'പാശ്ചാത്യ ഉപരോധങ്ങൾക്ക് റഷ്യയെ തകർക്കാനായില്ല; വ്യാപാരം വഴിതിരിച്ചുവിടാൻ സാധിച്ചു'
World News
'പാശ്ചാത്യ ഉപരോധങ്ങൾക്ക് റഷ്യയെ തകർക്കാനായില്ല; വ്യാപാരം വഴിതിരിച്ചുവിടാൻ സാധിച്ചു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th November 2023, 8:40 pm

മോസ്കോ: ഉക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യക്ക് മേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് രാജ്യത്തിന്റെ ഇക്കണോമിയെ തകർക്കാൻ സാധിച്ചില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ്.

ഉക്രൈനിലെ റഷ്യയുടെ സൈനിക നീക്കത്തിന് പിന്നാലെ യു.എസും സഖ്യ രാഷ്ട്രങ്ങളും സാമ്പത്തിക, ഊർജ മേഖലകളിൽ ഉൾപ്പെടെ റഷ്യക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.

‘പാശ്ചാത്യ രാഷ്ട്രങ്ങൾ ഉദ്ദേശിച്ചതുപോലെ ഉപരോധങ്ങൾ ഞങ്ങളെ ബാധിക്കില്ലെന്ന് കണ്ട്‌ അവർ ബുദ്ധിമുട്ടുകയാണ്.

മാത്രവുമല്ല, എപ്പോഴുമെന്നത് പോലെ, അവരിൽ നിന്ന് തന്നെ നേട്ടമുണ്ടാക്കാനുള്ള വഴികൾ റഷ്യ കണ്ടുപിടിച്ചു,’ പെസ്കോവ് വി.ജി.ടി.ആർ ബ്രോഡ്കാസ്റ്ററിനോട് പറഞ്ഞു.

അതേസമയം തങ്ങൾക്കെതിരെയുള്ള നിയന്ത്രണങ്ങൾ സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും ഏതറ്റം വരെയും പോകാൻ പശ്ചിമ രാഷ്ട്രങ്ങൾ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ വിചാരിച്ചത് പോലെ ഫലം ചെയ്തില്ലെന്ന് പാശ്ചാത്യ നേതാക്കൾ നേരത്തെ അഭിപ്രായപെട്ടിരുന്നു.

അമേരിക്കൻ ഉപരോധങ്ങൾ മറികടന്ന് യു.എസ് സേനയായ പെന്റഗണിലേക്ക് റഷ്യയിൽ നിന്നുള്ള പെട്രോളിയം ഉത്പന്നങ്ങൾ എത്തുന്നതായി വാഷിങ്ടൺ പോസ്റ്റ്‌ റിപ്പോർട്ട് ചെയ്തിരുന്നു.

റഷ്യയിൽ നിന്ന് ഗ്രീസിൽ എത്തിച്ചതിന് ശേഷമാണ് ഇന്ധനം ശുദ്ധീകരിച്ച് യു.എസ് സൈന്യം വാങ്ങുന്ന ഓയിലുമായി മിശ്രിതപ്പെടുത്തുന്നത് എന്നായിരുന്നു റിപ്പോർട്ട്.

നിലവിൽ യൂറോപ്യൻ യൂണിയൻ റഷ്യക്ക് മേൽ പന്ത്രണ്ടാമത് ഉപരോധങ്ങൾ ഏർപ്പെടുത്താൻ ആലോചിക്കുകയാണ്. ഇതിനെ ‘യൂറോപ്യൻ യൂണിയന്റെ ഏറ്റവും ദുർബലമായ ഉപരോധ പാക്കേജ്’ എന്നാണ് മാധ്യമ സ്ഥാപനമായ റേഡിയോ ഫ്രീ യൂറോപ്പ് റേഡിയോ ലിബർട്ടി വിശേഷിപ്പിച്ചത്.

ഉപരോധങ്ങൾ റഷ്യയുടെ ചില സാമ്പത്തിക പദ്ധതികളെ മന്ദഗതിയിലാക്കിയെങ്കിലും വികസനത്തിന് ഉത്തേജനമായെന്ന് റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ സെപ്റ്റംബറിൽ പറഞ്ഞിരുന്നു.

ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനും നിലവിലെ വ്യാപാരത്തിന്റെ ദിശ തിരിച്ചുവിടാനും സാധിച്ചെന്ന് റഷ്യ പറയുന്നു.

Content Highlight: International restrictions do not work in the way they were intended says Russia