സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിലൊന്നായ ഇന്റര്‍സ്റ്റെല്ലാര്‍ ഇന്ത്യയില്‍ കഴിഞ്ഞയാഴ്ച റീ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ റീ റിലീസിന് വമ്പന്‍ വരവേല്പാണ് ലഭിച്ചത്. ലോകസിനിമയിലെ എക്കാലത്തെയും മികച്ച സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളിലൊന്നായ ഇന്റര്‍സ്റ്റെല്ലാര്‍ റെക്കോഡ് കളക്ഷനാണ് ഇന്ത്യയില്‍ നിന്ന് നേടിയത്.
മറ്റ് ചിത്രങ്ങളുടെ ഐമാക്‌സ് റിലീസുള്ളതിനാല്‍ വെറും ഏഴ് ദിവസം മാത്രമേ ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുള്ളൂവെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഈ സുവര്‍ണാവസരം ഇന്ത്യയിലെ സിനിമാപ്രേമികള്‍ പരമാവധി മുതലെടുക്കുകയായിരുന്നു. പലയിടത്തും ചിത്രത്തിന്റെ ഐമാക്‌സ് വേര്‍ഷന് ടിക്കറ്റ് കിട്ടാത്ത അവസ്ഥ വരെയുണ്ടായി.
ആദ്യ വീക്കെന്‍ഡില്‍ തന്നെ 10 കോടിയോളമാണ് ഇന്റര്‍സ്‌റ്റെല്ലാര്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഇതിനോടകം 20 കോടിക്കടുത്ത് കളക്ട് ചെയ്ത ചിത്രത്തിന് കേരളത്തിലും മികച്ച വരവേല്പാണ് ലഭിക്കുന്നത്. ഐമാക്‌സ്, എപിക് അടക്കം കേരളത്തിലെ വളരെ ചുരുക്കം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 2.5 കോടിയാണ് ആറ് ദിവസം കൊണ്ട് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ മമ്മൂട്ടിയുടെ റീ റിലീസ് ചിത്രങ്ങളുടെ കളക്ഷനെക്കാള്‍ കൂടുതലാണ് ഇത്. വന്‍ ഹൈപ്പില്‍ റീ റിലീസ് ചെയ്ത വല്ല്യേട്ടന്‍ പോലും ഒരു കോടി പോലും നേടാന്‍ കഴിയാതെ പോയപ്പോഴാണ് ഒരു ഹോളിവുഡ് ചിത്രം കേരളത്തില്‍ നിന്ന് ഇത്രയും കളക്ഷന്‍ നേടുന്നത്. എന്നാല്‍ റീ റിലീസില്‍ കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോഡ് മോഹന്‍ലാലിന്റെ പേരില്‍ തന്നെയാണ്.
കഴിഞ്ഞവര്‍ഷം റീ റിലീസ് ചെയ്ത ദേവദൂതനാണ് ഈ റെക്കോഡ്. 5.2 കോടിയാണ് ചിത്രം നേടിയത്. മോഹന്‍ലാലിന്റെ തന്നെ സ്ഫടികമാണ് ലിസ്റ്റില്‍ രണ്ടാമത്. 4.7 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴും മൂന്ന് കോടിക്കുമുകളില്‍ കളക്ട് ചെയ്തിരുന്നു. ഈ എലീറ്റ് ലിസ്റ്റിലേക്കാണ് മലയാളികളുടെ സ്വന്തം നോളേട്ടന്റെ ക്ലാസിക് ചിത്രവും ഇടംപിടിച്ചത്.
അതേസമയം മമ്മൂട്ടിയുടെ ഏറ്റവും ഒടുവില്‍ വന്ന റീ റിലീസ് ചെയ്ത ചിത്രമായ ഒരു വടക്കന്‍ വീരഗാഥക്ക് മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുകയാണ്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം എം.ടി- ഹരിഹരന്‍- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ക്ലാസിക് ചിത്രത്തിന് മികച്ച വരവേല്പാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്.
Content Highlight: Interstellar earned 2.5 crores from Kerala Box Office