| Saturday, 10th February 2024, 9:07 pm

കര്‍ഷകരുടെ ദൽഹി ചലോ മാര്‍ച്ച്; ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛത്തീസ്ഗര്‍: കര്‍ഷകരുടെ ദൽഹി ചലോ മാര്‍ച്ച് നടക്കാനിരിക്കെ ഹരിയാന കനത്ത സുരക്ഷയില്‍. കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ സര്‍ക്കാര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച മുതല്‍ പതിമൂന്ന് വരെയാണ് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തുക. ഹരിയാനയിലെ അംബാലിയയിലെ റോഡുകളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. നിലവില്‍ സംസ്ഥാനം അതീവ സുരക്ഷയിലാണെന്ന് പൊലീസ് അധികൃതര്‍ പ്രതികരിച്ചു.

സംസ്ഥാനത്തെ ഏഴ് ജില്ലകളുടെ അധികാരപരിധിയിലുള്ള വോയ്സ് കോളുകള്‍ ഒഴികെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍, ബള്‍ക്ക് എസ്.എം.എസ്, മൊബൈല്‍ നെറ്റ്വര്‍ക്കുകളില്‍ നല്‍കുന്ന എല്ലാ ഡോംഗിള്‍ സേവനങ്ങളും ഫെബ്രുവരി 11ന് രാവിലെ 6 മുതല്‍ രാത്രി 11:59 വരെ താത്കാലികമായി നിര്‍ത്തിവച്ചതായി ഹരിയാന ആഭ്യന്തര വകുപ്പ് അറിയിച്ചു.

അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ എന്നീ ഏഴ് ജില്ലകളിലാണ് ഇന്റര്‍നെറ് സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുന്നുത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും 200ലധികം വരുന്ന കര്‍ഷക യൂണിയനുകളും പ്രഖ്യാപിച്ച മാര്‍ച്ച് ഫെബ്രുവരി 13ന് ആണ് നടക്കുക.

വിളകള്‍ക്ക് മിനിമം താങ്ങുവില (എം.എസ്.പി) ഉറപ്പുനല്‍കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള തങ്ങളുടെ നിരവധി ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

Content Highlight: Internet ban in seven districts of Haryana ahead of Delhi Chalo march of farmers

We use cookies to give you the best possible experience. Learn more