ഇസ്‌ലാമാബാദ്: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് മുഷറഫിനെ അറസ്റ്റ് ചെയ്യണമെന്ന പാകിസ്ഥാന്റെ ആവശ്യം ഇന്റര്‍പോള്‍ തള്ളി. []
ഈ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നതിനാല്‍ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഇന്റര്‍പോള്‍ പാക് അധികൃതരെ അറിയിച്ചു. പാകിസ്ഥാനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് ഇന്റര്‍പോളിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്.
ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ടതടക്കം രണ്ട് കേസുകളില്‍ മുഷറഫിനെതിരെ രണ്ട് അറസ്റ്റ് വാറന്റുകള്‍ പാകിസ്ഥാനിലുണ്ട്.
ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനും പങ്കുണ്ടെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. പ്രത്യേക തീവ്രവാദവിരുദ്ധ കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലായിരുന്നു മുഷറഫിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
സ്‌ഫോടനം നടന്നസ്ഥലം ഉടന്‍ വൃത്തിയാക്കിയത് മുഷ്‌റഫിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിച്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മുഷറഫിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തെ, കൊലപാതകം അന്വേഷിച്ച യു.എന്‍ ഏജന്‍സി ബേനസീറിന് ആവശ്യമായ സുരക്ഷ നല്‍കിയില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു. 2007 ഡിസംബറില്‍ റാവല്‍ പിണ്ഡിയില്‍ വച്ചാണ് ഭൂട്ടോ കൊലചെയ്യപ്പെട്ടത്. മുഷറഫായിരുന്നു ആ സമയത്ത് പാക്ക് പ്രസിഡന്റ്
ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുഷാറഫിനെ അറസ്റ്റുചെയ്യാനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് പാക് അധികൃതര്‍ ആവശ്യപ്പെട്ടത്.
2008ല്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്നാണ് മുഷറഫിന് രാജ്യം വിടേണ്ടിവന്നത്. പിന്നീട് ലണ്ടനിലും ദുബായിലുമായി താമസിച്ചു വരികയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഓള്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗിനെ നയിക്കാന്‍ 23 ന് രാജ്യത്തേക്ക് മടങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.