| Saturday, 7th September 2019, 12:22 pm

ചന്ദ്രയാന്‍ 2; പ്രതീക്ഷ കൈവിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത് വിദേശ മാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് വിക്രം ലാന്‍ഡറില്‍ നിന്നുള്ള ആശയവിനിമയ സംവിധാനം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് വിദേശമാധ്യമങ്ങളും വാര്‍ത്ത നല്‍കി.പ്രതീക്ഷ അവസാനിച്ചിട്ടില്ലെന്ന രീതിയിലും,ലാന്‍ഡ് ചെയ്യാന്‍ ആരും തിരഞ്ഞെടുക്കാത്ത ദക്ഷിണദ്രുവം തിരഞ്ഞെടുത്തതിനെ അഭിനന്ദിച്ചുകൊണ്ടും ഇപ്പോള്‍ സംഭവിച്ചത് ചെറിയ പരാജയം എന്ന രീതിയിലുമാണ് വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

പ്രതീക്ഷ മുഴുവനായും നഷ്ടപ്പെട്ടിട്ടില്ല ,ലക്ഷ്യത്തില്‍ ചെറിയൊരു വിന്യാസം എന്നാണ് അമേരിക്കന്‍ മാഗസിനായ വയേര്‍ഡിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ പറയുന്നത്.വിക്രം ലാന്‍ഡറില്‍ നിന്നുള്ള ആശയവിനിമയ സംവിധാനം നിലച്ചത് ഇന്ത്യക്ക് നഷ്ടമാവുമെങ്കിലും പ്രതീക്ഷകള്‍ ബാക്കിയുണ്ടെന്ന് മാധ്യമം കൂട്ടിച്ചേര്‍ത്തു.

ദശാബ്ദങ്ങളായുള്ള പ്രവര്‍ത്തനമികവിനെ അഭിനന്ദിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ടു നല്‍കി. സോഫ്റ്റ് ലാന്‍ഡിങ്ങില്‍ നേരിയ പോരായ്മ വന്നെന്നും ,ഓര്‍ബിറ്ററില്‍ തുടര്‍ന്നുകൊണ്ടുള്ള പരീക്ഷണത്തില്‍ പ്രതീക്ഷയുണ്ടന്നും പത്രം പറഞ്ഞു.

ഫ്രഞ്ച് ദിനപത്രം ലീ മോന്‍ഡേ സോഫ്റ്റ് ലാന്‍ഡിങ്ങിലെ വിജയനഷ്ടം എന്ന് റിപ്പോര്‍ട്ട് നല്‍കി.’ശിഥിലമായ സ്വപ്നം’ എന്നു പറഞ്ഞാണ് ലീ മോന്‍ഡേയുടെ ലേഖനം തുടങ്ങുന്നത്. നാസയില്‍ നിന്നുള്ള വിദഗ്ദ്ധന്‍ വിദേശമാധ്യമത്തിനായി പറഞ്ഞത് ഇങ്ങനെയാണ്’ എല്ലാം നിമിഷങ്ങളിലാണ് സംഭവിച്ചത്. മനുഷ്യന് നിര്‍ണയിക്കാനാവില്ലായിരുന്നു’. കുടുതല്‍ പ്രയാസമേറിയ ലക്ഷ്യമായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റേതെന്നും ജൂലൈ 15 ന് നടത്താനിരുന്ന വിക്ഷപണം സാങ്കേതിക പ്രശ്നങ്ങള്‍ മൂലം മാറ്റിവക്കേണ്ടിവന്നതും മാധ്യമം എടുത്തുപറഞ്ഞു.

ഫ്രാന്‍സ് സ്പേസ് ഏജന്‍സി സി.എന്‍.ഇ.എസിനു വേണ്ടി ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി മാത്യൂ വെയ്സിന്റെ വാക്കുകളാണ് ബ്രിട്ടീഷ് പത്രം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ ലക്ഷ്യങ്ങള്‍ കൈക്കലാക്കും എന്ന് മാത്യൂ വെയ്സ് പറഞ്ഞു.
ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ചരിത്ര വിക്ഷേപണം പരാജയത്തിലേക്ക് എന്നാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തത്.

We use cookies to give you the best possible experience. Learn more