| Tuesday, 17th April 2018, 10:23 pm

മഹാഭാരത കാലം മുതല്‍ രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നു: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: മഹാഭാരത കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിപ്ലബ് ദേബ്. പൊതുവിതരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവേയാണ് രാജ്യത്ത് പുരാതന കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു വന്നിരുന്നതായി ബിപ്ലബ് ദേബ് അവകാശപ്പെട്ടത്.

“ഇന്ത്യയില്‍ വളരെ കാലമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. സാറ്റലൈറ്റ് സംവിധാനം ആ കാലം മുതല്‍ ഉണ്ട്.” ബിപ്ലബ് ദേബ് പറഞ്ഞു.

അധികാരത്തിലെത്തി ഒരുമാസം പൂര്‍ത്തിയായതിനു പിന്നാലെയാണ് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യാ പുരാതനകാലം മുതല്‍ക്കേ രാജ്യത്തുണ്ടായിരുന്നെന്ന് വിപ്ലബ് ദേവ് അവകാശപ്പെട്ടത്. രാജ്യത്ത് ഡിജിറ്റല്‍ വത്കരണം കൊണ്ടുവരുന്നതിനായി വലിയതോതില്‍ പ്രയത്‌നിച്ച വ്യക്തിയാണ് പ്രധാനമന്ത്രി മോദിയെന്നും ബിപ്ലബ് ദേബ് പറഞ്ഞു.

“പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സാധാരണ ജനങ്ങളെയും ഡിജിറ്റല്‍ വത്കരിക്കാന്‍ വലിയ പ്രയത്‌നമാണ് നടത്തുന്നത്. മോദി ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും ട്വിറ്ററിലൂടെയും ജനങ്ങള്‍ക്ക് സുപരിചിതനാണ്.” ബിപ്ലബ് ദേബ് പറഞ്ഞു.

രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളെക്കുറിച്ചുള്ള ത്രിപുര മുഖ്യമന്ത്രിയുടെ പ്രസംഗം വൈറലായി മാറിയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more