| Saturday, 28th December 2019, 12:21 am

പ്രതിഷേധം തടയാന്‍ ഇന്റര്‍നെറ്റ് നിരോധനം; മൊബൈല്‍ കമ്പനികള്‍ക്ക് മണിക്കൂറില്‍ നഷ്ടം 2.45 കോടി രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് നിരോധനം മൊബൈല്‍ കമ്പനികള്‍ക്ക് വമ്പന്‍ നഷ്ടം വരുത്തിവെക്കുന്നതായി റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ട്. നിരോധനം ഏര്‍പ്പെടുത്തുന്ന സമയത്ത് ഒരു മണിക്കൂറില്‍ 24.5 മില്യണ്‍ (2.45 കോടി) രൂപയാണ് കമ്പനികള്‍ക്ക് നഷ്ടമാകുന്നതെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ പിടിച്ചുകെട്ടുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പല തവണ കേന്ദ്രസര്‍ക്കാര്‍ ഡാറ്റ തടഞ്ഞുവെക്കാന്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം 18 ജില്ലകളിലാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.

DoolNews Video

പൗരത്വഭേദഗതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഇന്ത്യന്‍ തെരുവുകളില്‍ മുഴങ്ങുന്നതിന് ഒപ്പം തന്നെ സാമൂഹ്യമാധ്യമങ്ങളിലും സമാനമായ പ്രതിഷേധം ഉയരുന്നുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഒട്ടുമുക്കാലും സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നത്. പ്രതിഷേധപരിപാടികള്‍ ഒരുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതും സാമൂഹ്യമാധ്യമങ്ങള്‍ വഴി തന്നെ. ഇതിന് തടയിടുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധനം വ്യാപകമായി ഏര്‍പ്പെടുത്തുന്നത്.

ഇന്റര്‍നെറ്റ് നിരോധനമായിരിക്കരുത് ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിന്റെ ആദ്യ നടപടിയെന്ന് സെല്ലുലാര്‍ ഓപറേറ്റേഴ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(സി.ഒ.എ.ഐ) റോയിറ്റേഴ്‌സിനോട് പറഞ്ഞു. ഭാരതി ഐര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ, ജിയോ ഇന്‍ഫോകോം എന്നീ കമ്പനികള്‍ സി.ഒ.എ.ഐയിലെ അംഗങ്ങളാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇന്റര്‍നെറ്റ് നിരോധനം വരുത്തിവെക്കുന്ന നഷ്ടത്തെക്കുറിച്ച് ഞങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന വരുന്ന ഇന്റര്‍നെറ്റ് ഉപയോഗം കണക്കാക്കുമ്പോള്‍ ഇന്റര്‍നെറ്റ് നിരോധനം മൂലം കമ്പനികള്‍ക്ക് ഓരോ മണിക്കൂറില്‍ ഉണ്ടാകുന്ന നഷ്ടം 24.5 മില്യണ്‍ രൂപയോളം വരും.’ സി.ഒ.എ.ഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ് റോയിറ്റേഴ്‌സിനോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. 9.8 ഗിഗാ ബൈറ്റ് ഡാറ്റയാണ് ഇന്ത്യക്കാര്‍ സ്മാര്‍ട് ഫോണുകള് വഴി ശരാശരി ഒരു മാസം ഉപയോഗിക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

We use cookies to give you the best possible experience. Learn more