| Wednesday, 2nd November 2016, 3:05 pm

മുസ്‌ലിം വ്യക്തിനിയമം അനിസ്‌ലാമികം; വിവേചനപരം: ജ: ഷംസുദ്ധീന്‍ സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

1986 മുതല്‍ 1993  വരെ കേരള ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് പി.കെ. ഷംസുദ്ധീന്‍ ഹംഷീന ഹമീദുമായി സംസാരിക്കുന്നു.

നിലവിലുള്ള മുസ്‌ലിം വ്യക്തി നിയമത്തിന്റെ പോരായ്മകള്‍ എന്തൊക്കെയാണ്? കാലാഹരണപ്പെട്ടതാണെന്ന വാദം ശരിയാണോ?

നിലവിലുള്ള മുസ്‌ലിം വ്യക്തി നിയമം പല വിഷയങ്ങളിലും ഖുര്‍ആനിനും സുന്നത്തിനും എതിരാണ്  എന്നുള്ളതാണ് ഏറ്റവും  പ്രധാനമായ സംഗതി. അവ ഇസ്ലാമിക ശരീഅത്തിന്റെ വ്യവസ്ഥകള്‍ക്ക് നിരക്കാത്തതും വിവേചനപരവുമാണ്.

അതുകൊണ്ട് നിലവിലെ വ്യക്തിനിയമത്തിലെ അനിസ്ലാമിക വ്യവസ്ഥകള്‍ ഒഴിവാക്കുകയും വ്യക്തിനിയമം പുനരാവിഷ്‌കരിക്കുകയും ചെയ്താല്‍ തന്നെ മുസ്‌ലിം നിയമം ആധുനിക കാലഘട്ടത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഉള്‍ക്കൊള്ളാന്‍ കരുത്താര്‍ജ്ജിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പക്ഷെ അത്തരം പരിഷ്‌കരണങ്ങള്‍ കാലാകാലങ്ങളായി സമുദായം എതിര്‍ത്തുപോന്നിട്ടുള്ളതാണ് എന്നതാണ് ദുഃഖകരമായ സത്യം.

ടുണീഷ്യ, മൊറോക്കോ തുടങ്ങീ പല രാജ്യങ്ങളിലും ഖുര്‍ആനിക ചൈതന്യത്തിനു നിരക്കുന്ന രീതിയില്‍ ഇത്തരം പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

പിതാവ് ജീവിച്ചിരിക്കെ ഒരു മകന്‍ മരിച്ചുപോയാല്‍ ആ മകന്റെ സന്തതികള്‍ക്ക് പിതാവിന്റെ സ്വത്തില്‍ നിന്ന് ഒന്നും ലഭിക്കുകയില്ല എന്നൊരു ന്യൂനത പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഈ സ്ഥിതി ഇന്ത്യന്‍ വ്യക്തി നിയമത്തില്‍ ഇപ്പോള്‍  നിലവിലുണ്ട്. ഇത് വലിയൊരു ന്യൂനതയായി പലപ്പോഴും ചൂണ്ടിക്കാണിച്ചുകൊണ്ട് മുസ്‌ലിം പിന്തുടര്‍ച്ചാവകാശം വിമര്‍ശിക്കപ്പെടാറുണ്ട്.

എന്നാല്‍, ഖുര്‍ആനിലെ തന്നെ  നാലാം അധ്യായത്തില്‍,  “”സ്വത്ത് ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ ബന്ധുക്കളോ അനാഥകളോ പാവപ്പെട്ടവരോ ഉണ്ടെങ്കില്‍ അതില്‍ നിന്നും അവര്‍ക്കു നിങ്ങള്‍ എന്തെങ്കിലും നല്‍കുകയും അവരോടു നിങ്ങള്‍ മര്യാദവാക്കുകള്‍ പറയേണ്ടതുമാകുന്നു”” എന്ന വചനത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് പല മുസ്‌ലിം രാജ്യങ്ങളും അത്തരം അനാഥരായ സന്തതികള്‍ക്ക് മൂന്നില്‍ ഒന്നില്‍ കവിയാത്ത, അവരുടെ പിതാവ് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ലഭിക്കുമായിരുന്ന അവകാശം കിട്ടത്തക്ക വിധത്തില്‍ വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം കുട്ടികള്‍ക്ക് നിര്‍ബന്ധമായി ഒസ്യത്ത്  ചെയ്യണമെന്നും ഇനി ചെയ്തിട്ടില്ലെങ്കില്‍ കൂടി അത് ചെയ്തു എന്ന് നിയമം പരിഗണിക്കണമെന്നും വ്യവസ്ഥ ചെയ്തു കൊണ്ടാണ് ആ വിടവ് നികത്തിയിരിക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ പകുതി മാത്രം ലഭ്യമാകുന്ന അവസ്ഥയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സാമ്പത്തിക ബാധ്യത പുരുഷനില്‍ നിക്ഷിപ്തമായിരുന്ന കാലഘട്ടം മാറിയിരിക്കുന്നു. ആധുനിക കാലഘട്ടത്തിലെ ജീവിത സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്.  പുരുഷനൊപ്പം സ്ത്രീയും സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്ന അവസരങ്ങള്‍ ഏറുന്നു. അങ്ങനെ വരുമ്പോള്‍, സ്ത്രീകളുടെ അവകാശത്തിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന പ്രസക്ത ചോദ്യമാണ് ഉന്നയിക്കപ്പെടേണ്ടത്.

അതുപോലെ തന്നെ ഒരാളുടെ അവകാശി ഒരു പെണ്‍കുട്ടി മാത്രമാണെങ്കില്‍ അവള്‍ക്ക് എല്ലാ സ്വത്തും ലഭ്യമാകുകയില്ല. മറ്റുള്ള അകന്ന അവകാശികള്‍ക്കാണ് പകുതി സ്വത്ത് ലഭ്യമാകുക. ഇക്കാര്യം ധാരാളം വിമര്‍ശനങ്ങള്‍ക്ക് വിധേയമാണ്.

ഖുര്‍ആനിക വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയും എന്നതിനെ കുറിച്ച് പണ്ഡിതന്‍മാര്‍ ആലോചിച്ച് തീരുമാനം എടുക്കേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ പെണ്‍കുട്ടി മാത്രം അവകാശിയായി വരുന്ന കേസുകളില്‍ പിതാവോ മാതാവോ ജീവിച്ചിരിക്കുന്ന അവസരത്തില്‍ തന്നെ മകള്‍ക്ക് സ്വത്ത് മുഴുവന്‍ ദാനമായി നല്‍കുകയും, പ്രമാണത്തില്‍ തങ്ങളുടെ ജീവിതകാലം വരെ സ്വത്തിന്റെ ആദായം എടുക്കാനുള്ള അവകാശം നിലനിര്‍ത്തുകയും ചെയ്തുകൊണ്ട് സ്വത്ത് പുറത്തുപോകുന്നത് പ്രായോഗികമായി തടയുന്നത് കണ്ടിട്ടുണ്ട്.

ബഹുഭാര്യാത്വം, മുത്വലാക്ക് എന്നിവ ഇപ്പോഴും ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് അവകാശ ലംഘനം ഉയര്‍ത്തുന്ന വലിയൊരു വെല്ലുവിളിയാണല്ലോ. ഇവ നിരോധിക്കപ്പെടേണ്ടതല്ലേ?

ബഹുഭാര്യാത്വം വളരെയേറെ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഫലമായി  മുസ്‌ലിം സ്ത്രീകള്‍ വളരെയേറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. സൂക്ഷ്മമായി പഠനം നടത്തിയാല്‍ ഏകഭാര്യാത്വം  എന്ന ആശയമാണ് ഖുര്‍ആനില്‍ കാണാന്‍ കഴിയുക.

മുസ്‌ലിം സമുദായത്തിലാണ് ബഹുഭാര്യാത്വം കൂടുതല്‍ എന്ന സങ്കല്പം സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ശരിയല്ല. സത്യത്തില്‍ മുസ്‌ലിം സമുദായത്തില്‍ ബഹുഭാര്യാത്വം വളരെയേറെ കുറഞ്ഞിട്ടുണ്ട്. വിദ്യാസമ്പന്നരും ഉന്നതസ്ഥാനത്തിരിക്കുന്നവരും ഒന്നിലേറെ വിവാഹം കഴിക്കുന്നത് വളരെ അപൂര്‍വമാണ്.

അടുത്തപേജില്‍ തുടരുന്നു

എങ്കിലും ബഹുഭാര്യാത്വം മുസ്‌ലിം നിയമം അനുവദിക്കുന്നു  എന്ന ധാരണ പൊതുജനങ്ങളില്‍ ഉണ്ട്. വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ അത് ശരിയുമാണ്. യുദ്ധങ്ങളില്‍ ധാരാളം പുരുഷന്മാര്‍ മരണമടയുകയും ഒട്ടേറെ സ്ത്രീകള്‍ വിധവകളും അനാഥരും ആയ ഒരു സ്ഥിതി വിശേഷം ഉണ്ടായ സന്ദര്‍ഭത്തിലാണ് ബഹുഭാര്യാത്വത്തെ കുറിച്ചുള്ള ഖുര്‍ആനിലെ പരാമര്‍ശം വരുന്നത്.

ഒരു പൊതു തത്വമായല്ല, ഒരു സാമൂഹിക പ്രശ്‌നം പരിഹരിക്കാന്‍ അനാഥകളുടെ കാര്യത്തില്‍ മാത്രം അനുവദനീയമായ കാര്യം എന്ന നിലയിലാണ് ഖുര്‍ആന്‍ ഇതേ കുറിച്ച് പറയുന്നത്. അതുകൊണ്ടു തന്നെ മറ്റു പല രാജ്യങ്ങലും അംഗീകരിച്ചത് പോലെ ബഹുഭാര്യാത്വം നിയന്ത്രിച്ചുകൊണ്ട് മുസ്‌ലിം വ്യക്തി നിയമത്തില്‍ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. നിലവിലുള്ള ഭാര്യയുടെ സമ്മതത്തോടു കൂടിയും അത്തരത്തിലുള്ള ഒരു വിവാഹത്തിന്റെ ആവശ്യകത ഒരു ട്രൈബ്യൂണലിനെ ബോധ്യപ്പെടുത്തിയും മാത്രമേ ബഹുഭാര്യാത്വം അനുവദിക്കാവൂ.

മുത്വലാഖ് എന്നത് ഖുര്‍ ആനിന്റെയും നബി ചര്യയുടെയും അടിസ്ഥാനത്തില്‍ അനുവദനീയമേയല്ല. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍, ഇരു കൂട്ടരില്‍ നിന്നും തിരഞ്ഞെടുത്ത മധ്യസ്ഥന്മാര്‍ അനുരഞ്ജന ശ്രമം നടത്തണമെന്ന ഖുര്‍ആനിക നിര്‍ദേശം വ്യക്തി നിയമത്തില്‍ ഇല്ല.

ഭാര്യയെ ഒരു അവസരത്തില്‍  ഒരു പ്രാവശ്യം വിവാഹ മോചനം നടത്തുകയും ഭര്‍ത്താവിന്റെ ചിലവില്‍ അതെ വീട്ടില്‍ തന്നെ താമസിപ്പിക്കുകയും വേണം. ഇത് അവര്‍ക്കു രഞ്ജിപ്പിനുള്ള അവസരമുണ്ടാക്കി വിവാഹ മോചനം ഒഴിവാക്കാനുള്ള ഖുര്‍ആനിക നിര്‍ദേശത്തിന്റെ ഭാഗമാണ്.

എന്നിട്ടും യോജിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടാമത്തെ വിവാഹ മോചനം നടത്താം. ഒന്നിച്ചു തന്നെ കഴിയുകയും വേണം. എന്നിട്ടും സാധിക്കുന്നില്ലെങ്കില്‍ മൂന്നാമതും വിവാഹമോചനം നല്‍കി പിരിച്ചയക്കാം. അതോടു കൂടി മാത്രമേ വിവാഹമോചനം സാധ്യമാകുകയുള്ളൂ.

എന്നാല്‍ ഇസ്ലാമിക നിയമത്തിനു വിരുദ്ധമായ മുത്വലാഖ് വ്യക്തി നിയമത്തില്‍ നിലനില്‍ക്കുന്നു. അതിനു മാറ്റം വരുത്തേണ്ടത് ആവശ്യമാണ്.

അതേസമയം, മുസ്‌ലിം സ്ത്രീക്കാണ്  വിവാഹ മോചനം വേണ്ടത് എന്നുണ്ടെങ്കില്‍,  ത്വലാഖിനേക്കാള്‍ ലളിതമായി വിവാഹബന്ധം വിച്ഛേദിക്കാന്‍ ഇസ്ലാം നല്‍കിയിട്ടുള്ള “”ഖുല്‍അ”” എന്ന നടപടിക്ക് വ്യക്തി നിയമത്തില്‍ ഇടമില്ല. നിലവിലുള്ള മുസ്‌ലിം വിവാഹ മോചന നിയമനത്തില്‍ ഭര്‍ത്താവിന്റെ സമ്മതത്തോടെ മാത്രമേ അത് ചെയ്യാവൂ. അവിടെയും സ്ത്രീക്ക് നിലവിലുള്ള അവകാശം നിഷേധിക്കുകയാണ്.

“”ഖുല്‍അ”” പ്രകാരമുള്ള സ്ത്രീയുടെ വിവാഹ മോചനാവകാശം വ്യക്തിനിയമത്തില്‍ പുനഃസ്ഥാപിക്കണം.

അസ്ഗറലി എഞ്ചിനീയര്‍

മുസ്‌ലിം വ്യക്തി നിയമപരിഷ്‌കരണം നേരിടുന്ന  വെല്ലുവിളികള്‍ എന്തൊക്കെയാണ്?

യഥാര്‍ത്ഥ ഇസ്ലാമിക നിയമത്തിനും അതിന്റെ ചൈതന്യത്തിനും നിരക്കാത്ത വ്യവസ്ഥകള്‍ നിലവിലുണ്ടായിട്ടും അത് പരിഷ്‌കരണത്തിന് വിധേയമാകാത്തത് മുസ്‌ലിം യാഥാസ്ഥിതിക വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് കൊണ്ടാണ്.

പുരോഗമന വാദികള്‍ എന്ന് അവകാശപ്പെടുന്നവരും അത്തരമൊരു മാറ്റത്തെ സ്വാഗതം ചെയ്യാത്തതിന് പറയുന്ന കാരണം അത് മുസ്‌ലിം വ്യക്തി നിയമം തന്നെ തുടച്ചു നീക്കുന്നതിലേക്കു നയിക്കും എന്നാണ്. ഷാബാനു കേസിലെ വിധി തികച്ചും ഖുര്‍ആനിക നിയമത്തിനു അനുസൃതമായിരുന്നുവെങ്കിലും ആ വിധിക്കെതിരെ ഒരുപാട് പ്രതിഷേധമുയര്‍ന്നിരുന്നു. വിധിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു നിയമ നിര്‍മാണത്തിന് വഴി വക്കുകയും ചെയ്തു.

വിവാഹവും വിവാഹ മോചനവുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങളെ ബഹു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ “”മോസ്റ്റ് മോഡേണ്‍”” എന്നാണു വിശേഷിപ്പിച്ചത്.

യഥാര്‍ത്ഥ ഇസ്ലാമിക നിയമത്തിന്റെ ആഴത്തിലേക്ക് ഇറങ്ങി ചെന്നുള്ള ഒരു അഭിപ്രായമായിരുന്നിരിക്കണം അത്. എന്നാല്‍, നിലവിലുള്ള മുസ്‌ലിം വ്യക്തി നിയമത്തില്‍ അത് പ്രതിഫലിക്കപ്പെടാത്തതാണ് ഏറെ തെറ്റിധാരണകള്‍ക്ക് ഇടം നല്‍കിയത്.

ഇസ്ലാം സ്ത്രീയെ പൊതു ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടില്ല.  അവര്‍ക്കു നല്‍കിയിട്ടുള്ള ഉന്നതമായ സ്ഥാനങ്ങളും പദവികളും ഇടിച്ചു താഴ്ത്തിയതില്‍ നിന്ന് പുരുഷ മേധാവിത്വത്തിന് ഒഴിഞ്ഞു മാറാനാവില്ല.

വ്യക്തി നിയമത്തില്‍ പരിഷ്‌കരണങ്ങള്‍ വേണം എന്നുള്ള ഉണര്‍ത്തലുകള്‍ ഔദ്യോഗിക തലത്തില്‍ ഉണ്ടായിട്ടുണ്ടോ?

അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. നിലവിലെ നിയമത്തിലെ വിവേചനങ്ങള്‍ ചൂണ്ടിക്കാട്ടി യൂണിഫോം സിവില്‍ കോഡ് നടപ്പില്‍ വരുത്തുന്നതിന്റെ സാധ്യത സുപ്രീം കോടതി പലപ്പോഴും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, അതിനുള്ള യഥാര്‍ത്ഥ പ്രതിവിധി ഒരു പുതിയ മുസ്‌ലിം കോഡിന് രൂപം നല്‍കുകയെന്നതാണ്.

അടുത്തപേജില്‍ തുടരുന്നു

മുസ്‌ലിം സ്ത്രീ സംഘടനകളുടെ ഭാഗത്തുനിന്ന് അത്തരം ഉണര്‍ത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ മിക്കവാറും എല്ലാ മുസ്‌ലിം സ്ത്രീകളുടെ സംഘടനാ പ്രതിനിധികളെയും ക്ഷണിച്ചു കൊണ്ട് ദല്‍ഹിയില്‍ വച്ച് പ്രശസ്ത പണ്ഡിതന്‍ ആയിരുന്ന അസ്ഗര്‍ അലി എഞ്ചിനീയര്‍ ഒരു യോഗം വിളിച്ചു കൂട്ടിയിരുന്നു.

ഞാനും മദ്രാസ് ഹൈക്കോടതി അഡീഷണല്‍  ജഡ്ജി ജസ്റ്റിസ് അക്ബര്‍ അലി, പ്രശസ്ത നിയമപണ്ഡിതന്‍ താഹിര്‍ മഹമൂദ്, ഡോ. സീനത്ത് ഷൗക്കത്തലി, ജാമിയ മില്ലിയ സര്‍വകലാശാല അധ്യാപകര്‍ എന്നിവരും അതില്‍ പങ്കെടുത്തിരുന്നു. അതിനു ശേഷം അസ്ഗര്‍ അലി എന്‍ജിനീയറുടെ സാന്നിധ്യത്തില്‍ ഞാന്‍ കൊച്ചിയിലും ജസ്റ്റിസ് അക്ബര്‍ അലി ചെന്നൈയിലും ഓരോ ചര്‍ച്ചായോഗങ്ങള്‍ കൂടി വിളിച്ചിരുന്നു.

എന്നാല്‍ ദൗത്യം പൂര്‍ത്തിയാകുന്നതിന് മുന്‍പ്  അസ്ഗര്‍ അലി എന്‍ജിനീയര്‍  മരിച്ചു. പൂര്‍ത്തിയാകാത്ത ദൗത്യം മുന്നോട്ടു കൊണ്ടുപോകണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അത്തരത്തില്‍ പണ്ഡിതന്മാരും ബുദ്ധിജീവികളും നിയമജ്ഞരും അടങ്ങിയ ഒരു പാനലിന് രൂപം നല്‍കി പാര്‍ലമെന്റിലൂടെ പാസ്സാക്കിയെടുക്കുകയാണ് വേണ്ടത്.

ഏതു പരിഷ്‌കരണ സംരംഭത്തിനും എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നത് ചരിത്ര സത്യമാണ്. വളരെ  ക്ഷമയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്.

ജസ്റ്റിസ് അക്ബര്‍ അലി

ഇങ്ങനെയൊരുസാഹചര്യത്തില്‍ യൂണിഫോം സിവില്‍ കോഡിന്റെ സാധ്യത എത്രത്തോളമാണ്?  മുസ്‌ലിം സമുദായത്തില്‍ നിന്നാണല്ലോ എതിര്‍പ്പുകള്‍ ഏറെയും?

യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കാന്‍ സ്റ്റേറ്റുകള്‍ ശ്രമിക്കണം എന്നാണു ഭരണഘടന പറയുന്നത്. ഭരണ ഘടനയുടെ മാര്‍ഗ നിര്‍ദേശ തത്വങ്ങളില്‍ നാലാം അധ്യായത്തില്‍ ആണ് ഇത് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മാര്‍ഗ നിര്‍ദേശ തത്വങ്ങളിലെ വ്യവസ്ഥകള്‍  കോടതി നടപടികളിലൂടെ നടപ്പിലാക്കാവുന്നതല്ല.

വിവിധ മതങ്ങളും സംസ്‌കാരങ്ങളും ആചാരങ്ങളും ജീവിത ശൈലികളും ഉള്ള ഒരു ബഹുസ്വര സമൂഹമാണ് നമ്മുടേത്. നിലവില്‍ ഓരോ സമുദായത്തിനും പ്രത്യേകം വ്യക്തി നിയമങ്ങളും  പൊതുവായ നിയമങ്ങളും ഉണ്ട്.

വ്യക്തി നിയമങ്ങള്‍ പ്രധാനമായും വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, രക്ഷാകര്‍തൃത്വം എന്നീ  ഏതാനും വിഷയങ്ങളില്‍ മാത്രം പരിമിതമാണ്. ഈ വിഷയങ്ങളില്‍ ഒരു പൊതു നിയമം കൊണ്ട് വരുന്നതു വിവിധ സമുദായക്കാര്‍ക്കു സ്വീകാര്യമാകുമോ എന്നതാണ് ഒരു പ്രധാന പ്രശ്‌നം.

മുസ്‌ലിങ്ങള്‍ക്കൊപ്പം തന്നെ ശക്തമായ എതിര്‍പ്പ് പാഴ്‌സി സമുദായത്തിലും ഉണ്ട്.  ഹിന്ദു സമുദായത്തിലെ വ്യക്തി നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തുന്നതിന് ആ സമുദായത്തിലും പൊതുവെ അംഗീകാരം ലഭിക്കുമോ എന്ന കാര്യവും സംശയമാണ്.

ന്യൂനപക്ഷ സമുദായങ്ങളുടെ ഭയം ഹിന്ദു വ്യക്തി നിയമം തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുമോ എന്നതാണ്.

ഈ കാരണങ്ങള്‍ കൊണ്ട് തന്നെ യൂണിഫോം സിവില്‍ കോഡ് എന്ന ആശയം പ്രയോഗത്തില്‍ കൊണ്ട് വരാന്‍ ബുദ്ധിമുട്ടുള്ളതാണ്. അതിനു പകരം, നിലവിലുള്ള വ്യക്തി നിയമങ്ങളിലെ പോരായ്മകളും ന്യൂനതകളും മാറ്റി പുതിയൊരു വ്യക്തി നിയമ കോഡ് ഉണ്ടാക്കുന്നതാണ് ഉചിതം.

(കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗം, യൂണിവേഴ്‌സിറ്റി ലോ ഫാക്കല്‍റ്റി അംഗം, സീനിയര്‍ സെന്‍ട്രല്‍ ഗവണ്മെന്റ് കൗണ്‍സില്‍, കേരള സംസ്ഥാന എം.ഇ.എസ് പ്രസിഡന്റ്,കേരള സ്റ്റേറ്റ് മുസ്ലിം എഡ്യൂക്കേഷന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ജസ്റ്റിസ് ഷംസുദ്ധീന്‍  ഇപ്പോള്‍ വേള്‍ഡ് ഫെല്ലോഷിപ് ഓഫ് ഇന്റര്‍ റിലീജിയസ് കൗണ്‍സില്‍സ് രക്ഷാധികാരി, ഇന്റര്‍നാഷണല്‍ ഇന്റര്‍ ഫെയ്ത്ത് ഡയലോഗ് ചെയര്‍മാന്‍, അഖിലേന്ത്യ എം.ഇ.എസ് രക്ഷാധികാരി, കേരള ശാന്തി സമിതി പ്രസിഡന്റ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എറണാകുളം കേന്ദ്രം ഫൗണ്ടര്‍ മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു.)

We use cookies to give you the best possible experience. Learn more