| Monday, 22nd August 2016, 3:25 pm

കായിക സമിതികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം; കുവൈത്തിന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോസന്നെ: കുവൈത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. കായിക സമിതികള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുക വഴി നിലവിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നിലപാടുകളാണ് കുവൈത്ത് സ്വീകരിക്കുന്നതെന്നു വിമര്‍ശനം.

കൂടിയാലോചനയില്ലാതെ നിയമം പരിഷ്‌കരിക്കാനെടുത്ത തീരുമാനം നിരാശയുളവാക്കുന്നതായും ഒളിംപിക് കമ്മിറ്റി കുറ്റപ്പെടുത്തി. കായിക ഭരണവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂണില്‍ കുവൈത്ത് പാസ്സാക്കിയ കരട് ഭേദഗതിക്കെതിരെയാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വിമര്‍ശമുന്നയിച്ചത്.

കായികഭരണ രംഗത്ത് സര്‍ക്കാരിന്റെ അമിത ഇടപെടലാണ് വിലക്കുള്‍പ്പെടെയുള്ള നടപടികളിലേക്ക് നയിച്ചതെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് പകരം സങ്കീര്‍ണമാക്കുകയാണ് പുതിയ ഭേദഗതിയിലൂടെ കുവൈത്ത് നടത്തിയിരിക്കുന്നതെന്നും ഐ.ഒ.സി കുറ്റപ്പെടുത്തി.

കായിക സമിതികളുടെ കൂടിയാലോചിക്കാതെ കായിക നിയമം പരിഷ്‌കരിക്കാനുള്ള തീരുമാനം നിരാശയുളവാക്കുന്നതാണെന്നും ഒളിംപിക് കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കായിക മേഖലയില്‍ സര്‍ക്കാരിന്റെ അമിത ഇടപെടലുണ്ടാവുന്നുവെന്നാരോപിച്ചു കഴിഞ്ഞ വര്‍ഷമാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി കുവൈത്തിനെ സസ്‌പെന്റ് ചെയ്തത്.

വിലക്ക് മൂലം അന്താരാഷ്ട്ര മത്സര വേദികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട കുവൈത്തിന് റിയോ ഒളിംപിക്‌സിലും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ഐ.ഒ.സി നിലപാട് നീതീകരിക്കാനാവത്തതാണെന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണ് വിലക്കെന്നും ചൂണ്ടിക്കാട്ടി സ്വിസ് കോടതിയില്‍ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തിരുന്നെങ്കിലും കോടതി വിധി ഐ.ഒ.സിക്ക് അനുകൂലമായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more