Entertainment
ഐമാക്‌സില്‍ ഒന്നുകൂടെ ഇന്റര്‍സ്റ്റെല്ലാര്‍ കാണാന്‍ ആഗ്രഹമുണ്ടോ, വിഷമിക്കണ്ട... ഒരു വരവ് കൂടി വരുന്നുണ്ട്, ഒപ്പം ഹോളിവുഡ് മാഗ്നം ഓപ്പസും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 11, 06:15 am
Tuesday, 11th March 2025, 11:45 am

ഹോളിവുഡ് സിനിമാപ്രേമികളുടെ ഇടയില്‍ കള്‍ട്ട് സ്റ്റാറ്റസുള്ള ചിത്രമാണ് ഇന്റര്‍സ്റ്റെല്ലാര്‍. സൈ-ഫൈ ഴോണറില്‍ വന്ന ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടാന്‍ കഴിയുന്ന ദൃശ്യവിസ്മയമാണ് ഇന്റര്‍സ്റ്റെല്ലാര്‍. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു.

ചിത്രത്തിന്റെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് ഐമാക്‌സില്‍ റീ റിലീസ് ചെയ്തിരുന്നു. എന്നാല്‍ പുഷ്പ 2വിന്റെ റിലീസ് കാരണം ഇന്ത്യയില്‍ ഇന്റര്‍സ്റ്റെല്ലാറിന് ഐമാക്‌സ് സ്‌ക്രീനുകള്‍ ലഭിച്ചിരുന്നില്ല. കഴിഞ്ഞ മാസം ചിത്രം ഇന്ത്യയില്‍ റീ റിലീസ് ചെയ്തിരുന്നു. 20 കോടിയോളമാണ് ഇന്റര്‍സ്‌റ്റെല്ലാര്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

എന്നാല്‍ വെറും ഏഴ് ദിവസത്തെ സ്‌ക്രീനിങ് മാത്രമേ ഇന്റര്‍സ്റ്റെല്ലാറിന് ഉണ്ടായിരുന്നുള്ളൂ. പലര്‍ക്കും ചിത്രം കാണാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ഒരിക്കല്‍ കൂടി ഇന്റര്‍സ്‌റ്റെല്ലാര്‍ റീ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 14 മുതല്‍ ഏഴ് ദിവസം ചിത്രം പ്രദര്‍ശിക്കും. ഐമാക്‌സ്, എപ്പിക്യു ഫോര്‍മാറ്റില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

165 മില്യണ്‍ ബജറ്റിലൊരുങ്ങിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 740 മില്യണാണ് കളക്ട് ചെയ്തത്. മാത്യു മക് കോണഹേ, അന ഹാത്‌വേ, മാറ്റ് ഡാമന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കേരളത്തിലെ രണ്ട് ഐമാക്‌സ് സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

ഇന്റര്‍സ്റ്റെല്ലാറിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ മാഗ്നം ഓപ്പസ് ചിത്രമായ ഡ്യൂണ്‍ പാര്‍ട്ട് 2വും റീ റിലീസ് ചെയ്യുന്നുണ്ട്. മാര്‍ച്ച് 14ന് തന്നെയാണ് ചിത്രം എത്തുന്നത്. ഏഴ് ദിവസം മാത്രമേ ഡ്യൂണ്‍ 2വിന് പ്രദര്‍ശനമുള്ളൂ. ഈ വര്‍ഷത്തെ അക്കാഡമി അവാര്‍ഡില്‍ മികച്ച വി.എഫ്.എക്‌സിനും സൗണ്ടിനുമുള്ള അവാര്‍ഡ് ഡ്യൂണിന്റെ രണ്ടാം ഭാഗം സ്വന്തമാക്കിയിരുന്നു. ഡെന്നീസ് വില്ലന്യൂ സംവിധാനം ചെയ്ത് തിമോത്തി ഷാല്‍മെറ്റ്, സെന്‍ഡയ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 700 മില്യണ്‍ സ്വന്തമാക്കിയിരുന്നു.

ഇന്റര്‍സ്റ്റെല്ലാറിനും ഡ്യൂണ്‍ 2വിനും സംഗീതം നല്‍കിയത് ഹാന്‍സ് സിമ്മറായിരുന്നു. രണ്ട് ചിത്രങ്ങളിലെ സംഗീതത്തിനും ലോകമെമ്പാടും ആരാധകരുണ്ട്. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളിലെ വര്‍ക്കിനും ഹാന്‍സ് സിമ്മറിന് ഓസ്‌കര്‍ ലഭിക്കാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. 2015ല്‍ അവസാന റൗണ്ടില്‍ സിമ്മറിന് അവാര്‍ഡ് ലഭിക്കാതെ പോയപ്പോള്‍ ഈ വര്‍ഷം നോമിനേഷനില്‍ പോലും ഇടം നേടാന്‍ സിമ്മറിന് സാധിച്ചില്ല.

Content Highlight: Interstellar going to re release again with Dune Part Two