|

ഇനിയൊരു നൂറ് തവണ റീ റിലീസ് ചെയ്താലും ഡിമാന്‍ഡ് കുറയില്ല, നോളേട്ടന്‍ മാജിക്ക് ഇന്റര്‍സ്‌റ്റെല്ലാര്‍ വീണ്ടും വരുന്നു

അമര്‍നാഥ് എം.

‘ഒരച്ഛന്‍ മകള്‍ക്ക് കൊടുത്ത വാക്ക് പാലിക്കുന്നതിന്റെ കഥ’ ക്രിസ്റ്റഫര്‍ നോളന്റെ ഇന്റര്‍സ്‌റ്റെല്ലാറിനെ ഇങ്ങനെ വിശേഷിപ്പിക്കാം. സയന്‍സ് ഫിക്ഷന്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ് ഇന്റര്‍സ്‌റ്റെല്ലാറിനുണ്ട്. 2014ലാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ദൃശ്യവിസ്മയം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

ഈ വര്‍ഷം റീ റിലീസ് ചെയ്ത ഇന്റര്‍സ്റ്റെല്ലാര്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് റെക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയത്. ഐമാക്‌സ് സ്‌ക്രീനുകളില്‍ ഇന്റര്‍സ്‌റ്റെല്ലാറിന്റെ ടിക്കറ്റിനായി വന്‍ ഡിമാന്‍ഡായിരുന്നു. ഈ വര്‍ഷം ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനിലേക്ക് ഇന്റര്‍സ്‌റ്റെല്ലാര്‍ തിരികെയെത്തുകയാണ്. ഏഴ് ദിവസത്തെ ലിമിറ്റഡ് സ്‌ക്രീനിങ് മാത്രമേ ഉണ്ടാകുള്ളൂവെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

ആദ്യകാഴ്ചയില്‍ പലതും മനസിലാക്കാന്‍ കഴിയാത്ത, കാണുമ്പോള്‍ കോംപ്ലിക്കേറ്റഡായി തോന്നുന്ന ചിത്രമാണ് ഇന്റര്‍സ്‌റ്റെല്ലാര്‍. ഓരോ തവണ റീവാച്ച് ചെയ്യുമ്പോഴും പുതിയ എന്തെങ്കിലും കാര്യം മനസിലാക്കാന്‍ കഴിയുന്ന മികച്ചൊരു സ്‌ക്രിപ്റ്റാണ് ഇന്റര്‍സ്റ്റെല്ലാറിന്റേത്. ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള ഒരുപാട് എക്‌സ്പ്ലനേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്.

ചിത്രത്തിന്റെ കഥ നടക്കുന്ന കാലഘട്ടത്തെക്കുറിച്ചും ആ സമയത്തെ ജീവിതത്തെക്കുറിച്ചും ക്രിസ്റ്റഫര്‍ നോളന്‍ പല സീനിലും പറയാതെ പറയുന്നുണ്ട്. ഭൂമിയിലെ സകല വിളകളും നശിച്ച് ഒടുവില്‍ ചോളം മാത്രം കൃഷി ചെയ്യേണ്ടി വരുന്ന മനുഷ്യരെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ആ സമയത്ത് ഭൂമിയില്‍ മനുഷ്യരല്ലാതെ മറ്റൊരു ജീവജാലവും ഇല്ലെന്ന് കുറച്ചു സീനുകള്‍ കൊണ്ട് നോളന്‍ പറഞ്ഞു വെക്കുന്നുണ്ട്.

എന്നാല്‍ ആദ്യ കാഴ്ചയില്‍ പലരും ഇത്തരം ഡീറ്റെയിലിങ് ശ്രദ്ധിച്ചുകാണില്ല. സിനിമയെ സീരിയസായ കാണുന്ന ഓരോരുത്തര്‍ക്കും ഇന്റര്‍സ്‌റ്റെല്ലാറിന്റെ സ്‌ക്രിപ്റ്റ് ഒരു പാഠപുസ്തകം തന്നെയാണ്. വെറുമൊരു സിനിമ എന്നതിലുപരി ലൈഫ്‌ടൈം എക്‌സ്പീരിയന്‍സ് കൂടിയാണ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

കഥപറച്ചില്‍ കൊണ്ട് മാത്രമല്ല, വിഷ്വല്‍ ഇഫക്ടുകള്‍ കൊണ്ടും സംഗീതം കൊണ്ടും പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാന്‍ പ്രത്യേക കഴിവ് ചിത്രത്തിനുണ്ട്. ക്രിസ്റ്റഫര്‍ നോളന്റെ സങ്കീര്‍ണമായ എഴുത്തിനൊപ്പം ഹാന്‍സ് സിമ്മറിന്റെ മാസ്മരിക സംഗീതവും ചേര്‍ന്ന് ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കുന്നുണ്ട്.

മില്ലേഴ്‌സ് പ്ലാനറ്റില്‍ കൂപ്പറും സംഘവും ഇറങ്ങുന്ന സീനില്‍ സിമ്മര്‍ നല്‍കിയ ട്രാക്കില്‍ പോലും വലിയ ബ്രില്ല്യന്‍സാണ് ഒളിഞ്ഞുകിടക്കുന്നത്. സി.ജി.ഐ ഷോട്ടുകള്‍ പരമാവധി ഒഴിവാക്കി പ്രാക്ടിക്കല്‍ എഫക്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ക്രിസ്റ്റഫര്‍ നോളന്റെ വാശിയും പ്രസിദ്ധമാണ്. ചിത്രത്തിനായി 500 ഏക്കറോളം ചോളപ്പാടം ഒരുക്കിയത് അത്തരം വാശിയുടെ ഭാഗമായാണ് കാണുന്നത്.

സിനിമ കാണുന്ന പ്രേക്ഷകനെ എന്റര്‍ടൈന്‍ ചെയ്യിക്കുക എന്നതിനപ്പുറം കണ്ട് കഴിഞ്ഞാലും പ്രേക്ഷകനെ ഒരുപാട് ചിന്തിപ്പിക്കുക എന്നതാണ് ക്രിസ്റ്റഫര്‍ നോളന്‍ എന്ന സംവിധായകന്‍ തന്റെ സിനിമകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഐമാക്‌സ് സ്‌ക്രീനില്‍ നോളന്റെ ദൃശ്യവിസ്മയം കാണാന്‍ എല്ലാകാലത്തും ഇവിടെ സിനിമാപ്രേമികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. കാരണം, ഇന്റര്‍സ്റ്റെല്ലാര്‍ വെറുമൊരു സിനിമയല്ല, അതൊരു അനുഭവമാണ്.

Content Highlight: Interstellar movie re releasing again due to high demand

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories