ദോഹ: അല്‍ജസീറയ്‌ക്കെതിരായ സൗദിയുടെയും സഖ്യ രാഷ്ട്രങ്ങളുടെയും തീരുമാനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര മാധ്യമസംഘടനകള്‍ രംഗത്ത്. ലോകത്തെ എണ്‍പത് പ്രധാന മാധ്യമസ്ഥാപനങ്ങള്‍ അംഗമായ ഡിജിറ്റല്‍ കണ്ടന്റ് നെക്സ്റ്റ് (ഡി.എന്‍.സി) എന്ന അന്താരാഷ്ട്ര മാധ്യമസംഘടനയാണ് അല്‍ജസീറയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു അല്‍ജസീറയും അനുബന്ധസ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്നത്. എന്നാല്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്ന സംഘടനകള്‍ അല്‍ജസീറയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
മാധ്യമസ്ഥാപനത്തിനെതിരായ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭയും രംഗത്ത് വന്നിട്ടുണ്ട്. അല്‍ ജസീറ അടച്ചുപൂട്ടണമെന്ന സൗദി സഖ്യരാജ്യങ്ങളുടെ ഉപാധി മാധ്യമ ബഹുസ്വരതയ്ക്ക് നേര്‍ക്കുള്ള പ്രഹരമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മാധ്യമ അവകാശ വിദഗ്ധന്‍ ഡേവിഡ് കായേ അഭിപ്രായപ്പെട്ടു.
അല്‍ ജസീറ അടച്ചുപൂട്ടണമെന്ന ഉപാധി നിരസിച്ച് ഡേവിഡ് കായേ മാധ്യമസ്വാതന്ത്ര്യത്തിനുനേര്‍ക്കുള്ള ഗുരുതരമായ ഭീഷണിയാണിതെന്നും ചൂണ്ടിക്കാട്ടി. ഖത്തറിനുമേല്‍ ഈ ഉപാധി അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് ഉപരോധരാജ്യങ്ങളിലെ സര്‍ക്കാരുകളോട് അന്താരാഷ്ട്രസമൂഹം ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്തര്‍ ദേശീയ തലത്തില്‍ അല്‍ജസീറയ്ക്കുള്ള പിന്തുണ വര്‍ധിച്ച് വരികയാണ്. മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് അഭിപ്രായപ്പെട്ട ഡി.എന്‍.സി. മാധ്യമങ്ങളുടേയും മാധ്യമപ്രവര്‍ത്തകരുടേയും അവകാശം സംരക്ഷിക്കപ്പെടണമെന്നും മാധ്യമപ്രവര്‍ത്തകരേയും വാര്‍ത്താസ്ഥാപനങ്ങളേയും നിശ്ശബ്ദമാക്കാനുള്ള നീക്കം മാധ്യമസ്വാതന്ത്ര്യത്തോടുള്ള നിഷേധാത്മകമായ വിലപേശലാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ദി കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്, ഹ്യൂമന്‍ റൈറ്റ് വാച്ച്, റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്, ദി ന്യൂയോര്‍ക്ക് ടൈംസ്, ദി ഗാര്‍ഡിയന്‍ തുടങ്ങി അന്തര്‍ദേശീയ രംഗത്തെ പ്രധാന മാധ്യമസ്ഥാപനങ്ങളും സംഘടനകളും അല്‍ജസീറയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണ് അല്‍ജസീറ അടച്ചുപൂട്ടണമെന്ന ഉപാധിക്ക് പിന്നിലെന്ന് അല്‍ജസീറയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
നേരത്തെ അല്‍ജസീറ അടച്ച് പൂട്ടണമെന്നതടക്കമുള്ളവ നടപ്പാക്കാന്‍ കഴിയാത്ത ഉപാധികളാണെന്ന് വ്യക്തമാക്കി ഉപാധി പട്ടിക ഖത്തര്‍ നിരസിച്ചിരുന്നു. അല്‍ ജസീറ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് ചര്‍ച്ചയില്ലെന്നും ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അല്‍ജസീറയ്ക്ക് പിന്തുണയുമായി ലോകമാധ്യമങ്ങള്‍ രംഗത്തെത്തിയത്.