ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്തെമ്പാടും പ്രതിഷേധം കനക്കുന്നതിനിടെ ഇന്റര്‍നെറ്റ് സേവനം നിശ്ചലമാക്കി സര്‍ക്കാര്‍. ഭേദഗതി ചെയ്ത നിയമത്തിനെതിരെ പ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് ഉത്തര്‍പ്രദശിലെ അലിഗഢ് ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ട്വീറ്റ് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബുധനാഴ്ച വൈകീട്ട് 7 മണി മുതല്‍ അസമിലെ പത്ത് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ലഖിംപൂര്‍, ധേമാജി, ടിന്‍സുകിയ, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗര്‍, ജോര്‍ഹട്ട്, ഗോലഘട്ട്, കമ്രൂപ് (മെട്രോ), കമ്രുപ് എന്നിവിടങ്ങളിലെ സേവനങ്ങളാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
അതേസമയം ഇന്റര്‍നെറ്റ് സേവനമില്ലാത്ത അസം ജനതയോട് പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത് പരിഹാസത്തിന് വഴിവെച്ചിരുന്നു. ‘നിങ്ങളുടെ അവകാശങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും അസം ജനത ശാന്തരാകണം’ എന്നായിരുന്നു ഇന്റര്‍നെറ്റില്ലാത്ത അസം ജനതയോട് മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.
അതേസമയം പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പൗരത്വ ഭേദഗതി ബില്ലില്‍ ഇന്നലെ രാത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പ് വെച്ചു. ഗസറ്റില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 105നെതിരെ 125വോട്ടുകള്‍ക്കായിരുന്നു ബുധനാഴ്ച ബില്‍ രാജ്യസഭ പാസാക്കിയത്.
WATCH THIS VIDEO: