| Friday, 5th October 2018, 7:19 pm

ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്വെയ്യെ കാണാനില്ലെന്ന് പരാതി; തിരോധാനം ചൈനയിലേക്ക് യാത്രപോയത്തിനു ശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: രാജ്യാന്തര പൊലീസ് ഏജന്‍സിയായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്വെയ്യെ കാണാനില്ലെന്ന് പരാതി. പരാതിയില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണം തുടങ്ങി. ചൈനയിലേക്ക് യാത്രപോയ മെങിനെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസമായി ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സെപ്റ്റംബര്‍ 29നാണ് മെങ് ഫ്രാന്‍സില്‍ നിന്ന് സ്വന്തം രാജ്യമായ ചൈനയിലേക്ക് പോയത്. പിന്നീട് മെങിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് ഭാര്യ ഇന്റര്‍പോള്‍ തലസ്ഥാനത്തെത്തി പൊലീസിന് പരാതി നല്‍കിയത്. ഫ്രഞ്ച് റേഡിയോ യൂറോപ്പ് 1 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ചൈനയില്‍ പൊതു സുരക്ഷയുടെ ചുമതലയുള്ള ഉപമന്ത്രി സ്ഥാനമുള്‍പ്പടെയുള്ള ഉയര്‍ന്ന പദവികള്‍ വഹിച്ച വ്യക്തിയാണ് മെങ് ഹോങ്വെയ്. 2016ലാണ് അദ്ദേഹം ഇന്റര്‍പോള്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. മെങ് പ്രസിഡന്റ് ആകുന്നതിനെതിരെ വലത് രാഷ്ട്രീയമുള്ള രാജ്യങ്ങള്‍ രംഗത്തു വന്നിരുന്നു.

ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ ഏജന്‍സിയുടെ പ്രസിഡന്റിന്റെ തിരോധാനം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ചൈനീസ് ഭരണകൂടം മെങിന്റെ തിരോധാനത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more