| Thursday, 27th June 2019, 6:33 pm

'ഹിന്ദുത്വ ആള്‍ക്കൂട്ടം തല്ലിക്കൊന്നവരുടെ വീടുകള്‍'; ലിഞ്ച് നേഷന്‍ ഡോക്യമെന്ററിയുടെ സംവിധായകര്‍ സംസാരിക്കുന്നു

ഷഫീഖ് താമരശ്ശേരി

സാധാരണയില്‍ നിന്നും വിപരീതമായി ആ ചെറിയ പെരുന്നാള്‍ ദിവസത്തില്‍ പള്ളിയില്‍ വെച്ച് അവര്‍ക്ക് ഒരു മയ്യിത്ത് നിസ്‌കാരത്തിന്റെ കൂടി ഭാഗമാകേണ്ടി വന്നു. ഈ പെരുന്നാളിന് ആഘോഷങ്ങളൊന്നുമില്ല എന്ന് ഖുത്ബയില്‍(നിസ്‌കാരത്തോടൊപ്പമുള്ള പ്രസംഗം) ഇമാം പ്രത്യേകം പറയുന്നുമുണ്ടായിരുന്നു. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സാധാരണ ലഭിക്കാറുള്ള ആശംസാ കാര്‍ഡുകളോ, മിഠായികളോ അന്നുണ്ടായിരുന്നില്ല. പകരം ‘ഷഹീദ് ജുനൈദിന് ആദരാഞ്ജലികള്‍’ എന്നെഴുതിയ ഒരു ബാഡ്ജ് ആയിരുന്നു അവര്‍ക്ക് ലഭിച്ചത്. പെരുന്നാളിലേക്കുള്ള പുത്തന്‍ വസ്ത്രങ്ങളും വാങ്ങി സഹോദരനോടൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന ഹരിയാനയിലെ പതിനഞ്ചുവയസ്സുകാരന്‍ ജുനൈദ്, ട്രെയിനില്‍ വെച്ച് ഹിന്ദുത്വ അക്രമികളാല്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റ വാര്‍ത്തകളും ചിത്രങ്ങളുമായിരുന്നു അവരുടെ പെരുന്നാള്‍ സന്തോഷങ്ങളെ അട്ടിമറിച്ചത്.

മുസ്ലിമായി ജനിച്ചു എന്ന ഒറ്റക്കാരണത്താല്‍ റംസാനിലെ പുണ്യ ദിനമെന്ന് കരുതപ്പെടുന്ന ഇരുപ്പതിയേഴാം രാവില്‍ കൊല ചെയ്യപ്പെട്ട ജുനൈദിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നാട് മുഴുവന്‍ ഒരു വൈകാരികാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പെരുന്നാളിന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടന്ന പ്രതിഷേധ യോഗത്തിന്റെയും പ്രതീകാത്മക മയ്യിത്ത് നമസ്‌കാരത്തിന്റെയും ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു.

അഖ്‌ലാഖ് മുതല്‍ ജുനൈദ് വരെ, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിരയായി രാജ്യത്ത് നിരന്തരം കൊല ചെയ്യപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ തുടരെ തുടരെയുള്ള ചിത്രങ്ങള്‍ അവരില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. അവര്‍ ഒരു യാത്രയ്ക്ക് തയ്യാറെടുത്തു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം ചെറിയ തുകകള്‍ കടമായി മേടിച്ചു. ഒരു ക്യാമറയും സംഘടിപ്പിച്ചു. ആദ്യം പുറപ്പെട്ടത് ദാദ്രിയിലെ അഖ്‌ലാഖിന്റെ വീട്ടിലേക്ക്. പിന്നീട് ജുനൈദിന്റെ നാട്ടിലേക്ക്. വൈകാരികമായ ഒരു തോന്നലില്‍ നിന്നാരംഭിച്ച ആ യാത്ര, സുഹൃത്തുക്കളുടെയും ആക്ടിവിസ്റ്റുകളുടെയും സഹായത്തോടെ കുറെക്കൂടി ക്രമീകരണങ്ങളോട് കൂടി വീണ്ടും തുടര്‍ന്നു.

ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ടു. രാജ്യത്തിന്റെ വിവിധ കോണുകളില്‍ വിവിധ കാലങ്ങളില്‍ ഹിന്ദുത്വഭീകരതയുടെ അക്രമോത്സുക വേട്ടയാടലുകള്‍ക്കിരയായി ആക്രമിക്കപ്പെട്ടവരെയും, കൊല ചെയ്യപ്പെട്ടവരുടെ ബന്ധുക്കളെയും അവര്‍ നേരില്‍ ചെന്ന് കണ്ടു. ദുരന്തം സൃഷ്ടിച്ച മാനസ്സികാഘാതവും ഇപ്പോഴും തുടരുന്ന ഭയവിഹ്വലതകളും കാരണം തകര്‍ന്നുകൊണ്ടേയിരിക്കുന്ന അവരുടെ ജീവിതം ക്യാമറയില്‍ പകര്‍ത്തി.

നീണ്ട ഒരു വര്‍ഷത്തെ പ്രയത്‌നങ്ങള്‍ക്കൊടുവില്‍ ‘ലിഞ്ച് നേഷന്‍’ എന്ന പേരില്‍ അവര്‍ ഒരു ഡോക്യുമെന്ററി പൂര്‍ത്തിയാക്കി. ഡോക്യുമെന്ററിയുടെ സംവിധായകരും, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, കുറ്റ്യാടി സ്വദേശികളുമായ ഷഹീന്‍ അഹമ്മദ്, അഫ്ഷാഖ് എന്നിവര്‍ ഡൂള്‍ ന്യൂസുമായി സംസാരിക്കുന്നു…

(ലിഞ്ചിംഗ് എന്നതിന് പൊതുവെ ആള്‍ക്കൂട്ട ആക്രമണം എന്ന് ഉപയോഗിക്കാറുണ്ടെങ്കലും ഈ പ്രത്യേക സാഹചര്യത്തില്‍ ആ വാക്കിന്റെ എല്ലാ അര്‍ത്ഥവുമുള്‍ക്കൊള്ളുന്ന മലയാള പദം ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ലിഞ്ചിംഗ് എന്ന് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്)


*****

സമകാലിക ഇന്ത്യയിലെ സംഘര്‍ഷഭരിതമായ വിവിധ സ്ഥലങ്ങളില്‍ കൂടിയുള്ള ഒരു യാത്രയാണല്ലോ ലിഞ്ച് നേഷന്‍. ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ എങ്ങിനെയായിരുന്നു?

പ്രൊഫഷണലി ഒരു ഡോക്യുമെന്ററി ചെയ്യുക എന്ന ഉദ്ദേശം വെച്ചോ, അതിനായി ഒരു വിഷയം തെരഞ്ഞെടുത്തുകൊണ്ടോ പൂര്‍ത്തിയാക്കിയ വര്‍ക്കല്ല ഇത്. വ്യക്തിപരമായി ഞങ്ങളെ അസ്വസ്ഥപ്പെടുത്തിയ ഒരു വിഷയത്തില്‍ എന്തെങ്കിലും ചെയ്യാനാകുമോ എന്ന അന്വേഷണം ഞങ്ങളെ ഒരു ഡോക്യുമന്ററിയുടെ ചിത്രീകരണത്തിലേക്ക് എത്തിക്കുകയാണുണ്ടായത്. അഖ്‌ലാഖിന്റെയും ജുനൈദിന്റയും വീടുകള്‍ സന്ദര്‍ശിക്കുക എന്ന ഉദ്ദേശം മാത്രമായിരുന്നു ആദ്യം മനസ്സിലുണ്ടായിരുന്നത്. ഈ രണ്ട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കൂടുതല്‍ യാത്ര ചെയ്യേണ്ടതിന്റെ ആവശ്യം മനസ്സിലാവുകയായിരുന്നു. വീണ്ടും പലരില്‍ നിന്നുമായി പണം സംഘടിപ്പിക്കുകയും യാത്രകള്‍ തുടരുകയും ചെയ്തു. ഫുര്‍ഖാന്‍, വിഷു, നിതിന്‍ ചന്ദ്രന്‍, സഹല്‍ തുടങ്ങി കുറേ സുഹൃത്തുക്കള്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു.

ഡോക്യുമെന്ററിയെക്കുറിച്ച് കൃത്യമായ ഒരു കണ്‍സപ്റ്റ് ഒന്നും തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. സ്‌ക്രീന്‍ ടൈമില്‍ പരമാവധി സമയം ലിഞ്ചിംഗിന്റെ ഇരകള്‍ക്ക് നല്‍കണം എന്ന തീരുമാനം മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. ഇന്റലക്ച്വലുകളുടെയും സബ്ജക്ട് എക്‌സ്പര്‍ടുകളുടെയും ആക്ടിവിസ്റ്റുകളുടെയുമൊക്കെ പ്രഭാഷണങ്ങള്‍ക്ക് ഇവിടെ അനേകം വേദികളുണ്ട്. അതുകൊണ്ട് തന്നെ അത്തരം ആളുകളുടെ ബൈറ്റുകള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹിന്ദുത്വയുടെ ക്രൂരമായ കായിക അതിക്രമങ്ങളില്‍പ്പെട്ട് ജീവിതം തകിടം മറിഞ്ഞുപോയ സാധാരണ മനുഷ്യരുടെ സമകാലീന ജീവിത സംഘര്‍ഷങ്ങള്‍ ഏത് രീതിയിലാണെന്നുള്ളത് പരമാവധി യാഥാര്‍ത്ഥ്യത്തോടെ ഷൂട്ട് ചെയ്ത് ആളുകള്‍ക്ക് മുന്നിലെത്തിക്കാനാണ് ഞങ്ങളുദ്ദേശിച്ചത്. അതില്‍ ഒരു പരിധി വരെ വിജയിച്ചുവെന്നും കരുതുന്നു.

ഹിന്ദുത്വസംഘടനകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് അനേകം വര്‍ഷങ്ങളായല്ലോ. എന്നാല്‍ പശുവിന്റെ പേരിലും അല്ലാതെയും ഈ രീതിയില്‍ തുടര്‍കൊലപാതകങ്ങള്‍ രാജ്യത്ത് നടക്കുന്നത് 2014 ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. എന്‍.ഡി.എ തന്നെ ഇതിന് മുമ്പ് അധികാരത്തിലുണ്ടായിരുന്നപ്പോള്‍ പോലും സംഭവിച്ചിട്ടില്ലാത്ത രീതിയില്‍ ഇത്തരം അക്രമോത്സുകതയിലേക്ക് തീവ്രഹിന്ദുത്വം കടന്നുവന്നതിന്റെ സാഹചര്യങ്ങളെ നിങ്ങള്‍ക്കെങ്ങിനെയാണ് മനസ്സിലാക്കാന്‍ സാധിച്ചത്?

ഇവിടെ നാം ആദ്യം മനസ്സിലാക്കേണ്ട കാര്യം, 2002 ല്‍ ഗുജറാത്തില്‍ നടത്തിയ കലാപവും വംശഹത്യയുമാണ് തുടര്‍ന്നുണ്ടായ വര്‍ഗീയ ധ്രുവീകരണവുമാണ് കേന്ദ്രഭരണത്തിലേക്ക് തീവ്രഹിന്ദുത്വയെ എത്തിച്ചത്. ന്യൂനപക്ഷങ്ങളോടും പിന്നാക്കവിഭാഗങ്ങളോടുമുള്ള വെറുപ്പിനും അസഹിഷ്ണുതയ്ക്കും വലിയ രീതിയിലുള്ള സ്വീകര്യതയും മാര്‍ക്കറ്റും ഉള്ള രാജ്യമാണ് നമ്മുടേത്. സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള ഭൂരിപക്ഷത്തിന്റെ ഇത്തരം മനോഭാവങ്ങളെ, ദീര്‍ഘകാലം നീണ്ട ആസൂത്രിത പദ്ധതികളിലൂടെ, അധികാരത്തിലെത്തുന്നതിനായി വിനിയോഗിക്കുക എന്നതാണ് സംഘപരിവാരവും അതിന് നേതൃത്വം നല്‍കിയ നരേന്ദ്രമോദിയും ചെയ്തത്.

അങ്ങനെയൊരാളെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കന്നതോടെ അത് വലിയൊരു സന്ദേശമായിരുന്നു മൊത്തം രാജ്യത്തിനും, അതിലൂടെ ഇവിടുത്തെ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നല്‍കിയിട്ടുണ്ടായിരുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കലാപ രാഷ്ട്രീയത്തിനുള്ള ഒരു തുറന്ന സ്വീകരണം കൂടിയായിരുന്നു അത്. അവിടെ നിന്നാണ് സംഘപരിവാറിന്റെ തേര്‍വാഴ്ച അധികാരത്തിന്റെ പിന്‍ബലത്തോടെ രാജ്യത്ത് തുടരുന്നത്.

മോദി അധികാരത്തിലെത്തി വെറും രണ്ടാഴ്ചയ്ക്കുള്ളിലാണ് മഹാരാഷ്ട്രയിലെ പൂനെയില്‍ ഹിന്ദു രാഷ്ട്ര സേന യുടെ പ്രവര്‍ത്തകര്‍ ഐ.ടി ജീവനക്കാരനായ മൊഹ്‌സിന്‍ ഷെയ്ക്കിനെ, പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് പുറത്ത് വരുന്ന വഴി ആക്രമിച്ച് കൊലപ്പെടുത്തിയത്. പിന്നീടങ്ങോട്ട് യാതൊരു നിയന്ത്രണവുമില്ലാത്ത രീതിയിലാണ് രാജ്യത്തിന്റെ വിവിധ മുക്കിലും മൂലയിലും അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറിയത്.

ഇപ്പോള്‍ നടക്കുന്ന ലിഞ്ചിംഗ് സംഭവങ്ങള്‍ നോക്കൂ. മിക്ക സംഭവങ്ങളുടെയും വീഡിയോകളും ചിത്രങ്ങളും നമുക്ക് ലഭിക്കാറുണ്ട്. ഈ ദൃശ്യങ്ങളെല്ലാം ആ കൃത്യങ്ങള്‍ നടത്തുന്നവര്‍ തന്നെ ഷൂട്ട് ചെയ്യുന്നതാണ്. മുന്‍പൊക്കെ ആളുകള്‍ കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളുമൊക്കെ ചെയ്യുന്നത് ആരുമറിയാതെ രഹസ്യമായി ഇരുട്ടിലും മറവിലുമൊക്കയാണെങ്കില്‍, ഇപ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലും വീഡിയോ ചിത്രീകരിച്ചുകൊണ്ടുമൊക്കെയാണ് കൊലപാതകങ്ങളടക്കം നടത്തുന്നത്.

വീഡിയോ ചിത്രീകരിക്കുന്നതിലൂടെ അവര്‍ ഉദ്ദേശിക്കുന്നത് രാജ്യത്തെ മൊത്തം ന്യൂനപക്ഷങ്ങളെയും പിന്നോക്കവിഭാഗങ്ങളെയും ഭയപ്പെടുത്തുക എന്നത് കൂടിയാണ്. അതിലപ്പുറം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിംസകളെ ഒട്ടും കുറ്റബോധമില്ലാതെ സ്വീകരിക്കാന്‍ തയ്യാറാകുന്ന ഇന്ത്യന്‍ ഭൂരിപക്ഷത്തിന്റെ മാനസികാവസ്ഥകളോട് ഇത്തരക്കാര്‍ അഭിമാനപൂര്‍വം നടത്തുന്ന സംഭാഷണങ്ങള്‍ കൂടിയാണ് ഇത്തരം വീഡിയോ ചിത്രീകരണങ്ങള്‍.

രാജസ്ഥാനില്‍ അഫ്രസുല്‍ ഖാന്‍ എന്നയാളെ ശംഭുലാല്‍ എന്ന ഹിന്ദു ഭീകരന്‍ ക്യാമറയ്ക്ക് മുന്നില്‍ വെച്ച് തീവെച്ച്‌കൊന്ന ഒരു സംഭവമോര്‍മയില്ലേ. ആ വിഷ്വല്‍സ് ഷൂട്ട് ചെയ്തത് വെറും 15 വയസ്സ് മാത്രമുള്ള ഒരു കുട്ടിയാണ്. ഒരു ചെറിയ അനക്കം പോലുമില്ലാതെ കണ്‍മുന്നില്‍ നടക്കുന്ന ഒരു ക്രൂര കൊലപാതകം ഒരു 15 വയസ്സുകാരന് ഇത്ര അനായാസമായി ഷൂട്ട് ചെയ്യാന്‍ കഴിയുന്ന മാനസ്സികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അത്തരമൊരു മാനസ്സിക നിലയിലേക്കാണ് ഇന്ത്യന്‍ ഹിന്ദുത്വം ഇവിടുത്തെ ഭൂരിപക്ഷത്തെ കൊണ്ടെത്തിക്കുന്നത്.

ഷഹീന്‍ അഹമ്മദ്, അഷ്ഫാഖ് ഇ.ജെ എന്നിവര്‍ ജുനെെദിന്‍റെ സഹോദരനൊപ്പം

ആരൊക്കെയോ കടത്തിവിട്ട വെറുപ്പ്, അത്രമാത്രം ആളുകളുടെ ഉള്ളിലുണ്ട്. ഇത്തരം മര്‍ദനങ്ങളുടെ ക്രൂരമായ ചിത്രങ്ങള്‍ കാണുമ്പോള്‍, ആക്രമിക്കപ്പെടുന്ന മനുഷ്യരുടെ നിസ്സഹായമായ നിലവിളികള്‍ കേള്‍ക്കുമ്പോള്‍, ചോരവാര്‍ന്ന് നിലം പതിക്കുന്ന മനുഷ്യരുടെ പിടച്ചിലുകള്‍ക്ക് സാക്ഷിയാകുമ്പോള്‍, അസ്വസ്ഥമാകുന്നവരേക്കാള്‍ അത് കണ്ട് അഭിമാനവും ആനന്ദവും തോന്നുന്ന ഭൂരിപക്ഷത്തിന്റെതായി ഈ രാജ്യം പതിയെ മാറിക്കൊണ്ടിരിക്കുകയാണ്.

നിരവധി കൊലപാതക സംഭവങ്ങളില്‍ പ്രതികളായുള്ളവര്‍ക്ക് വലിയ സ്വീകാര്യതകള്‍ പിന്നീട് കിട്ടുന്നതായി കാണുന്നുണ്ടല്ലോ. ഇത് ലിഞ്ചിംഗ് സംഭവങ്ങള്‍ വര്‍ധിക്കുന്നതിനായുള്ള ഒരു കാരണമായി തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായും. ഇവിടെ ആക്രമിക്കപ്പെടുന്നവരും അവരുടെ ബന്ധുക്കളും സമൂഹത്തില്‍ ഒറ്റപ്പെടുകയും, അക്രമകാരികള്‍ക്ക് സമൂഹത്തില്‍ വലിയ താരപദവി ലഭിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളത്. ജുനൈദ്, അഖ്‌ലാഖ് സംഭവങ്ങളിലെ പ്രതികള്‍ക്ക് ഹിന്ദു നവനിര്‍മാണ്‍ സേന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഓഫര്‍ വരെ നല്‍കുകയുണ്ടായി. അഫ്രസുലിനെ തീവെച്ചുകൊന്ന ശംഭുലാലിന് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന, ആഗ്രയില്‍ മത്സരിക്കുന്നതിനായുള്ള സീറ്റ് നല്‍കുകയും ചെയ്തിരുന്നു.

ഝാര്‍ഖണ്ഡില്‍ ഗോ രക്ഷകരാല്‍ ആക്രമിക്കപ്പെട്ട അലീമുദ്ദീന്‍ അന്‍സാരിയുടെ കേസ്സിലെ പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്ത് വന്നപ്പോള്‍ അവരെ സ്വീകരിക്കാനായെത്തിയത് ബി.ജെ.പി യുടെ എം.പിയും കേന്ദ്രമന്ത്രിയുമായ ജയന്ത് സിന്‍ഹയാണ്. ദാദ്രി കേസ്സിലെ പ്രതികള്‍ക്ക് ജയിലിനകത്ത് പോലും വലിയ രീതിയിലുള്ള സ്വീകരണം ലഭിച്ചതായാണ് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതിലൊരാള്‍ പിന്നീട് മരണപ്പെട്ടപ്പോള്‍ അയാളെ ദേശീയപതാക പുതപ്പിക്കുകയുമുണ്ടായി. ഹിന്ദുത്വയുടെ രാഷ്ട്ര സങ്കല്‍പങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ധീരഭടന്‍മാരെപ്പോലയാണ് ഓരോ കൊലപാതകികളെയും ആക്രമികളെയും മറ്റുള്ളവര്‍ ഏറ്റെടുക്കുന്നത്.


ഝാര്‍ഖണ്ഡിലെ ലത്തേഹാര്‍ കേസ്സില്‍ കൊലപാതകികളെ അറ്സ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംഘടിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ സംഭവമുണ്ടായിരുന്നു. കൊലപാതകികളെ അറസ്റ്റ് ചെയ്യാതിരിക്കുകയും അതില്‍ പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന സാഹചര്യമാണ് അവിടെയുണ്ടായത്. കസ്റ്റഡിയില്‍ എടുത്തവരോട് പോലീസ് പറഞ്ഞത് നിങ്ങള്‍ മുസ്ലിങ്ങള്‍, തീവ്രവാദികളാണെന്നും പാക്കിസ്ഥാനിലേക്ക് പോയിക്കോളണമെന്നുമാണ്. ഈ രീതിയിലാണ് കാര്യങ്ങള്‍. തടവുകാര്‍ മുതല്‍ പൊലീസുകാര്‍ വരെയുള്ള സമൂഹത്തിന്റെ വ്യത്യസ്ത ശ്രേണിയിലുള്ള ആളുകളില്‍ കടന്നുകൂടിയ മനോഭാവം എത്രമാത്രം ഭീകരമാണ് എന്നതാണ് ഇത് പ്രകടമാക്കുന്നത്.

ലിഞ്ചിംഗിന് ഇരയാകുന്നവരുടെ ബന്ധുക്കള്‍ പിന്നീട് എത്തിപ്പെടുന്നതും കടന്നുപോകേണ്ടി വരുന്നതുമായ സാഹചര്യങ്ങള്‍ ദയനീയമാണ്. ഉറ്റവരുടെ കൊലപാതകത്തിനെതിരെ പോലും കോടതിയില്‍ പോകാനോ കേസ്സ് നടത്താനോ ധൈര്യമില്ലാതെ ഭയപ്പെട്ട് കഴിയേണ്ട അവസ്ഥയാണ് പലര്‍ക്കും. സാമ്പത്തികമായും മറ്റും നേരിടുന്ന ബുദ്ധിമുട്ടുകള്‍ വേറെയും.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ എന്ന തരത്തിലാണ് അവര്‍ക്കുനേരെയുള്ള മറ്റുള്ളവരുടെ തുറിച്ചുനോട്ടം. പോലീസിന്റെയോ നിയമത്തിന്റെയോ ഒന്നും കാരുണ്യമോ പിന്തുണയോ അവര്‍ക്ക് ലഭിക്കാറില്ല. അതേ സമയം അക്രമകരികള്‍ക്ക് വലിയ രീതിയലുള്ള പിന്തുണകള്‍ ലഭിക്കുന്നു. അവര്‍ നാട്ടിലെ ഹീറോകളായി മാറുന്നു.

രണ്ട് തരം പൗരന്‍മാരെയാണ് ഇത് സൃഷ്ടിക്കുന്നത്. എപ്പോഴും കൊല്ലപ്പെട്ടേക്കാമെന്ന ഭയത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു ജനത ഒരു ഭാഗത്ത്, എത്ര വലിയ കുറ്റകൃത്യം ചെയ്താലും അഭിമാനത്തോടെ, പൊതു സ്വീകാര്യതയോടെ ജീവിക്കാന്‍ കഴിയുന്ന, ഭരണകൂട സുരക്ഷയുള്ള ഒരു വിഭാഗം മറുഭാഗത്ത്.

ഹിന്ദുത്വയുടെ സുരക്ഷാ കവചത്തിനുള്ളില്‍ നിന്നാല്‍ നിങ്ങള്‍ക്ക് എന്ത് കുറ്റകൃത്യവും നടത്താമെന്നാണവര്‍ പറയുന്നത്. അത് രാജ്യ താത്പര്യമാണെന്ന് വാഴ്ത്തപ്പെടും. ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രം മുറകെ പിടിക്കുന്നിടത്തോളം നിങ്ങള്‍ സുരക്ഷിതരാണ് എന്ന് അവര്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്തും. അല്ലാത്ത പക്ഷം നിങ്ങള്‍ വെറും ഒരു മുസ്ലിം ശരീരം മാത്രമാണ്. എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം, കൊല്ലപ്പെട്ടേക്കാം. അതാണ് നിലവിലെ ഇന്ത്യന്‍ അവസ്ഥ.

ഈ ഡോക്യുമെന്ററിയില്‍ പെഹ്ലുഖാന്റെ മകന്‍ ഇര്‍ഷാദ് പറയുന്ന ഒരു കാര്യമുണ്ട്. എല്ലാവര്‍ക്കും മരിക്കണം. ഞാനും ഒരുനാള്‍ മരിക്കും. ‘ലേകിന്‍ അബുര്‍ തരീഖ് കേ സാത്.’ പക്ഷേ, അഭിമാനത്തോടു കൂടിയായിരിക്കണം.

ലിഞ്ചിംഗിലൂടെ ഇല്ലാതാക്കപ്പെടുന്നത് വെറുമൊരു ശരീരം മാത്രമല്ല. മനുഷ്യസ്വത്വങ്ങളുടെ ആത്മാഭിമാനം കൂടിയാണ്. ഒരു സാമുദായിക വിഭാഗത്തിന്റെ സാമൂഹികസ്ഥാനം കൂടിയാണ്. ലിഞ്ചിംഗ് എന്നത് സമൂഹത്തിലെ ഏതെങ്കിലും വ്യക്തികളോ കൂട്ടങ്ങളോ നടത്തുന്ന ഒരു പ്രവൃത്തിയായി കാണാനാവില്ല. ഭൂരിപക്ഷം അവരുടെ ദേശരാഷ്ട്രസങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടി നടത്തുന്ന അക്രമോത്സുകവും ആസൂത്രിതവുമായ കലാപങ്ങള്‍ തന്നെയാണത്.

ഒരു ഫാസിസ്റ്റ് ഭരണത്തിന്റെ കീഴില്‍ ഒരു ഫാസിസ്റ്റ് സമൂഹത്തിന് മാത്രം സാധ്യമാകുന്ന പ്രവൃത്തിയാണ് ലിഞ്ചിംഗ് എന്നത്. 2019ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മീററ്റിലെ ഒരു ഗ്രാമത്തില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ദളിതര്‍ക്കിടയിലേക്ക് ഒരു കൂട്ടം മേല്‍ജാതിക്കാര്‍ കടന്നുവരികയും ഒരു കാരണവുമില്ലാതെ അവരെ മര്‍ദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വിജയിച്ചപ്പോഴുണ്ടായ ആഹ്ലാദപ്രകടനങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അക്രമോത്സുകമായ ഹിന്ദുത്വത്തിന്റെ ആഘോഷങ്ങളാണിവയെല്ലാം.

ഉന സംഭവത്തോടുകൂടി ഇന്ത്യയില്‍ വലിയ രീതിയിലുള്ള ദളിത് ഉണര്‍വുകള്‍ സംഭവിക്കുന്നതിനും ജിഗ്നേഷ് മേവാനി, ചന്ദ്രശേഖര്‍ രാവണന്‍ തുടങ്ങിയ നേതൃത്വങ്ങള്‍ രൂപപ്പെടുന്നതിനും എല്ലാം രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ നൂറുകണക്കിന് മുസ്ലിങ്ങള്‍ കൊലപ്പെട്ടിട്ടും മുസ്ലിങ്ങള്‍ക്കിടിയില്‍ നിന്നും ഒരു സംഘടിതപ്രതിരോധം ഇതുവരെ രൂപപ്പെട്ടിട്ടില്ലല്ലോ. എന്തുകൊണ്ടാവാം ഇത്.?

ദളിത് വിഭാഗങ്ങള്‍ സംഘടിക്കുന്നത് പോലെ മുസ്ലിങ്ങള്‍ക്ക് ഇവിടെ സംഘടിക്കാന്‍ കഴിയാത്തതിന് ചരിത്രപരമായി തന്നെ നിരവധി കാരണങ്ങളുണ്ട്. ”രാജ്യത്തെ മുസ്ലിങ്ങള്‍ ഏറെ ഭയപ്പെട്ടിരിക്കുകയാണ്. അവരുടെ ഭയം മാറ്റുന്നതിനായി നാം ഇടപെടണം” എന്നാണ് നരേന്ദ്രമോദി ഈയടുത്ത കാലത്ത് ഒരു പ്രസംഗത്തില്‍ പറഞ്ഞത്.

‘വിഭജനത്തിന്റെ ബാധ്യതകള്‍ പേറി ജീവിക്കുന്ന ഒരു സമൂഹമാണ് ഇവിടുത്തെ മുസ്ലിങ്ങള്‍. അവര്‍ സ്വയം വിചാരിച്ചാല്‍ പോലും പാക്കിസ്ഥാനിലേക്ക് പോകാന്‍ കഴിയാത്തത്ര ദരിദ്രരുമാണ്. അതിനാല്‍ അവരെ നാം ഇന്ത്യയുടെ ഭാഗമാക്കണം.’ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗമാണിത്.

മുസ്ലിങ്ങളോടുള്ള ഔദാര്യമാണ് ഈ രണ്ട് പ്രസംഗങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നത്. എല്ലാ കാലത്തും മുസ്ലിങ്ങളെ ഒരു തരം രണ്ടാംകിട പൗരന്‍മാരായാണ് ഇവിടുത്തെ ഭരണകൂടങ്ങള്‍ കണക്കാക്കിയിട്ടുമുള്ളത്. ഇത്തരമൊരപകര്‍ഷകതയും പേറിയാണ് ഇന്ത്യന്‍ മുസ്ലിങ്ങള്‍ കാലങ്ങളായി ഇവിടെ ജീവിക്കുന്നത്.

കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ എത്രവലിയ അനീതികള്‍ നേരിട്ടാലും തെരുവില്‍ വന്ന് പ്രതിഷേധിക്കാന്‍ മുസ്ലിം വിഭാഗം ഭയക്കുന്നുണ്ട്. മതത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നവരുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തുന്ന പ്രതിഷേധങ്ങളെ പോലും പോലീസും മറ്റ് സംവിധാനങ്ങളും ചേര്‍ന്ന്, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നു എന്ന കാരണം പറഞ്ഞ് തടയുകയാണ് ചെയ്യുന്നത്.

ലിഞ്ചിംഗ് നടന്ന നിരവധി സ്ഥലങ്ങളില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ദളിത് സംഘടനകള്‍ക്ക് സാധ്യമാകുന്നത് പോലെ മുസ്ലിങ്ങള്‍ക്ക് കാര്യമായ മുന്നേറ്റങ്ങള്‍ സാധ്യമാകാത്തത് ഇതുകൊണ്ടൊക്കെയാണ്. ദളിത് വിഭാഗങ്ങളുടെ കൂടിച്ചേരലുകളെയോ പ്രതിഷേധങ്ങളെയോ കാണുന്നത് പോലെയല്ല ഇന്ത്യയിലെ പൊതുസമൂഹവും ഭരണകൂടവും മുസ്ലിങ്ങളുടെ സംഘാടനത്തെ കാണുന്നത്. ഹിന്ദുത്വയുടെ രാജ്യനിര്‍മ്മിതിയുടെ സങ്കല്‍പങ്ങളില്‍ എപ്പോഴും ഒരു പൊതു ശത്രു ഉണ്ട്. ഇവിടെ ആ പൊതു ശത്രു മുസ്ലിം ശരീരവും മുസ്ലിം സ്വത്വവുമാണ്. ഏത് നിമിഷവും ആക്രമിക്കപ്പെടാം, കൊല്ലപ്പെടാം, അറസ്റ്റ് ചെയ്യപ്പെടാം, എന്തും ചുമത്തപ്പെടാം. ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് മേല്‍ നിലനില്‍ക്കുന്ന ഇത്തരം ഭയാശങ്കകള്‍ മാറാതെ അവര്‍ക്കിടയില്‍ രാഷ്ട്രീയ സംഘാടനം സാധ്യമാവില്ല.

മറ്റേതെങ്കിലും തരത്തില്‍ ലിഞ്ചിംഗിനെതിരായുള്ള പ്രതിരോധങ്ങളോ മുന്നേറ്റങ്ങളോ നടക്കുന്നുണ്ടോ?

ഫാസിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരായ വിവിധ കൂട്ടായ്മകള്‍ ആക്ടിവിസ്റ്റുകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മുന്‍കൈയില്‍ നടന്നുവരുന്നുണ്ട്. അവര്‍ ലിഞ്ചിംഗ് വിഷയത്തിലും ഇടപെടുന്നുണ്ട്. എന്നാല്‍ അതിലപ്പുറം, കാശ്മീരിലെ എ.പി.ഡി.പി(അസ്സോസിയേഷന്‍ ഓഫ് പാരന്റ്‌സ് ഓഫ് ഡിസ്അപ്പിയേര്‍ഡ് പീപ്പിള്‍) ഒക്കെ പോലെ ലിഞ്ചിംഗിന് ഇരയായവരുടെ ബന്ധുക്കളുടെ മുന്‍കൈയില്‍ അഖിലേന്ത്യാ തലത്തില്‍ ഒരു കോര്‍ഡിനേഷന്‍ രൂപീകരിക്കപ്പെടേണ്ടതുണ്ട്.

കേസ്സുകള്‍ നടത്തുന്നതിനുള്ള നിയമസഹായങ്ങള്‍ ലഭിക്കുന്നതിനും സാമ്പത്തിക സഹായങ്ങള്‍ സ്വരൂപിക്കുന്നതിനും എല്ലാം അത്തരം കോര്‍ഡിനേഷന്‍ ഉപകാരപ്രദമാകും. കേസ്സുകളുണ്ടാക്കുന്ന ബാധ്യതകളിലും തുടരെ തുടരെയുണ്ടാകുന്ന ആക്രമണങ്ങളിലും സാമൂഹകിമായ ബഹിഷ്‌കരണങ്ങളിലുമെല്ലാം പിടിച്ചുനില്‍ക്കാന്‍ ഇത്തരമൊരു ഏകോപനം അത്യാവശ്യമാണ്.

സ്വാഭാവികമായും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇനിയും നിരവധി ലിഞ്ചിംഗ് സംഭവങ്ങള്‍ ഉണ്ടായേക്കാം. നിലവില്‍ ലിഞ്ചിംഗിന് ഇരയായ ആളുകളുടെ ബന്ധുക്കളോടൊപ്പം നില്‍ക്കുന്നത് ഒരു തരം സഹായമനസ്‌കതയില്‍ നിന്നാണ്. എന്നാല്‍ അതിനപ്പുറം അതൊരു പ്രതിരോധമായി മാറേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more