ന്യൂദല്‍ഹി: 2012ല്‍ കേരള തീരത്ത് ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വിധി പ്രഖ്യാപിച്ച് അന്താരാഷ്ട്ര കോടതി. ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണ് കോടതി വിധി. വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇറ്റാലിയന്‍ കപ്പലിലെ നാവികരടക്കമുള്ള ജീവനക്കാര്‍ മൂലം ഇന്ത്യയ്ക്കുണ്ടായ ജീവഹാനി, വസ്തുകകളുടെ നഷ്ടം, ധാര്‍മ്മിക ക്ഷതം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്ത്യയ്ക്ക് അര്‍ഹതയുണ്ട്. എന്തായിരിക്കണം നഷ്ടപരിഹാരം എന്ന കാര്യം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിച്ച് കരാറുണ്ടാക്കണമെന്നും അന്താരാഷ്ട്ര കോടതി അറിയിച്ചു.
കടലില്‍ ഇന്ത്യന്‍ യാത്രാ സ്വാതന്ത്ര്യം ഇറ്റാലിയന്‍ നാവികര്‍ ലംഘിച്ചെന്നും കോടതി വിലയിരുത്തി. വിഷയത്തില്‍ നാവികര്‍ക്കെതിരെ ഇന്ത്യയെടുത്ത നടപടി കോടതി ശരിവെക്കുകയും ചെയ്തു.
നാവികരെ തടഞ്ഞുവെച്ചതിന് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന ഇറ്റലിയുടെ വാദം കോടതി തള്ളിയെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.