| Thursday, 26th December 2019, 7:50 pm

പ്രതിഷേധം തടയാന്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും; കര്‍ശന നടപടികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കില്ല. വ്യാഴാഴ്ച വൈകീട്ട് മുതല്‍ ശനിയാഴ്ച വരെയാണ് ഇന്റര്‍നെറ്റ് നിരോധനം ഉണ്ടാവുക.

പൗരത്വഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിനാലാണ് ഇന്റര്‍നെറ്റ് നിരോധിക്കുന്നതെന്ന് വിവിധ ജില്ലാഭരണകേന്ദ്രങ്ങള്‍ അറിയിച്ചു.

ആഗ്ര, ബുലന്ദ്ശഹര്‍,ബിജ്‌നോര്‍ എന്നീ പ്രദേശങ്ങളിലാണ് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സഹരണ്‍പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം കൂടാതെ ശക്തമായ ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച നമാസിന് ശേഷം പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കണക്കാക്കിയാണ് കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

‘പല കള്ളങ്ങളും പ്രചരിക്കപ്പെടുന്നുണ്ട്. ഇത് തടയുന്നതിന് വേണ്ടിയാണ് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ടെലികോം സര്‍വീസ് കമ്പനികള്‍ക്ക് നല്‍കി കഴിഞ്ഞു.’ എസ്.എസ്.പി ദിനേഷ് കുമാര്‍ എ.എന്‍.ഐയോട് പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും ദിനേഷ് കുമാര്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘വെള്ളിയാഴ്ച എല്ലാവരും പ്രാര്‍ത്ഥന നടത്തി സമാധാനപരമായി പിരിഞ്ഞുപ്പോകണം. ആരും തന്നെ പ്രതിഷേധങ്ങളില്‍ ഏര്‍പ്പെടരുത്.’ ദിനേഷ് കുമാര്‍ പറഞ്ഞു.

‘അലിഗഡ്, ഫിറോസാബാദ്, ഹത്ത്രാസ് എന്നിവടിങ്ങളില്‍ വളരെ അക്രമാസക്തമായ പ്രതിഷേധങ്ങളാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്നത്. അത് സംബന്ധിച്ച പല നുണപ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടക്കുന്നുണ്ട്. ചില സംഘടനകള്‍ പ്രതിഷേധപരിപാടികള്‍ക്ക് മുതിര്‍ന്നേക്കാം എന്ന് സൂചനകള്‍ കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ജാഗ്രത നടപിടകള്‍ സ്വീകരിച്ചിട്ടുള്ളത്. ‘ അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് എ.എന്‍.ഐയോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന് വേണ്ടി പ്രദേശത്തെ രാഷ്ട്രീയ – മതനേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ഭരണകേന്ദ്രങ്ങള്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more