| Sunday, 30th May 2021, 9:37 am

ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറയുന്നു; പ്രതിസന്ധി ഒഴിയാതെ ദ്വീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങളുടെ കരടില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനാവുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തത് മൂലം യാത്രാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായും റിപ്പോര്‍ട്ട് ഉണ്ട്.

ജൂണ്‍ 7ന് സ്‌കൂളുകള്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കും. ഇന്റര്‍നെറ്റ് സ്പീഡ് കുറയുന്നത് ക്ലാസുകളെയും ബാധിക്കും.

അധ്യാപകരോട് ജോലിക്ക് ഹാജരാവാന്‍ ലക്ഷദ്വീപ് അഡിമിനിസ്ട്രേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ടിക്കറ്റില്ലാതെ മറ്റ് ദ്വീപുകളില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്തേക്കെത്താന്‍ കഴിയാത്ത അവസ്ഥയാണ്.

അതേസമയം, പുതിയ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തിയേക്കും. ലക്ഷദ്വീപ് ബി.ജെ.പി പ്രവര്‍ത്തകരെയടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച കോര്‍കമ്മിറ്റി അഡ്മിനിസ്ട്രേറ്ററെ നേരില്‍കണ്ട് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിവാദ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നാല്‍ തുടര്‍പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റിയുടെ തീരുമാനം.

ലക്ഷദ്വീപില്‍ ഇന്ന് മുതലാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് നിലവില്‍ വരുന്നത്. നിലവില്‍ സന്ദര്‍ശക പാസില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്ട്രേഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

ലക്ഷദ്വീപില്‍ യാത്രാ നിയന്ത്രണം സംബന്ധിച്ച കരട് നിയമം തയ്യാറാക്കാന്‍ ആറംഗ കമ്മിറ്റി രൂപീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിറക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Internet speeds down in Lakshadweep

Latest Stories

We use cookies to give you the best possible experience. Learn more