ഞാലും പ്രേക്ഷകന് മനസ്സിലാകണം. ആര്‍ട്ട് മൂവിയെന്ന പേരില്‍ ഭയങ്കര ഡ്രൈ ചെയ്യും. നിറയ ശോകമൂകമാക്കി മാറ്റും. മെര്‍ക്കു തൊടര്‍ച്ചി മലൈക്ക് ഫിലിം ഫെസ്റ്റിവലുകളില്‍ കിട്ടിയ അംഗീകാരത്തിന് ആനുപാതികമായി തിയ്യേറ്ററുകളിലും നിറയെ പ്രേക്ഷകനെ ലഭിച്ചു. ഇതുവരെ ഫാന്‍സ് പടം കണ്ടവര്‍ തിയ്യറ്ററില്‍ വന്ന് കണ്ടിട്ടുമുണ്ട്.

ഫെസ്റ്റിവലുകളില്‍ വലിയ താല്‍പര്യം ഇല്ല. ഒരു പ്രത്യേക വിഭാഗം ആളുകളാണ് ഇവിടെ വരുന്നത്. ഫിലിം ഫെസ്റ്റിവലുകളില്‍ വരുന്നവര്‍ക്ക് സിനിമയെ കുറിച്ച് അറിയാം. ഇത്തരം വിഷയങ്ങളും ഇത്തരം സിനിമ ആഖ്യാനങ്ങളെക്കുറിച്ചും അവര്‍ ബോധവാന്‍മാരാണ്. അവര്‍ക്ക് വീണ്ടും വീണ്ടും സിനിമയെ കുറിച്ച് പറഞ്ഞ് കൊടുേക്കണ്ട ആവശ്യമില്ല. കബളിപ്പിക്കപെടുന്ന സാധാരണ ജനങ്ങളിലേക്കാണ് ഈ വിഷയം എത്തിച്ചേരേണ്ടത്. അവര്‍ക്കാണ് ഇത്തരത്തിലുള്ള നല്ല സിനിമകള്‍ കാണിച്ചു കൊടുക്കേണ്ടത്. അവരെയാണ് പുറത്ത് കൊണ്ടുവരേണ്ടത്.

ഫിലിം ഫെസ്റ്റിവലുകള്‍ വഴി കിട്ടുന്ന പ്രമോഷന്‍ മാധ്യമ ശ്രദ്ധ ലഭിക്കുന്നതിനും തുടര്‍ന്ന് തിയ്യേറ്റര്‍ റിലീസിങിനും സഹായകമാകും. എന്റെ ലക്ഷ്യം സാധാരണ തിയ്യറ്ററുകളാണ്. ഫിലിം ഫെസ്റ്റിവലുകളല്ല. അപ്പോഴാണ് സിനിമ സാധാരണ ജനങ്ങളില്‍ എത്തുന്നത്. ഫിലിം ഫെസ്റ്റിവലുകളില്‍ സിനിമ വരുമ്പോള്‍ വിശ്വാസ്യത വരും. ഇത്തരം സിനിമകള്‍ മാര്‍ക്ക്റ്റ് ചെയ്യുന്നതിന് പ്രയാസങ്ങളുണ്ട്.

സിനിമ ഡയറക്ടറുടേതായി അറിയപ്പെടാനാണോ ആഗ്രഹിക്കുന്നത് ?

ഒരു സിനിമ എന്നാല്‍ ഒരു ടീമിന്റെ മൂവിയാണ്. നടന്‍മാര്‍ അതില്‍ ഒരു ഭാഗം മാത്രമാണ്. സാങ്കേതിക വിഭാഗത്തിന്റേത് കൂടിയാണ് സിനിമ. സാധാരണ ജനങ്ങള്‍ സംവിധായകനെ കാണുന്നില്ല പകരം നടന്‍മാരെ മാത്രമേ കാണുന്നുള്ളൂ എന്നത് 10 വര്‍ഷം മുമ്പുള്ള കാര്യമാണ്. ഗ്രാമങ്ങളില്‍ പോലും ജനങ്ങള്‍ തിയ്യറ്ററില്‍ പോകുന്നത് പടം ആരാണ് സംവിധാനം ചെയ്തിരിക്കുന്നതെന്ന് നോക്കിയാണ്. ആരാണ് ക്യാമറമാന്‍, സംവിധായകന്‍ മുന്നേ ചെയ്ത പടങ്ങള്‍ എന്നീ വിവരങ്ങളുമായാണ് തിയ്യറ്ററില്‍ വരുന്നത്.

വിജയ് പടം കാണാന്‍ വരുമ്പോള്‍ മുരുകദാസ് സിനിമയാണോ ആറ്റ്ലീ സിനിമയാണോ എന്ന കോമ്പിനേഷന്‍ നോക്കും. സോഷ്യല്‍ മീഡിയ ഇതിനു സഹായകമായിട്ടുണ്ട്. നായകന്‍ ആര് എന്നത് തുടക്കത്തിലെ കച്ചവടത്തിന് സഹായകമാകും. പക്ഷേ പ്രത്യേക നടന്‍ അഭിനയിച്ചതുകൊണ്ട് മാത്രം സിനിമ ഓടണമെന്നില്ല. തുടക്കത്തിലെ തള്ളലിന് വേണ്ടിയാണ് സംവിധായകന്റെ പേരോ നായകന്റെ പേരോ ഉപയോഗം ചെയ്യുന്നത്. പിന്നീട് ഉള്ളടക്കമാണ് വിജയം തീരുമാനിക്കുന്നത്. അങ്ങനെയല്ലെങ്കില്‍ എല്ലാ സൂപ്പര്‍സ്റ്റാര്‍ പടവും വിജയിക്കണം.
നിര്‍മ്മാതാവിന് ഇതെല്ലാം ഒരു വിജയ തന്ത്രമായിരിക്കും. പക്ഷേ ഞാന്‍ അതിനെ കുറിച്ച് ആകുലനല്ല. സ്‌ക്രീനിനും പ്രേക്ഷകനും ഇടയില്‍ നടക്കുന്നതാണ് മാജിക്ക്. അതാണ് നമുക്ക് ആവശ്യം.

സിനിമ വെറും ബിസിനസ്സ് കോമ്പിനേഷനായി മാറുകയാണോ?

120 രൂപ കൊടുത്ത് സിനിമ കാണുന്ന പ്രേക്ഷകന് ആ മൂല്യം കൊടുക്കണം. ജനം പ്രേക്ഷകന്‍ മാത്രമല്ല. ഇവിടെ ഉപഭോക്താവ് കൂടിയാണ്. കുടുതല്‍ പണം മുടക്കുമ്പോള്‍ കൂടുതല്‍ പി.ആര്‍ വര്‍ക്കുകള്‍ ചെയ്യേണ്ടി വരികയാണ്. ടീസര്‍, ട്രൈലര്‍ എന്നിവ കാണിച്ച് ഏതു നിലക്കും പ്രേക്ഷകനെ എത്തിക്കാനുള്ള ശ്രമമാണ്. പക്ഷേ പ്രേക്ഷകന്‍ തിയ്യറ്ററിനുളളില്‍ എത്തുമ്പോള്‍ വഞ്ചിക്കപ്പെടുകയാണ്. ട്രൈലറിലൊന്ന് സിനിമയില്‍ വേറൊന്ന് എന്നുള്ള സ്ഥിതിയാണ്. ഏത് കച്ചവടമായാലും അതില്‍ ഒരു മൂല്യം വേണം.

സിനിമ മേഖലയിലെ പല പ്രശ്നങ്ങളുടെയും കാരണം ഇന്ത്യക്കാര്‍ സിനിമക്ക് നല്‍കി വരുന്ന അമിത പ്രാധാന്യമാണ്. ആളുകള്‍ അവരുടെ മുഴുവന്‍ ജീവിതവും ഇതില്‍ നിക്ഷേപിക്കുകയാണ്. മറ്റു പാശ്ചാത്യ രാജ്യങ്ങളിലെല്ലാം ഒരു എക്സട്രാ ആക്ടിവിറ്റിയായാണ് ആളുകള്‍ സിനിമയെ കാണുന്നത്. പഠനം ജോലി എന്നിവ കഴിഞ്ഞുള്ള സമയമാണ് സിനിമക്കായി മാറ്റിവെക്കുന്നത്.

സിനിമാക്കാരനാകാന്‍ ഇവിടെ വെള്ളിയാഴ്ച്ച റിലീസ് ചെയ്യുന്ന എല്ലാ പടവും കാണുകയാണ്. എന്നിട്ടും പ്രണയവും പ്രതികാരവും കടന്ന് സിനിമയില്‍ മറ്റൊരു വിഷയവും വരുന്നില്ല. അതിലുപരി എത്രയോ സൂക്ഷമമായ വിഷയങ്ങള്‍ നമുക്ക് ചുറ്റുമണ്ട്. സിനിമ കണ്ടാണ് ആളുകള്‍ സിനിമ ചെയ്യുന്നത്. ഇത് ഒരേ വാര്‍പ്പ് മാതൃകകള്‍ തുടരുന്നതിന് കാരണമാകുന്നു. സിനിമ കണ്ട് സിനിമ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ജീവിത്തില്‍ നിന്നാണ് സിനിമ എടുക്കാന്‍ ആഗ്രഹിക്കുന്നത്. വര്‍ഷാവര്‍ഷം സിനിമ ചെയ്യണമെന്നാഗ്രഹമില്ല. ഏതെങ്കിലും ഒരു വിഷയം എന്നെ അലട്ടുമ്പോള്‍ ആ വിഷയമാണ് എനിക്ക് സിനിമ.

സിനിമയെ ഒരു കലയായി കാണുന്നതിലുപരി ഒരു ആഗ്രഹത്തിന്റെയോ സ്വപ്നത്തിന്റെയോ പുറത്ത് വരുന്നവരാണ് അധികവും. പെട്ടെന്ന് പേരും പ്രശസ്തിയും വരുന്ന ഇടമാണ് സിനിമ. ആദ്യ സിനിമ കുറച്ചു വ്യത്യസ്തമായി ചെയ്യണമെന്ന് ആഗ്രഹവുമായാണ് പല സംവിധായകരും ശ്രമിക്കുന്നത്. ആദ്യ പടത്തിനപ്പുറം സിനിമ മേഖലക്കുളളിലെ മത്സരത്തില്‍ പെട്ടു പോകുകയാണ്. പിന്നീട് വര്‍ഷാവര്‍ഷം സിനിമ ചെയ്യണമെന്ന് ആഗ്രഹം വരുന്നു. രണ്ടാമത്തെ സിനിമയില്‍ വലിയ നായകരെ കൊണ്ട് വരുമ്പോള്‍ ആ നായകര്‍ക്ക് ഒരു പ്രത്യേക വാര്‍പ്പ് മാതൃകയുണ്ട്. അതിന് വേണ്ടി കോംപ്രമൈസ് ചെയ്യേണ്ടി വരികയാണ്. പുതുതായി വരുന്നവര്‍ക്ക് നല്ല ഉദാഹരണങ്ങള്‍ കുറവാണ്.

എന്നിരുന്നാലും വ്യത്യസ്ത ആശയങ്ങളുമായി നിറയെ പേര്‍ സിനിമയില്‍ വരുന്നുണ്ട്. പുതിയ ആളുകള്‍ക്ക് നടന്‍മാരെ ആശ്രയിച്ച് മാത്രം സിനിമ എന്ന തൊഴില്‍ മേഖലയില്‍ ഏതു വിധേയനെയും പിടിച്ച് നില്‍ക്കണമെന്ന ആഗ്രഹമില്ല. അതിനാല്‍ നിറയെ വ്യത്യസ്ത ശബ്ദങ്ങള്‍ വരുന്നുണ്ട്. ഗുണനിലവാരമുള്ള സിനിമകള്‍ പണമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ ആളുകള്‍ പിന്നാലെ കൂടും. ഒരു കോടി മുടക്കി ഒരു കോടി ലാഭം ലഭിക്കുന്നതിന് നിറയെ നിര്‍മ്മാതക്കളെ ലഭിക്കും.

ഈ എവര്‍ഗ്രീന്‍ ഫോര്‍മുലകള്‍ അല്ലെങ്കില്‍ ടെംപ്ലേറ്റ് സിനിമകളില്‍ എന്ത് മാറ്റം വരണമെന്നാണ് ആഗ്രഹിക്കുന്നത്?

സിനിമ എന്നാല്‍ വെറും വിനോദമല്ല. പ്രേക്ഷകനുമായി സംവംദിക്കുക എന്നതാണ് സിനിമയെ സംബന്ധിച്ച് പ്രധാനം. പ്രേക്ഷകനുമായി കണക്റ്റാകുമ്പോള്‍ മാത്രമേ അത് വിനോദമായി മാറൂ. പ്രേക്ഷകനെ തിയ്യറ്ററില്‍ പിടിച്ചു ഇരുത്തുകയും ചിന്തിപ്പിക്കുകയും വേണം.

മെര്‍ക്കു തൊടര്‍ച്ചി മലൈ സിനിമയിലെ പല സ്റ്റീരിയോ ടൈപ്പ് ആഖ്യാനരീതികളെയും തകര്‍ത്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. മെലോഡ്രാമയില്ല. സഹാനുഭൂതി(empathy) സിനിമയില്‍ ഉണ്ടാകുകയോ പ്രേക്ഷകനോട് ചോദിച്ചു വാങ്ങുകയോ ചെയ്യുന്നില്ല. സാധാരണ സിനിമകള്‍ എടുത്താല്‍ എമ്പതി പിടിച്ച് വാങ്ങുന്നതായി കാണാം. സന്തോഷത്തോടെ എല്ലാരും ചേര്‍ന്നു ഒരു പൊങ്കല്‍ വെക്കും. അത് പൊങ്ങി വരുമ്പോള്‍ ആരെങ്കിലും വന്ന് ഉടക്കും. ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള ഒരു സാഹചര്യം നിര്‍മ്മിച്ച് എമ്പതി പിടിച്ചുവാങ്ങുന്നു. ശബ്ദമയമാണ്, കരയിപ്പിക്കുന്നതാണ് സിനിമ എന്നുള്ള ധാരണയുണ്ട്. സ്നേഹമായാലും കാരുണ്യമായാലും സങ്കടമായാലും സന്തോഷമായാലും അധികമായി കാണിക്കുന്നതാണ് അഭിനയം എന്ന് നമ്മള്‍ക്ക് ധാരണയുണ്ട്.

വയലന്‍സ് എന്നത് വില്‍പ്പന മൂല്യമുള്ള ഉല്‍പന്നമാണ്. സിനിമ വന്ന് എല്ലാത്തിനെയും മഹത്വവത്കരിച്ചിരിക്കുകയാണ്. ലൗവ് പ്യൂര്‍ ആയിരിക്കണം. ഗ്രാമം എന്നാല്‍ എല്ലാം നല്ലത്. നഗരം എന്നാല്‍ മോശം. ഇങ്ങനെ പലതും മഹത്വവത്കരിച്ചിരിച്ച് പറഞ്ഞ് പറഞ്ഞ് നമുക്കൊരു ശീലമാക്കിവെച്ചിട്ടുണ്ട്. ചില സിനിമകള്‍ വ്യത്യസമായി വരുമ്പോള്‍ അത് വിവാദമായി മാറുകയാണ്. ചില വിഷയങ്ങള്‍ അംഗീകരിക്കാന്‍ പ്രേക്ഷകന് കഴിയാതെ വരികയാണ്. ഒരു പെണ്ണ് മദ്യപിക്കുന്ന സീന്‍ കാണിക്കുമ്പോള്‍, കമ്മിറ്റ്‌മെന്റ്ഇല്ലാതെ ജീവിക്കുന്നത് കാണിക്കുമ്പോള്‍ പലര്‍ക്കും ഷോക്കാണ്. ആണുങ്ങള്‍ക്ക് എങ്ങനെ വേണേലും ജീവിക്കാം. പെണ്ണിന് അതിനുവാദമില്ല. പെണ്ണ് ആണിന്റെ സ്വത്തായിട്ടാണ് നമ്മുടെ സമൂഹം കാണുന്നത്.

ഈ ഗ്ളോറിഫിക്ഷേന്‍ വന്നത് നമ്മുടെ സിനിമകള്‍ നാടകങ്ങളെ പിന്തുടര്‍ന്നതിനാലാണ്. നേരത്തെ പറഞ്ഞ പോലെ പുരാണ ഇതിഹാസങ്ങളാണ് നാടകമായി മാറിയത്. നാടകം എന്നത് മൊതത്തതില്‍ വരേണ്യ വിഭാഗത്തിന്റെ കയ്യിലായിരുന്നു. നാടകത്തിലധികവും കണ്‍വെന്‍ഷണല്‍ ചിന്തകളായിരുന്നു. അതേ ഫോര്‍മുല സിനിമയും പിന്തുടര്‍ന്നു. കൂത്ത് പോലുള്ള നാടന്‍ കലാരൂപങ്ങളിലാണ് തദ്ദേശിയ മനുഷ്യരുടെ കഥ ഉണ്ടായിരുന്നത്.

അടുത്ത സുഹൃത്തുകളുടെ സിനമകള്‍ മാത്രമാണ് കഴിഞ്ഞ് എട്ട് വര്‍ഷത്തിനിടയില്‍ കണ്ടത്. പ്രേക്ഷകന്‍ പുതിയ ആശയങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എത്രത്തോളം തുറന്ന മനസ്സാണ് എന്നാണ് തിയ്യറ്ററില്‍ പോകുമ്പോള്‍ ശ്രദ്ധിക്കാറുള്ളത്. സുബ്രഹമണ്യപുരത്തിലെ കഴുത്തറക്കുന്ന സീനിന് (ഹോണര്‍ കില്ലിങ്) കയ്യടിച്ച അതേ പ്രേക്ഷകര്‍ വെണ്ണിലാ കബഡി കൂട്ടത്തിലെ ജാതിയും മതത്തേക്കാളും മനുഷ്യത്തമാണ് എന്ന സീനിനും തിയ്യറ്ററില്‍ കയ്യടിച്ചു. പ്രേക്ഷകന്‍ തിയ്യറ്ററില്‍ ഇരിക്കുമ്പോള്‍ അവന്റെ അപ്പോഴത്തെ തലച്ചോര്‍ അവിടെ പ്രതിഫലിപ്പിക്കുന്നുണ്ട്.

സിനിമ ചെയ്യുന്നവര്‍ക്ക് സിനിമയിലൂടെ എന്താണ് പ്രേക്ഷകന് കൊടുക്കുന്നത് എന്നതില്‍ ഉത്തരവാദിത്തമുണ്ട്. ഇപ്പോള്‍ ജനങ്ങളുടെ ഇടയിലുള്ള പല ചിന്താഗതികള്‍ക്കും സിനിമ ഒരു പരിധി വരെ കാരണമായിട്ടുണ്ട്. ഈ സമൂഹത്തെ കുറിച്ച് നമ്മുക്ക് കാഴ്ച്ചപാടുകള്‍ ഇല്ലതായി മാറിയിരിക്കുന്നൂ.

സിനിമ പ്രത്യേക തരത്തിലുള്ള ഒരു ശരീര രാഷ്ട്രീയം ഒളിച്ച് കടത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നുണ്ട്. ശരവണ സ്റ്റോറിന്റെ പരസ്യം ടിവിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നമ്മള്‍ എന്തുകൊണ്ടാണ് ചിരിക്കുന്നത്. നായകന്‍ എങ്ങനെയാരിക്കണമെന്ന് സിനിമ നമ്മുടെ മുന്നില്‍ ഒരു ഇമേജ് നിര്‍മ്മിച്ചിട്ടുണ്ട്്. ഈ ചട്ടകൂടിനുളളില്‍ വരുന്ന നായകനല്ല പരസ്യത്തിലുള്ളത്. സിനിമ സങ്കല്‍പ്പത്തിനൊത്ത ശരീരമോ പൊക്കമോ ഇല്ലാത്ത ഒരാള്‍. നമ്മളെല്ലാം സാധാരണക്കാരാണ്. സിനിമ നിര്‍മ്മിച്ച ഇമേജിനുള്ളില്‍ നമ്മളെല്ലാം വരുന്നില്ല. എന്തോ കുറഞ്ഞവരാണ് നമ്മള്‍ എന്ന ഒരു പ്രതിച്ചായയാണ് ഇവിടെ സൃഷ്ടിക്കുന്നെതന്ന് നമമള്‍ ചിരിക്കുമ്പോള്‍ നമ്മള്‍ അറിയുന്നില്ല.

മലയാളമുള്‍പ്പെടെ നിറയെ ഭാഷകളില്‍ നിന്നുള്ള റിമേക്ക് ചിത്രങ്ങള്‍ തമിഴ് സിനിമ മേഖലയില്‍ കൂടുതലായി വരുന്നതിനെപറ്റി എന്താണ് അഭിപ്രായം?

റീമേക്കുകള്‍ക്ക് ഒരു ബിസിനസ് സാധ്യതയുണ്ട്. അതേ പോലെ സീരീസ് സിനിമകള്‍ക്കും. മാരി സിനിമ ഒരു വിജയമാണ്. അപ്പോള്‍ മാരി 2 വിജയിക്കുന്നതിന് കച്ചവട സാധ്യത അധികമാണ്. പുതിയ ടൈറ്റില്‍ വെച്ച് ചെയ്യുന്ന പടത്തിനേക്കാള്‍ കുറഞ്ഞ തുക മതിയാകും ഇപ്പോള്‍ നിലവിലുള്ള ടൈറ്റില്‍ വെച്ച് ചെയ്യുന്ന സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍.

ഫാന്‍സ് അസോസിയേഷനുകളെകുറിച്ച് ?

ഇപ്പോഴത്തെ സിനിമ വ്യവസായത്തിന് ഒരു വന്‍ മുതല്‍ക്കൂട്ടാണ് ഫാന്‍സ്. സിനിമയുടെ മാര്‍ക്കറ്റിങ്ങിന് എറ്റവും സഹായകരമാകുന്ന ഒരു മാര്‍ഗം. പക്ഷേ ഫാന്‍സ്‌കാരെ സംബന്ധിച്ച് അവരുടെ ജീവിതമാണ് നഷ്ടമാകുന്നത്. പഠനം ജോലി എന്നിവ മാറ്റിവെച്ച് ഇതില്‍ സമയം കളയുകയാണ്. അവര്‍ക്ക് ഇത് മനസ്സിലാകാതെ പോകുകയാണ്.

സുന്‍ഹര്‍ യു

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more