| Friday, 6th December 2024, 8:36 am

സുനില്‍ സ്വാമിയുടെ ശബരിമലയിലെ ഇടപെടല്‍; സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് ഹൈക്കോടതി. വ്യവസായി സുനില്‍ സ്വാമിക്ക് മറ്റു ഭക്തര്‍ക്ക് നല്‍കാത്ത പരിഗണന സന്നിധാനത്ത് നല്‍കിയതിലാണ് കോടതിയുടെ പരാമര്‍ശം.

സന്നിധാനത്ത് മറ്റ് ഭക്തര്‍ക്ക് ഇല്ലാത്ത സൗകര്യങ്ങള്‍ സുനില്‍ സ്വാമിക്ക് ലഭിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. സ്വമേധയ കേസെടുത്താണ് കോടതിയുടെ ഉത്തരവ്. ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വെര്‍ച്വല്‍ ക്യൂവിലൂടെയാണ് ഭക്തര്‍ ശബരിമലയിലെത്തുന്നത്. എന്നാല്‍ ശബരിമലയില്‍ നടക്കുന്ന എല്ലാ ദിവസ പൂജകളിലും സുനില്‍ സ്വാമി പങ്കെടുക്കുന്നുണ്ട്. ശ്രീകോവിലിന് മുമ്പില്‍ നിന്നുകൊണ്ടാണ് സുനില്‍ സ്വാമി പൂജയില്‍ പങ്കെടുക്കുന്നത്. നട തുറക്കുന്ന ദിവസങ്ങളിലെല്ലാം സുനില്‍ സ്വാമി ശബരിമലയില്‍ താമസിച്ച് വരുന്നുണ്ട്.

എന്നാല്‍ മറ്റുള്ള ഭക്തര്‍ക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഒന്നും തന്നെ ശബരിമലയില്‍ ലഭിക്കുന്നില്ല. സുനില്‍ സ്വാമിയുടെ ശബരിമലയിലെ നീക്കങ്ങള്‍ നേരത്തെ വിവാദമായിരുന്നു. അതിനെ തുടര്‍ന്നാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.

ഇതുസംബന്ധിച്ച് വിവിധ വകുപ്പുകളില്‍ നിന്ന് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്ന് കോടതി ഉത്തരവിട്ടത്. മാസങ്ങള്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് കോടതി ഉത്തരവ്.

സുനില്‍ സ്വാമിക്കും വെര്‍ച്വല്‍ ക്യൂവിലൂടെ പ്രവേശനം അനുവദിച്ചാല്‍ മതിയെന്നാണ് കോടതി ഉത്തരവിട്ടത്. കഴിഞ്ഞ 10 വര്‍ഷമായി ശബരിമലയിലെ ഡോണര്‍ ഹൗസായ സഹ്യാദ്രി പില്‍ഗ്രിം സെന്ററിലെ 401 മുറി സുനില്‍ സ്വാമിയാണ് ഉപയോഗിക്കുന്നതെന്നും കോടതി കണ്ടെത്തി.

വര്‍ഷങ്ങളോളം ഒരാള്‍ക്ക് കൈവശം വെക്കാവുന്ന സൗകര്യമല്ല ഡോണര്‍ ഹൗസിലേത്. സഹ്യാദ്രി പില്‍ഗ്രിം സെന്ററില്‍ അഞ്ച് ദിവസം സൗജന്യമായും പത്ത് ദിവസം വാടക നല്‍കിയും താമസിക്കാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ സുനില്‍ സ്വാമി വര്‍ഷങ്ങളോളം ഇത് കൈവശം വെച്ചുവെന്നാണ് കോടതി കണ്ടെത്തിയത്.

Content Highlight: Intervention by Sunil Swamy; Nobody should be given special treatment at Sabarimala: HC

We use cookies to give you the best possible experience. Learn more