| Friday, 23rd October 2020, 9:42 pm

കേരളത്തില്‍ പിന്തുണയ്ക്കുന്നുവെന്നതിനര്‍ത്ഥം കോണ്‍ഗ്രസിനെ രാജ്യം മുഴുവന്‍ സ്വീകരിക്കുന്നു എന്നല്ല - എസ്.ക്യു.ആര്‍ ഇല്യാസ്‌ | Interview

ഷഫീഖ് താമരശ്ശേരി

അഭിമുഖം: ഡോ. എസ്.ക്യു.ആര്‍. ഇല്യാസ് / ഷഫീഖ് താമരശ്ശേരി

വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം, വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ യു.ഡി.എഫ് മുന്നണിയുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന് അറിയിച്ചിരിക്കുകയാണല്ലോ. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടുകൂടി തന്നെയുള്ള തീരുമാനമാണോ യു.ഡി.എഫുമായുള്ള ഈ സഖ്യം?

വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യക്ക് കേരളത്തില്‍ യു.ഡി.എഫുമായി സഖ്യമില്ല. യു.ഡി.എഫ് നേതൃത്വവുമായി സഖ്യത്തെ സംബന്ധിച്ച ഒരു ചര്‍ച്ചയും ഞങ്ങള്‍ നടത്തിയിട്ടുമില്ല. യു.ഡി.എഫുമായെന്നല്ല സംസ്ഥാന തലത്തില്‍ ഒരു പാര്‍ട്ടിയുമായും വെല്‍ഫയര്‍ പാര്‍ട്ടിക്ക് നിലവില്‍ സഖ്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികളുമായി ചില സീറ്റ് ധാരണകള്‍ മാത്രമാണ് ഞങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്.

കേരളത്തില്‍ ഇപ്പോള്‍ വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ യു.ഡി.എഫുമായി സീറ്റില്‍ ധാരണകളുണ്ടായേക്കാം എന്ന് മാത്രമേയുള്ളൂ. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫുമായി അഞ്ച് ജില്ലകളിലെ സീറ്റുകളില്‍ ഞങ്ങള്‍ ധാരണയുണ്ടാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികളുമായി ഞങ്ങള്‍ സീറ്റ് പങ്കിടാന്‍ തയ്യാറാണ്.

ഡോ. എസ്.ക്യു.ആര്‍. ഇല്യാസ്

ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കേരള ഘടകം യു.ഡി.എഫുമായി ചില സീറ്റുകളില്‍ ധാരണയുണ്ടാക്കിയത് ദേശീയ നേതൃത്വത്തിന്റെ എല്ലാ പിന്തുണയോടും അറിവോടും കൂടി തന്നെയാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ ഐക്യകണ്ഠമായി തീരുമാനിച്ച സമയത്ത് തന്നെ മുന്നണികള്‍ക്കുള്ള പിന്തുണയെക്കുറിച്ച് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ ചര്‍ച്ച ചെയ്തിരുന്നു. അന്നുതന്നെ മറ്റു തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനൊപ്പം മത്സരിക്കുമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ കേരള ഘടകത്തിന്റെ തീരുമാനത്തിന് ദേശീയ നേതൃത്വത്തിന്റെ എല്ലാ പിന്തുണയുമുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ബി.ജെ.പിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും എന്ന നിലയിലായിരുന്നു കാര്യങ്ങള്‍. രാജ്യത്തെക്കുറിച്ചാണ് ഞങ്ങള്‍ ആദ്യം ചിന്തിച്ചത്. അങ്ങനെ ആ വിശാലമായ ഒരു ലക്ഷ്യം കണക്കിലെടുത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നിലകൊള്ളാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ആ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുന്നത്.

പിന്നീട് യു.ഡി.എഫ് കേരള-ദേശീയ തലങ്ങളിലെ നേതൃത്വവുമായി പല തവണ ചര്‍ച്ച നടന്നു. ഹിന്ദുത്വ ശക്തികളെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താനും രാജ്യത്ത് ജനാധിപത്യ അന്തരീക്ഷം നിലനിര്‍ത്താനും മുന്നണികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമോ എന്നെല്ലാം ചര്‍ച്ച ചെയ്തു. ഈ ലക്ഷ്യത്തിനായി എല്‍.ഡി.എഫിനോടൊപ്പമോ യു.ഡി.എഫിനൊപ്പമോ നില്‍ക്കുക എന്നീ രണ്ട് വഴികളേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളു.

നിലവിലെ ഈ ധാരണ എല്ലാ കാലത്തേക്കുമുള്ള സ്ഥിരം തീരുമാനമൊന്നുമല്ല. രാഷ്ട്രീയത്തില്‍ ഒരിക്കലും സ്ഥിര മുന്നണി ബന്ധങ്ങള്‍ സാധ്യമല്ലല്ലോ. നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫുമായി ഒരുമിച്ചുപോവുകയാണ് ഏറ്റവും മികച്ച മാര്‍ഗം.

കോണ്‍ഗ്രസ് ഇത്രയും കാലം പിന്തുടര്‍ന്നുപോന്ന മൃദുഹിന്ദുത്വ നയങ്ങള്‍ക്കെതിരെയും അയോധ്യ, കശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ചുപോന്ന നിലപാടുകള്‍ക്കെതിരെയും ശക്തമായ എതിര്‍പ്പറിയിച്ചുകൊണ്ടാണ് വെല്‍ഫയര്‍പാര്‍ട്ടി ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. അതേ കോണ്‍ഗ്രസുമായി ഫെല്‍ഫെയര്‍ പാര്‍ട്ടി ഇപ്പോള്‍ തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നത് വിരോധാഭാസവും രാഷ്ട്രീയ വിട്ടുവീഴ്ചയുമല്ലേ?

ഞങ്ങളുടെ നിലപാടുകളിലോ അടിസ്ഥാനതത്വങ്ങളിലോ പ്രത്യയശാസ്ത്രത്തിലോ ഒന്നും ഒരു വിട്ടുവീഴ്ചക്ക് ഒരിക്കലും ഞങ്ങള്‍ തയ്യാറായിട്ടില്ല. ഏതൊക്കെ വിഷയങ്ങളിലാണോ ഞങ്ങള്‍ കോണ്‍ഗ്രസിനെതിരെ ഇതുവരെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളത്, ആ നടപടികള്‍ അവര്‍ ആവര്‍ത്തിച്ചാല്‍ ഇനിയും എതിര്‍പ്പ് പ്രകടിപ്പിക്കും. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ തുടരും.

ഏതെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണകള്‍ ഉണ്ടാക്കി എന്നതിന്റെ അര്‍ത്ഥം രാജ്യം മുഴുവന്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നുവെന്നല്ല. അതെല്ലാം അതത് സാഹചര്യത്തിനനുസരിച്ചാണ് തീരുമാനിക്കുക. കോണ്‍ഗ്രസ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഞങ്ങള്‍ അവരെ പിന്തുണക്കും. അല്ലെങ്കില്‍ തീര്‍ച്ചയായും വിമര്‍ശനമുന്നയിക്കും. പക്ഷെ വര്‍ഗീയ ഫാഷിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും എന്ന താരതമ്യം വരികയാണെങ്കില്‍ ഞങ്ങള്‍ കോണ്‍ഗ്രസിനൊപ്പമായിരിക്കും.

തീവ്ര വര്‍ഗീയ പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മിലുള്ള മത്സരത്തില്‍ തീര്‍ച്ചയായും ഞങ്ങള്‍ കോണ്‍ഗ്രസിനൊപ്പം തന്നെയായിരിക്കും നില്‍ക്കുക. പക്ഷെ ആ സ്ഥാനത്ത് മതേതര ശക്തികള്‍ തമ്മിലാണ് മത്സരമെങ്കില്‍ ആ സാഹചര്യത്തിനനുസരിച്ചായിരിക്കും ഞങ്ങള്‍ തീരുമാനമെടുക്കുക.

കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് അന്നും ഇന്നും നിരവധി എതിര്‍പ്പുകളുണ്ട്. യു.എ.പി.എ എന്ന ഭീകരനിയമം നടപ്പിലാക്കിയതും ഭേദഗതി വരുത്തിയതും കോണ്‍ഗ്രസാണ്. അതിനെതിരെ ഞങ്ങള്‍ ശക്തമായി പ്രതികരിച്ചിരുന്നു. ബാബറി മസ്ജിദില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയും ഞങ്ങള്‍ പ്രതികരിച്ചിരുന്നു. ആ എതിര്‍പ്പുകളൊക്കെ അവിടെ തന്നെയുണ്ട്. പക്ഷെ കോണ്‍ഗ്രസും ബി.ജെ.പിയുമെന്ന് വരുമ്പോള്‍ ഞങ്ങള്‍ കോണ്‍ഗ്രസിന് ഒപ്പമേ നില്‍ക്കൂ.

കേരളത്തിലെ യു.ഡി.എഫ് മുന്നണിയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും പ്രബലമായ പാര്‍ട്ടി മുസ്‌ലിം ലീഗ് ആണ്. ന്യൂനപക്ഷ വിഷയങ്ങളില്‍ മുസ്‌ലിം ലീഗ് പിന്തുടരുന്ന സമീപനങ്ങളോടും അവരുടെ അടിസ്ഥാന ആശയങ്ങളോടും വളരെ ശക്തമായ വിയോജിപ്പുകള്‍ അറിയിച്ചുകൊണ്ടും, കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഒരു രാഷ്ട്രീയ ബദല്‍ എന്ന് പ്രഖ്യാപിച്ചുകൊണ്ടുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. അതേ മുസ്ലിം ലീഗുമായി തെരഞ്ഞെടുപ്പ് ധാരണയില്‍ വരുമ്പോള്‍ ന്യൂനപക്ഷ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലീഗിന് എതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ഉന്നയിച്ചിരുന്ന വിയോജിപ്പുകളവസാനിക്കുകയാണോ?

ആദ്യമേ തന്നെ പറയട്ടെ, വെല്‍ഫെയര്‍ പാര്‍ട്ടി ഒരു മുസ്‌ലിം പാര്‍ട്ടിയല്ല. ഇതൊരു മതേതര പാര്‍ട്ടിയാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവരും വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനായി മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ഈ രാജ്യത്തിനുവേണ്ടി, ഈ രാജ്യത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.

മുസ്‌ലിം ലീഗ് മതേതരത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ്. അവര്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു എന്നത് ശരിയാണ്. രാഷ്ട്രീയത്തില്‍ അതെല്ലാം അനുവദനീയമാണ്. ഉദാഹരണമായി പറയുകയാണെങ്കില്‍ ഒരു ദളിത് പാര്‍ട്ടിയുടെ ആദ്യ പരിഗണന തീര്‍ച്ചയായും ദളിതരുടെ ഉന്നമനമായിരിക്കും. ആര്‍.ജെ.ഡിയും സമാജ്‌വാദിയുടേയുമൊക്കെ ആദ്യ പരിഗണന പിന്നോക്ക വിഭാഗക്കാരായിരിക്കുമല്ലോ. അതുപോലെ തന്നെ മുസ്‌ലിം ലീഗ് മുസ്‌ലിം വിഭാഗത്തിനായാണ് പ്രവര്‍ത്തിക്കുന്നത്.

ഞാന്‍ വീണ്ടും വ്യക്തമാക്കാനാഗ്രഹിക്കുകയാണ്, കോണ്‍ഗ്രസുമായും മുസ്‌ലിം ലീഗുമായും ചില വിഷയങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാം. പക്ഷെ വിശാലാര്‍ത്ഥത്തില്‍, രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യവും ക്ഷേമവും മുന്‍നിര്‍ത്തി വേണമല്ലോ തീരുമാനമെടുക്കാന്‍.

കേരളത്തില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് എന്നീ രണ്ട് മുന്നണികള്‍ മാത്രമാണുള്ളത്. ഇവിടെ ഞങ്ങള്‍ യു.ഡി.എഫിനൊപ്പമാണ്. ബംഗാളില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഒന്നിച്ചാണ് മത്സരിക്കുന്നത്. അവിടെ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണ്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സി.എ.എ – എന്‍.ആര്‍.സിക്കെതിരെ ഈ മൂന്ന് പാര്‍ട്ടികളും ഒന്നിച്ചാണ് ഒരു പരാതി സമര്‍പ്പിച്ചത്. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികളുമായി സഖ്യത്തിനെക്കുറിച്ചും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ആ ചര്‍ച്ചകള്‍ അവിടെ നടന്നുകൊണ്ടിരിക്കുകയാണ്.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസടക്കം എല്ലാ മതേതര പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഗ്രഹം. തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോഴത്തെ സഖ്യത്തിന്റെ ഭാഗമാകാനോ അല്ലെങ്കില്‍ എല്ലാ മതേതര പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കാനോ തയ്യാറാണെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീര്‍ച്ചയായും സ്വാഗതം ചെയ്യും.

തൃണമൂല്‍ കോണ്‍ഗ്രസ് നടപടിക്ക് തയ്യാറല്ലെങ്കില്‍ കോണ്‍ഗ്രസും ഇടതും വെല്‍ഫെയര്‍ പാര്‍ട്ടിയും ചേര്‍ന്ന് മത്സരിക്കും. വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ ഒന്നിച്ചു നിന്നേ മതിയാകൂ. ചെറിയ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റി നിര്‍ത്തേണ്ടി വരും

ന്യൂനപക്ഷ ദളിത് അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മുന്നണികളുമായി ചേര്‍ന്ന് മത്സരിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയാധികാരത്തിലെത്താനുള്ള എളുപ്പവഴി എന്ന നിലയിലല്ലേ?

ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും അധികാരത്തില്‍ വരുന്നതിന് വേണ്ടി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അധികാരത്തിലോ ഭരണത്തിലോ വരാന്‍ താല്‍പര്യമില്ലെന്ന് പറയുന്ന ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടോ. പക്ഷെ ഒരു കാര്യം ഞാന്‍ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുകയാണ്, അധികാരത്തില്‍ വരുന്നതിന് വേണ്ടി ഞങ്ങള്‍ ഒരിക്കലും പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല.

അധികാരത്തിലെത്തിയ ശേഷവും പ്രത്യയശാസ്ത്രമോ അധികാരമോ എന്ന സാഹചര്യം വരികയാണെങ്കിലും ഞങ്ങള്‍ അധികാരമല്ല, പ്രത്യയശാസ്ത്രം തന്നെയാണ് തെരഞ്ഞെടുക്കുക. വെല്‍ഫെയര്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇത് സുവ്യക്തമാണ്. പ്രത്യയശാസ്ത്രത്തിലോ മനുഷ്യാവകാശത്തിലോ ജനങ്ങളുടെ താല്‍പര്യത്തിലോ ക്ഷേമത്തിലോ ഞങ്ങളൊരിക്കലും വിട്ടുവീഴ്ച ചെയ്യില്ല.

ശ്രീജ നെയ്യാറ്റിന്‍കരയടക്കമുള്ള കേരളത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടി നേതൃനിരയിലുണ്ടായിരുന്ന മുസ്ലിം ഇതര വിഭാഗങ്ങളില്‍ നിന്നുള്ളവരും ദളിത് നേതാക്കളും സമീപകാലങ്ങളില്‍ പാര്‍ട്ടി വിട്ട് പുറത്തുപോയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി എന്നത് ജമാഅത്തെ ഇസ്‌ലാമിക്ക് അവരുടെ അജന്‍ഡകള്‍ നടപ്പിലാക്കാനുള്ള വേദി മാത്രമാണെന്നായിരുന്നു ഇവരില്‍ ചിലര്‍ പാര്‍ട്ടി വിട്ടു പോയതിന് ശേഷം പറഞ്ഞിരുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി ദളിത് നേതാക്കളെ പ്രതിമകള്‍ പോലെ മുന്നില്‍ നിര്‍ത്തുകയും തീരുമാനങ്ങളെല്ലാം അവര്‍ മാത്രമെടുക്കുകയും ചെയ്യുകയാണെന്നും, പാര്‍ട്ടിക്കകത്ത് നിന്നും ദളിത് വിവേചനം അനുഭവിച്ചിരുന്നുവെന്നും, ദളിത് മുസ്ലിം ഐക്യം എന്ന രാഷ്ട്രീയത്തെ പാര്‍ട്ടി ചൂഷണം ചെയ്യുകയാണെന്നും ചിലര്‍ പറഞ്ഞിരുന്നു. ഇതിനോടൊക്കെയുള്ള പ്രതികരണം?

ശ്രീജ നെയ്യാറ്റിന്‍കര 9 വര്‍ഷത്തോളം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചയാളാണ്. അവര്‍ നിരവധി ചുമതലകളും അധികാരങ്ങളുമുള്ള സംസ്ഥാന ഭാരവാഹിയായിരുന്നു. ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പല പ്രധാന തീരുമാനങ്ങളുടെയും ഭാഗമായിരുന്നു അവര്‍. സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ അവരുണ്ടായിരുന്നു.

ശ്രീജ നെയ്യാറ്റിന്‍കര

പാര്‍ട്ടിയുടെ സുപ്രാധന നേതാക്കളിലൊരാളായിരുന്നു ശ്രീജ നെയ്യാറ്റിന്‍കര. എന്നിട്ടും പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്നതിന് ശേഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനോട് ഞാന്‍ എന്തു പറയാനാണ്. ഞാന്‍ പങ്കെടുത്ത പല വെല്‍ഫെയര്‍ പാര്‍ട്ടി സ്റ്റേറ്റ് കമ്മിറ്റി മീറ്റിംഗിലും ശ്രീജ നെയ്യാറ്റിന്‍കരയുണ്ടായിരുന്നു. അപ്പോഴൊന്നും ഒരിക്കല്‍ പോലും അവര്‍ പാര്‍ട്ടിയിലെ ഈ പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞിരുന്നില്ല.

ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയിലെ ചിലര്‍ ജമാഅത്തെ ഇസ് ലാമി പശ്ചാത്തലമുള്ളവരാണ്. പക്ഷെ പാര്‍ട്ടിയിലെ അംഗങ്ങളിലെയും ഭാരവാഹികളിലെയും ബഹുഭൂരിപക്ഷവും ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്നുള്ളവരല്ല. അവരെല്ലാം സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നും വരുന്നവരാണ്. ദളിതരും സവര്‍ണ ഹിന്ദുക്കളും പിന്നോക്കവിഭാഗക്കാരും ക്രിസ്ത്യാനികളുമെല്ലാം വെല്‍ഫെയര്‍ പാര്‍ട്ടിയിലുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും വര്‍ക്കിംഗ് കമ്മിറ്റികളിലാണ് എടുക്കുന്നത്. സംസ്ഥാനങ്ങളില്‍ സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റിയും ദേശീയ തലത്തില്‍ ഫെഡറല്‍ വര്‍ക്കിംഗ് കമ്മിറ്റിയും. ഈ വര്‍ക്കിംഗ് കമ്മിറ്റികളല്ലാതെ മറ്റൊരു ബോഡിക്കും പാര്‍ട്ടി തീരുമാനങ്ങളില്‍ ഒരു സ്വാധീനവുമില്ല. വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്രമായാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്.

മറ്റൊരു കാര്യം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ദളിത്, പിന്നോക്ക വിഭാഗക്കാര്‍, സവര്‍ണര്‍ എന്നീ വേര്‍തിരിവുകളൊന്നുമില്ല. പാര്‍ട്ടിയുടെ പശ്ചിമ ബംഗാളിലെ പ്രസിഡണ്ടായ മോന്‍സ സെന്‍ താര സവര്‍ണ വിഭാഗത്തില്‍ നിന്നുള്ളയാളാണ്. ദേശീയ ഉപാധ്യക്ഷനായ അംബുജാക്ഷന്‍ ദളിത് വിഭാഗത്തിലുള്ളയാളാണ്. ഇതില്‍ നിന്നുതന്നെ വെല്‍ഫെയര്‍ പാര്‍ട്ടി ബഹുജന പാര്‍ട്ടിയാണെന്നുള്ളത് വ്യക്തമല്ലേ. ഞങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളെയും സ്വാഗതം ചെയ്യുന്നവരാണ്.

ഇത് ദളിതരാണ്, ഇത് ബാരന്മാരാണ്, ഇത് ഛാത്രിയാണ് എന്നു പറഞ്ഞ് സമൂഹത്തെ വേര്‍തിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം അംഗീകരിക്കുന്ന ആരെയും ഞങ്ങള്‍ സ്വാഗതം ചെയ്യും. അതുകൊണ്ട് തന്നെ ശ്രീജ നെയ്യാറ്റിന്‍കര ഉന്നയിക്കുന്നതെല്ലാം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ മാത്രമാണ്.

പാര്‍ട്ടിയില്‍ നിന്നും രാജി വെക്കുന്ന സമയത്ത് അവരോട് കാര്യങ്ങള്‍ സംസാരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അവര്‍ കേള്‍ക്കാന്‍ പോലും തയ്യാറായിരുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Interview with Welfare party National president DR. S.Q.R Ilyas

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more