യുവാവിന്റെ കസ്റ്റഡി മരണത്തിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിനുനേരെ പൊലീസ് വെടിവെപ്പ്: ഗുജറാത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു
Daily News
യുവാവിന്റെ കസ്റ്റഡി മരണത്തിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിനുനേരെ പൊലീസ് വെടിവെപ്പ്: ഗുജറാത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2017, 7:57 am

അഹമ്മദാബാദ്: പൊലീസ് കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ ഗുജറാത്തിലെ ആദിവാസി ഗ്രാമമായ ചിലാകോട്ടയില്‍ സംഘര്‍ഷം. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയുമായിരുന്നു.

അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. ഇതോടെ മേഖലയിലെ സംഘര്‍ഷം രൂക്ഷമായി.

വ്യാഴാഴ്ച ഒന്നരയോടെ കനേഷ് ഗാമറ എന്ന 31കാരനെ പൊലീസുകാര്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോകുകയായിരുന്നു. മൂന്നുമണിയോടെയോടെ യുവാവിനെ വിട്ടയക്കുകയും ചെയ്തു.

എന്നാല്‍ ഒരുമണിക്കൂറിനുള്ളില്‍ യുവാവ് മരിച്ചു. ഇതോടെ മൃതദേഹം ടെമ്പോയില്‍ കയറ്റി പ്രദേശവാസികള്‍ ജെസ്‌വാഡ പൊലീസ് സ്റ്റേഷനിലെത്തി കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.


Also Read: താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ യോഗിക്ക് സുരക്ഷയൊരുക്കാന്‍ ഗ്രാമവാസികളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു


അപകടമരണത്തിന് കേസെടുക്കാമെന്ന് പൊലീസ് പറഞ്ഞപ്പോള്‍ ഗ്രാമവാസികള്‍ സ്‌റ്റേഷനുനേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് വെടിവെപ്പു നടത്തിയത്.

45 കാരനായ രംസു മൊഹാനിയയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ജസ്‌വാഡയില്‍ പച്ചക്കറി വാങ്ങാനായി പോയപ്പോഴാണ് രാംസുവിന് വെടിയേറ്റതെന്നാണ് അദ്ദേഹത്തിന്റെ ബന്ധു പറയുന്നത്. തലയിലാണ് ജംസുവിന് വെടിയേറ്റത്.

ഫോട്ടോ കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്.കോം