അലിഗഢ് സര്‍വകലാശാലയിലെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു
National
അലിഗഢ് സര്‍വകലാശാലയിലെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th May 2018, 4:36 pm

ലഖ്‌നൗ: അലിഗഢ് സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ഛായാചിത്രം വെച്ചതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിനിടെ സര്‍വകലാശാലയില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അര്‍ധരാത്രിവരെയാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. നേരത്തെ അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു.

ALSO READ:  ഇനിമുതല്‍ ഇവരുടെ സിനിമകള്‍ കാണരുത്; ഫഹദ് ഫാസിലിനെയും അനീസിനെയും വര്‍ഗീയവാദിയാക്കി സംഘപരിവാറിന്റെ പ്രചരണം

അക്രമാസക്തരായ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധത്തിനു നേരേ പൊലീസ് ലാത്തിവീശുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തിരുന്നു.

അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യൂണിവേഴ്‌സിറ്റിക്കു മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

സര്‍വ്വകലാശാലയില്‍ പാകിസ്ഥാന്‍ നേതാവായ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ ബി.ജെ.പി എം.പി സതീഷ് ഗൗതം നേരത്തേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പാകിസ്ഥാന്‍ നേതാവായ മുഹമ്മദലിയുടെ ചിത്രം സര്‍വ്വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചത് ശരിയായില്ലെന്നായിരുന്നു എം.പിയുടെ വാദം.

ALSO READ:  പൊതുമധ്യത്തില്‍ സൈനികനെ മര്‍ദ്ദിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് തേജസ്വി യാദവ്; നിതീഷ് കുമാറിന്റെ ഭരണമികവെന്ന് പരിഹാസം

ഇതുസംബന്ധിച്ച് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിനോട് എം.പി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ വിഭജനത്തിനു ശേഷം പാകിസ്ഥാന്‍ സ്ഥാപക നേതാവ് മുഹമ്മദലിയുടെ ചിത്രം എന്തിനാണ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചതെന്നായിരുന്നു എം.പി ചോദിച്ചത്.

എന്നാല്‍ ജിന്ന അലിഗഡ് സര്‍വകലാശാല സ്ഥാപിത അംഗമാണെന്ന് സര്‍വകലാശാല അറിയിച്ചു. വിഭജനത്തിന് മുന്‍പ് തന്നെ അദ്ദേഹത്തിന് ആജീവനാന്ത അംഗത്വം നല്‍കിയിരുന്നുവെന്നും ആജീവനാന്ത അംഗങ്ങളായ എല്ലാവരുടെയും ചിത്രങ്ങള്‍ ക്യാമ്പസിലുണ്ടെന്നുമാണ് സര്‍വകലാശാലയുടെ നിലപാട്.

WATCH THIS VIDEO: