ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് നിരോധനം മൊബൈല്‍ കമ്പനികള്‍ക്ക് വമ്പന്‍ നഷ്ടം വരുത്തിവെക്കുന്നതായി റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ട്. നിരോധനം ഏര്‍പ്പെടുത്തുന്ന സമയത്ത് ഒരു മണിക്കൂറില്‍ 24.5 മില്യണ്‍ (2.45 കോടി) രൂപയാണ് കമ്പനികള്‍ക്ക് നഷ്ടമാകുന്നതെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.
പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ പിടിച്ചുകെട്ടുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പല തവണ കേന്ദ്രസര്‍ക്കാര്‍ ഡാറ്റ തടഞ്ഞുവെക്കാന്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം 18 ജില്ലകളിലാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.
DoolNews Video
പൗരത്വഭേദഗതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഇന്ത്യന്‍ തെരുവുകളില്‍ മുഴങ്ങുന്നതിന് ഒപ്പം തന്നെ സാമൂഹ്യമാധ്യമങ്ങളിലും സമാനമായ പ്രതിഷേധം ഉയരുന്നുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഒട്ടുമുക്കാലും സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നത്. പ്രതിഷേധപരിപാടികള്‍ ഒരുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതും സാമൂഹ്യമാധ്യമങ്ങള്‍ വഴി തന്നെ. ഇതിന് തടയിടുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധനം വ്യാപകമായി ഏര്‍പ്പെടുത്തുന്നത്.