| Friday, 5th February 2021, 11:24 am

'എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയത് ലിസ്റ്റ് അട്ടിമറിച്ച്'; വി.സിക്ക് കത്ത് നല്‍കി ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാലടി സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയ്ക്ക് നിയമനം നല്‍കിയതിനെതിരെ ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് വിഷയ വിദഗ്ധര്‍ വി.സിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കി.

ഡോ. ഉമര്‍ തറമേലിന് പുറമെ കെ.എം ഭരതന്‍, ടി. പവിത്രന്‍ എന്നിവരാണ് കത്ത് നല്‍കിയത്. നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും ലിസ്റ്റ് അട്ടിമറിച്ചതാണെന്നും മൂന്ന് പേരും കത്തില്‍ വ്യക്തമാക്കുന്നു.

നിനിത കണിച്ചേരിയുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച് ഡോ. ഉമര്‍ തറമേല്‍ കഴിഞ്ഞ ദിവസം ഫേസ് ബുക്കിലിട്ട കുറിപ്പ് വലിയ ചര്‍ച്ചയായിരുന്നു.

നിനിത നിയമിക്കപ്പെട്ട തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ ഭാഷാവിദഗ്ധനെന്ന നിലയില്‍ വിദഗ്ധസമിതി അംഗമായി പങ്കെടുത്തയാളായിരുന്നു ഡോ. ഉമര്‍ തറമേല്‍. കോഴിക്കോട് സര്‍വ്വകലാശാലയിലെ മലയാള- കേരളപഠനവകുപ്പില്‍ പ്രൊഫസറാണ് അദ്ദേഹം.

റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്ത് പോയ അനുഭവം ഇതാദ്യമായിട്ടാണെന്നും ഇനി മേലാല്‍ സബ്ജക്ട് എക്‌സ്പര്‍ട്ടായി നിയമനപ്രക്രിയകളില്‍ പങ്കെടുക്കാനില്ലെന്നുമായിരുന്നു ഡോ. ഉമര്‍ തറമേല്‍ ഫേസ്ബുക്കിലെഴുതിയത്.

താന്‍ അടക്കം തയ്യാറാക്കി നല്‍കിയ ലിസ്റ്റില്‍ നിര്‍ദേശിച്ച ഉദ്യോഗാര്‍ത്ഥി നിനിത കണിച്ചേരിയല്ല എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

തങ്ങള്‍ തയ്യാറാക്കി നല്‍കിയ മൂന്ന് പേരുടെ ലിസ്റ്റില്‍ നിനിത കണിച്ചേരിയുടെ പേര് ഉണ്ടായിരുന്നില്ല. മാത്രമല്ല ഇപ്പോള്‍ പട്ടികയിലുള്ള മൂന്ന് പേരില്‍ ഒരാള്‍ മാത്രമേ തങ്ങള്‍ നല്‍കിയ ലിസ്റ്റില്‍ ഉണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

വി.സിയടക്കമുള്ള ഏഴംഗ സമിതിയില്‍ മൂന്ന് വിഷയവിദഗ്ധര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരാണ് ഉദ്യോഗാര്‍ത്ഥിക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടത്. എന്നാല്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് അനുസരിച്ച് നിനിത കണിച്ചേരിക്ക് യോഗ്യത ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ഈ പട്ടിക അട്ടിമറിക്കപ്പെട്ടുവെന്നാണ് വി.സിക്ക് നല്‍കിയ കത്തില്‍ ഇവര്‍ പറയുന്നത്.

നിനിതയേക്കാള്‍ യോഗ്യതയുള്ളവരുണ്ടായിട്ടും അവരെയെല്ലാം തഴഞ്ഞാണ് നിനിതയ്ക്ക് നിയമനം നല്‍കിയെന്നാണ് ആരോപണം.

വിദഗ്ധസമിതിയുടെ എതിര്‍പ്പടക്കം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവര്‍ണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. പി.എസ്.സി നടത്തിയ എഴുത്തുപരീക്ഷയില്‍ 212-ാം റാങ്ക് മാത്രമാണ് നിനിത കണിച്ചേരിക്കുള്ളത്. നിനിതയേക്കാള്‍ യോഗ്യതയുള്ളവരുണ്ടായിട്ടും അവരെയെല്ലാം തഴഞ്ഞ് നിനിതയ്ക്ക് നിയമനം നല്‍കിയെന്നതാണ് ആരോപണം.

ഉമര്‍ തറമേലിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് കുറിപ്പ്

‘സബ്‌ജെക്ട് എക്‌സ്‌പെര്‍ട്ട്’ പണി നിര്‍ത്തി.

ഈ പണിയുടെ, മലയാള പരിഭാഷ വിഷയവിദഗ്ധന്‍, എന്നാണ്. കോളേജുകളിലോ സര്‍വകലാശാലകളിലോ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട്, തത്‌വിഷയത്തില്‍ പ്രവീണ്യമുള്ളവരെ ഉള്‍പ്പെടുത്തി അഭിമുഖം നടത്തണമെന്നും, ഉദ്യോഗാര്‍ഥികളുടെ മികവ് നോക്കി വിദഗ്ധര്‍ നല്‍കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വേണം നിയമനം നടത്തണമെന്നുമാണ്, സര്‍വകലാ /യു ജി സി ചട്ടങ്ങള്‍. സാങ്കേതികമായി എല്ലാ അഭിമുഖങ്ങളും ഇങ്ങനെത്തന്നെയാണ് അരങ്ങേറുക. അതേ സാധുവാകൂ.

അധ്യാപന ജീവിതത്തില്‍ ഏറെ കലാലയങ്ങളില്‍ ഇങ്ങനെ പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സ്വപ്നത്തില്‍ പോലും നിനയ്ക്കാത്ത മട്ടില്‍,റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സര്‍വകലാശാലയില്‍നിന്നും ഇതാദ്യമാണുണ്ടായത്. ഇതിനോടുള്ള കടുത്ത വിമര്‍ശനവും വിയോജിപ്പും ഞാനും സഹവിദഗ്ധരും സര്‍വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ ഇനിയും ഇപ്പണിക്ക് ഈയുള്ളവന്‍ ഇല്ലെന്ന് കേരളത്തിലെ അക്കാഡമിക് സമൂഹത്തെ ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

എന്ന് വിനീതവിധേയന്‍”

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Interview board members letter to vc on mb rajesh wife appointment

We use cookies to give you the best possible experience. Learn more