അഭിമുഖം: വി.കെ സനോജ് / ജാസിം മൊയ്തീന്‍
പുതിയ ഉത്തരവാദിത്തത്തെ എങ്ങനെയാണ് സ്വീകരിക്കുന്നത്?
രാജ്യത്തിനാകെ മാതൃകയായിട്ടുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ കേരളത്തിലെ ഏറ്റവും വലിയ യുവജന സംഘടനയുടെ നേതൃ സ്ഥാനമെന്നത് വളരെയധികം ഉത്തരവാദിത്തമുള്ള ഒരു ചുമതലയാണ്.
പുതിയ ചുമതലയെ വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഏറ്റെടുക്കുന്നത്. പ്രത്യേകിച്ചും കേരളത്തിന്റെ ഇടതുപക്ഷ പുരോഗമന ബോധത്തെ തകര്‍ക്കാനുള്ള സംഘടിത നീക്കം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെതിരെ യുവജനങ്ങളെ സംഘടിപ്പിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്.
മത രാഷ്ട്രവാദികളുടെ ഭാഗത്ത് നിന്ന് മുമ്പെങ്ങുമില്ലാത്ത വര്‍ഗീയ പ്രചരണങ്ങളാണ് ഈ സമയത്ത് നടന്നുകൊണ്ടിരിക്കുന്നത്. വലതുപക്ഷവല്‍ക്കരണത്തിന്റെ ഭാഗമായുള്ള നിരവധി വിപത്തുകളും ഇന്ന് കേരളം നേരിടുന്നുണ്ട്.
സ്ത്രീധനം, ദുരഭിമാനക്കൊല, ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന്-ലഹരി സംഘങ്ങള്‍, ശാസ്ത്ര അവബോധത്തില്‍ നിന്നും ആളുകള്‍ പിറകോട്ട് പോകുന്ന സ്ഥിതി, എങ്ങനെയും പണം സമ്പാദിക്കാനുള്ള വ്യഗ്രത, സദാചാര പൊലീസിംഗും സ്തീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും തുടങ്ങി നിരവധിയായ പ്രശ്നങ്ങള്‍ വര്‍ത്തമാന കേരളം നേരിടുന്നുണ്ട്. ഇതെല്ലാം സമൂഹത്തിന്റെ വലതുപക്ഷവല്‍ക്കരണത്തിന്റെ ഭാഗമായി സംഭവിച്ചിട്ടുള്ളതാണ്.
കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം വിദ്വേഷ പ്രചരണങ്ങളാണിപ്പോള്‍ നടക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരിയില്‍ സംഘപരിവാര്‍ വിളിച്ച പ്രകോപന മുദ്രാവാക്യവും ഭക്ഷണവുമായി ബന്ധപ്പെട്ട് അരങ്ങേറിയ വിവാദങ്ങളും.
ഇത്തരത്തിലുള്ള പ്രതിലോമകരമായതും വിദ്വേശം നിറഞ്ഞതുമായ ആശയങ്ങള്‍ പരസ്യമായി വിളിച്ചുപറയാന്‍ പറ്റുന്ന തരത്തിലേക്ക് കേരളത്തില്‍ വലതുപക്ഷവല്‍ക്കരണ അജണ്ടകള്‍ നടപ്പിലായിട്ടുണ്ട് എന്ന് വേണം കരുതാന്‍.
അതിനെതിരെയെല്ലാം കേരളത്തിലെ യുവജനങ്ങളെ സംഘടിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് വന്നു ചേര്‍ന്നിട്ടുള്ളത്. അത് അഭിമാനത്തോടെ ഏറ്റെടുക്കുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായുള്ള ഇടപെടലുകളാണ് ഡി.വൈ.എഫ്.ഐ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സാംസ്‌കാരിക രംഗത്തും ജീവകാരുണ്യ രംഗത്തുമൊക്കെയുള്ള സംഘടനയുടെ ഇടപെടലുകളെ അതേ രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടു പോകും.
തെരുവുകളിലെ സമരങ്ങളില്‍ നിന്നാണ് കേരളത്തില്‍ ഡി.വൈ.എഫ്.ഐ വേരുറപ്പിച്ചത്. നിലവില്‍ ഇടതുമുന്നണി തുടര്‍ച്ചയായി ഭരണത്തില്‍ തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐ സമരസംഘടന എന്ന നിലയില്‍ നിന്ന് ക്ഷേമസംഘടനായി മാറുമോ?
സമരങ്ങളില്‍ നിന്ന് ഡി.വൈ.എഫ്.ഐ ഒരിക്കലും പിന്‍മാറിയിട്ടില്ല. കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ ഇപ്പോഴും സമരരംഗത്തുണ്ട്. കൊവിഡ് കാലമായതിനാല്‍ സമരത്തിന്റെ രൂപത്തിലും ഭാവത്തിനും മാറ്റമുണ്ടായിട്ടുണ്ട്.
സമരങ്ങളോടൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങള്‍ പ്രാധാന്യം നല്‍കിയത് അതത് കാലത്തിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് മാത്രമാണ്. മഹാമാരികളും തുടര്‍ച്ചയായ പ്രകൃതിദുരന്തങ്ങളും നടിനെ വലിയ പ്രതിസന്ധികളിലേക്ക് നയിച്ചപ്പോള്‍ മടിച്ചുനില്‍ക്കാതെ, ജീവിതം വഴിമുട്ടിയ മനുഷ്യര്‍ക്ക് സഹായങ്ങളുമായി രംഗത്തിറങ്ങുകയാണ് ഞങ്ങള്‍ ചെയ്തത്.
നിരവധി മനുഷ്യര്‍ക്ക് ആശ്വാസം നല്‍കാന്‍ ആ പ്രവര്‍ത്തികള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. അതൊരു മഹത്തായ രാഷ്ട്രീയപ്രവര്‍ത്തനം കൂടിയാണ്. കേവലം ക്ഷേമപ്രവര്‍ത്തനം എന്ന തരത്തിലേക്ക് ചുരുക്കേണ്ട പ്രവര്‍ത്തനങ്ങളായിരുന്നില്ല അവയൊന്നും. അപരന്റെ വേദനകളിലും പ്രയാസങ്ങളിലും കൂടെ നില്‍ക്കുക, ആശ്വാസമേകുക എന്ന മഹത്തായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അതെല്ലാം താല്‍കാലിക പരിഹാരമായിരുന്നു എന്ന് ഞങ്ങള്‍ക്ക് ഉത്തമബോധ്യമുണ്ട്. എങ്കിലും അവ മനുഷ്യര്‍ക്ക് ആശ്വാസമേകിയിട്ടുണ്ട്. ആത്യന്തിക പരിഹാരത്തിനുള്ള ശ്രമങ്ങള്‍ മറ്റൊരു തലത്തില്‍ നടത്തുന്നുമുണ്ട്. അതിന് വ്യവസ്ഥിതികളില്‍ തന്നെ മാറ്റം വരേണ്ടതുണ്ട്.
ഭരണമുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന യുവജന സംഘടനകള്‍ക്ക് അക്കാലങ്ങളില്‍ വലിയ വളര്‍ച്ചയുണ്ടാക്കാന്‍ സാധിക്കാറില്ല. എന്നാല്‍ എല്‍.ഡി.എഫ് ഭരിച്ച കഴിഞ്ഞ ആറ് വര്‍ഷവും ഡി.വൈ.എഫ്.ഐക്ക് മുമ്പെങ്ങുമില്ലാത്ത വിധം വളര്‍ച്ചയുണ്ടായിട്ടുണ്ട്. എങ്ങനെയാണത് സംഭവിച്ചത്?
ഡി.വൈ.എഫ്.ഐക്ക് കേരളത്തില്‍ കാല്‍ ലക്ഷത്തോളം യൂണിറ്റുകളുണ്ട്. അവയെല്ലാം എല്ലാ കാലത്തും വളരെ സജീവമായി പ്രവര്‍ത്തിക്കുന്നവയുമാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കഴിഞ്ഞ ആറ് വര്‍ഷക്കാലവും വിവിധങ്ങളായ ഇടപെടലുകള്‍ ഡി.വൈ.എഫ്.ഐ താഴെ തട്ടുമുതല്‍ നടത്തിയിട്ടുണ്ട്.
അതിന്റെയൊക്കെ ഭാഗമായി തന്നെ സംഘടനാ തലത്തിലും മെമ്പര്‍ഷിപ്പിന്റെ കാര്യത്തിലും വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. മറ്റൊരു കാര്യം, ഇക്കാലത്ത് തന്നെയാണ് കേരളം മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധികളെ നേരിട്ടത് എന്നതാണ്. ആ പ്രതിസന്ധികളില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി ഡി.വൈ.എഫ്.ഐ നടത്തിയിട്ടുള്ള ഇടപെടലുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായൊരു സ്വീകാര്യത നേടിത്തന്നിട്ടുണ്ട്.
ഈ ഇടപെടലുകളെല്ലാം കാലത്തിന്റെ ആവശ്യമായിരുന്നു. ഉദാഹരണത്തിന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ എല്ലാവരും മടിച്ചുനിന്ന സമയത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സധൈര്യം ആ ദൗത്യം ഏറ്റെടുത്തവരാണ്. ആറായിരത്തിലധികം മൃതദേഹങ്ങളാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടേതായി ഡി.വൈ.എഫ്.ഐ നേരിട്ട് സംസ്‌കരിച്ചിട്ടുള്ളത്.
പ്രളയ കാലങ്ങളിലെ രക്ഷാപ്രവര്‍ത്തന സമയത്തും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഡി.വൈ.എഫ്.ഐ ഇക്കാലത്ത് സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ലാഭത്തിന് വേണ്ടിയായിരുന്നില്ല ആ പ്രവര്‍ത്തനങ്ങളൊന്നും.
മനുഷ്യന്റെ സങ്കടങ്ങളിലും പ്രയാസങ്ങളിലും പ്രതിസന്ധികളിലും അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുക എന്ന രാഷ്ട്രീയമായിരുന്നു അതെല്ലാം. അതിപ്പോഴും തുടരുന്നുണ്ട്. എക്കാലവും തുടരുകയും ചെയ്യും. അതൊന്നും ശാശ്വതമായൊരു പരിഹാരമായിരുന്നില്ല എന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. എങ്കിലും ചെറുതെങ്കിലും ഒരു ആശ്വാസം മനുഷ്യര്‍ക്ക് ലഭിച്ചിട്ടുണ്ട്. ശാശ്വത പരിഹാരങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം മറ്റൊരു തലത്തില്‍ നടത്തുകയും ചെയ്യുന്നുണ്ട്.
ഡി.വൈ.എഫ്.ഐക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിത്തന്ന മറ്റൊരു പരിപാടിയായിരുന്നു പൊതിച്ചോര്‍ പദ്ധതികള്‍. ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിലൂടെ ലഭിക്കുന്ന ആശ്വാസത്തിന്റെ കൂടെ ലക്ഷക്കണക്കിന് വീടുകളുമായും കുടുംബങ്ങളുമായും പ്രവര്‍ത്തകര്‍ ബന്ധമുണ്ടാക്കുന്നു എന്നത് കൂടി ഈ പദ്ധതി വഴി നടന്നിട്ടുണ്ട്. ആ ഭക്ഷണപ്പൊതികളുടെ മൂല്യം പണത്തിന്റെ അളവുകോലു കൊണ്ട് അളക്കാന്‍ പറ്റാത്തതാണ്.
അവയവദാനവും രക്തദാനവും അടക്കമുള്ള പദ്ധതികളുമെല്ലാം ഡി.വൈ.എഫ്.ഐയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളായിരുന്നു. അതെല്ലാം ഇക്കാലയളവലില്‍ സംഘടനയുടെ വളര്‍ച്ചക്ക് സഹായകമാവുകയും കൂടുതല്‍ സ്വീകാര്യത നേടിത്തരികയും ചെയ്തിട്ടുണ്ട്.
സംഘടനാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ഏതുവരെയായി?
ഡി.വൈ.എഫ്.ഐ യൂണിറ്റ് സമ്മേളനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബറോട് കൂടി യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും. ജനുവരിയില്‍ മേഖലാ സമ്മേളനങ്ങളും ഫെബ്രുവരി മാസത്തില്‍ ബ്ലോക്ക് സമ്മേളനങ്ങളും ഏപ്രില്‍ ആദ്യ വാരത്തില്‍ ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയാക്കും. ഏപ്രില്‍ അവസാനത്തോട സംസ്ഥാന സമ്മേളനം നടത്താനാണ് ആലോചിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Intervie with DYFI’s new state secretary VK Sanoj