ന്യൂദല്‍ഹി: 2012ല്‍ കേരള തീരത്ത് ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വിധി പ്രഖ്യാപിച്ച് അന്താരാഷ്ട്ര കോടതി. ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണ് കോടതി വിധി. വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇറ്റാലിയന്‍ കപ്പലിലെ നാവികരടക്കമുള്ള ജീവനക്കാര്‍ മൂലം ഇന്ത്യയ്ക്കുണ്ടായ ജീവഹാനി, വസ്തുകകളുടെ നഷ്ടം, ധാര്‍മ്മിക ക്ഷതം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്ത്യയ്ക്ക് അര്‍ഹതയുണ്ട്. എന്തായിരിക്കണം നഷ്ടപരിഹാരം എന്ന കാര്യം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിച്ച് കരാറുണ്ടാക്കണമെന്നും അന്താരാഷ്ട്ര കോടതി അറിയിച്ചു.
കടലില്‍ ഇന്ത്യന്‍ യാത്രാ സ്വാതന്ത്ര്യം ഇറ്റാലിയന്‍ നാവികര്‍ ലംഘിച്ചെന്നും കോടതി വിലയിരുത്തി. വിഷയത്തില്‍ നാവികര്‍ക്കെതിരെ ഇന്ത്യയെടുത്ത നടപടി കോടതി ശരിവെക്കുകയും ചെയ്തു.
നാവികരെ തടഞ്ഞുവെച്ചതിന് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന ഇറ്റലിയുടെ വാദം കോടതി തള്ളിയെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
2012 ഫെബ്രുവരി 15നാണ് കേരള തീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യതൊഴിലാളികള്‍ക്കു നേരെ ഇറ്റലിയുടെ ചരക്ക് കപ്പല്‍ എന്‍ റിക ലെക്‌സിയില്‍നിന്നും നാവികര്‍ വെടിയുതിര്‍ത്തത്. സുരക്ഷാ ജീവനക്കാരാണ് വെടിയുതിര്‍ത്തത്. കടല്‍ കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നായിരുന്നു ഇറ്റലിയുടെ ഔദ്യോഗിക വാദം.
വെടിയേറ്റ നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യ തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. സെലസ്റ്റിന്‍ വാലന്റൈന്‍, രാജേഷ് പിങ്കി എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.
തുടര്‍ന്ന് കൊച്ചിയിലെത്തിയ കപ്പലില്‍നിന്നാണ് നാവികരെ അറസ്റ്റ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക